തുറമുഖ പദ്ധതി വിഴിഞ്ഞത്ത് വിജയിക്കുമോ?

വിഴിഞ്ഞം തുറമുഖ പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഇതിന് മുമ്പും ചർച്ചകൾ നടന്നിട്ടുണ്ട്. ചില പഠനങ്ങളും സ്വതന്ത്രമായി നടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പോലെ സമഗ്രവും, ശാസ്ത്രീയവുമായ റിപ്പോർട്ട് ആദ്യമായാണ്. പദ്ധതിയുടെ നടത്തിപ്പുകാരും സർക്കാരും മുന്നോട്ടുവച്ച പല വാദങ്ങളും പൊള്ളയാണെന്ന് മുന്നേ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ, Vizhinjam International Seaport Ltd (VISL) പദ്ധതിക്ക് അനുകൂലമായി പറയുന്ന ഏതെല്ലാം ഘടകങ്ങളാണ് വസ്തുതാ വിരുദ്ധമെന്ന് ഈ സമിതിക്ക് ബോധ്യപ്പെട്ടത്?

പ്രകൃതിദത്ത തുറമുഖ നിർമ്മാണം സാധ്യമായ ഏറ്റവും ഉചിതമായ സ്ഥലമാണ് വിഴിഞ്ഞം എന്നതായിരുന്നു സർക്കാരിന്റെയും വിസിൽ അധികൃതരുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വാദം. എന്നാൽ ബ്രേക്‌വാട്ടർ (പുലിമുട്ട്), ഡ്രെഡ്ജിങ് എന്നിവയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഒരു പോർട്ട്, പ്രകൃതിദത്ത പോർട്ടല്ല. കടലിന് ആഴമുണ്ട് എന്നതുകൊണ്ടോ, അന്താരാഷ്ട്ര കപ്പൽ ചാലിന് അടുത്താണ് എന്നതുകൊണ്ടോ നമുക്ക് ഒരു പോർട്ട് പണിയുക സാധ്യമല്ല. അങ്ങനെയാണെങ്കിൽ വിഴിഞ്ഞം മാത്രമല്ല കേരളത്തിൽ അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്ന് കിടക്കുന്നത്. ചരിത്രപരമായി നോക്കിയാലും വിഴിഞ്ഞം ഒരിക്കലും ഒരു പോർട്ട് ആയിരുന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്ത്‌ പോർട്ട് ആയിരുന്നത് വലിയതുറയും കുളച്ചലും ആയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ പ്രധാന സ്റ്റേഷൻ അഞ്ചുതെങ്ങ് ആയിരുന്നു, വിഴിഞ്ഞം ആയിരുന്നില്ല. വിഴിഞ്ഞത്ത് മൺസൂൺ പ്രവർത്തനങ്ങൾ ശക്തമായിരുന്നതിനാലും, കടലിലെ ഒഴുക്ക് ശക്തമായിരുന്നതിനാലും ആയിരിക്കാം വിഴിഞ്ഞം അവർ പരിഗണിക്കാതിരുന്നത്. എന്നാൽ കേരള സർക്കാർ വിഴിഞ്ഞം തിരഞ്ഞെടുക്കാൻ ഒരു കാരണം പോർട്ട് പ്രവർത്തിക്കുന്ന, അല്ലെങ്കിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് മത്സ്യത്തൊഴിലാളികളുടെ ജനസംഖ്യ കുറവാണ് എന്നതുകൊണ്ടാണ്. ചിപ്പിത്തൊഴിലാളികളാണ് പോർട്ടിന്റെ സൈഡിൽ കൂടുതലും ഉണ്ടായിരുന്നത്. എന്നാൽ അത് പദ്ധതി കൊണ്ടുവന്നവരുടെ തെറ്റായ വ്യാഖ്യാനമാണ്. അവിടെ ജനസംഖ്യ ഇല്ലാത്തതുകൊണ്ട് മത്സ്യത്തൊഴിലാളി സമൂഹം ആ സ്ഥലം ഉപയോഗിക്കുന്നില്ല എന്ന് പറയാൻ സാധിക്കില്ല. മത്സ്യം എവിടെ ലഭിക്കുന്നുവോ മത്സ്യത്തൊഴിലാളി അവിടെ പോയി മീൻ പിടിക്കും. ചിലപ്പോൾ അവർ താമസിക്കുന്നത് അവിടെനിന്നും ഒരു കിലോമീറ്റർ മാറിയായിരിക്കും. അതിനെ പറ്റി ധാരണയില്ലാത്തവരാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

രണ്ടാമത്തേത് ഇവിടുത്തെ കടലിന് സ്വാഭാവിക ആഴമുണ്ടെന്നുള്ള വാദമാണ്. ഇവിടെ കപ്പൽ ചാലിന് അനുകൂലമാകുന്ന തരത്തിൽ 20 മീറ്റർ ആഴം സ്വാഭാവികമായി ഉണ്ടെന്നായിരുന്നു പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ട് പറയുന്നത്. എന്നാൽ ഞങ്ങൾ അവിടെ പഠനം നടത്തിയപ്പോൾ പലയിടത്തും ഈ ആഴമില്ല. കാരണം ഇവിടെ എല്ലാ സ്ഥലത്തും ഒരേ ആഴമല്ല. ഒരേ ആഴമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാർ നടത്തിയ പഠനത്തിൽ പറയുന്നത്. റീഫ് എക്കോസിസ്റ്റം ഉള്ള സ്ഥലങ്ങളിൽ ഇവർ പറയുന്ന ആഴമില്ല. അത് ഞങ്ങൾ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഡോക്യുമെന്റഷനിൽ ഇവിടുത്തെ പൊതുസമൂഹത്തിന് വിശ്വാസമില്ലെങ്കിൽ കേരളാ സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെയും, സി.എം.എഫ്.ആർ.ഐയുടെയും ഡോക്യുമെന്റേഷൻ ഉണ്ട്. അതുകൂടാതെ പല സ്വകാര്യ ഏജൻസികളും പഠനം നടത്തിയിട്ടുണ്ട്. അതിൽ എല്ലാം പദ്ധതി മേഖലയിൽ ഒരേ ആഴമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖ പ്രദേശത്തിനോട് ചേർന്ന ക്ലിഫിലെ തീരശോഷണം. 2013ലെ ചിത്രം. ഈ പ്രദേശത്ത് തീരശോഷണമില്ല എന്നാണ് പരിസ്ഥിതി ആഘാത പഠനത്തിൽ പറഞ്ഞിരുന്നത്. കടപ്പാട്: jps report

കപ്പൽ ചാലിനോടുള്ള അടുപ്പം ഇവർ പറയുമ്പോൾ മറ്റൊരു അടുപ്പം നമ്മൾ പറയേണ്ടതുണ്ട്. അതിന്റെ കാര്യത്തിൽ പൊതുസമൂഹം അത്ര ബോധവാന്മാരല്ല. അത് വാഡ്ജ് ബാങ്കിനോടുള്ള അടുപ്പമാണ്. വാഡ്ജ് ബാങ്ക് എന്ന് പറയുന്നത് പശ്ചിമഘട്ടം നമ്മൾ സംരക്ഷിച്ച് നിർത്തുന്നതുപോലെ സംരക്ഷിക്കേണ്ട, ശ്രീലങ്കയും, കന്യാകുമാരിയും, തിരുവനന്തപുരത്തെയും കടൽത്തീരം വരുന്ന ഒരു മേഖലയാണ്. അതിന്റെ ഒരു തുടർച്ചയാണ് വിഴിഞ്ഞത്തുള്ളത്. അപ്പോൾ വിഴിഞ്ഞത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് വാഡ്ജ് ബാങ്കിനോടുള്ള അടുപ്പമാണ്. ഈ മേഖലയിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്ന പ്രധാന ഇടമാണ് വാഡ്ജ് ബാങ്ക്. അതിൽ നിന്ന് വരുന്ന പോഷകങ്ങൾ, ഫൈറ്റോപ്ലാങ്ക്റ്റൻസ്, മറ്റു ജീവജാലങ്ങൾ എന്നിവയാണ് ഈ മേഖലയെ സമ്പന്നമാക്കുന്നത്. 200 ൽ അധികം അപൂർവമായ മത്സ്യങ്ങളുടെയും 60 ൽ അധികം സമുദ്ര അലങ്കാര മത്സ്യങ്ങളുടെയും ആവാസ സ്ഥലവും പ്രജനന കേന്ദ്രവുമാണിത്. സമുദ്ര ജീവജാല സമ്പത്തിന്റെ, ജൈവവൈവിധ്യത്തിന്റെ അപൂർവ്വതകളിൽ ഒന്നായ ഇത്തരം മേഖലകൾ ഭൂമിയിലാകെ ഉള്ളത് 50 എണ്ണം മാത്രം എന്നത് ചില പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ധാരാളം പഠനങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. വാഡ്ജ് ബാങ്കിന്റെ സ്വാധീനം കാരണമാണ് കേരളത്തിന്റെ പടിഞ്ഞാറൻ തീരം മത്തി, ചൂര, സ്രാവ് തുടങ്ങിയ നിരവധി മത്സ്യങ്ങളുടെ വറ്റാത്ത കലവറയായി ഇത്രകാലം നിലകൊണ്ടത്. നമ്മുടെ പടിഞ്ഞാറൻ തീരത്തെ മത്സ്യസമ്പത്തും വരുംകാലങ്ങളിലെ അതിന്റെ ലഭ്യതയും ഈ വാഡ്ജ് ബാങ്കിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

മൂന്നാമത്തെ വാദം സിൽറ്റേഷൻ (മണൽ അടിയൽ) ഉണ്ടാവുകയില്ല എന്നതായിരുന്നു. അതിനാൽ ഡ്രെഡ്ജിങ് വേണ്ടി വരില്ല എന്നും അവകാശപ്പെട്ടിരുന്നു. അവിടെ നിന്നുമെടുത്ത അണ്ടർവാട്ടർ വിഡിയോസിലെല്ലാം സിൽറ്റേഷൻ ഉള്ളതായി കാണാം. അതുകൊണ്ട് പദ്ധതിക്കുവേണ്ടി ക്യാപിറ്റൽ ഡ്രെഡ്ജിങ് എന്തായാലും വേണ്ടി വരും. ഇപ്പോൾ പദ്ധതിപ്രദേശത്ത് ലാൻഡ് റിക്ലമേഷന് വേണ്ടിയുള്ള ഡ്രെഡ്ജിങ് ആണ് നടക്കുന്നത്. ഭാവിയിൽ മണൽ അടിയും എന്നതിനാൽ കപ്പൽ ചാലിന് ആഴം സ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഡ്രെഡ്ജിങ് ഇവിടെ നിർബന്ധമായും നടത്തേണ്ടിവരും. സിൽറ്റേഷൻ നടക്കുന്നു എന്നതിന് മറ്റൊരു തെളിവാണ് വിഴിഞ്ഞം ഹാർബറിനും, വിഴിഞ്ഞം പുലിമുട്ടിനുമിടയിലും അടിയുന്ന മണൽ. സിൽറ്റേഷൻ ഉള്ളതുകൊണ്ട് മണൽ ഇവിടെ വന്നടിയുന്നതാണ്. ആഴത്തിന്റെ വാദം, സിൽറ്റേഷൻ ഇല്ല എന്നുള്ള വാദം, കണ്ടെയ്‌നർ പോർട്ടിന് ഉചിതമായ സ്ഥലമാണെന്നുള്ള വാദം എന്നിവയൊന്നും നിലനിൽക്കുന്നതല്ല.

നൂറ് വർഷത്തേക്ക് പദ്ധതിയെ ചുഴലിക്കാറ്റുകൾ ഒന്നും ബാധിക്കില്ല എന്നാണ് പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് പറഞ്ഞിരുന്നത്. എന്നാൽ ഓഖി തുറമുഖ നിർമ്മാണത്തെ സാരമായി ബാധിച്ചില്ലേ? 650 മീറ്റർ ഉണ്ടായിരുന്ന പുലിമുട്ടാണല്ലോ ഓഖിയിലുണ്ടായ നാശം കാരണം 350 മീറ്റർ ആയി കുറഞ്ഞത്? കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ ഈ തുറമുഖത്തിന് സാധിക്കുകയില്ല എന്നതാണ് മറ്റൊരു വസ്തുത. കാലാവസ്ഥയെ നിയന്ത്രിക്കുന്ന ജൈവ പരിസ്ഥിതിയെ ഇല്ലാതാക്കിക്കൊണ്ടാണ് പോർട്ട് നിർമ്മാണം നടക്കുന്നത്. അത് മാത്രമല്ല ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ചുഴലിക്കാറ്റുകളും ഇവിടെ ബാധിച്ചു. വിഴിഞ്ഞം എന്ന സ്ഥലത്തെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിൽ പോർട്ട് നടത്തിപ്പുകാർക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കാം എന്നതിനെ കുറിച്ചുള്ള കൃത്യമായ പഠനമോ, ഡോക്യുമെന്റേഷനോ വിസിൽ നടത്തിയിട്ടില്ല. പോർട്ട് പദ്ധതി വിജയിക്കാൻ സാധ്യതയുള്ള ഒരു സ്ഥലമല്ല വിഴിഞ്ഞം എന്നത് വ്യക്തമാണ്.

പദ്ധതിയെ അനുകൂലിക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്ന ഒരു വാദമാണ് തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമല്ല, കാലാവസ്ഥാ വ്യതിയാനമാണ് എന്നത്. എന്നാൽ ഓഖി പോലുള്ള ചുഴലിക്കാറ്റുകളല്ല, ഉയർന്നതും ഹ്രസ്വ കാലത്തേക്കുമുള്ള തിരമാലകളാണ് ഈ മേഖലയിൽ മൺസൂൺ മാസങ്ങളിലെ തീരശോഷണത്തിനും വീടുകളുടെ നാശത്തിനും ഇടവരുത്തുന്നതെന്നും അതിന് തുറമുഖ നിർമ്മാണവുമായി ബന്ധമുണ്ടെന്നുമാണ് പഠന സമിതി കണ്ടെത്തിയിട്ടുള്ളത്. ഇതെങ്ങനെയാണെന്ന് വിശദമാക്കാമോ?

തിരുവനന്തപുരത്തെ തീരക്കടലിന്റെ പ്രത്യേകതകൾ നാം മനസിലാക്കേണ്ടതുണ്ട്. അവിടെയാണ് കാലാവസ്ഥാ വ്യതിയാനം എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് നമ്മൾ മനസിലാക്കേണ്ടത്. മൂന്നു മാസം നിലനിൽക്കുന്ന മൺസൂണിന്റെ ഡയനാമിക്സ് വളരെ അധികം ബാധിക്കുന്ന ഒരു സ്ഥലമാണ് തിരുവനന്തപുരം തീരക്കടൽ. ഇപ്പോൾ മൺസൂൺ ദുർബലമായിക്കോണ്ടിരിക്കുകയാണ് എന്നത് വസ്തുതതയാണ്. മൺസൂൺ എന്നാൽ നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് പോലെ മഴയല്ല, അതൊരു കടൽ അവസ്ഥയാണ്. മൺസൂണിന്റെ സമയത്താണ്, ചുഴലിക്കാറ്റ് ഒഴിച്ചുള്ള സമയങ്ങളിൽ ഏറ്റവും വേഗതയിൽ കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള കാറ്റിൻ്റെ വേഗതയും അതിൻ്റെ തീരത്തെ ഇംപാക്ടും ഏറ്റവും കൂടിയത് 7 ദിവസം മാത്രമാണ്. എന്നാൽ മൺസൂൺ കാറ്റിൻ്റെ ഇംപാക്ട് മാസങ്ങൾ നീണ്ടു നിൽക്കുന്നതാണ്. ആ മൺസൂൺ സമയത്താണ് മണലിന്റെ സഞ്ചാരം ഏറ്റവും ശക്തമായിരിക്കുക. അതുപോലെ തന്നെ ഒഴുക്കിന്റെ ഗതിയും, ശക്തിയും ഈ സമയത്തു വ്യത്യസ്തമായിരിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ മൺസൂൺ പ്രതിഭാസങ്ങൾ ബാധിക്കുന്ന ഒരു ജില്ലയാണ് തിരുവനന്തപുരം ജില്ല. തിരുവനന്തപുരം ജില്ലയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടൽ കയറി വരുന്നത് സ്വെൽ വേവ്സ് എന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ്. തിരുവനന്തപുരത്ത് ഉണ്ടായിരിക്കുന്ന തീരശോഷണത്തിന്റെ കാര്യമെടുത്താൽ അത് ചുഴലിക്കാറ്റുകളുമായല്ല ബന്ധപ്പെട്ടിരിക്കുന്നത്. ശംഖുമുഖത്തെ റോഡ് വിഴിഞ്ഞം പോർട്ട് നിർമ്മാണത്തിന് ശേഷം ആദ്യമായി തകരുന്നത് 2018 ഏപ്രിൽ 28 നാണ്. അത് ചുഴലിക്കാറ്റിന്റെ സമയത്തല്ല സംഭവിച്ചത്, മറിച്ച് സ്വെൽ വേവിന്റെ സമയത്താണ്. സ്വെൽ വേവ്സ് ഇവിടെ സാധാരണമാണ്, എന്നാൽ ഇപ്പോൾ അതിനെ താങ്ങാൻ തീരത്തിന് കഴിയുന്നില്ല. മൺസൂണും, സ്വെൽ വേവ്‌സും ഇവിടെ സാധാരണയായുള്ള പ്രതിഭാസങ്ങളാണ്. ഈ സാധാരണ കാലാവസ്ഥയിലാണ് ഏറ്റവും കൂടുതൽ തീരം പോയിരിക്കുന്നത്.

ഓഖി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂന്ന് ദിവസം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഓഖിയിൽ നഷ്ടപ്പെട്ട വീടുകളുടെ എണ്ണം കുറവാണ്. ഓഖിയുടെ സമയത്ത്, നേരത്തെ തീരം ശോഷിച്ച ഇടങ്ങളിലേക്ക് കടൽ അധികമായി കേറിയെന്നേയുള്ളു. അല്ലാതെ ഓഖി മാത്രമായി വീടുകൾ നശിപ്പിച്ചിട്ടില്ല. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ, ചുഴലികളെ, ഇവിടുത്തെ തീരശോഷണവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഇന്ത്യയിലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ ആഗമനം അടയാളപ്പെടുത്തുന്നത് തന്നെ തിരുവനന്തപുരത്തെ പ്രത്യേകതകൾ വച്ചിട്ടാണ്. പക്ഷേ പോർട്ട് അനുകൂലികൾ ഇത് കൃത്യമായി പഠിക്കാതെ ഒളിച്ചുകളി നടത്തുകയാണ് ചെയ്തത്.

വലിയതുറയിലെ തീരശോഷണം. കടപ്പാട്: jps report

ഇതെങ്ങനെയാണ് വിഴിഞ്ഞം അന്താരഷ്ട്ര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

വിഴിഞ്ഞം പോർട്ടിന്റെ വടക്ക് വശങ്ങളിൽ മാത്രമാണ് തീരശോഷണം കൂടുതലായി കാണുന്നത്. എന്നാൽ പോർട്ട് ആഘാതം ചെലുത്താത്ത തുമ്പ, പുത്തൻതോപ്പ് പ്രദേശങ്ങളിൽ തീരം സ്ഥിരമാണ്. പോർട്ട് നിർമ്മാണത്തിന്റെ ആഘാതമുള്ള സ്ഥലങ്ങളിലാണ് നേരത്തെ സൂചിപ്പിച്ച സാധാരണ നിലയിലുള്ള കോസ്റ്റൽ ഡയനാമിക്സിന്റെ ഭാഗമായി കൂടുതൽ തീരം നഷ്ടപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം പദ്ധതി നിലവിൽ വരുന്നതിന് മുൻപ് തന്നെ വിഴിഞ്ഞത്തിന് വടക്കുള്ള പനത്തുറ, പൂന്തുറ, ബീമാപ്പിളളി, വലിയതുറ, ശങ്കുമുഖം എന്നീ പ്രദേശങ്ങളെ തീരശോഷണം ബാധിച്ചിരുന്നു എന്ന് പഠനങ്ങളുണ്ട്. എന്നാൽ പദ്ധതിയുടെ നിർമ്മാണം തുടങ്ങിയതിനു ശേഷം ഈ പ്രദേശങ്ങളിൽ മൺസൂൺ സമയത്തുള്ള തീരശോഷണം വ്യാപകമായി വർധിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നു. 2015 ന് മുമ്പ്, തീരശോഷണം പ്രധാനമായും പനത്തുറ, പൂന്തുറ, ബീമാപള്ളി തുടങ്ങിയ പ്രദേശങ്ങളെയാണ് ബാധിച്ചിരുന്നതെങ്കിൽ തുറമുഖനിർമാണത്തിന് ശേഷം വലിയതുറ, കൊച്ചുതോപ്പ്, കണ്ണാന്തുറ , വെട്ടുകാട്, വേളി തുടങ്ങിയ പ്രദേശങ്ങളെയും തീരശോഷണം ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. തുറമുഖ നിർമാണത്തിന് മുൻപ് നഷ്ടപ്പെട്ട വീടുകളുടെ എണ്ണവും കുറവായിരുന്നു. എന്നാൽ തുറമുഖ നിർമ്മാണം പുരോഗമിക്കുമ്പോൾ പൂർണമായും കടലെടുക്കുന്ന വീടുകളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. 289 വീടുകളാണ് തുറമുഖ നിർമ്മാണം തുടങ്ങിയതിനു ശേഷം നഷ്ടമായത്. കാലാവസ്ഥാ വ്യതിയാനമാണ് തീരശോഷണത്തിന്റെ പ്രധാന കാരണം എങ്കിൽ അത് തിരുവനന്തപുരത്തെ 78 മീറ്റർ നീളമുള്ള മുഴുവൻ തീരത്തും പ്രതിഫലിക്കുമായിരുന്നു. എന്നാൽ തിരുവനന്തപുരത്തെ മരിയനാട്, പുതുക്കുറിച്ചി, സെൻ്റ് ആൻഡ്രൂസ് മേഖലകളിലും അടിമലത്തുറ മുതൽ പുതിയതുറ വരെയുള്ള മേഖലകളെയും വർദ്ധിതമായ രീതിയിൽ തീരശോഷണം ബാധിച്ചിട്ടില്ല.

തുറമുഖ നിർമ്മാണം പുരോഗമിക്കുമ്പോൾ പൂർണമായും കടലെടുക്കുന്ന വീടുകളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. 289 വീടുകളാണ് തുറമുഖ നിർമ്മാണം തുടങ്ങിയതിന് ശേഷം നഷ്ടമായത്. കടപ്പാട്: jps report

തീരദേശ റിട്രീറ്റ് എന്ന ആശയം ജനകീയ പഠന സമിതി മുന്നോട്ടു വെക്കുന്നുണ്ട്. കേരളത്തിലെ ശോഷിച്ചുകൊണ്ടിരിക്കുന്ന തീരത്തിനെ സംബന്ധിച്ച് അത് ആവശ്യമായിരിക്കാം. എന്നാൽ തിരുവന്തപുരത്തെ കാര്യം തന്നെ നോക്കിയാൽ തീരമുള്ള പ്രദേശങ്ങൾ അദാനിയും, മറ്റ് വൻകിട സ്വകാര്യ കമ്പനികളും സ്വന്തമാക്കുന്നതായി കാണാം. അതുപോലെ തന്നെ സർക്കാർ തീരദേശ ഹൈവേ പ്രോജക്ടിന്റെ ഭാഗമായും മത്സ്യത്തൊഴിലാളികളോട് ഭൂമി വിട്ടുകൊടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. സർക്കാരിന്റെ തന്നെ പുനർഗേഹം പദ്ധതി തീരശോഷണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മൽസ്യത്തൊഴിലാളികളോട് ഒഴിയാൻ നിർദേശം നൽകുന്നത്. പുനർഗേഹം പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ റിട്രീറ്റ് എന്നതുകൊണ്ട് എന്താണ് സമിതി ഉദ്ദേശിക്കുന്നത്? ഇതെങ്ങനെയാണ് സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്?

തീരദേശ റിട്രീറ്റ് എന്ന് ഉദ്ദേശിക്കുന്നത് കടലിന്റെ നാച്ചുറൽ ഡയനാമിക്സിനുള്ള പ്രദേശം വിട്ടുകൊടുത്തിട്ട് പിന്നോട്ട് മാറുക എന്നുള്ളതാണ്. മത്സ്യത്തൊഴിലാളി സമൂഹം മുഴുവൻ തീരത്തു നിന്ന് മാറുക എന്നല്ല ഇതിന്റെ അർഥം. സമുദായത്തിന്റെ അധികാരത്തിന് കീഴിലായി ഈ ഒഴിയുന്ന ഭൂമി നിലനിർത്തികൊണ്ട് തൊഴിലിന്റെ ആവശ്യങ്ങൾക്കായി ഈ ഭൂമി ഉപയോഗപ്പെടുത്താനും സാധിക്കും. മത്സ്യബന്ധനയാനങ്ങൾ വയ്ക്കാനും, ചെറിയ രീതിയിലുള്ള മത്സ്യവില്പന നടത്താനും ഈ ഭൂമി ഉപയോഗിക്കാം. തൊഴിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും, സാംസ്കാരികമായ പ്രവർത്തങ്ങൾക്കും തീരം ഉപയോഗിക്കാം. വീട് വയ്ക്കാൻ ഈ സ്ഥലം ഉപയോഗിക്കാതിരിക്കുക എന്ന നിർദേശമാണ് റിട്രീറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കടലിൽ നിന്നും 50 മീറ്റർ ഒഴിച്ചിടുക എന്നതാണ് ഞങ്ങളുടെ സമിതിയുടെ നിർദേശം. സർക്കാർ ഈ ഭൂമി ഏറ്റെടുക്കാതെ ഇതിനെ ഒരു മത്സ്യത്തൊഴിലാളി സമുദായ നിയന്ത്രണത്തിലുള്ള ഭൂമിയാക്കി മാറ്റണം.

തുറമുഖ ‌പദ്ധതിക്കെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം. കടപ്പാട്: jps report

ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഇക്കോസിസ്റ്റം പുനഃസ്ഥാപനത്തിന്റെ ദശാബ്ദവും, സുസ്ഥിരവികസനത്തിനായുള്ള സമുദ്രശാസ്ത്രത്തിന്റെ വർഷവും ആചരിക്കുന്നതിനെ കുറിച്ച് ജനകീയ പഠന സമിതിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടല്ലോ. ദുർബല ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും, പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇതിലൂടെ ബാധ്യസ്ഥരുമാണ്. എന്നാൽ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ബ്ലൂ ഇക്കോണമി നയം ഇത്തരം നീക്കങ്ങൾക്ക് വിരുദ്ധമായി സമുദ്രവിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമാണ്. ഐക്യരാഷ്ട്ര സഭയുടെ ഇത്തരത്തിലുള്ള നയങ്ങൾക്ക് വിരുദ്ധമായല്ലേ ഇവിടെ പദ്ധതികൾ ആവിഷ്കരിക്കുന്നതും നടപ്പിലാകുന്നതും? വിഴിഞ്ഞം പോർട്ട് എങ്ങനെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഈ ശ്രമങ്ങൾക്ക് എതിരാകുന്നത്?

ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിന്റെ ദശാബ്ദമായി 2021 മുതൽ 2030 വരെ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നഷ്ടപ്പെട്ടുപോയ ജീവജാലങ്ങളെ തിരിച്ചുപിടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏറെ സവിശേഷതയുള്ള വിഴിഞ്ഞത്തെ ജൈവവൈവിധ്യം നശിപ്പിക്കപ്പെടുമോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. നശിപ്പിക്കപ്പെട്ട ഇത്തരം ജൈവ ഇടങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന ഉടമ്പടിയിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഒപ്പുവച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ 2018 മുതൽ 2028 വരെയുള്ള വർഷങ്ങൾ ഐക്യരാഷ്ട്ര സഭ വാട്ടർ ആക്ഷൻ ദശാബ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ പ്രധാനമായ ഒന്ന് ജലത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുക എന്നതാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ജലത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ജീവികളെയായാണ് പദ്ധതി ഇല്ലാതാക്കുന്നത്. പോർട്ട് എന്ന രീതിയിൽ ഈ നിർമ്മാണം മുന്നോട്ടുപോകുകയാണെങ്കിൽ ഉണ്ടാകുന്ന എണ്ണ മൂലമുള്ള മലിനീകരണവും ജലത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കുന്നതാണ്. പദ്ധതിക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ആഘാത പഠനം ഇത്തരം കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ നടന്നതിനാൽ, ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് ഈ പദ്ധതി മുന്നോട്ടുപോകുമെന്ന് നമുക്ക്‌ വിശ്വസിക്കുക സാധ്യമല്ല. അതുപോലെതന്നെ സുസ്ഥിര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ സമുദ്ര ശാസ്ത്രത്തിന്റെ ദശകം (2021-2030) കൂടിയാണിത്. “We need a science for the ocean we want” എന്നതാണ് ഇതിന്റെ ആപ്തവാക്യം തന്നെ. കടലിനെ സുസ്ഥിരമായി ഉപയോഗിക്കുന്ന ഒരു സയൻസാണ് നമുക്ക് വേണ്ടതെന്നാണ് യു.എൻ പറയുന്നത്. പരിസ്ഥിതി സംരക്ഷണം, അസമത്വം ഇല്ലാതാക്കുക, സാമ്പത്തിക വളർച്ച എന്നിവയാണ് ഈ നയത്തിന്റെ പ്രധാന ഭാഗങ്ങൾ. നിർഭാഗ്യവശാൽ ഇന്ത്യയിലെ സർക്കാർ ഈ മൂന്നു കാര്യങ്ങളിൽ പ്രാധാന്യം നൽകുന്നത് സാമ്പത്തിക വളർച്ച എന്ന ഘടകത്തിൽ മാത്രമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ബ്ലൂ എക്കണോമി നയം വരുന്നത്. ലോകത്തെ മറ്റു പല രാജ്യങ്ങളും സമുദ്രനയരൂപീകരണത്തിൽ ഈ മൂന്ന് ഘടകങ്ങളും സംന്തുലിതമായി കൊണ്ടുപോകുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ ഇടയിൽ വികസനത്തിന്റെ കാര്യത്തിലുള്ള അസമത്വം ഇല്ലാതാക്കുക എന്നീ ഭാഗങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന രാജ്യങ്ങളുമുണ്ട്. കാനഡ അത്തരത്തിലുള്ള നയം നടപ്പിലാക്കിയ രാജ്യമാണ്. പീപ്പിൾ ഓവർ പ്രോഫിറ്റ് എന്ന തരത്തിൽ പരിസ്ഥിതിക്കും, ജനങ്ങൾക്കും കൂടുതൽ പ്രാമുഖ്യം നൽകി നയരൂപീകരണം നടത്തിയ അമേരിക്കയിലെ പല സംസ്ഥാനങ്ങളുമുണ്ട്. എന്നാൽ ഇന്ത്യ മുഖ്യ പരിഗണന നൽകിയിരിക്കുന്നത് സാമ്പത്തിക വളർച്ച അല്ലങ്കിൽ ലാഭം എന്ന മേഖലയിലാണ്. പരിസ്ഥിതി സംരക്ഷണം എന്ന മേഖല കൈവിട്ടുകൊണ്ടാണ് ഇന്ത്യ നീല സമ്പദ്‌വ്യവസ്ഥ എന്ന നയം സ്വീകരിച്ചിരിക്കുന്നത്. ബ്ലൂ ഇക്കോണമി എന്ന ആശയം വികസിച്ചു വന്നത് കടലിലെ വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് എല്ലാവർക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കത്തക്ക വിധത്തിൽ ഉപയോഗിക്കുക എന്നുള്ള രീതിയിലാണ്. സമുദ്ര വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്ന നിലയിലാണ് ആദ്യ ഘട്ടത്തിൽ ഈ നയം വിഭാവനം ചെയ്തിരുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമുദ്ര വിഭവങ്ങളുടെ ചൂഷണം എന്ന നിലയിലാണ് ഇതിനെ വ്യാഖ്യാനിച്ചത്. ഖനനത്തിലൂടെ ധാതുക്കൾ എടുക്കാൻ കഴിയുമോ, പോർട്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമോ, എന്നതൊക്കെയാണ് ഇന്ത്യയുടെ താല്പര്യം. മാത്രമല്ല എക്കണോമിയെ ഒരു മുഖ്യ ഘടകമായി എടുക്കുമ്പോൾ പോലും അത് ഒന്നോ രണ്ടോ സ്വകാര്യ കമ്പനികളുടെ താല്പര്യത്തിനനുസരിച്ചാണ് പോകുന്നത്. അദാനിയെ പോലുള്ള സ്വകാര്യ കമ്പനികൾക്ക് കൂടുതൽ പൊതുവിഭവങ്ങൾ നൽകുന്ന തരത്തിൽ, പൊതു വിഭങ്ങളെ സ്വകാര്യവത്കരിക്കുന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. അത് യു.എൻ പറയുന്ന ബ്ലൂ എക്കണോമിയല്ല, യു.എൻ പറയുന്ന സുസ്ഥിര വികസനമല്ല, മാത്രമല്ല ഇന്ത്യ തന്നെ ഒപ്പുവച്ചിരിക്കുന്ന സമുദ്രവിഭവങ്ങളുടെ സുസ്ഥിര വികസനം എന്ന നയത്തിന് എതിരുമാണ്. പ്രകൃതി വിഭവങ്ങളെ എങ്ങനെ ചൂഷണം ചെയാം എന്ന രീതിയിലാണ് ഇവിടെ ശാസ്ത്രം പഠിക്കുന്നതും, പ്രയോഗിക്കപ്പെടുന്നതും. ഇത് യു.എന്നിന്റെ നയങ്ങൾക്കെതിരാണ്. യു.എൻ പറയുന്നത് സമുദ്രത്തെ സംരക്ഷിച്ചുകൊണ്ടുള്ള ശാസ്ത്രമാണ് നമുക്ക് വേണ്ടത് എന്നാണ്. എന്നാൽ ഇവിടെ കയറ്റുമതി ലക്ഷ്യമാക്കിയാണ് സയൻസ് പ്രവർത്തിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട്, 2023 ജൂൺ 3ലെ ചിത്രം. കടപ്പാട്: jps report

നേരത്തെ സൂചിപ്പിച്ച തരത്തിൽ ‘പീപ്പിൾ ഓവർ പ്രോഫിറ്റ്’ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് സമുദ്ര നയം സ്വീകരിച്ച മറ്റു രാജ്യങ്ങളുടെ മാതൃക വിശദമാക്കാമോ?

കാനഡയിൽ ഇത്തരത്തിലുള്ള മാതൃകകളുണ്ട്‌. കേരളത്തിൽ തിരുവനന്തപുരത്തെ തീരദേശ സമൂഹം ഒരു തദ്ദേശീയ സമൂഹമാണ്. ഐക്യരാഷ്ട്ര സഭയുടെ നിർവചനം അടിസ്ഥാനമാക്കി തന്നെ വനത്തിലെ ആദിവാസികളെ പോലെ തന്നെ കടലോരത്തെ ആദിമ സമൂഹമാണ് ഇവർ. അങ്ങനെയുള്ള സമൂഹങ്ങളുടെ നേതൃത്വത്തിൽ തന്നെ കാനഡയിൽ റിന്യൂവൽ എനർജി പ്രൊജെക്ടുകൾ ചെയ്യുന്നുണ്ട്. ഈ പ്രൊജെക്ടുകൾ കമ്മ്യൂണിറ്റി ബേസ്ഡ് ആയി ചെയ്യുന്ന കാനഡയിലെ നിരവധി പ്രവിശ്യകളുണ്ട്. കാറ്റ്, തിരമാല, സൂര്യപ്രകാശം എന്നിവയിൽ നിന്നും ഊർജം ഉല്പ്പാദിപ്പിക്കുന്ന പദ്ധതികളാണിവ. പോർട്ടുകൾ തന്നെ എണ്ണയും, മറ്റ് ഖനിജ ഇന്ധനങ്ങളും കൈമാറ്റം ചെയ്യാനാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ലോകം മൊത്തം റിന്യൂവബിൾ എനർജിയിലേക്ക് മാറുകയാണ്. അപ്പോൾ പിന്നെ പോർട്ടിന്റെ ആവശ്യം എന്താണെന്നുള്ള ചോദ്യവും ഇവ മുന്നോട്ടുവെക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലും, അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഇത്തരം പ്രൊജെക്ടുകളുണ്ട്. ഇതെല്ലം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അത്തരം ഒരു മുന്നേറ്റമാണ് യഥാർത്ഥത്തിൽ സുസ്ഥിരമായ ബ്ലൂ ഇക്കോണമി.

ഈ റിപ്പോർട്ട് പദ്ധതിയുടെ ആഘാതങ്ങൾ കൃത്യമായി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ടിന്റെ അടുത്ത പടിയെന്താണ്? സർക്കാർ സംവിധാങ്ങളുമായുള്ള ഇടപെടലിനെ സമിതി എങ്ങനെയാണ് കാണുന്നത്?

ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് സമരസമിതിക്കുവേണ്ടിയാണ്. സമരസമിതിക്ക് മുന്നൊരുക്കങ്ങൾ നടത്താൻ ഈ പഠനം സഹായകമാകും. കാലാവസ്ഥാ വ്യതിയാനം കാരണമാണ് തീരശോഷണം ഉണ്ടാകുന്നത് എന്ന് പറയുന്നവരോട് തിരുത്തി അങ്ങനെയല്ല എന്ന് പറയാൻ ഈ റിപ്പോർട്ട് സമരസമിതിയെ സഹായിക്കും. തുറമുഖ നിർമാണം കൊണ്ടാണ് തീരശോഷണം പോലുള്ള ആഘാതങ്ങൾ ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കാൻ റിപ്പോർട്ട് സഹായകമാകും. പദ്ധതിയുടെ ആഘാതങ്ങൾ പുറത്തുകൊണ്ടുവരികയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത്തരത്തിൽ സമരസമിതിയുടെ നിർദേശ പ്രകാരം തയ്യാറാക്കപ്പെട്ട ഒരു റിപ്പോർട്ടായതിനാൽ ഇതിന്റെ അടുത്ത ഘട്ടം അവർ തീരുമാനിക്കും. ജനകീയ പഠന സമിതിയുടെ പഠനം UNESCO – IOC (International Oceanic Commission) മാനദണ്ഡപ്രകാരമുള്ള ഒരു trustworthy ocean science ആണ്. Evidence based ആണ്. അങ്ങനെയുള്ള സമുദ്ര ശാസ്ത്ര പഠനങ്ങൾക്ക് ഇത് ഒരു മുതൽക്കൂട്ട് ആകും.

പഠന സമിതി അം​ഗങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ VISL അധികൃതരുമായി ബന്ധപ്പെട്ടിരുന്നോ? അവരുടെ പ്രതികരണം എന്തായിരുന്നു?

പല തവണ വിസിലുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പോർട്ട് നിർമാണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അനുവാദവും തേടിയിരുന്നു. അവിടെ ചെന്ന് തെളിവെടുപ്പ് നടത്താനും ശ്രമിച്ചിരുന്നു. എന്നാൽ അവർ അതിന് അനുവാദം നൽകിയില്ല. ഇതിനെല്ലാം സർക്കാരിന്റെ ഓർഡർ വേണമെന്നാണ് അവരുടെ വാദം. എന്നാൽ വിസിലിന് പലതും മറച്ചുവക്കാനുള്ളതുകൊണ്ടാവാം അവർ അനുവാദം നൽകാത്തത്.

മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനെതിരെ നടത്തിയ 140 ദിവസം നീണ്ടുനിന്ന സമരത്തിന് ശേഷം സർക്കാർ ഈ പ്രശ്നങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നല്ലോ. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നോ?

സർക്കാർ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇടക്കാല റിപ്പോർട്ട് ഉടനെ നൽകുമെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ ഈ പഠനത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ഈ കമ്മിറ്റിയിൽ തെളിവ് നല്കാൻ ഞാൻ പോയിരുന്നു. സർക്കാർ സമിതിയുടെ അധ്യക്ഷൻ മുൻപ് ഈ പോർട്ടിനെതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ്. അത് ഞങ്ങൾ പുറത്തിറക്കിയ റിപ്പോട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹവുമായി സംസാരിച്ചതിൽ നിന്നും ഞാൻ മനസിലാക്കിയത്, പോർട്ട് ഉണ്ടാക്കുന്ന ആഘാതങ്ങൾ പഠിക്കാതെ പുനരധിവാസം എന്നതിന് പ്രാധാന്യം നൽകിയായിരിക്കും റിപ്പോർട്ട് പുറത്തുവരിക എന്നാണ്. തീരശോഷണം പോർട്ട് നിർമാണം മൂലം സംഭവിച്ചോ എന്ന് അവർ പഠിക്കാൻ സാധ്യതയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

വലിയതുറയിലെ തീരശോഷണം. കടപ്പാട്: jps report

പദ്ധതി നിർത്തി വെക്കണമെന്ന് ജനകീയ പഠന സമിതി ആവശ്യപ്പെടുന്നുണ്ടോ? പദ്ധതി നിലനില്കുമ്പോൾ തന്നെ മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള ആഘാതങ്ങൾ കുറക്കുക എന്നതാണോ റിപ്പോർട്ട് ലക്ഷ്യം വയ്ക്കുന്നത്?

തീർച്ചയായും അല്ല. ഈ റിപ്പോർട്ട് പറയുന്നത് വിഴിഞ്ഞം പോർട്ട് നിർമ്മാണം നടക്കുന്ന സ്ഥലം പോർട്ട് നിർമ്മാണത്തിന് അനുയോജ്യമല്ല എന്നാണ്. അതിനോടൊപ്പം ഈ പ്രദേശം മറൈൻ പ്രൊട്ടക്ടഡ് ഏരിയ ആയി പ്രഖ്യാപിക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

ഡോ. ജോൺസൻ ജമന്റ്

അങ്ങനെയാണെങ്കിൽ വിഴിഞ്ഞം പോർട്ട് പദ്ധതി നിർത്തേണ്ടി വരില്ലേ? അത് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ടോ?

ഞങ്ങൾ പഠിച്ചിരിക്കുന്നത് ഈ പോർട്ട് പദ്ധതി എങ്ങനെ നിലവിൽ വന്നു, ഇതിന്റെ ആഘാതങ്ങൾ എന്തെല്ലാമാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. ഞങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പോർട്ട് ഉണ്ടാക്കുന്ന ആഘാതങ്ങൾ മനസിലാക്കി പോർട്ട് നിർമാണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. വിഴിഞ്ഞം പദ്ധതിയുടെ നഷ്ടമെന്താണ്, ലാഭം എന്താണ്, പോർട്ടിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്, ആഘാതങ്ങൾ എന്തെല്ലാമാണ് ഇതെല്ലാം സൂചിപ്പിക്കാനേ പഠനസമിതി എന്ന നിലയിൽ ഞങ്ങൾക്ക് സാധിക്കൂ. ഈ പോർട്ടിന് വേണ്ടി നടത്തിയ പഠനങ്ങൾ തെറ്റായ ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്നും, പഠനത്തിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കണ്ടുപിടിക്കാൻ ജനകീയ പഠന സമിതിക്ക് സാധിച്ചിട്ടുണ്ട്. പഠിക്കേണ്ട ചില ഭാഗങ്ങൾ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പരിഗണിക്കാതിരുന്നതും കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കടൽ പരിസ്ഥിതിയെയും ജൈവ സമ്പത്തിനെയും ഇല്ലാതാക്കിയതിന്, ബീച്ച് നശിപ്പിച്ചതിന്, പാർപ്പിടങ്ങൾ തകർത്തതിനെല്ലാം പോർട്ടിനെതിരെ നിയമാനുസൃതമായ നടപടിയെടുക്കണം എന്ന് വാദിക്കാൻ ഈ റിപ്പോർട്ട് സഹായിക്കും. തെറ്റായ പഠനങ്ങളുടെ അടിസ്ഥാനത്തിലും, തെറ്റായ സ്ഥലത്തുമാണ് ഈ നിർമ്മാണം നടക്കുന്നതെന്നാണ് ഞങ്ങൾ പറയുന്നത്. ഇത്തരം കാര്യങ്ങളിൽ തുടർന്ന് നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read