ഒരു ഭവനമുണ്ടെങ്കിൽ ഒരു സ്റ്റാറെങ്കിലും തൂക്കിയേനെ,
ഒരു ചെറിയ പുൽക്കൂടെങ്കിലും ഒരുക്കിയേനെ

യേശുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന ക്രിസ്തുമസ് രാത്രി വിശ്വാസികൾക്ക് സന്തോഷത്തിന്റെ ഉത്സവരാവാണ്. ദീപമാലകളാൽ അലങ്കരിക്കപ്പെട്ട പുൽക്കൂടുകളും തിളങ്ങുന്ന താരകങ്ങളും തൂങ്ങിയ വീടുകളും ദേവാലയങ്ങളും. പുലരുവോളം നീളുന്ന പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ പള്ളികളിലേക്കൊഴുകിയെത്തുന്ന നേർത്ത തണുപ്പുള്ള രാത്രി. ക്രിസ്തുമസ് അതിന്റെ എല്ലാ ആഘോഷങ്ങളോടെയും ആഹ്ലാദങ്ങളോടെയും ആചരിക്കപ്പെടുന്ന സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങൾ. പ്രത്യേകിച്ച് ലത്തീൻ രൂപതയുടെ ഭാ​ഗമായ ക്രിസ്തുമത വിശ്വാസികൾ ഏറെയുള്ള മത്സ്യത്തൊഴിലാളി ​ഗ്രാമങ്ങൾ. പക്ഷെ ഈ ക്രിസ്തുമസ് രാവ് മുൻകാലങ്ങളിലേത് പോലെയല്ല അവരിൽ പലർക്കും. തീരശോഷണവും കടലാക്രമണവും കാരണം വീട് നഷ്ടമായ മനുഷ്യർ ഈ തീരങ്ങളിൽ ഒരോ വർഷം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, അദാനി ​ഗ്രൂപ്പിന്റെ വാണിജ്യ തുറമുഖ നിർമ്മാണം വിഴിഞ്ഞത്ത് ആരംഭിച്ച ശേഷം തീരശോഷണത്തിന് ആക്കം കൂടിയ സാഹചര്യത്തിൽ. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം പുരോ​ഗമിക്കുന്നതിനൊപ്പം വലിയതുറ, പൂന്തുറ, ശംഖുമുഖം പ്രദേശങ്ങളിൽ വലിയ തോതിൽ വീടുകൾ നഷ്ടമാകാൻ തുടങ്ങി. മത്സ്യത്തൊഴിലാളികൾ ഭവനരഹിതരായി. പലരും ബന്ധുവീടുകളിലും താത്കാലിക ഇടങ്ങളിലും അഭയം തേടി.

നൂറ് വർഷത്തിലേറെ പഴക്കമുള്ള വലിയതുറ സിമന്റ് ​ഗോഡൗൺ

അത്തരത്തിൽ വീട് നഷ്ടപ്പെട്ട ഏറ്റവും കൂടതൽ ആളുകൾ കഴിയുന്ന ഒരു സ്ഥലമാണ് വലിയതുറയിലെ നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുള്ള സിമന്റ് ​ഗോഡൗൺ. ഈ ​ഗോഡൗണിലെ അഭയാർത്ഥികളുടെ പ്രശ്നം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ നടന്ന അതിജീവന സമരം വലിയ രീതിയിൽ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ മുതൽ പ്രായമായവരും രോ​ഗികളും വരെ ഈ ​ഗോഡൗണിനുള്ളിൽ നാല് വർഷത്തിലേറെയായി തിങ്ങിപ്പാർക്കുകയാണ്. ക്രിസ്തുമസ് ആഘോഷപൂർവ്വം കൊണ്ടാടിയിരുന്ന മനുഷ്യരാണ് ഇവരിലേറെയും. എന്നാൽ കുറച്ച് വർഷങ്ങളായി ക്രിസ്തുമസ് ഇവർക്ക് ഒരു ആഘോഷ രാവല്ല. നഷ്ടമായിപ്പോയ വീടിനെയും ബന്ധങ്ങളെയും കുറിച്ചുള്ള നീറുന്ന ഓർമ്മകളുടെ പാതിരാവാണ്. അകലെ കാണുന്ന ആഘോഷങ്ങളുടെ മിന്നിത്തളക്കങ്ങളിലേക്ക് നിരാശയോടെ നോക്കി, ​ഗോഡൗണിലെ ആ അരണ്ടവെട്ടത്തിരുന്ന് അവർ പ്രതികരിച്ചു.

ജെസി, വലിയതുറ

ഇവിടെ ഞങ്ങക്ക് ക്രിസ്മസ് ആഘോഷിക്കാൻ ഒന്നൂല്ല, വയ്യാതെ കെടക്കുന്ന ഹസ്ബന്റാണ്. കയ്യും കാലും തളർന്ന് കെടക്കുന്ന ഹസ്ബന്റും ഞാനും മാത്രമേ ഉള്ളു. അതുകൊണ്ട് ഞങ്ങക്ക് ഒന്നുമില്ല. ഞങ്ങൾ അങ്ങനെ ഇതാ ഇവിടെ ഈ ​ഗോഡൗണിൽ ഇരിക്കുന്നു. ഞങ്ങൾ കുറേക്കാലമായി ഈ ​ഗോഡൗണിൽ തന്നെയാണ്. ഞങ്ങക്ക് വീട് നഷ്ട്ടപ്പെട്ടിട്ടാണ് ഇവിടെ കെടക്കുന്നത്.

ഇവിടെ അടുത്ത് വലിയതുറ പള്ളിയാണല്ലോ… പള്ളീല് പോണം, ഹസ്ബന്റിന് ഗുളികയെല്ലാം കൊടുത്ത് കെടത്തിയിട്ട് പള്ളീ പോവാലോ… മുമ്പ് സെന്റ് സേവിയർ ഇടവകയിലായിരുന്നു ഞങ്ങൾ. അവിടെ ഇപ്പോ അങ്ങനെ പോകാൻ പറ്റാറില്ല. ആ ഇടവകയിലെ പോലെ തന്നെയാ ഇവിടെയും. ചടങ്ങുകളൊക്കെ ഒരുപോലെ തന്നെ. പക്ഷെ ആ ആളുകളെയൊന്നും കാണാൻ പറ്റില്ലല്ലോ. ഞങ്ങടെ ബന്ധുക്കളെയോ, സഹോദരങ്ങളെയോ ആരെയും ഇപ്പോ കാണാൻ പറ്റുന്നില്ല. ആരും ഇപ്പോ ഞങ്ങളുമായിട്ടും അടുക്കാറില്ല. ഞങ്ങള് വീട് നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണിന്റകത്താണല്ലോ കെടക്കുന്നത്. അവരാരും ഒരാവശ്യങ്ങൾക്ക് പോലും ഞങ്ങളെ വിളിക്കാറില്ല. ഞങ്ങള് ഇവിടെ കെടക്കുന്നത് അവർക്ക് ഒരു നാണക്കേടു പോലാരിക്കും. കടല് വീട് കൊണ്ടുപോയില്ലേ…എന്ത് ചെയ്യാൻ…

വലിയതുറ ​ഗോഡൗണിനുള്ളിലെ ജീവിതം

സ്വന്തമായിട്ട് ഒരു ഭവനമുണ്ടെങ്കി നമ്മക്ക്… ഏറ്റവും വലിയ സന്തോഷം അതാണ്. പള്ളിയിൽ പോവാം… ബന്ധുക്കളും എല്ലാരും കൂടിയുള്ള ഒരു സന്തോഷമായിരിക്കും അത്. നമുക്ക് ഇപ്പോ ഒരു ഭവനമില്ലാത്തതിന്റെ ദുഃഖവും ക്രിസ്മസ് ആഘോഷിക്കാൻ പറ്റാത്ത ഒരു ദുഖവും…

നമുക്ക് സ്വന്തമായിട്ട് ഒരു ഭവനമുണ്ടെങ്കിൽ ഒരു സ്റ്റാറെങ്കിലും തൂക്കിയിട്ട്, ഒരു ചെറിയ പുൽക്കൂടെങ്കിലും കെട്ടിയിട്ട് നമ്മള് സന്തോഷിച്ചേനെ. അതിനു പോലും പറ്റാത്ത ദുഖഃമാണ് നമ്മള് ഇവിടെ കെടന്ന് അനുഭവിക്കുന്നത്..

വീട്ടിലായിരുന്നപ്പോ ക്രിസ്മസ് നല്ലൊരാഘോഷമായിരുന്നു. ബന്ധുക്കളും, കടലില് കുളിയും ഒക്കെയായിട്ട് നല്ലൊരാഘോഷം. ആഹാരങ്ങളെല്ലാം വെച്ച് ബന്ധുക്കളെല്ലാം വന്ന് എല്ലാവരും ഒരുമിച്ച് കൂടി കഴിക്കും. അവരൊന്നും ഇപ്പൊ വിളിക്കാറ് കൂടിയില്ല…എന്നാലും എല്ലാരിക്കും ഉള്ളതു പോലെ ക്രിസ്മസ് ഞങ്ങക്കും ഉണ്ടെന്ന് വിചാരിച്ച് ഇങ്ങനെ ഇരിക്കുന്നു, ഇതിന്റകത്താണെങ്കിലും.

ജോഫിയ, വലിയതുറ

പുറത്ത് ഇപ്പോ നല്ല ആഘോഷമായിരിക്കും. നമ്മൾ ഇതിന്റകത്ത് ആഘോഷമില്ല, ഒന്നുമില്ല. നമ്മള് വീട്ടിന്റകത്ത് എങ്ങനെ കഴിഞ്ഞോ അതേപോലെ പറ്റുന്നില്ലല്ലോ. നമ്മടെ വീട്ടിന്റകത്താണെങ്കി നമുക്ക് എല്ലാം ചെയ്യാം, എങ്ങനേം ആഘോഷിക്കാം. പക്ഷെ ഇതിന്റകത്ത് അങ്ങനെ ഒന്നും ഇല്ല. വീട്ടിലാരുന്നെങ്കി കാലത്ത് ആഹാരം വെക്കും, ഉച്ചയ്ക്ക് ബിരിയാണി ഒക്കെ വെക്കും. പിന്നെ കടലി കുളിക്കും. കുളിച്ചു വന്നിട്ട് നമ്മള് ഭക്ഷണം കഴിക്കും പിന്നെ കേക്ക് മുറിക്കും, വൈൻ കുടിക്കും, ഇതൊക്കെയായിരുന്നു…

വലിയതുറ ​ഗോഡൗണിനുള്ളിലെ ജീവിതം

വീട്ടിലാണെങ്കി ഇതൊക്കെ ചെയ്യാല്ലോ. ഇതിനകത്താണെങ്കി ഇതൊന്നും പറ്റൂല്ല… ഇതിനകത്താണെങ്കിൽ ശരിക്കും കുറേ ആളുകളുണ്ട്. ഒന്നിനും ഒരു സൗകര്യവുമില്ല. എല്ലാം കുറവ്. ഉണ്ടാക്കാൻ തന്നെ പാട്, ഉണ്ടാക്കിയാ തന്നെ നമ്മള് എവിടെ കൊണ്ട് വെക്കും? കാക്കയുടെ ശല്യം ആയിട്ട് പറ്റൂല. ഭക്ഷണോണ്ടാക്കി വെക്കുമ്പോ എലികള് വന്ന് അല്ലെങ്കി കാക്കകള് വന്ന് അതൊക്കെ കൊണ്ടുപോവും.. ചിലപ്പോ തൂറിയിടും… എത്ര അടച്ചുവെച്ചാലും കാക്ക വന്ന് തള്ളിയിടും. നമുക്ക് ഒന്നും വെക്കാനും പറ്റൂല കഴിക്കാനും പറ്റൂല്ല. അതോണ്ട് ഈ വർഷം ക്രിസ്മസും ഇല്ല… ന്യൂഇയറും ഇല്ല… ആഘോഷിക്കണെങ്കി അങ്ങനെ തോന്നണം, ഇവിടെ ആർക്കും അങ്ങനെ തോന്നുന്നില്ല. ആഘോഷിക്കുന്നോര് ആരും ഇല്ല. സാധാരണ ഞങ്ങൾ എല്ലാം ആഘോഷിക്കുന്നവരാ.. ഇപ്പൊ അതൊന്നും ഇല്ല, ഇന്ന് രാത്രി എല്ലാരും പള്ളീ പോവും. വേറെ ഒന്നും ഇല്ല. കുടുംബത്തിലാരും ഇപ്പൊ അങ്ങനെ വിളിക്കുന്നില്ല. ചെലപ്പോ, ഈ ക്യാമ്പി പെട്ടതുകൊണ്ട് ആയിരിക്കും.

 വലിയതുറ സെന്റ് ആന്റണീസ് ചർച്ചിലെ ക്രിസ്തുമസ് രാത്രി

നമ്മള് എന്തിനാ വോട്ടിട്ടത് എന്നാ ആലോചിക്കുന്നത്. ഓരോരുത്തര് ഇങ്ങനെ വരും, ഇന്ന ആൾക്കാണ് വോട്ട് ഇടേണ്ടത് എന്നു പറയും. നമ്മള് വോട്ട് ഇട്ട് കൊടുക്കും. അപ്പോ നമക്ക് എന്തേലും ചെയ്ത് തരണ്ടെ? നമുക്ക് വീട് പോയി, അതിന് നമുക്ക് എന്തെങ്കിലും ചെയ്ത് തരണം. ഇതൊന്നും ചെയ്ത് തരുന്നില്ല. പിന്നെന്തിനാണ് നമ്മള് വോട്ട് ഇട്ടത് ? ഒന്നും ചെയ്ത് തരാൻ പറ്റൂലെങ്കി പിന്നെ എന്തിനാണ് ഇവര് കസേരയിൽ ഇരിക്കണത്, ഈ മന്ത്രിമാര് ?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 24, 2022 3:57 pm