സംവരണ അട്ടിമറിയുടെ സർവകലാശാലകൾ

”കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർത്ഥി പ്രവേശനത്തിൽ ജാതീയമായ പിന്തള്ളൽ ശ്രദ്ധയിൽപ്പെട്ട ഡിപ്പാർട്മെൻ്റിൽ ഒന്ന് കോമേഴ്സ് ആയിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർത്ഥി അതേ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് എം.കോം പാസായ ശേഷം നെറ്റ് (NET) യോഗ്യത നേടുകയും എം.ഫിൽ എൻട്രൻസിന് അപേക്ഷിക്കുകയും ചെയ്തു. നെറ്റ് ഉള്ളവർക്ക് അപേക്ഷിച്ചാൽ തന്നെ അഡ്മിഷൻ നൽകണമെന്നാണ് യു.ജി.സി ചട്ടം. അതനുസരിച്ച് ഡിപ്പാർട്മെൻറ് സെലക്ട് ലിസ്റ്റിൽ സ്ഥാനം പിടിച്ച ഈ വിദ്യാർത്ഥിക്ക് അഡ്മിഷൻ അവസാനിച്ചിട്ടും അറിയിപ്പ് കിട്ടിയില്ല. ഈ വിഷയം നമ്മുടെ (DSM) ശ്രദ്ധയിൽ വന്ന ഉടനെ വകുപ്പ് മേധാവിയെ കണ്ടു. അദ്ദേഹം ആദ്യം പറഞ്ഞത് ആ വിദ്യാർത്ഥിക്ക് ഇൻ്റർവ്യൂ കാർഡ് അയച്ചിട്ടുണ്ട്, അദ്ദേഹം വന്നില്ല എന്നാണ്. അന്ന് മൊബൈൽ വ്യാപകമല്ലാത്തതുകൊണ്ട് ഉദ്യോഗാർത്ഥിയെ ബന്ധപ്പെടുകയും പിറ്റേന്ന് വീണ്ടും വകുപ്പ് മേധാവിയെ കാണുകയും ഒരു കാർഡ് അയപ്പിക്കുകയും ചെയ്തു. ആദ്യത്തെ ഇന്റവ്യൂ കാർഡ് അയയ്ക്കാതിരുന്ന ഓഫീസ് ജീവനക്കാരെ തന്ത്രപരമായി സംരക്ഷിക്കാനാണ് അന്ന് വകുപ്പ് മേധാവി ശ്രമിച്ചത്. അതനുസരിച്ച് പ്രവേശനം കിട്ടിയ ടി വിദ്യാർത്ഥി എം.ഫിൽ പൂർത്തിയാക്കി, പി.എച്ച്.ഡി ചെയ്യും മുന്നേ കേരളത്തിന് പുറത്ത് ഒരു യൂണിവേഴ്സിറ്റിയിൽ അധ്യാപകനാവുകയും ഇപ്പോൾ അസോസിയേറ്റ് പ്രൊഫസറായി (with guideship) ജോലി ചെയ്യുകയും ചെയ്യുന്നു. സന്തോഷം, നമ്മൾ ഒരു കാലത്ത് ചെയ്യുന്ന സന്തോഷകരമായ പ്രവൃത്തികൾക്ക് ഒരു തിരിച്ച് കിട്ടലുകൾ ഉണ്ടാവുകയില്ല. അതൊന്നും പ്രതീക്ഷിച്ചല്ലല്ലോ. അതതിൽ തന്നെ സ്വാർത്ഥം:)”

2023 ജനുവരി 21 ന് ഞാൻ തന്നെ ഇട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് മുകളിലുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായിരുന്ന കാലത്ത് പല പഠന വകുപ്പുകളിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് എം.ഫിൽ, ഗവേഷണ മേഖലകളിൽ സംവരണം അട്ടിമറിച്ചുകൊണ്ട് പ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരു ഉദാഹരണം മാത്രമാണ് മുകളിലുള്ളത്. മെറിറ്റിൽ പ്രവേശന യോഗ്യരായ പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികളെ സംവരണ സീറ്റിലേക്ക് മാറ്റുക, ഗവേഷണത്തിന് യോജിച്ച ഗൈഡില്ലെന്ന് പറഞ്ഞ് അപേക്ഷകരെ പിൻതിരിപ്പിക്കുക, ഏതെല്ലാം മാർഗ്ഗമുപയോഗിക്കാമോ അതെല്ലാം ഉപയോഗിച്ച് പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികളുടെ അവസരം കവർന്നെടുക്കുക, തങ്ങൾക്കിഷ്ടപ്പെട്ടവർക്ക് അവസരമൊരുക്കുക തുടങ്ങിയ അച്ചട്ടായ ജാതീയ വിവേചനം ഇത്തരം നടപടികൾക്ക് പിന്നിലുണ്ട് എന്ന് നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തന്നെ ദലിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിച്ചതിനെതിരെയാണ് (2001-2002 കാലഘട്ടത്തിൽ) ദലിത് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (DSM) എന്ന ഒരു സംഘടന തന്നെ രൂപം കൊണ്ടത്. സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായപ്പോഴാണ് കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഗവേഷണത്തിന് മാത്രമല്ല; വിദ്യാർത്ഥികളുടെ അഡ്മിഷന് മാത്രമല്ല; അധ്യാപക നിയമനങ്ങളിലും ജാതിവിവേചനം എന്നത് സർവകലാശാലകളുടെ അലിഖിത ഭരണഘടനയാണ് എന്ന് ബോധ്യപ്പെടുന്നത്. ഈ അലിഖിത ഭരണഘടന ഓരോ നാൾ കൂടുമ്പോഴും ദൃഢമാകുന്നതിൻ്റെ തെളിവുകളാണ് 2023-ലും നമ്മെ തേടി വരുന്നത്.

ദലിത് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയുടെ അഭാവം സംവരണ അട്ടിമറിക്കൾക്ക് ആക്കം കൂട്ടിയിട്ടുണ്ട് എന്നതാണ് വ്യക്തിപരമായ അനുഭവം വിലയിരുത്തുമ്പോൾ മനസ്സിലാവുന്നത്. DSM നിലവിൽ വന്ന് ഒരു പതിറ്റാണ്ടോളം സംവരണ അട്ടിമറികളെ ക്യാമ്പസ് ജനാധിപത്യത്തിൻ്റെ ഭാഗമായി ഉയർത്തിക്കൊണ്ടുവരുന്നതിനും പ്രതിരോധിക്കുന്നതിനും കഴിഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസ രം​ഗത്തെ എറ്റവും വലിയ സംവരണ അട്ടിമറി നടക്കുന്ന എയ്ഡഡ് മേഖലയിലെ പ്രശ്നങ്ങൾ DSM ആണ് പൊതുസമൂഹത്തിൻ്റെ മുന്നിലെത്തിച്ചിരുന്നത്. നിയമപോരാട്ടത്തിലൂടെ എയ്ഡഡ് കോളേജധ്യാപക-അനധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്ന 2015 ലെ ചരിത്രപ്രസിദ്ധമായ വിധി നേടിയെടുക്കുന്നതിന് പിന്നിലും DSM നേതൃത്വം തന്നെയായിരുന്നു. സർക്കാറിൻ്റെ മാനേജ്മെൻ്റ് അനുകൂല നിലപാട് കാരണം മാനേജ്മെന്റുകൾ അപ്പീൽ പോകുകയും പ്രസ്തുത വിധി മരവിപ്പിക്കയും ചെയ്തെങ്കിലും സംവരണം നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയിൽ കേസ് നടത്തിക്കൊണ്ടിക്കുന്നത് അന്നത്തെ DSM നേതൃത്വം തന്നെയാണ്.

കേരളത്തിലെ സർവകലാശാല ക്യാമ്പസുകളിൽ ദലിത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സംഘടന രൂപപ്പെട്ടപ്പോൾ അതിനെതിരെ ആദ്യാവസാനം രംഗത്ത് വന്നത് എസ്.എഫ്.ഐ എന്ന സംഘടനയായിരുന്നു. ദലിത് വിദ്യാർത്ഥികളുടെ സംവരണമടക്കമുള്ള ഭരണഘടനാവകാശങ്ങൾക്കായി നിലപാടെടുത്ത DSM പ്രവർത്തകരെ ജാതിവാദികൾ, ക്യാമ്പസിലെ പുഴുക്കുത്ത്, വിഘടനവാദികൾ, തുടങ്ങിയ പദാവലികൾ കൊണ്ടാണ് നേരിട്ടത്. DSM ന് ഒരു രണ്ടാംതലമുറ ക്യാമ്പസുകളിൽ രൂപപ്പെടാതിരുന്നതിന് എസ്.എഫ്.ഐയുടെ ‘മർമറിംഗ്’ കാമ്പയിനുകൾക്കും തുറന്ന ഭീഷണികൾക്കും സാരമായ പങ്കുണ്ടായിരുന്നു എന്നത് വാസ്തവമാണ്. ദലിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കന്നതിനുള്ള ഒരു സംഘടനയുടെ അഭാവം തീർച്ചയായും എസ്.എഫ്.ഐക്ക് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കൊപ്പം ഭൗതിക നേട്ടങ്ങളും കരസ്ഥമാക്കാൻ കഴിഞ്ഞു എന്നുള്ളതിൻ്റെ തെളിവാണ് എസ്.എഫ്.ഐ നേതാവ് കൂടിയായിരുന്ന വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തെക്കുറിച്ച് ഉയർന്ന് വന്നിട്ടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം ദലിത് വിദ്യാർത്ഥിയുടെ സംവരണ അവകാശം കവർന്നെടുത്തുകൊണ്ടാണ് എന്ന തെളിവ് പുറത്തുവിട്ടത് അതേ സർവകലാശാലയിലെ എസ്.സി-എസ്.ടി സെല്ലാണ്. വിദ്യാർത്ഥികളുടെ അഡ്മിഷനിലും അധ്യാപകരുടെ നിയമനങ്ങളിലെ പ്രാതിനിധ്യവും പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി ഓരോ യൂണിവേഴ്സിറ്റികളിലും യു.ജി.സിയുടെ പ്രത്യേക ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ബോഡിയാണ് എസ്.സി-എസ്.ടി സെൽ.

ഇത്തരം ഒരു ഔദ്യോഗിക ബോഡി സംവരണ അട്ടിമറി നടന്നതായി രേഖപ്പെടുത്തിയിട്ടും അതിനെ പുച്ഛിച്ച് തള്ളിക്കൊണ്ടാണ് ധർമ്മരാജ് അടാട്ട് എന്ന വൈസ് ചാൻസലർ വിദ്യ എന്ന എസ്.എഫ്.ഐക്കാരിക്ക്, സംവരണ അട്ടിമറിയിലൂടെ പി.എച്ച്.ഡി അഡ്മിഷൻ തരപ്പെടുത്തിയത്. വിദ്യ എസ്.എഫ്.ഐക്കാരി ആയതുകൊണ്ടും അട്ടപ്പാടി ഗവ.കോളജിലെ ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജരേഖ ചമച്ചു എന്ന വാർത്ത പുറത്തുവന്നതുകൊണ്ടും മാത്രമാണ് കാലടി യൂണിവേഴ്സിറ്റിയിലെ ഇവരുടെ സംവരണ അട്ടിമറി വ്യാപകമായി ചർച്ച ചെയ്യാനിടവന്നത്. അതല്ലെങ്കിൽ എസ്.സി-എസ്.ടി സെല്ലിൻ്റ റിപ്പോർട്ടോ, ധർമ്മരാജൻ അടാട്ട് എന്ന വി.സിയുടെ അതിരുവിട്ട നടപടിയോ, പി.എച്ച്.ഡി പ്രവേശനത്തിലെ സംവരണ അട്ടിമറിയോ വിസ്മരിക്കപ്പെടുകയും സംവരണ അട്ടിമറി എന്നത്തെയും പോലെ ഒരു സ്വാഭാവിക പ്രക്രിയയായി തുടരുകയും ചെയ്യും എന്നതും ഒരു യാഥാർത്ഥ്യമാണ്.

കെ വിദ്യ

‘പുരോഗമന’ കേരളത്തിനും പുരോഗമന കേരളത്തിൻ്റെ അപ്പോസ്തലൻമാർക്കും പട്ടികജാതി-വർഗ്ഗ സംവരണം എന്നത് ഇന്നും പുത്തരിയിലെ കല്ലുകടിയായാണ് അനുഭവപ്പെടാറ്. സംവരണം അട്ടിമറിക്കാൻ സ്ഥാപനങ്ങളുടെ അന്തസ്സ് കളഞ്ഞ് ഏതറ്റം വരെ പോകാനും ഒരുക്കമാണ്. നീണ്ട 15 വർഷങ്ങൾക്ക് ശേഷം കലിക്കറ്റ് സർവകലാശാലയിൽ നടന്ന അധ്യാപക നിയമനം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. അധ്യാപക നിയമനങ്ങൾക്ക് സംവരണ തസ്തികകൾ മുൻകൂട്ടി തിട്ടപ്പെടുത്തണമെന്നും അത് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യണമെന്നുമാണ് യു.ജി.സിയുടെ നിയമം. ഇത് അട്ടിമറിച്ചുകൊണ്ടാണ് കാലിക്കറ്റ് സർവകലാശാല അധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചത്. സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും ഇഷ്ടക്കാരെ ഇഷ്ടപ്പെട്ട ഇടങ്ങളിൽ കുത്തിത്തിരുകാനുള്ള യജ്ഞത്തിൽ നിന്ന് സർവകലാശാല പിൻമാറിയില്ല. അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂവിന് മുൻപെങ്കിലും സംവരണ പോസ്റ്റുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കിക്കൂടേയെന്ന ചോദ്യത്തിന് അങ്ങനെ ചെയ്താൽ അത് സർവകലാശാലയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാവും എന്ന് വരെ കോടതിയിൽ ‘ബോധിപ്പിക്കാൻ’ വൈസ് ചാൻസലർ തയ്യാറായി. നിയമനവുമായി മുന്നേറിയ അധികാരികൾ; സംവരണീയർ അപേക്ഷിക്കാത്ത പഠന വകുപ്പുകളിൽ സംവരണ ടേണുകൾ നിശ്ചയിച്ച് ഒട്ടേറെ സംവരണ തസ്തികകൾ നിയമനം നടത്താതെ ഒഴിച്ചിട്ടു. ഉയർന്ന റാങ്കിൽ ഉൾപ്പെട്ട സംവരണീയരെ ഇതര വിഭാഗ സംവരണ ടേണുകളാക്കി നിയമനം നിഷേധിച്ചു. ഒടുവിൽ ഇങ്ങനെ നിയമനം നഷ്ടമായ റാങ്ക് ഹോൾഡർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും റാങ്ക് ഹോൾഡർക്കെതിരെ സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചു. സംവരണ അട്ടിമറിക്കാരായ സർവകലാശാലയെ സുപ്രീംകോടതിയും കൈവിട്ടു. സർവകലാശാലയുടെ സംവരണ നയം തെറ്റാണെന്നും ഹരജിക്കാരിക്ക് ഉടൻ നിയമനം നൽകണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ട് മാസങ്ങളായി. ഹരജിക്കാരിയായ റാങ്ക് ഹോൾഡർ ഇപ്പോഴും നിയമിക്കപ്പെട്ടിട്ടില്ല. സംവരണ നയം തിരുത്തി നിയമനം പുനഃക്രമീകരിക്കാനോ സർവകലാശാല ഇതുവരെയും തയ്യാറായിട്ടില്ല. സാമൂഹികനീതിയുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യണമെങ്കിൽ ഒരു വ്യാജരേഖാ കേസോ, കുത്ത് കേസോ ഒക്കെ വേണ്ടി വരുന്നു എന്നതാണ് ‘സാമൂഹിക നീതി’ നേരിടുന്ന വെല്ലുവിളികൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read