അച്ചടിയിൽ നിന്നും ഡിജിറ്റൽ ലിപികളിലേക്ക് വ്യാപിച്ചിരിക്കുന്നു മലയാളം. ബ്ലോഗുകളും സമൂഹ മാധ്യമങ്ങളും വെബ് പോർട്ടലുകളും ഉൾപ്പെടെ പല പ്രതലങ്ങളിൽ ഇന്ന് മലയാളം വായിക്കപ്പെടുന്നു. ഡിജിറ്റൽ മലയാളത്തിന്റെ എഴുത്തും പ്രസാധനവും വായനയും അച്ചടിയിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും വായനയെ അത് എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും അന്വേഷിക്കുകയാണ് ഈ വായനവാരത്തിൽ കേരളീയം.
ഡിജിറ്റൽ ചുമരുകളിലെ വായനക്കാലം – 5
ബ്ലോഗുകളിലൂടെയാണ് മലയാള സാഹിത്യം ഡിജിറ്റൽ സ്പേസിൽ സജീവമാകുന്നത്. എന്നാൽ ബ്ലോഗുകൾ സജീവമാകുന്നതിനും മുൻപ് തന്നെ പുഴ, ചിന്ത, ഹരിതകം തുടങ്ങിയ വെബ് മാഗസിനുകൾ മലയാള സാഹിത്യത്തെ ഡിജിറ്റൽ സ്പേസിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ എഴുത്താളുകൾ അവരവരുടെ സൃഷ്ടികൾ ഓൺലൈനിൽ സ്വഛന്ദമായി പ്രകാശിപ്പിക്കാൻ തുടങ്ങിയത് ബ്ലോഗുകളിലൂടെയാണ്. അത് പുതിയൊരു രീതിയും സംസ്കാരവുമായി പരിണമിക്കുകയുണ്ടായി. പിന്നീട് സമൂഹ മാധ്യമങ്ങൾ വന്നപ്പോൾ ബ്ലോഗുകളിലെ ഇടപെടലുകൾ കുറഞ്ഞു. സാമൂഹ മാധ്യമങ്ങളിലേക്ക് ബ്ലോഗുകളിലെ കണ്ടന്റ് ഒരു പരിധി വരെ പറിച്ചു നടപ്പെട്ടിട്ടുണ്ട്, എന്നാൽ ബ്ലോഗുകളിലെ സംവേദന രീതിയുമായി തുലനം ചെയ്യാവുന്ന വിധത്തിലല്ല സമൂഹ മാധ്യമങ്ങളിൽ വായന.
ബ്ലോഗുകൾ വളരെ സജീവമായിരുന്ന കാലത്ത്, ബ്ലോഗ് അഗ്രിഗേറ്ററുകൾ ഉണ്ടായിരുന്നു. മലയാളത്തിലെ ബ്ലോഗുകളിൽ പുതിയ ഒരു പോസ്റ്റ് വരുന്നതോടു കൂടി ആ വിവരം ലഭ്യമാകുന്ന ഒരു വെബ്സൈറ്റായിരുന്നു അഗ്രിഗേറ്റർ. തനിമലയാളത്തിന്റെയും ചിന്തയുടെയും അഗ്രിഗേറ്ററുകൾ ഉണ്ടായിരുന്നു. ചിന്തയുടെ തന്നെ തർജ്ജനി എന്ന ഒരു വെബ് മാഗസിനും സമാന്തരമായി പ്രവർത്തിച്ചിരുന്നു. ഇതുകൂടാതെ പിന്മൊഴി എന്ന ഒരു കമന്റ് അഗ്രിഗേറ്റർ ഉണ്ടായിരുന്നു. പിന്മൊഴിയിൽ കണക്റ്റഡായ ബ്ലോഗിൽ ഒരു കമന്റ് വരുമ്പോൾ അത് പിന്മൊഴിൽ കാണാനാവും. എവിടെയാണ് ചൂടേറിയ ചർച്ചകളും, സംവാദങ്ങളും എന്ന് അറിയുന്നതിനായി ഓരോ ബ്ലോഗുകളും നോക്കേണ്ടിയിരുന്നില്ല. തനിമലയാളത്തിന്റെയും, ചിന്തയുടെയും, പിന്മൊഴിയുടെയും അഗ്രിഗേറ്ററുകളിലൂടെ അതറിയാൻ കഴിയും. ആ ബ്ലോഗിലേക്കും പോസ്റ്റിലേക്കും എത്താനാവും. അതിനാൽ തന്നെ ബ്ലോഗിന് ഒരു കമ്യൂണിറ്റി സ്വഭാവമുണ്ടായിരുന്നു. ആരെങ്കിലും സ്വന്തം ബ്ലോഗിൽ എഴുതുമ്പോഴും അത് പൊതുസ്ഥലത്ത് എഴുതുന്നതിന് സമാനമായ ദൃശ്യത ഉണ്ടായിരുന്നു. ബ്ലോഗ് എഴുത്തുകാർ പരസ്പരം അറിയുന്നവരായിരുന്നു. പുതിയ ബ്ലോഗ് എഴുത്തുകാർ വരുമ്പോൾ അവരും ഈ അഗ്രിഗേറ്ററുകളിൽ ചേർക്കപ്പെടും, അതിലൂടെ അവരും ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമായിരുന്നു. ഓരോരോ ബ്ലോഗിൽ കയറി പുതിയ പോസ്റ്റ് ഉണ്ടോ എന്ന് നോക്കിയിട്ടായിരുന്നില്ല ഞാനൊന്നും ബ്ലോഗ് വായിച്ചിരുന്നത്. മറ്റു ഭാഷകളിൽ ഇത്തരം അഗ്രിഗേറ്ററുകൾ ഉണ്ടായിരുന്നോ എന്നറിയില്ല. മലയാളം പോലെ ഒരു ചെറിയ ഭാഷയിലുണ്ടാവുന്ന കമ്യൂണിറ്റിയും, പരസ്പര വിനിമയവും വലിയ ഭാഷകളിൽ പൊതുവെ സാധ്യമല്ലല്ലോ. അതുകൊണ്ടുതന്നെ മലയാളത്തിന്റെ ബ്ലോഗിടങ്ങൾ മറ്റു ഭാഷകളിൽ നിന്നും വ്യത്യസ്തമായിരുന്നു എന്ന് കരുതുന്നു.
ബ്ലോഗുകളിൽ നിന്നും സമൂഹ മാധ്യമങ്ങളിലേക്ക് വരുമ്പോഴും ഈ ഒരു കമ്യൂണിറ്റി സ്വഭാവം കാണാം. സമൂഹ മാധ്യമങ്ങളിലും എല്ലാവരുടെയും പോസ്റ്റുകൾ ഒരേയിടത്തു കാണുകയാണ്. എന്നാൽ ഉപയോക്താക്കളുടെ എണ്ണം താരതമ്യത്തിനതീതമാണ്. എങ്കിലും നിരന്തരം സംവദിക്കുന്നവർ പരസ്പരം അറിയുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. ബ്ലോഗിന് ഒരു ആർക്കൈവ് സ്വഭാവമുണ്ട്. അതോടൊപ്പം തന്നെ ഒരു ഐഡെന്റിറ്റിയുണ്ട്. ഒരാളുടെ ബ്ലോഗിലേക്ക് ഞാൻ എത്തുന്നത് അയാളിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങൾ വായിക്കാൻ വേണ്ടിയിട്ടാണ്. തിരിച്ചും ആ മുന്നറിവോടു കൂടി തന്നെയാകും ആളുകൾ നമ്മുടെ ബ്ലോഗിലേക്കും വരുന്നത്. നമ്മൾ ഒരാളുടെ പുസ്തകം വായിക്കുന്നതു പോലെ തന്നെയാണ് ഒരാളുടെ ബ്ലോഗ് വായിക്കുന്നത്. തുടർച്ചയായ വായനയിലൂടെയാണ് അവിടെ സംവേദനവും പരിചയവും സാധ്യമാകുന്നത്. ഒരു പുസ്തകം തുടർന്നു വായിക്കവെ അപരിചിതനായ ഒരു എഴുത്തുകാരൻ പരിചിതനാകുന്നതു പോലെയാണത്. അതേസമയം, പലരാൽ പലയവസ്ഥകളിൽ പലതിനെയും കുറിച്ച് എഴുതിയ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളുടെ സ്ക്രീനിൽ നമ്മൾ കാണുന്നത്. ഓരോന്നും അവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്ന താൽക്കാലികതകളാണ്.
ഈ ചിതറലിനിടയിലാണ് ഒരാളുടെ സർഗാത്മക സൃഷ്ടിയും പ്രത്യക്ഷപ്പെടുന്നത്. കോർഡിനേറ്റസ് എന്ന് പറയുന്ന ഒരു സ്ഥലനിർണ്ണയം ഉണ്ടല്ലോ, അങ്ങനെയാണല്ലോ ഒരു ഇൻസ്റ്റലേഷൻ രൂപപ്പെടുത്തുന്നത്. ഏതു വസ്തുവും ഒരു പ്രതേക ഇടത്തിൽ സ്ഥാപിക്കുമ്പോൾ, അല്ലെങ്കിൽ വസ്തുക്കൾ ക്രമീകരിക്കപ്പെടുമ്പോൾ ഒരു ഇൻസ്റ്റലേഷൻ രൂപപ്പെടുന്നു. അതിനാൽ ഒരു സൃഷ്ടി സ്ഥാപിച്ചിരിക്കുന്ന ഇടം പ്രധാനമാണ്, അതിനു ചുറ്റുമുള്ള കാര്യങ്ങൾ അതിനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ പ്രത്യേക രീതികളിൽ ക്രമീകരിക്കുമ്പോൾ അതിന് കവിതയുടെ ഒരു വെളിച്ചമുണ്ടാകും എന്നെല്ലാം പറയുന്നതുപോലെ. സാമ്പ്രദായികമായി ഒരു പുസ്തകത്തിലോ, ആനുകാലികത്തിലോ ഒരു ബ്ലോഗിലോ വായിക്കുന്നതു പോലെ ആയിരിക്കില്ല സമൂഹ മാധ്യമത്തിൽ ഒരു സാഹിത്യ സൃഷ്ടി വായിക്കപ്പെടുക. ഉദാഹരണത്തിന്, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി ഒരാൾ ഒരു കവിത എഴുതാൻ തീരുമാനിച്ചാൽ, സംസാരത്തിൽ പറയുന്ന വാക്കുകൾ കേൾക്കുന്നയാളിന് അനുസരിച്ച് രൂപമെടുക്കുന്നതുപോലെ സമൂഹ മാധ്യമത്തിലെ വായനക്കാർ കവിതയുടെ ഭാഷയെയും ശൈലിയെയും സ്വാധീനിച്ചേക്കാം. അതുകൊണ്ട് തന്നെ ബ്ലോഗിൽ നിന്ന് സമൂഹ മാധ്യമത്തിലെത്തുമ്പോൾ എഴുത്തിന്റെ സ്വഭാവം മാറുന്നുണ്ട്. പ്രതേകിച്ചും കവിത പോലെയുള്ള ആവിഷ്ക്കാരങ്ങളിൽ. ബ്ലോഗിലും സമൂഹ മാധ്യമത്തിലും ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നതിൽ ഒന്നും അത്തരത്തിൽ ഭാവുകത്വപരമായ വ്യതിയാനം വരാനിടയില്ല. ഭാഷയുടെ വ്യതിയാനങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന അക്കാദമിക്ക് മനസ്സുള്ള ആളുകൾ ആരെങ്കിലും ഈ വ്യത്യാസങ്ങളെ കൃത്യമായി പഠിക്കേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നു.
അന്നിലയിൽ കാര്യമായ മാറ്റം വന്നിട്ടുള്ളത് ശൈലിയിലും, പദങ്ങളുടെ തിരഞ്ഞെടുപ്പിലുമാവാം എന്ന് തോന്നുന്നു. അതോടൊപ്പം തന്നെ വിശദീകരണ ത്വരയുണ്ട്, അതിലാളിത്യവും. ആഘാതമൂല്യം (shock value) കൂടിയ കവിതകളുമാണ് സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത്. അത് ചെടിപ്പുണ്ടാക്കുന്നതാണ്. പതിയെ കത്തുന്ന കവിതകളോടാണ് എനിക്ക് ഇഷ്ടം. നീറിനീറിപ്പിടിക്കാനുള്ള ഒരു സാധ്യതയാണു ഞാൻ കവിതയിൽ കാണുന്നത്. നമ്മൾ എവിടെ എത്തിക്കഴിഞ്ഞു എന്നു വർഷങ്ങൾക്കുമുമ്പേ ആനന്ദ് പട്വർദ്ധൻ കാണിച്ചു തന്ന ‘രാം കേ നാം’ പോലെ ഒരു ഡോക്യുമെന്ററിയുടെ ആഘാതമൂല്യമുണ്ടല്ലോ, അത്തരം ഒരു ആഘാതം ഉണ്ടാക്കുവാൻ കവിത എന്ന മാധ്യമത്തിന്റെ ആവശ്യമുണ്ട് എന്നു തോന്നുന്നില്ല. കവിത അത്തരത്തിൽ ആയിക്കൂട എന്നല്ല, അതിനകത്ത് പതിയെ കത്താനുള്ള ഒരു സാധ്യത കൂടി ഉണ്ടായിരിക്കണം. ഒരു കവിത വായിച്ച് കുറേ കാലം കഴിഞ്ഞ് മറ്റൊരു ജീവിത, ആശയ, ചിന്താ പരിസരത്തിൽ ഓർമ്മ ആ കവിതയെ വീണ്ടെടുക്കാനുള്ള വഴിയാണത്. വൈറലാവുന്ന, ആഘോഷിക്കപ്പെടുന്ന തരത്തിലുള്ള കവിതകളിൽ പൊതുവെ കാണപ്പെടുന്നത് ഒരു ഷോക്ക് വാല്യു അഥവാ ആഘാത മൂല്യമാണ്.
പരമ്പരാഗതമായ നമ്മുടെ കലാരൂപങ്ങൾ ഡിജിറ്റൽ മീഡിയയോടും മൾട്ടി മീഡിയ സാധ്യതകളോടും പ്രതികരിച്ചുകൊണ്ട് എടുത്തു പറയാവുന്ന മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞു എന്ന് എനിക്കു തോന്നുന്നില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇപ്പോൾ നമുക്ക് കാത്തിരുന്നു കാണാം. ഈ മാധ്യമങ്ങളുടെ സാധ്യതകൾ സാഹിത്യത്തിന്റെയോ മറ്റു കലകളുടെയോ ഒക്കെ ചില ഘടകങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഒരു പരിധിവരെ നിർണ്ണയിക്കുന്നുണ്ട് എന്നും പറയാം. എഴുത്തുകാരൻ, പ്രസാധകൻ എന്നിങ്ങനെയുള്ള അധികാര ഘടനകളുടെ തകർച്ച, എല്ലാവർക്കും എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള സ്വാതന്ത്ര്യം എന്നിവ അതിനൊരു ഉദാഹരണമാണ്. നിങ്ങൾ ഒരു കവിത എഴുതുകയാണെങ്കിൽ, അതിൽ ശ്രദ്ധിക്കപ്പെടേണ്ടതായ എന്തെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായും ഇന്നത് ആളുകൾ ശ്രദ്ധിച്ചിരിക്കും എന്ന് പ്രിയ കവി സച്ചിദാനന്ദൻ മാഷ് ഈയിടെ പറഞ്ഞത് പോലെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു സൃഷ്ടി അവഗണിക്കപ്പെടുന്ന ഒരവസ്ഥ കുറേയൊക്കെ ഇന്ന് ഇല്ലാതായിട്ടുണ്ട്. സാമ്പ്രദായിക രീതിയിൽ കിട്ടുന്ന അംഗീകാരങ്ങളോ, അക്കാദമിക പഠനങ്ങളോ ഉണ്ടാകുമെന്ന് ഉറപ്പൊന്നുമില്ലെങ്കിലും പൊതു ശ്രദ്ധയിലേക്ക് എത്താനാവും. അതോടൊപ്പം തന്നെ പ്രസിദ്ധീകരണത്തെ പറ്റി പേടിക്കാതെ ആവിഷ്ക്കാരത്തിൽ ഏർപ്പെടാനുള്ള ഒരു ആത്മവിശ്വാസവും വന്നിട്ടുണ്ട്. ബ്ലോഗുകൾ തൊട്ട് തുടങ്ങി സമൂഹ മാധ്യമത്തിലൂടെ അത് ശക്തിപ്പെട്ടു. ഏതെങ്കിലും ഒരു ആനുകാലികം പിന്തുടരുന്ന സൗന്ദര്യാത്മകമായ കാഴ്ച്ചപ്പാടുകൾ സാഹിത്യത്തെ നിർണ്ണയിക്കുന്ന സാഹചര്യം മുമ്പുണ്ടായിരുന്നു. അവയ്ക്ക് അനുയോജ്യമായ ശൈലിയിലുള്ള രചനകളും എഴുതപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ അത്തരം നയങ്ങൾ ഇല്ലാതെയായി. എഴുത്ത് തികച്ചും വ്യക്തിപരമായിരിക്കാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. എന്നാൽ സ്ഥിരമായി പിന്തുടരുന്നവർ പ്രതീക്ഷിക്കുന്ന തരത്തിൽ എഴുതാനും വൈറലാവുന്ന തരത്തിൽ എഴുതാനുമുള്ള ശ്രമങ്ങളുണ്ടാവുന്നു. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ താത്പര്യങ്ങളായതിനാൽ സത്യസന്ധമായി എഴുതുന്ന ഒരാൾക്ക് ഇതൊന്നും ബാധിക്കാതെ എഴുതാനാവും.
മലയാള കവിതയുടെ തുടർച്ചയിലും, പടർച്ചയിലും എഴുതി മുന്നേറാനുള്ള ആത്മവിശ്വാസം കൈവരുമ്പോഴും ബ്ലോഗുകളോ, സമൂഹ മാധ്യമങ്ങളോ ഉള്ളതുകൊണ്ടുമാത്രം നിലവിൽ വന്നു എന്നു പറയാവുന്ന സാഹിത്യ ശ്രമങ്ങൾ ഏറെയൊന്നുമില്ല. കവിതയെ മുൻനിർത്തി പറഞ്ഞാൽ ഗ്രാഫിക്ക് കവിത, ഹൈപ്പർ ലിങ്ക് കവിത തുടങ്ങിയവയൊക്കെ വന്നിട്ടുണ്ടെങ്കിലും അതിന്റെ അടിത്തട്ടിലേക്കു നോക്കിക്കഴിഞ്ഞാൽ പുതിയൊരു കലാരൂപം രൂപീകരിക്കപ്പെട്ടു എന്നൊന്നും പറയാറായിട്ടില്ല. അത്തരം ശ്രമങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നേയുള്ളു. എന്തു പുതിയ കാര്യം വരുമ്പോഴും അതിനെ എതിർത്തുകൊണ്ട് ഒരു കവിത എഴുതുന്ന ഫാഷൻ മലയാളത്തിൽ മുമ്പുണ്ടായിരുന്നു. പുതിയത് എന്ന ഒരേയൊരു ‘ദോഷം‘ മതിയായിരുന്നു എന്തിനും കവിതയിലൂടെ വിമർശനം ഏറ്റുവാങ്ങാൻ. വിവരങ്ങളുടെ കുത്തൊഴുക്കും, വിവരലഭ്യതയുടെ വികാസവും മൂലം ഇന്നത് ഫാഷനല്ലാതായി മാറിയിരിക്കുന്നു.
സോഷ്യൽ മീഡിയയുടെ സെൻസിബിലിറ്റിയെ അഭിമുഖീകരിക്കാതെ അതിജീവിക്കാനാവാത്ത കലാരൂപങ്ങളുമുണ്ട്. ട്രോളുകൾ വന്നതോടു കൂടി കാർട്ടൂണുകൾക്ക് വന്നിട്ടുള്ള മാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിന്റെ ഹാസ്യ മൂല്യം മാറിയിട്ടുണ്ട് എന്ന് കാണാം. പത്രങ്ങളിലും മറ്റും വരുന്ന കാർട്ടൂണുകൾ ഇപ്പോൾ അവതരിപ്പിക്കുന്ന ഹാസ്യം പഴയ രീതിയിലുള്ളതല്ല. പോപ്പുലർ കൾച്ചറുമായി നമ്മൾ വളരെയേറെ കണക്റ്റഡാണ്. ഏറ്റവും പോപ്പുലറായ കലാരൂപം എന്നതിനാൽ സിനിമയിൽ നിന്നുമാണ് ട്രോളുകൾക്കുള്ള റോ മെറ്റീരിയലുകൾ ഏറെയും എടുക്കുന്നത്. വളരെ അപ്ഡേറ്റഡ് ആയ ഒരാൾക്കു മാത്രമെ അതിലെ തമാശ മനസ്സിലാവുകയുള്ളു. സാധാരണ ഒരു പത്രത്തിൽ പ്രത്യക്ഷപ്പെടുന്ന കാർട്ടൂൺ ആ പത്രത്തിന്റെ അജണ്ടയ്ക്ക് അനുസരിച്ചായിരിക്കും, മാത്രമല്ല അത് സാമാന്യ മനുഷ്യരുടെ പൊതുവിജ്ഞാന നിലവാരത്തിനും അൽപ്പം ഉയർന്നിരിക്കുന്നതായി ഭാവിക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ ഇത്രയും ട്രോളുകളുണ്ടാവുന്ന മറ്റൊരു ഭാഷയുണ്ടോ എന്നറിയില്ല. മലയാളികൾക്ക് പൊതുവെ കളിയാക്കാനുള്ള ത്വര കൂടുതലാണ്. മാത്രമല്ല ഒരു മലയാളി എപ്പോഴും കളിയാക്കൽ പ്രതീക്ഷിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ ഈ പ്രവണത കൂടുതലുമാണ്. ട്രോൾ ചെയ്യുമ്പോൾ തിരിച്ചും ട്രോൾ ചെയ്യപ്പെടുന്ന ഒരിടത്ത് കൂടുതൽ മര്യാദ പാലിക്കപ്പെടുന്നു. ബോഡി ഷെയ്മിങ്ങും, ജെണ്ടർ ഷെയിമിങ്ങും ഉള്ളടങ്ങിയിട്ടുള്ള തമാശകൾ പോസ്റ്റ് ചെയ്താൽ അത് വിമർശിക്കപ്പെടുന്നു. ട്രോളുകൾ വളരെ പവർഫുളാണ്, അധികം അധികാരമൊന്നും കൈയ്യാളാത്ത ഒരാൾ ഉണ്ടാക്കുന്ന തമാശയാണത്. പരമ്പരാഗതമയ തമാശകളെക്കാൾ ആ തമാശയ്ക്ക് മൂല്യം കൂടും.
എന്റെ വായന പ്രധാനമായും മൊബൈൽ ഫോണിലേക്കു മാറിയിട്ടുണ്ട്. നല്ല സുഹൃത്തുക്കൾ പങ്കുവെക്കുന്ന ലിങ്കുകൾ, അവരുടെ ചർച്ചകൾ, ഇവയിലൂടെയാണ് പുതിയ ആശയങ്ങളിലേക്കും വായനയിലേക്കും എത്തിച്ചേരുന്നത്. അച്ചടി മാധ്യമങ്ങളെ മാത്രം ആശ്രയിച്ച് വായനയും വിവരശേഖരണവും നടന്നിരുന്നപ്പോൾ ഏകദിശയിൽ ഉള്ളതും ഒരു പരിധിവരെ പക്ഷപാതപരമായതുമായ വിവരങ്ങൾ മാത്രമെ ലഭിച്ചിരുന്നുള്ളു. ഒരു വിഷയത്തെ പല ദിശകളിൽ നിന്നും നോക്കി കാണുന്ന വിവരങ്ങൾ കിട്ടാറേയില്ലായിരുന്നു. ഇപ്പോൾ എന്തുകാര്യത്തെ കുറിച്ച് സമൂഹ മാധ്യമത്തിൽ എഴുതിയാലും പലതരത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കും. കാര്യമായ കമന്റുകളുണ്ടാവാം, വെറുതെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒച്ചപ്പാടുകളുമുണ്ടാവാം. പ്രതീക്ഷിക്കാത്ത തരത്തിൽ ഒരു വിഷയത്തെ നോക്കിക്കാണുന്ന തരത്തിലുള്ള വീക്ഷണങ്ങൾ ഉണ്ടാവുന്നുണ്ട്. പലപ്പോഴും കണ്ണ് തുറപ്പിക്കുന്നതായിരിക്കും അത്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ, രാഷ്ട്രീയ ചായ്‌വ് അനുസരിച്ച് മാത്രം മനസ്സിലാക്കിക്കൊണ്ടിരുന്ന കാര്യങ്ങളിൽ തിരിച്ചറിവുകളുണ്ടായിട്ടുണ്ട്. നാം മനസ്സിലാക്കിയതിന് തികച്ചും വിരുദ്ധമായ ദിശയിൽ നിന്നും മറ്റൊരാൾ ഒരു വിഷയം അവതരിപ്പിക്കുന്നത് കാണുമ്പോൾ ബൗദ്ധികപരമായ ഒരു സത്യസന്ധത പുലർത്തുകയാണെങ്കിൽ സൂക്ഷ്മ പരിശോധന നടത്താനും വീണ്ടു വിചാരത്തിൽ ഏർപ്പെടാനുമുള്ള സാധ്യത സമൂഹ മാധ്യമങ്ങളിലുണ്ട്. ഈ രീതിയിൽ ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സംസ്കാരം, രാഷ്ട്രീയം, സൗന്ദര്യബോധം എന്നിവയെ പറ്റിയൊക്കെയുള്ള പല ധാരണകളും മാറിമറിഞ്ഞിട്ടുള്ള അനുഭവമാണ് എനിക്ക് സമൂഹ മാധ്യമത്തിലെ വായന.
വായനക്കാരെ കുറിച്ചുള്ള ധാരണയും സമൂഹ മാധ്യമങ്ങളിലൂടെ കൈവരിക്കാനാവും. ആനുകാലികങ്ങളിൽ എഴുതി പ്രസിദ്ധീകരിക്കുമ്പോൾ വായിക്കുന്നവരെ തിരിച്ചറിയുന്നില്ലല്ലോ. വായനക്കാരുടെ കത്തുകൾ പോലും ഒരു എഡിറ്റർ തിരഞ്ഞെടുക്കുന്നതാണ്. പത്രാധിപർക്ക് സുഖിക്കുന്ന കത്തുകൾക്ക് സമ്മാനം കൊടുക്കുന്ന രീതി ഇപ്പോൾ കണ്ടു വരുന്നു. പഴയ ആ അധികാര ഘടനയെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു പരിശ്രമമാണെന്നാണ് എനിക്കു തോന്നുന്നത്. സമൂഹ മാധ്യമത്തിൽ അത്തരം താത്പര്യങ്ങളില്ല. എന്ത് അധികാരമുള്ള ഒരാളോടും ആർക്കും പ്രതികരിക്കാനുള്ള ഈ അവസരം സാമ്പ്രദായിക രീതിയിൽ പ്രശസ്തരായിട്ടുള്ള പലർക്കും കടുത്ത അസഹിഷ്ണുത ഉണ്ടാക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. ഏത് നിമിഷവും ഏത് തരത്തിലുള്ള പ്രതികരണവും പ്രതീക്ഷിച്ചുകൊണ്ട് എഴുതുമ്പോൾ, ആരു പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നു മാത്രം നോക്കിയാൽ മതി. ആ രീതിയിലുള്ള ഒരു മനസ്സു തുറവ് സമൂഹ മാധ്യമങ്ങൾ സാധ്യമാക്കിയിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ തീർച്ചയായും ഈ സാധ്യതയുടെ ദുരുപയോഗങ്ങളും കുറവല്ല. സൈബർ അറ്റാക്ക് ഇല്ല എന്നു പറയാനാവില്ല. എന്നാൽ നമുക്ക് എതിരെ വരുന്ന എല്ലാ വിമർശനങ്ങളും സൈബർ അറ്റാക്കുകളുമല്ല. പൊളിറ്റിക്കൽ ചായ്വ് അനുസരിച്ച് ആളുകളെ ലേബൽ ചെയ്ത് വിളിക്കുന്ന ശീലം നിലനിൽക്കുമ്പോഴും ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകൾ അവതരിക്കപ്പെടുന്നുണ്ട്. അത് ആർക്കും പരിശോധിക്കാം, ഉൾകൊള്ളാം, വിമർശിക്കാം.
ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം, ഡിജിറ്റൽ ഡിസ്ട്രാക്ഷനാണ്. മൊബൈൽ ഫോണും സമൂഹ മാധ്യമങ്ങളും ഡിസ്ട്രാക്ഷൻ വളരെയേറെ കൂട്ടിയിട്ടുണ്ട്. ഒരിടത്തിൽ പലതരത്തിലുള്ള പോസ്റ്റുകളിലൂടെ നിരന്തരം കടന്നുപോകുന്നത് ശ്രദ്ധയെ സാരമായി ബാധിക്കുന്നുണ്ട്.
ഏകോപനം : ആദിൽ മഠത്തിൽ