ആ ധൈഷണിക ചെറുത്തുനിൽപ്പിന്റെ മഹത്വം തിരിച്ചറിയുമ്പോൾ

വിജയകുമാർ മേനോൻ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് തൃശൂർ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്ര അധ്യാപകനായി വരുന്നത്. അന്ന് ഞാൻ അവിടെ വിദ്യാർത്ഥിയായിരുന്നു. സദാ പുഞ്ചിരിച്ച് സൗമ്യഭാവത്തിൽ വരുന്ന മേനോൻ മാഷ് ഞങ്ങൾക്ക് ഒരു കൗതുകവും ചെറിയ തമാശയുമായിരുന്നു. അറിഞ്ഞോ അറിയാതെയോ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിൻ്റെ ആരാധകരോ, പിൻതുടർച്ചക്കാരോ ആയിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളും. വിജയകുമാർ മേനോൻ്റെ ക്ലാസ്സുകൾ അധികവും ഇന്ത്യൻ ഫിലോസഫിയും സൗന്ദര്യ ശാസ്ത്രവും ആഴത്തിൽ അപഗ്രഥിക്കുന്നതായിരുന്നു.

തൊണ്ണൂറുകളിലെ കലാ വിദ്യാർത്ഥികൾ എന്ന നിലയിൽ പടിഞ്ഞാറൻ കലാ പ്രസ്ഥാനങ്ങളും അവയുടെ ദാർശനികവും രാഷ്ട്രീയവുമായ ഉള്ളടക്കങ്ങളും ഏറെക്കുറെ ഞങ്ങൾക്ക് പരിചിതമായിരുന്നു. എന്നാൽ പൗരസ്ത്യകലയെക്കുറിച്ചും ഭാരതീയ കലയെക്കുറിച്ചും ഞങ്ങൾക്ക് ഒരു അവബോധം ഉണ്ടാക്കി തന്നത് വിജയകുമാർ മേനോൻ മാഷിൻ്റെ ക്ലാസ്സുകളാണ്. പാശ്ചാത്യ കലയും പൗരസ്ത്യ കലയും തമ്മിലുള്ള ആന്തരികമായ വ്യത്യാസങ്ങൾ ഞാൻ ശ്രദ്ധയോടെ മനസ്സിലാക്കുന്നത് മാഷിൻ്റെ ക്ലാസുകളിലൂടെയാണ്. ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായി എങ്ങിനെ ഏഷ്യൻ കല വ്യതിരിക്തമാകുന്നു എന്നും വസ്തുനിഷ്ഠമായും ജ്ഞാനപരമായും പടിഞ്ഞാറൻ കല എങ്ങിനെ കലാചരിത്രത്തിൽ അടയാളപ്പെടുത്തുന്നു എന്നും മേനോൻ മാഷ് വളരെ ലളിതമായി ക്ലാസുകളിൽ അവതരിപ്പിച്ചു.

ശാന്തനും ലജ്ജാശീലനുമായിരുന്നു വിജയകുമാർ മേനോൻ. ഫിസിക്സായിരുന്നു അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വിഷയം. ഫാക്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് എം.വി ദേവനെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. എം.വി ദേവനാണ് ബറോഡയിൽ പോയി കലാചരിത്രം പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പച്ചത് എന്ന് തൃശൂർ ഫൈൻ ആർട്സ് കോളേജിലെ മുൻ അധ്യാപകനും മേനോൻ മാഷിൻ്റെ ദീർഘകാല സുഹൃത്തുമായിരുന്ന കെ.കെ ശശി മാഷ് പറഞ്ഞിട്ടുണ്ട്.

ഒരു കലാചരിത്ര അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം മഹത്തായ ഒരു സ്ഥാനം അർഹിക്കുന്നുണ്ട്. ഒരിക്കലും പ്രകോപിതനാകാതെ, അങ്ങേയറ്റം സത്യസന്ധമായി, വലിപ്പചെറുപ്പമില്ലാതെ അദ്ദേഹം എല്ലാവരോടും ഇടപെട്ടു. ഏതൊരു ബാലിശമായ സംശയത്തിനും പരിഹാസത്തിൻ്റെ ഒരുതരി പോലും കലരാതെ ഗൗരവമായി മറുപടി പറഞ്ഞു. ഗസ്റ്റ് ലക്ച്ചർ എന്ന നിലയിൽ മൈസൂരിലെ കാവ കോളേജ് ഓഫ് ഫൈനാട്സ്, തൃശൂർ ഫൈൻ ആർട്സ് കോളേജ്, തൃപ്പൂണിത്തറ ആർ.എൽ.വി കോളേജ് എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപകനായി ജോലി ചെയ്തിരുന്നു. തനിക്ക് കിട്ടുന്ന പ്രതിഫലത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. അത്തരം ഒരധ്യാപകൻ എല്ലാ കാലത്തും വിസ്മയം തന്നെയാണ്. പലപ്പോഴും അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. മാർക്സിയൻ കലാ ദർശനങ്ങൾ, റാഡിക്കൽ ഗ്രൂപ്പ്, കെ പ്രഭാകരൻ അങ്ങനെ പല വിഷയങ്ങളും ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ താൽപര്യത്തോടെ, വിവേകത്തോടെ അദ്ദേഹം മറുപടി പറഞ്ഞിരുന്നു.

വിജയകുമാർ മേനോൻ എന്ന കലാചരിത്രകാരൻ്റെ പ്രസക്തി എന്താണ് ? ഭാരതീയ ദർശനങ്ങളെയും സൗന്ദര്യ ശാസത്രത്തെയും യുക്തിഭദ്രമായി അവതരിപ്പിക്കാൻ കഴിഞ്ഞ ഒരു കലാചരിത്രകാരനാണ് അദ്ദേഹം. പിന്നീട് ഉപനിഷത്തുകളും മറ്റ് ഭാരതീയ ദാർശനിക പുസ്തകങ്ങളും വായിക്കാൻ തുടങ്ങിയപ്പോഴാണ് മേനോൻ മാഷ് എത്ര സമർത്ഥമായി, എത്ര ലളിതമായി ഇവയെല്ലാം തൻ്റെ ക്ലാസുകളിൽ ഉൾക്കൊള്ളിച്ചിരുന്നു എന്ന് മനസ്സിലാകുന്നത്. ഇത് ഭാരതീയ ദർശനങ്ങളുടെ ബാഹുല്യത്തെയും വൈവിദ്ധ്യത്തെയും ഉൾക്കൊള്ളാൻ ഒരു വിദ്യാർത്ഥിയെ പര്യാപ്തമാക്കുന്നതായിരുന്നു. ഏകമുഖമായ ഒരു സാംസ്ക്കാരിക പൈതൃകത്തെയും അത് ഉത്പാദിപ്പിക്കുന്ന ഫാസിസത്തെയും ധൈക്ഷണികമായി ചെറുക്കാൻ മാഷുടെ ക്ലാസുകൾ എനിക്കും സഹായകരമായിട്ടുണ്ട്. ഏറെ അപകടകരമായ, ഹൈന്ദവ മുഖ്യധാരയിലേക്ക് വഴുതി വീഴാവുന്ന എല്ലാ സാധ്യതകളെയും വിജയകുമാർ മേനോൻ എന്ന ചരിത്രകാരൻ മറികടന്നു എന്നത് ചെറിയ ഒരു കാര്യമല്ല. വർഷങ്ങൾക്ക് മുമ്പ് വടക്കാഞ്ചേരിയിലെ ആശ്രമത്തിൽ അദ്ദേഹത്തെ കാണാൻ പോയപ്പോഴും എനിക്കത് കൂടുതൽ ബോധ്യപ്പെട്ടു. അലങ്കാരങ്ങളും അത്യാർത്തിയുമില്ലാത്ത ഒരു ലളിത ജീവിതം മാത്രമായിരുന്നു അത്. നമ്മുടെ ഇടയിൽ ഒരിക്കലും കാണാൻ സാധിക്കാത്ത അത്രയും ലളിത പൂർണ്ണവും, സ്വച്ഛന്ദവുമായ ഒരു ജീവിതചക്രം പൂർത്തികരിക്കാനുള്ള ആശ്രമവാസം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 3, 2022 6:34 am