Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പാലക്കാട് ജില്ലയിൽ 13 വർഷത്തിനിടെ നടന്ന 23 കുട്ടികളുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്ന് സി.ബി.ഐയോട് കേരള ഹൈക്കോടതി നിർദേശിച്ചത് 2026 ജൂൺ 11ന് ആണ്. കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 12 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട ഈ കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഒരു പ്രത്യേക മരണത്തെക്കുറിച്ചുള്ള അന്വേഷണം മാത്രമല്ല, പാലക്കാട് ജില്ലയിൽ വർഷങ്ങളായി നടന്ന കുട്ടികളുടെ അസ്വാഭാവിക മരണങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന നിഗമനത്തിലേക്ക് കോടതി എത്തിയത്.
കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾ ഓരോ കേസായും മാത്രം കാണാതെ അതിന് പിന്നിലെ സാമൂഹിക സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയെ (കെൽസ) കേസിൽ എതിർകക്ഷിയായി ഉൾപ്പെടുത്തിയത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി കെൽസ സമർപ്പിച്ച നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാനും കോടതി ഉത്തരവിട്ടു.
പാലക്കാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി വർഷങ്ങളുടെ ഇടവേളയിൽ നടന്ന 23 കുട്ടികളുടെ മരണങ്ങൾ ഒരേ സ്വഭാവത്തിലുള്ളവയാണോ എന്നത് ഇനി സിബിഐ അന്വേഷണത്തിന്റെ പ്രധാന ചോദ്യങ്ങളിലൊന്നാകും. വാളയാർ സഹോദരിമാരുടെ മരണത്തിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് പാലക്കാട് ജില്ലയിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾ സമാനമായ സാഹചര്യങ്ങളിൽ മരിച്ച നിരവധി കേസുകൾ ഉണ്ടെന്ന വിവരം പുറത്തുവന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാമൂഹിക പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചതും 23 കുട്ടികളുടെ അസ്വാഭാവിക മരണങ്ങളിൽ അന്വേഷണം നടത്താൻ കോടതി സി.ബി.ഐയോട് നിർദേശിച്ചതും.


കൊല്ലങ്കോട് പൊലീസ് 2010ൽ രജിസ്റ്റർ ചെയ്ത 11 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മരണം പ്രത്യേക കേസായി എടുത്ത് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവായതിനാൽ നടപടി തുടങ്ങിയെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. മറ്റ് 23 കേസുകളുടെ അന്വേഷണത്തിൽ നിലപാട് അറിയിക്കാനാണ് കോടതി ഉത്തരവിൽ നിർദ്ദേശിച്ചത്.
കൊല്ലങ്കോട് പല്ലശന ഒഴിവുപാറ ചെമ്മണിക്കരകുളം പ്രദേശത്ത് അമ്മയുടെ വീട്ടിൽ താമസിച്ചിരുന്ന പതിനൊന്ന് വയസുകാരിയെ 2010 ജനുവരി 18 നാണ് വീട്ടിനുള്ളിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ ബലാൽസംഗത്തിനുള്ള വകുപ്പുകളും ഉൾപ്പെടുത്തി. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്.
2010നും 2023നും ഇടയിൽ 23 കുട്ടികൾ വിവിധപ്രശ്നങ്ങളിൽ അതിർത്തിപ്രദേശങ്ങളിൽ ആത്മഹത്യ ചെയ്തതായി സിബിഐ തന്നെയാണ് ഹൈക്കോടതിയെ അറിയിച്ചത്. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം ആത്മഹത്യയാണെന്ന് കാണിച്ച്, കേസിൽ അമ്മയെയും അച്ഛനെയും പ്രതിയാക്കി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഈ വിവരം പറയുന്നത്. എന്നാൽ മൊത്തം 28 കുട്ടികൾ ഇത്തരത്തിൽ മരിച്ചിട്ടുണ്ടെന്നും അതിൽ അന്വേഷണവും ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഇടപെട്ടത്. കെല്ലങ്കോട്ട് പെൺകുട്ടിയുടെ കേസിൽ മലപ്പുറം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഒട്ടേറെ പേരായാമ്കളുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
നിരന്തരം പീഡനത്തിന് ഇരയായി, സഹികെട്ട് ഒടുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വാളയാർ അട്ടപ്പള്ളത്തെ രണ്ട് പെൺകുട്ടികളുടെ ജീവിതംപോലെ ഈ സംഭവങ്ങളും അവസാനിക്കരുതെന്നാണ് സമരരംഗത്തുള്ള സംഘടനകളുടെ നിലപാട്. വാളായാർ പെൺകുട്ടികളെ കൊലപ്പെടുത്തിയതാണെന്നാണ് സമരസമിതിയുടെ ഉറച്ച നിലപാട്. മരണം ആത്മഹത്യയാണെന്ന സിബിഐയുടെ റിപ്പോർട്ടിനെതിരെ സമിതി നിയമപോരാട്ടത്തിലാണ്. സിബിഐ നൽകിയ കുറ്റപത്രമനുസരിച്ച് കേസിൽ കുട്ടികളുടെ അമ്മയും അച്ഛനും പ്രതികളാണ്. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോർട്ട് നൽകിയ സിബിഐയിൽ നിന്ന്, മറ്റ് 23 കുട്ടികളുടെ മരണം സംബന്ധിച്ച കാര്യത്തിലും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ഹരജിക്കാരിൽ ഒരാളായ സലിൽലാൽ അഹമ്മദ് പറയുന്നു. വാളയാർ സഹോദരിമാരുടെ മരണത്തിൽ സിബിഐയുടെ അന്വേഷണത്തിനും കുറ്റപത്രത്തിനുമെതിരെ സംഘടനകൾ ശക്തമായി രംഗത്തുവന്നിരുന്നു.
മരിച്ച 23 പേരിൽ 12 എണ്ണം ആൺകുട്ടികളാണ്. ഒൻപതിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള 28 പേരുടെ തൂങ്ങിമരണങ്ങളെക്കുറിച്ചാണ് പരാതി. പൊലീസ് അന്വേഷണം അവസാനിപ്പിച്ചതോ വ്യക്തത വരാത്തതോ ആണ് മുഴുവൻ കേസുകളും. ആവശ്യമായ ഫോറൻസിക് തെളിവുകൾ ഉണ്ടായിട്ടും പലതും ആത്മഹത്യയായി രജിസ്റ്റർ ചെയ്തുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മരിച്ചവരിൽ ഒരു ഒൻപത് വയസ്സുള്ള ആൺകുട്ടിയുടെ കൈകളിലും കാലുകളിലും നീല മഷി ഉപയോഗിച്ചുള്ള എഴുത്തും ചിത്രങ്ങളും ഉണ്ടായിരുന്നത് മന്ത്രവാദത്തിന്റെ തെളിവെന്നും ആ രീതിയിൽ അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്. ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളും ലൈംഗിക പീഡനത്തിന്റെ തെളിവുകളും ഉണ്ടായിരുന്ന കേസുകളിലും അന്വേഷണമുണ്ടായില്ല.
കഴുത്തിൽ കയർ മുറുകി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസിൽ മൃതദേഹത്തിനരികിൽ നിന്ന് കയർ കണ്ടെത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കന്നുണ്ട്. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയുടെ ശരീരത്തിൽ 18 ഇടത്ത് മുറിവുകൾ ഉണ്ടായിരുന്നതായാണ് പരാതി. ദുരൂഹമരണങ്ങളിൽ ഭൂരിഭാഗവും പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുമാണ്. രക്ഷിതാക്കളിൽ മിക്കവരും സംഭവത്തിന്റെ ഗൗരവം അറിയാത്തവരും നിയമത്തെക്കുറിച്ച് പാടെ അജ്ഞരുമായതിനാൽ പല കേസുകളും തുടക്കത്തിൽ തന്നെ അവസാനിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു എന്ന സമിതിയുടെ ആരോപണവും കോടതി പരിഗണിച്ചു.


സംഭവങ്ങളിൽ ശക്തമായ തുടർ നടപടികളും സമരപരിപാടികളും ചർച്ചചെയ്യാൻ പാലക്കാട് നടന്ന ബാലാതിക്രമ വിരുദ്ധ സമിതി സംഗമം കേസുകളിലെ മെല്ലെപോക്കിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നിരവധികുട്ടികളുടെ ദുരൂഹമരണം, വാളയാർ സഹോദരിമാരുടെ മരണസമയത്തുതന്നെ ചർച്ചയായിരുന്നെങ്കിലും അത് സാമൂഹിക, കുടുംബജീവിതത്തിന്റെ താളപ്പിഴയുടെ ഫലമെന്നായിരുന്നു ശിശുക്ഷേമസമിതി ഉൾപ്പെടെയുള്ളവരുടെ നിലപാട്. അതിൽ ഒരു സംഭവംപോലും അന്വേഷിക്കാതിരിക്കാൻ ആസൂത്രിത നീക്കമുണ്ടായെന്ന ആരോപണവും ഉയർന്നിരുന്നു. കുടുംബങ്ങൾക്കിടയിൽ തുടർച്ചയായി ബോധവത്ക്കരണം നടത്താനായിരുന്നു വിവിധ ഏജൻസികളുടെ നിർദ്ദേശം. മരണങ്ങൾക്ക് പിന്നിലെ ക്രിമിനൽ പ്രവർത്തികൾ അന്വേഷിക്കാനുള്ള നടപടിക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്ന് തയാറായില്ലെന്നാണ് ആക്ഷപം. കുട്ടികൾ മരിച്ച കുടുംബങ്ങൾക്ക് സ്വന്തമായി നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ത്രാണിയില്ലാത്തത് അന്വേഷണ ഏജൻസികൾക്ക് കാര്യങ്ങൾ എളുപ്പത്തിലാക്കിയെന്നും ഡോ. പി. ഗീത, സി.ആർ നീലകണ്ഠൻ, വിളയോടി വേണുഗോപാൽ, അഡ്വ. സുജാത വർമ്മ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ വിമർശനം ഉയർന്നു.
“23 കുട്ടികൾ ഒരു ചൂണ്ടുപലകമാത്രമാണ്. ഇത്തരം പല കേസുകളും കുഴിച്ചുമൂടപ്പെടുകയാണ്. കുട്ടികളുടെ മരണങ്ങൾ അതിവേഗം ആത്മഹത്യയായി ഏഴുതിത്തള്ളി നടപടി പൂർണമായി അവസാനിപ്പിക്കുകയാണ്” – പി.ഗീത പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ന്യായീകരിക്കാൻ നിയമമേഖലയിലും പൊലീസിലും പലവിധത്തിൽ ശ്രമം നടക്കുകയാണ്. മൂൻകാലങ്ങളിലെ സ്ത്രീ പീഡനപരമ്പരകളിൽ പലതും കുട്ടികളുടേതായിരുന്നു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസുകളിൽ പലതും പുറത്തുവന്നിട്ടില്ല. വാളയാർ കേസിലെ പെൺകുട്ടികളുടെ കാര്യത്തിൽ അവർക്ക് അഞ്ചാം വയസിൽ ലൈംഗിക ഊർജം കൂടുതലാണെന്നും അതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങളെന്നും ഞെട്ടിക്കുന്ന വിശദീകരണമാണ് അന്ന് കേൾക്കേണ്ടിവന്നതെന്നും ഗീത പറഞ്ഞു.
കുട്ടികളുടെ മരണങ്ങൾ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ സ്പെഷൽ ടീം അന്വേഷിക്കണമെന്നും അല്ലെങ്കിൽ പ്രത്യക്ഷസമരം ആരംഭിക്കാനുമാണ് സമിതിയുടെ തീരുമാനം. 23 കുട്ടികളുടെ ദുരൂഹമരണങ്ങളിൽ 13 എണ്ണമെങ്കിലും കൊലപാതകങ്ങളെന്നാണ് സമരസമിതിയുടെ നിഗമനം. ഒരോ കേസിലും സമിതി അന്വേഷണവും വിഷയ വിദഗ്ധരുടെ സഹായവും നടത്തിയിരുന്നു.
കേരളത്തിൽ 10 വർഷത്തിനിടയിൽ 400 ലധികം സമാനകേസുകൾ ഉണ്ടായതായി വിവരാവകാശ നിയമമനുസരിച്ച് കിട്ടിയ കണക്കുകൾ സൂചിപ്പിക്കുന്നതായി സമിതി നേതാക്കൾ പറഞ്ഞു. കേസുകൾ സ്പെഷ്യൽ ടീം അന്വേഷിച്ച് അവരുടെ അന്വേഷണ റിപ്പോർട്ടിൽ പൊതുചർച്ച നടത്തുകയും തുടർ നിയമ നടപടികൾക്കായി ഒരു ലീഗൽ സെൽ രൂപീകരിക്കണമെന്നുമാണ് അഡ്വ. സുജാത വർമയുടെ നിർദ്ദേശം.


ആവർത്തിക്കാതിരിക്കാനുള്ള നടപടി
കുട്ടികളുടെ മരണങ്ങളിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ഹൈക്കോടതി ഭാവിയിൽ അതിർത്തി പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും ഇടപെടലും നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി (കെൽസ) നടപടി ആരംഭിച്ചിരുന്നു. വിവിധ നിയമങ്ങളെക്കുറിച്ച് രക്ഷിതാക്കൾ, കുട്ടികൾ, തദ്ദേശവാസികൾ എന്നിവർക്ക് ജില്ലാ ശിശുസംരക്ഷണ വിഭാഗത്തിന്റെയും ശിശുക്ഷേമസമിതികളുടെയും സഹായത്തോടെ വിപുലവും തുടർച്ചയായതുമായ ബോധവത്ക്കരണം ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പും സാമൂഹികക്ഷേമ വകുപ്പും നടപടിയിൽ പ്രധാന പങ്കാളികളാണ്.
ഈ മേഖലയിൽ നടത്താവുന്ന പദ്ധതി തയാറാക്കാൻ വേണ്ടി കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനുവേണ്ടി പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘വിശ്വാസി’നെ (Victims Information, Sensitisation, Welfare & Assistance Society) കെൽസ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ജില്ലാ കലക്ടർമാർ അധ്യക്ഷനായുളള ‘വിശ്വാസ്’.
കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട തുടർ നടപടികൾ, ഇരകളായവർക്കും കുടുംബത്തിനും നൽകേണ്ട പിന്തുണയും സഹായവും, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സാമൂഹിക സംരക്ഷണവും ഇടപെടലുകളും എന്നീ കാര്യങ്ങളാണ് ‘വിശ്വാസ്’ പരിശോധിച്ചത്. ഇരകളുടെ പുനരധിവാസവും അവർക്ക് ലഭിക്കേണ്ട സമാശ്വാസ സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള നടപടികളും പരിഗണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ‘വിശ്വാസ്’ തയ്യാറാക്കിയിട്ടുണ്ട്.
കുടുംബശ്രീയും ശിശുസംരക്ഷണ വകുപ്പും, തദ്ദേശവകുപ്പും, എൻജിഒകളും, മാനസിക ആരോഗ്യവകുപ്പും അടക്കം 12 ഏജൻസികളുടെ സഹായം ഇക്കാര്യത്തിൽ ഉറപ്പാക്കാനാണ് റിപ്പോർട്ടിലെ ശിപാർശ. മേഖലയിലെ വിദ്യാലയങ്ങളിലും കോളജുകളിലും അടക്കം പോക്സോ നിയമത്തെക്കുറിച്ച് സ്ഥിരമായി അറിവ് നൽകണം. ദുരുദ്ദേശത്തോടെ തങ്ങളെ സമീപിക്കുന്നവരെ തിരിച്ചറിയാനുള്ള അടയാളങ്ങൾ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കണം. രക്ഷിതാക്കൾക്ക് ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസം നൽകണം.
വിദ്യാലയങ്ങൾ അടിസ്ഥാനമാക്കി കുട്ടികളുടെ സുരക്ഷാപടിപാടികൾ, മാനസിക ആരോഗ്യ സംവിധാനം, ശാരീകവും മാനസികവുമായി കുട്ടികളെ ശക്തരാക്കൽ, ഗ്രാമങ്ങളിൽ കുട്ടികളുടെ സുരക്ഷാസമിതികൾ, പ്രശ്നത്തിന് വിധേയമായ കുട്ടികളുടെ നിരീക്ഷണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും മാസത്തിൽ ഒരിക്കൽ വിലയിരുത്തി, ആവശ്യമായ തിരുത്തലും കൂട്ടിചേർക്കലും സ്വീകരിക്കണമെന്നും ‘വിശ്വാസ്’ തയാറാക്കിയ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ഒരോന്നും ചെയ്യേണ്ട സമയക്രമവും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ വിദ്യാലയങ്ങളെ അടിസ്ഥാനമാക്കി വിവരശേഖരണം നടത്താനും ‘വിശ്വാസ്’ കെൽസക്ക് നൽകിയ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
പീഡനത്തിന് ഇരയാകുന്ന കുട്ടികൾ നേരിടുന്ന കടുത്ത മാനസിക, സാമൂഹിക പ്രതിസന്ധിയും വേദനയും വിവരണാതീതമാണ്. ആ പ്രത്യാഘാതം ദീർകാലം നീണ്ടുനിൽക്കുമെന്നതിനാൽ കൃത്യവും ശാസ്ത്രീയവുമായ സംവിധാനവും ശക്തമായ വൈകാരിക പിന്തുണയും ലഭിക്കുന്ന സംവിധാനമാണ് അത്യാവശ്യം. കേസ് അടുത്തമാസം ഹൈക്കോടതി പരിഗണിക്കുമ്പോൾ ഗൗരവമായ ഒരു ചുവടുവയ്പ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും സംഘടനകളും രക്ഷിതാക്കളും.

