ചിന്താചരിത്രത്തിലെ സമന്വയധാര

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

Écrits – 4 (ബുക്ക് റിവ്യൂ കോളം)

1990 കളുടെ തുടക്കത്തിൽ ബാംഗ്ലൂരിലെ പ്രീമിയർ ബുക്ക് ഷോപ്പിലൂടെ പുസ്തകങ്ങളിൽ കണ്ണയച്ച് നടക്കുന്നതിനിടയിലാണ് രാമചന്ദ്ര ഗുഹ ഒരു പുസ്തകത്തിന്റെ ശീർഷകത്തിന് മുന്നിൽ നിശ്ചലനായത്. കർണ്ണാടയ്ക്കപ്പുറം അജ്ഞാതനായ ഒരാളെഴുതിയ പുസ്തകമായിരുന്നു അത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറൽ റിസർച്ച് ആൻഡ് ആക്ഷൻ എന്ന പേരിലുള്ള ഒരു പ്രാദേശിക എൻ.ജി.ഒ പ്രസിദ്ധീകരിച്ച ‘ദി ഫ്ലമിംഗ് ഫീറ്റ്’ ആയിരുന്നു ആ പുസ്തകം. എഴുതിയാളുടെ പേര് ഡി.ആർ നാഗരാജ്. ബാംഗ്ലൂർ സർവകലാശാലയിലെ കന്നഡ പ്രൊഫസറായിരുന്നു അദ്ദേഹം. ബാംഗ്ലൂർ സർവ്വകലാശാലയിലെ കന്നട വിഭാഗത്തിൽ നിന്ന് തന്നെയാണ് അദ്ദേഹം ഗവേഷണ ബിരുദവും കരസ്ഥമാക്കിയത്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഡൽഹി സി.എസ്.ഡി.എസ്, ചിക്കാഗോ സർവ്വകലാശാല എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും ഡി.ആർ നാഗരാജ് സേവനമനുഷ്ടിച്ചു. കന്നടയിലും ഇംഗ്ലീഷിലുമായി നിരവധി കൃതികൾ രചിച്ചു.

ഡി.ആർ നാഗരാജ്

1954 ൽ മൈസൂരിൽ ജനിച്ച നാഗരാജ് 1998 ൽ നാൽപത്തിനാലാം വയസ്സിൽ ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. അല്പകാലത്തെ ജീവിതം കൊണ്ട് ആഴമുള്ള ചിന്തകളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ധൈഷണികമായ സംവാദങ്ങൾക്ക് അനേകം സാധ്യതകൾ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ അവശേഷിപ്പിക്കുന്നു. ഒരു സാഹിത്യ പഠിതാവായിരിക്കുമ്പോൾ തന്നെ സാമൂഹ്യശാസ്ത്ര വിശകലനത്തിന്റെ രീതിവഴികളെ അദ്ദേഹം പിന്തുടർന്നിരുന്നു. ‘ജ്വലിക്കുന്ന പാദങ്ങ’ളുടെ ആമുഖത്തിൽ നാ​ഗരാജ് ഇങ്ങനെ എഴുതുന്നു: “ഒരു സമൂഹത്തിലെ സങ്കീർണ്ണമായ സാമൂഹിക-രാഷ്ട്രീയ പ്രക്രിയകളെ പഠിക്കുവാൻ സഹായിക്കുന്ന ഒരു കണ്ണാടിയായോ വിളക്കായോ സാഹിത്യത്തിനു പ്രവർത്തിക്കാനാകും.” അതുകൊണ്ടുതന്നെ രൂപകങ്ങളുടെ ഭാഷ ചിലയിടങ്ങളിൽ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിലെ രണ്ടാം ഭാഗം സാഹിത്യവിചാരങ്ങളാണ്. കന്നടയിലെ ദലിത് എഴുത്തുകളും കന്നട നോവൽ – ചെറുകഥ എന്നിവയിലെ ദലിത് അവബോധം എന്നിങ്ങനെ ചിന്തയുടെ വിടർന്ന പ്രതലത്തെ ഈ ഗ്രന്ഥത്തിൽ കാണാം.

ജ്വലിക്കുന്ന പാദങ്ങൾ: മലയാള പരിഭാഷയുടെ കവർ

ഡി.ആർ നാഗരാജിന്റെ ‘The flaming feet’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘ജ്വലിക്കുന്ന പാദങ്ങൾ’. പി.എസ് മനോജ്കുമാറാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത്. ഇന്ത്യൻ ദലിത് ജീവിതത്തിന്റെ വിവിധ ഇടങ്ങളെ സൂക്ഷ്മമായി വിശദീകരിക്കുകയാണ് ഗ്രന്ഥം. കന്നടയുടെ സാംസ്കാരിക പരിസരത്തെ സവിശേഷ പശ്ചാത്തലമാക്കുന്ന ഗ്രന്ഥം അംബേദ്ക്കർ-ഗാന്ധി സംവാദത്തിന് നവീനമായ അർത്ഥമേഖലകൾ കണ്ടെത്തുന്നു. എങ്ങനെയാണ് ഡി.ആർ നാഗരാജ് അംബേദ്ക്കർ-ഗാന്ധി സംവാദത്തിൽ സൗഹൃദാന്തരീക്ഷം കണ്ടെത്തുന്നത് എന്ന ചോദ്യം രാമചന്ദ്ര ഗുഹ ഉന്നയിക്കുന്നുണ്ട്. പ്രിയപ്പെട്ട പുസ്തകങ്ങളെ വിവരിക്കുന്ന കുറിപ്പിൽ വെരിയർ എൽവിന്റെ Leaves from the Jungle, ജോർജ് ഓർവെല്ലിന്റെ Homage to Catalonia, Truth Called Them Differently എന്നീ പുസ്തകങ്ങളോടൊപ്പം സ്വാധീനിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ The flaming feet നെ കൂടി രാമചന്ദ്രഗുഹ ഉൾപ്പെടുത്തുന്നുണ്ട്. “ആധുനിക ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഗൗരവതരമായ താൽപ്പര്യമുള്ള ആർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥ”മെന്നാണ് ഗുഹ ‘ജ്വലിക്കുന്ന പാദ’ങ്ങളെ വിശേഷിപ്പിക്കുന്നത്. The Flaming Feet and Other Essays: The Dalit Movement in India എന്ന പേരിൽ 2011 ൽ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു.

അംബേദ്ക്കർ രചനകളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അപാരമായ ഉൾക്കാഴ്ച്ച ഡി.ആർ നാഗരാജിനുണ്ടായിരുന്നു. ചിന്താചരിത്രത്തിലെ മായാത്ത പേരായി ജ്വലിക്കുന്ന പാദങ്ങളും ഡി.ആർ നാഗരാജും നിലനിൽക്കുന്നതും അതിനാലാണ്. ഭൂതകാലസ്മൃതികളെ വർത്തമാനകാലത്തിന്റെ പ്രശ്നനിർഭരമായ ചുറ്റുപ്പാടുകളുമായി വിളക്കിച്ചേർത്ത് പരിശോധിക്കാൻ തയ്യാറായ സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

സംവാദവും സമന്വയവും

അംബേദ്ക്കറുടെ ചിന്തകളെ വിമർശനാത്മകമായി വിശകലനം ചെയ്യാനുള്ള ശ്രമം എന്ന നിലയിലാണ് ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഡി.ആർ നാഗരാജ് ആരംഭിക്കുന്നത്. അംബേദ്ക്കറുടെ ചിന്താധാരയോട് ചേർന്നുനിന്നുകൊണ്ട് തന്നെ ആ വഴിയെ വിമർശനാത്മകമായി നോക്കികാണേണ്ടുന്ന ചരിത്രപരമായ സാഹചര്യങ്ങളെ നാഗരാജ് വിവരിക്കുന്നു. ദലിത് പ്രസ്ഥാനങ്ങൾ അംബേദ്ക്കറോട് കടപ്പെട്ടിരിക്കുമ്പോൾ തന്നെ ഏകാശിലാത്മകമായ വഴിയിലല്ല പ്രസ്ഥാനങ്ങൾ ചരിത്രത്തിലൂടെ സഞ്ചരിച്ചിട്ടുള്ളത്. ഓരോ കാലഘട്ടത്തിലും ദലിത് ചിന്തയെ കരുപ്പിടിപ്പിച്ച ധൈഷണിക ആലോചനകൾ മാറികൊണ്ടിരുന്നു. അതിനാൽ തന്നെ ചലാനാത്മകമായ ഒരു പ്രത്യയശാസ്ത്രമായാണ് അത് സമൂഹത്തിൽ പ്രവർത്തിക്കുന്നത്. ഈ ഒരു വേളയിലാണ് അംബേദ്ക്കറുടെ താത്വികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനാത്മക ആലോചനകൾക്ക് സാംഗത്യമേറുന്നത്. അംബേദ്ക്കറും ഗാന്ധിയും മാർക്സും തിരസ്കൃതരായ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ പരിസരത്തിൽ തൊണ്ണൂറുകളിൽ ഡി.ആർ നാഗരാജ് നടത്തിയ അന്വേഷണങ്ങൾക്കും വിശകലനങ്ങൾക്കും പ്രസക്തിയേറും.

അംബേദ്ക്കറുടെ രാഷ്ട്രീയപ്രവർത്തനത്തെ വിശകലനം ചെയ്യുന്ന സന്ദർഭത്തിൽ ഗാന്ധിയുടെ പ്രവർത്തനങ്ങളുമായി അതിനെ ചേർത്തു വായിക്കുക എന്നത് വിരോധാഭാസമാണെന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്. ഗാന്ധിയുടെ പല നിലപാടുകളെയും അംബേദ്ക്കറുടെ വിമർശനങ്ങൾ പൂർണ്ണമായും തിരസ്കരിക്കുന്നുണ്ട്. ഗാന്ധിയുടെ ഗ്രാമസങ്കല്പവും അസ്പർശ്യതയെ സംബന്ധിച്ച ബോധ്യങ്ങളും തുടങ്ങി നീതിയേയും മൂല്യങ്ങളേയും സംബന്ധിച്ച വഴികൾക്കുമെല്ലാം ഒരു ബദൽ അംബേദ്ക്കർ നിർമ്മിക്കുന്നുണ്ട്. എന്നാൽ ഡി.ആർ നാഗരാജ് ഉയർത്തുന്നൊരു ചോദ്യം ഈ യോജിപ്പില്ലായ്മ യഥാർത്ഥവും അടിസ്ഥാനപരവുമാണോ എന്നതാണ്. അതിനായി കേവലമായ തലത്തിൽ ഈ സംവാദത്തെ പരിശോധിച്ച് ഉപരിപ്ലമായ നിഗമനങ്ങളിൽ എത്തിച്ചേരുകയല്ല വേണ്ടത്. ചരിത്രപരമായി ഇരുവരുടെയും അഭിപ്രായങ്ങളുടെ പരിണാമത്തെ, ലോകത്തെ വിശകലനം ചെയ്യാൻ സ്വീകരിച്ച രീതിശാസ്ത്രത്തെ സൂക്ഷ്മമായി പഠിക്കുകയാണ് വേണ്ടത്. അപ്പോൾ വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങൾ ഉയർത്തുന്ന ചില പ്രശ്നങ്ങൾക്കുള്ള മറുപടി ലഭിക്കും. സംവാദത്തിനുള്ള സാധ്യതകളെ മലർക്കെ തുറന്നിട്ട് തന്നെയാണ് തന്റെ അഭിപ്രായങ്ങളെ നാഗരാജ് വിശദീകരിക്കുന്നത്. ശ്രദ്ധയും സൂക്ഷ്മതയുമാണ് അദ്ദേഹം ഈ സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെടുന്നത്.

അസ്പർശ്യതയോടുള്ള ഗാന്ധിയൻ രീതിയെ തിരസ്കരിച്ചതിന്റെ ഫലരൂപമായി ദലിത് മുന്നേറ്റത്തെ നാഗരാജ് കാണുന്നു. ഗാന്ധിയൻ തിരസ്കാരം ദലിത് മുന്നേറ്റത്തിന്റെ അടിപ്പടവായി ഇന്നും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വർത്തമാനകാല ഇന്ത്യയിൽ പൂർണ്ണമായും റദ്ദ് ചെയ്യേണ്ട ഒരു ആശയധാരയല്ല ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിലെ പരമപ്രധാനമായ ചോദ്യങ്ങളിലൊന്നായി അസ്പർശ്യതയെ ഗാന്ധി ഉയർത്തികൊണ്ടുവന്നു എന്ന് വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് നാഗരാജ് അഭിപ്രായപ്പെടുന്നു. അതിന് മുൻപും യോഗികളും വചനകവികളും ജാതിയുടെ പ്രശ്നങ്ങളെ ഇന്ത്യൻ മുഖ്യധാരയിൽ ഉയർത്തികൊണ്ടുവന്നിരുന്നു. കന്നടയിൽ ബസവണ്ണയുടെ വഴി അതായിരുന്നു. പക്ഷെ അവർ അസ്പർശ്യതയെ ഒരു രാഷ്ട്രീയപ്രശ്നമായല്ല സമീപിച്ചത്. അതിനാൽത്തന്നെ ഒരു സാമൂഹിക മുന്നേറ്റമായി വളരാൻ അവരുടെ ചിന്തകൾക്ക് പറ്റിയില്ല. ശിശുനാല ഷെറീഫ്, കൈവര നാരായണപ്പ, സത്നാമി – മഹിമ പ്രസ്ഥാനങ്ങൾ എന്നിവ ഗ്രന്ഥകാരൻ ഓർത്തെടുക്കുന്നുണ്ട്. സംഭീതിയോ ഉത്കണ്ഠയോ ഈ വഴിയിലൂടെ സഞ്ചരിച്ചവർക്കുണ്ടായില്ല. അവരെ സംബന്ധിച്ചടത്തോളം നിർവാണത്തിന്റെ വഴിയിലെ പ്രതിബന്ധം മാത്രമായിരുന്നു ജാതി. ഗാന്ധി ഈ ധാരയോട് ചേർന്നല്ല നിന്നിരുന്നതെങ്കിലും ചില കാര്യങ്ങളിൽ ഈ വഴികളോട് ഐക്യപ്പെട്ടിരുന്നു. അസ്പർശ്യതയെ അദ്ദേഹം വിശദീകരിച്ചത് ആത്മീയധാരയോട് ചേർന്നായിരുന്നു. എന്നാൽ അംബേദ്ക്കർ ഈ ധാരയോട് ഒരു തരത്തിലും യോജിച്ചില്ല. ഗാന്ധിയ ശൈവ-വൈഷ്ണവ ധാരകൾ ആവേശഭരിതനാക്കി. വൈഷ്ണവ ധാരയായിരുന്നു അദ്ദേഹത്തിന് പ്രിയം. ‘വൈഷ്ണവജനതോ ‘ എന്ന ഭജനും ഹരിജൻ പത്രവും അതിന്റെ സാക്ഷ്യങ്ങളാണ്.

അതേസമയം ഗാന്ധി അധിനിവേശരൂപങ്ങളോട് സമരസപ്പെടാതെ പൊരുതി. കോളനിവാഴ്ച്ചയ്ക്ക് എതിരായ നിലപാട് കൈക്കൊണ്ടു. അധിനിവേശം ഒരേസമയം ജാതിഘടനയെ പൊളിക്കാനുള്ള ആധുനികമായ ശ്രമം നടത്തുകയും അതേസമയം ബ്രാഹ്മണ്യത്തോട് കക്ഷി ചേരുകയും ചെയ്തു. ഈ വൈരുദ്ധ്യത്തോട് അബ്രഹ്മാണ സംഘടനകൾ ഒരു രാഷ്ട്രീയമുന്നേറ്റമായി പ്രതികരിച്ചില്ല എന്ന് ഡി.ആർ നാഗരാജ് അഭിപ്രായപ്പെടുന്നു.

ഹരിജൻ പത്രത്തിലെ പല ലക്കങ്ങളിലൂടെ വികസിച്ച ഗാന്ധി-അംബേദ്ക്കർ സംവാദത്തത്തെ വായിക്കുന്ന നാഗരാജ് ഒരു സമന്വയവഴിയാണ് അവയിൽ തിരയുന്നത്. പരസ്പരം അംബേദ്ക്കറും ഗാന്ധിയും ബോധധാരയെ സ്വാധീനിച്ചു. നാഗരാജ് എഴുതുന്നു: “ഗാന്ധിജിക്കും അംബേദ്കർക്കും പരസ്പരപൂരക വ്യക്തിത്വങ്ങളാകാൻ കഴിയുമെന്നും അങ്ങനെയാവാൻ കഴിയണമെന്നും പറയേണ്ടതില്ല. കർക്കശമായ താത്വികരുടെയും ഗവേഷകരുടെയും ഭാഗത്തുനിന്നും കഠിനമായ എതിർപ്പുകൾ ഇത്തരം പദ്ധതികൾക്കെതിരെ ഉയർന്നുവരും. ഇരുധാരകളും തമ്മിലുള്ള തീയിൽ പകരാൻ തെളിവുകളുടെ പുതിയ ഇന്ധനം അവർ ഖനിച്ചെടുക്കുമെന്നത് തീർച്ചയാണ്. ഇത്തരമൊരു ആന്തരിക വിമർശനപദ്ധതി യുടെ രാഷ്ട്രീയ ആവശ്യകതയെ സൂചിപ്പിക്കുന്നതിന് പുറമേ, ഇത്തരം പ്രവണതകളോട് പോരടിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ തിരയേണ്ടതുണ്ട്. ചരിത്രകാരന്മാരുടെ യാദൃച്ഛിക വിവരണങ്ങളെയും ആഴത്തിലുള്ള ചരിത്രബോധത്തിന്റെ വാസ്തവത്തെയും വ്യവച്ഛേദിക്കുന്നതിനുള്ള തത്ത്വശാസ്ത്രപരമായ വ്യത്യാസങ്ങളെ മുന്നോട്ടുവയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് തത്വശാസ്ത്രപരമായ ഒരു മുന്നറിയിപ്പു ഹർജി സമർപ്പിക്കുക. ആഴമുള്ള ചരിത്ര സത്യത്തിന്റെ തലത്തിലെത്തുമ്പോൾ വൈരുദ്ധ്യമുളവാക്കുന്ന വസ്തുത അപ്രത്യക്ഷമാവുകയും അടിത്തറയായി വർത്തിക്കുന്ന ഐക്യം വെളിപ്പെടുകയും ചെയ്യും.”

അംബേദ്ക്കറുടെ സന്ദേഹങ്ങൾകൊണ്ട് ഗാന്ധിയുടെ ഗ്രാമീണ ഇന്ത്യയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടതെന്ന് നാഗരാജ് പറയുന്നു. പാരസ്പര്യത്തിന്റെ പാത വിഭാവനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് നാഗരാജ് മുറുകെ പിടിക്കുന്നത്. ഗ്രാമത്തെ സംബന്ധിച്ച ഗാന്ധിയുടെയും അംബേദ്ക്കറിന്റെ വിരുദ്ധ ധ്രുവങ്ങളിലുള്ള അഭിപ്രായങ്ങളെ നാഗരാജ് സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിയുടെ അഭിപ്രായത്തിന് നേർവിപരീതമായി ഗ്രാമം എന്ന സങ്കല്പത്തെ അംബേദ്ക്കർ തിരസ്ക്കരിച്ചു. എന്നാൽ കേവലമായി ഈ രണ്ട് അഭിപ്രായങ്ങളെയും പരിശോധിക്കുകയല്ല ഗ്രന്ഥകാരൻ; മറിച്ച് രണ്ട് അഭിപ്രായങ്ങളും രൂപപ്പെടുത്താനിടയായ സാഹചര്യവും രണ്ട് വീക്ഷണങ്ങളുടെയും ആഴവും സവിശേഷമായി പഠിക്കുകയാണ് ചെയ്യുന്നത്. ഗാന്ധിയെ നിരാകരിച്ച് ഒരു അംബേദ്ക്കർ ദർശനം മുന്നോട്ട് വെക്കുന്നതിന് പകരം ഗാന്ധിയെയും അംബേദ്ക്കറെയും ചേർത്തു നിർത്തിയ ഒരു കാഴ്ച്ചപ്പാടാണ് ഡി.ആർ നാഗരാജ് പങ്കുവെക്കുന്നത്.

ഗ്രാമം എന്ന സങ്കല്പത്തിനകത്ത് ദലിതർ നേരിടുന്ന ക്രൂരമായ വിചാരണകളെ വിവിധ ഉദാഹരണങ്ങൾ നിരത്തി ഗ്രന്ഥകാരൻ പരിശോധിക്കുന്നു. ആധുനികമായ നീതിന്യായവ്യവസ്ഥയോ നിയമസംവിധാനമോ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നില്ല. ഗ്രാമീണസമൂഹം ആധുനികവത്കരിക്കപ്പെടാതെ അനാഥമായി കിടക്കുന്നു. അംബേദ്ക്കറുടെയും ഗാന്ധിയുടെയും ഗ്രാമസങ്കല്പങ്ങൾ വിരുദ്ധധ്രുവങ്ങളിൽ സ്ഥിതി ചെയ്യുന്നതെങ്ങനെയാണെന്ന് നാഗരാജ് വിശദീകരിക്കുന്നു. ദലിത് മുന്നേറ്റത്തെ ഭയപ്പെടുന്ന മേൽജാതിക്കാർ അതിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു. വിദ്യാഭ്യാസം, സംഘടന, സമരം എന്നിവയ്ക്ക് ഊന്നൽ നൽകി അതിക്രമങ്ങളെ നേരിടാനാണ് അംബേദ്ക്കർ ആഹ്വാനം ചെയ്തത്. ഗാന്ധിയുടെ സത്യാഗ്രഹത്തെയും പങ്കാളിത്ത മാനവികതയെയും ഇതിനോട് ചേർത്ത് പ്രതിരോധത്തിന്റെ വഴി നാഗരാജ് വികസിപ്പിക്കുന്നു.

സാഹിത്യമാർഗ്ഗങ്ങൾ

സാമൂഹികവും രാഷ്ട്രീയവുമായ തന്റെ വിശകലനങ്ങളിൽ സാഹിത്യത്തെ നാഗരാജ് വിസ്മരിക്കുന്നില്ല. ഒരു കണ്ണാടിയായും വിളക്കായും സാഹിത്യത്തെ അദ്ദേഹം പരിഗണിക്കുന്നു. ഇന്ത്യൻ സാഹിത്യത്തിലെ ദലിത് ധാരയെ കന്നട സാഹിത്യത്തെ സവിശേഷമായി നോക്കിക്കൊണ്ട് വിശദീകരിക്കാനാണ് ഡി.ആർ നാഗരാജ് പുസ്തകത്തിലെ രണ്ടാം ഭാഗത്ത് ശ്രമിക്കുന്നത്. കന്നട സാഹിത്യത്തിലെ നവീനവഴികളുടെ ഉദ്ഘാടകരായി ദേവനൂർ മഹാദേവനെയും സിദ്ധലിംഗയ്യയെയും നാഗരാജ് പരിഗണിക്കുന്നു. കന്നട സാഹിത്യത്തിലെ രണ്ടു പ്രബലധാരകളാണ് ദലിത്-ബന്ദായ പ്രസ്ഥാനങ്ങൾ. ഇതിൽ ദലിത് പ്രസ്ഥാനത്തിന്റെ നവജീവൻ നൽകിയവരാണ് ദേവനൂർ മഹാദേവനും സിദ്ധലിംഗയ്യയും. വെങ്കടയ്യിൽ തുടങ്ങുന്ന കന്നടയിലെ ദലിത് എഴുത്ത് ധാരയെയാണ് നാഗരാജ് അന്വേഷണാത്മകമായി വിശകലനം ചെയ്യുന്നത്.

ദലിത് എഴുത്തിനെ അനന്യമാകുന്ന ഘടകങ്ങളെ നാഗരാജ് അക്കമിട്ട് നിരത്തുന്നു. അപമാനവീകരണത്തിന് വിധേയരായ ജനവിഭാഗങ്ങളെ എല്ലാം ആ ധാര ചേർത്തുപിടിക്കുന്നു. സമൂലമായ മാറ്റത്തിനായി ആഗ്രഹിക്കുന്നു. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും എഴുത്തുകൾ അവരിൽ നിന്നും ഉയർന്നു വന്നു. ദലിതുകളെക്കുറിച്ച് ദലിതരല്ലാത്തവർ എഴുതിയ സാഹിത്യത്തിൽ ക്രോധം,കരുണ, ഏകാന്തത എന്നിവയാണ് പ്രബലനവികാരങ്ങളായി നിലകൊണ്ടത് എന്ന് നാഗരാജ് അഭിപ്രായപ്പെടുന്നു. ദലിതരുടെ മൂല്യവ്യവസ്ഥയെ ഇത് തെറ്റായി വ്യാഖ്യാനിച്ചു. പല ധാരകളുടെ സമന്വയമാണ് ദലിത് സാഹിത്യം. അതിനെ എകശിലാത്മകമായി വിലയിരുത്തുന്നത് അബദ്ധമാണ്.
”വിപ്ലവകാരികളായ പുതിയ തലമുറയുടെ ആവിഷ്കാരമാണ് ദലിത് സാഹിത്യം. അവർ ഹൈന്ദവസമൂഹത്തെ അപ്പാടെ നിരാകരിക്കുന്നു. സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിലെ ‘ഗാന്ധിയൻ ഹരിജനങ്ങ’ളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വ്യത്യാസം നമുക്ക് ബോദ്ധ്യമാവുക. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജഗ്ജീവൻ റാമും അംബേദ്കറും അവബോധങ്ങളുടെ രണ്ടു വിഭിന്നധാരകളെയാണ് പ്രതിനിധീകരിക്കുന്നത്. ജഗ്ജീവൻ റാം മൃദുനയനമുള്ളവനും കുശാഗ്ര ബുദ്ധിയുമായിരുന്നെങ്കിൽ ബാബാസാഹേബ് തെളിഞ്ഞ ജ്വാലയും കണിശക്കാരനുമായിരുന്നു. ലോഹ്യ, മാർക്സ് തുടങ്ങിയവരുടെ ഇടതുപക്ഷ വിചാരധാരകളുമായി ചിലപ്പോഴെങ്കിലും കൂടിച്ചേരാറുണ്ടെങ്കിലും ദലിത് രചനകൾ അടിസ്ഥാനപരമായി അംബേദ്കറുടെ ജീവിതവീക്ഷണത്തിന്റെ സൃഷ്ടികളാണ്. അതുകൊണ്ടുതന്നെ, ആത്മാഭിമാനത്തിന്റെയും ആത്മബോധത്തിന്റെയും ശക്തമായ ധാരകൾ അവരുടെ എഴുത്തിനെ ചിട്ടപ്പെടുത്തുന്നു.” എന്ന് നാഗരാജ് എഴുതുന്നു. ഈ സമന്വയധാരയിലാണ് ഡി.ആർ നാഗരാജിന്റെ ചിന്തയുടെ കേന്ദ്രസ്ഥാനം. ദലിത് എഴുത്തുകളുടെ പ്രധാന പ്രത്യേകതയായി സാന്ദ്രതയെ നാഗരാജ് കാണുന്നു. അതുപോലെതന്നെ ദലിത് സാഹിത്യത്തിന്റെ സർഗാത്മകതയുടെ കാരണം ദലിത് തത്വചിന്ത തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സാമൂഹിക വിദ്വേഷത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും രണ്ട് പ്രബലധാരകൾ വർത്തമാനകാല കന്നട സാഹിത്യത്തിലുണ്ട്. ദേഷ്യം, അവഗണന, വിപ്ലവതൃഷ്ണ തുടങ്ങിയ വികാരങ്ങളുടെ ആവിഷ്കാരമാണ് ആദ്യ ധാര. രണ്ടാമത്തെ ധാര സമത്വത്തിലൂന്നുന്ന ആത്മീയ ദർശനത്തിന്റെ പാതയാണ്. ഈ ധാരയിൽ രചനകൾ കുറവാണ്. ആദ്യ ധാര അംബേദ്ക്കറുടെ നിലപാടുകളോട് കൂടുതൽ ഐക്യപ്പെടുന്നതായി നാഗരാജ് പറയുന്നു.

ദേവനൂർ മഹാദേവ

റിയലിസത്തിന്റെ രചനാരീതികളോട് സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നാഗരാജ് കലഹിക്കുന്നുണ്ട്. ദേവനൂർ മഹാദേവന്റെ ‘കുസുമബാലെ’ എന്ന നോവൽ പരമ്പരാഗത നോവൽ രചനാരീതിയോട് പുലർത്തുന്ന വൈമുഖ്യം നവീന രചനരീതിയോട് കാട്ടുന്ന താത്പര്യവും മാറുന്ന കന്നട സാഹിത്യത്തിന്റെ നിദർശനമായി അദ്ദേഹം കാണുന്നു. ഗദ്യ-പദ്യ വ്യത്യാസങ്ങൾ അലിഞ്ഞില്ലാതായി, ഗോത്രകഥനങ്ങളുടെ മാതൃകയിലേക്ക് നോവൽ രൂപപരമായി മാറുന്നു. രൂപത്തിന്റെ മാറ്റം എന്നാൽ ലോകാവബോധത്തിന്റെ മാറ്റം എന്നാണർത്ഥം. ഗോത്രകഥപാരമ്പര്യവുമായി നവരചനകളുടെ ആഖ്യാനം കണ്ണിച്ചേർക്കുന്നതിൽ നാഗരാജ് സന്തുഷ്ടനാണ്. ഏഴു കുന്നുകളുടെയും നാഥനായ മാടേശ്വരന് നോവൽ സമർപ്പിക്കുന്ന പുതിയ കാലത്തോട് അദ്ദേഹം അനുഭാവം പ്രകടിപ്പിക്കുന്നു. കീഴ്ജാതികാരുടെ പ്രവാചകനിലേക്ക്, ഗോത്രതനിമയുടെ മഹാശക്തിയിലേക്ക് ആഖ്യാനബോധം തിരിച്ചുപോകുന്നത് ശുഭസൂചനയായി നാഗരാജ് കാണുന്നു. റിയലിസത്തോടുള്ള വിയോജിപ്പിന് കാരണം ദേവിമാരിലേക്കും ആത്മാക്കളിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള പ്രവേശനം റിയലിസം അടയ്ക്കുന്നു എന്നതിനാലാണെന്ന് നാഗരാജ് അഭിപ്രായപ്പെടുന്നുണ്ട്. അർത്ഥപൂർണ്ണമായി കീഴാള ജീവിതത്തോട് റിയലിസ്റ്റ് രചനകൾ സംവദിക്കുന്നില്ല. എന്നാൽ നവരചനകൾ റിയലിസത്തെ കൈവിട്ടപ്പോൾ പുതിയ വഴി തുറക്കപ്പെട്ടതായി നാഗരാജ് പറയുന്നു.

സംവാദത്തിന്റെ വഴികൾ

മനുചക്രവർത്തി ഡി.ആർ നാഗരാജുമായി നടത്തിയ അഭിമുഖം പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. മനു ചക്രവർത്തിയുടെ ഒരു ചോദ്യത്തിന് മറുപടിയായി അധിനിവേശത്തെ സംബന്ധിച്ച തന്റെ വീക്ഷണം നാഗരാജ് അവതരിപ്പിക്കുന്നു. അധിനിവേശമെന്നാൽ കൃതിയെ വായിക്കാനുള്ള പുതിയ വഴിയും പുതിയ രീതിയിലുള്ള സാമൂഹിക സാമ്പത്തിക ഘടനയുടെ വരവുമാണ്. ഇവ രണ്ടും കീഴാള സമുദായങ്ങളുടെ താത്പര്യത്തിനെതിരായി നിന്നു എന്ന വാദമാണ് നാഗരാജ് ഉന്നയിക്കുന്നത്. അതിനാൽ അധിനിവേശാനന്തര വിമർശകർ അധിനിവേശികൾ അടിച്ചമർത്തപ്പെട്ട ചിന്തകളെ വീണ്ടെടുകയാണ് ചെയ്യേണ്ടതെന്ന് നാഗരാജ് അഭിപ്രായപ്പെടുന്നു. അധിനിവേശം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ അമർച്ച ചെയ്യുന്നു. ആശിഷ് നന്ദിയുടെ, തദ്ദേശീയ പ്രകിയകളുടെ നശീകരണമാണ് അധിനിവേശമെന്ന അഭിപ്രായത്തോട് നാഗരാജ് ഐക്യപ്പെടുന്നുണ്ട്. അധിനിവേശിത സാഹചര്യങ്ങളിൽ നിന്ന് അധിനിവേശാനന്തരം വിമുക്തരാകുക എന്ന കർമ്മമാണ് എഴുത്തുകാർ നിർവഹിക്കേണ്ടതെന്നാണ് അധിനിവേശത്തെ സംബന്ധിച്ച ചർച്ചകളിൽ പ്രധാന വാദമായി നാഗരാജ് അവതരിപ്പിക്കുന്നത്.

The flaming feet, ഇം​ഗ്ലീഷ് കവർ

സാംസ്കാരികാധിപത്യത്തിന്റെ സ്വഭാവം മാത്രമാണ് മാറുന്നത്. അത് വിവിധ രൂപത്തിൽ സമൂഹത്തിൽ നിലനിന്നുപോരുന്നു. ബ്രീട്ടിഷുകാരാണ് തനിക്ക് സന്യാസം തന്നതെന്ന നാരായണഗുരുവിന്റെ പ്രസ്താവന കോളോണിയലിസത്തോടുള്ള ഐക്യപ്പെടാലയല്ല കാണേണ്ടത്. മറിച്ച് ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയോടുള്ള രൂക്ഷവിമർശനമായാണ് കാണേണ്ടത്. നിർവാഹകരായിരിക്കാനുള്ള ഒരു ജനതയുടെ അവകാശത്തെ കൊളോണിയലിസം അമർച്ച ചെയ്തു. അതിന്റെ ഭാവരൂപം മാറിയെങ്കിലും അടിസ്ഥാന പ്രകൃതത്തിൽ കൊളോണിയലിസം സാമ്പ്രദായിക വ്യവസഥയുടെ പുനരുത്പാദനം തന്നെയായിരുന്നു. എന്നാൽ അതിനായി കൊളോണിയലിസം ഉപയോഗിച്ച ടൂളുകൾ മറ്റൊരു വിധത്തിൽ സമൂഹത്തിന് ഗുണകരമായി ഭവിക്കുകയായിരുന്നു. അച്ചടിയുടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും വ്യാപനം സമൂഹത്തിന്റെ ഭാവിയെ മാറ്റിമറിച്ചു. പക്ഷെ ഡി ആർ നാഗരാജ് പറയുന്നു, “കന്നട സാഹിത്യരംഗത്തെ അതികായനായ കെ.വി പുട്ടപ്പപോലും, ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കിൽ ബ്രാഹ്മണരുടെ പുറമ്പറമ്പുകളിലെ വേലക്കാരനായി മാറുമായിരുന്നുതാനെന്ന് വിശ്വസിച്ചിരുന്നു. അബ്രാഹ്മണരുടെയും ദലിതരുടെയും ഇടയിൽ പ്രചാരമുള്ള ഒരു കാഴ്ചപ്പാടാണിത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള ചില തെറ്റായ ധാരണകളിൽ നിന്നും ഉടലെടുക്കുന്നതാണ് ഈ ബോധം.” വിമർശനാത്മകമായി ആധുനികതയുടെ വികാസത്തെ കാണുകയാണ് നാഗരാജ്. എകാശിലാരൂപമായി പാരമ്പര്യത്തെ മനസ്സിലാക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രതിസംസ്കാരം എക്കാലവും ഇവിടെ രൂപപ്പെട്ടിരുന്നു.

കൊട്ടിഘോഷിക്കപ്പെട്ട ഏകത്വത്തിന് പകരം വ്യത്യസ്തയെ ഉയർത്തിപ്പിടിക്കാനാണ് നാഗരാജ് താത്പര്യപ്പെടുന്നത്. ഒരു തദ്ദേശീയ സോഷ്യലിസ്റ്റായി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നു. പാശ്ചാത്യ-പൗരസ്ത്യവാദങ്ങളിൽ നിന്നും ഭിന്നമായ ഒരു വഴിയാണ് അദ്ദേഹം ആലോചിച്ചത്. ഈ സന്ദർഭത്തിൽ ഹിന്ദുത്വവാദത്തോട്-സംഘപരിവാറിനോട് ഉള്ള തന്റെ എതിർപ്പിനെ അദ്ദേഹം വ്യക്തമാക്കുന്നു. “പരമ്പരാഗതരീതിയിലുള്ള ജ്ഞാനത്തിന്റെയും ഇന്ത്യാചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള പൗരസ്ത്യവാദ സമീപനങ്ങളുടെയും പ്രത്യേകതരത്തിലുള്ള ഒരു മിശ്രമാണ് സംഘപരിവാർ. ഇന്ത്യയിലെ അധിനിവേശത്തിന്റെ ഒരു പ്രധാന പ്രതിഭാസത്തെയാണ് ഇതിൽ കാണാനാവുന്നത്. പരമ്പരാഗതമായി ഉയർന്ന സാമൂഹികപദവി അനുഭവിക്കുന്നവരിലെ പ്രബലരായ ചില വിഭാഗങ്ങൾ അധിനിവേശികളുമായി സഹവർത്തിത്വത്തിന്റേതായ ചില പദ്ധതികൾ പ്രാവർത്തികമാക്കിയിരിക്കുന്നു. അതുകൊണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെ ഏകശിലാരൂപമായ ഒരു പ്രതിരൂപത്തെ പ്രക്ഷേപിക്കുവാനാണ് സാമൂഹിക വീക്ഷണങ്ങളിൽ യാഥാസ്ഥിതികത്വം പുലർത്തുന്നവരും രാഷ്ട്രീയവീക്ഷണങ്ങളിൽ പ്രതിലോമകാരികളുമായ സംഘപരിവാറിന് താൽപര്യം. അന്യനോട് പ്രത്യേകിച്ചും മുസ്ലീം ന്യൂനപക്ഷത്തോട് പോരാടുവാനാണ് അതിന്റെ ലക്ഷ്യം. ഈ വിഭാഗത്തിന്റെ മതത്തെക്കുറിച്ചുള്ള ധാരണകളാകട്ടെ, യഹൂദ-ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ ആഴത്തിൽ അടിയുറച്ച ഒന്നാണ്. പല സന്ദർഭങ്ങളിലും അത് ഇസ്ലാമികവുമാണ്. വിരോധാഭാസമുളവാക്കുന്ന കാര്യമാണിത്. ഉദാഹരണത്തിന്, രാമനെന്ന വിശുദ്ധമത ചിഹ്നത്തെ, നിസ്സാരമായ ഒരു കെട്ടിടത്തിന്റെ നിലവാരത്തിലേക്കു തരംതാഴ്ത്തി ഈ ക്ഷുദ്രശക്തികൾ. ഇന്ത്യയിലെ ഏറ്റവും മഹത്തായ തത്വശാസ്ത്രപദ്ധതിയായ അദ്വൈതം പോലും ഈ ന്യൂനീകരണ പ്രവർത്തനത്തെ അംഗീകരിക്കുകയില്ല. ഇന്ത്യയിലെല്ലായിടത്തുമുള്ള ജനങ്ങളുടെ മതഭാവനകളിൽ സ്ഥാനം പിടിച്ചവരാണ് രാമനും സീതയും.അവർ ജന്മമെടുത്തതും ജീവിച്ചതും ഒരു പ്രത്യേകസ്ഥലത്തല്ല, എല്ലായിടത്തുമാണ്. ഇതിനെയാണ് ലോഹ്യ, ഇന്ത്യയിലെ കല്ലിന്റെ അർത്ഥമെന്നു പറഞ്ഞത്.”

ടീസ്റ്റ സെതൽവാദ് അറസ്റ്റ് ചെയ്യപ്പെടുന്നു

ബാബറി മസ്ജിദിലും ഗോധ്രയിലും ഡൽഹിയിലും ഇന്ത്യയാകെയും നടമാടുന്ന സംഘപരിവാർ ക്രൂരത അതിന്റെ ദംഷ്ട്രകൾ പുറത്തുകാട്ടി തുടങ്ങിയ തൊണ്ണൂറുകളിലാണ് നാഗരാജ് ഈ പുസ്തകമെഴുതുന്നത്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഈ നിരീക്ഷണം വിലപ്പെട്ടതാകുന്നു. ടീസ്റ്റ സെതൽവാദ് അടക്കമുള്ള പണ്ഡിതരെ കാരണമേതുമില്ലാതെ തടവിലിട്ടിരിക്കുന്ന, ധിഷണയെ ഭയക്കുന്ന അധികാരരൂപത്തെ ശക്തമായ ഓർമ്മ കൊണ്ട് വേണം പ്രഹരിക്കാൻ. ഗാന്ധിയും അംബേദ്ക്കറും ലോഹ്യയും ഉൾപ്പെട്ട തദ്ദേശീയ പാരമ്പര്യത്തോടാണ് നാഗരാജ് ഐക്യപ്പെടുന്നത്. അനേകം വൈരുദ്ധ്യങ്ങൾ ഇവർക്കിടയിൽ നിലനിൽക്കുമ്പൊഴും തത്വശാസ്ത്രപരമായ ഏകതയെ മുൻനിർത്തി അവരോട് ഐക്യപ്പെടുകയാണ് അദ്ദേഹം. ഈ ചിന്താവഴികളോട് മാർക്സിസത്തിന്റെ മൂലധനവിമർശനത്തെയും നാഗരാജ് കൂട്ടിച്ചേർക്കുന്നു. നാഗരാജിന്റെ ഈ വഴി വർത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്ന പാതയാണ്. സൈദ്ധാന്തികമായി പല വിയോജിപ്പുകളും സംഘർഷങ്ങളും നിലനിൽക്കുമ്പോഴും നാം ചേർത്തുപിടിക്കേണ്ട, സംവാദാത്മകമായി നിലനിർത്തേണ്ട ഒരു ധാരയെയാണ് ഡി.ആർ നാഗരാജ് മുന്നോട്ടുവയ്ക്കുന്നത്. തീർച്ചയായും ഈ ആപത് സന്ദർഭത്തിൽ കൈയ്യെത്തിപ്പിടിക്കാവുന്ന ജ്വലിക്കുന്ന ഓർമ്മയാണ് ‘ജ്വലിക്കുന്ന പാദങ്ങൾ’.

Also Read

10 minutes read July 2, 2022 3:07 pm