എല്ലാ വർഷവും മീനം 10, 11 തിയതികളിലായി കൊല്ലം ജില്ലയിലെ ചവറ മേജർ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ നടക്കുന്ന തികച്ചും വ്യത്യസ്തമായ ഉത്സവമാണ് ചമയവിളക്ക് മഹോത്സവം. പുരുഷന്മാരും, ട്രാൻസ്ജന്റർ വ്യക്തികളും ഉദ്ദിഷ്ട കാര്യത്തിനായി വ്രതം നോറ്റ് അണിഞ്ഞൊരുങ്ങി സുന്ദരികളായി വിളക്കെടുക്കുന്ന ആ രണ്ട് രാവുകളിൽ കൊറ്റംകുളങ്ങര മറ്റൊരു ലോകമാണ്. പല ജില്ലകളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഓരോ വർഷവും വിളക്കെടുക്കാനായി ഭക്തർ ഇവിടെ എത്താറുണ്ട്. അച്ഛനെയും മകനെയും ഭർത്താവിനെയുമെല്ലാം സ്ത്രീകൾ ഒരുക്കിക്കൊണ്ടുവന്ന് വിളക്കെടുപ്പിക്കുന്ന കാഴ്ച്ചയാണ് ചമയവിളക്ക് മഹോത്സവത്തിന്റെ അപൂർവ്വത. താലത്തിൽ കത്തുന്ന ദീപങ്ങൾ അംഗനന്മാരുടെ മുഖത്ത് പതിക്കുമ്പോൾ വിളക്കെടുപ്പിന്റെ ഭംഗി കൂടുന്നു.
ഒരുകാലത്ത്, കാടും പടലവും നിറഞ്ഞതായിരുന്നു നിലവിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നയിടം. ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂതക്കളം. ഒരിക്കൽ സമീപവാസികളായ കുട്ടികൾ കാലി മേയ്ച്ച് ഇവിടെയെത്തി. അവിടുന്ന് വീണുകിട്ടിയ ഒരു നാളികേരം ഭൂതക്കളത്തിന്റെ തെക്കേ ദിക്കിലെ ഉയർന്ന കല്ലിലിടിച്ച് തൊണ്ട് പൊളിക്കുന്നതിനിടെ ശിലയിൽ നിന്നും രക്തം വാർന്നുവീണു. പരിഭ്രാന്തരായ കുട്ടികൾ വീട്ടിലുള്ളവരെ വിവരമറിയിച്ചു. നാട്ടുപ്രമാണിയുടെ നേതൃത്വത്തിൽ പ്രശ്നംവെച്ച് നോക്കിയപ്പോൾ കല്ലിൽ വനദുർഗ്ഗ കുടികൊള്ളുന്നുവെന്നറിഞ്ഞു. നാടിന്റെയും, നാട്ടുകാരുടെയും ഐശ്വര്യത്തിനുവേണ്ടി ക്ഷേത്രം നിർമ്മിച്ച് പൂജാതിവിദ്യകൾ ആരംഭിച്ചു എന്നുമാണ് വിശ്വാസം.
അന്നേ ദിവസം മുതൽ നാളികേരം ഇടിച്ച് പിഴിഞ്ഞെടുത്ത് ‘കൊറ്റൻ’ ദേവിക്ക് നിവേദ്യമായി നൽകി തുടങ്ങി. അതോടൊപ്പം കുമാരന്മാർ ബാലികമാരായി വേഷമണിഞ്ഞു, പൊട്ടുകുത്തി, ചായമണിഞ്ഞ് ദേവിക്ക് മുന്നിൽ വിളക്കെടുത്തു. കിഴക്ക് കുഞ്ഞാലമൂട് മുതൽ ആറാട്ടുകടവ് വരെ വരിയായി വിളക്കേന്തി വരുന്ന അംഗനന്മാർക്ക് അനുഗ്രഹം ചൊരിയുന്നതിന് കുഞ്ഞാലമൂട്ടിൽ നിന്നും ദേവി എഴുന്നള്ളും. വിളക്ക് കണ്ട് ആറാട്ട് കഴിഞ്ഞതിനു ശേഷം കൽപ്പവൃക്ഷത്തിന്റെ സ്വർണ്ണവർണാഭമായ കുരുത്തോലയും, കവുങ്ങും, വാഴപോളയും കൊണ്ട് ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച പന്തലിൽ ദേവി വിശ്രമിക്കും എന്നാണ് സങ്കൽപ്പം.
ഇക്കുറി വിളക്കെടുക്കുമ്പോഴും ഉള്ളിൽ നിറയെ സന്തോഷമായിരുന്നു. മറ്റെങ്ങും കിട്ടാത്ത അംഗീകാരവും, സ്നേഹവും ആ രണ്ടുരാവുകളിൽ അവിടെ കൂടുന്നവരിൽ നിന്നും അനുഭവിക്കാറുണ്ട്. ഇക്കുറിയും സ്ത്രീകളിൽ പലരും അംഗനന്മാരെ ആസൂയയോടെ നോക്കുന്നത് കണ്ടു. അണിഞ്ഞൊരുങ്ങുവാനുള്ള ആഗ്രഹസഫലീകരണത്തിന്റെ രാവുകൾ കൂടിയാണ് കൊറ്റംകുളങ്ങര ദേവിയുടെ ചമയവിളക്ക് മഹോത്സവം. വീട്ടുകാർക്കിടയിലും ജോലിസ്ഥലത്തുമൊന്നും അണിഞ്ഞൊരുങ്ങി ജീവിക്കാൻ കഴിയാത്ത പുരുഷന്മാർക്ക് ആത്മാവിഷ്ക്കാരത്തിന്റേതാണ് ഈ രണ്ട് രാവുകൾ. അംഗനന്മാരായി അണിഞ്ഞൊരുങ്ങുന്ന ആ രണ്ട് രാത്രികൾ സ്വയം സ്ത്രീയായി സങ്കൽപ്പിച്ച് അവർ വിളക്കെടുക്കുന്നു.
രാഹുൽ ശങ്കർ പകർത്തിയ ഈ വർഷത്തെ ചമയവിളക്കിന്റെ ചിത്രങ്ങൾ