കാടുകളിലേക്ക് പടരുന്ന മൂന്നാറിലെ പ്ലാസ്റ്റിക് മാലിന്യം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കോടമഞ്ഞിന്റെ തണുപ്പും തേയിലത്തോട്ടങ്ങളുടെ പച്ചപ്പും അതിനുമപ്പുറം പശ്ചിമഘട്ട മലനിരകളുടെ വന്യസൗന്ദര്യവും കൂടിച്ചേരുന്ന ഇടുക്കി ജില്ലയിലെ മൂന്നാ‍ർ ഇന്ന് ലോക പ്രസിദ്ധമായ ഒരു ടൂറിസം കേന്ദ്രമാണ്. തേയില വ്യവസായത്തിനും സുഖവാസത്തിനുമായി ബ്രിട്ടീഷുകാ‍ർ പണിതുയർത്തിയ ഈ ഹിൽസ്റ്റേഷനിലേക്ക് എല്ലാ സീസണിലും ധാരാളം സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ട്. 2024ൽ ഏകദേശം 22.6 ലക്ഷം ടൂറിസ്റ്റുകൾ മൂന്നാറിലെത്തിയതായാണ് സ‍ർക്കാ‍ർ കണക്കുകൾ. ടൂറിസ്റ്റുകളുടെ വരവും അതിനനുസരിച്ചുള്ള പട്ടണത്തിന്റെ വള‍ർച്ചയും മൂന്നാറിനെ പലരീതിയിലും മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും ഇതിന് ഒരു മറുവശമുണ്ട്. അതാണ് കല്ലാറിലെ മാലിന്യപ്ലാൻ്റ്. മൂന്നാർ ടൗണിൽ നിന്നും ഒൻപത് കിലോമീറ്റർ ദൂരെയാണ് കല്ലാർ മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മൂന്നാ‍ർ ടൗൺ പുറന്തള്ളുന്ന മാലിന്യങ്ങളെല്ലാം കല്ലാറിലെ പ്ലാന്റിലേക്കാണ് എത്തിച്ചേരുന്നത്. ടൗണിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെയെത്തിച്ച് സംസ്‌കരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മൂന്നാ‍ർ ഗ്രാമപഞ്ചായത്താണ്. എന്നാൽ മൂന്നാ‍ർ ശുചിത്വത്തോടെ, മനോഹരമായി നിലനിൽക്കാൻ നി‍ർമ്മിച്ച ഈ പ്ലാന്റ് പരിസ്ഥിതിക്കും വന്യജീവികൾക്കും നാട്ടുകാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

മൂന്നാറിൽ നിന്നും പ്ലാന്റിലേക്കുള്ള യാത്രയിൽ റോഡിന്റെ ശോചനീയാവസ്ഥ പ്രകടമായിരുന്നു. പൊട്ടിപ്പൊളിഞ്ഞ വഴിയുടെ ഓരങ്ങളിൽ ആനപ്പിണ്ടം വലിയ ഉരുളകളായി ഉരുണ്ടുകൂടി കിടക്കുന്നുണ്ട്. ആനപ്പിണ്ടം കണ്ടപ്പോഴാണ് മൂന്നാറിൽ നിന്നും പ്ലാന്റിലേക്കുള്ള ഓട്ടോയുടെ ചാർജ് അന്വേഷിച്ചപ്പോൾ, “ആനയെ കാണാൻ പോകുന്നതാണോ” എന്ന ഓട്ടോ ഡ്രൈവറുടെ ചോദ്യത്തിന്റെ പൊരുൾ ബോധ്യപ്പെട്ടത്. പ്ലാന്റിലേക്കുള്ള യാത്രയിൽ ഓട്ടോ ഡ്രൈവർ സുരേഷ് ആനയുടെ പതിവ് സഞ്ചാരത്താൽ ഇടിഞ്ഞ ഒരു കുന്നിന്റെ ഭാഗം കാണിച്ചുതന്നു.

“അപകടം പിടിച്ച സ്ഥലമാണ്. വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി തിരികെ പോരണം. ആന ഇടക്കിടെ വരുന്നുണ്ട്”, വളരെ ജാഗ്രതയോടെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ സുരേഷ് ഓർമ്മപ്പെടുത്തി.

മൂന്നാർ ടൗൺ. കടപ്പാട്:fb

കേരള ടൂറിസം വകുപ്പിന്റെ 2023 ലെ കണക്കുകൾ പ്രകാരം പ്രതിമാസം 1.3 ലക്ഷം (ഏകദേശം 130,000) ടൂറിസ്റ്റുകളാണ് മൂന്നാറിൽ എത്തിയത്. സീസൺ മാസങ്ങളിൽ (ഏപ്രിൽ-മെയ്‌, ഒക്ടോബർ-ജനുവരി) സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം കടക്കും. 187 ചതുരശ്ര കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ പഞ്ചായത്തിലെ ജനസാന്ദ്രത 2011 ലെ കണക്ക് പ്രകാരം 32,029 ആണ്. ഇത്രയും മനുഷ്യർ സൃഷ്ടിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മൂന്നാറിലെ പച്ചക്കറിക്കടകളിൽ നിന്നുള്ള പച്ചക്കറി മാലിന്യങ്ങളും കല്ലാറിലെ പ്ലാന്റിലേക്കാണ് എത്തുന്നത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനിയുടെ കല്ലാ‍ർ എസ്റ്റേറ്റും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ലയങ്ങളുമാണ് ചുറ്റുമുള്ളത്. കല്ലാറിൽ ഓട്ടോ ഇറങ്ങിയപ്പോൾ തന്നെ കണ്ടത് ചിതറിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തേയും അതിൽ പണിയെടുക്കുന്ന അനേകം മനുഷ്യരേയുമാണ്. പ്രകൃതിയുടെ മനോഹാരിതയിൽ ആനന്ദം കണ്ടെത്താനെത്തുന്നവർ ബാക്കിയാക്കിയ മൂന്നാറിന്റെ കുപ്പത്തൊട്ടി.

മാലിന്യങ്ങൾ പെരുകുന്നത് കണക്കിലെടുത്ത് 2001ലാണ് കോടികൾ മുടക്കി കല്ലാറിൽ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഒരു സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് പ്ലാന്റ് ആരംഭിച്ചത്. ഭക്ഷണ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിന് പ്ലാന്റിന്റെ സമീപത്ത് പന്നി ഫാം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീടത് പ്രവർത്തനരഹിതമായി. മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർ പിന്മാറിയതോട അവതാളത്തിലായ പ്രവർത്തനങ്ങൾ പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തെങ്കിലും ഇടയ്ക്കിടെ പ്രവർത്തനങ്ങൾ നിലയ്ക്കുന്നത് പതിവായി.

പ്ലാസ്റ്റിക്കും പച്ചക്കറി മാലിന്യങ്ങളും ഒരുമിച്ച് കൂട്ടിയിട്ടിരിക്കുന്ന കല്ലാറിലെ മാലിന്യ പ്ലാന്റ്. ഫോട്ടോ: സക്കരിയ

ശാസ്ത്രീയമായ രീതിയിലല്ലാത്ത മാലിന്യ സംസ്കരണത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ പാ‍ർട്ടികളും പ്രതിഷേധങ്ങളുമായി രംഗത്തുവന്നു. എന്നിട്ടും ശാശ്വതമായ ഒരു പരിഹാരം കാണുന്നതിൽ പഞ്ചായത്ത്‌ പരാജയപ്പെട്ടു. ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും വളമുണ്ടാക്കുന്നതിനുമായി ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന ജനങ്ങളുടെ പ്രതിഷേധങ്ങൾ കാരണം പ്രവർത്തനം അവസാനിപ്പിച്ചു. ബയോ ഗ്യാസ് പ്ലാന്റിന്റെ നിർമ്മാണത്തിന് വേണ്ടി കൊണ്ടുവന്ന സാമഗ്രികൾ അവിടങ്ങളിൽ ചിതറിക്കിടക്കുന്നതായി കാണാം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങൾ പ്ലാന്റിന്റെ അകത്ത് ഒരുമിച്ച് കൂട്ടുകയും പിന്നീട് അവിടെ വച്ച് തന്നെ വളമാക്കിമാറ്റുകയുമാണ് ചെയ്യുന്നത്. ജൈവമാലിന്യങ്ങൾ ലൈനുകളായി ക്രമീകരിക്കുകയും അതിലേക്ക് പ്രത്യേകതരം പൊടി ചേർക്കുകയും ചെയ്യുന്നു. പിന്നീടതിനെ ദിവസങ്ങളോളം പലക ഉപയോഗിച്ച് ഇടിക്കുന്നു. പ്രക്രിയയുടെ അവസാന ഘട്ടത്തിൽ അതിനെ പൂർണമായും സോർട്ടിങ് മെഷീൻ ഉപയോഗിച്ച് അരിച്ചെടുക്കും. ഇത്രയും വിപുലമായ പ്രക്രിയകൾക്കൊടുവിലാണ് മാലിന്യം വളമായി മാറുന്നത്. പൂർണമായി വളമായി രൂപപ്പെടുന്നതിന് ഏകദേശം അൻപത് ദിവസമെങ്കിലുമെടുക്കുമെന്നാണ് തൊഴിലാളികളുടെ കോർഡിനേറ്റർ വിനോദ് പറഞ്ഞത്. മൂന്നാറിലെ താപനില കുറവായതിനാലാണ് ഇത്രയും ദിവസം ആവശ്യമായി വരുന്നത്.

ദിവസവും ഒരു ടണ്ണും സീസൺ സമയത്ത് ഒന്നര ടണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കല്ലാറിലേക്കെത്തുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് ലോറികളിലായെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാന്റിന്റെ പുറത്താണ് നിക്ഷേപിക്കുന്നത്. അവിടെ നിന്നാണ് പ്ലാസ്റ്റിക്കിന്റെ വ്യത്യസ്ത ഇനങ്ങളായ HM, HDP, PP, LD1,LD2, HARD PLASTIC, MILMA LD, CHM MIX, PRINT PP എന്നിങ്ങനെ വേർതിരിച്ചെടുക്കുന്നത്. റീ സൈക്ലിങ്നും റീയൂസിംഗിനും സാധ്യമാകുന്ന പ്ലാസ്റ്റിക്കുകളെ പ്രത്യേകം വേർതിരിച്ച് കമ്പനികൾക്ക് നൽകുകയാണ് ചെയ്യുന്നത്. സിമന്റ് നിർമ്മാണത്തിനാവശ്യമായ പ്ലാസ്റ്റിക്ക് സിമന്റ് നിർമ്മാണ ഫാക്ടറികളിലേക്കുമയയ്ക്കുന്നു. വ്യത്യസ്തങ്ങളായ പ്ലാസ്റ്റിക്കുകളെ വേർതിരിച്ചെടുക്കുന്നത് ശ്രമകരമായ ജോലിയായതിനാൽ പൂർണ്ണാർത്ഥത്തിൽ വേർതിരിച്ചെടുക്കാൻ കൂടുതൽ ദിവസങ്ങൾ ആവശ്യമായി വരുന്നു. അതുകൊണ്ട് തന്നെ പ്ലാന്റിന്റെ പുറത്ത് മാലിന്യങ്ങൾ കുന്ന് കൂടിക്കിടക്കുന്നത് പതിവായി മാറി. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താതെ മാലിന്യങ്ങൾ പരമ്പരാഗത രീതിയിൽ സംസ്ക്കരിക്കേണ്ടി വരുന്നതിന്റെ ഫലമായുള്ള പ്രയാസങ്ങളനുഭവിക്കുന്നത് അവിടെ പണിയെടുക്കുന്ന തൊഴിലാളികളും സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യരും മറ്റ് ജീവജാലങ്ങളുമാണ്.

ബയോഗ്യാസ് നിർമ്മാണത്തിന് വേണ്ടി കൊണ്ടുവന്ന സാമഗ്രികൾ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നു.

മാലിന്യ പ്ലാന്റിനോട് ചേർന്നാണ് കല്ലാർ എസ്റ്റേറ്റിലേക്കെത്തുന്ന ചെറിയ കൈവരിത്തോട് ഒഴുകുന്നത്. എസ്റ്റേറ്റിലെ താമസക്കാരായ തൊഴിലാളികൾ വെള്ളത്തിനായി ആശ്രയിക്കുന്ന തോട് പ്ലാന്റിന്റെ അശാസ്ത്രീയമായ പ്രവ‍ർത്തനം കാരണം മലിനീകരിക്കപ്പെട്ടിരിക്കുന്നു. വെള്ളം മലിനമായത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് കല്ലാർ എസ്റ്റേറ്റിലുള്ള തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സെൽവരാജ് പറയുന്നു. “മാലിന്യ പ്ലാന്റ് കാരണം നമ്മുടെ വെള്ളം നശിപ്പിക്കപ്പെട്ടു. ആ വെള്ളത്തെയാണ് നമ്മളും മൃഗങ്ങളും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും കുട്ടികൾക്കും കന്നുകൾക്കും രോഗം പെട്ടന്ന് തന്നെ പിടികൂടുന്നു. പഞ്ചായത്തിനോട് പല തവണ പ്രശ്നം ഉന്നയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.” തലമുറകളായി ഉപയോഗിച്ചിരുന്ന ശുദ്ധജല സ്രോതസ്സ് മാലിന്യ പ്ലാന്റ് വന്നതോടെ നഷ്ടമായതിന്റെ വിഷമത്തിലാണ് എസ്റ്റേറ്റ് തൊഴിലാളികൾ. കണ്ണൻദേവൻ കമ്പനി നിർമ്മിച്ച് നൽകിയിരിക്കുന്ന ചെറിയ ലയങ്ങളിലാണ് അവരുടെ താമസം. ജലസ്രോതസ്സ് മലിനമായത് ലയങ്ങളിലെ ഏറെ അസൗകര്യങ്ങൾ നിറഞ്ഞ അവരുടെ ജീവിതത്തിന് അധികഭാരമായി മാറിയിരിക്കുന്നു.

മാലിന്യം ഭക്ഷിക്കാനെത്തിയ ആന. ഫോട്ടോ: വിമൽരാജ്

കല്ലാർ മാലിന്യ പ്ലാന്റിൽ ഇരുപത്തിരണ്ടോളം തൊഴിലാളികളാണ് ഇപ്പോൾ പണിയെടുക്കുന്നത്. വല്ലാത്ത ഭയത്തിലാണ് ഇവ‍ർ ഈ ജോലി തുടരുന്നത്. മാലിന്യ പ്ലാന്റിൽ കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും സാന്നിധ്യം പതിവായി മാറിയതാണ് ഇവരെ ഭയത്തിലേക്ക് തള്ളിവിട്ടത്. ഭക്ഷണം പ്രതീക്ഷിച്ചാണ് ആനകളുടെ വരവ്. പ്ലാന്റിലെ ജൈവ മാലിന്യം ഈ പ്രദേശത്തെ ആനകളുടെ പതിവ് ഭക്ഷണമായി മാറിയിരിക്കുന്നു. പ്ലാന്റിലെ പച്ചക്കറി അവശിഷ്ടങ്ങൾ കഴിക്കാൻ ആന എത്തുന്നത് പതിവായതോടെ അത് തടയാനായി സ്ഥാപിച്ച ഗേറ്റ് തകർത്തും ആനകൾ എത്താൻ തുടങ്ങി. മൂന്നാറിലെ ജനവാസമേഖലയിൽ പതിവായി എത്താറുള്ള ‘പടയപ്പ’ എന്ന് വിളിക്കുന്ന കാട്ടാനയും കല്ലാർ പ്ലാന്റിലെ സ്ഥിരം സാന്നിധ്യമാണ്.

പ്ലാന്റിലേക്ക് ആനകളുടെ വരവ് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആനകളുടെ സന്ദർശനത്തെ കുറിച്ചും ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യത്തെക്കുറിച്ചും കൃത്യമായി മുറപടി നൽകാൻ തൊഴിലാളികൾ ആശങ്കപ്പെടുന്നുണ്ടായിരുന്നു. ഒടുവിൽ ഇരുപത് വർഷമായി പ്ലാന്റിൽ പണിയെടുക്കുന്ന അളകമ്മയാണ് പ്രയാസങ്ങൾ വിശദമാക്കിയത്. “ഇവിടെ പേടിയോടെയാണ് ഞങ്ങൾ പണിയെടുക്കുന്നത്. ആനകളും പോത്തുകളും വരുന്നത് എപ്പോഴാണെന്ന് പറയാൻ പറ്റൂല. പിന്നെ, ഇത് അവരുടെ സ്ഥലാണല്ലോ…നമ്മളല്ലേ ഇങ്ങോട്ട് വന്നത്. പച്ചക്കറി വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴേക്കും അവൻ കുന്നിറങ്ങി വരും. ആനക്ക് വണ്ടി എപ്പോഴാണ് വരുന്നത് എന്ന് ശരിക്കുമറിയാം. ചിലപ്പോൾ അവൻ പ്ലാന്റിന്റെ അകത്തേക്കും വരും. ഇന്നലെ രാവിലെ ഇവിടെ വന്നപ്പോൾ ആന ഇതിന്റെ ഉള്ളിലായിരുന്നു. രാവിലെ നല്ല മഞ്ഞായതുകൊണ്ട് തന്നെ ആനയെ കാണാനും കഴിയില്ല. അങ്ങനെയാണ് കഴിഞ്ഞ വർഷം നമ്മുടെ കൂട്ടത്തിലെ ഒരാൾക്ക് പരിക്ക് പറ്റിയത്. രാവിലെ വീട്ടിൽ നിന്ന് പ്ലാന്റിലേക്ക് വരുമ്പോൾ ആന വന്നു. നല്ല മഞ്ഞുള്ളതുകൊണ്ട് തന്നെ ആദ്യം ആനയെ കണ്ടില്ല. ആന അടുത്തെത്തിയപ്പോഴാണ് അവർക്ക് മനസ്സിലായത്. അപ്പോൾ അവര് പേടിച്ചിരുന്നു. അങ്ങനെയാണ് ആക്രമിക്കപ്പെട്ടത്. പ്രതിഷേധങ്ങൾ ഒരുപാട് നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. ആനയെ തടയാൻ കെട്ടിയ കമ്പിയുടെ ബാക്കിയാണ് അവിടെ കിടക്കുന്നത്. അവൻ തന്നെ പൊട്ടിച്ചതാണ്. ആ പൊളിഞ്ഞ മതില് കണ്ടില്ലേ. അതും ആന തകർത്തതാണ്.” പറഞ്ഞ് നിർത്തിയപ്പോൾ അവരുടെ മുഖത്ത് നിരാശയും ഉത്കണ്ഠയും നിഴലിച്ചു. “ആന വരുമ്പോൾ നമ്മൾ പടക്കം പൊട്ടിക്കാറാണ് പതിവ്. പ്ലാന്റിൽ പടക്കങ്ങളുണ്ട്.” കോ-ഓർഡിനേറ്റർ വിനോദ് കൂട്ടിച്ചേർത്തു. 525 രൂപ ദിവസക്കൂലിക്കാണ് ഇത്രയും അപകടം നിറഞ്ഞ സ്ഥലത്ത് തൊഴിലാളികൾ പണിയെടുക്കുന്നത് എന്ന് കൂടി പച്ചക്കറി സംസ്കരിക്കുന്ന ഭാഗത്ത് പണിയെടുക്കുന്ന മണിയേട്ടൻ പറഞ്ഞപ്പോഴാണ് അവരുടെ ദയനീയാവസ്ഥ കൂടുതൽ ബോധ്യപ്പെട്ടത്.

പച്ചക്കറി മാലിന്യം വളമാക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മണിയേട്ടൻ

ആനകളെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യം

പച്ചക്കറി മാലിന്യങ്ങൾ ഭക്ഷിക്കുന്നതിന് വേണ്ടിയാണ് പടയപ്പ അടക്കമുള്ള ആനകൾ പ്ലാന്റിലേക്കെത്തുന്നതെങ്കിലും അതിനൊപ്പം പ്ലാസ്റ്റിക് കൂടി അവരുടെ ഉള്ളിലേക്ക് പോകുന്നുണ്ട്. മൂന്നാറിലെ കാട്ടാനകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫറായ വിമൽ രാജ്, പ്ലാന്റിന്റെ പുറത്ത് നിന്ന് പ്ലാസ്റ്റിക് നിറച്ച മാലിന്യം ആന കഴിക്കുന്നത് കണ്ടെത്തിയതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. “മുറ്റത്ത് നിന്ന് പച്ചക്കറി മാലിന്യങ്ങൾ കലർത്തിയ പ്ലാസ്റ്റിക് കഴിക്കുന്ന ആനയുടെ ചിത്രങ്ങൾ ഞാൻ എടുത്തു. ഭക്ഷണത്തിന്റെ ലഭ്യത കാരണം ആന പ്ലാന്റിന്റെ മുറ്റത്ത് തമ്പടിക്കുന്നു.”

മൂന്നാർ പരിസ്ഥിതി വന്യജീവി സൊസൈറ്റി (MEWS) പ്രസിഡന്റ് ആർ മോഹൻ പറയുന്നത്, കല്ലാറിലെ പ്ലാന്റ് കാട്ടാനകൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു എന്നാണ്. “കഴിഞ്ഞ രണ്ട് വർഷമായി പലതവണ അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല”, അദ്ദേഹം പറയുന്നു. പ്ലാന്റിന് ചുറ്റും സോളാർ വേലി സ്ഥാപിക്കാൻ വനം വകുപ്പ് മൂന്നാർ ഗ്രാമപഞ്ചായത്തിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് മൂന്നാർ റേഞ്ച് ഓഫീസർ എസ് ബിജു മാധ്യമങ്ങളെ അറിയിച്ചത്. “പ്ലാന്റിൽ നിന്ന് വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പിന് പമ്പ്-ആക്ഷൻ ഗൺ നൽകണമെന്ന് പഞ്ചായത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്ലാന്റിൽ ഒരു റിയൽ-ടൈം ക്യാമറ സ്ഥാപിക്കാനും പഞ്ചായത്തിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിയിൽ വനംമന്ത്രി വിളിച്ചുചേർത്ത ഒരു യോഗത്തിൽ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉടൻ സോളാർ വേലി സ്ഥാപിക്കാൻ സമ്മതിച്ചു,” അദ്ദേഹം പറയുന്നു. മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ജി.പി ഉദയകുമാർ പറയുന്നത് പ്ലാന്റിൽ സോളാർ വേലി സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ഏകദേശം 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ്.

പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആനകൾക്ക് സൃഷ്ടിക്കുന്നുണ്ട്. ആനകൾ സസ്യഭോജികളായതിനാൽ, അവയുടെ ദഹനപ്രക്രിയയിലുള്ള അവയവങ്ങൾ സസ്യഭാഗങ്ങളെ ജീർണ്ണിപ്പിക്കാൻ അനുയോജ്യമായ രീതിയിലാണുള്ളത്. എന്നാൽ, മനുഷ്യർ പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ആനകൾക്ക് കൂടുതലായി ലഭ്യമായിത്തുടങ്ങിയതോടെ അവയുടെ ഇഷ്ട ഭക്ഷണത്തിലൊന്നായി അത് മാറി. ഉള്ളിലെത്തുന്ന പ്ലാസ്റ്റിക് ജീർണ്ണിക്കാത്തതിനാൽ, അത് ആനയുടെ ആമാശയത്തിൽ അടിഞ്ഞുകൂടുന്നു. ഇതിന്റെ ഫലമായി കുടൽ വീക്കം, ദഹനക്കേട്, അണുബാധ, പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാൻ കിഴിയാതിരിക്കൽ തുടങ്ങി മരണം വരെ സംഭവിക്കാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആവാസവ്യവസ്ഥാ നഷ്ടം സൃഷ്ടിച്ച ഭക്ഷണ ലഭ്യതയുടെ കുറവ് ഒരുവശത്ത് പശ്ചിമഘട്ട മേഖലയിലെ കാട്ടാനകൾ നേരിടുന്നുണ്ട്. മൂന്നാർ പോലെയുള്ള പ്ലാന്റേഷൻ പ്രദേശങ്ങളിൽ ആ പ്രശ്നം വളരെ രൂക്ഷമാണ്. അതിനിടയിൽ എളുപ്പത്തിൽ ഭക്ഷണം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ, ആനകൾ ആ ഭക്ഷണം തേടി മനുഷ്യവാസ പ്രദേശങ്ങളിലേക്ക് എത്താൻ തുടങ്ങുന്നു. ഇത് മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു.

പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ ഭക്ഷണം തിരയുന്ന ആന. ഫോട്ടോ: വിമൽരാജ്

ഏഷ്യൻ ആനകൾ കാടിന്റെ അതിർത്തികളോട് ചേർന്ന മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെ നശിക്കാത്ത മാലിന്യങ്ങൾ ഭക്ഷിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആനപ്പിണ്ടത്തിൽ നിന്നും പ്ലാസ്റ്റിക് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. 2022-ൽ ഗീതാഞ്ജലി കാത്ലാം (Gitanjali Katlam) നടത്തിയ പഠനപ്രകാരം (Plastic ingestion in Asian elephants in the forested landscapes of Uttarakhand, India) ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാർ, ലാൻസ്ഡൗൺ ഫോറസ്റ്റ് ഡിവിഷൻ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച 24 ആനപ്പിണ്ട സാമ്പിളുകളിൽ 32 ശതമാനത്തിലും മനുഷ്യ നിർമ്മിത മാലിന്യങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ നിന്ന് വീണ്ടെടുത്ത പ്ലാസ്റ്റിക് വസ്തുക്കളിൽ 85 ശതമാനം പ്ലാസ്റ്റിക് ബാഗുകൾ, ഉപയോഗിച്ച് കളയുന്ന സ്പൂണുകൾ (disposable cutlery), ഭക്ഷ്യ പാക്കേജിംഗ് സാമഗ്രികൾ, മറ്റു അജൈവ (non-biodegradable) മാലിന്യങ്ങൾ എന്നിവയായിരുന്നു. ഈ പ്ലാസ്റ്റിക് കണങ്ങൾ ഒരു മില്ലിമീറ്റർ മുതൽ 355 മില്ലിമീറ്റർ വരെ വലുപ്പത്തിലുള്ളവയായിരുന്നു. 2024 മെയ് മാസത്തിൽ കോയമ്പത്തൂരിൽ നടന്ന ഒരു ദാരുണ സംഭവം ഇതിന്റെ ഭീകരാവസ്ഥയെ കുറച്ചുകൂടി വ്യക്തമാക്കുന്നു. ഗർഭിണിയായ ഒരു പെൺ ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ആനയുടെ വയറ്റിൽ അവളുടെ ഗർഭസ്ഥ ശിശുവിനൊപ്പം വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യവും കണ്ടെത്തി (ടൈംസ് ഓഫ് ഇന്ത്യ, 2024). പ്ലാസ്റ്റിക് ആനകളുടെ പ്രജനനത്തെയും ബാധിക്കുന്നതായി ഈ സംഭവം വ്യക്തമാക്കുന്നു.

ഗീതാഞ്ജലി കാത്ലാം നടത്തിയ പഠനത്തിന്റെ ഭാഗമായി ആനപ്പിണ്ടത്തിന്റെ സാമ്പിളുകളിൽ നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക് വസ്തുക്കൾ. a) സ്റ്റൈറോഫോം, b) ഡിസ്പോസിബിൾ പ്ലാസ്റ്റിക് കപ്പ്, c) പ്ലാസ്റ്റിക് ട്യൂബ്, d) ഡിറ്റർജന്റ് പാക്കേജിംഗ്, e) ഡിസ്പോസിബിൾ പ്ലേറ്റ്, f) സ്പൈസ് പൗഡർ പാക്കേജിംഗ്, g) പോളിത്തീൻ ബാഗ്, h) കെച്ചപ്പ് സാഷെ, i) സ്പൈസ് പേസ്റ്റ് പാക്കേജിംഗ്, j) പാൽ പാക്കറ്റ്, k) പുകയില പാക്കേജിംഗ്.

ഇതുപോലുള്ള കണ്ടെത്തലുകൾ വടക്കൻ ബംഗാളിലെ പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാഗ്‌ഡോഗ്ര, തുകുരിയാജാർ, പാനിഘട്ട എന്നിവിടങ്ങളിലും ബാമൺപോഖ്രിയുടെ താഴ്ന്ന കുന്നിൻ പ്രദേശങ്ങളിലും പരിമിതമായ ഫീൽഡ് സർവേകളിൽ പ്ലാസ്റ്റിക് കലർന്ന ആനപ്പിണ്ടം കണ്ടെത്തി. ഈ പ്രദേശങ്ങളിലെ ആനകൾ മനുഷ്യർ മാറ്റം വരുത്തിയ ആവാസ വ്യവസ്ഥകളിലാണ് ജീവിക്കുന്നത്. അതിനാൽ അവർ നേരിട്ട് മനുഷ്യർ പുറന്തള്ളുന്ന മാലിന്യങ്ങളുമായി സമ്പർക്കത്തിലാകുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ശ്രീലങ്കയിൽ ഏകദേശം ഇരുപത് ആനകൾ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ചതിനെ തുടർന്ന് മരണപ്പെട്ടതായി പഠനങ്ങൾ പറയുന്നു.

ആനകളുടെ ഉള്ളിലെത്തുന്ന പ്ലാസ്റ്റിക് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ആനയുടെ പിണ്ടം (dung) വനങ്ങൾക്ക് അത്യന്തം വിലമതിക്കാനാകാത്ത പാരിസ്ഥിതിക സേവനം നൽകുന്ന ഒരു വിഭവമാണ്. ആന തിന്നുന്ന വലിയ വിത്തുകൾ പലതും അരയാതെ പിണ്ടത്തിലൂടെ പുറത്തേക്ക് വരുന്നു. പിണ്ടത്തിൽ സസ്യപോഷകങ്ങൾ ധാരാളമായതിനാൽ വിത്ത് മുളയ്ക്കാനുള്ള സ്വാഭാവിക വളമായി അത് പ്രവർത്തിക്കുന്നു. ആന സഞ്ചരിക്കുന്ന വഴികളിലെല്ലാം പുതിയ സസ്യങ്ങളുണ്ടായി വരാൻ ഇത് കാരണമായി മാറുന്നു. എന്നാൽ ആനകൾ പ്ലാസ്റ്റിക് ഭക്ഷണമാക്കാൻ തുടങ്ങിയതോടെ വനാന്തരീക്ഷങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിച്ചേരുന്നതിന് ആനപ്പിണ്ടം കാരണമായി മാറുന്നു. ഇത് വിത്ത് വിതരണത്തെയും മണ്ണിന്റെ പോഷകഘടനയെയും പ്രതികൂലമായി ബാധിക്കുന്നു. മാൻ, എലികൾ, പക്ഷികൾ, പ്രാണികൾ തുടങ്ങിയ മറ്റ് ജന്തുജാലങ്ങളും പ്ലാസ്റ്റിക് കലർന്ന ആനപ്പിണ്ടവുമായി ഇടപഴകാനുള്ള സാധ്യത കൂടുതലായതിനാൽ ആ മൃഗങ്ങളും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പരോക്ഷ ഇരകളായി മാറുന്നു.

മനുഷ്യവാസ മേഖലകളിൽ മാത്രമായി പരിമിതപ്പെട്ട് നിൽക്കുന്ന ഒന്നല്ല പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അശാസ്ത്രീയമായി മാലിന്യങ്ങളെ കൈകാര്യം ചെയ്യുന്നത് വനമേഖലയേയും നശിപ്പിക്കുകയാണ്. വനങ്ങളുടെ ഉൾഭാഗത്ത് കാണപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഒരു വലിയ ദുരന്തത്തിന്റെ സൂചനയാണ്. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) ഉപയോഗിച്ച് ആനകളുടെ വിസർജ്യ സാമ്പിളുകൾ വിശകലനം ചെയ്തതിലൂടെ, പ്ലാസ്റ്റിക് ഭക്ഷണത്തിന്റെ ഫലമായി ആനകളിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ശാസ്ത്രസമൂഹം വിലയിരുത്തിയിട്ടുണ്ട്. ആനകൾ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വനമേഖലയിലേക്ക് പ്ലാസ്റ്റിക് മാലിന്യം വ്യാപിപ്പിക്കുന്ന വാഹകരാണ് എന്നാണ് ഈ പഠനം പറയുന്നത്. മൂന്നാർ ജൈവവൈവിധ്യത്തിന്റെ ഹോട്ട്സ്പോട്ട് ആയതിനാൽ ആനകൾ പ്ലാസ്റ്റിക് കഴിക്കുന്നതിന്റെ പ്രശ്നം വളരെ ഗൗരവത്തോടെ അധികൃതർ പരിഗണിക്കേണ്ടതുണ്ട്. മൂന്നാറിന് സമീപത്തായി നിരവധി വന്യജീവി സംരക്ഷിത പ്രദേശങ്ങളും ദേശീയോദ്യാനങ്ങളുമുണ്ടെന്ന വസ്തുത ഇനിയും അവഗണിക്കരുത്.

അട്ടപ്പാടിയുടെ അതിർത്തിയിൽ, ആനക്കട്ടി റിസർവ് ഫോറസ്റ്റിൽ കണ്ട ആനപ്പിണ്ടത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം. Wildlife Institute of Indiaയിലെ ഗവേഷകർ പകർത്തിയ ചിത്രം.

പാളിപ്പോകുന്ന പ്ലാസ്റ്റിക് നിയന്ത്രണം

കല്ലാറിലെ മാലിന്യ പ്ലാന്റിലേക്കുള്ള ആനകളുടെ വരവ് ഏത് രീതിയിലും തടയേണ്ടതുണ്ട്. എല്ലാ ദിവസവും കാട്ടാനക്കൂട്ടമെത്തി മാലിന്യം ഭക്ഷിച്ചുപോകുന്ന അവസ്ഥയാണ് ഇപ്പോൾ ഇവിടെയുള്ളത്. അത്ര ലാഘവത്തോടെ കാണാൻ കഴിയുന്ന ഒരു പ്രശ്നമല്ല ഇത്. മാലിന്യപ്ലാന്റിന്റെ അശാസ്ത്രീയമായ പ്രവർത്തനം മൂന്നാറിനെ ഒരു വലിയ പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് തള്ളിവിടുന്നത്. മൂന്നാർ ടൗണിൽ നിന്നും ഇപ്പോൾ ശേഖരിക്കുന്ന അത്രയും മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി നിലവിൽ കല്ലാറിലെ പ്ലാന്റിനില്ല. അതുകൊണ്ടുതന്നെ അവ പ്ലാന്റിന് മുന്നിൽ കുന്നുകൂടി കിടക്കുന്നത് പതിവാണ്. ഈ പ്രശ്നത്തിന് പഞ്ചായത്ത് അടിയന്തിരമായ പരിഹാരം കാണേണ്ടതുണ്ട്. ആന പ്ലാന്റിലേക്ക് കടക്കാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം പ്ലാന്റിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും വേണം. അതുപോലെ പ്രധാനമാണ് മൂന്നാർ ടൗണിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ കുറയ്ക്കുക എന്നത്. ടൂറിസം മേഖലയിൽ നിന്നുള്ള മാലിന്യത്തിൽ കുറവുണ്ടായാൽ മാത്രമേ മൂന്നാറിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കുറയുകയുള്ളൂ.

കല്ലാറിലെ മാലിന്യ പ്ലാന്റിലെത്തുന്ന ആനകൾ. കടപ്പാട്:thehindu

2025 ജൂൺ 18ന് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ മൂന്നാർ അടക്കമുള്ള കേരളത്തിലെ പ്രധാനപ്പെട്ട പത്ത് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിന്റെ ഒരു പ്രതിഫലനവും മൂന്നാറിൽ കാണാൻ ഇപ്പോൾ കാണാനില്ല. വിനോദ സഞ്ചാരികളുടെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതും അവരെ ബോധവത്കരിക്കുന്നതിനുമായി മൂന്നാ‍ർ പഞ്ചായത്തും ജില്ലാ ഹരിതമിഷനും സംയുക്തമായി ചെക്ക്‌പോയിന്റുകൾ സ്ഥാപിച്ചെങ്കിലും അതൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മൂന്നാർ പ്രദേശം മാലിന്യമുക്തമായി നിലനിർത്തുക എന്നതാണ് ഈ പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മുഖ്യ മാർഗമെന്ന് കേരള ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി 2024ൽ ശുപാർശ ചെയ്തിരുന്നു.

ടൂറിസം ഭൂപടത്തിലെ മൂന്നാറിന്റെ സവിശേഷമായ സ്ഥാനവും ടൂറിസ്റ്റുകളുടെ എണ്ണത്തിലെ വ‍ർദ്ധനവും കണക്കിലെടുത്ത് മാലിന്യം കുറയ്ക്കുന്നതിനുള്ള കർശനമായ ഇടപെടലുകൾ സംസ്ഥാന സ‍ർക്കാരിന്റെ പല വകുപ്പുകൾ സംയുക്തമായി മൂന്നാറിൽ നടത്തേണ്ടതുണ്ട്. പദ്ധതികൾ ഇനിയും പാളിയാൽ പ്ലാസ്റ്റിക് ഭക്ഷിച്ച് മരിക്കുന്ന വന്യജീവികളുടെ വാ‍ർത്തകൾ മൂന്നാറിൽ നിന്നും വൈകാതെ വന്നേക്കും. ഹരിതമനോഹരമായ ഒരു ഭൂപ്രദേശം പ്രകൃതിദുരന്തങ്ങളുടെ പിടിയിലമ‍ർന്നേക്കാം.

Also Read

10 minutes read November 30, 2025 2:14 pm