വിഴിഞ്ഞത്തെ അദാനി തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരത്തെ തുടർന്ന് രൂപീകരിക്കപ്പെട്ട ജനകീയ പഠന സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് 2023 നവംബർ 21ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പ്രഭാഷണത്തിന്റെ ചുരുക്കം. ഡോ. കെ.വി തോമസ് അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തിരുവനന്തപുരം മത്സ്യത്തൊഴിലാളി ജനകീയ സമര സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. പ്രൊഫീർ ബാനർജി, സരിതാ ഫെർണാണ്ടസ്, ഡോ. ജോൺ കുര്യൻ, ഡോ. ടെറി മച്ചാഡോ, ഡോ. കെ.ജി. താര, ഡോ. ജോൺസൺ ജാമന്റ് എന്നിവരാണ് ജനകീയ പഠന സമിതി അംഗങ്ങൾ.
ഈ റിപ്പോർട്ട് പ്രകാശനം ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. റിപ്പോർട്ടിനെക്കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങളാണ് ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത്. പരിസ്ഥിതിശാസ്ത്രജ്ഞരും ഭൗമശാസ്ത്രഞ്ജരും കാലാവസ്ഥാ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ വിദഗ്ധരും ആക്ടിവിസ്റ്റുകളും ചേർന്ന്, അത്തരം എല്ലാവശങ്ങളും ഉൾക്കൊള്ളുന്ന ഒരു പഠനം എങ്ങനെ നടത്താം എന്നതിന് നല്ല ഉദാഹരണമാണ് ഈ റിപ്പോർട്ട്. ശാസ്ത്രീയമായ രീതിയിൽ, വിശദമായ അനുഭവനിരീക്ഷണങ്ങളിലൂടെ എഴുതപ്പെട്ട റിപ്പോർട്ട്, ശ്രദ്ധയോടെ സംയോജിപ്പിച്ചിരിക്കുന്ന ടെക്സ്റ്റും ഫോട്ടോഗ്രാഫുകളും വഴി തുറമുഖ പദ്ധതിയുടെ ആഘാതം കൃത്യമായി വരച്ചുകാട്ടുന്നു. നാൽപ്പത് വർഷമായി ഇന്ത്യയിലെ സാമൂഹ്യശാസ്ത്ര പഠനരംഗത്തുള്ള ഒരു വ്യക്തി എന്ന നിലയിൽ നൂറ് കണക്കിന് റിപ്പോർട്ടുകൾ പഠിക്കാൻ അവസരമുണ്ടായിട്ടുള്ള ഒരാളാണ് ഞാൻ. ആ അനുഭവത്തിൽ നിന്ന് പറയട്ടെ, ജനകീയ പഠന സമിതിയുടെ ഈ റിപ്പോർട്ട് ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികൾക്കും പബ്ലിഷ് ചെയ്യാൻ കഴിയാത്ത തരത്തിലുള്ള കൃത്യതയുള്ളതാണ്. അഭിപ്രായങ്ങളേക്കാൾ ഡാറ്റയെ മുൻനിർത്തി, വിഴിഞ്ഞത്തെ സിംഗപ്പൂർ ആക്കി മാറ്റുമെന്ന സ്വപ്നത്തെ റിപ്പോർട്ട് പരിശോധിക്കുന്നു.
റിപ്പോർട്ടിന്റെ മുഖ്യ ഫോക്കസ് എന്നത് പ്രോജക്ട് എന്താണ് അവകാശപ്പെട്ടിരുന്നത്, സർക്കാരിന്റെ വാദങ്ങൾ എന്തായിരുന്നു, എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് വിലയിരുത്തുകയാണ്. കൂടാതെ, VISL (vizhinjam international seaport limited) കമ്പനി പരിസ്ഥിതി അനുമതിക്കായി ഡാറ്റയിൽ എങ്ങനെ കൃത്രിമത്വം കാണിച്ചു എന്നതും വളരെ സമഗ്രമായി തന്നെ പരിശോധിക്കുന്നുണ്ട്. പരിസ്ഥിതി ആഘാത പഠനം അവഗണിച്ച ജൈവവൈവിധ്യനാശവും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിലുണ്ടാകുന്ന പ്രശ്നങ്ങളും ടൂറിസം മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും തീരശോഷണത്തിന്റെ പ്രശ്നവും എല്ലാം റിപ്പോർട്ട് വിശദമായി തന്നെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.
നാല് മാനദണ്ഡങ്ങൾ വച്ച് റിപ്പോർട്ടിനെ വിലയിരുത്തുന്നതിനും നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനുമാണ് ഞാൻ ശ്രമിക്കുന്നത് – സാമ്പത്തിക ക്ഷമത, സാമൂഹ്യനീതി, പരിസ്ഥിതി സുസ്ഥിരത, ജനാധിപത്യം. ഈ നാല് മാനദണ്ഡങ്ങൾ വെച്ച് വിലയിരുത്തുമ്പോൾ പ്രോജക്ട് എങ്ങനെയാണ് പരാജയപ്പെട്ടത് എന്നതാണ് ഞാൻ നോക്കുന്നത്. പ്രോജക്ടിന്റെ സാമ്പത്തിക ക്ഷമത പരിശോധിക്കാം. ഏറെ വർഷങ്ങളായി തുടരുന്ന ഈ പ്രോജക്ടിന്റെ ചെലവുകൾ ഏത് രീതിയിലാണ് ഉയർന്നുപോയതെന്ന് റിപ്പോർട്ട് കൃത്യമായി ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. അതിലുപരി ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതിയിലുള്ള ഈ പ്രോജക്ടിനായി കേരള സർക്കാറാണ് പൊതുഖജനാവിൽ നിന്നുള്ള തുക കൂടുതലായി ചെലവഴിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പദ്ധതി സാമ്പത്തികമായി ഗുണകരമല്ല എന്ന് പറയാം.
സാമൂഹ്യനീതിയുടെ കാര്യമെടുക്കാം. കുടിയിറക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എണ്ണം പ്രതീക്ഷിച്ചിരുന്നതിലും ഏറെയാണ്. പദ്ധതിയുടെ ഭാരം മുഴുവൻ തീരദേശ ഗ്രാമങ്ങളുടെ ചുമലിലായി. പരിസ്ഥിതി സുസ്ഥിരതയുടെ കാര്യം പരിഗണിച്ചാൽ പദ്ധതി ഒട്ടുമേ സുസ്ഥിരമല്ലെന്ന് പറയാം. വളരെ സുന്ദരമായ തീരങ്ങൾ നഷ്ടമായി, ജലസ്രോതസ്സുകൾ മലിനമായി, കാലാവസ്ഥാ വ്യതിയാനം ആഘാതങ്ങൾ വർദ്ധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം പ്രോജക്ടിന്റെ ചെലവ് കൂടുന്നതിനും കാരണമായി എന്നത് എത്രമാത്രം അശ്രദ്ധമായാണ് പ്രോജക്ട് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും നടപ്പിലാക്കപ്പെടുന്നതെന്നും വ്യക്തമാക്കുന്നു. പാരിസ്ഥിതിക നഷ്ടങ്ങൾ മത്സ്യബന്ധന സമൂഹത്തിന്റെ ഉപജീവനത്തിലും വലിയ നഷ്ടമുണ്ടാക്കി. ഹിമാലയത്തിലെ ഇക്കോസിസ്റ്റവുമായി സാമ്യമുണ്ട് ഈ തീര ആവാസവ്യവസ്ഥയ്ക്ക്. രണ്ടും പാരിസ്ഥിതികമായി വളരെ ദുർബലമാണ്. വൻകിട വികസന പദ്ധതികൾ രണ്ടിനെയും നശിപ്പിക്കുന്നു. ചാർധാം തീർത്ഥാടനത്തിന്റെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങൾ ഉത്തരാഖണ്ഡിൽ ചെയ്യുന്നതും ഇതാണ്. പ്രദേശത്തെ പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യം ഈ റിപ്പോർട്ടിൽ വിശദമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു വർഷം രണ്ട് കോടി എന്നാണ് അത് കണക്കാക്കിയിരിക്കുന്നത്.
ഇനി ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങൾ നോക്കാം. ഈ പ്രോജക്ട് സുതാര്യമായിരുന്നോ? അല്ല. ജനങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നോ? ഇല്ല. രഹസ്യാത്മക സ്വഭാവത്തിലുള്ള, ഒട്ടും സുതാര്യമല്ലാത്ത, ജനാധിപത്യ വിരുദ്ധമായ പദ്ധതിയാണിത്. റിപ്പോർട്ടിൽ പറയുന്ന പോലെ മൂന്ന് പ്രബല രാഷ്ട്രീയകക്ഷികളും – കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഈ പ്രോജക്ട് സുതാര്യമല്ലാതിരിക്കാൻ താത്പര്യപ്പെട്ടു. സാംസ്കാരികമായ മാനദണ്ഡങ്ങൾ വച്ച് നോക്കിയാലും എല്ലാ പൗരരവും സാംസ്കാരികമായി ഉപയോഗിച്ചിരുന്ന മനോഹരമായ ബിച്ചുകൾ ആണ് നശിച്ചുപോത്.
റിപ്പോർട്ടിൽ പരാമർശിക്കപ്പെടാതെ പോയ ഒരു കാര്യം രാജ്യസുരക്ഷയുടെ വിഷയമാണ്. രാജ്യസുരക്ഷയുടെ ചോദ്യവും ഇവിടെ വളരെ പ്രധാനമാണ്. നമ്മുടെ രാജ്യത്തെ 13 തുറമുഖങ്ങളും 8 വിമാനത്താവളങ്ങളും അദാനി എന്ന വ്യക്തിയുടെ സ്വകാര്യ കമ്പനിയുടെ കൈവശമാണുള്ളത്. രാജ്യത്തേക്ക് വരുന്നതെന്തെന്നും പോകുന്നതെന്തെന്നും അറിയുന്ന ഒരേയൊരു സ്വകാര്യ കമ്പനി. അത് കുത്തകവത്കരണത്തെ കൂട്ടുകയാണ് ചെയ്യുന്നത്. ഒപ്പം, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യവുമാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമ്പോൾ VISL കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങളുടെ താത്പര്യങ്ങൾക്കെതിരാണ്, ജനാധിപത്യ വിരുദ്ധമാണ്. ഈ റിപ്പോർട്ട് ഒരു പൊതു സേവനമാണ് ചെയ്തിരിക്കുന്നത്. സാമ്പത്തിക ക്ഷമതയുള്ളതും പാരിസ്ഥിതികമായി സുസ്ഥിരമായതും സാമൂഹ്യനീതി ഉറപ്പാക്കുന്നതും തികച്ചും ജനാധിപത്യപരവുമായ ഒരു ബദൽ വികസന പരിപ്രേക്ഷ്യത്തെയും, ബദൽ ഭാവിയെയും സംബന്ധിച്ച കാഴ്ച്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാൻ സാമൂഹ്യ ശാസ്ത്രജ്ഞരും തദ്ദേശീയ സമൂഹങ്ങളും ഉൾപ്പെടുന്ന ഇത്തരം ജനകീയ പഠന സമിതി റിപ്പോർട്ടുകൾക്ക് കഴിയും.