തുടരും: ചില ഇടർച്ചകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1987ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നാടോടിക്കാറ്റിലെ ‘വൈശാഖ സന്ധ്യേ’ എന്ന പാട്ട് കേരളത്തിലെ ജനപ്രിയ ബസ് പാട്ടും പ്രേമ പാട്ടും റീൽസ് പാട്ടുമൊക്കെയാണ്. അതിലെ സുന്ദരിയായ ശോഭനയുടെയും കള്ളച്ചിരിയുള്ള മോഹൻലാലിന്റെയും സ്ഥാനങ്ങളിൽ താന്താങ്ങളെ പ്രതിഷ്ഠിച്ച് ദിവാസ്വപ്നം കാണാത്ത മലയാളി സിസ് (Cis) – കമിതാക്കൾ /ഭാര്യാഭർത്താക്കന്മാർ കുറവായിരിക്കും. ഈ പാട്ടിന്റെ ഒടുവിൽ മതിലിന്മേൽ കുത്തിയിരുന്ന് മോഹൻലാൽ കാണുന്ന ഒരു പകൽ കിനാവുണ്ട്. ശോഭനയും ലാലും അവരുടെ മകനും മകളും അടങ്ങുന്ന, പ്രേമം കൊണ്ടും സ്നേഹം കൊണ്ടും കരുതൽകൊണ്ടും മലയാളികളുടെ പ്രേമ സങ്കൽപ്പങ്ങളെ, മാനസിക വ്യാപാരങ്ങളെ ത്രസിപ്പിക്കുന്ന ഉദാത്തമായ അണുകുടുംബം. ഈ മലയാളി നൊസ്റ്റാൾജിയയുടെ തുടർച്ചയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന സിനിമ.

ഈ മാതൃകാ കുടുംബം ‘ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളായ’ പൊലീസിൽ നിന്ന് അനുഭവിക്കേണ്ടിവരുന്ന ക്രൂരപീഡനങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ഉന്നതകുലജാതനായ സർക്കിൾ ഇൻസ്പെക്ടറുടെ മകളെ പ്രണയിച്ചതിന്റെ പേരിൽ ബെൻസിന്റെയും ലളിതയുടെയും (മോഹൻലാൽ, ശോഭന) മകനെ പൊലീസുകാർ മർദ്ദിച്ചു കൊലപ്പെടുത്തുന്നു. നായകൻ തന്റെ മകനെ കൊന്ന പൊലീസുകാരെ കൊലപ്പെടുത്തി പ്രതികാരം ചെയ്യുന്നു. ഉദാത്ത കുടുംബത്തിന്റെ ദൃശ്യാവിഷ്കാരമായതുകൊണ്ട് തന്നെ കാണികൾ ബെൻസിന്റെയും ലളിതയുടെയും കുടുംബത്തോടൊപ്പമാണ്, പൊലീസുകാരോടൊപ്പം അല്ല. കേരളത്തിലെ ജാതി/ദുരഭിമാനക്കൊലകളുടെ കണക്ക് പുറത്തുവിട്ടുകൊണ്ടാണ് സംവിധായകൻ സിനിമ അവസാനിപ്പിക്കുന്നത്. അപ്പോൾ മാത്രമാണ് സിനിമ ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്ന വസ്തുത വെളിവാകുന്നത്. ബെൻസ്- ലളിത ദമ്പതികളുടെ സ്നേഹസമ്പന്നമായ കുടുംബത്തിന് നേരെ സ്റ്റേറ്റ് അക്രമം അഴിച്ചുവിടുമ്പോൾ തിയേറ്റർ ഒന്നടങ്കം കരയുന്നുണ്ട്, നായകൻ പൊലീസിനെ കൊല്ലുമ്പോൾ കയ്യടിക്കുന്നുണ്ട്. ദുരഭിമാനക്കൊല മാതൃകാ കുടുംബത്തിനെ  കണ്ണീരിലാഴ്ത്തുന്നുണ്ടെങ്കിലും അതിനായകത്വം കൊണ്ട് പൊലീസിനോട്, അതും കേവലം പൊലീസ് കുപ്പായമണിഞ്ഞ വ്യക്തികളോട്, പകരം വീട്ടാവുന്ന കാര്യം മാത്രമാണിതെന്ന് സിനിമ പറഞ്ഞുവെക്കുന്നു.

തുടരും സിനിമയിൽ നിന്നുള്ള രം​ഗം.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജാതി-വർഗ്ഗ വ്യത്യാസത്തിൽ നിന്നും ഉടലെടുത്ത ദുരഭിമാന ബോധത്തെ മുതലാളിത്തം അതിന്റെ സിനിമ കണ്ണിലൂടെ കൃത്യമായി നിസ്സാരവൽക്കരിക്കുന്നു. മലയാളികളുടെ കാല്പനിക കുടുംബ സങ്കൽപ്പത്തെ തകർക്കാതിരിക്കാൻ, തകർച്ച സംഭവിച്ചാൽ തന്നെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ പൗരുഷമുള്ള കുടുംബനാഥനെ ഉണ്ടാക്കിയെടുക്കാനും അത് വിറ്റഴിക്കാനും മുതലാളിത്തബോധം കൃത്യമായി ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കണ്ടുമടുത്ത ക്ലീഷേകളുണ്ടായിട്ടും ഇന്നും ‘തുടരും’ കേരളത്തിൽ അങ്ങോളമിങ്ങോളം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ സ്ഥിരം ക്ലീഷേ കീഴാളശരീരങ്ങൾ ഈ സിനിമയിലും കാണാം. കാർ മെക്കാനിക്കായ, കറുത്ത ശരീരവും ചുരുളൻ തലമുടിയും അല്പം ഉന്തിയ പല്ലുകളുമുള്ള മണി എന്ന യുവാവ് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച് പൊലീസ് പിടിയിലാവുകയും തുടർന്നുണ്ടാകുന്ന അവൻറെ തിരോധാനവുമാണ് സിനിമയിലെ വഴിത്തിരിവ്. എന്തിനാണ് മലയാള സിനിമ ഇത്തരത്തിൽ കീഴാള പുരുഷ ശരീരങ്ങളെ വീണ്ടും വീണ്ടും ലഹരി മാഫിയക്കാരാകുന്നത്? (സ്റ്റേറ്റും, വേടനെ ഓർത്തുനോക്കൂ).

സാധാരണ കീഴാള ശരീരങ്ങളുടെ തിരോധാനങ്ങൾ അവസാനിക്കുന്നത് കേരള പൊലീസിന്റെ ഇടിമുറിയിലും ലോക്കപ്പ് മരണങ്ങളിലുമാണ്. എന്നാൽ സിനിമ അത്തരത്തിലുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കുന്നു. പൊലീസിന്റെ മൂന്നാംമുറയിൽ കൊല്ലപ്പെടുന്നത് ബെൻസിന്റെയും ലളിതയുടെയും മകനായ മുഖ്യധാരാ പുരുഷ ശരീരമുള്ള പവി എന്ന യുവാവാണ്. മണി സിനിമയിൽ പതുക്കെ മാഞ്ഞുപോകുകയാണ്. അഥവാ, മണിയാണ് ലോക്കപ്പിൽ കൊല്ലപ്പെട്ടതെങ്കിൽ മലയാളി പ്രേക്ഷകർ തിയേറ്ററിലിരുന്ന് ഇത്രകണ്ട് കരയുമോയെന്ന് സംശയമാണ്. കേരളത്തിലെ ലോക്കപ്പുകളിൽ കൊല്ലപ്പെടുന്ന കീഴാള ശരീരങ്ങൾ മലയാളി പൊതുബോധത്തിന് വെറുതെ വായിച്ച് തള്ളാനുള്ള വാർത്തകൾ മാത്രമാണ്, മിക്കപ്പോഴും അവർ ‘കൊല്ലപ്പെടേണ്ട’ മനുഷ്യരുമാവുന്നു.

മണിയാണ് സർക്കിൾ ഇൻസ്പെക്ടറുടെ മകളെ പ്രേമിക്കുന്നതെങ്കിൽ പ്രേക്ഷകർ ചിലപ്പോൾ പൊലീസിനൊപ്പം നിൽക്കുമായിരുന്നു. കാരണം അവൻ കറുത്തവനാണ്. കോളനിയിൽ താമസിക്കുന്ന, ദരിദ്രരായ, തെറിവിളിക്കുന്ന, സഭ്യരല്ലാത്ത അച്ഛന്റെയും അമ്മയുടെയും മകനാണ്. മാതൃകാ കുടുംബത്തിലെ സന്താനമല്ല, കൂടാതെ കഞ്ചാവുമാണ്.(മണിയുടെ അച്ഛനും അമ്മയും മോഹൻലാലിനെ തെറി വിളിക്കുന്ന രംഗം തിയേറ്ററിൽ ചിരി പടർത്തുന്നുണ്ട്). 2018ൽ ജാതി/ദുരഭിമാനത്തിന്റെ പേരിൽ തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട കെവിൻ എന്ന ദളിത് ക്രിസ്ത്യൻ യുവാവിനെയും  കാമുകി നീനുവിനെയും അനുസ്മരിപ്പിക്കുന്ന ചില രംഗങ്ങൾ കഥയിലുണ്ടെന്ന് നമുക്ക് തോന്നാം. എന്നാൽ സിനിമ ആ സംഭവത്തെ കൃത്യമായി കാല്പനികവൽക്കരിക്കുകയാണ് ചെയ്യുന്നത്. തന്റെ അച്ഛനെ ബെൻസ്  കൊലപ്പെടുത്തുന്നത് നോക്കി നിൽക്കുന്നു ആ പെൺകുട്ടി, അവൾ അനുഭവിക്കുന്ന എല്ലാവിധ ചൂഷണങ്ങൾക്കും കാരണക്കാരൻ അവളുടെ പൊലീസുകാരൻ ആയ അച്ഛൻ മാത്രമാണെന്നും അയാൾ മരിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുന്നുവെന്നുമുള്ള മിഥ്യാബോധം സിനിമ നിർമ്മിച്ചെടുക്കുന്നു.

കൊല്ലപ്പെട്ട കെവിൻ, കേസിലെ പ്രതികൾ. കടപ്പാട്:mathrubhumi

കൂടാതെ അവൾ ബെൻസിന്റെയും ലളിതയുടെയും മാതൃകാ കുടുംബത്തിൽ ‘സുരക്ഷിത’യാവുകയും ചെയ്യുന്നു. പെൺകുട്ടികൾ സുരക്ഷിതരാവുന്ന കാല്പനിക -മാതൃക -മലയാളി കുടുംബ സങ്കല്പം എന്ന ഉട്ടോപ്യ, ഉൽകൃഷ്ടമായ പ്രേമത്തിലൂടെ, വിവാഹ ബന്ധത്തിലൂടെ സാധ്യമാകുമെന്ന്  സ്ഥാപിച്ചെടുക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനെ ഏറ്റുപിടിച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രണയവും വിവാഹബന്ധങ്ങളും കുടുംബങ്ങളും യഥാർത്ഥ ജീവിതത്തിൽ ടോക്സിക് ആയി മാറുന്നതും തകർന്നടിയുന്നതും നിത്യ സംഭവമാണ്. കൃത്യമായ വർഗ്ഗ-വർഗ്ഗേതര പ്രശ്നങ്ങളെ അടയാളപ്പെടുത്താതെ, അതിനെ വിശകലനം ചെയ്യാതെ, പൊള്ളയായ ഫ്യൂഡൽ കാല്പനികചിന്തകളെ ദൃശ്യവൽക്കരിക്കുകയും അതിനെ നിത്യജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മലയാളി പൊതുബോധമാണ് തുടരും സിനിമയിലെ ഇടർച്ചയും ബോക്സ് ഓഫീസ് കളക്ഷൻ ഉയർച്ചയും.

ഏറെ വർഷങ്ങളായി മലയാള സിനിമ ആരാധകരുടെ കാത്തിരിപ്പാണ് മോഹൻലാലിന്റെ തിരിച്ചുവരവ്. തിരിച്ചുവരേണ്ടത് ‘പഴയ’ ലാലേട്ടനാണ്. നെഞ്ചുവിരിച്ച് തോള് ചരിച്ച്, മുണ്ടുമടക്കി, മീശ പിരിക്കുന്ന മാടമ്പി ലാലേട്ടൻ. ആ സവർണ്ണ പുരുഷന് പൊലീസിനെ കൊല്ലാം, അത് നീതിയാണ്. കോടതിയും മാധ്യമങ്ങളും നാട്ടുകാരും അയാളുടെ കൂടെ നിൽക്കും. അതിനിയും തുടരും, സിനിമയ്ക്ക് അകത്തും പുറത്തും. എങ്കിലും സിനിമ കഴിഞ്ഞ് തിയേറ്റർ വിട്ടിറങ്ങുമ്പോൾ, കേരള പൊലീസിനോട് എല്ലാ സ്ത്രീശരീരങ്ങളും സ്ത്രീകളാണോയെന്നും എല്ലാ പുരുഷശരീരങ്ങളും പുരുഷന്മാരാണോയെന്നും ചോദിച്ച വിനായകനെ, അയാളുടെ ചോദ്യങ്ങൾക്ക് നേരെയുള്ള പൊലീസിന്റെയും മാധ്യമങ്ങളുടെയും ഓൺലൈൻ ട്രോളന്മാരുടെയും പരിഹാസച്ചിരിയെ ഓർക്കേണ്ടതുണ്ട്.

Also Read

4 minutes read May 13, 2025 2:51 pm