പ്രഹസനമായിത്തീരുന്ന ശാക്തീകരണം

ഒരു നൂറ് കൊല്ലമായി ശാക്തീകരണമെന്ന പേരിൽ സ്ത്രീകളെ തുന്നാൻ പഠിപ്പിക്കുന്നു. തുന്നലാണ് സ്ത്രീ ശാക്തീകരണം എന്നാണ് പലരും ധരിച്ചിരിക്കുന്നത്.” വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് വച്ച് സുഗതകുമാരി ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയിരുന്നു. മറ്റ് പലരും അതിന് മുമ്പും ശേഷവും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. എന്നാൽ സുഗതകുമാരി ഉൾപ്പെടെ രൂപം നൽകിയ കേരളത്തിന്റെ നിർഭയ നയം നടപ്പാക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുമ്പോഴും ‘തുന്നലാണ് സ്ത്രീ ശാക്തീകരണം’ എന്ന് തോന്നിപ്പോവുക സ്വാഭാവികം.

കോഴി വളർത്തലിലും തുന്നലിലും
തീരുന്ന
ശാക്തീകരണം

“പെൺകുട്ടികളെ കുടുംബിനികളാവാനാണ് ഇവർ പഠിപ്പിക്കുന്നത്. പായമെടയലും തയ്യലും പഠിപ്പിച്ച് ഉത്തരവാദിത്തം നിറവേറ്റുമ്പോൾ എന്തെങ്കിലും ഗുണം പെൺകുട്ടികൾക്ക് ലഭിക്കുന്നുണ്ടോ? അത്തരത്തിൽ ഒരു അന്വേഷണം പോലും ആരും നടത്തുന്നില്ല.” വാളയാർ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജലജ മാധവൻ നിർഭയ സെൽ വഴി നടപ്പാക്കുന്ന ജീവിത നൈപുണ്യ വികസനത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ.

ലൈംഗികാതിക്രമം നേരിട്ടവർക്ക് തങ്ങളുടെ ശാരീരികവും മാനസികവുമായ മുറിവുകളിൽ നിന്ന് ആശ്വാസം നേടി സ്വന്തം സമൂഹത്തിൽ പുനഃപ്രവേശനം സാധ്യമാകുന്നതിനാണ് സംസ്ഥാനം നിർഭയ നയം കൊണ്ടുവന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് ശാശ്വതമായ സഹായവും കുറ്റവാളികൾക്ക് കർശനമായ ശിക്ഷയും ഉറപ്പുവരുത്തുകയും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞായിരുന്നു നടപടി. ലൈംഗിക അതിക്രമങ്ങൾ കൈകാര്യം ചെയ്യാനായി സാമ്പത്തിക ശാക്തീകരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, നിയമ പരിഷ്‌ക്കാരങ്ങൾ, കരുതൽ/സുരക്ഷാ ശൃംഖല രൂപീകരണം, പ്രതികരണശേഷി വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള പ്രചാരണങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള സമഗ്രപദ്ധതിയിലൂടെ ‘നിർഭയ’ നയപരിപാടി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ‘മനഃശാസ്ത്ര പിൻബലവും, സാമ്പത്തിക ശാക്തീകരണവും, പുനരേകീകരണവും പ്രദാനം ചെയ്യേണ്ടതാണ്, അതിക്രമം നേരിട്ടവർക്ക് മാനസികാരോഗ്യം വീണ്ടെടുക്കുവാനും വിദ്യാഭ്യാസത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും സുരക്ഷിത സ്ഥാനം ആവശ്യമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാർഗ്ഗങ്ങളും തുറന്നു നൽകേണ്ടതാണ്.’ എന്ന് നയരേഖ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം, ജീവിത നൈപുണ്യ വികസനം; സർക്കാർ ഷെൽറ്റർ ഹോമുകളിൽ താമസിക്കുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇത് നൽകണമെന്ന് നിർഭയ നയത്തിൽ പറയുന്നുണ്ട്. ഇതനുസരിച്ച് സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിനുള്ള നടപടികൾ നിർഭയ സെൽ വഴി സാമൂഹ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുന്നു. എന്നാൽ അടച്ചിട്ട മുറികളിൽ ഒതുങ്ങുകയാണ് ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസം. പലർക്കും സ്‌കൂൾ, കോളേജ് അന്തരീക്ഷം അന്യമാക്കപ്പെട്ടു. “ചില കുട്ടികൾ പഠനത്തിൽ പിന്നോട്ടായിരിക്കും. അവർ നേരിട്ട അനുഭവങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ പോലും കഴിയാത്ത കുട്ടികൾക്ക് നേരായ രീതിയിൽ പഠിക്കാൻ കഴിയണമെന്നില്ല. എന്നാൽ അതുകൊണ്ട് ഇവർക്കാർക്കും പഠിക്കാൻ കഴിവില്ല എന്ന തീർപ്പിൽ എത്തി കാര്യങ്ങൾ തീരുമാനിക്കുന്നത് ശരിയല്ല. പല തവണ വീണാവും കുട്ടികൾ മുന്നോട്ട് പോവുക. അതിനവർക്ക് ആത്മവിശ്വാസം നൽകി പ്രാപ്തരാക്കുക കൂടിയാണ് അവർക്കായി ഉണ്ടാക്കപ്പെട്ട നിയമങ്ങളിലൂടെയും നയങ്ങളിലൂടെയും പദ്ധതികളിലൂടെയും ചെയ്യേണ്ടത്.” മഹിളാ സമഖ്യ മുൻ സംസ്ഥാന ഡയറക്ടർ പി.ഇ ഉഷ പറയുന്നു. കുട്ടികളുടെ താത്പര്യവും കഴിവും പരിഗണിച്ച് അതിനനുസരിച്ചുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും പലപ്പോഴും ഇത് നടക്കുന്നില്ല.

പഠിക്കാൻ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ടെന്ന് നിർഭയ സെൽ കോർഡിനേറ്റർ ശ്രീല മേനോൻ പറയുന്നു. “ഇഷ്ടപ്പെട്ട കോഴ്‌സിന് ചേരാനുള്ള സഹായങ്ങൾ നൽകുന്നുണ്ട്. പഠിക്കാൻ താത്പര്യമുള്ളവർക്ക് എൻട്രൻസ് കോച്ചിങ്ങ് അടക്കം നൽകുന്നു. നിയമ പഠനം താത്പര്യമുള്ളവർക്ക് ഉൾപ്പെടെ കോച്ചിങ്ങിനുള്ള സൗകര്യം ഏർപ്പാടാക്കാറുണ്ട്.” എന്നാൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്ന ഓരോ കുട്ടികളേയും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്താൽ മാത്രമേ വിദ്യാഭ്യാസ കാര്യങ്ങളിൽ മുന്നോട്ടുപോവാൻ കഴിയൂ എന്നാണ് വിമർശകരുടെ അഭിപ്രായം.

സാമ്പത്തിക ശാക്തീകരണം ലക്ഷ്യം വച്ചുള്ള ജീവിത നൈപുണ്യ വികസനമാണ് മറ്റൊരു ‘വലിയ ഉത്തരവാദിത്തം.’ മുട്ടക്കോഴി വളർത്തൽ, തയ്യൽ, കൂൺകൃഷി എന്നിവയിൽ പരിശീലനം നൽകിയാണ് ആ വലിയ ഉത്തരവാദിത്തം സാമൂഹ്യ സുരക്ഷാ വകുപ്പും നിർഭയ സെല്ലും നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ് വഴി നടത്തുന്ന തയ്യൽ പരിശീലനത്തിന് ‘ഡിസൈനിങ്’ പരിശീലനം എന്നാണ് അധികൃതർ പേര് നൽകിയിരിക്കുന്നത്. എറണാകുളം ഇടക്കാട്ടുവയൽ സെല്ലിന് കീഴിലുള്ള തേജോമയ ഹോമിലാണ് മുട്ടക്കോഴി വളർത്തൽ പരിശീലനം. “സ്റ്റിച്ചിങ് എന്ന് പറഞ്ഞാൽ വെറും തയ്യൽ ആക്കി കണക്കാക്കേണ്ടതില്ല. ഡിസൈനർ കോഴ്‌സ് ആണ് പഠിപ്പിക്കുന്നത്. എന്റർപ്രണർഷിപ്പിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. അവർക്ക് യൂണിറ്റ് ഇട്ട് നൽകാനും ബിസിനസ് ആരംഭിക്കാനും ഉൾപ്പെടെ എന്റർപ്രണർ ആവാനുള്ള പരിശീലനങ്ങൾ കൊടുത്താണ് പദ്ധതി മുന്നോട്ട് പോവുന്നത്. തിരുവനന്തപുരത്ത് സെറീനാസ് ബോട്ടിക്കിലേക്ക് കുട്ടികൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അത് വിജയമാണ്. എന്നാൽ മുട്ടക്കോഴി പരിശീലനം തൽക്കാലം വിജയകരമല്ല. അത്തരത്തിലുള്ള പരിശീലനങ്ങൾ നൽകി കുട്ടികളെ സ്വന്തം കാലിൽ നിർത്തി സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് നിർഭയ സെൽ വഴി നടത്തുന്നത്.” ശ്രീലാ മേനോൻ പറയുന്നു.

എന്നാൽ, “സ്‌കിൽ ഡവലപ്‌മെന്റ് എന്ന് പറഞ്ഞ് കോഴിവളർത്തലും കൂൺകൃഷിയും തുന്നലും എല്ലാം പഠിപ്പിക്കുന്നത് ഇക്കാലത്താണെന്ന് ഓർമ്മിക്കണം” എന്ന് പി.ഇ ഉഷ പ്രതികരിച്ചു. “ഒരു നൂറ്റാണ്ടായി സ്ത്രീകളെ തയ്യൽ പഠിപ്പിക്കുന്നു. അതുകൊണ്ട് എത്രപേരാണ് രക്ഷപെട്ടതെന്ന് ആലോചിക്കണം. തയ്യൽ ഇഷ്ടമുള്ളവർക്ക് അത് ചെയ്യാം. പക്ഷേ എല്ലാവരേയും ഒരേ അളവുകോലിൽ അളന്ന്, അധികൃതർ തീരുമാനിക്കുന്ന പരിശീലനങ്ങൾ നൽകുന്നതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നത്? കുട്ടികളുടെ അഭിരുചിക്കനുസരിച്ച്, പുതിയ കാലത്തിനനുസരിച്ചുള്ള കോഴ്‌സുകളോ പരിശീലനങ്ങളോ നൽകിയാൽ അതെത്ര നന്നാവും.” ജീവിത നൈപുണ്യ വികസന പരിശീലനത്തിനായി ലക്ഷങ്ങളാണ് നിർഭയ സെൽ ചെലവഴിക്കുന്നത്. അത്രയും തുക നീക്കിവച്ചിട്ടും പരിശീലനങ്ങൾ ഇന്നും കോഴി വളർത്തലിലും തുന്നലിലും കറങ്ങിത്തിരിയുകയാണ്.

ഇതിന് പുറമെ നിർഭയ ഹോമുകളിൽ പെൺകുട്ടികളെ ‘നല്ല’ കുടുംബിനികളാക്കാനുള്ള തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്നാണ് സാമൂഹ്യ സുരക്ഷാ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥ പറഞ്ഞത്. ക്ലീനിങ് മുതൽ തുണികഴുകലും പാചകവും ഉൾപ്പെടെ കുട്ടികളെക്കൊണ്ട് ചെയ്യിക്കണമെന്ന നിർദ്ദേശം കൈമാറിയിട്ടുണ്ട്. “ഭക്ഷണം കഴിച്ച് മാത്രം ഇത്രയും കാലം സർക്കാർ ഷെൽറ്റർ ഹോമുകളിൽ ജീവിക്കുകയായിരുന്നു എല്ലാവരും. പല പ്രായത്തിലുള്ള കുട്ടികൾ ഹോമുകളിലേക്ക് എത്തുന്നു. വസ്ത്രം പോലും മറ്റുള്ളവർ കഴുകിക്കൊടുക്കുന്നത് കൊണ്ട് നാളെ മറ്റൊരു വീട്ടിൽ അവർക്ക് പോയി ജീവിക്കാനാവില്ല. എല്ലാ കാര്യങ്ങളും പഠിച്ച് അവരവരെ നോക്കാൻ കുട്ടികൾ പ്രാപ്തരായിരിക്കണം” എന്നായിരുന്നു ഉദ്യോഗസ്ഥയുടെ വാക്കുകൾ. “മൂന്ന് നേരം തിന്നിട്ട് എല്ലിൽ കുത്തുന്നു, അതുകൊണ്ട് ഈ ഷെൽറ്റർഹോം സംവിധാനം തന്നെ ഇല്ലാതാക്കണം എന്ന് പറഞ്ഞ ഉയർന്ന ഉദ്യോഗസ്ഥനെ എനിക്ക് നേരിട്ടറിയാം” എന്ന അഡ്വ. ജലജ മാധവന്റെ വാക്കുകൾ ഇതിനോട് ചേർത്തു വായിക്കാം.

നയത്തിൽ ഉദ്ദേശിച്ചിരുന്നത്

എന്നാൽ എന്തായിരുന്നു നിർഭയ നയത്തിൽ നൈപുണ്യ വികസനം എന്നതുകൊണ്ട് ഉദ്ദേശിച്ചത്? നയം കൊണ്ടുവരാൻ മുൻകയ്യെടുത്ത അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീർ അത് വ്യക്തമാക്കുന്നു. “ലൈംഗികാതിക്രമത്തിന് ഇരകളായി ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരെ അവരാഗ്രഹിക്കുന്നത് പോലൊരു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് യഥാർത്ഥത്തിൽ നിർഭയ ലക്ഷ്യമിട്ടത്. ഐ.ടി രംഗത്തേക്ക് അവരെ കൊണ്ടുവരിക, വലിയ വലിയ കമ്പനികളിൽ ജോലിക്കാരായോ സ്വന്തമായി സ്ഥാപനം തുടങ്ങുന്നവരായോ അവരെ കാണുക എന്നതായിരുന്നു ഒരു സ്വപ്നം. എത്രയോ നല്ല എഴുത്തുകാർ അവരുടെ കൂട്ടത്തിലുണ്ട്. എഴുതിത്തന്നാൽ പബ്ലിഷിങ് ഹൗസുകൾക്ക് കൊടുത്ത് പബ്ലിഷ് ചെയ്യാമെന്ന് അവരോട് പറഞ്ഞു. എത്രയോ ചിത്രകാരികൾ ഉണ്ട്, അവർക്ക് നല്ല അവസരം നൽകുക. അങ്ങനെ വിവിധ തലങ്ങളിലുള്ള വികസനം ആയിരുന്നു ലക്ഷ്യം. അവർക്ക് നഷ്ടമായെന്ന് പറയുന്ന ഡിഗ്നിറ്റി തിരിച്ചെടുത്ത് നിർഭയരായി ജീവിക്കാം എന്ന് ആത്മവിശ്വാസമുണ്ടാക്കുന്ന സ്‌കിൽ ഡവലപ്‌മെന്റാണ് ഉദ്ദേശിച്ചത്. എന്നാൽ അത് ഇത്തരത്തിലേക്ക് മാറിയത് അതി ദയനീയം എന്നേ പറയാനുള്ളൂ.”

നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ,
ഒഴിവാക്കപ്പെടുന്ന ബൃഹത്പദ്ധതി

മാനസികാസ്വാസ്ഥ്യമുള്ള കുട്ടികളെ ചികിത്സിക്കാനും സുരക്ഷിതരാക്കാനുമായി തൃശൂരിൽ പ്രവർത്തിക്കുന്ന പ്രത്യേക മെന്റൽ ഹെൽത്ത് ഹോമിലേക്കാണ് മാറ്റുന്നത്. എന്നാൽ ഒരു എൻ.ജി.ഒ നടത്തുന്ന ഈ ഹോമിൽ കുട്ടികളെ ശാരീരികോപദ്രവം ഏൽപ്പിക്കുകയും, രക്ഷിതാക്കളെ പോലും കാണാൻ അനുവദിക്കാതിരിക്കുകയുമാണെന്ന് പരാതികളുണ്ട്. “എത്ര വിളിച്ചാലും അവര് ഫോൺ പോലും കൊടുക്കില്ല. കുട്ടീനെ കാണാൻ സമ്മതിക്കുന്നുമില്ല. എത്രയോ കാലായി കുട്ടീനെ കണ്ടിട്ട്. വിളിക്കുമ്പോ, ഓള് ചിക്തിസയിലാണ്, ഇപ്പോ കാണാൻ പറ്റിയ അവസ്ഥയിലല്ലെന്നാണ് പറയുന്നത്. അവിടെ കുട്ടികളെ വല്ലാണ്ട് ഉപദ്രവിക്കുന്നെന്നും പറയ്ന്ന്.” ഒരു അമ്മ പറയുന്നു. ഇത്തരത്തിൽ നിരവധി പരാതികൾ മെന്റൽ ഹെൽത്ത് കെയർ ഹോമുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായിട്ടില്ല.

സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിൽ നിന്ന് വ്യതിചലിച്ച് തികച്ചും സാങ്കേതികമായി, നിയമം മാത്രം നോക്കി പ്രവർത്തിക്കുന്ന ഏജൻസിയായി നിർഭയ സെൽ മാറി എന്നതാണ് പ്രധാന വിമർശനം. അനാഥാലയ നടത്തിപ്പുകാർ നിർഭയ ഹോം നടത്തിപ്പുകാരായപ്പോൾ സാമൂഹ്യസുരക്ഷാ വകുപ്പ് ഏൽപ്പിക്കുന്ന പണം ചെലവഴിച്ച് ബില്ല് നൽകുന്ന സംവിധാനം മാത്രമായി ഇത് ഒതുങ്ങി. 2018ന് ശേഷം വകുപ്പ് മന്ത്രി ചെയർമാനായുള്ള കമ്മിറ്റി പോലും യോഗം ചേർന്നിട്ടില്ല. സാമൂഹ്യ പങ്കാളിത്തത്തോടെ, അതിക്രമിക്കപ്പെട്ടവരുടെ അവകാശത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പദ്ധതി കേവലം ഫണ്ട് ചെലവഴിക്കുന്നതിനുള്ള ഔദ്യോഗിക പരിപാടിയായി മാറി. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തിലുള്ള ഏകോപനം എന്ന ആശയം പിന്നീട് ഇല്ലാതായി. നിർഭയ നയം നടപ്പാക്കിയ യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച പല പദ്ധതികളും വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. “അത്രയും വർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കേസുകൾ പുറത്ത് വന്നത് നിർഭയ നയവും അതിനനുസരിച്ചുള്ള പദ്ധതികളും നടപ്പാക്കാൻ തുടങ്ങിയപ്പോഴാണ്. അത്തരത്തിൽ തീരുമാനിച്ചിരുന്ന പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു പ്രാദേശിക തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം. കുടുംബശ്രീയുടേയും മറ്റ് സംവിധാനങ്ങളുടേയും സഹായത്തോടെ പ്രാദേശികമായി ക്രൈം മാപ്പിങ് അക്കാലയളവിൽ നടത്തി. അതിൽ ചില സ്ഥലങ്ങൾ ക്രിട്ടിക്കൽ ക്രൈം പ്രോൺ ഏരിയകൾ ആയിരുന്നു. കുടുംബക്കാരിൽ നിന്നും അയൽപക്കക്കാരിൽ നിന്നുമുൾപ്പെടെ അതിക്രമം നേരിടുന്നവരുടെ ഡീറ്റെയ്ൽസ് എടുത്ത് കുടുംബശ്രീ ക്രൈം മാപ്പിങ് ഡോക്യുമെന്റ് ഉണ്ടാക്കി. തുടർന്നാണ് ജാഗ്രതാ സമിതി ഉണ്ടാക്കുന്നത്. പല വകുപ്പുകളെ യോജിപ്പിച്ചാണ് ജാഗ്രതാ സമിതിയുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കിയത്. അതിനകത്ത് പോലീസും അഭിഭാഷകരും വാർഡ് മെമ്പറും വരെ ഉൾപ്പെടും. ജാഗ്രതാ സമിതിയെ സ്റ്റാറ്റ്യൂട്ടറി ബോഡി ആക്കാനും, വാർഡ് മെമ്പറെ കൺവീനറാക്കാനും ഉള്ള നടപടികൾ തുടങ്ങി. ജാഗ്രതാ സമിതി ചേർന്നില്ലെങ്കിൽ മെമ്പർ സ്ഥാനം നഷ്ടപ്പെടും എന്നുവരെ വ്യവസ്ഥ ചെയ്ത ശക്തമായ ബിൽ പാസ്സാക്കാനായിരുന്നു ലക്ഷ്യം. അതനുസരിച്ച് ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ അപ്പോഴേക്കും സർക്കാരിന്റെ കാലാവധി കഴിഞ്ഞു. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാരിനോടും ഈ സർക്കാരിനോടും ആ ഓർഡിനൻസ് നിയമമാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടു. എന്നാൽ അവർ അത് തൊട്ടിട്ടില്ല.” ഡോ. എം.കെ മുനീർ ചൂണ്ടിക്കാട്ടി.

ഗർഭിണികളാവുന്ന, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മതവിശ്വാസത്തിന്റെ പേരിൽ ഗർഭഛിദ്രത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതും കുഞ്ഞിന് മുലപ്പാൽ നൽകണമെന്ന നിർബന്ധവുമുൾപ്പെടെ സമൂഹം നിശ്ചയിക്കുന്ന സദാചാര മാനദണ്ഢങ്ങൾ വച്ച് ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെൺകുട്ടികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഏജൻസികളായി ഹോമുകളും സർക്കാർ സംവിധാനങ്ങളും മാറുന്നതായും ആക്ഷേപമുണ്ട്. നിലനിൽക്കുന്ന സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിച്ച്, മാറുന്ന കാലത്തിനനുസരിച്ച മാറ്റം നിർഭയാ പദ്ധതികളിൽ കൊണ്ടുവരണമെന്നുള്ള ആവശ്യം ഉയരുമ്പോഴാണ് ആ സംവിധാനത്തെ തന്നെ തകർക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥ ഇടപെടലുകൾ ഉണ്ടാകുന്നത്.

(തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 6, 2021 3:00 pm