2023 ഏപ്രിൽ 7ന് ലോകാരോഗ്യ ദിനമാചരിക്കുമ്പോൾ ലോകാരോഗ്യ സംഘടനയ്ക്ക് 75 വയസ്സ് പൂർത്തിയാവുകയാണ്. 1948 ൽ 55 അംഗ രാഷ്ട്രങ്ങളുമായി ആരംഭിച്ച ലോകാരോഗ്യ അസംബ്ലിയുടെ അംഗസംഖ്യ ഇന്ന് 194 രാഷ്ട്രങ്ങളിലെത്തി നിൽക്കുന്നു. വർഷം തോറും സ്വിറ്റ്സർലണ്ടിലെ ജനീവയിൽ ചേരുന്ന ഈ അസംബ്ലിയാണ് സംഘടനയുടെ ആരോഗ്യ-സാമ്പത്തിക നയങ്ങൾ നിർണ്ണയിക്കുന്നതും വിലയിരുത്തുന്നതും ബജറ്റുണ്ടാക്കുന്നതും ഡയറക്ടർ ജനറലിനെ നിയമിക്കുന്നതും. ലോകമെമ്പാടും ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, ലോകത്തെ സുരക്ഷിതമാക്കുക, എളുപ്പത്തിൽ രോഗത്തിന് വഴങ്ങാവുന്ന ദുർബല വിഭാഗങ്ങളെ സേവിക്കുക എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ഉദ്ദേശ്യങ്ങൾ. നൂറുകോടി ജനങ്ങളെ സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്ക് കീഴിൽ ഉൾപ്പെടുത്തുക, പിന്നെയൊരു നൂറു കോടിയെ അടിയന്തര ആരോഗ്യ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുത്തുക, പിന്നെയുമൊരു നൂറു കോടി മനുഷ്യർക്ക് മെച്ചപ്പെട്ട ആരോഗ്യവും സുസ്ഥിതിയും ഉണ്ടാക്കിക്കൊടുക്കുക – ഇതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പ്രസ്താവിക്കുന്നുണ്ട്.
75 വർഷം പൂർത്തിയാക്കുന്ന ഈ സന്ദർഭം, പ്രഖ്യാപിത ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ ലോകാരോഗ്യ സംഘടന എത്രകണ്ട് വിജയിച്ചു അല്ലെങ്കിൽ പരാജയപ്പെട്ടു എന്നൊക്കെ പിന്തിരിഞ്ഞു നോക്കാനും വിശകലനം ചെയ്യാനുമുള്ള ഒരവസരം കൂടിയാണ്. കഴിഞ്ഞ ഏഴര ദശകക്കാലത്ത് ലോകത്ത് പൊതുവെ ജീവിതഗുണമേന്മയിലും ആരോഗ്യനിലവാരത്തിലുമുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തപ്പെടണം; കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയുകയും വേണം.
1980 ആവുമ്പോഴേക്കും നേടിയെടുത്ത വസൂരി നിർമ്മാർജജനം, 1988ൽ കൈവരിച്ച പോളിയോ നിർമ്മാർജനം, 2001 ൽ സ്കൂൾകുട്ടികൾക്കിടയിൽ കൊക്കപ്പുഴുവിനെ നിയന്ത്രിക്കാൻ കഴിഞ്ഞത്, എച്ച്.ഐ.എൻ.ഐ, എബോള, സാർസ് തുടങ്ങിയ വൈറസുകളെ നിയന്ത്രണാധീനമാക്കിയത്, മദ്യം, പുകയില തുടങ്ങിയ ലഹരി വസ്തുക്കൾക്കെതിരായ പ്രചരണം തുടങ്ങിയ നടപടികളിലൂടെ ലോകത്ത് ആരോഗ്യത്തിൻ്റെ സാമാന്യ നിലവാരം മെച്ചപ്പെടുത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് സാമ്പ്രദായിക വിലയിരുത്തലുകളിൽ എടുത്തു പറയാറുള്ളത്. രോഗ പ്രതിരോധത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനം; രോഗങ്ങൾ, ചികിത്സ, ചികിത്സകർ, വൈകല്യം തുടങ്ങിയവയുടെ വർഗ്ഗീകരണം/നിലവാര ക്രമീകരണം; ജീവിത ശൈലീരോഗങ്ങളെന്നൊക്കെ അറിയപ്പെടുന്ന പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ നിയന്ത്രിക്കുവാനും തടയുവാനുമുള്ള യത്നങ്ങൾ ഇവയും ശ്ലാഘിക്കപ്പെടുന്നുണ്ട്.
സാമൂഹിക നീതിയുടെ കാഴ്ചപ്പാടിൽ നോക്കിയാൽ ഒരു പക്ഷെ WHO വിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഒരു മുഹൂർത്തം 1978 ലെ അൽമാ ആട്ടാ പ്രഖ്യാപനമാണ്. പൊതു ജനാരോഗ്യ ചരിത്രത്തിലെ തിളങ്ങുന്ന ഒരു ഘട്ടമായിരുന്നു അത്. ‘രണ്ടായിരാമാണ്ടാവുമ്പോഴേക്കും എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യം 134 രാജ്യങ്ങൾ ചേർന്ന് പ്രഖ്യാപിച്ചു. അത്യാവശ്യ ആരോഗ്യ ശുശ്രൂഷ, സാർവത്രികമായ ആരോഗ്യലഭ്യത, എന്നിവ ഓരോ രാജ്യത്തെയും ആരോഗ്യ സംവിധാനത്തിൻ്റെ അവിഭാജ്യ ഘടകമായിത്തീരണമെന്നും അത് മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികാസത്തിൻ്റെ ഭാഗമായിരിക്കണമെന്നും നിഷ്കർഷിക്കപ്പെട്ടത് ഈ പ്രഖ്യാപനത്തിലൂടെയാണ്. തന്നെയുമല്ല ആരോഗ്യം എന്നത് ‘മൗലികമായ മനുഷ്യാവകാശമാണ്’ എന്ന സമീപനവും ‘ആരോഗ്യമേഖലക്കപ്പുറത്ത്, മറ്റനേകം സാമൂഹിക സാമ്പത്തിക മേഖലകളുടെ പ്രവർത്തനം കൂടി ആഗോളതലത്തിൽ ഏറ്റവും പ്രധാനമായ ഈ സാമൂഹിക ലക്ഷ്യം നേടിയെടുക്കാൻ ആവശ്യമാണ്’ എന്ന തിരിച്ചറിവും ഉദ്ഘോഷിക്കപ്പെട്ടത് ഈ പ്രഖ്യാപനത്തിലൂടെയാണ്. ആശുപത്രി, രോഗം, മരുന്ന്, കുത്തിവെപ്പ് തുടങ്ങിയ പ്രമേയങ്ങളിൽ വട്ടം കറങ്ങിക്കൊണ്ടിരുന്ന ആരോഗ്യ ചിന്തയ്ക്ക് സാമൂഹികമായ ഒരു ‘തുറസ്സ്’ കൈവന്നത് ഇതോടെയാണ്.
ഒരു രാജ്യത്തെ ആരോഗ്യത്തിൻ്റെ സ്ഥിതിയറിയാൻ പ്രാഥമികമായി നോക്കേണ്ടത് ചികിത്സാ സൗകര്യങ്ങളല്ല, മറിച്ച് അവിടത്തെ വാട്ടർ ടാപ്പുകളുടെ എണ്ണം (അതായത് ശുദ്ധജല ലഭ്യത) ആണ് എന്ന് പറഞ്ഞ ഹാഫ്ഡൻ മാഹ്ലർ ആയിരുന്നു അക്കാലത്തെ WHOവിൻ്റെ ഡയറക്റ്റർ ജനറൽ. അൽമാ ആട്ടാ പ്രഖ്യാപനത്തിൻ്റെ പിന്നിൽ നിർണായകമായി പ്രവർത്തിച്ച ഒരു പ്രധാന ഘടകം അദ്ദേഹത്തിൻ്റെ ഊർജ്ജസ്വലമായ നേതൃത്വമായിരുന്നു. മറ്റൊന്ന് എഴുപതുകളിൽ സാമൂഹ്യനീതിയെക്കുറിച്ച് നിലനിന്നിരുന്ന പുരോഗമനപരമായ ചിന്താധാരയും. വികസ്വര രാജ്യങ്ങൾ നീതിക്കായി രാഷ്ട്രീയമായി ആവശ്യമുന്നയിച്ച ആ കാലത്തെ ‘സാമൂഹിക നീതിയുടെ ദശകം’ എന്നാണ് മാഹ്ലർ വിശേഷിപ്പിച്ചത്.
എന്നാൽ അൽമാ ആട്ടാ പ്രഖ്യാപനത്തോടൊപ്പം തന്നെ അതിനെ ഭേദഗതി ചെയ്യാനോ അസാധുവാക്കാനോ ഉള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ബജറ്റിൽ ഗണ്യമായ സംഭാവന നൽകിപ്പോന്ന ബ്രിട്ടനും അമേരിക്കയും ഫണ്ട് മരവിപ്പിച്ചു. യു.എൻ ഏജൻസികൾക്ക് അമേരിക്ക നൽകിപ്പോന്ന സാമ്പത്തിക വിഹിതം 20 ശതമാനമാക്കി വെട്ടിക്കുറച്ചു. 1979ൽ ഫോർഡ് ഫൗണ്ടേഷൻ ഇറ്റലിയിലെ ബെല്ലാജിയോവിൽ ഒരു കോൺഫറൻസ് ചേർന്നു. ലോകബാങ്ക്, യു.എസ് എയിഡ്, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ തുടങ്ങിയവരുടെ പ്രതിനിധികൾ അതിലുണ്ടായിരുന്നു. അവർ അൽമാ ആട്ടയിലെ ആശയഗതിക്ക് കടകവിരുദ്ധമായ ഒരു ബദൽ നിർദ്ദേശം വെച്ചു; ‘തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യ ശുശ്രൂഷാ പരിപാടി’ (Selective Primary Health care Agenda) എന്ന പേരിൽ. വികസ്വര രാജ്യങ്ങളിലെ സാമാന്യ രോഗങ്ങളെ നേരിടാൻ കുത്തിവെപ്പ്, പാനീയ ചികിത്സ ( oral rehydration) പോലുള്ള ചെലവ് കുറഞ്ഞ, സാങ്കേതിക വിദ്യയിലൂന്നിയ, തിരഞ്ഞെടുത്ത ഏതാനും പ്രാഥമികാരോഗ്യ ശുശ്രൂഷാ നടപടികൾ മതിയാവും എന്നായിരുന്നു വാദം. അൽമാ ആട്ടയിൽ മാഹ്ലറുടെ വലംകൈയായിരുന്ന കെന്നത്ത് ന്യൂ വെൽ ഈ ശ്രമത്തെ പില്ക്കാലത്ത് ‘പ്രതിവിപ്ലവം’ എന്നാണ് വിളിച്ചത്. ആരോഗ്യ സേവനങ്ങൾ സ്വകാര്യവത്കരിക്കണമെന്ന നിയോലിബറൽ നയം 1980കളിൽ തന്നെ സ്വീകരിച്ച ലോകബാങ്ക് ആയിരുന്നു ആരോഗ്യ വികസനത്തിന് ആഗോളതലത്തിൽ മുഖ്യമായും ധനസഹായം നൽകിയിരുന്നത് എന്നതിനാൽ അത് അൽമാ ആട്ടയിലെ അടിസ്ഥാന ആശയങ്ങളുടെ കടയ്ക്ക് കത്തിവെച്ചു.
2008 ൽ അൽമാ ആട്ടയുടെ മുപ്പതാം വാർഷികത്തിൽ ലോകാരോഗ്യ അസംബ്ലിയിൽ മാഹ്ലർ വീണ്ടും പറഞ്ഞത് ഇങ്ങനെ: “സാമൂഹിക സാമ്പത്തിക നീതിക്കായുള്ള പ്രാദേശികവും ആഗോളവുമായ പുതിയ പോരാട്ടങ്ങളിൽ നമ്മളെല്ലാം പക്ഷം ചേരുന്നില്ലെങ്കിൽ നമ്മുടെ മക്കളുടെയും കൊച്ചുമക്കളെയുടെയും ഭാവിയെ നമ്മൾ ഉറപ്പായും വഞ്ചിക്കുകയാണ് – യഥാർത്ഥ പുരോഗതി വേണമെങ്കിൽ, വൈദ്യശാസ്ത്രത്തിൻ്റെ പുക മൂടിയ കണ്ണടയിലൂടെ ലോകത്തെ കാണുന്നത് നമ്മൾ നിർത്തണം. രോഗത്തിൻ്റെ കാരണം വൈവിധ്യമാർന്ന അനേകം ഘടകങ്ങളാണെന്ന കണ്ടെത്തലുകൾ കുറെക്കാലമായി ശ്രദ്ധ ക്ഷണിച്ചു പോരുന്നത് മനുഷ്യൻ്റെ പ്രധാന ആരോഗ്യ പ്രശ്നങ്ങളും സാമൂഹിക, സാമ്പത്തിക, പരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ബന്ധത്തിലേക്കാണ്.” മാഹ്ലർ ചൂണ്ടിക്കാണിച്ചത് തന്നെയാണ് ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി. യാർത്ഥ പ്രശ്നങ്ങളെ നേരിടാനുള്ള ത്രാണിയില്ലാത്ത ദുർബലമായ ഒരു സംവിധാനമാണ് ഇപ്പോഴും ലോകാരോഗ്യ സംഘടനയ്ക്കുള്ളത് എന്നതാണ് അതിൻ്റെ പ്രധാന പരിമിതി.
ഇത് ഏറ്റവും പ്രകടമായി വെളിപ്പെട്ടത് കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ ലോകാരോഗ്യ സംഘടന ആദ്യ ഘട്ടത്തിൽ സ്വീകരിച്ച സമീപനങ്ങളിലാണ്. ചൈനയിൽ കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിനെ ആഗോളതലത്തിലുള്ള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചതിന് ഡയറക്ടർ ജനറൽ ടെഡ്റോസ് അഥാനോം ഗബ്രിയേസസ് കഠിനമായി വിമർശിക്കപ്പെട്ടു. കർശനമായ യാത്രാ നിയന്ത്രണങ്ങൾ; ആജ്ഞ പ്രകാരമുള്ള ക്വാറൻറ്റൈൻ, മാറ്റിപ്പാർപ്പിക്കൽ നടപടികൾ തുടങ്ങിയവ നടപ്പിലാക്കാൻ സർക്കാരുകളെ നിർബന്ധിക്കാൻ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ WHO വിന് അധികാരം നൽകുന്നില്ല എന്ന ആക്ഷേപവും ഉയർന്നു വന്നു. ഇത്തരത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥകൾ പ്രഖ്യാപിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ചൈനയും അമേരിക്ക (വിശേഷിച്ച് ഡൊണാൾഡ് ട്രമ്പ്)യും കോവിഡ്- 19 നെ അവരുടെ ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ താത്പര്യങ്ങൾക്കായി വളച്ചൊടിക്കുന്നതും ആരോഗ്യരംഗത്തെ അന്താരാഷ്ട്ര സഹകരണ സാദ്ധ്യതകൾ തകിടം മറിക്കുന്നതുമാണ് നാം പിന്നെ കണ്ടത്. ലോകാരോഗ്യ സംഘടന രാഷ്ട്രീയം കളിക്കുന്നു എന്നതായിരുന്നു ഒരു വിഭാഗം ആക്ഷേപിച്ചത്. അതേസമയം അത് ആരോഗ്യരംഗത്ത് സമത്വാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ വാഗ്ദാനങ്ങൾ കൈവെടിഞ്ഞ് വൈദ്യശാസ്ത്ര മേധാവിത്വത്തിലും സാങ്കേതികമാത്ര പരിഹാരങ്ങളിലും ഊന്നി എന്നതാണ് വികസ്വര രാജ്യങ്ങളുടെ വിമർശനം.
ലോകാരോഗ്യ സംഘടനയ്ക്ക് വാസ്തവത്തിൽ അതിൻ്റെ പ്രഖ്യാപിത ദൗത്യം നിറവേറ്റുന്നതിനുള്ള അധികാരമില്ല. ഉയർന്നതലത്തിൽ രാഷ്ട്രാന്തരീയമായ ഒരു കൂട്ടായ്മ സംഘടിപ്പിച്ച് ആഗോളതലത്തിൽ ആരോഗ്യം കൈവരിക്കാമെന്ന പ്രതീക്ഷ തെറ്റായിരുന്നു. സങ്കീർണ്ണമായ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ് ആഗോളതലത്തിൽ ആരോഗ്യം കൈകാര്യം ചെയ്യേണ്ടതെങ്ങിനെ എന്ന പ്രശ്നം. സാമ്പത്തികമോ സാങ്കേതികമോ ആയ സഹായങ്ങൾ നൽകുന്ന പ്രബലരായ അംഗരാഷ്ട്രങ്ങളെ പിണക്കാൻ WHOവിന് നിർവാഹമില്ല. കാരണം ഫണ്ട് മുടങ്ങും. ഏതാണ്ട് 200 കോടി ഡോളർ മാത്രം വാർഷിക ബജറ്റുള്ള ഒരു സ്ഥാപനമാണത്. ലോക വ്യാപാര സംഘടനയെപ്പോലെ അംഗരാജ്യങ്ങളെ അനുസരിപ്പിക്കാനോ ശിക്ഷിക്കാനോ ഉള്ള അധികാരം ലോകാരോഗ്യ സംഘടനയ്ക്കില്ല. “ജീവന് വെല്ലുവിളിയാവുന്ന ആഗോളവ്യാധികളെ നേരിടുവാൻ വേണ്ട ആഗോള പ്രതിരോധം സജ്ജീകരിക്കാനൊന്നും അതിന് പ്രാപ്തിയില്ല. അതിൻ്റെ സംഘാടന ശേഷിയും അധികാരവും വളരെ ദുർബലമാണ്” എന്ന് ലാൻസെറ്റിൻ്റെ എഡിറ്റർ റിച്ചാർഡ് ഹോർട്ടൻ ചൂണ്ടിക്കാട്ടിയത് ഓർക്കാം.
തന്നെയുമല്ല, വ്യത്യസ്ത പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാനുള്ള പരിപാടികൾ നടപ്പിലാക്കുന്നതിന് മുൻഗണന നിശ്ചയിക്കുന്നതും അവയ്ക്ക് വിഭവങ്ങൾ അനുവദിക്കുന്നതും നയപരമായ തിരഞ്ഞെടുപ്പാണ്, സാങ്കേതികമല്ല. ആരോഗ്യനയം എന്നത് വ്യത്യസ്ത രാജ്യങ്ങൾ നിർവചിക്കുന്നത് വ്യത്യസ്ത തരത്തിലാണുതാനും. രാഷ്ട്രീയമായി തീരുമാനം എടുക്കേണ്ട വിഷയങ്ങളെ വൈദ്യശാസ്ത്രവത്കരിക്കുന്നത് അഭികാമ്യമല്ല. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ സ്റ്റീവൻ മെനാഷി നിരീക്ഷിച്ചത് പോലെ “ജീവിതത്തിൻ്റെ സമസ്ത മേഖലകളെയും വൈദ്യശാസ്ത്രവത്കരിക്കുക വഴി ലോകാരോഗ്യ സംഘടന ചെയ്യുന്നത് ശാസ്ത്രീയ യാഥാർഥ്യത്തെ സ്വന്തം പ്രത്യയശാസ്ത്ര ദൗത്യങ്ങളായി തെറ്റിദ്ധരിക്കുകയാണ്. ഇതിൻ്റെ ഫലമാകട്ടെ, ചീത്ത ശാസ്ത്രവും ചീത്ത രാഷ്ട്രീയവും ആണ്. അതുകൊണ്ടാണ് എല്ലായിടത്തും ചികിത്സ ചീത്തയായപ്പോവുന്നത്.”
ആരോഗ്യരംഗത്ത് സാമൂഹ്യനീതിയുടെ ആവശ്യകതയെക്കുറിച്ചുള്ള ഉദ്ഘോഷണങ്ങളിൽ നിന്നും എത്രയോ ദൂരം അകന്ന് മാറി നിയോലിബറൽ സമ്പദ് വ്യവസ്ഥയുടെ വെറുമൊരനുബന്ധമായി പ്രവർത്തിക്കുക എന്ന ഗതികേടിലകപ്പെട്ട ആഗോളസ്ഥാപനമാണ് ഇന്ന് WHO. ബിൽ & മെലിൻഡാ ഗേറ്റ്സ് പോലുള്ള വിവിധ മുതലാളിത്ത ഫൗണ്ടേഷനുകൾ, ഭീമൻ ഔഷധക്കമ്പനികളുൾപ്പെടെയുള്ള വൻകിട രാഷ്ട്രാന്തര കോർപ്പറേഷനുകൾ, വേൾഡ് ഇക്കണോമിക്ക് ഫോറം തുടങ്ങിയവ രൂപപ്പെടുത്തുകയോ ആസൂത്രണം ചെയ്തെടുക്കുകയോ ചെയ്യുന്ന അജണ്ടകൾ നടപ്പിലാക്കിക്കൊടുക്കുക എന്നതായിത്തീർന്നിട്ടുണ്ട് ഇന്ന് ലോകാരോഗ്യ സംഘടനയുടെ ദൗത്യം. വില നിയന്ത്രണം, മൂലധനക്കമ്പോളത്തിന്മേലുള്ള നിയന്ത്രണം, വ്യാപാര നിയന്ത്രണം ഇതെല്ലാം നീക്കം ചെയ്യപ്പെടുകയും ഭരണകൂടത്തിൻ്റെ ഇടപെടൽ പരമാവധി കുറയ്ക്കുകയും പൊതുമേഖലയിലെ ഉത്പാദന സേവന വിഭാഗങ്ങൾ സ്വകാര്യവത്കരിക്കപ്പെടുകയും കോർപ്പറേഷനുകളെ സ്വതന്ത്ര വിഹാരത്തിന് അനുവദിക്കുകയും ആരോഗ്യമുൾപ്പെടെയുള്ള പൊതു ആവശ്യങ്ങൾക്കുള്ള സർക്കാർഫണ്ട് വിനിയോഗം വെട്ടിച്ചുരുക്കുകയും ചെയ്തു കൊണ്ട് നിയോലിബറൽ വ്യവസ്ഥ സാർവത്രികമായ ആധിപത്യം നേടിക്കഴിഞ്ഞു. അത് സാമൂഹികവും രാഷ്ടീയവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്: ഉദാഹരണത്തിന്, വർദ്ധിച്ചു വരുന്ന അസമത്വങ്ങൾ, സാമൂഹിക വിഭാഗീയതകൾ, സാമ്പത്തിക ദുരിതങ്ങൾ, പാരിസ്ഥിതിക പ്രതിസന്ധി, രാഷ്ട്രീയത്തിലെ മൂല്യശോഷണം തുടങ്ങിയവ. UNൻ്റയും WHOയുടെയും നയങ്ങളിൽ സ്വാഭാവികമായി പ്രതിഫലിക്കുന്നത് ഇന്ന് മേധാവിത്തമുള്ള നിയോലിബറൽ ചിന്താഗതി തന്നെയാണ്.
WHOവിന് യു.എൻ വിഹിതം മാത്രം സ്വീകരിച്ച് അതിൻ്റെ സ്വയംഭരണാവകാശം നിലനിർത്താനും സ്വന്തം അജണ്ടകൾ നിശ്ചയിക്കാനും ബുദ്ധിമുട്ടാണ്. സംഭാവന നൽകുന്ന സമ്പന്നരാജ്യങ്ങളാകട്ടെ അവരുടെ നിബന്ധനകൾ പരോക്ഷമായെങ്കിലും സംഘടനയുടെ മേൽ അടിച്ചേല്പിക്കും. ഏറ്റവുമൊടുവിൽ കണ്ടുവരുന്ന പ്രവണത ലോകാരോഗ്യ സംഘടനയെ സഹായിച്ചു പോന്ന പ്രായോജകർ അവരുടെ തന്നെ മുൻകൈയിൽ ആഗോളതലത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ വളർത്തിക്കൊണ്ടു വരുന്നതും – ഗേറ്റ്സിൻ്റെ GAVI പോലുള്ളവ ഉദാഹരണം- ആരോഗ്യരംഗത്ത് ലോകാരോഗ്യ സംഘടനയുടേതിൽ നിന്ന് ഏറെ വ്യത്യസ്തമായ മുൻഗണനാക്രമങ്ങൾ നടപ്പിൽവരുത്തിക്കൊണ്ടിരിക്കുന്നതുമാണ്. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്ന ഇത്തരം ആഗോള കോർപ്പറേറ്റുകൾ സൃഷ്ടിക്കുന്ന കെടുതികൾ കുറയ്ക്കാനുള്ള ശേഷി പോലും ലോകാരോഗ്യ സംഘടനയ്ക്ക് ഇല്ലാതാവുന്നത് നമ്മെ ഉണർത്തേണ്ടത് ആരോഗ്യം മുഖ്യ അജണ്ടയാവുന്ന പുതിയ ഒരു സമത്വാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ പ്രസക്തിയിലേക്കാണ്.