നിങ്ങളുടെ കുട്ടികൾ അപകടത്തിലാണ് !

ആർവി ഒമ്പതാം ക്ലാസിലായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി മാസം ദില്ലി പബ്ലിക് സ്‌കൂളിന്റെ പതിനഞ്ച് നില കെട്ടിടത്തിൽ നിന്നെടുത്ത് ചാടി അവൻ ആത്മഹത്യ ചെയ്തു. വെറും പതിനാറ് വയസ്സായിരുന്നു ആർവിയ്ക്ക്. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും നിരന്തരം ഏൽക്കേണ്ടി വന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് ആർവിയെ ആത്മഹത്യയിലേക്ക് നയിച്ചത്. അവൻ മരണകുറിപ്പിലെഴുതുന്നു;

‘ഈ സ്‌കൂൾ എന്നെ കൊന്നു.’

വ്യത്യസ്തനായിരുന്നതിന്റെ പേരിലാണ് ആർവി ക്രൂശിക്കപ്പെട്ടത്. അവന്റെ പ്രായത്തിലുള്ള ആൺകുട്ടികളിൽ നിന്നെല്ലാം വേറിട്ട ജീവിതമായിരുന്നു ആർവിയുടേത്. അവന് നഖത്തിൽ ചായം തേക്കാൻ ഇഷ്ടമായിരുന്നു. അവൻ അവന്റെ സ്വത്വം ഒളിപ്പിച്ചുവെക്കാൻ തയ്യാറായിരുന്നില്ല. ഇക്കാരണത്താൽ തന്നെ അവൻ മറ്റ് വിദ്യാർത്ഥികളാൽ നിരന്തരം ചൂഷണം ചെയ്യപ്പെട്ടു. അധ്യാപകർ അവനെ അവഗണിച്ചു. ഒടുവിൽ അവന് പതിനഞ്ച് നിലയുള്ള കെട്ടിടത്തിൽ നിന്ന് എടുത്തുചാടാനെ സാധിച്ചുള്ളൂ. ആർവിയുടെ അമ്മ ഇപ്പോഴും നീതിയ്ക്കായുള്ള പോരാട്ടത്തിലാണ്. LGBTIQ+ മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെയും അവർ സംസാരിക്കുന്നു.

ആർവിയുടെ അമ്മ ആരതി മൽഹോത്ര

കേരളത്തിൽ നിലവിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നാണ് ‘നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണെന്നത്.’ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ നിന്നല്ല ഈ മുദ്രാവാക്യം രൂപപ്പെടുന്നത്, ക്വിയർ വിരുദ്ധതയുടെയും വിദ്വേഷത്തിന്റെയും അച്ചിലാണ്. ആരാണ് കുഞ്ഞുങ്ങൾക്ക് ഭീഷണിയായി മാറുന്നത്? ക്വിയർ മനുഷ്യർ കുഞ്ഞുങ്ങൾക്ക് ഭീഷണിയാണെന്നതിന് എന്തെങ്കിലും വസ്തുതയുണ്ടോ? ഈ ക്വിയർ വിരുദ്ധ കൂട്ടങ്ങൾ നിർമ്മിച്ചെടുക്കുന്ന വെറുപ്പിനാൽ ആർവിയെ പോലെ കൊല്ലപ്പെടുന്ന,മാനസികമായി തകർക്കപ്പെടുന്ന ക്വിയറായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആരാണുള്ളത് ?

ഈ ലേഖനത്തിലൂടെ ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ എങ്ങനെയാണ് ‘കുഞ്ഞുങ്ങളെ സംരക്ഷിക്കുക’ എന്ന വ്യാജേന ക്വിയർ മനുഷ്യർക്കെതിരെ വിദ്വേഷ പ്രചാരണങ്ങളിൽ ഏർപ്പെടുന്നതെന്ന് അന്വേഷിക്കുന്നു.

ആദ്യകാലങ്ങളിലെ ചിതറിയതും ഒറ്റപ്പെട്ടതുമായ പ്രവർത്തനങ്ങളിൽ നിന്നും വ്യതിചലിച്ച് ഇന്ന് ഒരു ഏകീകരണം ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് കൈവരിക്കാനായിട്ടുണ്ട്. ഏറെക്കുറെ സംഘടിതമായ ഒരു സ്വഭാവം സ്വീകരിച്ചാണ് കേരളത്തിലെ ‘പുതിയ’ ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തീർച്ചയായും ഇത് പുതിയ ഒരു സാമൂഹിക സാഹചര്യമാണ്. കേരളത്തിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധമായ ഈ ‘പുതിയ’ സാമൂഹികാന്തരീക്ഷം എങ്ങനെയാണ് യൂറോപ്യൻ വലതുപക്ഷവുമായി വിനിമയങ്ങളിൽ ഏർപ്പെടുന്നതെന്നത് സവിശേഷമായ വിശകലനം അർഹിക്കുന്നുണ്ട്. കേരളത്തിൽ രൂപപ്പെടുന്ന ക്വിയർ വിരുദ്ധ സാമൂഹികാന്തരീക്ഷത്തിന്റെ ഭാഷയും സ്വഭാവവും പ്രവർത്തനരീതിയും ലേഖനം സാമാന്യമായി ചർച്ചയ്ക്കെടുക്കുന്നു.

ക്വിയർ ഭീതിയുടെ ചരിത്രം

ക്വിയർ ഭീതിയ്ക്ക് രേഖീയമായ ഒരു ചരിത്രമില്ല. ശരീരങ്ങൾക്ക് മേൽ നിയന്ത്രണങ്ങളും നിരോധങ്ങളുമേർപ്പെടുത്തിയാണ് അധീശവ്യവസ്ഥകളെല്ലാം പ്രവർത്തിക്കുന്നത്. ‘കൊളോണിയൽ ഇറക്കുമതി’ എന്ന നിലയിലാണ് ഇന്ത്യയിലെ ക്വിയർ വിരുദ്ധതയെ പൊതുവേ മനസ്സിലാക്കുന്നത്. ശരീരത്തിന്റെ സ്വതന്ത്രമായ ആവിഷ്‌ക്കാരങ്ങളെല്ലാം സാധ്യമായിരുന്ന ഒരു ഭൂതകാലം കൊളോണിയലിസത്തിന് മുന്നേയുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് ഈ ചർച്ച അവസാനിക്കാറുള്ളത്. ക്വിയർഭീതിയെ കേവലം കൊളോണിയൽ ഇറക്കുമതിയായി ചുരുക്കി മനസ്സിലാക്കുന്നത് പല സങ്കീർണതകളെ മറച്ചുവെക്കുന്നുണ്ട്.

1867-കളിലാണ് IPC 377 നിലവിൽ വരുന്നത്. പ്രകൃതിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി സ്ത്രീയോടോ, പുരുഷനോടോ,മൃഗത്തോടോ ലൈംഗികമായി ബന്ധപ്പെടുന്ന ഏതൊരു വ്യക്തിയും ശിക്ഷിക്കപ്പെടുമെന്നതാണ് ഈ വകുപ്പിന്റെ ഉള്ളടക്കം. ഐ.പി.സി.377 വകുപ്പിന്മേൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ കേസുകളിലൊന്ന് ക്വീൻ എംപ്രസ്സ് വേഴ്‌സസ് ഖൈരാതിയുടേതാണ് (1884). ജനുവരി 31 ന് അലഹബാദ് ഹൈക്കോടതിയാണ് ഖൈരാതിയുടെ കേസ് പരിഗണിക്കുന്നത്. ഗ്രാമത്തിലെ സ്ത്രീകളോട് കൂടെ നൃത്തം ചെയ്തതിന്റെ പേരിലാണ് പൊലീസ് ഖൈരാതിയെ അറസ്റ്റ് ചെയ്തത്.

അധിനിവേശിത സമൂഹങ്ങളിലെ ലിംഗഭേദ സംബന്ധിയായ പ്രതീക്ഷകളെ അട്ടിമറിക്കുന്ന സ്വഭാവങ്ങൾ ബ്രിട്ടീഷുകാരെ പലപ്പോഴും സമ്മർദ്ധത്തിലാക്കിയിരുന്നു. ശരീരങ്ങളെ കൃത്യമായി ആൺ-പെൺ ദ്വന്ദ്വങ്ങളിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് കൊളോണിയലിസ്റ്റുകൾ അതാതിടങ്ങളിൽ സ്വീകരിച്ചുപോന്നത്. ശ്രീലങ്കയിൽ സിംഹള പുരുഷന്മാർ സ്ത്രീകളെപ്പോലെ മുടി വളർത്തി ‛കൊണ്ട’കെട്ടുന്നത് ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചതിനെ കുറിച്ച് Dressing the Colonized Body: Politics, Clothing, and Identity in Sri Lanka എന്ന പഠനത്തിൽ നിര വിക്രംസിംഘെ എഴുതുന്നുണ്ട് (2003;86-93). ‘സ്ത്രൈണതയുള്ള പുരുഷൻ’ എന്ന വാർപ്പുമാതൃക വഴി കൊളോണിയൽ അധിനിവേശത്തെ ന്യായീകരിക്കാൻ എളുപ്പമുണ്ടായിരുന്നു.

നിര വിക്രംസിംഘെ

ലിംഗ-ലൈംഗിക ബന്ധങ്ങളിലെ അവ്യവസ്ഥയാണ് കൊളോണിയൽ താല്പര്യങ്ങൾ പ്രധാനമായും പ്രശ്നവത്കരിച്ചിരുന്നത്. പ്രാദേശികമായ രീതികൾക്ക് പകരമായി കൃത്യതയുള്ള ബന്ധങ്ങൾ ആവശ്യമാണെന്ന തോന്നൽ, നിലനിന്നിരുന്ന മരുമക്കത്തായ കുടുംബ ഘടനയെ പല നിലയിൽ ചോദ്യം ചെയ്തു. ബഹുഭാര്യാത്വം, ബഹുഭർതൃത്വം തുടങ്ങിയ ലൈംഗികരീതികളെ വിലക്കി, ഭിന്നവർഗ്ഗലൈംഗികമാനകതയിൽ അധിഷ്ഠിതമായ ഏകഭാര്യാ-ഭർതൃബന്ധം സ്ഥാപിക്കപ്പെടുന്നത് ഈ സന്ദർഭത്തിലാണ്.

Dressing the Colonised Body

വിവാഹമെന്ന സാമൂഹികരൂപത്തിന്റെ വിശ്വാസ്യത നിലനിർത്തേണ്ടത് ‛തന്ത’ കേന്ദ്രിതമായൊരു കുടുംബഘടനയുടെ നിലനില്പിന് അത്യാവശ്യമായിരുന്നു. പുതിയ കുടുംബം പാതിവ്രത്യം, കന്യകാത്വം, സദാചാരം തുടങ്ങിയ പുതിയ തരം മൂല്യങ്ങളെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചാണ് നിലവിൽ വരുന്നത്.

ആധുനിക ദേശരാഷ്ട്രനിർമ്മിതി ആവശ്യപ്പെടുന്നത് ഉൽപ്പാദനക്ഷമമായൊരു ബന്ധമാതൃകയെയാണ്. ഈയൊരു മാതൃകയെ നിയമപരമായി ഉറപ്പിച്ചെടുക്കാനുള്ള ഉപാധികളിലൊന്നായി ഐ.പി.സി 377-നെ മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക ശാസ്ത്രം, നിയമം തുടങ്ങിയ വ്യവഹാരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ഭിന്നവർഗ്ഗ ലൈംഗികമാനകേതരമായ ലൈംഗികതയെയും ലിംഗഭേദത്തെയും ചികിത്സ ആവശ്യമായുള്ള ഒരസുഖമോ, ശിക്ഷിക്കപ്പെടാവുന്ന കുറ്റമോ ആക്കിമാറ്റിയാണ് ഭിന്നവർഗ്ഗ ലൈംഗികത നേർലൈംഗികതയായി അവതരിപ്പിക്കപ്പെട്ടത്.

377 ാം വകുപ്പ് റദ്ദാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിക്കു മുന്നിൽ പ്രതിഷേധിക്കുന്നവർ. കടപ്പാട്: outlookindia.com

1861 ലെ IPC 377 ഉം,1870 ലെ ക്രമിനൽ ട്രൈബ്‌സ് ആക്ടും ഉപയോഗിച്ചാണ് വിമത ശരീരങ്ങളെ കൊളോണിയൽ ഭരണകൂടം നേരിട്ടത്. സ്വാതന്ത്ര്യാനന്തരം ക്രിമിനൽ ട്രൈബ്‌സ് ആക്ട് റദ്ദ് ചെയ്‌തെങ്കിലും IPC 377 പിന്നെയും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അവശേഷിച്ചു. സംശയമില്ല, ഐ.പി.സി 377 നെ ചുറ്റിപ്പറ്റിയുള്ള നീണ്ട സംവാദങ്ങളും നിയമപോരാട്ടങ്ങളുമാണ് ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിന്റെ അടിത്തറയായത്.

ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള 2018 സെപ്റ്റംബർ 6-ലെ സുപ്രീംകോടതി വിധി ഇന്ത്യയിലാകമാനമുള്ള ക്വിയർ മനുഷ്യർ വളരെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നൽകിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ വിധി, രണ്ട്‌ പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന ക്വിയർ മനുഷ്യരുടെ നിയമയുദ്ധത്തിന്റെ സ്വാഭാവിക ഫലമായിരുന്നു. വകുപ്പിന്റെ ഭരണഘടനാവിരുദ്ധ സ്വഭാവം കണക്കിലെടുത്ത് ഇതിനു മുന്നേ 2009 ജൂലൈ 2-ന് ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാഹ് ഒരു വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിയെ സുരേഷ് കുമാർ കൗശൽ വേഴ്‌സസ് നാസ് ഫൗണ്ടേഷൻ കേസിലുണ്ടായ വിധി വീണ്ടും അട്ടിമറിക്കുകയാണുണ്ടായത്.

സുപ്രീം കോടതി വിധിക്ക് ശേഷം മുംബൈയിലെ എൽ.ജി.ബി.ടി പ്രവർത്തകരുടെ ആഘോഷം. കടപ്പാട്: റോയിട്ടേഴ്‌സ്

വിമതഭീതിയെ കുറിച്ചുള്ള പതിവ് ചർച്ചകൾ ഐ.പി.സി 377 നെ കേന്ദ്രമാക്കിയാണ് വികസിച്ചിട്ടുള്ളത്. സെമിറ്റിക് മതങ്ങളെ വിമതഭീതിയുടെ സ്രോതസ്സായി വിശദീകരിക്കുന്ന രീതികൾക്കും ഈ ആലോചനകളിൽ മേൽക്കൈയുണ്ടായിരുന്നു. മതത്തിനെതിരെ ശാസ്ത്രീയമായ സത്താവാദത്തെ പിൻപറ്റാമെന്ന യുക്തിയാണ് ക്വിയർ മുന്നേറ്റത്തിൻ്റെ പ്രാധാന ധാരകൾ പൊതുവേ സ്വീകരിച്ചത്. ശാസ്ത്രീയത യഥാർത്ഥത്തിൽ ഇരുതല മൂർച്ചയുള്ള വാളാണ്. വംശീയതയും പുരുഷാധിപത്യ യുക്തികളും ന്യായീകരിക്കാൻ ഫലപ്രദമായി ഉപയോപ്പെടുത്തിയത് ശാസ്ത്രീയതയായിരുന്നുവെന്ന് ഇവിടെ ഓർക്കാവുന്നതാണ്. സാമൂഹിക നീതിയെന്ന വിശാലമായ സങ്കൽപ്പത്തെ കേവലം ശാസ്ത്രീയമായ തെളിവുകളെ ഹാജരാക്കിയാൽ മാത്രം സാധുവകുന്നതല്ലെന്ന് സാരം.

പ്രജനനഭാവിയും ശിശുകേന്ദ്രിത വ്യവഹാരങ്ങളും

പ്രകൃതിവിരുദ്ധമായ ഭിന്നവർഗ്ഗലൈംഗിക കുടുംബങ്ങളുടെ ഉൽപ്പന്നം ശിശുവാണ്. കുടുംബത്തിന്റെ അംഗീകാരത്തോടെ സാധ്യമാകുന്ന ആൺ-പെൺ ലൈംഗിക ബന്ധങ്ങളെല്ലാം പ്രജനനം മാത്രം ഉന്നം വെച്ചുള്ളതാണ്. ലീ എഡ്ൽമാൻ ‘പ്രജനനഭാവി’ എന്ന ആശയം ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ഭിന്നവർഗ്ഗ ലൈംഗികാധീശത്വം പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട്.

ലീ എഡ്ൽമാൻ കടപ്പാട്: viruseditorial.net

പ്രജനനത്തിന് സമൂഹം വലിയ മൂല്യം നൽകുന്നതിനാൽ ‘കുട്ടി’ ഈ പ്രജനന അനിവാര്യതയുടെ പ്രതീകമായിത്തീരുന്നു. ഈ അനിവാര്യതയ്ക്ക് സംഭാവന നൽകാത്ത ശരീരങ്ങൾ അടിച്ചമർത്തപ്പെടുന്നത് സ്വാഭാവികമാണ്. വിമത ശരീരങ്ങൾക്ക് മേലെ ഉയർത്തുന്ന പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്ന് പുതിയ തലമുറ അസാധ്യമാണെന്നതാണ്. പ്രത്യുൽപാദനത്തിലേക്ക് നയിക്കാത്ത ഭിന്നവർഗ്ഗ ലൈംഗികേതര കാമനകൾ ഭാവിയെ അനിശ്ചിതത്വത്തിലാക്കുമെന്നും മനുഷ്യകുലം വംശമറ്റുപോകാൻ കാരണമാകുമെന്നും വാദിക്കുന്നവരുണ്ട്. അതേസമയം ക്വിയർ മനുഷ്യർക്ക് കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാനുള്ള നിരവധി സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

സിയ-സഹദ് ദമ്പതികളുടെ കുഞ്ഞിനെ കേന്ദ്രീകരിച്ചുണ്ടായ വിദ്വേഷജനകമായ ചർച്ച എപ്രകാരമാണ് ഭിന്നവർഗ്ഗ ലൈംഗികാതീശത്വം കുഞ്ഞിനെ കേവലം ഭിന്നവർഗ്ഗലൈംഗികതയുടെ ചട്ടക്കൂടിനകത്ത് ഉറപ്പിച്ചെടുക്കുന്നതെന്നും വിമത ശരീരങ്ങളെ അപരവത്കരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

കുട്ടി വേണമെന്ന സ്വപ്നവും യാഥാർത്ഥ്യങ്ങളും. കേരളീയം റിപ്പോര്‍ട്ട്‌

ട്രാൻസ് മെൻ ഗർഭധാരണം കുഞ്ഞിൻ്റെ മുലപ്പാൽ കുടിക്കാനുള്ള അവകാശത്തിൻ്റെ ലംഘനമാണെന്ന വാദമാണ് ഉയർന്നുകേട്ടത്. കുഞ്ഞുങ്ങളെ പ്രതിയുള്ള കരുതലേയല്ല ഈ ആശങ്കകളെ രൂപപ്പെടുത്തുന്നത്. കേരളത്തിൽ നിലവിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധാന്തരീക്ഷത്തിൻ്റെ സ്വഭാവവും പ്രവർത്തനരീതിയും മനസ്സിലാക്കിയാൽ ഈ വാദങ്ങളുടെ അടിസ്ഥാനം അപരവിദ്വേഷമാണെന്ന് എളുപ്പം മനസിലാക്കാം.
സ്വവർഗരതിയും ശിശുരതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മിത്തും പുതിയതല്ല. ‘കുട്ടികൾ അപകടത്തിലാണെ’ന്ന ആഖ്യാനം രൂപപ്പെടുത്തുന്നതിലൂടെ ക്വിയർ മനുഷ്യർക്കെതിരെ എളുപ്പം വെറുപ്പ് പടർത്താനാകും.

ഈ വാദത്തിൽ പ്രത്യേകിച്ച് പുതുമയൊന്നുമില്ല. പല കാലങ്ങളിലായി ക്വിയർവിരുദ്ധ കൂട്ടങ്ങൾ പയറ്റി വിജയിച്ച തന്ത്രമാണിത്. അനിത ബ്രയന്റിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന ‘സേവ് അവർ ചിൽഡ്രൻ’ എന്ന സ്വവർഗ്ഗാനുരാഗ വിരുദ്ധ പ്രസ്ഥാനവും അതിന്റെ പ്രവർത്തനങ്ങളും ഉദാഹരണമായെടുക്കാം. പാർപ്പിടം, തൊഴിൽ, പൊതുസേവനങ്ങൾ എന്നിവയിലെ ലൈംഗികാഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന മിയാമി-ഡേഡ് കൗണ്ടി നിയമം അസാധുവാക്കുന്നതിൽ അനിത ബ്രയന്റിന്റെ ഇടപെടലുകൾ വിജയിച്ചു. 1970-കളിലെ സ്വവർഗ്ഗാനുരാഗ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർത്തിവിട്ട മുൻവിധികളും വെറുപ്പും തന്നെയാണ് പുതിയ കാലത്തും ആവർത്തിക്കുന്നത്.

അനിത ബ്രയന്റ്

അടുത്ത കാലത്ത് എം.കെ മുനീർ നടത്തിയ ക്വിയർ വിരുദ്ധ പരാമർശങ്ങൾ ഇതേ തന്ത്രമാണ് പയറ്റിയത്. ഈ വിഷയങ്ങളിൽ കൃത്യമായ അവബോധമില്ലാത്ത ആളുകൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മുനീറിൻ്റെ വാദങ്ങൾക്കാകും. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം ഭാവിയിൽ പോക്സോയെ ഇല്ലാതാക്കും എന്ന മട്ടിലുള്ള മുനീറിൻ്റെ പരാമർശം അടിസ്ഥാനപരമായി കുഞ്ഞുങ്ങൾ അപകടത്തിലാണ് എന്ന ആഖ്യാനത്തെ തന്നെയാണ് പിൻപറ്റുന്നത്. വിമത ശരീരങ്ങളെ അതിലൈംഗിക ശരീരങ്ങളായി ഉറപ്പിച്ചെടുക്കൽ ഈ തന്ത്രത്തിൻ്റെ സ്വാഭാവിക ഫലമാണ്.

ക്വിയർ വിരുദ്ധരുടെ പരിഗണനയിൽ ഏത് കുഞ്ഞുങ്ങളാണുള്ളത്? ഏത് കുഞ്ഞുങ്ങളുടെ സംരക്ഷണത്തെ കുറിച്ചാണ് അവർ ആശങ്കപ്പെടുന്നത്? തുടങ്ങിയ ചോദ്യങ്ങൾ ഇക്കൂട്ടരുടെ പൊള്ളത്തരങ്ങളെ വെളിപ്പെടുത്താൻ സഹായിച്ചേക്കും. ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയ്ക്ക് നേരെ പലവട്ടം ബോംബ് ഭീഷണി മുഴക്കിയത് കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് മുറവിളി കൂട്ടിയവരായിരുന്നു.
സംരക്ഷണം എന്ന ആശയം അധീശവ്യവസ്ഥയ്ക്ക് പല നിലയിൽ ഉപയോഗമുള്ളതാകുന്നു. സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യം വെച്ചാണ് പുരുഷാധികാരം സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത്. കറുത്തവർഗ്ഗക്കാർ ലൈംഗികരോഗത്തിന്റെ വാഹകരാണെന്നും അതിനാൽ വെളുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടെന്നും ഉന്നയിച്ചാണ് വംശീയവെറിയന്മാർ കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്.

എം.കെ മുനീർ

ചരിത്രത്തിൽ ഉടനീളം ‘കുട്ടികൾ അപകടത്തിലാണ്’ എന്ന വാദം ഉയർത്തി ന്യൂനപക്ഷത്തിന്റെ ജീവനാകാവശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശക്തമാകുന്ന വോട്ടവകാശ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രചാരണങ്ങളിൽ വലിയ ഒരളവിൽ കുഞ്ഞുങ്ങളെ ഒരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ടവകാശത്തിന് എതിരെ നടന്ന മുന്നേറ്റങ്ങളിൽ കുട്ടികളെ ഉപേക്ഷിച്ച് വോട്ട് ചെയ്യാൻ പോകുന്ന അമ്മമാരെ പരിഹസിക്കുന്നുണ്ട്. സ്ത്രീകൾ ഗാർഹികതയോട് ഇണങ്ങി ജീവിക്കേണ്ടവരാണെന്നും ഭരണ കാര്യങ്ങളിൽ സ്ത്രീകൾ ഇടപെടേണ്ടതില്ലെന്നുമുള്ള വാദം അക്കാലത്ത് ഉയർന്നുവന്നിരുന്നു.

വെൻ വുമൻ വോട്ട് പോസ്റ്റ് കാർഡ്

കുട്ടികളെ ഇനി പരിചരിക്കുന്നതാര്? നമ്മുടെ കുട്ടികൾക്ക് നല്ല അമ്മമാരെ നഷ്ടമാകുകയാണ് തുടങ്ങിയ ആശങ്കകൾ അന്ന് പ്രചരിച്ച പോസ്റ്റ് കാർഡുകളിൽ പ്രകടമാണ്. സ്ത്രീകളുടെ വോട്ടവകാശം സമൂഹത്തിന്റെ ഘടനയ്‌ക്കും കുടുംബത്തിന്റെ നിലനിൽപ്പിനും പുരുഷത്വത്തിന്റെ സുരക്ഷിതത്വത്തിനും ഭീഷണിയായി വോട്ടവകാശവിരുദ്ധ പ്രസ്ഥാനം ഉയർത്തികാട്ടി.
കുഞ്ഞുങ്ങളുടെ സംരക്ഷണം എന്ന പേരിൽ ശക്തമാകുന്ന പുതിയ വ്യവഹാരവും ഭിന്നവർഗ്ഗ ലൈംഗികേതര ശരീരങ്ങളുടെ അപരവത്‌കരണമാണ് ലക്ഷ്യം വെയ്ക്കുന്നത്.

ക്വിയർ വിരുദ്ധതയും വലതുപക്ഷ മാധ്യമങ്ങളും

യൂറോപ്യൻ സാഹചര്യത്തിൽ വലതുപക്ഷ മാധ്യമങ്ങൾ ട്രാൻസ്ഫോബിയയുടെ മൊത്ത കച്ചവടക്കാരായാണ് പ്രത്യക്ഷപ്പെടുന്നത്. മാധ്യമങ്ങൾ ഉത്പാദിപ്പിക്കുന്ന നുണകൾ സമൂഹത്തിൽ ക്വിയർ മനുഷ്യരെ കുറിച്ച് അകാരണമായ ഭീതി സൃഷ്‌ടിച്ചെടുക്കുന്നു. മുൻകൂറായി ഒരു ഇല്ലാശത്രുവിനെ ഉണ്ടാക്കിയെടുത്താണ് ഏതൊരു അധീശ വ്യവസ്ഥയും പ്രവർത്തിക്കുന്നത്. ഈ ശത്രുവിനെ ഉന്മൂലനം ചെയ്യേണ്ടത് അധീശ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. വലതുപക്ഷ മാധ്യമങ്ങളിലെ പ്രധാന ചേരുവയായി ഇതിനാൽ തന്നെ ക്വിയർ മനുഷ്യർ മാറുന്നുണ്ട്.

ക്വിയർ മനുഷ്യരെ ഒരു പ്രശ്നം എന്ന നിലയിലാണ് ഇക്കൂട്ടർ അവതരിപ്പിക്കുന്നത്, ക്വിയർ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളല്ല. സമൂഹത്തിൽ ക്വിയർ മനുഷ്യർക്കെതിരെ വെറുപ്പ് പടർത്താൻ യൂറോപ്യൻ വലതുപക്ഷം ഏറ്റവും കൂടുതൽ ഉയർത്തിപ്പിടിക്കുന്നത് പരമ്പരാഗത കുടുംബ മൂല്യങ്ങളാണ്. മുഖ്യമായും യൂറോപ്യൻ വലതുപക്ഷം ക്വിയർ വിരുദ്ധമായ പൊതുബോധത്തെ നിർമ്മിച്ചെടുക്കുന്നത് ക്വിയർ മനുഷ്യരെ ഒരു ഭീഷണിയെന്നോണം അവതരിപ്പിച്ചുകൊണ്ടാണ്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഉദാത്തമായ കുടുംബഘടനയ്ക്കും ക്വിയർ മനുഷ്യരുടെ നിലനിൽപ്പ് ദോഷം ചെയ്യുമെന്ന വാദം ക്വിയർ മനുഷ്യരെ ശത്രുപക്ഷത്ത് നിർത്തുന്നു. ഈ വാദത്തെ സാധൂകരിക്കാൻ പോന്ന വാർപ്പുമാതൃകകളും വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. സ്ത്രീകളുടെ ഇടങ്ങൾ കൈയ്യേറുന്ന പുരുഷന്മാരായും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരായും മാഫിയയായും ക്വിയർ മനുഷ്യർ ചിത്രീകരിക്കപ്പെടുന്നു.

ക്വിയർ പതാക. കടപ്പാട് : wired.com

വലതുപക്ഷ മാധ്യമങ്ങളിൽ ക്വിയർ മനുഷ്യരെ മുൻനിർത്തി ഉടലെടുക്കുന്ന ഏതൊരു ചർച്ചയും അടിസ്ഥാനപരമായി ക്വിയർ മനുഷ്യരെ അപമാനവീകരിക്കുകയാണ് ചെയ്യുന്നത്. മുൻവിധികളും തെറ്റിദ്ധാരണകളും വാർപ്പുമാതൃകകളും എമ്പാടും ചേർത്തുകെട്ടിയ ഈ ചർച്ചകൾ ക്വിയർ മനുഷ്യരെ ഒരു പ്രശ്നമെന്ന നിലയിൽ അവതരിപ്പിക്കുന്നു. ക്വിയർഭീതി പടർത്താൻ കുട്ടികൾ അപകടത്തിലാണ് എന്ന ആഖ്യാനത്തിന് എളുപ്പം കഴിയുന്നു. ക്വിയർ മനുഷ്യരെ പരമ്പരാഗത മൂല്യങ്ങൾക്കും സാമൂഹിക മാനദണ്ഡങ്ങൾക്കും ഭീഷണിയായി അവതരിപ്പിക്കുന്നതിലൂടെ ബഹുഭൂരിപക്ഷത്തെ വശീകരിക്കാനും ചർച്ചയെ അപ്പാടെ ധ്രുവീകരിക്കാനുമാകുന്നു.

പ്രധാനമായും ക്വിയർ മനുഷ്യർക്കെതിരെ വ്യാപകമായി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ കേന്ദ്രീകരിക്കുന്നത് ട്രാൻസ് മനുഷ്യരുടെ ടോയ്‌ലറ്റ് ഉപയോഗം, ട്രാൻസ് മനുഷ്യരുടെ സ്പോർട്സിലേക്കുള്ള പ്രവേശനം, ഡ്രാഗ് ഷോ നിരോധനം, ട്രാൻസ് മെഡിക്കൽ ഹെൽത്ത് കെയർ നിരോധനം തുടങ്ങിയ വിഷയങ്ങളെയാണ്.

ക്വീർ ബാത്ത്റൂം സ്റ്റോറീസ് എന്ന നാടകത്തിൽ നിന്നും. കടപ്പാട്: shamelessmag.com

ട്രാൻസ്ജെൻഡർ വിദ്യാർഥികളെ ഉൾക്കൊള്ളുന്ന തരത്തിലുള്ള വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്ത് എൻ.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട “Inclusion of Transgender Children in School Education: Concerns and Roadmaps”എന്ന മാന്വൽ സാമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളെയാണ് നേരിടേണ്ടി വന്നത്. തുടർന്ന്, എൻ.സി.ഇ.ആർ.ടി ഈ മാന്വൽ സൈറ്റിൽ നിന്ന് പിൻവലിക്കുകയുമുണ്ടായി. ജെൻഡർ ന്യൂട്രൽ യൂണിഫോം, ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റ്, ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വേർതിരിക്കുന്ന രീതികൾ നിർത്തലാക്കൽ തുടങ്ങി പല വിഷയങ്ങളും വിശദമായി ചർച്ചയ്ക്കെടുത്തിരുന്ന മാന്വൽ കുട്ടികൾക്ക് ഭീഷണിയാണെന്ന ലേബലിലാണ് പരക്കെ വിമർശിക്കപ്പെട്ടത്. കേരളത്തിൽ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചയിലും സമാനമായ വിവാദങ്ങൾ ഉയർന്നിരുന്നു.

എൻ.സി.ഇ.ആർ.ടി ഈ മാന്വൽ.

ചരിത്രപരമായ ഒരു തുടർച്ച ഈ ചർച്ചകളിലെല്ലാം കണ്ടെടുക്കാൻ സാധിക്കും. എയ്ഡ്‌സ് മഹാമാരിയുടെ പടർച്ചയെ മുതലെടുത്ത് 1980-കളിൽ യൂറോപ്യൻ മാധ്യമങ്ങൾ വലിയ ഒരളവിൽ ക്വിയർ ഭീതി വിറ്റഴിക്കുകയുണ്ടായി. സ്വവർഗ്ഗാനുരാഗികളെ രോഗ വാഹകാരായി ചിത്രീകരിച്ച് പിശാചുവത്കരിക്കുന്നതിനുള്ള ശ്രമങ്ങളിൽ മാധ്യമങ്ങൾ വിജയിക്കുകയും ചെയ്‌തു. ആദ്യ ഘട്ടത്തിൽ എയ്ഡ്സ് പടർച്ചയെ കുറിച്ചുള്ള വാർത്തകൾ നൽകാൻ വിമുഖത കാണിച്ചിരുന്ന മാധ്യമങ്ങൾ പിന്നീട് രോഗത്തെ സ്വവർഗ്ഗാനുരാഗികൾക്ക് മേൽ കുറ്റം ചാർത്താൻ ഉപയോഗിച്ചു. ഇപ്പോഴും സ്വവർഗ്ഗ ലൈംഗികതയെ എയ്ഡ്സുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുന്നുണ്ട്.

ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പുതിയ കൈവഴികൾ

ക്വിയർ മനുഷ്യർക്കെതിരെയുള്ള മുഖ്യധാരാസമൂഹത്തിന്റെ വെറുപ്പ് പുതിയ കാര്യമല്ല. നിലവിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങൾക്ക് പഴയതിൽ നിന്നും സാരമായ ചില വ്യത്യാസങ്ങളുണ്ട്. ഇക്കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിൽ ക്വിയർ മനുഷ്യരുടെ സംഘടിതമായ ചില സമരങ്ങളും നിയമപോരാട്ടങ്ങളുമുണ്ടാകുന്നുണ്ട്. ഐ.പി.സി 377-നെ മുൻനിർത്തിയുണ്ടായ നിയമ പോരാട്ടങ്ങളായാണ് ക്വിയർ രാഷ്ട്രീയം അതിന്റെ ആദ്യ പകുതികൾ പിന്നിട്ടത്.

2014-ലെ നൽസ വിധിയും 2018-ലെ വിധിയുമെല്ലാം ക്വിയർ മനുഷ്യരുടെ കൂടുതൽ ദൃശ്യതയിലേക്ക് നയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉടനീളം ക്വിയർ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്വാഭിമാന യാത്രകൾ സംഘടിപ്പിക്കപ്പെടാറുമുണ്ട്. അവഗണിക്കപ്പെടാനാകാത്ത ഒരു സംഘടിത വിഭാഗമായി ക്വിയർ മനുഷ്യർ ഉയർന്നുവരുന്നതിനോടുള്ള ഭയമാണ് പുതിയ ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങളെ രൂപപ്പെടുത്തുന്നതെന്ന് വ്യക്തമാണ്.

2014-ലെ നൽസ വിധി

യെസ് കേരള, അൺമാസ്കിങ് എത്തീസം, പ്രാഗ്മാറ്റിക് മുസ്ലിം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിൽ പല പേരുകളിൽ വ്യാപിച്ചുകിടക്കുന്ന ക്വിയർ വിരുദ്ധ ഗ്രൂപ്പുകളെല്ലാം ആശയതലത്തിൽ ഏറെ സമാനതകളുള്ളവയാണ്. ട്രാൻസ്മെനായ പ്രവീൺനാഥിന്റെ ആത്മഹത്യയെ ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ ഒരു ആയുധമെന്ന പോലെ ഉപയോഗിക്കുകയുണ്ടായി. ട്രാൻസ് സ്ത്രീയായ അനന്യ കുമാരി അലക്സിന്റെ സ്ഥാപനവത്കൃത കൊലപാതകത്തെയും ഇക്കൂട്ടർ വെറുപ്പ് പരത്താനാണ് ഉപയോഗപ്പെടുത്തിയത്.

പ്രവീൺ നാഥ്

കേരളത്തിൽ ഈയിടെ ശക്തമാകുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങൾക്ക് പിറകിൽ ചില പ്രത്യേക സന്ദർഭങ്ങളെയും കണ്ടെടുക്കാനാകുന്നതാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോം ചർച്ച, ആദില-നൂറ വിഷയം, ട്രാൻസ് മെൻ ഗർഭധാരണം, അനന്യയുടെയും പ്രവീൺ നാഥിന്റെയും ആത്മഹത്യ തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിലുള്ള ക്വിയർ വിരുദ്ധ ഉള്ളടക്കങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഈ വിഷയങ്ങളോരോന്നും സവിശേഷ വിശകലനം അർഹിക്കുന്നുണ്ട്.

അനന്യ കുമാരി അലക്സ്

ഓരോ വിഷയങ്ങളിലെയും സങ്കീർണതകളെ വിശദീകരിക്കാൻ ഇവിടെ മുതിരുന്നില്ല. ക്വിയർ വിരുദ്ധാശയാവലികളുടേതായ ഈ ചർച്ചാന്തരീക്ഷം തീർത്തും ‘പുതിയതാണെന്ന്’ നിരന്തരം സൂചിപ്പിക്കുന്നതിലൂടെ ആദ്യകാലത്തേതിൽ നിന്നും അതിനുള്ള വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്.

ആദിലയും നൂറയും

രണ്ട് നിലകളിൽ ഈ മാറ്റം ക്രോഡീകരിക്കാം; ആദ്യകാലങ്ങളിലെ ഒറ്റപ്പെട്ട പ്രകൃതത്തിൽ നിന്നും സംഘടിത സ്വഭാവത്തിലേക്കുള്ള മാറ്റമാണ് ആദ്യത്തേത്. മതത്തെയും സദാചാരത്തെയും മുൻനിർത്തിയുള്ള ക്വിയർ വിരുദ്ധ വ്യവഹാരങ്ങളിൽ നിന്നും വ്യതിചലിച്ച് ശാസ്ത്രത്തെയും, ട്രാൻസ് വിരുദ്ധ ഫെമിനിസ്റ്റുകളെയും, മെനിനിസ്റ്റുകളുടെയും, യൂറോപ്യൻ വലതുപക്ഷത്തിന്റെ വിഭിന്നാഖ്യാനങ്ങളെയും ഉപാദാനങ്ങളായി സ്വീകരിച്ചുള്ള ശക്തമായ ക്വിയർ വിരുദ്ധതയുടെ പ്രത്യയശാസ്ത്രാടിത്തറയാണ് മറ്റൊന്ന്.

ഫാഷിസത്തിന്റെ പ്രവർത്തനരീതികളെ കുറിച്ച് പഠിക്കുമ്പോൾ എങ്ങനെയാണ് ലൈംഗിക ഉത്കണ്ഠ അപരരെ നിർമ്മിക്കാനും അമർച്ച ചെയ്യാനും ഉപയോഗപ്പെടുന്നു എന്ന് ജേസൻ സ്റ്റാൻലി സൂചിപ്പിക്കുന്നുണ്ട്. അപര ലൈംഗികതയെ സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് ഫാഷിസം പ്രവർത്തിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ലവ് ജിഹാദ്, ജനസംഖ്യാപെരുപ്പം തുടങ്ങിയ ആഖ്യാനങ്ങൾ ഉപയോഗിച്ചാണ് മുസ്ലിങ്ങളുടെ ലൈംഗികത നിയന്ത്രിക്കപ്പെടുന്നത്. ഇതേ തന്ത്രമാണ് ക്വിയർ മനുഷ്യർക്കെതിരെയും പയറ്റുന്നത്. ഈ രീതി എങ്ങനെയാണ് സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങൾക്ക് മേലുള്ള അതിക്രമമായി മാറുന്നതെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ട്.

ജേസൻ സ്റ്റാൻലി

“ലിബറൽ ജനാധിപത്യത്തിൽ, സ്വാതന്ത്ര്യത്തെയും സമത്വത്തെയും പ്രത്യക്ഷമായി ആക്രമിക്കുന്ന രാഷ്ട്രീയക്കാരന് വലിയ പിന്തുണ ലഭിക്കാൻ ഇടയില്ല. ലൈംഗിക ഉത്കണ്ഠയുടെ രാഷ്ട്രീയം സുരക്ഷയുടെ പേരിൽ ഈ പ്രശ്നത്തെ മറികടക്കാനുള്ള ഒരു മാർഗമാണ്; ലിബറൽ ജനാധിപത്യത്തിന്റെ ആശയങ്ങളെ പരോക്ഷമായി ആക്രമിക്കാനും തുരങ്കം വയ്ക്കാനുമുള്ള ഒരു മാർഗവുമാണിത്. ലൈംഗിക ഉത്കണ്ഠയുടെ രാഷ്ട്രീയം ഉപയോഗിക്കുന്നതിലൂടെ ഒരു രാഷ്ട്രീയ നേതാവ് പരോക്ഷമായെങ്കിലും സ്വാതന്ത്ര്യത്തെയും സമത്വത്തെയും ഭീഷണികളായി പ്രതിനിധീകരിക്കുന്നു. ലിംഗ വ്യക്തിത്വത്തിന്റെയോ ലൈംഗിക മുൻഗണനയുടെയോ ആവിഷ്കാരം സ്വാതന്ത്ര്യത്തിന്റെ ഒരു പ്രയോഗമാണ്. സ്വവർഗാനുരാഗികളെയും ട്രാൻസ്‌ജെൻഡർ മനുഷ്യരെയും സ്ത്രീകൾക്കും കുട്ടികൾക്കും ഒരു ഭീഷണിയായി അവതരിപ്പിക്കുന്നതിലൂടെ ഫാസിസ്റ്റ് രാഷ്ട്രീയം സ്വാതന്ത്ര്യത്തിന്റെ ലിബറൽ ആദർശത്തെ പ്രതിക്കൂട്ടിലാക്കുന്നു.”

How fascism works

ക്വിയർ മനുഷ്യരെ വോക്ക് പ്രൊപ്പഗാണ്ട, മഴവിൽ ഫാഷിസം, ട്രാൻസ്ജെൻഡർ അജണ്ട, ഐഡിയോളജി, ഗ്രൂമർസ് എന്നിങ്ങനെയാണ് ഇവർ വിശേഷിപ്പിക്കുന്നത്. ഈ ഭാഷ കൃത്യമായും യൂറോപ്യൻ വലതുപക്ഷത്തിന്റേതാണ്. പവിത്രമായ കുടുംബത്തെ തകർക്കാനുള്ള ആസൂത്രണമായാണ് ക്വിയർ മനുഷ്യരെ ഇക്കൂട്ടർ മനസ്സിലാക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ശക്തമാകുന്ന ക്വിയർ സൗഹാർദ്ദപരമായ അന്തരീക്ഷത്തോടും ചർച്ചകളോടുമുള്ള അസഹിഷ്ണുതയും ഇക്കൂട്ടർക്കുണ്ട്. ഈ ചർച്ചകൾ കുട്ടികളെയും യുവാക്കളെയും വഴി തെറ്റിക്കും എന്നതാണ് ഇവരുടെ വാദം. പരമ്പരാഗത കുടുംബവും കുട്ടികളും അപകടത്തിലാണെന്നും അവയെ സംരക്ഷിക്കണമെന്നുമുള്ള ക്വിയർവിരുദ്ധ പ്രസ്ഥാനങ്ങളുടെ ആവശ്യം ആളുകളെ എളുപ്പം ആകർഷിക്കുന്നതാണ്.

ഈ പുതിയ സാഹചര്യത്തെ പ്രതിരോധിക്കേണ്ടത് ഒരു ജനാധിപത്യ ഉത്തരവാദിത്തമാണ്. ടോണി മോറിസൺ വംശീയതയെ കുറിച്ചുള്ള ചർച്ചയുടെ സന്ദർഭത്തിൽ എങ്ങനെയാണ് ‘ശ്രദ്ധ തെറ്റിക്കൽ’ വംശീയതയുടെ പ്രധാന പ്രവർത്തന രീതികളിൽ ഒന്നാകുന്നതെന്ന് എഴുതുന്നുണ്ട്. ഇക്കാര്യം ക്വിയർവിരുദ്ധ വ്യവഹാരങ്ങൾക്കും ബാധകമാണെന്ന് കരുതാം.

ടോണി മോറിസൺ. കടപ്പാട്: minutemediacdn.com

“The function, the very serious function of racism is distraction. It keeps you from doing your work. It keeps you explaining, over and over again, your reason for being. Somebody says you have no language and you spend twenty years proving that you do. Somebody says your head isn’t shaped properly so you have scientists working on the fact that it is. Somebody says you have no art, so you dredge that up. Somebody says you have no kingdoms, so you dredge that up. None of this is necessary. There will always be one more thing.”

ട്രാൻസ് മനുഷ്യരും മനുഷ്യരാണെന്നതിന് നിരന്തരം തെളിവുകൾ ഹാജരാക്കിയാലും ഈ ക്വിയർ വിരുദ്ധ കൂട്ടങ്ങൾ അതിനെ അംഗീകരിക്കുകയില്ല. നമ്മുടെ സമയവും ഊർജവും മാനസികാരോഗ്യവും നശിപ്പിക്കാനേ ഈ ചർച്ച ഉപകരിക്കൂ. ഇവരോട് വാദിച്ചു ജയിക്കുന്നതിനേക്കാൾ വലിയ പണികൾ ഇനിയും നമുക്ക് ചെയ്യാനായുണ്ട്. നമ്മുടെ ജീവനാവകാശം വാദിച്ചു ജയിക്കാനുള്ള വിഷയമല്ല, മനുഷ്യാവകാശപ്രശ്നമാണ്.

സഹായക ഗ്രന്ഥങ്ങൾ
Jason Stanley 2018 How fascism works the politics of us and them,Random House
Jessica Hinchy 2019;Governing Gender and Sexuality in Colonial India,The Hijra , c.1850–1900,Cambridge University Press.
Louis Georgus(Ed.)2003: Tin The Dictionary of Homophobia;A Global History of Gay and Lesbian Experience,Arsenal Pulp Press.
Nira Wickramasinghe 2003: Dressing the Colonised Body: Politics, Clothing, and Identity in Sri Lanka,Orient Black Longman Private.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 3, 2023 1:58 pm