‘ചൈത്യഭൂമി’: അംബേദ്കറുടെ പൊതു ഓർമ്മകളിലൂടെ

ഡോ. ബാബാ സാഹേബ് അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്നത് മഹാരാഷ്ട്രയിലെ ദാദറിലുള്ള ചൈത്യഭൂമിയിലാണ്. ഡിസംബർ ആറ് അംബേദ്കറുടെ പരിനിർവാണ ദിവസത്തിന് മുന്നോടിയായി ചൈത്യഭൂമിയിൽ നടക്കുന്ന ലക്ഷക്കണക്കിനാളുകളുടെ സ്വാഭിമാന സമ്മേളനത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്ന ഡോക്യുമെന്ററിയാണ് സോംനാഥ് വാഗ്മാറെ സംവിധാനം ചെയ്ത ‘ചൈത്യഭൂമി’. പാ. രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻ ആണ് ‘ചൈത്യഭൂമി’ നിർമ്മിച്ചിരിക്കുന്നത്.

ബി.ആർ അംബേദ്കറുടെ ദർശനങ്ങളും ജാതിഉന്മൂലന, വിമോചന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന പാട്ടുകളിലൂടെയും എന്താണ് ദലിത് മനുഷ്യരുടെ പൊതു ഇടം, ഓർമ്മകൾ എന്നീ ആശയങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളിലൂടെയുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി കടന്നുപോകുന്നത്. ഇന്ത്യയ്ക്കകത്തും മറ്റ് രാജ്യങ്ങളിലുമായി ചൈത്യഭൂമി പ്രദർശനം തുടരുകയാണ്. ഡോ. അംബേദ്കറുടേതുപോലെ, ജന്മദിനവും മരണദിനവും ഇത്രയധികം പിന്തുടർച്ചക്കാരുടെ കൂട്ടംചേരലോടെ ആചരിക്കപ്പെടുന്ന മറ്റു നേതാക്കൾ അപൂർവ്വമാണെന്ന് സോംനാഥ് വാഗ്മാറെ പറയുന്നു.

ചൈത്യഭൂമി പോസ്റ്റർ.

ദാദറിലെ ചൈത്യഭൂമിയിലെത്തിച്ചേർന്ന പാട്ടുകാരിലൂടെയാണ് ഡോക്യുമെന്ററിയുടെ യാത്ര. മറാത്തി ദലിത് ഗായകരുടെ പാട്ടുകളും ഡിസംബർ ആറിലെ ചടങ്ങുകളും ആൾക്കൂട്ടത്തിന്റെയും അന്തരീക്ഷത്തിന്റെയും ദൃശ്യങ്ങളും ബൗദ്ധ ആത്മീയതയുടെ താളത്തിലാണ് സോംനാഥ് ഡോക്യുമെന്റ് ചെയ്തിരിക്കുന്നത്. ഉള്ളിൽ അനുഭവപ്പെട്ടതിനെ പകർത്തുന്നതിലുള്ള സൂക്ഷ്മത കൊണ്ടുതന്നെയാകണം ഡോക്യുമെന്ററിയിൽ സ്വയം അടയാളപ്പെടുത്തുന്നതിന്റെ അതീവമായ ശാന്തതയും പ്രകടമാകുന്നുണ്ട്.

ഇന്ത്യൻ സമൂഹത്തിൽ അടിച്ചമർത്തൽ നേരിടുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബി ആർ അംബേദ്കർ 1924ൽ രൂപീകരിച്ച സമത സൈനിക് ദളിന്റെ പ്രവർത്തകരെയും ഡോക്യുമെന്ററിയിൽ ആദ്യാവസാനം ചിത്രീകരിച്ചിട്ടുണ്ട്. ചൈത്യഭൂമിയിലെ ചടങ്ങുകളുടെയും പരിപാടികളുടെയും ദൃശ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ പാട്ടുകൾ തന്നെയാണ് പ്രധാനമായും ദൃശ്യങ്ങളിൽ നിറയുന്നത്. രാഹുൽ തെൽഗോട്ടെ, അംബിക കാംബ്ലെ (ജയ്ഭീം കലാമഞ്ച്), ധർമരക്ഷിത് രണദിവെ തുടങ്ങിയവരുടെ പാട്ടുകളാണ് ഡോക്യുമെന്ററിയിലുള്ളത്.

“നമുക്കുവേണ്ടി
ബാബാ സാഹേബ് അംബേദ്കർ എഴുതുന്നു,
പത്തുനില കെട്ടിടത്തിൽ താമസിക്കുന്നൊരാൾക്കും തകർന്ന ചേരിയിൽ താമസിക്കുന്നൊരാൾക്കും
വോട്ട് ചെയ്യാനുള്ള മാന്യമായ അവകാശമുണ്ട്.”

“ഈ രാജ്യത്ത് സത്യമുള്ള നേതൃത്വം അംബേദ്കറുടേതാണ്”

എന്നിങ്ങനെയുള്ള പാട്ടുകൾ.

സോംനാഥ് വാഗ്മാറെയും പാ രഞ്ജിത്തും

ജാതിയിൽ നിന്നുള്ള വിമോചനം എന്നതുകൊണ്ട് ദലിതരുടെ മാത്രമല്ല, എല്ലാവരുടെയും വിമോചനമാണ് അർത്ഥമാക്കുന്നത് എന്ന് കോമൺവെൽത്ത് സ്കോളറായ പ്രാഞ്ജലി കുരീൽ ഡോക്യുമെന്ററിയിൽ പറയുന്നു. അംബേദ്കറൈറ്റ് മുന്നേറ്റത്തിൽ ചിഹ്നങ്ങളുടെ/അടയാളങ്ങളുടെ പങ്കിനെ കുറിച്ചും പ്രാഞ്ജലി പറയുന്നുണ്ട്. അപ്പർകാസ്റ്റ് ഹിന്ദു അടയാളങ്ങൾ അടിച്ചമർത്തലിനെ പ്രതിനിധീകരിക്കുമ്പോൾ അംബേദ്കറൈറ്റ് അടയാളങ്ങൾ സ്വാതന്ത്ര്യത്തെയും നീതിയെയും കുറിച്ച് ആകുന്നതെങ്ങനെ എന്ന് പ്രാഞ്ജലി വിശദമാക്കുന്നു.

പ്രാഞ്ജലി കുരീൽ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നു.

ജെ.എൻ.യുവിലെ ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ മുൻ നേതാവും ഗവേഷകനുമായ രാഹുൽ സോൻപിംപ്ലേ അംബേദ്കറെ കുറിച്ചും ചൈത്യഭൂമിയെ കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പഠനകാലത്തെ ഒറ്റപ്പെടലിന്റെ ഭാരംകുറച്ചത് ചൈത്യഭൂമിയാണെന്ന് രാഹുൽ ഓർമ്മിക്കുന്നു. പൊതു ഇടങ്ങളെ കുറിച്ച് അധീശജാതികളിൽ ഉള്ളവർക്കുള്ള സങ്കൽപങ്ങളും ദലിതർക്കുള്ള സങ്കൽപങ്ങളും വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും, എന്തുകൊണ്ട് എന്നും രാഹുൽ വിശദമാക്കുന്നു. പൊതു സമ്പത്തുകൊണ്ട് നിർമ്മിച്ച, ജെ.എൻ.യു ഉൾപ്പെടെയുള്ള സവർണ്ണ നേതാക്കളുടെ പേരുകളിലുള്ള പൊതു സംവിധാനങ്ങൾ ദലിതർ തുല്യരായി കണക്കാക്കപ്പെടാത്ത ഇടങ്ങളാണെന്ന് രാഹുൽ പറയുന്നു. “അംബേദ്കർക്കും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ബാക്കിയുള്ളത് കമ്മ്യൂണിറ്റിയാണ്. അംബേദ്കറുടെ ജനങ്ങൾ തന്നെയാണ് അദ്ദേഹത്തെ പൊതു ഓർമ്മയുടെ ഭാഗമാക്കി മാറ്റിയത്, അല്ലാതെ ഭരണവർഗത്തിന്റെ പ്രവർത്തനങ്ങളല്ല.” രാഹുൽ പറയുന്നു. അംബേദ്കർ എന്ന വ്യക്തിയുടെ രാഷ്ട്രീയത്തെ തള്ളിപ്പറയുകയും ബിംബമാത്രമായി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏറ്റെടുക്കുന്നതിനെതിരെയും രാഹുൽ സംസാരിക്കുന്നുണ്ട്.

രാഹുൽ സോൻപിംപ്ലേ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നു.

“ജനം ഉറങ്ങുകയാണ്,
ചിലർ ഉറക്കം നടിക്കുമ്പോൾ സഹോദരാ
അവരെ നമുക്ക് ഉണർത്തണം
ഉണർന്നവർ വീണ്ടും ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കണം.
നമ്മുടെ പ്രധാനമന്ത്രിയും ഉറങ്ങാറില്ല എന്നാണ് കേട്ടത്,
അദ്ദേഹം എല്ലായ്‌പ്പോഴും ഉറക്കമിളച്ച്
കണ്ണിൽ എണ്ണയൊഴിച്ച് ജോലി ചെയ്യുകയാണത്രേ,
അങ്ങനെയാണത്രേ ഉണർന്നിരിക്കുന്നത്,
അങ്ങനെയാണത്രേ വിദേശരാജ്യങ്ങളിൽ ചുറ്റിക്കറങ്ങുന്നത്,
രാവിൽ പണിയെടുക്കുന്ന പ്രധാനമന്ത്രിയും ഗവണ്മെന്റും
പകലെന്തു ചെയ്യുന്നു, നമുക്കാർക്കും അറിവില്ല
അതുകൊണ്ട് ഞാൻ പറയട്ടെ,
നമ്മൾ ചിന്തകളോടെ ഉണർന്നിരിക്കണം.”

ധർമരക്ഷിത് രണദിവെയും സംഘവും പാടിയ ഒരു പാട്ടിലെ വരികളാണിത്.

ജനുവരിയിൽ ബാംഗ്ലൂർ ഇന്റർനാഷണൽ സെന്ററിൽ നടത്തിയ പ്രദർശനത്തിലാണ് ഈ ഡോക്യുമെന്ററി കാണുന്നത്. പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ ഉയർന്ന ഒരു ചോദ്യം ഡോക്യുമെന്ററിയുടെ ഘടനയെക്കുറിച്ചും സൗന്ദര്യാത്മകതയെ (എയ്‌സ്‌തെറ്റിക്‌സ്) കുറിച്ചുമൊക്കെ ആയിരുന്നു.

“ദലിത് വ്യക്തികളുടെ വർക്കിനെ തള്ളിപ്പറയുന്ന വരേണ്യ കാഴ്ചപ്പാടിൽനിന്നാണ് ആ ചോദ്യം വരുന്നത്.” സോംനാഥ് പ്രതികരിച്ചു. “വളരെ ആധുനികമായ വരേണ്യ രീതിയാണത്. സാങ്കേതികമായ പ്രശ്‌നം ഉണ്ടെന്നോ സൗന്ദര്യാത്മകതയിൽ കുഴപ്പമുണ്ടെന്നോ അവർ പറയും. ബ്രാഹ്‌മണ്യ എയ്‌സ്‌തെറ്റിക്‌സിൽ നിന്നുകൊണ്ട്, അവരുടെ അഭിരുചിക്ക് ചേരാത്തതിനെയെല്ലാം തള്ളിക്കളയുക എന്ന രീതി. മഹാരാഷ്ട്രയിലെ മുൻനിര എഴുത്തുകാരൻ നാംദേവ് തസാൽ കവിതകൾ എഴുതിത്തുടങ്ങിയപ്പോൾ അവർ പറഞ്ഞത് അതൊന്നും കവിത അല്ലെ, വ്യാകരണം തെറ്റാണ് എന്നാണ്. കുറച്ച് സമയത്തിനുള്ളിൽ നാംദേവ് തസാൽ മറാത്തിയിലെ പ്രധാന കവിയായി മാറി, ഇന്ത്യൻ സാഹിത്യത്തിൽ തന്നെ തസാൽ ഇടംനേടി. അവർ ചിന്തിക്കുന്നത് ഇങ്ങനെയാണ്, അതുകൊണ്ടാണ് നമ്മൾ സിനിമയെക്കുറിച്ചുള്ള അവരുടെ ആശയങ്ങളെ തള്ളിക്കളയുന്നത്. നമ്മുടേതായ അംബേദ്കറൈറ്റ് ആശയങ്ങൾ മാനുഷിക മൂല്യങ്ങൾക്കാണ് ഇടം കൊടുക്കുന്നത്. സൗന്ദര്യത്തിനല്ല രാഷ്ട്രീയ ഉള്ളടക്കത്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കുന്നത്. ബ്രാഹ്‌മിൺ സവർണ സമുദായങ്ങളിലുള്ളവർ ഒരിക്കലും അവരുടെ സമുദായങ്ങളെക്കുറിച്ച് എഴുതുന്നില്ല. അവരുടെ എല്ലാ പുരോഗമന ആശയങ്ങളും ദലിതർക്കുമേൽ സ്ഥാപിക്കുകയും ചൈത്യഭൂമിയിലേതുപോലുള്ള സമ്മേളനങ്ങളെ കുറ്റവൽക്കരിക്കുകയുമാണ് അവർ ചെയ്യുക. അധീശ ജാതിവിഭാഗങ്ങളിൽനിന്നുള്ള മുതിർന്ന ഡോക്യുമെന്ററി സംവിധായകർ ഒരിക്കലും അവരുടെ ജാതികളെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്യുകയില്ല. അവരുടെ സമുദായങ്ങളെക്കുറിച്ച് പറയാൻ ധാരാളം കാര്യങ്ങളുണ്ട്. അവർ അധികാരം നിലനിർത്തുന്നത് എങ്ങനെ, അതാണ് പ്രധാനപ്പെട്ട ചോദ്യം. അവർക്കൊരിക്കലും സ്വന്തം കഥ പറയാൻ താൽപര്യമുണ്ടാകുകയില്ല. അതുകൊണ്ടാണ് അവർ മറ്റുള്ളവരെ കുറിച്ച് പുസ്തകമെഴുതുന്നത്. ഒരു നേതാവിന്റെ മരണശേഷം ഇത്രയധികം പിൻഗാമികൾ അയാൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടം കാണാനെത്തുന്നത് വളരെ അപൂർവ്വമായ കാര്യമാണ്. മാർക്‌സിന്റെയോ നെൽസൺ മണ്ടേലയുടെയോ ഗാന്ധിയുടെയോ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്നറിയില്ല.”

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

“ഒരു മഹാരാഷ്ട്രിയൻ മഹർ ബുദ്ധിസ്റ്റ് എന്ന നിലയിൽ നമുക്ക് ഒരു പ്രിവിലേജ് മാത്രമേയുള്ളൂ. നമുക്ക് ഭൂമിയില്ല, വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കൾ ഇല്ല, ബ്യൂറോക്രസിയിൽ ജോലി ചെയ്യുന്ന കുടുംബാംഗങ്ങൾ ഇല്ല. നമുക്കുള്ളത് ഈ മുന്നേറ്റത്തിന്റെ പാരമ്പര്യമാണ്. നമ്മുടെ കുടുംബത്തിലെ ആരും നമ്മളോട് സ്വത്വം മറച്ചുവെക്കാൻ ആവശ്യപ്പെടാറില്ല. എന്റെ മനസ്സിൽ അങ്ങനെയൊരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല അത് മറച്ചുവെക്കാനുള്ള സാധ്യതയും നമുക്കില്ല. ചൈത്യഭൂമിയിൽ നിങ്ങൾക്ക് കുട്ടികളെയും കാണാം. ഈ രാഷ്ട്രീയവുമായി എനിക്കും അടുപ്പം തുടങ്ങുന്നത് ചെറുപ്പത്തിൽ തന്നെയാണ്. അംബേദ്കർ ജയന്തി, ബുദ്ധ ജയന്തി ചടങ്ങുകളിലും പ്രതിഷേധങ്ങളിലും എല്ലാം രക്ഷിതാക്കൾ നമ്മളെ കൊണ്ടുപോകും. എന്റെ കുടുംബം താമസിക്കുന്നത് ഗ്രാമത്തിലാണ്, രക്ഷിതാക്കൾ തൊഴിലാളികളായിരുന്നു. മഹാരാഷ്ട്രയിൽ അംബേദ്കറൈറ്റ് മുന്നേറ്റത്തിന്റെ ഭാഗമായ നാല് കേന്ദ്രങ്ങളാണ് ഉള്ളത്. ഒന്നാമത്തേത് ഭീമ കൊറേഗാവ്, രണ്ടാമത് ചൈത്യഭൂമി, ദീക്ഷാഭൂമി, മഹാഡ്. ഇതെല്ലാം ആളുകൾ തുടർച്ചയായി സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. കുട്ടിക്കാലത്ത് തന്നെ ഞാൻ ചൈത്യഭൂമിയിലും ഭീമ കൊറേഗാവിലും പോയിട്ടുണ്ട്. എന്റെ ഏയ്‌തെറ്റിക്‌സിന്റെ ഉറവിടം ദലിത് സാഹിത്യമാണ്. നാംദേവ് തസാലിന്റെ കവിതകളുടെ ഏയ്‌തെറ്റിക്‌സ് ആണ് എന്റേത്, ബാബാ സാഹേബ് അംബേദ്‌റുടെ ജാതിനിർമൂലനത്തിന്റെ – (അരുന്ധതിറോയിയുടെ അല്ല!) എയ്‌സ്‌തെറ്റിക്‌സ് ആണ് എന്റേത്.” ഡോക്യുമെന്ററി പ്രദർശനത്തെ തുടർന്ന് നടന്ന സംവാദത്തിൽ സോംനാഥ് പറഞ്ഞു. തുടർന്ന് കേരളീയത്തിന് അനുവദിച്ച അഭിമുഖത്തിലും സോംനാഥ് ഇപ്രകാരം പറഞ്ഞു, “എന്നെ സംബന്ധിച്ച് കല വളരെ വ്യക്തിപരമായൊരു കാര്യമാണ്. എനിക്ക് കഥ പറയണമെങ്കിൽ ഞാൻ എന്റെ തന്നെ കഥയാണ് പറയുക. എല്ലാവരും അവരവരുടെ കഥകളാണ് പറയുന്നത്.”

ചൈത്യഭൂമിയിലെ പുസ്തകങ്ങൾ

“ചൈത്യഭൂമിയിലെ ബുക്സ്റ്റാളുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവലാണ്. അത്രയധികം വൈവിധ്യങ്ങളാണവിടെ. രണ്ടായിരം ബുക് സ്റ്റാളുകൾ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഉണ്ടാകുകയില്ല!” സോംനാഥ് പറയുന്നു. ചൈത്യഭൂമിയിൽ ഡിസംബർ ഒന്നുമുതൽ ഡിസംബർ ആറുവരെ നടക്കാറുള്ള ആഘോഷങ്ങളുടെ പ്രധാനഭാഗമാണ് പുസ്തകങ്ങൾ. “ദാദറിലെ ശിവാജിപാർക്ക് ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുന്നത്. ബുദ്ധിസ്റ്റ് സൊസൈറ്റിയും മുംബൈ കോർപറേഷനും ആയിരം രൂപയോടടുത്താണ് സ്റ്റാളുകളുടെ വാടകയായി വാങ്ങുന്നത്. സെക്യുലർ ആർട്ട് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന പെയ്ന്റിങ് എക്‌സിബിഷനുകൾ, എസ്.സി-എസ്.ടി സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന ഭക്ഷണ സ്റ്റാളുകൾ, വിദ്യാർത്ഥി ഗ്രൂപ്പുകളുടെ കരിയർ ഗൈഡൻസ് സ്റ്റാളുകൾ അങ്ങനെ പല തരത്തിലാണ് ചൈത്യഭൂമിയിലെ ഇടപെടലുകൾ. സൗജന്യ ചികിത്സ നൽകാൻ എസ്.സി ഡോക്‌ടേഴ്‌സ് അസോസിയേഷനും ഉണ്ടാകും. ചൈത്യഭൂമിയിലെത്തുന്നവർ വെള്ളയോ നീലയോ നിറമുള്ള വസ്ത്രങ്ങളാണ് അണിയുക. ബുദ്ധിസ്റ്റ് പാരമ്പര്യത്തിന്റെ അടയാളമാണ് വെള്ള. മറാത്തിയിലാണ് കൂടുതൽ പുസ്തകങ്ങളുണ്ടാകുക. അതും സാമൂഹ്യശാസ്ത്ര പുസ്തകങ്ങൾ.” സോംനാഥ് വിശദീകരിച്ചു.

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

സോംനാഥ് സംവിധാനം ചെയ്ത, രാജ്ഗൃഹ സ്റ്റാൻഡ്‌സ് ടോൾ (2020), ദ ബാറ്റിൽ ഓഫ് ഭീമ കൊറേഗാവ്, എൻ അൺഎൻഡിങ് ജേണി (2017), ഐ ആം നോട്ട് എ വിച്ച് (2016) എന്നീ ഡോക്യുമെന്ററികൾ അദ്ദേഹത്തിന്റെ somnathwaghmare.com എന്ന വെബ്സൈറ്റിലൂടെ കാണാവുന്നതാണ്.

ചൈത്യഭൂമിയിലെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മഹാരാഷ്ട്രയിലെ വഞ്ചിത് ബഹുജൻ അഘാഡി എന്ന മുന്നണിയുടെ സ്ഥാപകനും അംബേദ്കറുടെ പൗത്രനുമായ പ്രകാശ് അംബേദ്കർ ഉന്നയിക്കുന്ന ഈ ചോദ്യവും ഡോക്യുമെന്ററിയിലുണ്ട്, “ഭരണഘടന ആക്രമിക്കപ്പെട്ടപ്പോളെല്ലാം നിങ്ങൾ എവിടെയായിരുന്നു? നമ്മളോടൊപ്പം ഉണ്ടായിരുന്നോ? നിങ്ങൾ നമ്മളോടൊപ്പമാണെങ്കിൽ നിങ്ങൾ നമ്മളിലൊരാളായിരിക്കും. പക്ഷേ നിങ്ങൾ ഒരു ഭാഗത്ത് മാറിനിന്ന് ഇതെല്ലാം കണ്ടുനിൽക്കുകയാണെങ്കിൽ നിങ്ങൾ നമുക്കൊപ്പമല്ല. ഈ സന്ദേശം നൽകുന്നതിലൂടെ ഞങ്ങൾ പ്രകടിപ്പിക്കുന്ന ധൈര്യമാണിത്.”

ഈ വർഷവും അംബേദ്കർ ജയന്തിക്ക് തൊട്ടുമുമ്പായി ഏപ്രിൽ 13ന് ഉത്തർപ്രദേശിലെ കാൺപൂരിൽ അംബേദ്കറുടെ പ്രതിമ തകർക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദലിത് സ്വത്വത്തിന്റെയും ദലിത് ഇടങ്ങളുടെയും അടയാളമാണ് അംബേദ്കറുടെ പ്രതിമകൾ. അതിനാൽത്തന്നെ ഈ പ്രതിമകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരു ജനതയ്ക്ക് നേരെയും അവരുടെ രാഷ്ട്രീയത്തിനുനേരെയുമുള്ള ആക്രമണങ്ങൾ കൂടിയാണ്.

ചൈത്യഭൂമി, ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം.

‘ചൈത്യഭൂമി’യിൽ രാഹുൽ സോൻപിംപ്ലേ പറയുന്നു, “ചൈത്യഭൂമി ദീക്ഷാഭൂമി പോലെ വലിയൊരിടത്തല്ല നിലനിൽക്കുന്നത്. ദലിതർ തെരുവിലിറങ്ങി സർക്കാരിനോടും സമൂഹത്തോടും ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ലിബറൽ സവർണ ജനങ്ങൾ പ്രതികരിക്കുന്നത് ഞങ്ങൾ ജാതി പാലിക്കുന്നില്ല എന്നും എല്ലാവരും തുല്യരാണ് എന്നെല്ലാമാണ്. ജാതി പാലിക്കുന്നു എന്നതിന്റെ ഇടുങ്ങിയ അർത്ഥത്തിൽ നാഗരികരായ ആളുകൾ തൊട്ടുകൂടായ്മ എന്ന് വിളിക്കപ്പെടുന്ന രീതി പാലിക്കുന്നുണ്ടാകില്ല. ഇവിടെ സമൂഹം മാത്രമല്ല ഇന്ത്യൻ ഭരണകൂടം തന്നെ തൊട്ടുകൂടായ്മ പാലിക്കുന്നുണ്ട്. അംബേദ്കറുടെ പേരിലുള്ളത് ഇത്രയും ചെറിയൊരിടമാണ് എന്നതുതന്നെ സമൂഹത്തിൽ എങ്ങനെയാണ് ഭരണകൂടം ജാതി ആചരിക്കുന്നതിന് നിയമസാധുത നൽകുന്നത് എന്നതിനുദാഹരണമാണ്.

അംബേദ്കറോടുള്ള ഭരണകൂട സമീപനം എത്തരത്തിലാണ് എന്നതും വലിയൊരു ചോദ്യമാണ്. സവർണ ലിബറൽ, സവർണ ഇടത്, സവർണ റാഡിക്കൽ ആയ രാഷ്ട്രീയ പാർട്ടികൾക്കൊന്നും അംബേദ്കർ ഒരു പൊതു ഓർമ്മയുടെ ഭാഗമായിരുന്നില്ല, അംബേദ്കർ പൊതു ഓർമ്മയുടെ ഭാഗമാകണമെന്ന് അവരൊരിക്കലും ആഗ്രഹിക്കുകയും ചെയ്തിട്ടില്ല. കേരളവും ബംഗാളും പോലുള്ള കമ്മ്യൂണിസ്റ്റ് സംസ്ഥാനങ്ങളിൽ, ഡൽഹിയിലോ യു.പിയിലോ മഹാരാഷ്ട്രയിലോ പോലും അംബേദ്കറിന്റെ സ്മാരകങ്ങളായ ഇടങ്ങളെയൊന്നും എനിക്ക് പൊതു ഇടങ്ങൾ എന്ന് വിളിക്കാൻ കഴിയുന്നില്ല.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 14, 2024 3:06 pm