മാമുക്കോയ എന്ന നടനെ കേവലം ഹാസ്യ നടനായും, സിനിമാ നടനായുമൊക്കെയായിട്ടാണ് സാധാരണ പ്രേക്ഷകർ കണ്ടിട്ടുള്ളത്. യഥാർത്ഥത്തിൽ, മാമുക്കോയ എന്ന കലാകാരൻ ഒരു വലിയ കലാചരിത്രത്തിന്റെ തുടർച്ചയാണ്. ഒരുപക്ഷെ ആ തുടർച്ചയുടെ അവസാനത്തെ കണ്ണികളിൽ ഒരാൾ എന്ന് പറയാവുന്ന വ്യക്തി. കോഴിക്കോട്ടുള്ള നാടക പ്രസ്ഥാനങ്ങളുടെ ചരിത്രം തന്നെ വേറെയാണ്. കേരളത്തിലെ പല ഇടങ്ങളിലുമുണ്ടായ നാടക പ്രസ്ഥാനങ്ങളിൽനിന്നും വിഭിന്നമായ ഒരു ചരിത്രം കോഴിക്കോടൻ നാടകവേദിക്കുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലൊക്കെ കുറ്റിച്ചിറ കേന്ദ്രീകരിച്ച്, സയ്യിദ് ഖാദർ ഹുസൈനിന്റെ നേതൃത്വത്തിൽ തമിഴ്, ഹിന്ദി, പാഴ്‌സി നാടക സംഘങ്ങൾ ഉണ്ടായിരുന്നു. പല നാടകസംഘങ്ങളുടെയും ഉത്ഭവം അവിടെ നിന്നായിരുന്നു എന്ന് കാണാം. കെ.പി ഉമ്മർ മുതൽ വളരെ പ്രശസ്തരായ ആളുകൾ, പിൽക്കാലത്ത് മറവിയിലായ പ്രതിഭാധനരായ നിരവധി പേർ ഈ നാടകവേദിയിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. അതിന്റെ ഒരു തുടർച്ചയാണ് യഥാർത്ഥത്തിൽ മാമുക്കോയ.


മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ അൽ-അമീൻ ലോഡ്ജ് കേന്ദ്രമാക്കി ഒരു നാടക പ്രസ്ഥാനമുണ്ടായിരുന്നു. മുഹമ്മദ് യൂസഫ് എന്നയാളായിരുന്നു അതിന്റെ നേതൃത്വം. നവോത്ഥാന മൂല്യങ്ങൾ നാടകത്തിലൂടെ സാധ്യമാക്കാൻ കഴിയുമെന്ന് പഠിപ്പിച്ചത് മറ്റാരുമല്ല മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബാണ്. അങ്ങനെയാണ്, നാടക ഗ്രൂപ്പുകൾ അദ്ദേഹത്തിന്റെ ലോഡ്ജ് കേന്ദ്രീകരിച്ച് വളർന്നു വികസിച്ചത്. കോഴിക്കോട് ഫ്രാൻസിസ് റോഡിലെ MSA ഡ്രമാറ്റിക് അസോസിയേഷൻ ഒരു ഉദാഹരണമാണ്; ഇ.കെ അയമുവിന്റെയും, കെ.ടി മുഹമ്മദിന്റെയുമൊക്കെ നാടകസംഘങ്ങൾ ഇവയ്ക്ക് ഉദാഹരണമാണ്. പ്രത്യേകിച്ചും മുസ്ലിം നവോത്ഥാനമൂല്യങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവ പ്രവർത്തിച്ചിരുന്നത്. സമൂഹത്തിനകത്തുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ, സ്ത്രീവിരുദ്ധതയ്ക്കെതിരെ, അനാചാരങ്ങൾക്കെതിരെ , സ്ത്രീധനത്തിനെതിരെ അതിശക്തമായ നാടകപ്രസ്ഥാനങ്ങളുണ്ടായ നാട് കൂടിയാണ് കോഴിക്കോട്. ഈ ചരിത്രത്തിന്റെ വലിയൊരു തുടർച്ച മാമുക്കോയയിലുണ്ട്. പലരും വിചാരിക്കുന്ന പോലെ കേവലം ഒരു ഹാസ്യനടൻ, സിനിമയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതല്ല.
മാമുക്കോയ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതുതന്നെ ഈ നാടകപ്രസ്ഥാനങ്ങളുടെ തുടർച്ച എന്ന നിലയിലാണ്. നാടകരംഗത്തെ കുലപതി എന്നൊക്കെ വിളിക്കാവുന്ന നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന സിനിമയിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് വരുന്നത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ അഭിനയിക്കുന്നു. ഇതിനൊക്കെ പിന്തുണ നൽകിക്കൊണ്ട് കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയൊരു എഴുത്തുകാരൻ ഉണ്ടായിരുന്നു. ബഷീർ പ്രോത്സാഹിപ്പിച്ച താരങ്ങൾ യാദൃശ്ചികമെന്ന് പറയട്ടെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളാണ്. അതിലൊരാളാണ് കുതിരവട്ടം പപ്പു. കുതിരവട്ടം പപ്പു എന്ന പേര് തന്നെ നിർദ്ദേശിക്കുന്നത് ബഷീർ ആണ്. മാമുക്കോയയെ സിനിമയിൽ കൊണ്ടുവരുന്നതിൽ ബഷീർ വലിയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ‘അന്യരുടെ ഭൂമിക്കും’, ‘സുറുമയിട്ട കണ്ണുകൾ’ക്കും ശേഷം ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന സിബി മലയിൽ ചിത്രത്തിൽ മാമുക്കോയ അഭിനയിച്ചു. അതാണ് മാമുക്കോയയെ മുഖ്യധാരാ സിനിമയിലേക്ക് എത്തിച്ച പ്രധാന ചിത്രം. അതിൽ അദ്ദേഹം അവതരിപ്പിച്ച മദ്രസ അധ്യാപകന്റെ വേഷം വളരെ പ്രധാനപ്പെട്ടതും, പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്തതുമാണ്. അപ്പോഴാണ് മാമുക്കോയക്ക് മാത്രം അവതരിപ്പിക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിൽ വരുന്നത്. മാമുക്കോയക്ക് അനുകരിക്കാൻ തക്കവണ്ണം സിനിമയിൽ അതിനു മുൻപേ ഒരു മാതൃകയില്ല. തുടർന്ന് മാമുക്കോയക്ക് ശേഷവും അത്തരത്തിൽ ഒരു മാതൃക ഉണ്ടായിട്ടില്ല. ആ നിലക്ക് മാമുക്കോയ മൗലികമായ ശൈലിയുടെ നടനാണ്. ‘റാംജി റാവു സ്പീക്കിങ്’ എന്ന സിനിമയിൽ ‘ബാലിസ്നാ’ എന്നൊരു വിളിയുണ്ട്. അത് മാമുക്കോയക്ക് മാത്രം വിളിക്കാൻ പറ്റുന്ന ഒരു വിളിയാണ്. അതുപോലെ വളരെ ഗൗരവമുള്ള കഥാപാത്രങ്ങളായും അദ്ദേഹം അഭിനയിക്കുകയുണ്ടായി. ‘പെരുമഴക്കാലം’ എന്ന സിനിമ അതിനൊരുദാഹരണമാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ‘ഉരു’ എന്ന സിനിമയിലും അദ്ദേഹം ഗൗരവമുള്ള ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.


വ്യക്തിപരമായി എനിക്കദ്ദേഹവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങൾ രണ്ടു തവണ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഞാൻ സംവിധാനം നിർവ്വഹിച്ച് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ‘ഖബർ’ എന്ന നാൽപത് മിനുട്ട് ദൈർഘ്യമുള്ള ടെലിഫിലിമിൽ മാമുക്കോയ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു ദല്ലാളിന്റെ കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. അതിനെ തുടർന്ന് ‘മാമൂക്കാന്റെ സൊറ’ എന്ന പേരിൽ കൈരളി ടി.വിയിൽ എം.എൻ കാരശ്ശേരി സംവിധാനം ചെയ്ത ഒരു പരിപാടിയുണ്ടായിരുന്നു. ആ പരിപാടിയിൽ പലരും വന്നിരുന്നു. സുകുമാർ അഴീക്കോട് മാമുക്കോയയുമായി സംസാരിക്കുന്ന ഒരു എപ്പിസോഡുണ്ടായിരുന്നു അതിൽ. അത് വളരെ രസകരമാണ്.
മാമുക്കോയ എപ്പോഴും പുരോഗമനപരമായി ചിന്തിക്കുകയും, പ്രസംഗിക്കുകയും ചെയ്യുന്ന ഒരാളാണ്. യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളെ എതിർക്കുന്ന ആളാണ്. മാമുക്കോയയുടെ മാത്രം ശൈലിയാണത്.
പൊതുപരിപാടിയിൽ പ്രസംഗിക്കുമ്പോൾ വളരെ ഗൗരവശാലിയായ ഒരാളായിട്ടാണ് അദ്ദേഹത്തെ കാണാൻ കഴിയുക. അദ്ദേഹത്തെ കേവലം നടനായി കണ്ടു കഴിഞ്ഞാൽ നമുക്ക് വഴി തെറ്റും. അദ്ദേഹം ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഒട്ടും മോശമായിരുന്നില്ല. കോഴിക്കോടൻ നവോത്ഥാന നാടകപ്രസ്ഥാനത്തിന്റെ സൃഷ്ടിയായ കെ.പി ഉമ്മർ കഴിഞ്ഞാൽ ഏറ്റവും പ്രശസ്തിയുള്ള കലാകാരനാണ് മാമുക്കോയ. കോഴിക്കോട്ടെ കോയമാരുടെ ജീവിതത്തോടൊപ്പം വളർന്ന, പുരോഗമന സ്വഭാവമുള്ള, അനാചാരങ്ങളെ എതിർക്കുന്ന, യാഥാസ്ഥിതികരുടെ എതിർപ്പുകൾ നേരിട്ട, യാഥാസ്ഥിതികരുടെ അപഹാസ്യമായ അനാചാരങ്ങളെ ആക്ഷേപഹാസ്യം കൊണ്ട് നേരിട്ട, ശുദ്ധീകരണ പ്രക്രിയ നടത്തിയ നാടകപ്രസ്ഥാനങ്ങളുടെ തുടർച്ചയാണ് മാമുക്കോയ. മാമുക്കോയയെ നിർമ്മിച്ചെടുത്തതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ മാമുക്കോയ ഒരു ചരിത്രനിർമ്മിതിയാണെന്ന് വേണം കണക്കാക്കാൻ.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

