കവിത എഴുതിത്തുടങ്ങിയ കാലത്തു തന്നെ ചാൾസ് സിമിക്കിന്റെ കവിതകളിൽ മരണമുണ്ടായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ കവിതകൾ വെളിപ്പെടുത്തി തുടങ്ങിയ സിമിക്ക് സ്മരണകൾ സ്വാംശീകരിച്ച കവിതകൾ എഴുതി എൺപത്തിനാലാം വയസ്സിൽ മരണപ്പെട്ടിരിക്കുന്നു.
സിമിക്കിന്റെ ആദ്യ പുസ്തകം പുല്ല് പറയുന്നതെന്ത് (what the gras says) പുറത്തിറങ്ങുന്നത് 1967 ൽ ഇരുപത്തി ഒൻപതാം വയസ്സിലാണ്. ബെൽഗ്രാഡിൽ നിന്നും രക്ഷപ്പെട്ട് സിമിക്കിന്റെ കുടുംബം ചിക്കാഗോയിൽ താമസമാക്കിയിരുന്നു. അമേരിക്കയിൽ എത്തിപ്പെട്ടതിനു ശേഷമാണ് സിമിക്ക് കവിതകൾ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. എന്നാൽ രണ്ടാം ലോകമഹയുദ്ധം നേരിട്ട കുട്ടിക്കാലത്തിന്റെ പതിനൊന്നു വർഷക്കാലം സിമിക്കിന്റെ കവിതയുടെ നിത്യപ്രേരകമായിക്കഴിഞ്ഞിരുന്നു.
“വിവേചന രഹിതമായ ബോംബിങ് കാരണം ഞങ്ങൾക്ക് വീടുകൾ മാറിമാറി കഴിയേണ്ടി വന്നു” എന്ന് സിമിക്ക് കുട്ടികാലത്തെ അനുസ്മരിക്കുന്നു. “ഹിറ്റ്ലറും സ്റ്റാലിനുമായിരുന്നു എന്റെ ട്രാവൽ ഗൈഡുകൾ” എന്ന് സിമിക്ക് തന്റെ പ്രവാസത്തെ അടയാളപ്പെടുത്തുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിക്കഴിഞ്ഞിട്ടും സിമിക്കിന്റെ കവിതകളിൽ ഗ്രാമീണനായ ഒരു കിഴക്കൻ യൂറോപ്പുകാരനുണ്ടായിരുന്നു. യുദ്ധഭൂമിയിലെ കുട്ടിക്കാലവും, പ്രവാസജീവിതവും സിമിക്കിന്റെ കവിതകളെ വ്യതിരക്തവും മൗലികവുമാക്കി. കലുഷമായ ആ ഇരുണ്ട ഓർമ്മകളോടൊപ്പം ഏകാന്തതയുടെ വെളിച്ചം നിറയുന്ന കവിതകളും സിമിക്ക് എഴുതി.
സംഭ്രമത്തെ കുറിച്ചാണ് സിമിക്ക് എഴുതുന്നത്. ചരിത്രത്തിലെ ഹാസ്യനാടകത്തിന്റെ ഭാഗമായി കുട്ടിക്കാലത്തിന്റെ പാതി ബെൽഗ്രേഡിൽ ഉപേക്ഷിച്ചുപോന്ന സ്ലാവിക്ക് ഉച്ചാരണമുള്ള ഒരു അമേരിക്കൻ കവിയായി സിമിക്ക് വളർന്നുവെന്ന് മാത്യു ഫ്ലാം എന്ന നിരൂപകൻ വിലയിരുത്തുന്നു. ചരിത്രത്തെ സർറിയലാക്കി പരിണമിപ്പിക്കുന്ന സിമിക്ക് സ്റ്റൈലിനെ കുറിച്ച് നിരവധി പഠനങ്ങളുണ്ട്. സാധാരണത്വത്തിന്റെയും അസാധാരണത്വത്തിന്റെയും വേർതിരിവുകളെ വെല്ലുവിളിക്കുന്നതാണ് സിമിക്കിന്റെ കവിതകൾ എന്നും ജീവനില്ലെന്നു തോന്നിക്കുന്ന വസ്തുക്കൾക്കു പോലും സിമിക്കിന്റെ കവിത ജീവിതം കൽപ്പിച്ചുകൊടുത്തുവെന്നും റോബർട്ട് ഷാ കണ്ടെത്തുന്നു.
1990 ൽ ലോകം അവസാനിക്കുന്നില്ല (The world doesn’t end) എന്ന കവിതാസമാഹാരം സിമിക്കിനെ പുലിസ്റ്റർ പ്രൈസിന് അർഹനാക്കി. ഗ്രിഫിൻ ഇന്റർനാഷണൽ പോയട്രി പ്രൈസ്, വാൾക്ക് സ്റ്റീവൻസ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ച സിമിക്ക് 2007 ൽ അമേരിക്കയുടെ പതിനഞ്ചാം പോയറ്റ് ലോറിയറ്റായി നിയമിതനായി. ന്യൂ ഹാംപ്ഷെയർ യൂണിവേഴ്സിറ്റിയിൽ 30 വർഷക്കാലം സിമിക്ക് ഇംഗ്ലീഷും ക്രിയേറ്റീവ് റൈറ്റിങും പഠിപ്പിച്ചു.
കവിതയോടൊപ്പം തന്നെ പ്രസക്തമാണ് സിമിക്കിന്റെ ലേഖനങ്ങളും വിവർത്തനങ്ങളും എഡിറ്റ് ചെയ്ത പുസ്തകങ്ങളുമെല്ലാം. സിമിക്കിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ കവിതകളോടൊപ്പം ലേഖനങ്ങളും വീണ്ടും മറിച്ചുനോക്കി. അത്ഭുത വാക്യങ്ങളും നിശബ്ദ സത്യങ്ങളും (Wonderful Words, Silent Truth) എന്ന ലേഖനസമാഹാരത്തിൽ ഉൾപ്പെട്ട, ‘എന്തുകൊണ്ടു ഞാൻ ഇഷ്ടപ്പെടുന്നു, മറ്റു കവിതകളെക്കാൾ ചില കവിതകൾ’ (Why I like certain poems more than other) എന്ന ഓർമ്മക്കുറിപ്പ് വിവർത്തനം ചെയ്യാൻ തോന്നി. ഓർമ്മയിൽ നിന്നല്ലാതെ കവിതയെഴുതാനാവാത്ത മറ്റൊരു ലോകത്തിന്റെ ഭാഷയിൽ ജീവിച്ചിരിക്കുന്ന ഒരു വായനക്കാരന്റെ സ്മരണാഞ്ജലിയാണിത്. യഹൂദാ അമിച്ചായുടെ കവിതകളെ നിരീക്ഷിച്ച് സിമിക്ക് എഴുതിയ ലേഖനത്തിൽ പറയും പോലെ, ഓർമ്മിപ്പിക്കുന്നവരെ ആരാണ് ഓർമ്മിക്കുക ? വായിക്കുകയും ആ കവിതകളെ സ്നേഹിക്കുകയും ചെയ്യുന്ന നമ്മൾ തന്നെ.
എന്തുകൊണ്ടു ഞാൻ ഇഷ്ടപ്പെടുന്നു, മറ്റു കവിതകളെക്കാൾ ചില കവിതകൾ?
ഒരു കറുത്ത നീളൻ കോട്ടിട്ട് ഒരു പന്നിക്കുഞ്ഞനെയും പിടിച്ചു നിൽക്കുന്ന അപ്പന്റെ പടം എന്റെ കയ്യിലുണ്ട്. ആളൊരു വേദിയിലാണ്. കുറഞ്ഞയിറക്കമുള്ള പാർട്ടി ഡ്രസ്സിൽ കറുത്ത കണ്ണുകളുള്ള രണ്ടു സുന്ദരിപ്പെണ്ണുങ്ങൾ കൊഞ്ചിക്കൊണ്ട് അടുത്ത് നിൽപ്പുണ്ട്. ചിരിച്ചു നിൽപ്പാണാളും. പന്നീടെ വായും തുറന്നിരിപ്പാണ്, എന്നാൽ അത് ചിരിക്കുന്നതായി തോന്നുന്നില്ല.
പുതുവർഷ രാവാണത്. കൊല്ലം 1926. ഒരുതരം നൈറ്റ്ക്ലബ്ബിലാണവർ. രാപ്പാതിയിൽ വെളിച്ചങ്ങൾ അണക്കപ്പെട്ടു. പന്നിയെ അഴിച്ചുവിട്ടു. പൊടുന്നനെ പടർന്ന കോലാഹലത്തിൽ മോങ്ങുന്ന ആ മൃഗത്തെ അപ്പൻ പിടിച്ചുകെട്ടി. അതപ്പോൾ അപ്പന്റേതായി. ഉരുളലുകൾക്കു ശേഷം, വെയ്റ്ററിൽ നിന്നും ആൾക്കൊരു കയറുകിട്ടി. അപ്പൻ അതിനെ അവിടുത്തെ മേശക്കാലിൽ പിടിച്ചുകെട്ടി.
ആളും ആ പെണ്ണുങ്ങളും ആ രാത്രി പലേടത്തും കേറിയിറങ്ങി. പന്നിയും കയറിന്മേൽ അവരോടൊത്ത് പോയി. അവർ അതിനെ ഷാംപെയ്ൻ കുടിപ്പിച്ച് ഒരു പാർട്ടിതൊപ്പിയിടീപ്പിച്ചു. “പാവം പന്നി” പലയാണ്ടു പിന്നിട്ട് അപ്പൻ പറഞ്ഞു.
പുലർക്കാലത്ത് അവർ തനിച്ചായിരുന്നു, ആ പന്നിയും അപ്പനും, റെയിൽറോഡ് സ്റ്റേഷനിലെ ഒരു ലോക്കൽ ബാറിൽ കുടിച്ചുകൊണ്ടിരുന്നു. തൊട്ടടുത്ത ടേബിളിൽ ഉന്മത്തനായ ഒരു പുരോഹിതൻ ഇളംപ്രായക്കാരായ ഇണകളുടെ വിവാഹം നടത്തുകയായിരുന്നു. നവവധുക്കളെ അനുഗ്രഹിക്കാൻ അങ്ങേര് കത്തിയും ഫോർക്കും കുരുശാക്കി പിടിച്ചു. അപ്പൻ അവർക്ക് ആ പന്നിയെ വിവാഹസമ്മാനമായ് നൽകി. പാവം പന്നി.
***
അവിടെയല്ല കഥയുടെ ഒടുക്കം. 1948 ആയപ്പോഴേക്കും, അപ്പൻ അമേരിക്കയിലേക്കുള്ള വഴിക്കിറങ്ങി കഴിഞ്ഞപ്പോഴേക്കും, ഞങ്ങൾ ബെൽഗ്രാഡിൽ പട്ടിണിയിൽ തന്നെയായിരുന്നു. ഭക്ഷണത്തിനായി ഞങ്ങളുടെ വസ്തുക്കൾ കൈമാറുന്നുണ്ടായിരുന്നു. നല്ലൊരുകൂട്ടം ആൺഷൂവിനു പകരമായി ഒരു കോഴിയെ കിട്ടുമായിരുന്നു. ഞങ്ങളുടെ ക്ലോക്കുകൾ, വെള്ളിപ്പിഞ്ഞാണങ്ങൾ, പളുങ്കുപാത്രങ്ങൾ, ചൈനാ ഫാൻസികളും ഉപ്പിട്ടുണക്കിയ പന്നിയിറച്ചിക്കും, പന്നിക്കൊഴുപ്പിനും, സോസേജുകൾക്കും മറ്റുമായി കൈമാറപ്പെട്ടു. ഒരിക്കൽ ഒരു വയസ്സൻ ജിപ്സിക്ക് അപ്പന്റെ മേൽതൊപ്പി വേണ്ടിവന്നു. അതയാൾക്ക് പാകം പോലുമല്ലായിരുന്നു. കണ്ണിന്മേലേക്ക് ആ തൊപ്പി താഴ്ത്തിവെച്ച് അയാൾ ജീവനുള്ള ഒരു താറാവിനെ കൈമാറി.
ആഴ്ച്ചകൾക്കപ്പുറം അയാളുടെ സഹോദരൻ ഞങ്ങളെ കാണാനായി വന്നു. കണ്ടാലുള്ളവൻ, മുന്നിലൊരു സ്വർണ്ണപല്ല്, രണ്ടു കൈവാച്ചുകൾ, ഓരോന്നും ഓരോ കയ്യിൽ. മറ്റേ സോദരൻ, ഞങ്ങൾക്കുള്ള ആ കറുത്ത നീളൻകോട്ട് കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. അത് സത്യമായിരുന്നു. ആളുകളെ മുറിയിൽ നിന്നും മുറിയിലേക്ക് ഓരോ ‘ചരക്കും’ നോക്കി നടക്കാൻ ഞങ്ങൾ അനുവദിച്ചിരുന്നു. വലിപ്പുകൾ തുറന്ന്, തട്ടുകളിലേക്ക് എത്തിനോക്കി സ്വന്തം വീട്ടിലെന്നവർ സ്വയം തോന്നിച്ചു. അവർക്ക് അറിയാമായിരുന്നു ഞങ്ങൾ എതിർക്കുകയില്ലെന്ന്. ഞങ്ങൾ അത്രയും വിശന്നവരായിരുന്നു.
എന്തായിരുന്നാലും, 1926 ലെ ആ കറുത്ത നീളൻ കോട്ട് അമ്മ പുറത്തെടുത്തു. അന്നേരം തന്നെ ഞങ്ങൾക്ക് കാണാമായിരുന്നു അയാൾക്കത് പിടിച്ചെന്ന്. ആദ്യം ഞങ്ങളോടയാൾ വിലപറഞ്ഞത് ഒന്നിനെയെങ്കിലും പിന്നെയതിന് രണ്ടു കോഴികളെ നൽകാമെന്നായി. ചില കാരണങ്ങളാൽ എന്റെ അമ്മ കടുംപിടുത്തക്കാരിയായി. അവധിക്കാലം വരികയായിരുന്നു. ഒരു പന്നിക്കുഞ്ഞനെ അമ്മയ്ക്ക് വേണമായിരുന്നു. ജിപ്സി ചൂടായി, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു. ഒരു പന്നി കുറച്ച് കൂടുതലായിരുന്നു. എന്നാലമ്മ വിട്ടുകൊടുത്തതേയില്ല. അമ്മയൊന്ന് തീർച്ചപ്പെടുത്തിയാൽ പിന്നെ നല്ലവണ്ണം വിലപേശുമായിരുന്നു. വർഷങ്ങൾ പലതു പിന്നിട്ട് ഡോവറിൽ, ന്യൂ ഹാംപ്ഷയറിൽ, ഒരു ഫർണ്ണിച്ചർ വിൽപ്പനക്കാരനെ അമ്മ വട്ടു പിടിപ്പിക്കുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. അയാൾ ഒടുവിൽ അമ്മയിൽ നിന്ന് ഒഴിയാനായി കിടക്ക വെറുതെ നൽകാമെന്നായി.
കടുപ്പക്കാരനായിരുന്നു ജിപ്സി. അയാൾ ഇറങ്ങിപ്പോയി. പിന്നെ, അൽപ്പനാളുകൾക്കകം ഒരു നോട്ടം കൂടി നോക്കാനായി മടങ്ങിവന്നു. അന്നു കിട്ടാതിരുന്ന കോട്ടിലേക്ക് നോക്കിക്കൊണ്ട് അയാൾ നിന്നു. അയാൾ നോക്കി, ഞങ്ങളും നോക്കി. കഠിനവും തിരുത്താനാവാത്തതുമായ തീരുമാനമെടുക്കുന്ന ഒരുവനെ പോലെ ഒടുവിൽ ഒരു നീണ്ട നിശ്വാസം പുറത്തേക്കൊഴുക്കി. തൊട്ടടുത്തനാൾ ഞങ്ങൾക്കു പന്നിയെ കിട്ടി. കണ്ടാൽ ആ പടത്തിലെ പന്നിയെ പോലെ ജീവനുള്ള ഒരു കുഞ്ഞൻപന്നി.