ഭൂദൃശ്യം, സസ്യദൃശ്യം, പരിസ്ഥിതി

കുറെ കാലമായി  ലോകം മുഴുവൻ നേരിടുന്ന ഒരു പ്രധാന പ്രശ്നം പരിസ്ഥിതിയെ കുറിച്ചുള്ള ആകാംക്ഷകളാണ്. സാമ്പത്തികം, രാഷ്ട്രീയം, സാംസ്കാരികം, സാമൂഹികം, ഓരോ മണൽത്തരി ഉൾപ്പെടെയുള്ളവയുടെ അസ്തിത്വം, കല, സാഹിത്യം, ശാസ്ത്രം , തൊഴിൽ എന്നിവയെല്ലാം ചേർന്ന  ഒരു ബൃഹത് മേഖലയാണത്. എല്ലാ തലങ്ങളിലും സുസ്ഥിരതയാണ് ഇന്നത്തെ ആവശ്യം. പ്രകൃതിദൃശ്യം എന്ന ചിത്രകലാ വിഷയം  (Genre) തരള മനസ്സിൻ്റെ റൊമാൻറിക് ദൗർബ്ബല്യമാണ് എന്ന് ഒരു കാലത്തുണ്ടായിരുന്ന ആക്ഷേപം ഇന്നും പലരും ഉപേക്ഷിച്ചിട്ടില്ല.  കലയിൽ ചിത്രം, ശില്പം, വാസ്തു എന്നിവകളുടെ സംയോജനം സംസ്കാരത്തിൻ്റെ സ്പർശവേദ്യമായ (Tangible) അടയാളങ്ങളാണ്. പ്രകൃതിയും കലയും തമ്മിലുള്ള ബന്ധം ഏറ്റവും ശക്തമായി പ്രകടമാകുന്നത് വാസ്തുവിലാണ്. അതിൻ്റെ നിർമ്മാണ വസ്തുക്കൾ അതകൊണ്ടു തന്നെ വളരെ പ്രധാനമാണ്. അതിൻ്റെ ശൈലി മാത്രമാണ് കലാമേഖലയിൽ ഇതുവരെ ചിന്താവിഷയം ആയിരുന്നത്. കരിങ്കല്ലും സിമൻ്റും പ്രകൃതിയിൽ ഏറ്റവും വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത് ശാസ്ത്രജ്ഞരും പരിസ്ഥിതി വാദികളും വാസ്തു ഗവേഷകരും മറ്റു മേഖലകളിൽ ഉള്ളവരും ഗൗരവമായി ചർച്ച ചെയ്യുകയാണ്. പാറ പൊട്ടിച്ചെടുക്കുമ്പോൾ അവ എന്നെന്നേക്കുമായി ഇല്ലാതാവുകയാണ്. അവ ഒരിക്കലും പുന:സൃഷ്ടിക്കപ്പെടുന്നില്ല. ലോകം മുഴുവനും പാറയും കുന്നും മലകളും പർവ്വതങ്ങളും ഇല്ലാതാകുന്നു. പെട്രോളിയം ഉല്പന്നങ്ങൾ പോലെ ഇവയുടെയും ഉറവ വറ്റുകയാണ് . പ്രകൃതിയെ  ഇല്ലാതാക്കുന്നതോടെ സർവ്വ സസ്യ-ജീവി സമൂഹങ്ങളും വംശനാശം അനുഭവിക്കും. ഈ സാഹചര്യത്തിലാണ് മരം എന്ന വസ്തുവിനെ കുറിച്ച് പുനർചിന്തനം വരുന്നത്. മരം ഉപയോഗിച്ച് വാസ്തു നിർമ്മിച്ചാൽ മുറിച്ചുമാറ്റുന്നതിന് ആനുപാതമായി വെച്ചുപിടിപ്പിക്കേണ്ടി വരും. സ്വാഭാവിക വനത്തിലെ മരങ്ങളെ ആ വിധം നിലനിൽക്കാൻ അനുവദിച്ച് മറ്റുള്ളിടത്ത് ആവശ്യമുള്ളവ വളർത്തിയെടുക്കുന്ന സാങ്കേതികവിദ്യ വളരുകയാണ്. ഇന്ന് പല രാജ്യങ്ങളും ഇത് ഒരു പദ്ധതിയായി തത്ത്വത്തിലെങ്കിലും അംഗീകരിച്ചു കഴിഞ്ഞു. ഇരുമ്പു കമ്പിക്ക് പകരം പ്രത്യേകം പാകപ്പെടുത്തിയ മുള (Bamboo) ഉപയോഗിക്കാവുന്ന വിദ്യ പലരും തെളിയിച്ചു കഴിഞ്ഞെങ്കിലും പൊതുജന സ്വീകാര്യത ഇതു വരെ ലഭിച്ചിട്ടില്ല.( അധികാരികൾ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല) . ഭാരതവും വനീകരണം, വനസംരക്ഷണം എന്നിവ താത്വികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രായോഗികമാക്കിയിട്ടില്ല . പലപ്പോഴും പ്രഹസനം ആക്കുന്നുമുണ്ട്. തേക്ക് വനം, മുളങ്കാട് എന്നിവക്ക് പല തലങ്ങളിൽ അസ്തിത്വമുണ്ട് . വൃക്ഷദൃശ്യം (Treescape), സസ്യദൃശ്യം (Plantscape) , പുൽദൃശ്യം (Grassland) എന്നീ അവസ്ഥകൾ വനശാസ്ത്രം (Forestry) പോലെ കലയുമാണ്. ശാസ്ത്രം, കല , പരിസ്ഥിതി എന്നിവയെല്ലാം ചേർന്ന പുതിയ ഘടന (Composition) ആണ് കലാകാരന്മാരുടെ ഭൂദൃശ്യനിർമ്മാണം (Landscaping). ഒപ്പം തന്നെ, യാതൊരു മടിയും  ഇല്ലാതെ ആമസോൺ വനങ്ങൾ കത്തിച്ച് ‘പുരോഗമന ‘ പദ്ധതികൾ നടത്തുന്ന രാജ്യങ്ങളുമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടി വരുന്നു. വൃക്ഷം, സസ്യം, പ്രകൃതി, സൗരോർജ്ജം എന്നിവക്ക് പ്രാധാന്യം കൊടുക്കുന്ന ചിന്തയിൽ കല ഒരു പ്രധാന ഘടകമാണ്. സൗരോർജ ഉല്പാദനത്തിന് ഉപയോഗിക്കുന്ന സെല്ലുകൾ ഉപയോഗം കഴിഞ്ഞ് എങ്ങനെ പരിസ്ഥിതിക്ക് കോട്ടം വരുത്താതെ ഉപേക്ഷിക്കും എന്നത് ഇന്നേ ചിന്തിക്കേണ്ട വിഷയമാണ്.

തോമസ് ഡാനിയേലിന്റെ ഭൂഭാ​ഗ ചിത്രം, 1802 (വിക്ടോറിയ മെമ്മോറിയൽ ഹാൾ, കൊൽക്കത്ത)

വൃക്ഷം എന്ന രൂപം

ചിത്രകലയിൽ വൃക്ഷം പലപ്പോഴും പശ്ചാത്തലമായി വന്നത് സന്ദർഭം സൃഷ്ടിക്കുന്നതിന് മാത്രമായിരുന്നു. പിന്നീട് ഭൂഭാഗദൃശ്യം (Landscape)എന്നത്  ഒരു വിഷയം ആയി. പാശ്ചാത്യ ലോകത്ത് അത് ഒരു സവിശേഷ വിഷയ (genre) മായി. സസ്യ പ0നം (Botanical Studies) എന്ന ശാഖയിൽ ഓരോ സസ്യത്തേയും വേർതിരിച്ച് അറിയത്തക്കവിധത്തിൽ യഥാതഥ ശാസ്ത്രീയത (Realistic and Scientific Rendering) ആവശ്യമായി. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്. അവ ശാസ്ത്രീയതയുള്ള , യഥാതഥമായ,  തിരിച്ചറിയാൻ കഴിയുന്ന നിലയിലുള്ള സസ്യ ചിത്രങ്ങൾ (Botanical painting) ആണ്.  ശാസ്ത്രീയ സസ്യ ചിത്രം എന്നതിൻ്റെ  ലാവണ്യ ദൃശ്യപാഠം (Aesthetic Visual Text) ആണ് ഭാവനാത്മക പ്രകൃതിദൃശ്യ കല   (Landscape Painting). അതിൻ്റെ അക്കാദമിക പഠനത്തിലെ പരിശീലന ക്രമവും പ്രായോഗിക രീതിയുമാണ് കലാപഠന സിലബസിൽ കാണുന്ന പ്രകൃതി പഠനം (Nature Study). പ്രകൃതിയെയാണ് പഠിക്കേണ്ടത്. പ്രകൃതി എന്നാൽ സസ്യത്തിൻ്റെ ബാഹ്യരൂപം മാത്രമല്ല , അത് ബാഹ്യാസ്തിത്വം മാത്രമാണ്. അതിൻ്റെ എല്ലാവിധ താത്വികവും ലാവണ്യവും ചേർന്ന സത്തയാണ് കലയിൽ നിക്ഷിപ്തമായിരിക്കുന്നത്. തിരിച്ചറിയേണ്ട (Identifiable) സസ്യ രൂപം എന്ന വസ്തുനിഷ്ഠതയാണ് ശാസ്ത്ര സസ്യ ചിത്രണ (Scientific Botanical Painting ) ത്തിൽ വേണ്ടത്. എന്നാൽ മനുഷ്യന് ഭാവനയിലും ചിന്താ വീക്ഷണത്തിലും സൃഷ്ടിച്ചെടുക്കാവുന്ന സസ്യജാല ലോകമാണ് പ്രകൃതി ദൃശ്യ ചിത്രം. അത് കേവലം കാല്പനികത മാത്രമല്ല , നിരവധി വീക്ഷണങ്ങളുടെ  പ്രഖ്യാപനം കൂടി ചേർന്നതാണ്. ബിനോദ് ബിഹാരി മുഖർജിയുടെ വൃക്ഷ സ്നേഹി (The Tree Lover) എന്ന ചിത്രത്തിൽ  ‘വൃക്ഷത്വം’ ആണ്, യഥാതഥ വൃക്ഷമല്ല കാണുന്നത് . കേരളത്തിൻ്റെ വാസ്തു – ശില്പ കലകൾ ഒരു കാലത്ത് ദാരു കേന്ദ്രീകൃതങ്ങളായിരുന്നു. 

ബിനോദ് ബിഹാരി മുഖർജിയുടെ The Tree Lover

 പ്രകൃതി എന്ന പൊതു സംജ്ഞയിൽ നിന്ന് പരിസ്ഥിതി (Environment) എന്നതിലേക്ക് കടക്കുമ്പോൾ മറ്റൊരു വീക്ഷണം കൂടി സംജാതമാകുന്നു. 20-ാം നൂറ്റാണ്ടിൽ പാരിസ്ഥിതിക കല ഒരു താത്വിക മാനം സൃഷ്ടിച്ചു. ലോകസമൂഹത്തിൻ്റെ സാമ്പത്തിക രാഷ്ട്രീയം ചൂഷണ ഫോർമുല സൃഷ്ടിക്കുമ്പോൾ കലാ-സാംസ്കാരിക-ശാസ്ത്രീയ പ്രവൃത്തികൾ  സൂക്ഷ്മ ഭൗമ അസ്തിതിത്വത്തിൻ്റെ ആവശ്യകതയാണ് ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ പശ്ചിമഘട്ട മലനിരകളിലെ വനവും പാറയും നശിപ്പിക്കുന്ന പ്രവണത ശക്തമായപ്പോൾ ശാസ്ത്രജ്ഞരും കവികളും കലാകാരന്മാരും തങ്ങളുടെ മാദ്ധ്യമങ്ങളിൽ അവരവരുടെ  വീക്ഷണങ്ങൾ പ്രകാശിപ്പിക്കുന്നു. കേരളത്തിലെ മിക്കവാറും എല്ലാ കലാപ്രവർത്തകരും പരിസ്ഥിതി തങ്ങളുടെ വിഷയമായി സ്വീകരിച്ചതാണ് ഇന്നത്തെ കലാ രചനകളിൽ കാണുന്ന വിവിധ പ്രസ്താവനകൾ പോലുള്ള  പ്രകൃതി/ഭൂഭാഗ/സസ്യ ദൃശ്യങ്ങൾ. ഇവ പരിസ്ഥിതി നശീകരണത്തിനെതിരെ തീർക്കുന്ന പ്രതിരോധ രാഷ്ട്രീയ കലയായി മാറിക്കഴിഞ്ഞു. അതിനെ ബോധപൂർവ്വം ദുർബ്ബലപ്പെടുത്തി ഇല്ലാതാക്കുക എന്നത് ലാഭകേന്ദ്രീകൃത സമൂഹത്തിൻ്റെ ആവശ്യമാണ്.

സു​ഗതകുമാരി

ഗ്രാമം – നഗരം എന്ന വൈരുദ്ധ്യം ഏറ്റവും കുറഞ്ഞ പ്രദേശമായ കേരളത്തിൽ നഗര കേന്ദ്രീകൃത ദൃശ്യങ്ങൾ മാത്രം സൃഷ്ടിക്കുക എന്നത് ‘പുരോഗതി’ യുടെ  രാഷ്ട്രീയമാക്കി അവതരിപ്പിക്കുന്നതിന് എതിരെയാണ് കലാ സമൂഹം പ്രവർത്തിക്കുന്നത്. നാഗരീകരണം (urbanisation) മാത്രമാണ് ലക്ഷ്യം എന്ന് വരുത്തേണ്ടത് ലാഭകേന്ദ്രീകൃത സമൂഹത്തിനുണ്ട്. അതിന് എതിരെ ഏറ്റവും ശക്തമായി ഇന്ത്യയിൽ  ആദ്യ വൈജ്ഞാനിക-സാംസ്കാരിക പ്രതിഷേധം കേരളത്തിൽ സൈലൻ്റ് വാലി സംരക്ഷണത്തിന് വേണ്ടി ശാസ്തജ്ഞരും ആക്ടിവിസ്റ്റുകളും നടത്തി. കലാകാര സമൂഹം തങ്ങളുടെ സസ്യജാല രചനകളിലൂടെ അടുത്ത കാലത്ത് ഒരുക്കുന്ന ചിത്രഘടനകൾ (Pictorial Composition) ഭാവന മാത്രമല്ല. അത് ആദർശവും സ്വാഭാവികവും ആയ  സസ്യജാല ഘടനകളുടെ (Botanical Landscaping) നിരവധി മാതൃകകൾ കൂടിയാണ്. കലയുടെ പ്രായോഗികതലം (Art Application) പലവിധത്തിൽ കലാകാർ ഉപയോഗിക്കുന്നു. ഈ വിധത്തിൽ ശാസ്ത്രകാര – കലാകാര – സാഹിത്യകാര സമൂഹം പരിസ്ഥിതി നശീകരണത്തിനെതിരെ നിൽക്കുമ്പോൾ അധികാരികൾ വളരെ തന്ത്രപരമായി അവയെ തകർക്കും. അതാണ് 2021 ഫെബ്രുവരിയിൽ കവി സുഗതകുമാരിയുടെ തറവാട്ടു വളപ്പിലെ സർപ്പക്കാവ് നശീകരണത്തിലെ ഗൂഢ മുന്നറിയിപ്പ്. (അവർ മരിച്ച് അധിക ദിവസങ്ങൾ കഴിയുന്നതിന് മുൻപ് അത് നശിപ്പിച്ചു . ഇത്ര പ്രശസ്ത കവിയും ഭാരതം മുഴുവൻ ശ്രദ്ധ നേടിയ പരിസ്ഥിതി പ്രവർത്തകയും ആയ സുഗതകുമാരിയുടെ സർപ്പക്കാവ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത് അജ്ഞതകൊണ്ടല്ല എന്ന് വ്യക്തമാണല്ലൊ.) പണ്ട് സുഗതകുമാരി എഴുതിയ ഒരു കവിതയിലെ വരി ഇങ്ങനെയായിരുന്നു:  “സിമൻറിട്ടതാണിങ്ങ് മുറ്റവും”. ഇത്ര പരസ്യമായി കവിയുടെ സർപ്പക്കാവിൻ്റെ മുറ്റംതന്നെ സിമൻറ് തറയാക്കി കവിയെ അപമാനിക്കയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെയാണ് കേരള ജനത കലയിലൂടെ പ്രതികരിക്കുന്നത്. തൃപ്പൂണിത്തുറ മരടിലെ ബഹുനില കെട്ടിടം തകർത്തത് പരിസ്ഥിതി നിയമ ലംഘനത്തിൻ്റെ പേരിലായിരുന്നു. അതേപോലെ  കോൺക്രീറ്റ് വനമാക്കി മാറ്റിയ ഈ സർപ്പക്കാവ് തകർത്ത് കൃത്യമായും പൂർവ്വസ്ഥിതിയിലാക്കണം. ഈ പ്രവൃത്തി ചെയ്ത ഉദ്യോഗസ്ഥൻ്റെ പേരിൽ നിയമ നടപടി എടുത്ത് അയാളുടെ ശമ്പളത്തിൽ നിന്ന് അതിൻ്റെ ചെലവ് മുഴുവൻ ഈടാക്കുകയാണ് വേണ്ടത് എന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടല്ലൊ. ശാസ്ത്ര – സാഹിത്യ- കലാകാര സമൂഹം ആക്ടിവിസ്റ്റ്കളുടേതാണ്. ധാർമ്മിക അക്രോശത്തിൻ്റെ ലാവണ്യവും ശക്തിയും കലാകാരന്മാരുടെ എല്ലാവിധ കലാ പ്രവൃത്തികളിലുമുണ്ട്. സർപ്പക്കാവ് നശിപ്പിച്ച പ്രവൃത്തി പരിസ്ഥിതിയെ കുറിച്ചു ചിന്തിക്കുന്നവരെ നേരിട്ട് വെല്ലുവിളിക്കുന്നു. ആനന്ദമല്ല ഇന്നത്തെ കലാലാവണ്യ ലക്ഷ്യം.  ‘ദോഷം’ എന്തെന്ന് കാണിക്കുന്നതാണ് സമകാലിക കലാഭാഷ. 21-ാം നൂറ്റാണ്ടിൽ കലാലാവണ്യം ചിന്തയുടേയും സ്വതന്ത്രാഭിപ്രായത്തിൻ്റേയും നന്മയുടേയും സമഗ്രാസ്തിത്വത്തിൻ്റേയും സ്വഭാവം കൈവരിക്കുന്നു. സുഗതകുമാരിയെ അവരുടെ സ്ഥലത്തു തന്നെ ഇല്ലാതാക്കുന്ന ഈ പാരിസ്ഥിതിക ധ്വംസനം ഒറ്റപ്പെട്ട സംഭവമാണോ? വടക്കൻ പറവൂരിലെ ശാന്തി വനം നശിപ്പിച്ച ശക്തികളുടെ അതേ അധികാരിവർഗ്ഗ രാഷ്ടീയമാണ് ഇതും.

സുമേഷ് കമ്പല്ലൂരിന്റെ പെയ്ന്റിം​ഗ്

2021 ഫെബ്രുവരി 7-ാം തിയ്യതി ഉത്തരാഖണ്ഡിലെ ചമോലി ഗ്രാമത്തിലുണ്ടായ ഹിമാലയൻ ഉരുൾപൊട്ടൽ ഒരു സൂചനയാണ്. ഹിമാലയൻ ഗിരിനിരകളെ ദുർബ്ബലമാക്കുന്ന പ്രവൃത്തികൾക്ക് എതിരെ ശാസ്ത്രലോകം വളരെ കാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. പലപ്പോഴും ഇതു സംബന്ധിച്ച ലേഖനങ്ങളോടൊപ്പം കൊടുക്കുന്നത് നിക്കോളാസ് റോറിച്ച് (Nicholas Roerich) രചിച്ച ചിത്രങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിൻ്റെ ഹിമാലയ ചിത്രങ്ങൾ ഇന്ന്  കേവലം ഗിരിനിര ദൃശ്യങ്ങൾ (Mountainscapes) മാത്രമായി ആരും കാണുന്നില്ല. സമകാലിക ലോകത്ത് ഹിമാലയൻ ചിന്തകളുടെ നിരവധി ചിഹ്നങ്ങൾ ഈ രചനകൾ ക്രോഡീകരിക്കുന്നു. ഏത് രൂപത്തേയും കേന്ദ്രീകരിച്ച് ഏത് തലത്തിലും തരത്തിലും ചിന്തിച്ചു പോകാം എന്നതാണ് കലയിലെ ബഹു വായന (കാഴ്ച) സാദ്ധ്യത. റോറിച്ച് അന്ന് അവതരിപ്പിച്ചതിൽ നിന്ന് എത്ര മാറിയ ഒരു അന്തരീക്ഷമാണ് അതേ ചിത്രങ്ങൾ ഇന്ന് സംവേദനം ചെയ്യുന്നത് എന്നതാണ് കലയുടെ സവിശേഷ സാദ്ധ്യത .

മാനവികത 

മാനവികത എന്നാൽ  മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചുള്ള ചിന്ത  എന്നാണ്  ഇന്നും നമ്മുടെ വീക്ഷണം. മനുഷ്യൻ്റെ ആവശ്യത്തിന് പ്രകൃതിയെ ‘ചൂഷണം’ ചെയ്യുക എന്നതാണ് ഇന്നത്തെ ‘ജനാ’ധിപത്യം. മനുഷ്യ കേന്ദീകൃതമല്ലാതെ, ഭൂ-പ്രകൃതികേന്ദ്രീകൃത സമഗ്രതയെ കുറിച്ച് അധികാരികൾ ചിന്തിക്കില്ല. അത്തരം ചിന്തയെ അമർച്ച ചെയ്ക അവരുടെ പ്രധാന പദ്ധതിയാണ്. ഓരോന്നിനും അതിൻ്റേതായ അസ്തിത്വവും പ്രസക്തിയും സ്ഥലവും സ്വാതന്ത്രൃവും ഉണ്ട് എന്ന അടിസ്ഥാന തത്ത്വം കലയിൽ പ്രധാനമാണ്. രാഷ്ട്രീയ സമഗ്രാധിപത്യം (Political Totalitarianism) അല്ല, നവീന മാനവിക സമഗ്രാധിപത്യവും (New Humanist Totalitarianis) അല്ല; ആധിപത്യമേയല്ല; അമീബക്കും പുല്ലിനും നദിക്കും കുന്നിനും മനുഷ്യനും തുല്യ പ്രസക്തിയുള്ള സമഗ്ര വീക്ഷണം (Total/Integral Vision) ആണ് ഏത് കലാ – ശാസ്ത്രശാഖയിൽ പ്രവർത്തിക്കുന്നവരും പൊതുവെ സ്വീകരിക്കുന്നത്. പ്രകൃതിദൃശ്യ ചിത്രത്തിൽ മരത്തിനും പുല്ലിനും അതിലിരിക്കുന്ന ഉറുമ്പിനും, ചക്കയ്ക്കും മാങ്ങക്കും അത് തിന്നുന്ന അണ്ണാനും അത് കൊത്തുന്ന കാക്കക്കും ഇന്ന് കേരളീയ കലാകാരന്മാർ  നൽകുന്ന പ്രാധാന്യം യാദൃഛികമല്ല. പ്രായോഗികം ആക്കേണ്ട ദർശനങ്ങളാണവ. ഇത്തരം ദർശനങ്ങളെല്ലാം  കല്പനയിൽ സാക്ഷാത്ക്കരിച്ച സൃഷ്ടിപരത നിറഞ്ഞ ദൃശ്യങ്ങളാണ്. മാനവികത ഭാഗികം മാത്രമാണ്. പാരിസ്ഥിതിക ദർശനങ്ങളും വളരെയധികം ഭാഗികമാണ്. ഒരുതരത്തിലും മനുഷ്യൻ സ്വയം  കേന്ദ്രമാകേണ്ടാത്ത (Non anthropocentric) പ്രകൃതി-ഭൂ‌-വിശ്വ- പ്രപഞ്ച-ശാസ്ത്ര- സാങ്കേതിക വിദ്യ- കല – ലാവണ്യ ദർശനമാണ് മാനവികതാനന്തര  (Post humanist/ humanism) ചിന്തയിൽ ഉള്ളത്  . അത് ഇന്നത്തെ മനുഷ്യൻ്റെ (സിരാപടലത്തിൻ്റെ )പരിണിത പ്രവൃത്തികളിൽ പുതിയ മണ്ഡലങ്ങൾ  (Cybernetics) തുറക്കുമ്പോൾ കല ഏറ്റവും സജീവ മാദ്ധ്യമങ്ങളിൽ ഒന്നാകുന്നു.

ബാഹുലേയൻ സി.ബിയുടെ പെയ്ന്റിം​ഗ്

ഹരിത ജൈവികത അക്ഷരാർത്ഥത്തിൽ കാണാൻ കഴിയുന്നത് ആദ്യം പ്രകൃതിയിൽ നേരിട്ടും പിന്നെ ചിത്രത്തിലും (ഫോട്ടോഗ്രാഫി ഉൾപ്പെടെ) ആണ്. അതു കൊണ്ടുതന്നെ ഹരിത ലാവണ്യത്തിൻ്റെ മുൻപന്തിയിലാണ് ചിത്രകാരന്മാർ. പച്ചയുടെ ‘ഉണക്കാവസ്ഥ’യും (Dryness) ഇന്ന് നിരവധി ചിത്രകാരന്മാർ സൂചകങ്ങളാക്കുന്നു. പച്ചയുടെ സമൃദ്ധി ഉപയോഗിക്കുന്നവയിൽ ‘മോഹ – ആദർശ’ ലോകം സൃഷ്ടിക്കുമ്പോൾ ‘ഉണക്ക പ്രകൃതി’ എതിർഭാവം ക്രോഡീകരിക്കുന്നു. കാഴ്ച്ചയുടെ ഈ രണ്ട് അവസ്ഥകൾ (ഹരിതം , വരൾച്ച ) ഇന്നത്തെ കേരള കലാകാരന്മാരിൽ കാണുന്ന രണ്ട് പ്രധാന അടയാളങ്ങളാണ്. സസ്യശാസ്ത്രം, ജന്തുശാസ്ത്രം (Botany, Zoology) എന്നിവയുടെ കലാലാവണ്യ പതിപ്പുകൾ  അവയിലൂടെ സൃഷ്ടിക്കുന്ന താത്വികമായ  സമഗ്രതയെ ക്രോഡീകരിക്കുന്നു. അപ്പോൾ അതിൽ എല്ലാവിധ സാമൂഹ്യ – രാഷ്ട്രീയ -സാമ്പത്തിക – പാരിസ്ഥിതിക ചിന്തകളും അടങ്ങുന്നു . കേരളത്തിൻ്റെ ദേശപ്രകൃതി (Indigenous Nature/Environment) ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഒരു സാർവ്വലൗകിക പ്രസക്തിയാണ് ഇത്തരം കലാകാരന്മാർ ഇന്ന് അവതരിപ്പിക്കുന്നത്.  ഇത് പൊതു ബോധത്തിലെ പ്രകൃതി (General Concept of Nature) അല്ല , കേരളീയമായ തദ്ദേശീയ സസ്യപ്രകൃതി ലാവണ്യം (Ethno Botanical Aesthetics ) സൃഷ്ടിക്കുന്ന സ്വത്വബോധം ആണ്. പല മലയാളി കലാകാരന്മാരുടെയും  ഇവ്വിധ ചിത്രങ്ങൾ സൗമ്യ ഹരിതമാണ് ആദ്യ ദർശനത്തിൽ എന്നു വരികിലും അതിലെ ഐറണി സമകാലിക പരിസ്ഥിതി-ഹരിത-ഭൗമ-പ്രപഞ്ച സമഗ്രതയാണ്. അത്  ലോകം ഇന്ന്  നേരിടുന്ന ദുരന്തത്തെ കുറിച്ചുള്ള ഭയവും ആണ്.

(കടപ്പാട്: കലാ ചിന്തകൾ – 27, ചിത്രവാർത്ത- 2021 മെയ്‌-ജൂൺ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read