ഭയമാണ് നമ്മുടെ രാഷ്ട്രഭാഷ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1925-ൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സ്ഥാപകനേതാവ് ഡോ. കെ.ബി ഹെഡ്ഗേവാർ 1940-ൽ നിര്യാതനായതോടെ മാധവ സദാശിവ ഗോൾവാൾക്കർ അതിന്റെ നേതൃത്വം ഏറ്റെടുത്തു. 1966-ൽ ഒന്നാം പതിപ്പായി ഇറങ്ങിയ അദ്ദേഹത്തിന്റെ ‘വിചാരധാര’ (Bunch of Thoughts) സംഘത്തിന്റെ വിചാരങ്ങളെയും പ്രവർത്തനങ്ങളെയും വിശദമായി രേഖപ്പെടുത്തുന്നുണ്ട്. ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ, 245 പുറം മുതൽ 279 വരെ ‘ആന്തരിക ഭീഷണികൾ’ സംഘിന്റെ കണ്ണിൽ എന്തൊക്കെയാണെന്ന് അടയാളപ്പെടുത്തുന്നുണ്ട്. 1) മുസ്ലീങ്ങൾ 2) ക്രിസ്ത്യാനികൾ 3) കമ്മ്യൂണിസ്റ്റുകൾ. ഭൂരിപക്ഷ ഹിന്ദു സമുദായത്തോട് അനുസരണയുള്ളവരായി ജീവിക്കാൻ അവർ തയ്യാറാകണമെന്നാണ് അദ്ദേഹം ഈ ഗ്രന്ഥത്തിൽ ആഹ്വാനം ചെയ്യുന്നത്. “അല്ലാത്തപക്ഷം അവരോട് വൈരികളോടെന്ന പോലെ പെരുമാറേണ്ടി വരും” എന്നും രേഖപ്പെടുത്തുന്നുണ്ട്.

സംഘം രൂപപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ (2025) സ്വയം സേവകിന്റെ വിചാരധാരയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് 2002 മുതലുള്ള ഗുജറാത്തും അക്കാലത്തെ വാജ്പേയി പ്രധാനമന്ത്രിയായുള്ള ഇന്ത്യയും 2014 മുതൽ ഈ ദിവസം വരെയുള്ള മോദിയിസവും വ്യക്തമാക്കുന്നത്. ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച വാജ്പേയി 2002 ഏപ്രിൽ 12ന് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ബിജെപി ദേശീയ നിർവാഹക സമിതിയിൽ (ഗോവ) പ്രസംഗിക്കുന്നത് കേൾക്കുക,”ഗുജറാത്തിൽ എന്തുസംഭവിച്ചു? സബർമതി എക്സ്പ്രസിൽ നിഷ്കളങ്കരായ യാത്രികർ ചുട്ടെരിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഗുജറാത്ത് ദുരന്തം (വംശഹത്യ) ഉണ്ടാകുമായിരുന്നില്ല” (സിദ്ധാർത്ഥ് വരദരാജൻ: ദി വയർ, 2018 ഓഗസ്റ്റ് 18) “ഒരു ഹിന്ദു സംഘടനയും ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയായിരിക്കില്ല.” ഭംഗ്യന്തരേണ (അദ്ദേഹം പറഞ്ഞത്) മുസ്ലീം- ക്രിസ്ത്യൻ- സിഖ് സംഘടനകൾക്ക മാത്രമേ, ഇന്ത്യയുടെ ഐക്യം അപകടപ്പെടുത്താനുള്ള അന്തർലീന ശക്തിയുള്ളൂവെന്നാണ്.

നാഗ്പൂർ ആർ‌എസ്‌എസ് ആസ്ഥാനത്തെ കെ.ബി ഹെഡ്‌ഗേവാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. കടപ്പാട്:PTI

ന്യൂനപക്ഷങ്ങളെ എപ്രകാരം ഭൂരിപക്ഷ സമുദായത്തിന്റെ കീഴിലാക്കാമെന്നത് പഠിക്കുന്നതിനാണ് സംഘ് സ്ഥാപകനായിരുന്ന ഹെഡ്ഗേവാറിന്റെ അരുമ ശിഷ്യനായ ബി.എസ് മൂഞ്ചെ 1931-ൽ റോം സന്ദർശിക്കുന്നതും, അവരുടെ മിലിട്ടറി കോളേജിലെ പഠനങ്ങൾ സ്വായത്തമാക്കുന്നതും. (1931 മാർച്ച് 15-24 : Hindutva’s foreign tie-up in the 1930s: Marzia Casolari: EPW 22 ജനുവരി 2000, പുറം 218-230) പിന്നീട് 1934 മാർച്ച് 31ന് മൂഞ്ചെയും ഹെഡ്ഗേവാറും ലാലു ഗോഖലെയും തമ്മിലുള്ള സംഭാഷണം:

ലാലു: ശരി, ഹിന്ദുസഭയുടെ അധ്യക്ഷനും ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനെ പറ്റി സംസാരിക്കുന്നവനുമാണല്ലോ. എന്നെങ്കിലും ഹിന്ദുക്കളെ ഒന്നിപ്പിക്കാനാവുമോ?

ഹെഡ്ഗേവാർ: കുറച്ച് നാളായി എന്റെ ഉള്ളിലുണ്ടായിരുന്ന ഒരു ചോദ്യമാണ് താങ്കൾ ചോദിച്ചത്. ഇന്ത്യയൊന്നാകെ നടപ്പാക്കുന്ന ഹിന്ദുയിസത്തെ (Standardisation of Hinduism) ഹിന്ദുധർമ്മ ശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി എപ്രകാരം രേഖപ്പെടുത്താനാവുമെന്നാണ് എന്റെ പദ്ധതി. പക്ഷേ, ഈ ആശയം നടപ്പാക്കുവാൻ നമ്മുടേതായ ‘സ്വരാജ്യം’ ആവശ്യമാണ്. പഴയകാല ശിവജിയെ പോലെയോ, ഇപ്പോഴത്തെ മുസ്സോളിനിയെ പോലെയോ, ജർമ്മനിയിലെ ഹിറ്റ്ലറെ പോലെയോ ഒരു സ്വേച്ഛാധിപതിയെ ആവശ്യമാണ്. അതിനർത്ഥം നമ്മൾ അതുവരെ കൈയ്യും കെട്ടി കാത്തിരിക്കുകയെന്നല്ല, നമ്മൾ ശാസ്ത്രീയമായ ഒരു പരിപാടിയോടെ അത് പ്രചരിപ്പിക്കണം.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംഘ് പ്രചരിപ്പിച്ച പരിപാടി ഇന്നവർ ഏകാധിപതിയായ നരേന്ദ്രമോദിലൂടെ നടപ്പാക്കുകയാണ്. 2024-ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 240 സീറ്റിലൊതുങ്ങിയ നരേന്ദ്ര മോദി വഖഫ് നിയമഭേദഗതിയിലൂടെ ഭംഗ്യന്തരേണ നമ്മോട് പറയുന്നത് തന്റെ വീരശൂര പരാക്രമത്തിനോ അഹന്തയ്ക്കോ തൻപോരിമയ്ക്കോ യാതൊരു പരിക്കുമേറ്റിട്ടില്ല, ലോകത്തെ വിറപ്പിക്കുന്ന ട്രംപിനെപ്പോലെയും, കേരള ജനതയെ ഒന്നടങ്കം ‘ആശാ സഹോദരിമാരെ’ ചൂണ്ടികാട്ടി പരിഹസിച്ച് തന്റെ ഇരട്ടചങ്കിസത്തിന് ഒരു വാട്ടവുമില്ലെന്ന് വിപ്ലവം പറയുന്ന മുഖ്യമന്ത്രിയെ പോലെയും താൻ അജയ്യനാണ് എന്നാണ്. ഈ അധാർമ്മിക രാഷ്ട്രീയം മനസിലാക്കികൊണ്ടുവേണം മുനമ്പത്തെയും വഖഫ് നിയമഭേദഗതിയെയും ക്രൈസ്തവരുടെ സ്വത്തിനെക്കുറിച്ചുള്ള ഓർഗനൈസർ ലേഖനത്തെയും അപഗ്രഥിക്കാൻ.

മുനമ്പം സത്യാഗ്രഹ സ്ഥലത്ത് 2024 നവംബർ 14 ന് സുഹൃത്തുക്കളായ പ്രൊഫ. കെ.പി ശങ്കരനും (റിട്ട. പ്രൊഫ. സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി) മാർട്ടിനും കൊച്ചിയിലെ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ അംഗങ്ങളെന്ന നിലയിൽ സന്ദർശനം നടത്തുകയുണ്ടായി. പക്ഷേ, അവരെ അമ്പരപ്പിച്ചത് ബിജെപി പ്രവർത്തകരുടെ സാന്നിധ്യമാണ്. സത്യാഗ്രഹത്തിന്റെ ചുമതല നിർവഹിക്കുന്ന ഫാദറുമായി കെ.പി ശങ്കരനും മാർട്ടിനും സംഭാഷണം നടത്തി. (മുനമ്പം കത്തോലിക്ക പള്ളിയുടെ സ്ഥലത്താണ് സത്യാഗ്രഹം) ഫാദർ സത്യാഗ്രഹത്തിലേക്ക് പോകാനുള്ള കാരണങ്ങൾ വിശദീകരിച്ചു. മനുഷ്യാവകാശ പ്രവർത്തകർ സത്യാഗ്രഹത്തിന് പിന്തുണ നൽകി. എന്നാൽ ബിജെപിയുടെ സാന്നിധ്യം ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പ്രധാനമായി ബാധിക്കുന്ന മുനമ്പം പ്രശ്നത്തിൽ പരസ്പരം വെറുപ്പുണ്ടാക്കുവാൻ സഹായിക്കുമെന്നവർ ചൂണ്ടികാട്ടി. ബിജെപി – ആർഎസ്എസ് രാഷ്ട്രീയ തന്ത്രം മതങ്ങൾ തമ്മിൽ, ജാതികൾ തമ്മിൽ പരസ്പരം വെറുപ്പുണ്ടാക്കി അതിൽ നിന്ന് രാഷ്ട്രീയലാഭം കൊയ്യുകയാണെല്ലോ. ബിജെപിയെ ഒരിക്കലും ക്രിസ്ത്യാനികളുടെ അഭ്യുദയകാംക്ഷിയല്ല. താൽക്കാലിക ലാഭത്തിനായി ക്രിസ്ത്യൻ പുരോഹിതർ ബിജെപിയുമായി കൂട്ടുചേരുന്നത് അബദ്ധമാണ്. മുനമ്പം പ്രശ്നം മുസ്ലീ- ക്രിസ്ത്യൻ നേതൃത്വങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് തീർക്കാവുന്നതാണ്. കോടതിയിലേക്ക് പോലും പോകേണ്ടതില്ല. മുസ്ലീം വഖഫ് ബോർഡ് അവിടെ വീട് വെച്ച് കാലങ്ങളായി താമസിക്കുന്നവർക്ക് ജാതി മത ഭേദമന്യേ അവരവരുടെ ഇടങ്ങളുടെ അവകാശങ്ങൾ നൽകി, പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണം. ബിജെപി ആഗ്രഹിക്കുന്നത് മുസ്ലീം-ക്രിസ്ത്യൻ വൈര്യത്തിൽ നിന്നുണ്ടാകുന്ന ചോര കുടിച്ച് ആധിപത്യം സ്ഥാപിക്കാനാണ്. കക്ഷിരാഷ്ട്രീയക്കാരും ഈ പ്രശ്നത്തെ വീടില്ലാത്ത ദരിദ്രന് കിടപ്പവകാശം നൽകാനുള്ള ഒരു സദ് മുഹൂർത്തമായി കണ്ട് ഇതിൽ നിന്ന് മാറിനിൽക്കണം. സ്വാർത്ഥ താല്പര്യങ്ങൾക്കപ്പുറം മനുഷ്യനെ കാണാനുള്ള ഹൃദയം എല്ലാവർക്കുമുണ്ടാകണം.

മുനമ്പത്തെ സത്യാഗ്രഹ പന്തൽ. കടപ്പാട്:24news

ബിജെപി – ആർഎസ്എസ് മോദിയിലൂടെ ചെയ്യുന്നതെന്തും ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ ഭാഗമായിട്ടാണ്. നിർഭാഗ്യവശാൽ പരസ്പരം തമ്മിലടിക്കുന്ന കക്ഷി രാഷ്ട്രീയക്കാരും, മത വിഭാഗങ്ങളും ജാതികളും ഇത് തിരിച്ചറിയുന്നുണ്ടോയെന്ന് ആശങ്കപ്പെടണം. ഭൂരിപക്ഷ ഹിന്ദു വർഗ്ഗീയ പാർലിമെന്റ്, പ്രതിപക്ഷത്തിന്റെ ഭേദഗതികൾ ഒന്നും സ്വീകരിക്കാതെ വഖഫ് ഭേദഗതി നിയമമാക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ ഒരു തൂണ് പൊളിച്ചെടുത്ത് ഹിന്ദു രാഷ്ട്രത്തിന്റെ ഒരു മൂലക്കല്ലുകൂടി പണിയുകയാണ്. ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളും – ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ – നിയമപരമായി പരിശോധിച്ചാൽ അർഹതയില്ലാത്ത സ്വത്തുക്കൾ കൈവശം വെച്ചിട്ടുണ്ടാവും. ബിജെപി – ആർഎസ്എസിന്റെ ലക്ഷ്യം ഇവരുടെയെല്ലാം ഭൂമി നിയമഭേദഗതികളിലൂടെ നിയമാനുസൃതമാക്കുകയല്ല, മുസ്ലീം- ക്രിസ്ത്യൻ വിഭാഗങ്ങളെ തങ്ങളുടെ കാൽക്കീഴിൽ ഞെരിച്ചമർത്തുകയാണ്.

2025 മാർച്ച് എട്ടിന്റെ ‘ദി ഇക്കണോമിസ്റ്റി’ൽ മുസ്ലീം വഖഫ് സ്വത്തുക്കളെ കുറിച്ചുള്ള ഒരു ലേഖനമുണ്ട്. ഡൽഹി പാർലിമെന്റ് സ്ട്രീറ്റിലെ മുഗൾ വാസ്തുശിൽപത്തിലുള്ള മുസ്ലീം പള്ളി മൂന്ന് വർഷങ്ങളായി ഒരു മസ്ലീം ആരാധനാലയമാണ്. 27 നിലകളിലുള്ള മുംബൈയിലെ മഹാകെട്ടിടം മുകേഷ് അംബാനിയുടേതാണ്. ഭാവിയിൽ അത് മുതലാളിത്തത്തിന്റെ ഭാവി രൂപ ശിൽപമായിരിക്കും. 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 600 സ്റ്റാഫുകൾ, ഭിത്തികളിൽ നിന്നും മഞ്ഞുപാളികൾ പൊഴിയുന്ന മുറി എന്നിവയുള്ള ഈ ആകാരം നിൽക്കുന്നത് 1894 ൽ ഒരു മുസ്ലീം ആരാധനാലയം പണിയാൻ ദാനം നൽകിയ വഖഫ് ഭൂമിയിലാണ്. മുസ്ലീം ട്രസ്റ്റ് 2002-ൽ ഇത് ഒരു കമ്പനിക്ക് വിറ്റു. ഇത് വഖഫ് നിയമത്തിന്റെ കുരുക്കിൽ പെടുമോ എന്നറിയില്ല.

പള്ളി പണിയാനോ ഖബർസ്ഥാനുകൾ പണിയാനോ ആയിട്ടാണ് മുസ്ലീങ്ങൾ ഈ ഭൂമികൾ ദാനം ചെയ്യുന്നത്. ഈ ഭൂമികളിൽ നിർമ്മിക്കുന്ന എല്ലാ കെട്ടിടങ്ങളും ഭൂമിയും വഖഫ് ഭൂമിയായിട്ടാണ് കണക്കാക്കുന്നത്. ഇസ്ലാമിക ലോകത്ത് വഖഫ് ഭൂമി സാധാരണമാണ്. ഇന്ത്യയിലെ വഖഫ് ഭൂമി 8,72,000 വരുമെന്നാണ് ഇക്കണോമിസ്റ്റ് പറയുന്നത്. സായുധ സേനയെയും റെയിൽവേയെയും പരിഗണിച്ചാൽ ഇത്തരം സ്വത്തുക്കൾ മൂന്നാം സ്ഥാനത്തായി വരും. പുതിയ നിയമഭേദഗതി വന്നതോടെ ഇവയുടെയെല്ലാം അവകാശം ഇന്ത്യ ഗവണ്മെന്റിനാവും. രാഷ്ട്രീയമായി കാണുകയാണെങ്കിൽ ഇപ്പോൾ ഇതിന്റെ ഉടമസ്ഥർ ബിജെപി- ആർഎസ്എസ് സർക്കാരാണ്. ഇവയിൽ പലതും വഖഫ് ബോർഡോ അവ കൈവശം വെച്ചിരിക്കുന്നവരോ മറിച്ചുവിറ്റിട്ടുണ്ട്, കൈമാറിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ സ്മാരകമായ താജ്മഹൽ (പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ നിർമ്മിച്ചത്) ഒരു വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യാൻ 2005-ൽ ശ്രമം നടക്കുകയുണ്ടായി. സുപ്രീം കോടതിയാണ് അത് തടഞ്ഞത്, ആധാരത്തിൽ ചക്രവർത്തിയുടെ ഒപ്പ് കാണാൻ ആവശ്യപ്പെട്ടുകൊണ്ട്. താജ്മഹലിന്റെ നിയന്ത്രണമുള്ള ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത് അവരുടെ കീഴിലുള്ള മറ്റ് 256 വസ്തുക്കൾ വഖഫ് സ്വത്തുക്കളാണെന്നത് അവരുടെ ജോലി ഭാരം സങ്കീർണ്ണമാക്കുന്നു എന്നാണ്.

താജ്മഹൽ. കടപ്പാട്:locationscout

മുസ്ലീം പാർലിമെന്റേറിയനായ അസദ്ദുദ്ദീൻ ഒവൈസി പറയുന്നത്, “വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവുമായോ അതിൽ നിന്നുള്ള റവന്യൂ കൂട്ടുവാനോ ആയിട്ടുള്ളതല്ല, വഖ്ഫ് ഭേദഗതി നിയമം. മുസ്ലീം സ്വത്തുക്കൾക്ക് മേൽ കൂടുതൽ സർക്കാർ നിയന്ത്രണം നടത്തുവാനാണ്.” ഈ നിയമഭേദഗതിയിലൂടെ അത്തരം അനേകം സ്വത്തുക്കളുടെ നശീകരണവും മുസ്ലീം വിഭാഗം ഭയക്കുന്നുണ്ട്. (ദി ഇക്കണോമിസ്റ്റ്).

ബിജെപി – ആർഎസ്എസ് ഇതിലൂടെ ലക്ഷ്യമിടുന്നത് ഇന്ത്യൻ മുസ്ലീങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണെന്ന് ബില്ലിന്റെ വിമർശകർ വ്യാഖ്യാനിക്കുന്നു. മോദി 2014ൽ അധികാരമേറ്റതിന് ശേഷമാണ് അദ്ദേഹം രാജ്യത്തിലെ മുസ്ലീം ഇതര മതസ്ഥർക്ക് പൗരത്വം നൽകുന്നത്, മുസ്ലീം ഭൂരിപക്ഷ കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കുന്നത്, മുസ്ലീം കുടുംബ നിയമങ്ങൾ കാറ്റിൽ പറത്തുന്നത്. 2024 ജനുവരിയിൽ മോദി അയോദ്ധ്യയിൽ ബാബരിപ്പള്ളി സ്ഥിതി ചെയ്തിരുന്നിടത്ത്, രാമക്ഷേത്രം പണിതു; 1992ൽ ഹിന്ദുത്വവാദികൾ പള്ളി തകർത്ത ഭൂമിയിൽ.

സ്വതന്ത്ര ചിന്തകരും ചില മുസ്ലീങ്ങളും സമ്മതിക്കുന്നുണ്ട്, വഖഫ് ബോർഡുകൾ പരിഷ്കരിക്കപ്പെടണം. ഷിയാ, സുന്നി മറ്റ് വിഭാഗങ്ങളെ ഉൾപ്പെടുത്തണം, ബോർഡിന്റെ നടപടികൾ സുതാര്യമാക്കണം, മുസ്ലീം വിധവകളെ പരിപാലിക്കുന്നതാകണം. എന്നാൽ അത്തരം ലിബറൽ ചിന്താഗതിക്കാരും ഒരു കാര്യം അടിവരയിടുന്നുണ്ട്, ഹിന്ദു മത വിഭാഗങ്ങളുടെയോ മറ്റ് മതക്കാരുടെയോ ധർമ്മസ്ഥാപനങ്ങളുടെ സ്വത്തുക്കൾക്കുമേൽ ഇത്തരത്തിലുള്ള നിയമങ്ങൾ സർക്കാർ കൊണ്ടുവരുന്നില്ല. മുസ്ലീം സമുദായിക നേതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാൻ പോലും സർക്കാർ സമ്മതിക്കുന്നില്ല.

ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ മസ്ജിദ്. കടപ്പാട്:dnaindia

ഉത്തർപ്രദേശിലെ മുഖ്യമന്ത്രി വഖഫ് ബോർഡിനെ ഹിന്ദുക്കളുടെ വോട്ടിനുള്ള ആയുധമാക്കുകയാണ്. വഖഫ് ബോർഡിന്റെ കീഴിലുള്ള ഓരോ സ്ഥലവും ഞങ്ങൾ അവകാശപ്പെടും, 23,2000 വഖഫ് സ്വത്തുക്കൾ യുപിയിൽ മാത്രമുണ്ട്. യോഗി ആദിത്യനാഥ് ബുൾഡോസർ സംസ്കാരത്തിന്റെ പ്രചാരകനും പ്രവർത്തകനുമാണ്. ബിൽ പാസായതോടെ യുപിയിൽ എന്നതും ചെയ്യാനുള്ള അധികാരം അദ്ദേഹത്തിന് ലഭിക്കുന്നു. അദ്ദേഹത്തിന്റെ പ്രകടമായ മുസ്ലീം വിരോധം കുപ്രസിദ്ധമാണ്. ഡൽഹിയിൽ പല സർക്കാർ ഏജൻസികളും സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണ്. 2023ൽ സർക്കാർ അവയില് 123 എണ്ണത്തിന്റെ നിയന്ത്രണം പിടിച്ചടക്കാൻ ശ്രമം നടത്തി. പാർലിമെന്റ് തെരുവിലെ (അവിടെയാണ് 1947 മുതൽ മുസ്ലീം പാർലിമെന്റ് അംഗങ്ങൾ പ്രാർത്ഥിക്കുന്നത്) പള്ളിയടക്കം അതിലുൾപ്പെടും.

ഈ ലേഖനം കുറിക്കുന്ന വിഷു ദിനത്തിൽ പ്രധാനമന്ത്രി വഖഫ് ഭേദഗതി നിയമത്തിന്റെ വിജയം ആഘോഷിക്കുന്നത് ടി.വി ചാനലുകൾ സ്ക്രോൾ ചെയ്യുന്നത് കാണാം. ഈ നിയമം പാർലമെന്റിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നതിന് തൊട്ടുമുമ്പാണ് ഓർഗനൈസർ “ആർക്കാണ് ഇന്ത്യയിൽ അധികം ഭൂമിയുള്ളത്” എന്ന ലേഖനം ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നത്. വിവാദമായതോടെ അവർ ലേഖനം പിൻവലിച്ചു. ഇന്ത്യയിലെ ക്രൈസ്തവർക്കാണ് കൂടുതൽ സ്വത്തുള്ളതെന്ന ആർഎസ്എസിന്റെ അവകാശവാദത്തെ, 2014ൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പള്ളികൾക്കും അവരുടെ വിദ്യാലയങ്ങൾക്കും, പാതിരിമാർക്കും, കന്യാസ്ത്രീമാർക്കും, നേരെയുള്ള നിരന്തരമായ ആക്രമണങ്ങളുമായി ചേർത്തുവായിച്ചാൽ ആർഎസ്എസ്- ബിജെപി ഉന്നം വെക്കുന്നത് എന്താണെന്ന് ബോധ്യമാകും. 20000 കോടി രൂപ മൂല്യമുള്ള 17.29 കോടി ഏക്കർ ഭൂമി സഭയ്ക്കുണ്ടെന്ന ‘വ്യാജമായ’ കണക്ക് മതവൈര്യത്തിന് കാരണമാകാൻ അധിക സമയം വേണ്ട; പ്രത്യേകിച്ചും ഇന്ത്യയിലെയും വിശേഷിച്ച് കേരളത്തിലെയും ഹിന്ദു മധ്യവർഗ്ഗികളിൽ. 2025 ഏപ്രിൽ 14ന് ദീപിക ദിനപത്രം ‘ലേഖനത്തെ ഭയമില്ല, വർഗ്ഗീയതയെ ഭയമുണ്ട്’ എന്ന എഡിറ്റോറിയലുമെഴുതി. ഇന്ത്യയിലെ ഭൂപ്രദേശത്തിന്റെ 21 ശതമാനം ക്രിസ്ത്യാനിയുടെ കൈവശമാണെന്ന വ്യാജവാർത്ത വെടിമരുന്നാണ്. അത് ഇക്കാര്യം സാമൂഹ്യമാധ്യമത്തിൽ തുറന്നിടുന്ന ആർഎസ്എസിനുമാറിയാം. എന്നിട്ടും കേരളത്തിലെ ക്രിസ്തീയ മതപൗരോഹിത്യം 2024ൽ തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതുപോലെയുള്ള ‘അപകടം’ ആവർത്തിക്കുമോ?

ഒ.വി വിജയൻ

മതനേതാക്കൾക്കളെയും രാഷ്ട്രീയ നേതാക്കളെയും അവർക്ക് വിധേയരായ ഉദ്യോഗസ്ഥരെയും മാറ്റിനിർത്തിയാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മനുഷ്യരും ജന്മം കൊണ്ട് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമായി കാനേഷുമാരിയിൽ ഉണ്ടെങ്കിലും, സമാധാനം കാംക്ഷിക്കുന്നവരാണ്. നിസ്സാരമായ പിണക്കങ്ങൾ, ഉരസലുകൾ കണ്ടേക്കാം. ഇത്രയും വൈവിധ്യപൂർണമായ ഉപഭൂഖണ്ഡത്തിൽ അത് സ്വാഭാവികം മാത്രം. മതവും ജാതിയും ഭാഷയും പറഞ്ഞ് ജനങ്ങളെ വിഭജിച്ച് അവരുടെ സ്വത്തും ജീവിക്കാനുള്ള അവകാശങ്ങളും വൻകിട കോർപ്പറേറ്റുകൾക്ക് കച്ചവടം ചെയ്യുകയാണ്. ജനാധിപത്യത്തിന്റെ പേരിൽ ട്രമ്പും അക്കാര്യത്തിൽ താനും കൂടെയുണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന മോദിയും. കേരളത്തിന്റെ മുഖ്യമന്ത്രിയും താല്പര്യപ്പെടുന്നത്, ഒരു കേരള മോഡൽ കച്ചവടക്കാരനാകാൻ തന്നെയാണ്. മാർക്സിസത്തിന്റെ ഒരു ക്രിമിനൽ മ്യൂട്ടേഷൻ.

ഇവരുടെ കെണിയിൽ ക്രൈസ്തവ പൗരോഹിത്യം വീണുപോകുമോ? സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ സമസ്യകൾക്ക് അതേ സമസ്യാ പൂരണത്തിന്റെ ജ്ഞാനത്തിലും കനിവിലും ഒരു സമസ്യ ഉന്നയിച്ച് ഒ.വി വിജയൻ ഒരു ലേഖന സമാഹാര ഗ്രന്ഥമവസാനിപ്പിക്കുന്നത് ഇന്ത്യയിലെ ക്രൈസ്തവ പുരോഹിത നേതാക്കൾ വായിക്കണേ എന്ന പ്രാർത്ഥനയോടെ ഞാൻ ഉദ്ധരിക്കുന്നു.

“ഒരു കോഴി കൂട്ടിലടയ്ക്കപ്പെട്ടു, ദിവസവും ഒരു നേരം കൂടിന്റെ വാതിൽ തുറക്കുന്നതും, ഒരു കൈ കൂട്ടിൽക്കടന്ന് നെന്മണി നിക്ഷേപിക്കുന്നതും കോഴി കണ്ടു. തൊണ്ണൂറ്റിയൊൻപത് ദിവസം തൊണ്ണൂറ്റിയൊൻപത് പ്രാവശ്യം കോഴി ഈ ഭൗതിക പ്രതിഭാസത്തെ പഠിച്ചു. തൊണ്ണൂറ്റിയൊൻപതാം ദിവസം തന്റെ യുക്തിയുപയോഗിച്ച് കോഴി ഒരു ചരിത്ര സത്യത്തിലെത്തി ചേർന്നു; കൂട് തുറന്ന് കൈ അകത്തേക്ക് വരുമ്പോൾ നെന്മണി ഉതിരുന്നുവെന്ന്. നൂറാം ദിവസം കൂട് തുറന്ന് കൈ അകത്ത് വന്നപ്പോൾ കോഴി പ്രസാദവതിയായി കഴുത്തുനീട്ടി, കയ്യിൽ നെന്മണിയുണ്ടായിരുന്നില്ല. കോഴിയുടെ അന്ധാളിപ്പിനെ വകവെയ്ക്കാതെ കൈ അതിന്റെ കഴുത്ത് ഞെരിച്ചു.” (പുറം: 899 ഒ.വി വിജയന്റെ ലേഖനങ്ങൾ: 2005)

Also Read

7 minutes read April 16, 2025 12:21 pm