പത്രമുടമ പത്രാധിപരാകരുത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുക എന്നത് മാധ്യമങ്ങൾക്ക് ഇന്നും സാധ്യമാണോ?

തീർച്ചയായും സാധ്യമാണ്. മാധ്യമങ്ങളുടെ കടമ തന്നെ അതായിരുന്നു. സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കിതന്നെയാണ് പത്രങ്ങളെല്ലാം തുടങ്ങിയത്. എന്നാൽ മാധ്യമങ്ങളുടെ ആധിക്യത്തെ തുടർന്നുണ്ടായ മത്സരമാണ് സാമൂഹികനീതി എന്ന ലക്ഷ്യത്തിൽ നിന്നും മാധ്യമങ്ങൾ പിൻവാങ്ങാൻ കാരണമായിത്തീർന്നത്. വിപണിയിൽ പിടിച്ചുനിൽക്കാൻ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. അതോടെ ന്യൂസ് ഡസ്കിലെ പരസ്യമേധാവിയുടെ ഇടപെടൽ കൂടി. മാനേജ്മെന്റിന്റെ സ്വാധീനം ഇന്ന് വാർത്തകൾക്ക് മേൽ ശക്തമായുണ്ട്. ഇന്ത്യയിലെ പ്രമുഖ പത്രാധിപന്മാരെല്ലാം പത്ര ഉടമകൾ തന്നെയാണ്. ഉദാഹരണമായി ദി ഹിന്ദുവിന്റെ എഡിറ്റർ എൻ. റാമിന്റെ കാര്യമെടുക്കാം. വിദ്യാഭ്യാസമുള്ള, പുരോഗമന കാഴ്ചപ്പാടുള്ള ഒരാളാണ് അദ്ദേഹം. പക്ഷേ, ഹിന്ദുവിന്റെ എഡിറ്ററായിരിക്കാനുള്ള റാമിന്റെ യോഗ്യത അദ്ദേഹം അതിന്റെ ഉടമയാണ് എന്നതാണ്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പത്രപ്രവർത്തകർ തന്നെയാണ് പത്രാധിപന്മാരായിത്തീരുന്നത്. ദി ഗാർഡിയനിന്റെയും ലണ്ടൻ ടൈംസിന്റെയുമെല്ലാം പാരമ്പര്യം അതാണ്. അതിന്റേതായ വിശ്വാസ്യത ആ പത്രങ്ങൾക്കുണ്ട്. പത്രമുടമ പത്രാധിപരായി മാറുന്നതോടെ ബിസിനസ് താത്പര്യങ്ങൾ എഡിറ്റോറിയൽ പോളിസിയിൽ കടന്നുകൂടും. വാർത്തകളുടെ സ്വഭാവവും തിരഞ്ഞെടുക്കലുമെല്ലാം അതിനനുസരിച്ച് അവർ തീരുമാനിക്കും. ഉടമകൾ തന്നെ എഡിറ്റർമാരായതുകൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യയെല്ലാം ഈവിധം അധഃപതിച്ചത്. വിപണിയിൽ ലാഭമുണ്ടാക്കാൻ കഴിയുന്ന മാതൃക ഒരു പത്രം പരീക്ഷിച്ചാൽ മറ്റ് പത്രങ്ങളും അന്ധമായി അതിനെ പിന്തുടരുന്നു. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും സമൂഹത്തിലെ മാധ്യമങ്ങളുടെ അനിവാര്യതയെ തള്ളിക്കളയാനാകില്ല. വാർത്തകളറിയാൻ മനുഷ്യന് മുന്നിൽ മറ്റ് വഴികൾ ഇപ്പോഴില്ല. അതുകൊണ്ടുതന്നെ വിശ്വാസ്യത നിലനിർത്തി സമൂഹത്തിൽ തുടരേണ്ടത് മാധ്യമങ്ങളുടെ കടമയാണ്.

2011 സെപ്തംബറിൽ കേരളീയം പ്രസിദ്ധീകരിച്ച അഭിമുഖം

വിശ്വാസ്യത നഷ്ടമാകാനുള്ള കാരണമായി താങ്കൾക്ക് അനുഭവപ്പെടുന്നത് എന്തെല്ലാമാണ്?

വസ്തുനിഷ്ടമായ റിപ്പോർട്ടിംഗിൽ നിന്നും അകന്നുപോകുന്നതാണ് വിശ്വാസ്യത കുറയാനുള്ള പ്രധാനകാരണം. അടുത്തകാലത്ത് നടന്ന ഒരു സംഭവം ഉദാഹരണമായെടുക്കാം. കേരളത്തിലെ രണ്ട് പ്രമുഖ ചലച്ചിത്രതാരങ്ങളുടെ വീട്ടിൽ നടന്ന റെയ്ഡ് മാധ്യമങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുകയുണ്ടായി. അവരുടെ താരമൂല്യം തന്നെയാണ് അവിടെ വാർത്തയ്ക്ക് കാരണമായത്. എന്നിട്ടും എന്തുകൊണ്ട് അവരുടെ വീട്ടിൽ റെയ്ഡ് നടന്നു എന്ന കാര്യം അന്വേഷിക്കാൻ മാധ്യമങ്ങളൊന്നും തയ്യാറായില്ല. റെയ്ഡിന്റെ കാരണം കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ അത് നിരവധി പ്രശ്നങ്ങൾ പുറത്ത് കൊണ്ടുവരുമായിരുന്നു. വായനക്കാർക്ക് അത് സ്വീകാര്യമാവുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ വസ്തുതാപരമായ കാര്യങ്ങളെ മാധ്യമങ്ങൾ ബോധപൂർവ്വം അവഗണിക്കുമ്പോൾ വിശ്വാസ്യത ചോദ്യംചെയ്യപ്പെടും.

ആഗോളതലത്തിൽ മാധ്യമപ്രവർത്തനത്തെ വിലയിരുത്തുന്ന ഒരാളെന്ന നിലയിൽ മാധ്യമങ്ങളുടെ ഭാവിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു. നവമാധ്യമങ്ങളുടെ വളർച്ച മാധ്യമരംഗം ഉടച്ചുവാർക്കുമോ?

നവമാധ്യമങ്ങൾ ശക്തമായിടത്തെല്ലാം പ്രതങ്ങളുടെ സർക്കുലേഷൻ കുറയുന്നതായാണ് കാണാൻ കഴിയുന്നത്. അതിനെക്കുറിച്ചുള്ള ഒരു കണക്ക് ദി ഇക്കണോമിസ്റ്റ് മാഗസിൻ ജൂലൈ ലക്കത്തിൽ പുറത്തുവിട്ടിരുന്നു. അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും ആസ്ട്രേലിയയിലുമെല്ലാം പത്രങ്ങളുടെ സർക്കുലേഷനിൽ വൻ ഇടിവ് വന്നതായാണ് ആ കണക്കുകൾ സൂചിപ്പിക്കുന്നത്. ആ നാടുകളിലെല്ലാം സോഷ്യൽ മീഡിയുടെ ഉപയോഗം കൂടിയിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിൽ പത്രങ്ങളുടെ പ്രചാരം വർദ്ധിച്ചിട്ടുണ്ട്. പക്ഷേ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയുടെ വ്യാപനം ഇവിടെ കുറവാണ്. അമേരിക്കയിൽ പ്രശസ്തമായ പല പത്രങ്ങളും പൂട്ടിപ്പോയി. ബിസിനസ് പോലെ സ്പെഷ്യലൈസ്ഡ് മേഖലകളിലുള്ള പത്രങ്ങൾ മാത്രമാണ് നല്ല രീതിയിൽ പോകുന്നത്. വായനക്കാരന്റെ സ്വഭാവം മാറി എന്നതാണ് ഒരു പ്രധാന കാര്യം, സ്വഭാവം മാറിയതനുസരിച്ച് അവരുടെ ആവശ്യങ്ങളും മാറി. ഇന്റർനെറ്റിന് അവരുടെ ആവശ്യങ്ങളെ കുറച്ചുകൂടി സാധൂകരിക്കാൻ കഴിയുന്നുണ്ട്. ഇന്റർനെറ്റിൽ എനിക്ക് പലതരത്തിലുള്ള അഭിപ്രായങ്ങൾ ലഭ്യമാണ്. മനോരമ വായിക്കുന്ന ഒരാൾക്ക് മനോരമ റിപ്പോർട്ട് ചെയ്യുന്ന കാഴ്ചയിലൂടെയുള്ള വാർത്തകൾ മാത്രമാണ് ലഭിക്കുന്നത്. ഇന്റർനെറ്റിൽ നിങ്ങൾക്ക് ഒരേ സമയം മനോരമയും ദേശാഭിമാനിയും വായിക്കാൻ കഴിയും. പലതരത്തിലുള്ള റിപ്പോർട്ടുകളിലൂടെ കടന്നുപോകുമ്പോൾ വസ്തുതകളെ അതിന്റെ വിവിധ വശങ്ങളിലൂടെ നിങ്ങൾക്ക് നോക്കിക്കാണാൻ കഴിയും. ഇന്റർനെറ്റിന്റെ വ്യാപനം ഈ ചിന്ത പ്രബലമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ ആധിക്യം വാർത്തകൾ മറച്ചുവയ്ക്കാനുള്ള പ്രവണതയെ ഇല്ലാതാക്കുന്നു. ഇന്നത്തെ കാലത്ത് വാർത്തകൾ മറച്ചുവയ്ക്കുന്നവർ സ്വയം അപഹാസ്യരാവുകയാണ് ചെയ്യുന്നത്.

സാമൂഹിക നിയന്ത്രണമുള്ള ഉടമസ്ഥതയുണ്ടങ്കിൽ മാധ്യമരംഗത്തെ ദുഷ്പ്രവണതകളെ തടയാൻ കഴിയുമോ? മാധ്യമ പ്രവർത്തനത്തിനുള്ള സാങ്കേതിക സൗകര്യം ഭരണകൂടം നിർമ്മിക്കുകയും സ്വതന്ത്ര ഉപയോഗത്തിനായി അത് വിട്ടുകൊടുക്കുകയും ചെയ്യുകയാണങ്കിൽ വിപണിയുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ കഴിയുമല്ലോ. ബി.ബി.സിയെല്ലാം ആ രീതിയിൽ പ്രവർത്തിക്കുന്നുണ്ടല്ലോ?

അഴിമതി നിറഞ്ഞ ഇന്ത്യൻ സാഹചര്യത്തിൽ അതൊന്നും സാധ്യമല്ല. ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതൽ ഇന്ത്യയുടെ സ്ഥിതി വളരെയധികം മോശമാണ്. ഗാന്ധിയും നെഹ്റുവുമെല്ലാം വിഭാവനം ചെയ്ത ഇന്ത്യയെന്ന സങ്കൽപ്പം ഇന്ദിരയുടെ കാലത്താണ് പൂർണ്ണമായും അട്ടിമറിക്കപ്പെടുന്നത്. പുരോഗമനപരമായ ആശയങ്ങളൊന്നും അതിന് ശേഷം ഭരണകൂടത്തിന്റെയും രാഷ്ട്രീയപാർട്ടികളുടെയും പക്ഷത്ത് നിന്നുമുണ്ടായിട്ടില്ല. ബി.ബി.സി പോലെ അഴിമതിരഹിതമായ ഒരു മാധ്യമസംവിധാനം രൂപപ്പെടുത്താൻ അഴിമതിയിൽ മുങ്ങിനിൽക്കുന്ന അവർക്ക് എങ്ങനെ സാധിക്കും? അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ലോബിയിസ്റ്റുകളായാണ് ഇവിടെ ഇപ്പോൾ ജേർണലിസ്റ്റുകൾ പ്രവർത്തിക്കുന്നത്, നീരാ റാഡിയ ടേപ്പ് സംഭവമെല്ലാം അത് കൂടുതൽ വ്യക്തമാക്കുന്നു.

സദാനന്ദിന്റെ ഫീസിൽ പ്രവർത്തിച്ച നാളുകളിലെ നിരവധി അനുഭവങ്ങൾ ‘ഘോഷയാത്ര’ എന്ന പുസ്തകത്തിൽ താങ്കൾ വിവരിക്കുന്നുണ്ട്. ഫ്രീപ്രസിനെ പോലെ ഉറച്ച നിലപാടുകളുള്ള ഒരു പത്രത്തിന്റെയും സദാനന്ദിനെപ്പോലെയുള്ള ഒരു എഡിറ്ററിന്റെയും അഭാവം ഇന്ന് അനുഭവപ്പെടുന്നുണ്ടോ?

സദാനന്ദ് മാത്രമായിരുന്നില്ല, അക്കാലത്തെ ഒട്ടുമിക്ക പത്രങ്ങളും പത്രപ്രവർത്തകരും വിശ്വാസ്യതയുള്ളവരായിരുന്നു. കാമ്പുള്ള മാധ്യമപ്രവർത്തനവും അന്ന് നടന്നിരുന്നു. അന്നത്തെ സാഹചര്യം അതായിരുന്നു. കഴിവും ആത്മാർത്ഥയുമുള്ള കുറച്ചുപേർ ചേർന്നാണ് അന്ന് പത്രങ്ങളെല്ലാം നടത്തിയിരുന്നത്. അന്ന് പത്രമിറക്കാൻ കുറച്ച്പേർ മതിയായിരുന്നു. ഇന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളും വലിയ എസ്റ്റാബ്ലിഷ്മെന്റുകളാണ്. വലിയ മൂലധനമുണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾ നടത്താൻ കഴിയുകയുള്ളൂ. സ്ഥാപനം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിട്ടുവീഴ്ചകളാണ് പലപ്പോഴും മാധ്യമ പ്രവർത്തനത്തിന്റെ നിലവാരം താഴ്ത്തുന്നത്. ഈ പ്രശ്നങ്ങൾക്കെല്ലാമിടയിലും മാധ്യമങ്ങൾക്ക് ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധി ക്കും. മർഡോക്കിന്റെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നത് ഗാർഡിയൻ പത്രമാണ്. എൻഡോസൾഫാന്റെ കാര്യത്തിലും പത്രങ്ങൾക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അത് ചെയ്യാനുള്ള ശേഷിയും ആത്മാർത്ഥതയുമുണ്ടോ എന്നതാണ് ചോദ്യം.

മാധ്യമങ്ങളിൽ ധാർമ്മികത നിലനിർത്തുന്നതിനും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനും പ്രസ് കൗൺസിൽ പോലെ ചില സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ടല്ലോ. അതൊന്നും മാധ്യമ പ്രവർത്തനത്തിൽ ധാർമ്മികത നിലനിർത്താൻ പര്യാപ്തമായിട്ടില്ലല്ലോ?

മാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് ഇന്ത്യയിലെ അനുഭവം. സ്വയം നിയന്ത്രണമാണ് മാധ്യമങ്ങൾ നടത്തേണ്ടത്. രാഷ്ട്രീയക്കാരും സ്വയം നിയന്ത്രിക്കേണ്ടവരാണെന്നാണല്ലോ തത്വം. അതും ഫലത്തിൽ ഇവിടെ സംഭവിക്കുന്നില്ലല്ലോ. ഗാർഡിയനും ന്യൂയോർക്ക് ടൈംസും വാഷിംഗടൺ പോസ്റ്റും പോലെയുള്ള പത്രങ്ങൾക്ക് സ്വയം നിയന്ത്രണം സാധ്യമാകുന്നുണ്ട്. ആ പത്രങ്ങളുടെ അടുത്ത് നിൽക്കാൻ ഇന്ത്യൻ പത്രങ്ങൾക്ക് ഒരുയോഗ്യതയുമില്ല. ഇന്ത്യയിൽ ഇത് അഴിമതിയുടെ കാലമാണ്. മാധ്യമങ്ങളും അതിന്റെ ഭാഗമായിക്കഴിഞ്ഞു.

മാധ്യമ വിദ്യാഭ്യാസത്തിന് മാധ്യമരംഗത്തെ അപചയം പരിഹരിക്കാൻ കഴിയുമോ? ജേണലിസം പ്രൊഫഷണലായി പഠിക്കുന്നവരാണല്ലോ ഇപ്പോൾ എല്ലാ മാധ്യമസ്ഥാപനങ്ങളിലും ജോലിക്കെത്തുന്നത്?

അപര്യാപ്തതകൾ ഏറെയുള്ള മാധ്യമ പഠനരീതിയാണ് ഇവിടെയുള്ളത്. വാർത്ത എന്നാൽ എന്താണ്? നല്ല തലക്കെട്ട് എങ്ങനെ എഴുതാം? തുടങ്ങിയ basic entry level journalism activity മാത്രമാണ് അവിടെ പഠിപ്പിക്കുന്നത്. മാധ്യമ പ്രവർത്തനത്തെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് ജേണ ലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾക്കില്ലാത്തതിനാൽ അവരാരും അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ല.

നമ്മുടെ നാട്ടിൽ, ദൽഹിയിൽ ശബ്ദമുണ്ടാകുമ്പോഴാണ് അത് ശബ്ദമാകുന്നത്. എത്ര വലിയ മലയാളം, തമിഴ് പത്രങ്ങളും എത്ര വലിയ കാര്യങ്ങൾ പറഞ്ഞാലും അങ്ങ് വടക്ക് ഏശുകില്ല. പക്ഷേ, ഇവിടെയും അദ്ഭുതം നടന്നിരിക്കുന്നു. ബലഹീനതകളെ മറികടന്ന് ചില വിഷയങ്ങൾ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ പ്രാദേശിക മാധ്യമങ്ങൾക്ക് കഴിഞ്ഞു. വിഷയങ്ങളുടെ ഗൗരവും റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ പ്രദർശിപ്പിച്ച സത്യസന്ധതയുമാണ് ഇത് സാധ്യമാക്കിയത്. പ്ലാച്ചിമട തന്നെ നല്ല ഉദാഹരണം. ആഗോള ഭീമന്മാരായ കോളകമ്പനി വരുത്തിയ നാശങ്ങൾക്കെതിരായി സാധുക്കളായ ഗ്രാമവാസികൾ രംഗത്തിറങ്ങിയപ്പോൾ, മാധ്യമങ്ങളാണ് അവരുടെ സഹായത്തിനെത്തിയത്. ശാസ്ത്രീയമായ പഠനങ്ങളും മറ്റും നടത്തി മാധ്യമങ്ങൾ സംഘടിപ്പിച്ച പ്രചാരണം അങ്ങ് ബി.ബി.സി വരെ എത്തി. ഗ്രാമീണരുടെ സമരം ഫലപ്രാപ്തിയിലെത്തി. കോളകൾ സൃഷ്ടിച്ച പ്രശ്നങ്ങളെക്കാൾ എത്രയോ ഭീകരമാണ് കീടനാശിനികൾ വിതച്ച സർവനാശം. കാസർകോട് പ്രദേശങ്ങളിൽ എൻഡോസൾഫാൻ നടത്തിയ താണ്ഡവം ആരുമറിയാതെ ഗവൺമെന്റുകളുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. കൊടും ക്രൂരതയുടെ ഇരകളായി സ്ഥലവാസികൾ നട്ടംതിരിഞ്ഞു. ഈ ഭീകരസത്യം വെളിപ്പെടുത്തിയത് മാധ്യമങ്ങളാണെന്ന് എല്ലാവർക്കുമറിയാം. മാരകരോഗം ബാധിച്ചവരുടെ നിസ്സഹായവസ്ഥ കണ്ടുനിൽക്കാൻ പോലുമാകാത്ത രീതിയിലാണെന്ന് ചാനലുകൾ തെളിവുസഹിതം സാക്ഷ്യപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെയും അധികാരികളുടെയും കണ്ണുതുറന്നു. തുടർന്നുണ്ടായ അഭിപ്രായ ഐക്യവും ഏകീകൃത സമരസന്നദ്ധതയും ഔദ്യോഗിക നയംമാറ്റലുകളും മറ്റും ആവേശം നിറഞ്ഞ ഒരധ്യായമായി ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.

ഇവിടെ മാധ്യമങ്ങൾക്ക് അഭിമാനിക്കാം. പക്ഷേ, അതിലും പ്രധാനം പാഠങ്ങൾ പഠിക്കുന്നതാണ്. രാഷ്ട്രീയമല്ല, ജനകീയ പ്രശ്നങ്ങളാണ് മാധ്യമങ്ങളുടെ യഥാർത്ഥ വിഷയം എന്നതാണ് പ്രധാനമായ ഒരു പാഠം. ഒരു കാമ്പയിൻ കൊണ്ടോ സമരം കൊണ്ടോ പരിഹരിക്കാവുന്നതല്ല ഈ പ്രശ്നങ്ങൾ എന്നതും ഒരു പ്രധാന പാഠമാണ്. ഇത്രയധി തെളിവുകളുണ്ടായിട്ടും ഇന്ത്യൻ ഭരണാധികാരികൾ ലോബികൾക്ക് വഴങ്ങിക്കൊടുക്കുന്നത് നാം കാണുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾ അവരുടെ ലാഭത്തിന് വേണ്ടി എന്തും ചെയ്യും. സമൂഹത്തിന് വേണ്ടിയുള്ള മാധ്യമ ഇടപെടലുകൾ തുടർന്നുകൊണ്ടിരിക്കണം എന്നർഥം. മാത്രവുമല്ല, ഇതുവരെ ശ്രദ്ധയാകർഷിക്കാത്ത ഒരു പ്രശ്നം ചൂണ്ടിക്കാണിക്കേണ്ടത് സിവിൽ സൊസൈറ്റിയുടെയും മാധ്യമങ്ങളുടെയും കടമയാണ്. എന്താണീ പ്രശ്നം? എൻഡോസൾഫാനല്ല ഇവിടെ വിഷം വിതച്ചത് എന്നാണല്ലോ ലോബികളുടെ വാദം. പക്ഷേ, ഇവിടെ എന്തോ വിഷം ഉണ്ടെന്ന കാര്യം അവർ പോലും നിഷേധിക്കുന്നില്ല. ആളുകൾ ഇന്നും മരിക്കുന്നു. കുഞ്ഞുങ്ങൾ ഭയാനകമായ വൈകല്യങ്ങളോടെ ഇന്നും ജനിക്കുന്നു. ഇവിടത്തെ മണ്ണിലും വെള്ളത്തിലും ആളെകൊല്ലുന്ന എന്തോ ഉണ്ട്. ഈ സാധനം മാറ്റി, മണ്ണും വെള്ളവും ശുദ്ധീകരിക്കേണ്ടത് അത്യാവ ശ്യവും അതിപ്രധാനവുമായ ഒരു ചുമതലയാണ്. ഇത് വേണ്ടത് ഗൗരവത്തോടെ, എത്രയും വേഗത്തിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണ്ടത് ആവശ്യമാണ്.

വിഷം വിതച്ചത് ആരുമാകട്ടെ. വിഷം മാറ്റാൻ എല്ലാവരും ബാധ്യസ്ഥരാണ്. ശാസ്ത്രീയവും ശാശ്വതവുമായ ഒരു ഡീടോക്സിഫിക്കേഷൻ പരി പാടിയാണ് ഇന്നത്തെ മുൻഗണന. ഇതിനുവേണ്ട പഠനങ്ങൾ നടത്തിയും ജനങ്ങളെ ബോധവത്കരിച്ചും വേണ്ടയിടങ്ങളിൽ സമ്മർദം ചെലുത്തിയും പരിപാടിക്ക് വഴിയൊരുക്കേണ്ട ദൗത്യം മാധ്യമങ്ങൾ ഏറ്റെടുക്കണം.

Also Read

6 minutes read November 1, 2025 7:55 am