കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും വയനാട് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങൾ ഇപ്പോഴും കരകയറിയിട്ടില്ല. അഞ്ഞൂറിലേറെ മനുഷ്യജീവൻ നഷ്ടമായ ഉരുൾപൊട്ടലിന്റെ കാരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ചർച്ചകളും തുടരുകയാണ്. സമീപകാല മനുഷ്യ ഇടപെടലുകൾക്കൊപ്പം കൊളോണിയൽ കാലം മുതൽ വയനാടിന്റെ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളുടെ ചരിത്രം കൂടി ഈ ചർച്ചകളിൽ കടന്നുവരേണ്ടതുണ്ട്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലേക്ക് എത്തിയ പരിസ്ഥിതി നാശത്തിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകമാണ് ചരിത്രകാരനായ ഷുമൈസ് യു എഴുതിയ ‘വയനാടൻ പാരിസ്ഥിതിക ചരിത്രം: ഏലമല മുതൽ ചൂരൽമല വരെ.’ ഗ്രന്ഥകാരനും ഫാറൂഖ് കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഷുമൈസ് യു കേരളീയവുമായി സംസാരിക്കുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കാരണം കാലാവസ്ഥ വ്യതിയാനമാണെന്നും അതല്ല മനുഷ്യ നിർമ്മിതമാണെന്നുമുള്ള ചർച്ചകൾ തുടരുകയാണ്. അതേസമയം ബ്രിട്ടീഷ് ഭരണകാലത്ത് വയനാട്ടിൽ നടപ്പിലാക്കിയ കോളോണെെസേഷൻ സ്‌കീമും അതിന്റെ ഭാഗമായുണ്ടായ പരിസ്ഥിതി നശീകരണവും ഈ ദുരന്തത്തിന്റെ ചരിത്രപരമായ കാരണങ്ങളാണെന്ന് താങ്കൾ പുസ്തകത്തിൽ പറയുന്നുണ്ട്. ദുരന്ത കാരണത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഈ ചരിത്രം ഇടംപിടിക്കാത്തതായും കാണാം. ഒരു ചരിത്രകാരൻ എന്ന നിലയിൽ താങ്കൾ ഈ ദുരന്തത്തെയും അതിന്റെ കാരണങ്ങളെയും എങ്ങനെയാണ് നോക്കിക്കാണുന്നത്?
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുണ്ടാക്കിയ നയങ്ങളുടെ ഭാഗമായി വലിയൊരു മാറ്റം വന്നിട്ടുണ്ട്. ഇന്ത്യയിലുണ്ടായ ഇത്തരം പാരിസ്ഥിതിക തകർച്ചയെക്കുറിച്ച് പഠനം നടത്തിയ മാധവ് ഗാഡ്‌ഗിലും രാമചന്ദ്ര ഗുഹയും അത് കൃത്യമായി പറയുന്നുണ്ട്. അവരുടെ പഠനങ്ങൾ നോക്കിയാൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും തിരിച്ചുപിടിക്കാൻ കഴിയാത്ത രീതിയിൽ ബ്രിട്ടീഷുകാർ വനം നശിപ്പിച്ചതായി അഭിപ്രായപ്പെടുന്നത് കാണാം. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വയനാട്ടിലേക്ക് നോക്കുമ്പോൾ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ വയനാട്ടിലെ ഭൂമി വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളതായി കാണാം. ഇതിന്റെ തുടക്കം പഴശ്ശി സമരത്തിന്റെ അനന്തര ഫലമാണ്. പഴശ്ശി കുറിച്യ സമരത്തിന്റെ അവസാനത്തിൽ വയനാട്ടിലെ പ്രകൃതിയെ കൂടി അച്ചടക്കത്തിന് വിധേയമാക്കണമെന്നുള്ള നയം ബ്രിട്ടീഷ് ഗവണ്മെന്റ് എടുക്കുന്നുണ്ട്. ഇതിന്റെ കാരണമായി പറയുന്നത്, വയനാട്ടിലെ ഭൂപ്രകൃതി മിലിട്ടറി മൂവ്മെന്റിന് വലിയ തരത്തിലുള്ള തടസമാവുകയും മലമ്പനി പിടിപെട്ട് നിരവധി ആളുകൾ മരണപ്പെടുകയും ചെയ്ത സാഹചര്യമാണ്. അത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പല സ്ഥലങ്ങളിലും കാട് വെട്ടിത്തെളിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ, ഇവിടെ കാപ്പി കൃഷി ചെയ്യാൻ പറ്റുമെന്ന് മനസ്സിലാക്കിയതിന് പിന്നാലെ കാപ്പിത്തോട്ടങ്ങളുടെ വരവ് വയനാട്ടിലേക്കുണ്ടായി. അങ്ങനെ ശ്രീലങ്കയിൽ നിന്നടക്കം യൂറോപ്യന്മാരായ പ്ലാന്റേഷൻസ് ഇവിടേക്ക് വന്നു. ഈ യൂറോപ്യൻ മൂലധന നിക്ഷേപം തുടങ്ങിയതോടെ വയനാട്ടിലെ ഭൂമിയുടെ ഉടമസ്ഥത മാറി. മാത്രമല്ല വനം എന്നുള്ളത് അന്ന് ഒരു പൊതുമുതലാണ്. അത് വെറുതെ കിടക്കുന്നതായാണ് അവർ കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ഭൂമി എന്തെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്തുക എന്ന നിലപാടിലേക്ക് ഈ ഒരു ഘട്ടത്തിൽ ബ്രിട്ടീഷുകാർ മാറുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വ്യാപകമായി കാപ്പിത്തോട്ടങ്ങൾ വരുന്നു. പക്ഷേ, അസുഖങ്ങളും മറ്റ് കാരണങ്ങളും കൊണ്ട് വളരെ പെട്ടന്ന് തന്നെ ഒരു പ്ലാന്റേഷൻ ക്രോപ് എന്ന നിലയിൽ നിന്നും കാപ്പിത്തോട്ടങ്ങൾ ഉപേക്ഷിക്കപ്പെടുന്നു. മേപ്പാടി മേഖലയിൽ കാപ്പിത്തോട്ടങ്ങളുടെ പരീക്ഷണം കാര്യമായിട്ട് നടന്നിട്ടുമില്ല. കാപ്പി നഷ്ട്ടപ്പെട്ടതോടുകൂടി എന്താണ് മറ്റൊരു കൃഷി എന്ന ചോദ്യം വരുന്നു. ഈ ഘട്ടമാകുമ്പോഴേക്കും വനം വകുപ്പ് കൂടുതൽ ശക്തമാവുകയും തോട്ടവിളകൾ ശാസ്ത്രീയമായി പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന് ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ കൂടാതെ മാനന്തവാടി ഫോറസ്റ്റ് ഓഫീസിനെ ചുറ്റിപറ്റി ഒരു ബൊട്ടാണിക്കൽ ഗാർഡൻ കൂടി ഉണ്ടായിരുന്നു. ഇവിടെ കൊണ്ടുവന്ന് ചെടികളുടെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടാണ് തോട്ടവിള കൃഷി വ്യാപിക്കുന്നത്. ഈ ഘട്ടത്തിൽ സിങ്കോണയും യൂക്കാലിപ്റ്റസും പരീക്ഷിക്കപ്പെട്ടിങ്കിലും, അത് വിജയിക്കാത്ത സാഹചര്യത്തിലാണ് തേയില കൃഷിയിലേക്ക് മാറാൻ തീരുമാനിക്കുന്നത്. മേപ്പാടി എന്ന് പറയുന്ന മേഖല ആദ്യ കാലഘട്ടം മുതൽ തന്നെ വയനാട്ടിലെ ഗോത്ര വിഭാഗങ്ങൾ താമസിച്ചിരുന്ന, പ്രത്യേകിച്ച് മുള്ളുകുറുമർ താമസിച്ച ഒരു പ്രദേശമാണ്.
ഇവിടേക്ക് പിന്നീട് രണ്ട് തരത്തിലുള്ള കുടിയേറ്റമാണ് വരുന്നത്. ഒന്ന്, നിലമ്പൂർ തിരുമുൽപ്പാടിന്റെ അധീനതയിലുള്ള മേഖലയിൽ നിന്നുള്ള ആളുകൾ വരുന്നു. അതുകൂടാതെ കുറുമ്പാല രാജാവിന്റെ അല്ലങ്കിൽ കോട്ടയം രാജാവിന്റെ അധീനതയിലുള്ള മേഖലയിൽ നിന്നുള്ള ആളുകളും വരുന്നു. ഈ കാലഘട്ടത്തിൽ തന്നെ ഇവിടെ നിന്ന് പലതരത്തിൽ സ്വർണം അരിച്ചെടുത്തതായുള്ള റഫറൻസുകൾ കാണാൻ കഴിയും. സ്വർണം ഇവിടുത്തെ മലനിരകളിൽ വ്യാപകമായുണ്ട് എന്ന വിശ്വാസം അന്നുമുതൽ തന്നെയുണ്ട്. ആദ്യകാലങ്ങളിൽ യൂറോപ്യൻമാർ മേപ്പാടിയിൽ വലിയ നിക്ഷേപം നടത്തുന്നത് സ്വർണ ഖനനത്തിലാണ്. മേപ്പാടി, വൈത്തിരി, പൊഴുതന മേഖലയിലെല്ലാം സ്വർണ ഖനികളിൽ ഇൻവെസ്റ്റ് ചെയ്യുകയും പക്ഷേ അതെല്ലാം നഷ്ടത്തിലാവുകയുമാണ് ചെയ്തത്. വലിയ നഷ്ടമാണ് സ്വർണത്തിൽ ഉണ്ടായത്. ആളുകൾ മറ്റ് വഴികൾ നോക്കി തേയിലയിലേക്ക് വന്നു. തേയിലയിലേക്ക് വന്നതോടുകൂടിയാണ് മേപ്പാടി മേഖലയിലുള്ള ഭൂമിക്ക് വ്യാപകമായ മാറ്റം സംഭവിക്കുന്നത്. ഈ മേഖലയിലുള്ള ഏകദേശം 30,000 ഏക്കർ വനം തേയിലത്തോട്ടമായി മാറുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത്തരമൊരു മാറ്റം വലിയ രീതിയിൽ നടന്നിട്ടുണ്ട്. 1924 ലെ വെള്ളപ്പൊക്കത്തിൽ ഈ മേഖലയിൽ ഉരുൾപൊട്ടൽ വ്യാപകമായി നടന്നിട്ടുണ്ട്. അന്നത്തെ പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. വയനാട്ടിലെ ഭൂപ്രകൃതിയിലുണ്ടായ മാറ്റം നൂറുവർഷം മുൻപ് തന്നെ പ്രതിഫലിച്ചതായി കാണാൻ സാധിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായതായി ‘മുണ്ടത്ര ഉണ്ണി മുഹമ്മദിന്റെ വെള്ളപൊക്കം’ എന്ന് പറഞ്ഞ അറബിമലയാള പാട്ടുണ്ട്. അതിൽ ചാലിയാറിലേക്ക് വയനാട്ടിൽ നിന്ന് ആന ഒലിച്ചുപോവുന്നതിന്റെ കാര്യം പറയുണ്ട്. ഈ മേഖലകളിൽ അന്നുമുതൽ തന്നെ പ്രശ്നങ്ങൾ ഉണ്ടെന്നതിന് തെളിവാണ്.
കർഷകരുടെ കുടിയേറ്റം വയനാട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായി എന്ന വാദമുണ്ട്. ചരിത്രപരമായി നോക്കുമ്പോൾ അതിൽ എത്രത്തോളം വസ്തുതയുണ്ടെന്നാണ് താങ്കൾ മനസ്സിലാക്കുന്നത്?
വയനാട്ടിലെ ഓരോകാലഘട്ടത്തിലെയും ജനസംഖ്യ നോക്കുകയാണെങ്കിൽ എല്ലാവരും കുടിയേറി വന്നവരാണ്. ആദ്യ ഘട്ടത്തിൽ മേപ്പാടിയിൽ മുള്ളുകുറുമർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഓരോരോ ജനവിഭാഗങ്ങളും കുടിയേറുകയാണ് ഉണ്ടായിട്ടുള്ളത്. ഇത് ഏതുതരത്തിൽ പരിസ്ഥിതിയെ ബാധിച്ചു എന്നുള്ളത് ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തിലേ പറയാൻ കഴിയൂ. കാരണം അന്നത്തെ ജനസംഖ്യ വളരെ കുറവായിട്ടാണ് റിപ്പോർട്ടുകളിൽ കാണാൻ പറ്റുന്നത്. മേപ്പാടിയിലേക്ക് നോക്കുമ്പോൾ തേയില തോട്ടങ്ങൾ വന്നത് കൂടാതെ വയനാട് കോളോണെെസേഷൻ സ്‌കീം കുടിയേറ്റത്തിന്റെ സമയത്ത് വന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് ഏക്കർ കണക്കിന് ഭൂമി കൊടുക്കുന്ന സ്‌കീമാണിത്. ഈ മേഖലകളിലേക്കും പുൽപ്പള്ളി മേഖലയിലേക്കുമാണ് തിരുവിതാംകൂറിൽ നിന്നും വ്യാപകമായി കുടിയേറ്റമുണ്ടായിട്ടുള്ളത്. കൂടാതെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആളുകൾക്കും ഭൂമി കൊടുത്തിട്ടുണ്ട്. ഈ കുടിയേറ്റങ്ങളുടെ ആകെത്തുക നോക്കുകയാണെങ്കിൽ മൊത്തത്തിൽ കാടുവെട്ടിത്തെളിച്ച് തേയില കൃഷി പോലെ ഒന്നും ചെയ്യുന്നില്ല, പ്ലാവോ മാവോ പോലുള്ള വലിയ മരങ്ങൾ നട്ട് അതിലേക്ക് കുരുമുളക് കയറ്റുകയാണ് ചെയ്തിരുന്നത്. അതുണ്ടാക്കുന്ന ആഘാതം അത്ര വലുതായിരിക്കില്ല എന്നാണ് എന്റെ അഭിപ്രായം.
വയനാട്ടിലെ കാർഷിക രീതിയിൽ വന്ന മാറ്റങ്ങളെ കുറിച്ച് നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മുതൽ മേപ്പാടി പഞ്ചായത്തിന്റെ റിപ്പോർട്ടിൽ വരെ അവിടെയുണ്ടായ കാർഷിക രീതിയിലെ മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മേപ്പാടി ഉൾപ്പെടെ, പാരിസ്ഥിതികമായി ലോലമായ പ്രദേശങ്ങളിൽ ഏത് രീതിയിലുള്ള കാർഷിക രീതിയാണ് അഭികാമ്യം? എന്താണ് താങ്കളുടെ നിരീക്ഷണം?
വയനാട്ടിലെ ഗോത്ര സമൂഹം ശീലിച്ചിട്ടുള്ളത് പുനം കൃഷിയാണ്. ചെറിയ കാടുകൾ വെട്ടിത്തെളിച്ച് തീയിട്ട് അവിടെ മുത്താറി, ചാമ, കരനെല്ല് ഇങ്ങനെയുള്ളതാണ് കൃഷി ചെയ്തിട്ടുള്ളത്. അട്ടപ്പാടിയിലും സമാനമായ രീതിയാണുണ്ടായിരുന്നത്. പക്ഷേ, ഈ കൃഷി പ്രശ്നമാണെന്ന് പറഞ്ഞ് വനം വകുപ്പ് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് അടക്കം പറയുന്നത്, വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നെൽകൃഷിക്ക് പകരം രാസവളം ഉപയോഗിച്ചുകൊണ്ട് വാഴക്കൃഷി ചെയ്യുന്നതാണ് എന്നാണ്. നെൽവയലുകൾ അപ്രത്യക്ഷമായതിന്റെ എത്രയോ ഇരട്ടി ഈ വാഴക്കൃഷിയിലേക്ക് മാറിയിട്ടുണ്ട്. ഗാഡ്ഗിൽ അതിനൊരു ബദൽ പറഞ്ഞുവെക്കുന്നുണ്ട്, ഗന്ധകശാലയും ജീരകശാലയും കൃഷിചെയ്യാം എന്നുള്ളത്. സർക്കാർ അതൊരു സ്‌കീം ആക്കി കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും വയനാട്ടിലെ ഉപയോഗിക്കാത്ത തണ്ണീർത്തടങ്ങൾ ലിസ്റ്റ് ചെയ്ത് അവിടെ ഗന്ധകശാലയും ജീരകശാലയും കൃഷി ചെയ്യാനുള്ള പോളിസിയിലേക്ക് മാറുകയും ചെയ്താൽ തന്നെ വലിയ തരത്തിലുള്ള മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
വയനാടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ അതിതീവ്ര ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളാണെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്. നിലവിൽ വയനാടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ താമസയോഗ്യമാണോ? ആ പ്രദേശത്ത് താമസിക്കുന്ന മനുഷ്യരുടെ മുന്നോട്ടുള്ള ജീവിതം എത്തരത്തിലായിരക്കും?
പശ്ചിമഘട്ടത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും സുരക്ഷിതമാണോ എന്ന് ചോദിച്ചാൽ പ്രശ്നം തന്നെയാണ്. നമ്മൾ ഈ പറയുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രശ്നങ്ങളല്ലാതെ താമസത്തിന് അവിടെ വലിയ പ്രശ്നങ്ങളില്ല. റിവർ ബേസിനിൽ നിന്നും കുറച്ച് വിട്ടുനിൽക്കണം എന്നാണ് പൊതുവെ പഠനങ്ങൾ പറയുന്നത്. അതായത് അരുവികൾ, തോടുകൾ എന്നിവയുടെ അടുത്ത് നിന്ന് മാറി താമസിക്കണം. വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ പാടില്ല എന്ന് പഠനങ്ങൾ കൃത്യമായി പറയുന്നുണ്ട്. പല റിപ്പോർട്ടുകളിലും കെട്ടിട നിർമ്മാണത്തിനുള്ള മാനദണ്ഡങ്ങൾ പറയുന്നുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണം സാധാരണക്കാരുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. മറിച്ച് വലിയ റിസോർട്ടുകളും കെട്ടിടങ്ങളും വരുമ്പോൾ അത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നുണ്ട്. റിസോർട്ടുകൾ വേണ്ട എന്നല്ല, റിസോർട്ടുകൾ അടക്കം കൃത്യമായ രീതിയിൽ പരിശോധനകൾ നടത്തി വേണം നിർമ്മിക്കാൻ. വയനാട്ടിലെ വികസനം തന്നെ റിസോർട്ടുകളുടെ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ കൃത്യമായ പഠനങ്ങൾ ഇക്കാര്യത്തിൽ വേണ്ടി വരും.
ഈ മേഖലയിലെ പ്ലാന്റേഷൻ തൊഴിലാളികളുടെ ജീവിതം പലപ്പോഴും ചർച്ചയാകാറില്ല. പ്രത്യേകിച്ച്, ഈ ദുരന്തത്തിലും തൊഴിലാളികൾ താമസിക്കുന്ന പാടികൾക്കും ലയങ്ങൾക്കും വലിയ രീതിയിൽ നാശമുണ്ടായിട്ടുണ്ട്. ഇവരുടെ പുനരധിവാസത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
കൊളോണിയൽ ചരിത്രം നോക്കുകയാണെങ്കിൽ ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇവർ ചൂഷണത്തിന് വിധേയമായിട്ടുള്ളതായി കാണാം. ഇപ്പോഴും കൃത്യമായ ആനുകൂല്യങ്ങൾ ലഭ്യമല്ല എന്നാണ് പഠനങ്ങളെല്ലാം പറയുന്നത്. ഇവർക്ക് അർഹമായുള്ള ഭൂമി കൊടുക്കുകയും അതുപോലെതന്നെ വേതനം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ നൽകുകയും വേണം. പണ്ട് വിദ്യാഭ്യാസം പോലുമില്ലാത്ത ആളുകളെ ഒരു വർഷത്തേക്കുള്ള കരാർ എന്ന് പറഞ്ഞുകൊണ്ടുവന്ന് മുദ്രപത്രത്തിൽ ഒപ്പുവെക്കും. രേഖകളിൽ അത് കൃത്യമായിട്ട് കാണാൻ സാധിക്കുന്നതാണ്. ഒരു വർഷം കഴിഞ്ഞാൽ പറയും, ആദ്യം തന്ന അഡ്വാൻസായ അഞ്ച് രൂപയ്ക്കുള്ള ജോലിപോലും നിങ്ങൾ എടുത്തില്ല എന്ന്. അത് പറഞ്ഞ് അവരെ വീണ്ടും ചൂഷണം ചെയ്യുകയാണ് ഉണ്ടായിരുന്നത്. ഒരു തരത്തിലുള്ള പവർ സ്ട്രക്ച്ചറിലേക്ക് അവർ ഇൻകോർപ്പറേറ്റ് ചെയ്യപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇത്തരം പാടികളിൽ നിന്നും രക്ഷപ്പെടുക എന്നുള്ളത് പ്രയാസമാണ്. അവരുടെ ജീവിതം പാടികൾക്കുള്ളിൽ അകപ്പെട്ടതുപോലെയാണ്.
മേപ്പാടിയുടെ ചരിത്രം താങ്കൾ പുസ്തകത്തിൽ കൂടുതലായി വിശദീകരിക്കുന്നുണ്ടല്ലോ. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മേപ്പാടി എന്ന പ്രദേശം മലയാളികളുടെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിൽ ആ ചരിത്രത്തെക്കുറിച്ച് സംസാരിക്കാമോ?
കേരളത്തിൽ ആദ്യമായി മനുഷ്യവാസം തുടങ്ങിയ സ്ഥലമാണ് വയനാട്. 2000 വർഷം മുമ്പ് തന്നെ മനുഷ്യവാസത്തിന്റെ എല്ലാ തെളിവുകളും ലഭിച്ച ഒരു പ്രദേശമാണിത്. മഹാശില സ്മാരകങ്ങൾ മുതൽ 2000 വർഷം മുമ്പ് തന്നെ മനുഷ്യവാസ തെളിവുകൾ ലഭിച്ച സ്ഥലമാണ് എടയ്ക്കൽ. ഈ ഒരു മേഖലയിൽ ആർക്കിയോളജിക്കലായ തെളിവുകൾ 2000 വർഷം മുമ്പ് തന്നെ ലഭ്യമാണ്. ചരിത്ര പഠനങ്ങൾ പ്രകാരം മുള്ളുക്കുറുമർ വിഭാഗമാണ് എടയ്ക്കൽ ഉണ്ടായിരുന്നവരുടെ ഇന്നത്തെ പിൻഗാമികളായി പറയപ്പെടുന്നത്. ഭൂഉടമസ്ഥത അടക്കം ഉണ്ടായിരുന്ന ഗോത്ര വിഭാഗങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അവർ പ്രധാനമായിട്ടും പുനം കൃഷിയാണ് ചെയ്തിരുന്നത്. ഇങ്ങനെ ജീവിച്ചിരുന്ന ഒരു ജനത ഉണ്ടായിരുന്ന സ്ഥലത്തേക്ക് പിന്നീട് ഓരോ കാലഘട്ടത്തിലും ആളുകൾ കുടിയേറുകയാണ്. മധ്യകാലഘട്ടത്തിലാണ് കോട്ടയം കുറുമ്പ്രനാട് രാജാക്കന്മാർ വയനാട് പിടിച്ചടക്കുന്നത്. ഇതേ ഘട്ടത്തിൽ വയനാട് പൂർണമായി മലബാറിന്റെ അല്ലങ്കിൽ കേരളത്തിന്റെ മാത്രം ഭാഗമായിരുന്നില്ല. കർണാടയിലെ രാജവംശങ്ങളും മധ്യകാലഘട്ടത്തിൽ പല പ്രദേശങ്ങളും അവരുടെ അധീനതയിലാക്കിയിട്ടുണ്ട്. അതിന്റെയെല്ലാം സ്വാധീനം ഈ മേഖലകളികൾ കാണാൻ സാധിക്കും. പ്രതേകിച്ച് ജൈന മതത്തിന്റെ സാന്നിധ്യം. മധ്യകാലഘട്ടത്തിലെ ജൈന ക്ഷേത്രങ്ങൾ മേപ്പാടി ഭാഗത്ത് നമുക്ക് കാണാൻ കഴിയും. ടിപ്പുവിന്റെ കാലത്ത് വയനാട്ടിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറ്റമുണ്ടാവുകയും മേപ്പാടിയടക്കം ഒരു പ്രധാന മനുഷ്യവാസ കേന്ദ്രമായി മാറുകയും ചെയ്തു. മേപ്പാടി എന്ന പേര് വന്നത് മേലെ പാടി എന്നതിൽ നിന്നാണ്. പാടി എന്ന് പറഞ്ഞാൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളാണ്. പക്ഷേ, തൊഴിലാളികൾ താമസിക്കുന്നതിന് മുന്നേ തന്നെ മേപ്പാടി എന്ന പേര് വന്നിട്ടുണ്ട്. അതിനെക്കുറിച്ച് നോക്കിയപ്പോൾ, തച്ചനാടൻ മൂപ്പന്മാർ എന്ന ഗോത്ര വിഭാഗത്തിന്റെ വീടിനും പാടി എന്നാണ് പറയുന്നതെന്ന് കണ്ടു. ഇവർ താമസിച്ച സ്ഥലം, മേലെ പാടി ആണ് മേപ്പടിയായി മാറുന്നത്. അതുപോലെ മേപ്പാടിക്ക് അടുത്തുള്ള മൂപ്പൈനാട് എന്ന് പറയുന്നതും മൂപ്പൻന്മാരുടെ, തച്ചനാടൻമൂപ്പന്മാരുടെ നാട് എന്ന നിലയിലാണ്. പിന്നീട് പഴശ്ശി കുറിച്യ സമരത്തിൽ ഈ പ്രദേശത്തിലൂടെ മിലിറ്ററി മൂവ്മെന്റ് നടക്കുന്നുണ്ട്. അത് കഴിഞ്ഞ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് മേപ്പാടിയിൽ വലിയ തരത്തിലുള്ള മാറ്റം വരുന്നത്. അതിൽ പ്രധാന പങ്കുവഹിച്ചത് തേയില തോട്ടങ്ങളാണ്. അതിന് ശേഷമാണ് യൂറോപ്യൻ നിക്ഷേപകർ വരുന്നതും ജനവാസം കൂടുന്നതും.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലൂടെയാണ് കേരള സർക്കാർ പ്രഖ്യാപിച്ച വയനാട് തുരങ്കപാത കടന്നുപോവുന്നത്. ദുരന്തങ്ങളുടെ ആവർത്തന കാലത്ത് ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
നിലവിൽ ഉരുൾപൊട്ടിയ വിലങ്ങാട് തീരെ ചർച്ചകളിലൊന്നും വരാത്ത ഒരു സ്ഥലമാണ്. പണ്ട് വയനാട്ടിലേക്കുള്ള പ്രധാനമായ ഒരു ചുരം വിലങ്ങാട് ആണ്. അതായത് മധ്യകാലഘട്ടത്തിൽ. താമരശ്ശേരി ചുരം ടിപ്പു പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കിയിട്ടുള്ളതാണ്. അതിന് മുമ്പ് ആളുകൾ വയനാട്ടിലേക്ക് പോയിരുന്നത് കുറ്റ്യാടി വഴിയും വിലങ്ങാട് വഴിയുമായിരുന്നു. ആ ചുരം ഇന്ന് ഉപയോഗിക്കുന്നില്ലെങ്കിലും അവിടെയും ഉരുൾപൊട്ടിയിട്ടുണ്ട്. ഏറ്റവും എളുപ്പമുള്ള ചുരം കൂടിയായിരുന്നു അത്. ഏല ചുരം എന്ന് ഗോത്ര വിഭാഗങ്ങളുടെ രേഖകളിൽ ഒക്കെയും കാണാം. അതുപോലെ മേപ്പാടിയിലൂടെയും നമ്മൾ പറഞ്ഞപോലെ രണ്ട് ചുരങ്ങൾ അല്ലെങ്കിൽ നടപ്പാതകൾ മധ്യകാലഘട്ടത്തിൽ ഉണ്ടായിരുന്നു. അതിലൂടെയാണ് നിലമ്പൂരിൽ നിന്നും കൂടുതൽ ആളുകൾ ഇങ്ങോട്ട് വന്നിട്ടുള്ളത്. കൃത്യമായിട്ടും ശാസ്ത്രീയമായിട്ടും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് റെയിൽവേ അടക്കം ഒരുപാട് തുരങ്കപാതകൾ ഉണ്ടാക്കിയിട്ടുണ്ട്. നമ്മൾ കൃത്യമായി ശാസ്ത്രീയ പഠനം നടത്തിയിട്ട് പാതകൾ ഉണ്ടാക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങൾ വരുന്നില്ല. കാരണം കൊങ്കണിൽ അടക്കം കൃത്യമായി അത് നിർമ്മിച്ചിട്ടുണ്ടല്ലോ. മഴക്കാലത്ത് ഭീഷണിയാണെങ്കിൽ അതിന്റെ മുന്നറിയിപ്പുകളും മറ്റും നോക്കിയിട്ട് കൃത്യമായി ചെയ്യാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. അപകടം എല്ലാ സ്ഥലത്തും ഉണ്ട്. പക്ഷേ, അത് അതിജീവിക്കാനുള്ള പുതിയ സംവിധാനങ്ങൾ നമ്മൾ ഉപയോഗിച്ചാൽ മാത്രം മതി.