അതായിരുന്നില്ല ശരിക്കും മാധവ് ​ഗാഡ്​ഗിൽ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) വിട പറഞ്ഞിരിക്കുന്നു. പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 7ന് രാത്രിയിൽ മരണപ്പെട്ട ഗാഡ്ഗിൽ, പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടത്തിയ ശാസ്ത്ര ഗവേഷണങ്ങളും സംഭാഷണങ്ങളും സംവാദങ്ങളും എഴുത്തുകളുമെല്ലാം ഏറെ ചരിത്ര പ്രാധാന്യമുള്ളവയാണ്. ഉന്നത ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നും സ്വായത്തമാക്കിയ അറിവുകൾക്കൊപ്പം, പ്രാദേശിക സമൂഹങ്ങളുടെ കൂടെ പ്രവ‍ർത്തിച്ചതിലൂടെ കൈവരിച്ച അഗാധമായ വിവേകവും സ്വാംശീകരിച്ച ജ്ഞാനവ്യക്തിത്വമായിരുന്നു പ്രൊഫ. ഗാഡ്ഗിൽ. അധികാര കേന്ദ്രങ്ങളിലുള്ളവരോട് എന്നും കലഹിക്കേണ്ടിവരുക എന്നത് ഇന്ത്യയിൽ വിഭവ സംരക്ഷണത്തിന് വേണ്ടി ആത്മാ‍ർത്ഥമായി നിലകൊള്ളുന്നവരുടെ ചുമതലയാണെന്ന് ഉറപ്പിച്ച ഗാഡ്ഗിൽ ജനാധികാരത്തെക്കുറിച്ചാണ് ഏറെയും സംസാരിച്ചത്. ജനങ്ങളെ പുറത്ത് നിർത്തിയുള്ള സംരക്ഷണ പ്രവർത്തനങ്ങളെ എല്ലാക്കാലത്തും അദ്ദേഹം തുറന്നെതിർത്തു. ജനങ്ങളെ ശത്രുക്കളാക്കി കടുവാ സങ്കേതമോ, ദേശീയോദ്യാനമോ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന ഗാഡ്ഗിലിന്റെ നിലപാട് ഇന്ത്യയിലെ പ്രബല പരിസ്ഥിതിവാദ ചിന്തകളോട് ഏറെ തിരുത്തലുകളാവശ്യപ്പെട്ട ഒരു പുതിയ അറിവുവ്യവസ്ഥ കൂടിയായിരുന്നു. 

പരിസ്ഥിതി, സാമൂഹ്യ നീതി, ജനാധിപത്യം ഈ മൂന്ന് വീക്ഷണങ്ങളേയും ഒരുപോലെ ഉൾക്കൊള്ളുന്നതായിരുന്നു എന്നും ഗാഡ്ഗിലിന്റെ ശാസ്ത്രം. പ്രകൃതി വിഭവങ്ങൾ അതിരില്ലാതെ ഉപയോഗിക്കുന്ന സമ്പന്ന‍‍ർക്കല്ല അതിന്റെ നാശത്തിന്റെ വിലകൊടുക്കേണ്ടിവരുന്നതെന്ന് അദ്ദേഹം ഗവേഷണങ്ങളിലൂടെ തുറന്നുകാണിച്ചു. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ അടക്കം ആവാസവ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന ‘ഇക്കോസിസ്റ്റം ജനത’യ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. നഗരവാസികളായ ജനങ്ങളുടെ ഉയർന്ന പാരിസ്ഥിതിക കാലടയാളങ്ങളാണ് (ecological footprints) പ്രകൃതിയുടെ വിനാശനത്തിന് കാരണമെന്ന വസ്തുത അവർ സൗകര്യപൂ‍ർവ്വം മറച്ചുവച്ചുകൊണ്ടാണ് കടുവയുടെയും ആനയുടെയും സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം എഴുതി. ബയോസ്ഫിയറിലെ ആളുകളുടെ സാമ്പത്തിക വികസനത്തിന്റെ ആഘാതങ്ങൾ, ഇക്കോസിസ്റ്റം ജനതയുടെയും പാരിസ്ഥിതിക അഭയാർത്ഥികളുടെയും മേൽ അടിച്ചേൽപ്പിക്കപ്പെടുകയാണ് എന്നതായിരുന്നു ഗാഡ്ഗിലിന്റെ തിയറി. ഗാഡ്ഗിലും രാമചന്ദ്ര ഗുഹയും ചേ‍ർന്ന് എഴുതിയ ‘Ecology and Equity’ (പരിസ്ഥിതിയും നീതിയും) എന്ന പുസ്തകത്തിൽ ഇത് വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരും ചേ‍ർന്നെഴുതിയ ‘This Fissured Land’ എന്ന, ഇന്ത്യയിലെ പരിസ്ഥിതി സംഘർഷങ്ങൾ ചരിത്രപരമായി വിശദീകരിക്കുന്ന ഗ്രന്ഥത്തിലും ഈ കാഴ്ചപ്പാടിന്റെ അടിത്തറ കാണാം. 

Ecology and Equity, കവർ

അധികാര കേന്ദ്രങ്ങളോടുള്ള എതി‍ർപ്പ് വനം വകുപ്പിനോടും ഗാഡ്ഗിൽ എന്നും തുട‍ർന്നു. “ഗ്രാമങ്ങളിലെ ദരിദ്രജനത വിദ്യാഭ്യാസരഹിതരും അസംഘടിതരും ആയിരിക്കണമെന്നാണ് നഗരവരേണ്യവ‍ർഗം ആഗ്രഹിക്കുന്നത്. ബ്രിട്ടീഷുകാരുടെ അതേ കൊളോണിയൽ സമീപനമാണിത്. ഇപ്പോൾ വനം വകുപ്പാണ് അതിനുള്ള ഏജൻസിയായി പ്രവ‍ർത്തിക്കുന്നത്. 1972ലെ വന്യജീവിസംരക്ഷണ നിയമം കൂടി വന്നതോടെ അതിന്റെ പിടി രാജ്യവ്യാപകമായിരിക്കുകയാണ്” – ഗാഡ്ഗിൽ അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതി. ഫീൽഡ് തല പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം രൂപപ്പെടുത്തിയ നിലപാടായിരുന്നു ഇത്. 1972ലെ വന്യജീവിസംരക്ഷണ നിയമം മഹാരാഷ്ട്രയിലെ നാടോടി നായാട്ടുഗോത്രങ്ങളെ എങ്ങനെയാണ് ദരിദ്രരാക്കി മാറ്റിയത് എന്ന് 1979ൽ തന്നെ ഗാഡ്ഗിൽ നേരിട്ട് അന്വേഷിക്കുന്നുണ്ട്. 1871ൽ ബ്രിട്ടീഷുകാർ ക്രിമിനിൽ ട്രൈബ് ആക്ടിൽ ഉൾപ്പെടുത്തി കുറ്റവാളി ഗോത്രങ്ങളായി മുദ്രകുത്തിയ വിഭാഗങ്ങളിലുള്ള മനുഷ്യരോടാണ് സ്വതന്ത്ര ഇന്ത്യയിലെ വന നിയമം ഈ ‘കുറ്റകൃത്യം’ ആവ‍ർത്തിച്ചത് എന്നത് ഗാഡ്ഗിൽ ഏറെ ഗൗരവത്തോടെയാണ് പ്രശ്നവത്കരിക്കുന്നത്. 

സാലിം അലിയെ വരെ ഗാഡ്ഗിൽ ഈ വീക്ഷണത്തിൽ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്നുണ്ട്. “മഹാനായ പ്രകൃതിവാദിയും ആകർഷകമായ വ്യക്തിത്വത്തിന് ഉടമയും ആയിരിക്കുമ്പോൾ തന്നെയും ഞാൻ ഗുരുതുല്യനായി കാണുന്ന സാലിം അലി ഇന്ത്യയിലെ സാധാരണ ജനങ്ങളുമായി വിച്ഛേദനം ചെയ്യപ്പെട്ട് യൂറോപ്യന്മാരുടെയും ഇന്ത്യൻ വരേണ്യരുടെയും ലോകത്ത് ജീവിച്ചിരുന്ന ആളായിരുന്നുവെന്ന് പറയേണ്ടി വരും. ഒരുതരത്തിൽ അദ്ദേഹം ഒരു മഹാരാജാവായിരുന്നു.” – ഗാഡ്ഗിൽ ആത്മകഥയിൽ എഴുതുന്നു. ഇന്ത്യയിലെ ആദ്യ വന്യജീവി സങ്കേതങ്ങളിലൊന്നായ ഭരത്പൂർ സാങ്ച്വറി സാലിം അലിയുടെ നിർദ്ദേശ പ്രകാരമാണ് നിലവിൽ വന്നത്. നൂറ്റാണ്ടുകളോളം എരുമകളുടെ മേച്ചിൽ സ്ഥലമായിരുന്ന ആ പ്രദേശം തദ്ദേശീയർ ഖൂസ് പുല്ലുകൾ ശേഖരിച്ചിരുന്ന ഇടവുമായിരുന്നു. ദേശീയോദ്യാനത്തിന്റെ കർക്കശമായ നിബന്ധനകൾ വന്നതോടെ തദ്ദേശീയർ പുറത്താക്കപ്പെട്ടു. ജീവതമാർഗം അവർക്ക് നഷ്ടമായി. അവർ പ്രതികരിച്ചപ്പോഴുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊലപ്പെട്ടു. എന്നിട്ടും ‘പക്ഷികൾക്ക് വേണ്ടി’ പ്രദേശത്ത് നിരോധനം തുടർന്നു. എന്നാൽ എരുമകളില്ലാതായതോടെ കിളികളുടെ വരവും നിന്നു എന്നതാണ് സംഭവിച്ചത്. ശാസ്ത്ര ജേണലുകൾ പറയാതിരുന്ന ഈ വസ്തുത ഗാഡ്ഗിൽ പല സ്ഥലത്തും എഴുതി. സ്വന്തം ഗുരുവിനെപ്പോലും സത്യത്തിനും നീതിക്കും വേണ്ടി മടിയില്ലാതെ വിമർശിക്കാൻ കഴിയുന്ന ഗാഡ്ഗിലിന്റെ ആ മഹത്വം ഇന്ത്യൻ ശാസ്ത്ര സമൂഹത്തിൽ വിരളമായി മാത്രം കാണാൻ കഴിയുന്ന നിലപാട് കൂടിയാണ്. 

സാലിം അലിയോടൊപ്പം മാധവ് ഗാഡ്ഗിൽ. കടപ്പാട്:mathrubhumibooks

പ്രകൃതിയെ അതിൽ നിന്നും അടർത്തിമാറ്റാൻ കഴിയാത്ത ആവാസവ്യവസ്ഥാ സമൂഹങ്ങളുടെ ഭാഗമായാണ് ഗാഡ്ഗിൽ എന്നും കണ്ടത്. ആ സമൂഹത്തെ, ജനതയെ പരിഗണിക്കാത്ത പരിസ്ഥിതിവാദികളെയെല്ലാം നഗരവരേണ്യർ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. നീതിയുടെ നോട്ടം നഷ്ടമായ വരേണ്യ പരിസ്ഥിതിവാദത്തിന്റെ ആകുലതകളെ ഗാഡ്ഗിൽ നിർദ്ദയം, നിർഭയം തള്ളിക്കളഞ്ഞു. മുൻ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരും നായാട്ടുകാരുമായിരുന്നവർ രൂപപ്പെടുത്തിയ പരിസ്ഥിതിബോധത്തോടും അതിന്റെ സ്ഥാപനശൃംഖലകളോടും (ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ഇന്ത്യൻ വന്യജീവി ബോർഡ്, വേൾഡ് വൈൽഡ്ലൈഫ് ഫണ്ട്) ഗാഡ്ഗിൽ നീതിയെക്കുറിച്ച് സംസാരിച്ചു. നൂറ്റാണ്ടുകളോളം കൊളോണിയൽ അധികാരക്കൊള്ളയ്ക്ക് വിധേയമായ ഒരു കോളനി രാജ്യത്തിനുണ്ടായിരിക്കേണ്ട വ്യതിരിക്തമായ പരിസ്ഥിതി ബോധത്തെക്കുറിച്ച് ഗാഡ്ഗിലിന് സൂക്ഷമാവബോധമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരവും തുടർന്ന കൊളോണിയൽ അധികാരരൂപങ്ങളോട് അദ്ദേഹത്തിന് എന്നും കലഹിക്കേണ്ടി വന്നത് അതുകൊണ്ടാണ്, പ്രത്യേകിച്ച് വനം വകുപ്പിനോട്. വനം വകുപ്പിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങൾക്കെതിരെ ഡെക്കാൺ ഹെറാൾഡ് പത്രത്തിൽ 1975 കാലത്ത് ഗാഡ്ഗിൽ എഴുതിത്തുടങ്ങിയ കോളം അടിയന്തരാവസ്ഥയെ അവസരമാക്കിയെടുത്ത് വനം വകുപ്പ് സെൻസർ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒട്ടും ഭയമില്ലാത്ത ഗാഡ്ഗിൽ, അവരെ അനുസരിക്കാതെ കോളമെഴുത്തുമായി മുന്നോട്ടുപോവുകയായിരുന്നു. ആ ധീരത ജീവിതത്തിലുടനീളം അദ്ദേഹം തുടർന്നു.

പശ്ചിമഘട്ടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാനും സംരക്ഷണത്തിന് ആവശ്യമായ ശുപാർശകൾ നൽകാനും വേണ്ടി 2010ൽ കേന്ദ്ര സർക്കാർ പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചപ്പോൾ, അദ്ദേഹത്തിന്റെ ടീം രൂപപ്പെടുത്തിയ റിപ്പോർട്ടിലും മേൽപ്പറഞ്ഞ നിലപാടുകളുടെ തുടർച്ചകൾ കാണാം. ‘ഗാഡ്ഗിൽ റിപ്പോർട്ട്’ എന്ന് വിളിക്കപ്പെട്ട, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനം തന്നെ ‘ജനങ്ങളെ ചേർത്തുനിർത്തിക്കൊണ്ടുള്ള ഇക്കോളജിക്കൽ ഗവേണൻസ്’ എന്നതായിരുന്നു. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഒരു അതോറിറ്റി രൂപീകരിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കണം എന്നത് കൂടിയായിരുന്നു ഗാഡ്ഗിൽ കമ്മിറ്റിയോട് സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശം. ആ അതോറിറ്റി എന്നത് കേന്ദ്രീകൃതവും മുകളിൽ നിന്നും താഴേക്ക് അധികാരം വിനിയോഗിക്കപ്പെടുന്നതും (top-down) ആയിരിക്കരുതെന്ന് ഗാഡ്ഗിലിന് നല്ല ഉറപ്പുണ്ടായിരുന്നു. ഗ്രാമസഭകളിലേക്ക് ആണ് അദ്ദേഹം അതോറിറ്റിയെ ചേ‍ർത്തുവച്ചത്. ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ സ്വേച്ഛാപരമായ ഭരണനിർവഹണം ജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൽ നിന്നും അകറ്റിയതിനെക്കുറിച്ച് ആവോളം പഠിച്ചിട്ടുള്ള ഗാഡ്ഗിൽ പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കാനാണ് പരിശ്രമിച്ചത്. അതിന്റെ അന്തർലീനശക്തി തിരിച്ചറിഞ്ഞ അധികാരികൾ അപ്പോൾ തന്നെ റിപ്പോർട്ടിന് ചരമക്കുറിപ്പെഴുതാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കസ്തൂരിരംഗൻ റിപ്പോർട്ട് അധികാരികളുടെ ആ പേടിയിൽ നിന്ന് ഉരുവംകൊണ്ട ഒരു ഉത്പന്നമായിരുന്നു. 

പ്രൊഫ. മാധവ് ഗാഡ്ഗിൽ, ഭാര്യ സുലോചന, ഗാഡ്ഗിലിന്റെ അച്ഛൻ ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിൽ. കടപ്പാട്:Madhav Gadgil Collections

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ സത്യസന്ധമല്ലാത്ത വിമർശനങ്ങൾ കസ്തൂരിരംഗൻ സമിതി നടത്തിയതിൽ പ്രതിഷേധിച്ച് ഗാഡ്ഗിൽ ഒരു തുറന്ന കത്ത് ഡോ. കസ്തൂരിരംഗന് എഴുതി. ദി ഹിന്ദു ദിനപത്രം അത് പ്രസിദ്ധീകരിച്ചു. പക്ഷേ, ഡോ. കസ്തൂരിരംഗൻ നിശബ്ദത പാലിച്ചു. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ പ്രസാദിന് 80 വയസ്സായപ്പോൾ കൊച്ചിയിൽ നടന്ന ആദരണച്ചടങ്ങിൽ കസ്തൂരിരംഗൻ സമിതിയിലെ അംഗമായിരുന്ന, ‘ഡൗൺ ടു എ‍ർത്ത്’ എഡിറ്റ‍ർ സുനിത നാരായൺ വന്നപ്പോൾ ഗാഡ്ഗിൽ അവരോട് ഇക്കാര്യം നേരിട്ട് ചോദിച്ചു. അവരും വ്യക്തമായ മറുപടി ഗാഡ്ഗിലിന് നൽകിയില്ല. ഗാഡ്ഗിൽ തുറന്നിട്ട സംവാദങ്ങളോട് ശാസ്ത്ര സമൂഹം പലപ്പോഴും പാലിച്ച തന്ത്രപരമായ മൗനങ്ങളിൽ ചിലത് മാത്രമാണിത്.

അക്കാലത്ത് കേരളത്തിൽ അരങ്ങേറിയ എതി‍ർപ്പുകൾ അദ്ദേഹത്തെ അതിലേറെ വേദനിപ്പിച്ചിട്ടുണ്ട്. പരിമിതികൾ പലതുണ്ടെങ്കിലും ഹരിതരാഷ്ട്രീയത്തിന്റെ ഭരണഘടനയായി പരിഗണിക്കാവുന്ന ഒരു റിപ്പോ‍ർട്ടിനെതിരെ എന്തെല്ലാം കോലാഹലങ്ങളാണ് കേരളത്തിൽ നടന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയകക്ഷികൾ റിപ്പോ‍‍ർട്ടിനെ തള്ളിപ്പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം ചേ‍ർന്ന് ആ അസത്യങ്ങൾ ഭരണരേഖയാക്കി. റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിക്കാനും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി അക്കാര്യങ്ങൾ സംസാരിക്കാനുമായി കില എന്ന സ്ഥാപനത്തിലെത്തിയ ഗാഡ്ഗിലിനെ സ്റ്റേജിൽ കയറി അധിക്ഷേപിക്കാൻ ഇടുക്കി ജില്ലയിൽ നിന്നുള്ള പഞ്ചായത്തംഗങ്ങൾ മുതി‍ർന്നു. പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ പശ്ചിമഘട്ട മേഖലയിൽ നടപ്പിലാക്കുന്നതിൽ കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനങ്ങൾ കാണിച്ച മികവിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അദ്ദേഹം. മറുവശത്ത് തെരുവിൽ ഗാഡ്ഗിൽ റിപ്പോ‍ർട്ട് വിരുദ്ധ പ്രക്ഷോഭങ്ങൾ കലാപമായി പട‍ർന്നു. വനം വകുപ്പ് ഓഫീസുകൾ കത്തിക്കപ്പെട്ടു. കുപ്രചാരണങ്ങൾ തീ പോലെ ആളിക്കത്തി, ഇടയലേഖനത്തിന്റെ രൂപത്തിൽ അതിൽ ചിലത് പള്ളികളിൽ വായിക്കപ്പെട്ടു. വസ്തുതകൊണ്ട് ഏറെ തിരുത്തപ്പെട്ടിട്ടും ഉറച്ചുപോയ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായ ആ കപടവാദങ്ങൾ ഇവിടെ ആവ‍ർത്തിക്കുന്നില്ല.

ഏറെക്കാലം ഗാഡ്ഗിൽ തുട‍ർച്ചയായി അധിക്ഷേപിക്കപ്പെട്ടുകൊണ്ടേയിരുന്നു. വളരെ ശാന്തമായി അതിനെ നേരിട്ട അദ്ദേഹം കേരളവുമായുള്ള ഊഷ്മള ബന്ധം വീണ്ടും തുടർന്നു. ജനങ്ങളെ പരിഗണിക്കാത്ത പരിസ്ഥിതി നയങ്ങളെയും പരിസ്ഥിതിയെ പരിഗണിക്കാത്ത വികസന നയങ്ങളെയും ഒരുപോലെ എതി‍ർത്തു. 2018ലെ പ്രളയപ്പെരുമഴയിൽ വിറച്ചുപോയപ്പോൾ എതിർത്തവർ പലരും ഗാഡ്ഗിൽ റിപ്പോ‍ർട്ട് ആദ്യമായി വായിച്ചുനോക്കി. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോഴും വായന തുട‍ർന്നു. അപ്പോഴും, പശ്ചിമഘട്ടം അതീവദു‍ർബലമെന്ന് മുന്നേ പറഞ്ഞിരുന്നില്ലേ എന്ന അവകാശവാദങ്ങളൊന്നുമില്ലാതെ ഗാഡ്ഗിൽ നിശബ്ദം ശാസ്ത്രാന്വേഷണങ്ങളും സംവാദങ്ങളും തുട‍ർന്നു. കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനുള്ള അധികാരം ക‍ർഷക‍ർക്ക് നൽകണമെന്ന് അദ്ദേഹം തുറന്നടിച്ചു. പൂനെയിൽ അദ്ദേഹം താമസിക്കുന്ന ഡിഫൻസ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയോട് ചേ‍ർന്നുള്ള കാട്ടുപ്രദേശത്ത് നിന്നും ലാബിലെ ഉദ്യോഗസ്ഥർ പിടിച്ച പന്നിയുടെ ഇറച്ചി അവരോടൊപ്പം പങ്കിട്ട കാര്യം അദ്ദേഹം തുറന്നെഴുതി. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വന്യജീവി സംരക്ഷണ നിയമം യാതൊരു യുക്തിയുമില്ലാത്തതാണെന്നും അത് ഇന്ത്യയ്ക്ക് ചേർന്നതല്ലെന്നും വന്യജീവി ആക്രമണത്താൽ വലഞ്ഞ കേരളത്തിലെ കർഷകരുടെ സമരത്തിൽ പങ്കുചേ‍ർന്നുകൊണ്ട് ഗാഡ്ഗിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മുതിർന്ന, മഹത്തായ പരിസ്ഥിതി ശാസ്ത്രജ്ഞരിൽ ഒരാളായ ഗാഡ്ഗിൽ ഈ വാദഗതികൾ പലതവണ ഉയ‍ർത്തിയെങ്കിലും ശാസ്ത്ര സമൂഹം വീണ്ടും മൗനം തുടരുകയായിരുന്നു.

പ്രൊഫ. മാധവ് ഗാഡ്ഗിൽ. കടപ്പാട്:mathrubhumi

ഇതായിരുന്നു ഗാഡ്ഗിൽ, സാധാരണക്കാരായ ജനങ്ങളോട് ചേ‍ർന്നുനിന്നുകൊണ്ട് എന്നും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിച്ച ശാസ്ത്ര വ്യക്തിത്വം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ‍ർട്ടിനെതിരായ പ്രക്ഷോഭ കാലത്ത് കേരളം അദ്ദേഹത്തെ വല്ലാതെ തെറ്റിദ്ധരിച്ചു. അതായിരുന്നില്ല ശരിക്കും മാധവ് ഗാഡ്ഗിൽ.

അപാരമായ വായനയിലൂടെയും നിരന്തര സഞ്ചാരങ്ങളിലൂടെയും പുതുക്കപ്പെട്ടുകൊണ്ടിരുന്ന ഗാഡ്ഗിൽ പുതിയ തലമുറയിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്നു. ജെൻസീ തലമുറയുടെ പ്രിയ ഗായക സംഘമായ കൊറിയൻ പോപ് ബാൻഡ് ബി.ടി.എസ്സിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആത്മകഥ അവസാനിപ്പിക്കുന്നത്. യു.എൻ ജനറൽ അസംബ്ലിയിൽ നടന്ന ഒരു പരിപാടിയിൽ വച്ച് ബി.ടി.എസ് ഗായകനായ ജിൻ, ഞങ്ങളെ ‘നഷ്ടതലമുറ’ എന്ന് വിളിക്കുന്നതിന് പകരം ‘സ്വാഗതം ചെയ്യുന്ന തലമുറ’ എന്ന് വിശേഷിപ്പിക്കണമെന്ന് പറയുന്നുണ്ട്. ‘Welcome Generation’ എന്ന ആ പ്രയോഗം ഗാഡ്ഗിലിനെ ഏറെ സ്പ‍ർശിച്ചു. വെൽക്കം ജനറേഷൻ നമ്മെ പുതിയതും മെച്ചപ്പെട്ടതുമായ വഴികളിലേക്ക് നയിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രതീക്ഷയോടെ കുറിച്ചു. അതെ, ഒരുകാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട് പോയെങ്കിലും, പഴയതിലും നീതിബോധമുള്ള ഒരു പുതിയ തലമുറ ഗാഡ്ഗിലിനെ സ്വാഗതം ചെയ്യുമെന്നുറപ്പാണ്.

Also Read

7 minutes read January 8, 2026 11:37 am