Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വാളയാറിനും കോയമ്പത്തൂർ മധുക്കരയ്ക്കും ഇടയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കിൽ കാട്ടാനകൾ ട്രെയിൻ ഇടിച്ച് ചെരിയുന്ന ദാരുണ സംഭവം ഇപ്പോഴും തുടരുകയാണ്. നാല് പതിറ്റാണ്ടായി ആവർത്തിക്കുന്ന ഈ ആനക്കുരുതി ഒഴിവാക്കാൻ തമിഴ്നാട്ടിൽ മധുക്കര മുതൽ കേരളത്തിൽ വാളയാർ വരെയുള്ള അതിർത്തി പ്രദേശത്ത് ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പിന്റെ സഹകരണത്തോടെ റെയിൽവേ പല പദ്ധതികളും നടപ്പാക്കിയെങ്കിലും ദുരന്ത സാഹചര്യം ഒഴിവായിട്ടില്ല. മംഗളരൂ–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് പിടിയാനയും കുട്ടിയും ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന് ചെരിഞ്ഞത് അതാണ് വ്യക്തമാക്കുന്നത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് വാളയാർ പുഴക്ക് സമീപം പുതുപ്പതിയിലാണ് അപകടമുണ്ടായത്. ആനകൾ പാളം മുറിച്ചുകിടക്കുന്നതിനിടെ ട്രെയിനിൻ ഇടിക്കുകയായിരുന്നു. ഈ വനമേഖലയിലൂടെ പാലക്കാട്–കോയമ്പത്തൂർ ഡബിൾ ട്രാക്കാണ് കടന്നുപോകുന്നത്. നിബിഡ വനമുള്ളതിനാൽ ആനകൾ ഉണ്ടാവുക സ്വാഭാവികം. പുഴയുള്ളതിനാൽ കുടിക്കാനും കുളിക്കാനുമായും ആനകൾ ഇവിടെ നിരന്തരമെത്തും. പാലക്കാട്–വാളയാർ മേഖലയിൽ റെയിൽവേ ട്രാക്കിന് പരിസരത്ത് പലയിടത്തും സൗരോർജവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് ആനകൾക്കും മനുഷ്യർക്കും ആശ്വാസമില്ല.
പാളത്തിന്റെ വശങ്ങളിൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്ഥലമാണെങ്കിലും ക്യാമറകൾ തങ്ങളുടേതല്ലെന്ന് വനം, പാലക്കാട് റെയിൽവേ അധികൃതർ പറയുന്നു. പിന്നെ ആരുടേതെന്ന ചോദ്യമുയരുന്നുണ്ടെങ്കിലും അവയൊന്നും കാര്യമായി പ്രവർത്തിക്കാത്തവയാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. സംഭവത്തോടെ റെയിൽ വേലി സ്ഥാപിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ്. ഈ മേഖലയിൽ എന്തുകൊണ്ട് ആനക്കുരുതി തുടരുന്നു എന്നതിൽ വസ്തുനിഷ്ഠമായ അന്വേഷണം മാത്രമില്ലെന്ന് പരിസ്ഥിതി, വന്യജീവിസംക്ഷണ പ്രവർത്തകരും സംഘടനകളും പരാതിപ്പെടുന്നു.


ആനത്താരകൾ (ആനയുടെ സ്വന്തം വഴികൾ – elephant corridors) വൻതോതിലുള്ള നിർമ്മാണങ്ങളും നികത്തലും വെട്ടിമുറിക്കലും കാരണം വ്യാപകമായി അടഞ്ഞുപോയിട്ടുണ്ട്. ആനത്താരകൾ നഷ്ടമാകുമ്പോൾ അവ തീറ്റയ്ക്കും വെള്ളത്തിനും യാത്രക്കുമായി മറ്റൊരു വഴിതേടുന്നു. അവിടങ്ങളിലും ഇതേ നിർമ്മാണങ്ങൾ ആവർത്തിക്കുമ്പോൾ നിലനിൽപ്പിനായി സഞ്ചരിക്കാൻ പുതിയ വഴിതേടുന്നതിന് ആനകളും നിർബന്ധിതമാവുന്നു. ഫലമോ, എന്തെങ്കിലും വിധത്തിലുള്ള അക്രമത്തിലും തുരത്തലുകളിലും അത് കലാശിക്കുന്നു. കൃഷിനിലങ്ങൾ നിരന്തരം ചവിട്ടി മെതിക്കപ്പെടുമ്പോൾ മനുഷ്യരും നിസ്സഹായരാകുന്നു. നിലനിൽപ്പിന്റെ വിഷയത്തിൽ മനുഷ്യർക്കാണ് പ്രഥമ പരിഗണന കിട്ടാറുള്ളതെങ്കിലും, മറുവശം പാടെ അവഗണിക്കുന്നത് ഇരുവരുടെയും അതിജീവനത്തെ സാരമായി ബാധിക്കും.
42 കിലോമീറ്റർ, മിക്കതും വനത്തിലൂടെ
തമിഴ്നാട്– പാലക്കാട് ജംഗ്ഷൻ (ഒലവക്കോട് സ്റ്റേഷൻ) റെയിൽവേ ട്രാക്കിൽ കോയമ്പത്തൂർ മധുക്കര മുതൽ ഒലവക്കോട് ജംഗ്ഷൻ വരെയുള്ള പ്രദേശം മിക്കയിടത്തും വനമേഖലയാണ്. 42 കിലോമീറ്ററാണ് പ്രദേശത്തെ റെയിൽ പാതകളുടെ നീളം. ഇതിൽ മധുക്കര– വാളയാർ ദൂരത്താണ് ട്രെയിനുകൾ ഇടിച്ച് ആനകൾ ചാകുന്നത്. ലഭ്യമായ വിവരമനുസരിച്ച് 1978 മുതൽ വനമേഖലയിലൂടെ കടന്നുപോകുന്ന എ, ബി ട്രാക്കുകളിലായി ഇതിനകം 41 ആനകൾ ട്രെയിനിടിച്ച് ചെരിഞ്ഞിട്ടുണ്ട്. അതിൽ 90 ശതമാനവും സംഭവിക്കുന്നത് രാത്രി 9 നും രാവിലെ 7 നും ഇടയിലാണ്. കൂട്ടത്തോടെയും അല്ലാതെയും കൂടുതൽ ആനകൾ ചെരിഞ്ഞത് 2013 മുതലുള്ള വർഷങ്ങളിലാണ്.
ട്രാക്കുകളുടെ 26 കിലോമീറ്റർ പ്രദേശത്താണ് പ്രധാന ആനത്താരകൾ കടന്നുപോയിരുന്നതെന്ന് വനം അധികൃതർ പറയുന്നു. പാലക്കാട് ഭാഗമെത്തുമ്പോൾ 10 കിലോമീറ്റർ പാത (ബി ട്രാക്ക്) പൂർണമായും വനത്തിനുള്ളിലാണ്. നിബിഡ വനത്തിലെ വളവുകളും കയറ്റിറക്കവും കാരണം ദൂരെ നിന്ന് വരുന്ന ആനകളെ ട്രെയിൻ ഡ്രൈവർമാർക്ക് (ലോക്കോ പൈലറ്റ്) എളുപ്പത്തിൽ കാണാൻ കഴിയില്ല. മിക്കപ്പോഴും കോടയുമുണ്ടാകും. കോയമ്പത്തൂർ–പാലക്കാട് റെയിൽ റൂട്ടിൽ എ ലൈനാണ് ആദ്യം ഉണ്ടായതെങ്കിലും പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പ്രത്യേക അനുമതിയോടെ 40 വർഷം മുൻപാണ് വനത്തിലൂടെ ബി ലൈൻ സ്ഥാപിച്ചത്. അപ്പോൾ മുതൽ ആനകളുടെ കഷ്ടകാലവും തുടങ്ങി.


കണക്കില്ലാത്ത അപകടങ്ങൾ
ആദ്യകാല അപകടങ്ങളിൽ പലതും രേഖപ്പെടുത്തിയിട്ടില്ലെന്നത് വ്യക്തമാണ്. അന്നൊക്കെ ആന ട്രെയിനിടിച്ച് ചെരിയുന്നത് ഒരു വലിയ സംഭവമായി അധികൃതർ കണ്ടില്ലെന്നുവേണം കരുതാൻ. പരിസ്ഥിതി സംഘടനകളുടെ ഇടപെടലാണ് അധികൃതരുടെ നിലപാടിന് മാറ്റം വരുത്തിയത്. 2005 മുതൽ ട്രെയിനിടിച്ച് ആനകൾ ചെരിയുന്നതിന്റെയും മാരകമായി പരുക്കേറ്റതിന്റെയും ഏകദേശ കണക്കുകൾ പ്രവർത്തകർ ശേഖരിച്ചു തുടങ്ങി. തുടർന്ന് ഔദ്യോഗിക തലത്തിലും നടപടി ആരംഭിച്ചു. എ ലൈൻ ട്രാക്ക് വന്നത് മുതൽ അപകടം നടക്കാറുണ്ടെങ്കിലും വിഷയം ചർച്ചയായിരുന്നില്ല. ആനകൾ മാത്രല്ല, മറ്റു നിരവധി വന്യജീവികൾ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ ചാവുന്നുണ്ടെങ്കിലും അതൊന്നും ഔദ്യോഗിക കണക്കിലില്ലെന്ന് വിഷയത്തിൽ വർഷങ്ങളായി ഇടപെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രവർത്തകനും നാഷനൽ ഗ്രീൻ കോർപ്സ് കോ–ഒാർഡിനേറ്ററുമായ എസ്. ഗുരുവായൂരപ്പൻ പറയുന്നു.


കേരളത്തിന് കിഴക്ക് ഭാഗത്ത്, തമിഴ്നാട്ടിലെ മധുക്കര പ്രദേശത്ത് ചെറിയ ചാലുപോലുള്ള പ്രദേശത്താണ് എ, ബി ട്രാക്ക് കിടക്കുന്നത്. ഇവിടെ പല ജീവികളും ട്രെയിനുകൾ കയറി കൂട്ടത്തോടെ ചത്തൊടുങ്ങാറുണ്ട്. ട്രെയിൻ പാളം തെറ്റുകയും അതുവഴി യാത്രക്കാർക്ക് അപകടമുണ്ടാവുകയും ചെയ്യാത്തതുകൊണ്ടാകാം സർക്കാരുകൾ വ്യക്തമായ പരിഹാര പദ്ധതി നടപ്പാക്കാത്തതെന്ന് വിമർശനമുണ്ട്. ആനകൾ അപകടത്തിൽപ്പെടുന്നത് ഇല്ലാതാക്കാൻ ദിനേശ് സോഫ്റ്റ് വെയർ വിഭാഗത്തിന്റെ സഹായത്തോടെ പാലക്കാട് വനംവകുപ്പ് എഐ സംവിധാനത്തിൽ നടപ്പാക്കിയ പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്നാണ് സൂചന. ഡിഎഫ്ഒ ഒാഫീൽ ഇതിനായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
പകരം വഴിതേടി ആനകൾ
ആനകൾക്ക് നടക്കാൻ പ്രകൃതി നിർമ്മിച്ച ആനത്താരങ്ങൾ ഔദ്യോഗികമായും അനൗദ്യോഗികമായും അടച്ചതോടെ അവ തീറ്റക്കും ജലത്തിനുമായി പുതിയ വഴികൾ കണ്ടെത്തി. മേഖലയിലെ ഏഴ് പ്രധാന ആനത്താരകൾ തടഞ്ഞാണ് എ, ബി ട്രാക്കുകൾ കടന്നുപോകുന്നത്. പകരം പാത തേടിയ ആനകൾ 2016 ആയപ്പോഴേക്കും എതാണ്ട് 32 വഴികളിലൂടെയാണ് ഈ മേഖലയിൽ യാത്ര ചെയ്യുന്നതെന്നാണ് പ്രാഥമിക നിരീക്ഷണം. തമിഴ്നാട് മധുക്കരയിലും മരപ്പാലത്തും കേരളത്തിൽ വാളയാറിലുമായിരുന്നു ആ ആനത്താരകൾ. പുതിയ വഴികളിലെ തടസങ്ങൾ ഇടിച്ചുനിരത്തിയും, ചവിട്ടിയരച്ചും, തട്ടിയും ആനകൾ ഒഴിവാക്കി.
ആനകളെത്തി വ്യാപകമായി കൃഷി നശിപ്പിക്കാനും അവയുടെ ചവിട്ടേറ്റ് ആളുകൾ മരിക്കാനും തുടങ്ങിയതോടെ പ്രദേശത്ത് വൈദ്യുതി വേലിയെന്ന ആവശ്യം ശക്തമായി. കൃഷിചെയ്യാനും വിളവെടുക്കാനും കഴിയാതായതോടെ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ഈ ആവശ്യവുമായി സമരം ആരംഭിച്ചു. തുടർന്നാണ് 2006ൽ പ്രദേശത്ത് വൈദ്യുതിവേലികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നടപടി മനുഷ്യരും ആനകളും തമ്മിലുള്ള പുതിയ സംഘർഷത്തിന് വഴിവയ്ക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കിയെങ്കിലും കൃഷിക്കാരുടെ പ്രശ്നത്തിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. അതുവരെ, കൃഷി നശിപ്പിക്കൽ വ്യാപകമായിരുന്നെങ്കിലും നേരിട്ടുള്ള മനുഷ്യ–വന്യജീവി സംഘർഷം ഉണ്ടായിരുന്നില്ല. വൈദ്യുതി വേലിയാണ് അതിന് വഴി തുറന്നതെന്നാണ് നിഗമനം. ഷോക്കടിക്കുന്ന ആനകൾ ജീവനുംകൊണ്ട് ഒാടുമ്പോൾ കൃഷിനാശം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി.
വഴിമുട്ടിയ ആനകൾ പുതുശേരി, എട്ടിമട ഭാഗത്തേക്ക് പതിയെ നീങ്ങി. കൂട്ടത്തോടെയുള്ള അവയുടെ യാത്രയിൽ മധുക്കരയിൽ പിടിയാന ഉൾപ്പെടെ നാലും, എട്ടിമടയിൽ പിടിയാനയടക്കം മൂന്നും ട്രെയിൻ ഇടിച്ച് ചെരിഞ്ഞു. ദയനീയമായിരുന്നു ആ ചിത്രം. ചെരിഞ്ഞ രണ്ട് പിടിയാനയും ഗർഭിണികളായിരുന്നു. 2008 ൽ കഞ്ചിക്കോട് പയറ്റ്കാട്ടിൽ ആനയെ ഇടിച്ച് ട്രെയിൻ പാളം തെറ്റിയ സംഭവവും ഉണ്ടായി. പലപ്പോഴും ഭാഗ്യംകൊണ്ടാണ് ട്രെയിനുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. ലോക്കോ പൈലറ്റുമാർ ഈ ഭാഗത്ത് ശ്വാസം പിടിച്ചാണ് ട്രെയിൻ ഒാടിക്കുന്നത്.


കൂട്ടക്കുരുതിയിൽ ഹൈക്കോടതി വടിയെടുത്തു
മുൻപ് ഒറ്റയും ഇരട്ടയുമായി ആനകൾ ട്രെയിനിടിച്ച് ചെരിയുന്നത് സംഭവം റിപ്പോർട്ട് ചെയ്യലിലും കേസെടുക്കലിലും ഒതുങ്ങിയെങ്കിൽ മധുക്കരയിലും എട്ടിമടയിലുമുണ്ടായ ആനകളുടെ ദയനീയമായ മരണം തമിഴ്നാട് വനംവകുപ്പിനെ ഉലച്ചു. പരിസ്ഥിതി പ്രവർത്തകർ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ശക്തമായ നിലപാടാണ് കോടതി വിഷയത്തിൽ സ്വീകരിച്ചത്. ആനകൾ ട്രെയിനിടിച്ച് നിരന്തരം ചെരിയുന്നത് ആധുനിക സാങ്കേതിക വിദ്യയിൽ ജീവിക്കുന്ന സമൂഹത്തിന് നാണക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. കാര്യങ്ങൾ നേരിട്ടറിയാൻ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ മൂന്നംഗസംഘം സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. ട്രെയിനിലെത്തിയ ജസ്റ്റിസുമാർ എ, ബി ട്രാക്കുകൾ തുടങ്ങുന്ന മുതൽ വിശദമായ വിവരങ്ങൾ ശേഖരിച്ചു. വാളയാർ സ്റ്റേഷനിലെത്തി പാലക്കാട് ഡിവിഷൻ അധികൃതരുമായി സംസാരിച്ചു.
പിന്നീട്, ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെയും പകരം വഴിയിലൂടെയും ദുരന്തം ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. വിശദമായ ഉത്തരവിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കിയിരുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലാതെ നടപടി സ്വീകരിക്കുമെന്നും ഡിവിഷൻ ബഞ്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് വേഗത്തിലുള്ള നടപടികളായിരുന്നു തമിഴ്നാടിന്റെ ഭാഗത്ത് നിന്നുണ്ടായത്. മധുക്കരക്കും എട്ടിമടക്കും ഇടയിൽ ട്രാക്കിന് അടിയിലൂടെ ആധുനിക ആനത്താരകൾ (എലിഫെന്റ് അണ്ടർപാസ്) നിർമ്മിച്ചു. ഏറ്റവും പുതിയ സംവിധാനങ്ങളോടെയാണ് നടപടി. പദ്ധതിയിലും അതിന്റെ വിജയത്തിലും കോടതിയും തൃപ്തി രേഖപ്പെടുത്തി. പദ്ധതി പൂർത്തിയാക്കുന്നതിന് മാത്രമല്ല, അത് കൃത്യമായി ആനകൾക്ക് ഗുണം ചെയ്യുന്നുവന്ന് ഉറപ്പാക്കാനും വനംവകുപ്പ് തയ്യാറായി. അതിപ്പോഴും തുടരുന്നു.
വേണം മൂന്നാംപാത, മേൽപ്പാത ട്രാക്കും
ആനയുടെ സഞ്ചാരവഴികൾ അടഞ്ഞതും കോയമ്പത്തൂരിൽ വനാതിർത്തിയിൽ വരെ നടക്കുന്ന വ്യവസായവൽക്കരണവും ആനകളുടെ മേൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. പുതിയ കൂറ്റൻ പ്രോജക്റ്റുകൾ വരാനിരിക്കുന്നു. ട്രെയിൻ സർവീസുകൾ വർദ്ധിച്ചതോടെ മുൻപ് പാത മറിടക്കാൻ ലഭിച്ചിരുന്ന സമയം ഇപ്പോഴില്ലെന്നത് മറ്റൊരു കാരണമാണ്. യാത്രക്കാർ ട്രാക്കിൽ ഇടുന്ന ഭക്ഷണവസ്തുക്കളും ആനയെ ആകർഷിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നത് പരിശോധിക്കേണ്ടതാണ്.
വാളയാർ–പാലക്കാട് റൂട്ടിലെ കഞ്ചിക്കോട് വനമേഖലയിൽ ഉയരത്തിലുള്ള പാത (എലിവേറ്റഡ് ട്രാക്ക്) വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. നിർദ്ദേശം റെയിൽവേയിലും ചർച്ചയാണെങ്കിലും വനത്തിനുള്ളിലാണെന്നതും പദ്ധതിക്കുവേണ്ട വൻതുകയും തടസങ്ങളാണ്. കോയമ്പത്തൂർ–ഷൊർണൂർ മൂന്നാംപാതക്കുള്ള സർവേ പൂർത്തിയായിയിട്ടുണ്ട്. ആനകൾ ട്രാക്കിൽപ്പെടുന്ന പ്രദേശം ഒഴിവാക്കി വനത്തിന് പുറത്തുകൂടി ഒരു പാതക്കാണ് സർവേ. അതിന് ദേശീയപാത അതോറിറ്റിയുടെ അടക്കം അനുമതി വേണം. ഈ നടപടികൾക്കെല്ലാം സമയമെടുക്കും. അതുവരെ ട്രെയിൻ ഇടിച്ച് ആനകൾ ഒടുങ്ങുന്നത് തടയാനുള്ള നടപടിയാണ് ആവശ്യമാണ്.
വാളയാർ കൊട്ടേക്കാട് മുതൽ മധുക്കര വരെ എ, ബി ട്രാക്കുകളിലൂടെയുള്ള ട്രെയിൻ വേഗത്തിന് നിയന്ത്രണമുണ്ട്. പകൽ മണിക്കൂറിൽ 70 കിലോമീറ്ററും രാത്രി അത് 45 കിലോമീറ്ററുമാണ്. മദ്രാസ് ഹൈക്കോടതി ഉത്തരവനുസരിച്ച് വീണ്ടും വേഗം കുറയ്ക്കാൻ നിർദ്ദേശം വന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ നടപ്പായില്ല. ട്രെയിൻ വേഗം കൂടുതൽ കുറച്ചാൽ കഞ്ചിക്കോട് ഭാഗത്തെ ബി ട്രാക്കിന്റെ വളവുകളിലും കയറ്റിറക്കത്തിലും ട്രെയിനിന് മുന്നോട്ടുപോകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.


ട്രാക്കിനടിയിലൂടെ എലിഫന്റ് അണ്ടർപാസുകൾ
എട്ടിമടക്കും മധുക്കരക്കും ഇടയിലാണ് ട്രെയിനുകൾ തട്ടി ആനകൾ ചെരിയുന്നത് ഒഴിവാക്കാൻ ദക്ഷിണന്ത്യയിലെ ആദ്യത്തെ എലിഫെന്റ് അണ്ടർപാസുകൾ (അടിപ്പാതകൾ) നിർമ്മിച്ചത്. റെയിൽപാളത്തിന് അടിയിലെ അടിപ്പാതയിലൂടെ ആനകൾ സുരക്ഷിതമായി മറുപുറത്തെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നാല് കിലേമീറ്ററിനുള്ളിൽ എ ലൈനിലും ബി ലൈനിലുമായാണ് ഈ അടിപ്പാതകൾ. എകദേശം 18 മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുണ്ട്. എന്നാൽ, ആനകൾ കൂടുതൽ സഞ്ചരിക്കുന്ന ബി ലൈനിലെ പാതക്ക് വലുപ്പക്കൂടുതലുണ്ട്. ആനകൾക്ക് ഭയമില്ലാതെ കൂട്ടത്തോടെ നടന്നുപോകാൻ തക്കവിധത്തിലാണ് നിർമ്മാണം. യഥാർത്ഥ ആനത്താരക്ക് പകരം ഉണ്ടാക്കിയ ഈ പദ്ധതിയിൽ തുടക്കത്തിൽ ആനകളെത്തുക ദുഷ്കരമായിരുന്നു. അതിന് വനംവകുപ്പ് വഴി കണ്ടെത്തി. വനത്തിനുളളിലെ സ്വഭാവിക അന്തരീക്ഷത്തിന് കോട്ടം തട്ടാത്ത രീതിയിൽ മണ്ണുകൊണ്ട് പൊതിഞ്ഞും കാടിനോട് ചേർത്തും സ്ഥലം ബന്ധപ്പെടുത്തി.
പെട്ടെന്ന് ഫലം ഉണ്ടാകില്ലെന്ന് അധികൃതർക്ക് അറിയാമായിരുന്നു. ആദ്യമൊക്കെ അടിപ്പാതയുടെ മുകളിലെ ട്രാക്കിലൂടെ തന്നെ ആനകൾ മുറിച്ചുകടന്നു. സ്ഥിതി നിരന്തരം നിരീക്ഷിച്ച ശേഷം ആനകൾക്ക് പ്രിയപ്പെട്ട ചെടികളും മറ്റും അടിപ്പാതക്ക് സമീപമുള്ള വനത്തിൽ നട്ടുവളർത്തി അവയെ ആകർഷിക്കാനുള്ള ശ്രമം വിജയിച്ചു. ആളനക്കവും സ്പർശവും ഇല്ലാതായി, സാധാരണ ആനത്താരപോലെ തോന്നിച്ചതോടെ ആനകൾ ഇതുവഴി സഞ്ചരിച്ചുതുടങ്ങി. തുടക്കത്തിൽ ഒരെണ്ണമായിരുന്നെങ്കിൽ ഇപ്പോൾ കൂട്ടത്തോടെ പോകുന്നതായി വനം ഉദ്യോഗസ്ഥർ കേരളീയത്തോട് പറഞ്ഞു. രണ്ട് വർഷമായി ഈ പ്രദേശത്ത് ആനകൾ ട്രെയിനിൽ കുടുങ്ങാറില്ല. അങ്ങനെ ദക്ഷിണ റെയിൽവേയും തമിഴ്നാട് വനം വകുപ്പും കൈകോർത്ത പദ്ധതി നിലവിൽ വൻ വിജയമാണ്. ആനകളെ ഈ വഴിയിലേക്ക് തിരിച്ചുവിടാനെന്നവണ്ണം ട്രാക്കിന് ഇരുവശത്തും പ്രത്യേക വേലികളും ആനകൾക്ക് ഇറങ്ങിപോകാൻ സ്വഭാവിക റാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. നേരത്തേ ഈ മേഖലയിലുണ്ടായിരുന്ന നാല് ആനത്താരകളിലൂടെയുള്ള സഞ്ചാരം ഈ അടിപ്പാതയിലേക്ക് തിരിച്ചുവിട്ട അനുഭവമാണിപ്പോൾ.
ഇതിനോട് അനുബന്ധിച്ച് ആനകൾ ട്രാക്കിനോട് അടുക്കുന്നത് മുൻകൂട്ടി അറിയാൻ നിർമ്മിത ബുദ്ധി (എഐ) തെർമൽ ക്യാമറകളും സെൻസറുകളും ട്രാക്കിൽ സ്ഥാപിച്ചിരിക്കുന്നു. ഈ വിജയത്തിന് മുഖ്യ കാരണക്കാർ മദ്രാസ് ഹൈക്കോടതിയോടാണ്, പിന്നീട് കോടതി ഉത്തരവ് കൃത്യമായി പാലിച്ച തമിഴ്നാട് വനം വകുപ്പും ദക്ഷിണ റെയിൽവേയും. എതാണ്ട് 28 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതി വിജയമായതിനാൽ മൂന്നാമത്തെ അടിപ്പാത നിർമ്മാണം പരിഗണനയിലാണ്.


കേസെടുക്കും, റിപ്പോർട്ട് നൽകും, അതോടെ തീരും
നാല് പതിറ്റാണ്ടിലധികമായി നടക്കുന്ന ആനക്കുരുതിയിൽ നിയമമനുസരിച്ച് നടപടി ഇല്ലെന്ന് വിചാരിക്കരുത്. വനംവകുപ്പ് കേസെടുക്കാറുണ്ട്. നിയമപ്രകാരം കേസെടുത്തിരിക്കണം. റിപ്പോർട്ട് കോടതിയിൽ നൽകും. കാഴ്ചയുടെ മറവും, ട്രെയിനുകളുടെ പരിമിതിയും ലോക്കോ പൈലറ്റിന്റെ മാനസികാവസ്ഥയും കാലാവസ്ഥയും എല്ലാം വിവരിച്ച് റെയിൽവേയും കോടതിക്ക് വിശദീകരണം നൽകുന്നതോടെ സംഗതി തീരും. അതിനപ്പുറത്തേക്ക് കേസുകളൊന്നും പോയതായി ഇതുവരെ അറിവില്ല. മദ്രാസ് ഹൈക്കോടതി വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതോടെ അഞ്ച് വർഷം മുൻപ് റെയിൽവേ പാലക്കാട് ഡിവിഷനും–തമിഴ്നാട് വനംവകുപ്പും തമ്മിൽ ആന ചെരിഞ്ഞതിനെ ചൊല്ലി നേരിയ സംഘർഷമുണ്ടായി. പാലക്കാട് ഡിവിഷന്റെ ട്രെയിൻ ഇടിച്ച് ചാവടിയിൽ രണ്ട് ആനകൾ ചെരിഞ്ഞിരുന്നു.
സംഭവത്തിൽ ശക്തമായ നടപടിക്ക് കോയമ്പത്തൂർ ഡിഎഫ്ഒ രംഗത്തിറങ്ങി. ലോക്കോ പൈലറ്റിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയും അറസ്റ്റുചെയ്യണമെന്നായിരുന്നു നിലപാട്. എ,ബി ട്രാക്കിലെ നിശ്ചിതവേഗം ലംഘിച്ചുവന്നും ആരോപിച്ചു. ഇരുവരെയും ഒാഫീസ് കസ്റ്റഡിയിലാക്കി. ട്രെയിൻ വേഗം രേഖപ്പെടുത്തുന്ന ഉപകരണം എഞ്ചിൻ മുറിയിൽ കയറി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. അത് റെയിൽവേയെ പ്രകോപിപ്പിച്ചു. നിയമനിരുദ്ധമായി റെയിൽവേയുടെ വസ്തു കൈവശപ്പെടുത്തിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പാലക്കാട് ആർപിആഫ് കേസെടുത്തു.


തുടർ നടപടികൾക്കായി പാലക്കാട്ടെ ഡിവിഷനൽ ഒാഫിസിലെത്തിയ തമിഴ്നാട് ഒാഫിസർ അടക്കം നാല് വനം ഉദ്യോഗസ്ഥരെ ആർപിഎഫും തടഞ്ഞുവച്ചു. വിഷയം കൂടുതൽ വഷളാകുമെന്നായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. ഇരുവിഭാഗവും പരസ്പരം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചെങ്കിലും നിലവിലുള്ള സംവിധാനത്തിൽ റെയിൽവേക്കായിരുന്നു വിജയം. തുടർന്ന് ലോക്കോ പൈലറ്റുമാരെ കോയമ്പത്തൂരിൽ നിന്നും വനംഉദ്യോഗസ്ഥരെ പാലക്കാട് ആർപിഎഫ് ഒാഫിസിൽ നിന്നും വിട്ടയച്ചു. കോലാഹലങ്ങളും ബഹളവും പതിവ് നടപടികളിൽ അവസാനിച്ചു. ആനകൾ ചത്തത് ബാക്കിയായി.
നിയമമനുസരിച്ച് ആനകളെ ഇടിക്കുന്ന ട്രെയിനിന്റെ ഡ്രൈവർക്കെതിരെ വനംവകുപ്പ് എഫ്ഐആർ ഇടുന്നതിന് പകരം കോടതിയിൽ പരാതിയായിട്ടാണ് ഫയൽ ചെയ്യുക. പേരിന് മാത്രമാണ് കേസ്. കോടതി നിർദ്ദേശമനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം ഉൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതിലാണ് റെയിൽവേ തങ്ങളുടെ നിലപാട് വ്യക്തമാക്കുക. അതോടെ നടപടികൾ ഏതാണ്ട് പൂർത്തിയാകുകയാണ് പതിവ്. അന്വേഷണവുമായി സഹകരിക്കുമെന്ന റെയിൽവേയുടെ ഉറപ്പിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വനംവകുപ്പ് വിട്ടയയ്ക്കും. മുഴുവൻ സംഭവങ്ങളുടെയും കേസുകളുടെയും വ്യക്തമായ വിവരം ലഭിക്കാനും പ്രയാസമാണ്.
2021–ൽ ആനക്കുരുതിയിൽ ദേശീയ ഹരിതട്രൈബ്യൂണൽ വിഷയംപരിഗണിച്ച് സ്ഥലത്ത് വനം–റെയിൽവേ സംയുക്ത പട്രോളിങ്, വേഗനിയന്ത്രണം, ആനകളുടെ സാന്നിധ്യം അറിയിക്കുന്ന ആശയവിനിമയ സംവിധാനം, തുടർച്ചയായ നിരീക്ഷണം എന്നിവ നിർദ്ദേശിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. നിയമസംവിധാനങ്ങൾ വടിയെടുത്തപ്പോഴാണ് എലിഫെന്റ് അണ്ടർപാസും, എഐ അടിസ്ഥാന അറിയിപ്പ് കരുതൽ പദ്ധതിയും നടപ്പാക്കിയത്.


ആന വരുന്നത് ലോക്കോ പൈലറ്റ് അറിയും
മധുക്കര എലിഫെന്റ് അണ്ടർ കോറിഡോറുകളുടെ തുടർച്ചയായി വാളയാർ–കഞ്ചിക്കോട് മേഖലയിൽ റെയിവേ പാലക്കാട് ഡിവിഷൻ പൂർണമായും എ.ഐ വിദ്യയിൽ അധിഷ്ഠിതമായ എലിഫന്റ് ഇൻഡ്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഇഐഡിഎഎസ്) താമസിയാതെ നടപ്പാക്കും. പദ്ധതിയുടെ പൂർത്തികരണം അന്തിമഘട്ടത്തിലാണ്. കാട്ടാനകൾ ട്രാക്കിലേക്ക് കടക്കുന്നത് തടയാനും ട്രാക്കിന് സമീപം ആനകൾ എത്തിയാൽ കൺട്രോൾ റൂമിൽ തത്സമയം അലാറം മുഴങ്ങാനും ഉൾപ്പെടെ ഇതിൽ സംവിധാനമുണ്ട്. ലോക്കോ പൈലറ്റിനും ഒലവക്കോട്ടുള്ള റെയിൽവേ ഡിവിഷൻ ഒാഫീസിലെ കൺട്രോൾ മുറിയിലും സന്ദേശമെത്തും. മിന്നൽ വേഗത്തിൽ പ്രതിരോധ നടപടികൾ ഏകോപിപ്പിച്ച് നടപ്പിലാക്കാൻ റെയിൽവേയ്ക്കാകും. 15.42 കോടി രൂപ ചെലവിലാണ് സംവിധാനം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വാളയാറിലും ഡിവിഷൻ ഒാഫിസിലും ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. മധുക്കര മുതൽ കൊട്ടേക്കാട് വരെയുള്ള 30 കിലേമീറ്റർ ദൂരമാണ് ഇഐഡിഎഎസിന് കീഴിൽ വരുന്നത്.
വനമേഖലയിലൂടെ കടന്നുപോകുന്ന എ,ബി ട്രാക്കിന് ഇരുവശത്തും ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ് വർക്ക് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തിന് സമീപത്ത് ആനയുടെ കാൽ സ്പർശിച്ചാൽ ഉടൻ കേബിളുകളിൽ രേഖപ്പെടുത്തും. ഇക്കാര്യം എഐ രീതിയിൽ കൺട്രോൾ റൂമിൽ സന്ദേശമായെത്തും. ഈ അറിയിപ്പാണ് ലോക്കോ പൈലറ്റിനും മറ്റുള്ളവർക്കും കിട്ടുന്നത്. ആനയും ട്രാക്കും തമ്മിലുള്ള ദൂരപരിധി അളവ് ഉൾപ്പെടെയുള്ളതായിരിക്കും സന്ദേശം. സന്ദേശം സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ടാബുകൾ നൽകും. അറിയിപ്പിനെ അടിസ്ഥാനമാക്കി യാത്ര ക്രമീകരിക്കാനും സുരക്ഷാ നടപടി സ്വീകരിക്കാനുമാകുമെന്ന് അധികൃതർ പറയുന്നു.
“ഈ വഴി പോകുന്ന രാത്രി ട്രെയിനുകൾ മുഴുവൻ എ ട്രാക്കിലേക്ക് മാറ്റണം. ട്രെയിനുകളുടെ വേഗം 20 കിലോമീറ്ററാക്കി കുറക്കേണ്ടതുണ്ട്. പുതിയ പാത നിർമ്മിക്കാൻ സമയമെടുക്കുമെന്നതിനാൽ, കേരളത്തിന്റെ സൈഡിലും 24 മണിക്കൂർ എഐ ക്യാമറ സ്ഥാപിക്കണം. പുതിയ ട്രാക്ക് നിർമ്മിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി–റെയിൽവേ മന്ത്രിമാർ കേരള–തമിഴ്നാട് മുഖ്യമന്ത്രിമാർ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർ എന്നിവർക്ക് വിശദമായ കത്തയച്ചിട്ടുണ്ട്. കോയമ്പത്തൂർ–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ പൊള്ളാച്ചി വഴി തിരിച്ചുവിടുന്നതും സംഭവങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രദേശമായതിനാൽ വനത്തിനും വന്യജീവികൾക്കും കോട്ടംത്തട്ടാത്ത വിധത്തിൽ ഭാവിയിൽ ഒരു അതിവേഗ എലിവേറ്റഡ് റെയിൽ ട്രാക്ക് നിർമ്മിക്കുന്നതും സർക്കാരുകൾ പരിഗണിക്കണം. 25 വർഷമായി തുടരുന്ന സംഭവങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം.” എസ്. ഗുരുവായൂരപ്പൻ വിശദമാക്കി.

