വിവ: മുഹമ്മദലി വാഫി അങ്ങാടിപ്പുറം
സൗദി അറേബ്യയിലെ പ്രശസ്തനായ കവിയും ഗ്രന്ഥകാരനുമാണ് അബ്ദുറഹ്മാൻ അശ്മാവി. 1956 ൽ സൗദി അറേബ്യയിലെ അൽ ബാഹ പ്രവിശ്യയിലെ അറാഅ ഗ്രാമത്തിൽ ജനിച്ചു. ഇമാം മുഹമ്മദ് ബിൻ സുഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചു. പലസ്തീൻ, ഇറാഖ്, സിറിയ, ലബ്നാൻ തുടങ്ങിയ ദുരിതമനുഭവിക്കുന്ന അറബ് ജനതകളെ കുറിച്ച് ധാരാളം കവിതകൾ രചിച്ചിട്ടുണ്ട്. ഇരുപതിലധികം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ, ‘ഹേ പെരുന്നാൾ ചന്ദ്രികേ… നീ അസ്തമിക്കൂ’ എന്ന കവിതയുടെ അറബിയിൽ നിന്നുള്ള പരിഭാഷ.
ഹേ ചന്ദ്രികേ,
നീ അസ്തമിക്കൂ…
എനിക്ക് പേടിയാകുന്നുണ്ട്…
കാപാലികരുടെ കരങ്ങൾ നിന്നിലേക്കും വരുമെന്ന്.
മേഘപാളികൾക്ക് പിറകിൽ നീ ഒളിച്ചിരുന്നോ.
കുന്നിൻ പുറങ്ങളിലൊന്നും നീ വെളിച്ചം വിതറേണ്ട.
ഹേ ചന്ദ്രികേ…
നീ അസ്തമിക്കൂ…
എനിക്ക് പേടിയാകുന്നുണ്ട്…
മരണത്തിന്റെ ദൃഷടികൾ ഞങ്ങളിൽ പതിയുമ്പോൾ
അത് നിന്നേയും പിടികൂടുമെന്ന്.
ഹേ ചന്ദ്രികേ…
ഞാൻ, ഒരു ഒരു അറബി ബാലികയാണ്…
കുലീനമായ എന്റെ കുടുംബത്തിൻ്റെ വേരുകൾ മുറിച്ച് മാറ്റപ്പെട്ടിരിക്കുന്നു.
വേദന കൊണ്ട് പുളയുന്ന, നിണമണിഞ്ഞ
കഥകളുണ്ടെനിക്ക് പറയാൻ.
ഹേ ചന്ദ്രികേ..
അധിനിവേശത്തിന്റെ ബലിയാടുകളിലൊരുവളാണ് ഞാൻ.
ജന്മമെടുത്തപ്പോഴേ
നിന്ദ്യതയുടെ അമ്മിഞ്ഞപ്പാൽ നുകരാൻ വിധിക്കപ്പെട്ടവൾ.
ഒരു ദിവസം ഞാനും കണ്ടു,
പട്ടാളസംഘം ഞങ്ങളുടെ വീടിനു മുമ്പിൽ നിലയുറപ്പിച്ചത്
അന്ന്…
ഞങ്ങളുടെ ഗ്രാമത്തിനു ചുറ്റും
ഇരുട്ട് കുമിഞ്ഞ്കൂടി നിന്നു
അന്ന്…
പട്ടാളം എന്റെ ഉപ്പയെ വലിച്ചിഴച്ച് കൊണ്ടുപോയി.
അദ്ദേഹത്തിന്റെ കണ്ണുകളിൽ
പുഴകൾ തളംകെട്ടി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു.
ഒരു പട്ടാളക്കാരന്റെ ലക്ഷണംകെട്ട കണ്ണുകൾ
എന്റെ ഉമ്മിയുടെ ദേഹത്തെ വലം വെക്കുന്നത് ഞാൻ കണ്ടു.
ഹേ ചന്ദ്രികേ,
ഞാനിപ്പോഴും കേൾക്കുന്നുണ്ട്…
അറബികളോട് സഹായം തേടി നിലവിളിച്ച
എന്റെ ഉമ്മിയുടെ ശബ്ദം,
അതിപ്പോഴും എന്റെ ചെവികളിൽ അലയടിച്ചുകൊണ്ടിരിക്കുന്നു.
അവളുടെ മാനം കാത്ത ആ വിശുദ്ധമായ പിച്ചാത്തിയുടെ തിളക്കം
ഇപ്പോഴും എന്റെ കണ്ണുകളിൽ മിന്നിമറയുന്നുണ്ട്.
പാവം എന്റെ ഉമ്മി…
അവൾ മരിച്ചു…
അവൾ മരിച്ചത്
അറബികളാരും അറിഞ്ഞിട്ടില്ല.
ഹേ ചന്ദ്രികേ,
എന്നിക്കതിശയം തോന്നുന്നു.
റേഡിയോകൾ ആനന്ദരാഗങ്ങൾ മീട്ടുന്നു.
മദ്യചഷകങ്ങൾ ഉന്മാദത്താൽ നുരഞ്ഞ് പൊന്തുന്നു.
എങ്ങും ആർമാദ സംഗീതങ്ങൾ അലയടിക്കുന്നു.
പാട്ടുകാരെല്ലാം സന്തോഷത്തിന്റെ ഈരടികളാണ്
ഞങ്ങളുടെ ചെവികളിൽ ഉരുവിടുന്നത്.
ടെലിവിഷൻ പ്രോഗ്രാമുകൾ ആശംസാ കാർഡുകൾ പ്രദർശിപ്പിക്കുന്നു.
“കുട്ടികളെ, ഏവർക്കും സന്തോഷകരമായ പെരുന്നാൾ ആശംസകൾ”
ലബനാനിലെ കുട്ടികൾക്ക്
അവരുടെ ജന്മഗേഹത്തെ കുറിച്ച് ഒന്നുമറിയില്ല,
അഖ്സയുടെ പൂമൊട്ടുകൾക്ക് ഉടുക്കാൻ ഉടുപ്പുകളില്ല,
അവർക്ക് വിശക്കുന്നുമുണ്ട്,
അഭയാർത്ഥികൾ
മഹാമാരികളോട് മല്ലിടുന്നു.
ഹേ ചന്ദ്രികേ,
നീ അസ്തമിക്കൂ…
അവർ പറഞ്ഞിരുന്നു,
നീ സന്തോഷത്തിൻ്റെ പെരുന്നാൾ ആശംസയുമായി വരുമെന്ന്,
സന്തോഷകരമായ പെരുന്നാൾ ??!
ഭൂമിയിൽ രക്തസാക്ഷികളുടെ രക്തം ഇപ്പോഴും വറ്റിയിട്ടില്ല.
സുഖിയന്മാരുടെ കൊട്ടാരങ്ങളിലാണ് പെരുന്നാൾ
ഹേ ചന്ദ്രികേ,
ഞങ്ങളുടെ പാദങ്ങൾക്ക് വാർദ്ധക്യം ബാധിച്ചിരിക്കുന്നു.
സന്തോഷത്തിന്റെ ഭൂമിക
ഇപ്പോഴും ഞങ്ങളിൽ നിന്നും ഒരുപാടകലെയാണ്.
ഹേ ചന്ദ്രികേ,
നീ അസ്തമിക്കൂ…
വിതുമ്പുന്ന പെരുന്നാൾ ആശംസകളുമായി നീ ഞങ്ങളെ കാണാൻ വരേണ്ടതില്ല.
ഹൃദയ സിരകൾ അറ്റുപോയ പെരുന്നാൾ
എനിക്ക് വേണ്ട..
നീ വിചാരിക്കുന്നുവോ..?
മധുര പലഹാരങ്ങളും പുതുവസ്ത്രങ്ങളുമാണ്
പെരുന്നാളെന്ന് ?
പത്രങ്ങളിൽ എഴുതിപ്പിടിപ്പിക്കുന്ന
ആശംസാ വചനങ്ങളാണെന്നും?
ഹേ ചന്ദ്രികേ, നീ അസ്തമിക്കു..
നിനക്കുദിക്കാം..
വിധി പുഞ്ചിരിതൂകുമ്പോൾ..
കലാപങ്ങളുടെ കനലുകൾ അണയുമ്പോൾ..
നീ ഞങ്ങൾക്ക് മുകളിൽ
ഉദിച്ച് നിൽക്കണം
ഞങ്ങളുടെ പുഞ്ചിരികളാൽ
സന്ധ്യകൾ പൂക്കുമ്പോൾ…
ഞങ്ങളുടെ വഴികളിൽ
ശീതകാല മഞ്ഞുകല്ലുകൾ ഉരുകിയില്ലാതാകുമ്പോൾ..
നീ ഉദിച്ച് വരൂ…
സുഗന്ധമായി, പ്രതാപമായി,
അനശ്വര വിജയമായി…
ഒരുമയുടെ ഉദയമായി നീ വരൂ…
അതാണ് സന്തോഷപ്പെരുന്നാൾ,
മറ്റൊന്നും
ഞങ്ങൾക്ക് പെരുന്നാൾ അല്ല.
ഹേ ചന്ദ്രികേ,
നീ അസ്തമിക്കൂ.
ഞങ്ങളുടെ പതാകകൾ ഉയരങ്ങളിൽ പാറിക്കളിക്കുന്നത് വരേക്കും..
അന്നാണ് പെരുന്നാൾ…
ആനന്ദപ്പെരുന്നാൾ…
അന്ന്
വിജയിയും പരാജിതനും
ഒരുമിച്ച് പുഞ്ചിരി തൂകുന്നുണ്ടാകും.