ജനങ്ങളുടെ ഡോക്ടർ, സഫറുള്ള ചൗധരിക്ക് വിട

ജനകീയാരോഗ്യ ചർച്ചകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി ലോകമെങ്ങും കേട്ടിരുന്ന പേരുകളിലൊന്നിന്റെ ഉടമ ബംഗ്ലാദേശിലെ ഡോ. സഫറുള്ള ചൗധരി ചൊവ്വാഴ്ച്ച അന്തരിച്ചു. കിഡ്നി രോഗ ചികിത്സക്കിടെ 81-ാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങിയത്. വൈദ്യരംഗത്ത് സന്നദ്ധ സേവനത്തിന് തയ്യാറുള്ള വനിതകളെ പരിശീലിപ്പിച്ച് ചികിത്സാ സഹായികളായി ബംഗ്ലാദേശിന്റെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിപ്പിച്ചു എന്നതാണ് ചൗധരിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ആ പ്രവർത്തനം ലോകമെങ്ങും അംഗീകരിക്കപ്പെട്ടു. ചികിത്സകരും സഹായികളും തീർത്തും കുറവുള്ള രാജ്യങ്ങളിൽ ഈ മാതൃക ശാസ്ത്രീയമായി പ്രയോഗിക്കാനുള്ള ശ്രമങ്ങളും പലയിടങ്ങളിലേയും ജനകീയാരോഗ്യ പ്രവർത്തകരുടെ മുൻകൈയിൽ നടന്നു.

ഡോ. സഫറുള്ള ചൗധരി

സഫറുള്ള കുട്ടിക്കാലത്ത് കൊൽക്കത്തയിലായിരുന്നു. പിന്നീട് കുടുംബം ഇന്നത്തെ ബംഗ്ലാദേശിലേക്ക് കുടിയേറി. തുടർന്ന് ധാക്കാ മെഡിക്കൽ കോളേജിൽ നിന്നും വൈദ്യ ബിരുദം കരസ്ഥമാക്കി. ബിരുദ പഠന കാലത്ത് ധാക്കാ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഴിമതികൾ തുറന്നുകാണിച്ചാണ് അദ്ദേഹം ‘വൈദ്യ രാഷ്ട്രീയ’ പ്രവർത്തനത്തിന് തുടക്കമിടുന്നത്. എക്കാലത്തും ബംഗ്ലാദേശിലെ അവാമി ലീഗിന്റെ കടുത്ത വിമർശകനുമായിരുന്നു. പിന്നീട് ഉന്നത പഠനത്തിനായി യു.കെയിൽ പോയി. അക്കാലത്താണ് പാകിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാനെ (ഇന്നത്തെ ബംഗ്ലാദേശിനെ) ആക്രമിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹവും മറ്റ് രണ്ട് സുഹൃത്തുക്കളും ലണ്ടനിൽ തങ്ങളുടെ പാക്ക് പാസ്പോർട്ടുകൾ (അന്ന് രണ്ടും ഒരു രാജ്യമായിരുന്നു) പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചു. അക്കാലത്ത് ഇന്ത്യ വഴി ബംഗ്ലാദേശിലെത്തിയ ചൗധരിക്ക് തന്റെ ഉന്നത വൈദ്യ പഠനം പൂർത്തിയാക്കാനായില്ല. മടങ്ങിയെത്തിയ അദ്ദേഹം ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ചെറിയ ക്ലിനിക്ക് ആരംഭിച്ച് ജനകീയ ചികിത്സാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാക്ക് യുദ്ധത്തെത്തുടർന്ന് പരിക്കേറ്റ അഭയാർഥികളേയും പലായിതരേയുമാണ് ഈ ക്ലിനിക്കിൽ പ്രധാനമായും ചികിത്സിച്ചിരുന്നത്. യുദ്ധം എന്നെ യഥാർഥ ഡോക്ടറാക്കിയെന്ന് ഇതു സംബന്ധിച്ച് സഫറുള്ള ചൗധരി ആത്മകഥാപരമായ ഒരു അഭിമുഖത്തിൽ ഓർക്കുന്നുണ്ട്.
ഈ ക്ലിനിക്കിന്റെ വിപുലമായ രൂപമായാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ഗൊണശാസ്തായ കേന്ദ്രം’ (ജനകീയാരോഗ്യ കേന്ദ്രം) ബംഗ്ലാദേശിലെ സാവറിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. തുടർന്ന് സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭിക്കാനായി ബംഗ്ലാദേശിൽ ഔഷധ ഫാക്ടറിയും തൊട്ടു പിന്നാലെ മെഡിക്കൽ കോളേജും സ്ഥാപിച്ചു. കോവിഡ് കാലത്ത് കുറഞ്ഞ വിലക്ക് വാക്സിനുകൾ ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ വാക്സിൻ ലോബികൾ പരാജയപ്പെടുത്തിയിരുന്നു. ജീവിച്ച കാലമത്രയും ഏറ്റവും കുറഞ്ഞ ചിലവിൽ രോഗികൾക്ക് ചികിത്സയും മരുന്നുകളും ലഭ്യമാക്കാനുള്ള ശ്രമമാണ് സഫറുള്ള ചൗധരി നടത്തിയത്. ആധുനിക വൈദ്യരംഗത്തിന്റെ എല്ലാ മേഖലകളിലും ചൂഴ്ന്നു നിൽക്കുന്ന അനിയന്ത്രിതമായ ധനാർത്തിയെ അദ്ദേഹം ചോദ്യം ചെയ്തു. സംഘടിത അലോപ്പതി ഡോക്ടർമാരും ഫാർമസ്യൂട്ടിക്കൽ കമ്പനികളും സഫറുള്ള ചൗധരിയെ പരാജയപ്പെടുത്താൻ പലവിധത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം നേരിട്ട് വിജയിച്ച കഥയാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാനാവുക.

ഡോ. സഫറുള്ള ചൗധരി

1982ൽ ബംഗ്ലാദേശിന്റെ ദേശീയ ഔഷധ നയത്തിൽ നിർണ്ണായകമായ രീതിയിൽ ഇടപെട്ടു പ്രവർത്തിക്കാൻ ചൗധരിക്കു കഴിഞ്ഞു. അക്കാലത്ത് ബംഗ്ലാദേശിലെ വിപണിയിൽ 4000ത്തോളം മരുന്നുകളുണ്ടായിരുന്നു. എന്നാൽ 150-തോളം അവശ്യ മരുന്നുകൾ (വില കുറഞ്ഞവ) വേണ്ടയളവിൽ കിട്ടാനുണ്ടായിരുന്നുമില്ല. വില കൂടിയ, വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത മരുന്നുകളാണ് ഫാർമസികളിൽ ലഭ്യമായിരുന്നത്. ഈ അവസ്ഥയെ സമ്പൂർണ്ണമായി തിരുത്തി ബംഗ്ലാദേശ് ദേശീയ ഔഷധ നയമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഏറ്റവും ചുരുങ്ങിയത് സഫറുള്ള ചൗധരി ആറു തവണയെങ്കിലും കേരളം സന്ദർശിച്ചിട്ടുണ്ട്. (പ്രധാനമായും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്). അത്തരമൊരു യാത്ര ഓർത്തു കൊണ്ട് ഡോ.ബി ഇഖ്ബാൽ എഴുതി: “ഡോ. സഫറുള്ള ചൗധരി വിട പറഞ്ഞു. എറണാകുളത്ത് പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത് ഞാനായിരുന്നു. വളരെ down to earth ആയ മനുഷ്യനായിരുന്നു. ബംഗ്ലാദേശിൽ നിന്ന് വലിച്ചു കയറ്റിയ ജീൻസിലാണ് തിരികെ എത്തുന്നത് വരെയുള്ള യാത്ര!”

ശാസ്ത്ര സാഹിത്യ പരിഷത്ത് 1986ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സഫറുള്ള ചൗധരി (നടുക്ക്) ഇടത്ത് ഡോ. സി.ആർ സോമൻ, വലത്ത് ഡോ. ബലരാമൻ നായർ.

റൈറ്റ് ലൈവ്ലി ഹുഡ്, മാ​ഗ്സസെ തുടങ്ങി നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ ‘അവശ്യ മരുന്നുകളുടെ രാഷ്ട്രീയം’ ( Politics of essential drugs-ന്റെ മലയാള പരിഭാഷ: പ്രസാധനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വിവർത്തനം: പി.പി.കെ. പൊതുവാൾ, മെയ് 1998) എന്ന പുസ്തത്തിൽ നിന്നുള്ള ഒരധ്യായം ഇവിടെ പുനഃപ്രകാശിപ്പിക്കുന്നു. പുസ്തകത്തിന്റെ പ്രസാധനക്കുറിപ്പ് ഇങ്ങിനെയാണ്: “ജനോപകാരപ്രദമായ ഒരു ദേശീയ ഔഷധ നയത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് 1982ൽ ബംഗ്ലാദേശിൽ രൂപീകരിച്ച ദേശീയ ഔഷധ നയം. ആ നയ രൂപീകരണ വേളയിലും തുടർന്നും രാജ്യാന്തര കുത്തകകളുടേയും കച്ചവട ലോബികളുടേയും സ്ഥാപിത താൽപര്യങ്ങളെയും കുതന്ത്രങ്ങളെയും എങ്ങിനെയെല്ലാം നേരിടേണ്ടിവന്നുവെന്ന് ആ നയത്തിന്റെ ആസൂത്രകരിൽ പ്രധാനിയായിരുന്ന ഡോ. സഫറുള്ള ചൗധരി ഈ പുസ്തകത്തിൽ സവിസ്തരം പ്രതിപാദിപ്പിക്കുന്നു. ശ്രീലങ്കയിലും ചിലിയിലും കൊളംബിയയിലും ഈ ദിശയിൽ നടത്തിയ പരീക്ഷണങ്ങളേയും ഇന്ത്യയിൽ ജന്മമെടുത്ത ഹാത്തി കമ്മിറ്റി റിപ്പോർട്ടിനേയും ഇത്തരം ജനപക്ഷ നയങ്ങളെ സർവ ശക്തിയുമെടുത്ത് എതിർക്കുന്ന സാമ്രാജ്യത്വ കുതന്ത്രങ്ങളേയും വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഡോ. സഫറുള്ള ചൗധരിയുടെ പുസ്തകത്തിന്റെ പരിഭാഷയാണിത്.” സഫറുള്ളയുടെ ജീവിതത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ ഈ ഖണ്ഡിക മാത്രം മതിയാകും. കേരളത്തിൽ ഇത്തരം സംവാദങ്ങൾ പിന്നീട് എന്തുകൊണ്ട് മുന്നോട്ടു പോയില്ല? നമുക്ക് ഒരു സഫറുള്ള ചൗധരി ഉണ്ടാകാതെ പോയത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾ തീർച്ചയായും ഉത്തരമില്ലാതെ നമ്മുടെ മുന്നിലുണ്ട്. ആദരാജ്ഞലികൾ, വിട സഫറുള്ള ചൗധരി.

അവശ്യമരുന്നുകളുടെ രാഷ്ട്രീയം’ എന്ന പുസ്തകത്തിൽ നിന്നും

അതിശക്തവും ലാഭക്കൊതിയിൽ അധിഷ്ഠിതവുമായ ആഗോള ഔഷധ വ്യവസായത്തിന് നേർക്കുനേരെ നിന്നുകൊണ്ട് ഒരു ദേശീയ ഔഷധനയത്തിന് നാന്ദി കുറിച്ച് രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. മരുന്നുകളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുക വഴി പൗരന്മാരുടെ ആരോഗ്യനില മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മറ്റു ചില രാജ്യങ്ങളെപ്പോലെ ആരോഗ്യ പരിരക്ഷയേയും രോഗശമനത്തേക്കാളും ലാഭക്കൊതിയിൽ കണ്ണുനട്ടിരിക്കുന്ന രാജ്യാന്തര കമ്പനികൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിവർന്നു നിൽക്കുന്ന ഒരു നിലപാട് ഞങ്ങൾ സ്വീകരിച്ചു. ഭരണകൂടങ്ങളുടെയും രാഷ്ട്രീയക്കാരുടേയും കാര്യം പറഞ്ഞാൽ, ഔഷധ ഇടപാടുകളെ യുക്തിഭദ്രമാക്കാൻ മൂന്നാം ലോകരാജ്യങ്ങളിലും മറ്റും നടന്നുവരുന്ന ശ്രമങ്ങളിൽ മിക്കപ്പോഴും രാജ്യാന്തര കമ്പനികളുടെ പക്ഷത്തു നിൽക്കുവാനാണ് അവർക്ക് താത്പര്യം. ദേശീയ മെഡിക്കൽ സംഘടനകളും പരിഷ്കരണങ്ങളോട് എതിർപ്പു കാട്ടുന്നു. രാജ്യാന്തര കമ്പനികളോടൊപ്പമാണ് അവരും. ആസ്ട്രേലിയയിലും ന്യൂസിലന്റിലും യു.എസ്.എയിലും ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും മെഡിക്കൽ തൊഴിൽരംഗത്തുള്ളവർ തന്നെ യുക്തിഭദ്രവും വിലനിയന്ത്രണത്തിനു സഹായകവുമായ ഔഷധനയങ്ങൾ നടപ്പിലാക്കാൻ ചെയ്തുവരുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുവാൻ മുമ്പോട്ടു വരികയും ചെയ്യുന്നു.

അവശ്യമരുന്നുകളുടെ രാഷ്ട്രീയം, കവർ

ആഗോള ഔഷധവിപണിയെ ബഹുരാഷ്ട്രകുത്തകകൾ എത്രത്തോളം തങ്ങളുടെ പിടിയിലൊതുക്കി നിർത്തിയിരിക്കുന്നു എന്നതിന് ഹ്രസ്വമായ ഒരു സർവെ റിപ്പോർട്ട് തെളിവു നൽകുന്നുണ്ട്. 1992-93 ൽ ലോകത്തെ ഏറ്റവും വലിയ അഞ്ച് രാജ്യാന്തര കമ്പനികൾ (T.N.C) ഔഷധ വിപണനത്തിന്റെ അഞ്ചിലൊന്നും (പതിനെട്ടു ശതമാനം) കൈയടക്കി. ഏറ്റവും വലിയ പത്തു കമ്പനികൾ വ്യാപാരത്തിന്റെ മുപ്പതുശതമാനവും. ഏറ്റവും വലിയ ഇരുപതു കമ്പനികൾ അമ്പതുശതമാനത്തിലേറെയും സ്വന്തമാക്കി. വിൽപനയിലെ ലാഭം ഇരുപത്തിയഞ്ചു ശതമാനം തൊട്ട് മുപ്പത്തിയേഴ് ശതമാനം വരെയാണ്. മെർക്ക് 31 ശതമാനം, ഗ്ലാസൊ 34 ശതമാനം, മിലൻ (യു.എസ്. ജനറിക് കമ്പനി) 33.3 ശതമാനം, ഏറ്റവും വലിയ കമ്പനികളുടെ വിദേശവ്യാപാരം 55.8 മുതൽ 89.7 വരെ ശതമാനമായിരുന്നു. അതേസമയം സീബാ-ജീജി, റോഷ്, സാന്റോസ് എന്നീ സ്വിസ് കമ്പനികൾ നടത്തിയ വ്യാപാരത്തിന്റെ തൊണ്ണൂറ്റിയഞ്ചു ശതമാനവും വിദേശ വിപണികളിലാണ് നടന്നത് ഔഷധ വ്യവസായ മേഖല അതിശക്തമെന്നതുപോലെ അഴിമതികളുടെ കൂത്തരങ്ങുമാണ്. ആസ്ട്രേലിയൻ കുറ്റാന്വേഷണ ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ ബെയ്ത്ത് വെയ്റ്റ് വ്യക്തമാക്കിയിട്ടുള്ളതുപോലെ മറ്റേതൊരു വ്യവസായ മേഖലയെക്കാളും മോശമാണ് അഴിമതിയിലും കൈക്കൂലിയിലും അതിനുള്ള റെക്കോഡ്. മരുന്നുകളുടെ ഉല്പാദനത്തിൽ കാട്ടിവരുന്ന കുറ്റകരമായ അവഗണനയുടെ കാര്യം പറയാനേയില്ല. മരുന്നുകളുടെ സുരക്ഷാ പരിശോധനയിൽ കാട്ടുന്ന തട്ടിപ്പുകളാണ് അതിന്റെ മറ്റൊരു മുഖമുദ്ര. ഈ രണ്ടു കാര്യങ്ങളിലും ഔഷധ വ്യവസായ മേഖലക്ക് മോശമായ ഒരു ചരിത്രം തന്നെയുണ്ട്.

ഔഷധങ്ങൾക്കുവേണ്ട ചെലവ്

ഔഷധോല്പന്നങ്ങൾക്കുവേണ്ടി ആഗോള തലത്തിൽ പ്രതിവർഷം ചെലവാക്കപ്പെടുന്ന തുക 220 ബില്യൺ യു.എസ് ഡോളർ (ഇരുപത്തി രണ്ടായിരം കോടി ഡോളർ) ആണെന്ന് കണക്കാക്കിയിട്ടുണ്ട്. എന്നിട്ടും രണ്ടു ബില്യനോളം (ഇരുന്നൂറു കോടി ജനങ്ങൾക്ക് ഒരു തരത്തിലുള്ള മരുന്നും ലഭ്യമാകുന്നേയില്ല. ലോകത്തിലെ ഇരുപത്തിയഞ്ചു ശതമാനം ജനങ്ങൾ മാത്രം അധിവസിക്കുന്ന വ്യവസായവൽകൃത രാഷ്ട്രങ്ങൾ ആകെ മരുന്നിന്റെ എൺപത്തിയാറു ശതമാനവും ഉപയോഗിക്കുന്നു. അതേസമയം മൂന്നാം ലോകത്തു താമസിക്കുന്ന എഴുപത്തിയഞ്ചു ശതമാനത്തിന് കിട്ടുന്നത് ബാക്കിയുള്ള പതിനാലു ശതമാനം മാത്രം! മരുന്നുകളുടെ ആളോഹരി ഉപഭോഗം ഓരോ രാജ്യത്തും ഓരോ തരത്തിലാണ്. ബംഗ്ലാദേശിൽ അത് രണ്ട് യു.എസ് ഡോളർ. യു.എസ്.എ യിൽ 400 ഡോളറും (പട്ടിക 1.1) മിക്ക മൂന്നാം ലോകരാജ്യങ്ങളും അവരുടെ മൊത്തം ആരോഗ്യ ബജറ്റിന്റെ 22 ശതമാനം മുതൽ 60 ശതമാനത്തിലേറെ വരെ ഔഷധങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നു. ജപ്പാൻ ഒഴികെയുള്ള വ്യവസായവൽകൃത രാഷ്ട്രങ്ങളിൽ ഈ അനുപാതം എട്ടു ശതമാനത്തിനും പത്തു ശതമാനത്തിനും ഇടയിലാണ്.

അനാവശ്യ മരുന്നുകൾ, ഫലമില്ലാ മരുന്നുകൾ, അപകട മരുന്നുകൾ

മരുന്നോരോന്നിനും ബ്രാന്റുകളുടെ എണ്ണം രാജ്യമനുസരിച്ച് വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും മോശമായ നിയന്ത്രണ സംവിധാനവും ഗുണനിലവാര നിയന്ത്രണ സംവിധാനവുമുള്ള മൂന്നാം ലോകരാജ്യങ്ങളിലാണ് ബ്രാന്റുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. 1994 ൽ നോർവേയിൽ രണ്ടായിരത്തി അറുന്നൂറും ബ്രിട്ടനിൽ ആറായിരത്തി അഞ്ഞൂറും ജർമനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലോരോയിടത്തും ഏതാണ്ട് പതിനായിരത്തിനടുത്തും ബ്രാന്റ് മരുന്നുകൾ ലഭ്യമായിരുന്നപ്പോൾ ബ്രസീലിൽ അത് ഇരുപതിനായിരവും ഇന്ത്യയിൽ അമ്പതിനായിരവുമായിരുന്നു!

അവശ്യമരുന്നുകളുടെ രാഷ്ട്രീയം, കവർ

മരുന്നുകളുടെ യുക്തിഭദ്രമല്ലാത്ത ഉപയോഗം വിപണിയിൽ ലഭ്യമായ ബ്രാന്റുകളുടെ എണ്ണം, അവയുടെ പ്രോത്സാഹനം എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ ഒരർഥ ദശകത്തിനിടയിൽ തെക്കും വടക്കുമുള്ള ഒട്ടനവധി രാജ്യങ്ങൾ ഔഷധ വിപണിയെ സംബന്ധിക്കുന്ന വിവിധ പ്രശ്നങ്ങൾ അന്വേഷിക്കുന്നതിനുവേണ്ടി കമ്മറ്റികളും കമ്മീഷനുകളും നിയോഗിച്ചിട്ടുണ്ട്. ഒറ്റയൊരപവാദം പോലുമില്ലാത്തവിധം ഇവയുടെയെല്ലാം അഭിപ്രായം അങ്ങേയറ്റം അസ്വസ്ഥജനകമായിരുന്നു.

പുതിയതും ഉപയോഗപ്രദവുമായ മരുന്നുകളെക്കുറിച്ചുള്ള ദീർഘകാല ഗവേഷണങ്ങൾക്ക് പണം മുടക്കണമെങ്കിൽ വലിയ ലാഭം കൊയ്യേണ്ടത് അനുപേക്ഷണീയമാണെന്ന ഒരു ധാരണ പരക്കെ നിലവിലുണ്ട്. സ്ഥിതിഗതികൾ ഇതിനുനേർ വിപരീതമാണെന്നതാണ് വാസ്തവം. കുറേ പിറകിലേക്കുപോയി 1959 ൽ ബ്രിട്ടൻ പബ്ലിക്ക് എക്കൗണ്ട്സ് കമ്മറ്റി രേഖപ്പെടുത്തിയ ഒരഭിപ്രായം ശ്രദ്ധിക്കുക: നിലവിലുള്ള മരുന്നുകളുടെ അനാവശ്യ വ്യതിരൂപങ്ങൾ തയ്യാറാക്കി വിൽക്കുന്നതിനുള്ള ഒരു പ്രേരണയായി അമിത ലാഭത്തെ മരുന്നു കമ്പനികൾ ഉപയോഗപ്പെടുത്തുന്നു. 1965 ൽ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച സെയ്ൻസ്ബറി കമ്മറ്റി അഭിപ്രായപ്പെട്ടത് അന്ന് മാർക്കറ്റിൽ ലഭ്യമായിരുന്ന 2,241 മരുന്നുകളിൽ 35 ശതമാനവും കാലഹരണപ്പെട്ടവയും ഫലപ്രദമല്ലാത്തവയും അഥവാ യുക്തിക്കു നിരക്കാത്ത രീതിയിൽ ചേർക്കപ്പെട്ട ചേരുവകൾ അടങ്ങിയവയും ആയിരുന്നു എന്നാണ്. ഏതാണ്ട് രണ്ടു ദശകത്തിനുശേഷം 1983 ൽ, ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റ് ബ്രിട്ടൻ എന്നീ മെഡിക്കൽ സംഘടനകളിലെ വിദഗ്ദ്ധ നാരടങ്ങിയ ബ്രിട്ടീഷ് ജോയന്റ് ഫോർമുലറി കമ്മറ്റി കണ്ടെത്തിയതും മറ്റൊന്നല്ല. ലഭ്യമായ ഔഷധങ്ങളുടെ 22 – 24 ശതമാനവും ‘അനിശ്ചിതമോ’, ‘സംശയാസ്പദമോ’ ആയ മൂല്യം ഉള്ളവയോ അഥവാ മിക്കവാറും മൂല്യമേ ഇല്ലാത്തവയോ ആണെന്ന് അവർ രേഖപ്പെടുത്തി.

ഔഷധ വിപണിയെക്കുറിച്ച് ഇദംപ്രഥമമായി ഒരന്വേഷണത്തിന്
തുനിഞ്ഞ ആദ്യത്തെ മൂന്നാം ലോകസംരംഭം 1974 ഫെബ്രുവരിയിൽ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ച ഹാത്തി കമ്മറ്റിയാണ്. ജയ്സുഖ്ലാൽ ഹാത്തിയായിരുന്നു ഇതിന്റെ അധ്യക്ഷൻ. അനാവശ്യ മരുന്നുകളും യുക്തിക്കു നിരക്കാത്ത രീതിയിലുള്ള ചേരുവകളും മാർക്കറ്റിൽ കുന്നുകൂടാനുള്ള പ്രധാന കാരണം ബ്രാന്റു നാമങ്ങളാണ് – ഇതായിരുന്നു ഹാത്തി കമ്മറ്റി എത്തിച്ചേർന്ന സുപ്രധാന നിഗമനങ്ങളിൽ ഒന്ന്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 13, 2023 11:25 am