പണം ഉപയോഗിച്ച്, പ്രണയം അഭിനയിച്ച് മുസ്ലീം യുവാക്കൾ സംഘടിതമായി ഹിന്ദു യുവതികളെ മതംമാറ്റി വിവാഹം ചെയ്യുന്നു എന്നതാണ് ലൗ ജിഹാദ് എന്ന ആരോപണം. ഒരു പ്രചാരണ വിഷയമായി സംഘപരിവാർ ലൗ ജിഹാദ് ക്യാമ്പയിൻ ഉപയോഗിച്ച് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജാതിഹിന്ദു സമുദായങ്ങളുടെ അഖണ്ഡതയ്ക്ക് ഭീഷണിയായി മിശ്രമത-മിശ്രജാതി വിവാഹങ്ങളെ കാണുന്ന മനോനില തന്നെയാണ് ലൗ ജിഹാദ് പ്രചാരണത്തിന്റെ പിന്നിലും എന്ന് വ്യക്തമാക്കുന്നു അത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോർട്ടുകൾ. പ്രണയം മാത്രമല്ല, അതിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളുടെ സാമൂഹ്യപശ്ചാത്തലവും സ്വത്വവും ലൗ ജിഹാദ് എന്ന വ്യാജ പ്രചാരണത്തിന്റെ വഴി നിർണയിക്കുന്ന ഘടകങ്ങളാകുന്നു. ഇന്ത്യയിലെ ജനസംഖ്യാനുപാതം മാറ്റിയെടുക്കാനുള്ള മുസ്ലീം ഗൂഢാലോചനയാണ് ലൗ ജിഹാദ് എന്ന ആരോപണത്തിലൂടെ ഈ പ്രചാരണത്തിന്റെ വംശീയ സ്വഭാവമാണ് വെളിപ്പെടുന്നത്. വർഷങ്ങൾകൊണ്ട് രൂപപ്പെട്ടുവന്ന ഇതിന്റെ അടിത്തറ ‘വംശീയ അപരർ (racial other)’ ആയ ഒരു ശത്രുവിനെ നിയമപരമായി സൃഷ്ടിച്ച് അതിന് ചുറ്റുമായി ദേശീയ രാഷ്ട്രീയത്തെ നിലനിർത്തുക എന്നതാണ്. കുറ്റകൃത്യങ്ങളെ വരെ വർഗീയമായി അവതരിപ്പിക്കുന്നതിലൂടെ ലൗ ജിഹാദ് പ്രചാരണത്തെ സജീവമാക്കി നിലനിർത്തുകയാണ് ഹിന്ദുത്വ സംഘടനകൾ. 2022 മെയിൽ ഡൽഹിയിൽ നടന്ന ശ്രദ്ധ വാൾക്കറിന്റെ കൊലപാതകവും 2024 ഏപ്രിലിൽ കർണാടകയിൽ നടന്ന നേഹ ഹിരേമതിന്റെ കൊലപാതകവും വരെ ലൗ ജിഹാദുമായി ബന്ധിപ്പിക്കാൻ സംഘപരിവാർ നേതാക്കളും ചില വാർത്താ മാധ്യമങ്ങളും നടത്തിയ ശ്രമങ്ങൾ അതിന് ഉദാഹരണങ്ങളാണ്. ലൗ ജിഹാദ് പ്രചാരണത്തിന്റെ ഉറവിടവും വളർച്ചയും എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുകയാണ് ഈ റിപ്പോർട്ട്.
ലൗ ജിഹാദിന്റെ തുടക്കവും വളർച്ചയും
മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്ന ഹിന്ദുത്വ പദ്ധതികൾക്ക് പല രൂപങ്ങളുണ്ട്. അതിനാൽത്തന്നെ ലൗ ജിഹാദ് എവിടെ നിന്ന് തുടങ്ങി എന്ന് കൃത്യമായി പറയുക പ്രയാസമാണ്. പക്ഷേ, ദേശവ്യാപകമായ ഒരു പ്രചാരണമായി ലവ് ജിഹാദിനെ രൂപപ്പെടുത്തിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും കർണാടകത്തിലും നിന്നാണ് എന്നാണ് സർക്കാർ-മാധ്യമ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
1990കളുടെ അവസാനത്തിൽ കർണാടകത്തിൽ നിന്നാണ് ലൗ ജിഹാദ് എന്ന വിദ്വേഷ പ്രചാരണത്തിന്റെ തുടക്കം. 2019ൽ ഫസ്റ്റ് പോസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ‘തീരദേശ കർണാടക കാവിവൽക്കരിക്കപ്പെട്ടതെങ്ങനെ?’ എന്ന് അന്വേഷിക്കുന്ന ഗ്രീഷ്മ കുതറിന്റെ അന്വേഷണ പരമ്പരയിൽ ഹിന്ദു ജാഗ്രതാ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ കർണാടകത്തിൽ ലൗ ജിഹാദ് ആരോപിച്ചുകൊണ്ട് നടത്തിയ ശാരീരികമായ ആക്രമണങ്ങളും പൊലീസ് നടത്തിയ അധികാര പ്രയോഗങ്ങളും സദാചാര പൊലീസിങ്ങും അടയാളപ്പെടുത്തിയിട്ടുണ്ട്. 2008ൽ ബി.ജെ.പി കർണ്ണാടകത്തിൽ അധികാരത്തിൽ വന്നതോടുകൂടി ഈ പ്രചാരണം ആധികാരികത നേടിയെന്നും ഈ റിപ്പോർട്ട് നിരീക്ഷിക്കുന്നു.
രണ്ടായിരത്തിന്റെ തുടക്കത്തോടെയാണ് കർണാടകത്തിന്റെ തീരദേശപ്രദേശങ്ങളിൽ തദ്ദേശീയ സമുദായങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ലൗ ജിഹാദ് പ്രചാരണം ശക്തമാകുന്നത്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിതമായ പ്രചാരണവും മംഗളൂരു പബ് ആക്രമണം പോലെ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വർഗീയമായ വേർതിരിവുകളുണ്ടാക്കാൻ കാരണമായിത്തീർന്നു. 2009ൽ കർണാടകത്തിൽ ലൗ ജിഹാദ് ആരോപണം ശക്തമാകുകയും കർണാടക ഹെെക്കോടതിയിലേക്ക് മകളുടെ പ്രണയ ബന്ധത്തിൽ ലൗ ജിഹാദ് ആരോപിച്ചുകൊണ്ട് സെൽവരാജ് എന്ന വ്യക്തിയുടെ പരാതി എത്തുകയും ചെയ്തു. പ്രതിസ്ഥാനത്ത് മലയാളിയായ മുസ്ലീം യുവാവ് ആയിരിക്കെ, കേരളത്തിലേക്കും കർണാടകത്തിന്റെ അന്വേഷണം നീളുന്നു. ഈ അന്വേഷണവും ലവ് ജിഹാദ് എന്നൊരു വാദത്തെ ഉറപ്പിക്കുന്ന വിവരങ്ങൾ കൊണ്ടുവന്നില്ല. മകൾ സിൽജരാജിന്റെ കണ്ണൂർ സ്വദേശിയായ അസ്ഗറുമായുള്ള വിവാഹം ലവ് ജിഹാദ് ആണെന്നുള്ള പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സി.ഐ.ഡി നടത്തിയ അന്വേഷണത്തിലും സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ട് എന്നതിന് തെളിവുകൾ ലഭിച്ചില്ല.
2009 മുതൽ കേരളത്തിലും ലൗ ജിഹാദ് സംബന്ധിച്ച വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആദ്യ ലൗ ജിഹാദ് കേസ് കേരളത്തിൽ ആരോപിക്കപ്പെടുന്നത് 2009ലാണ്. ഹൈന്ദവ കേരളം എന്ന വെബ്‌സൈറ്റിൽ 2009 മുതൽ അൻപതിലധികം റിപോർട്ടുകൾ ലൗ ജിഹാദിനെ കുറിച്ച് മാത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ലൗ ജിഹാദ് വിദ്വേഷ പ്രചാരണത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ പങ്കാളികളായവരായി വ്യക്തികളും രാഷ്ട്രീയ നേതാക്കളും ഹൈന്ദവ സംഘടനകളും മാധ്യമങ്ങളും ഉണ്ട്. കേരളത്തിലോ ദക്ഷിണേന്ത്യയിലോ മാത്രമായി പ്രാദേശികമായി രൂപപ്പെട്ട ഒരു പ്രചാരണമല്ല, ദേശീയ രാഷ്ട്രീയത്തിലെ ഹിന്ദുത്വവത്കരണ അജണ്ടയുടെ ഭാഗമായി ആസൂത്രിതമായി നിർമ്മിക്കപ്പെട്ട ഒന്നാണത് എന്നതിന് തെളിവുകളുണ്ട്.
രാജ്യത്ത് നടന്ന വിവിധ ഭീകരവാദ സ്‌ഫോടനങ്ങളിൽ പ്രതികളാക്കപ്പെട്ട മഹാരാഷ്ട്രയിലെ സനാതൻ സൻസ്ത എന്ന സംഘടനയുടെ ഭാഗമായി 2002ൽ രൂപീകരിക്കപ്പെട്ട ഹിന്ദു ജനജാഗൃതി സമിതിയാണ് ലൗ ജിഹാദ് പ്രചാരണത്തിന് തുടക്കം കുറിച്ചതെന്ന് കാണാം. ‘ഫോർ ദ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഹിന്ദു രാഷ്ട്ര’ എന്നാണ് ഹിന്ദു ജനജാഗൃതി സമിതിയുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരണം. ഇസ്ലാമിക മതപരിവർത്തന കേന്ദ്രങ്ങളിൽ ഹിന്ദു പെൺകുട്ടികൾ മാനസികവും ശാരീരികവുമായ പീഡനത്തിനിരയാകുന്നു, ഹിന്ദു പെൺകുട്ടികൾ മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കടത്തുകാരായി പ്രവർത്തിക്കുന്നു, ലൗ ജിഹാദിന് ഇരയാകുന്ന ചില പെൺകുട്ടികൾ ചതിക്കപ്പെട്ടതായി തോന്നുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു, ഹിന്ദു പെൺകുട്ടികൾ ആത്മഹത്യാ ബോംബുകളായി പ്രവർത്തിക്കുന്നു, ജിഹാദി പ്രവർത്തനങ്ങൾക്ക് അവർ ഉപയോഗിക്കപ്പെടുന്നു, ഹിന്ദു പെൺകുട്ടികൾ വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിതരാകുന്നു, ഇസ്ലാമിക രാജ്യങ്ങളിൽ ലൈംഗിക അടിമകളായി മാറുന്നു, ജനസംഖ്യയിൽ മാറ്റം വരുത്തുന്നതിനായി ഹിന്ദു പെൺകുട്ടികളെ കുഞ്ഞുങ്ങളെ നിർമ്മിക്കുന്ന യന്ത്രങ്ങളായി ഉപയോഗിക്കപ്പെടുന്നു, നിക്കാഹിന് ശേഷം ഹിന്ദു പെൺകുട്ടികൾ അവരുടെ സ്വാതന്ത്ര്യവും വ്യക്തിപരമായ അവകാശങ്ങളും നഷ്ടപ്പെട്ടവരാകുന്നു, ബഹുഭാര്യാത്വം നിലവിലുള്ളതിനാൽ വിവാഹശേഷം ഹിന്ദു പെൺകുട്ടികൾ അനേകം ഭാര്യമാരിൽ ഒരാൾ ആകുന്നു തുടങ്ങിയ വിവരണങ്ങളാണ് ‘ലൗ ജിഹാദ് ഇരകൾക്ക് സംഭവിക്കുന്ന ദുരവസ്ഥ’ എന്ന തലക്കെട്ടിൽ ഈ വെബ്‌സൈറ്റിലുള്ളത്. സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക, ഹിന്ദു പെൺകുട്ടികളുടെ ഫോൺ നമ്പറുകൾ റീചാർജ് കടകൾ വഴി ഷെയർ ചെയ്യപ്പെടുന്നു, വിവാഹ പോർട്ടലുകളിലെ പ്രൊഫൈലുകൾ പിന്തുടർന്ന് ഹിന്ദു പേരുകൾ ഉപയോഗിച്ച് നിങ്ങളുമായി ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ട് എന്നീ മുന്നറിയിപ്പുകളാണ് വെബ്‌സൈറ്റിൽ ഹിന്ദു പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി കൊടുത്തിട്ടുള്ളത്. ‘ലൗ ജിഹാദ്; ഹിന്ദു ധർമ്മം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരവും’ എന്ന രമേഷ് ഷിൻഡേ, മോഹൻ ഗൗഡ എന്നിവർ ചേർന്നെഴുതിയ പുസ്തകം എല്ലാ ഹിന്ദു വീടുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായും ലൗ ജിഹാദ് തടയുന്നതിനുള്ള നിയമം രൂപീകരിക്കാൻ ആവശ്യപ്പെടുന്നു എന്നതും ഇവരുടെ പ്രധാന അവകാശവാദങ്ങളാണ്. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യമെന്നും പറയുന്നു.
കേരളത്തിൽ ലൗ ജിഹാദ് പ്രചാരണം ശക്തമായതെങ്ങനെ ?
2009 ഡിസംബറിൽ ഷഹൻ ഷാ, സിറാജുദ്ദീൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കേരള ഹെെക്കോടതി ‘ലൗ ജിഹാദ്’ ഒരു ഭീഷണിയാണ് എന്ന രീതിയിൽ ആ വാക്ക് ഉപയോഗിച്ചുകൊണ്ട് വിധി പ്രസ്താവം നടത്തിയത്. ഒരു ഹിന്ദു പെൺകുട്ടിയെയും ഒരു ക്രിസ്ത്യൻ പെൺകുട്ടിയെയും ഇവർ മതംമാറ്റി വിവാഹം ചെയ്തു എന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നുള്ള കോടതി നടപടിയിലാണ് ഈ വിധി വന്നത്. തുടർന്ന് ‘റോമിയോ ജിഹാദ്’ അല്ലെങ്കിൽ ‘ലൗ ജിഹാദ്’/ സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപോർട്ട് സമർപ്പിക്കാൻ ജഡ്ജി കെ.ടി ശങ്കരൻ ഉത്തരവിട്ടു. ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിനും കോടതി നിർദ്ദേശം നൽകി. പെൺകുട്ടികൾ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരായി മതപരിവർത്തനം നിർബന്ധിതമായിരുന്നില്ല എന്ന് പറഞ്ഞിട്ടും ‘ആ മൊഴി ജാമ്യാപേക്ഷയിൽ പരിഗണിക്കപ്പെടേണ്ട വസ്തുതയല്ല’ എന്നാണ് ഹൈക്കോടതി ജഡ്ജി പറയുന്നത്.
“ലൗ ജിഹാദ് അല്ലെങ്കിൽ റോമിയോ ജിഹാദ് എന്ന് അറിയപ്പെടുന്ന സംഘടനകളോ മുന്നേറ്റമോ കേരളത്തിൽ പ്രവർത്തിക്കുന്നില്ല. ഏതെങ്കിലും സംഘടന നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനായി സജീവമായി പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായി തെളിവില്ല. പ്രണയത്തിനകത്ത് നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടായിട്ടില്ല.” പൊലീസ് റിപോർട്ട് വ്യക്തമാക്കി.
“വലിയ തോതിലുള്ള മിശ്രമത വിവാഹങ്ങൾ ഓരോ വർഷവും നടക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ മതപരിവർത്തനവും അത്രയും തന്നെ നടക്കുന്നുണ്ട്. ഇത്തരം വിവാഹങ്ങളെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളോ കൃത്യമായ എണ്ണമോ ഒരു പൊലീസ് ഏജൻസിയുടെ കയ്യിലും ഇല്ല. അതേ സമയം മുസ്ലീം ആൺകുട്ടികളുമായി പ്രണയത്തിലാകുന്ന പെൺകുട്ടികളുടെ മതം മാറ്റുന്നതിനായി സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നു സംശയിക്കാൻ കാരണങ്ങൾ ഉണ്ട്. മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ചില ഗ്രൂപ്പുകൾ യുവാക്കൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിനെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലാത്ത വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.” ഇങ്ങനെ അപൂർണമായ, മുൻവിധി നിറഞ്ഞ വിവരണവും ജസ്റ്റിസ് കെ.ടി ശങ്കരന്റെ കോടതി വിധിയിലുണ്ട്.
സംസ്ഥാന പൊലീസ് മേധാവി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നതിനോ ആ പേരിലുള്ള സംഘടനകൾ പ്രവർത്തിക്കുന്നതിനോ തെളിവുകളില്ല എന്നാണ് പ്രാദേശികമായി ലഭിച്ച റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ട് ജഡ്ജ്മെന്റിൽ തന്നെ വിവരിച്ചിട്ടുള്ളത്. ലൗ ജിഹാദ് നടന്നിട്ടുള്ളതായി തെളിവുകളില്ല എന്ന് പറയുമ്പോഴും വിവിധ മുസ്ലീം സംഘടനകൾക്കെതിരെ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം കോടതി വിധി ഉന്നയിക്കുന്നുണ്ട്. ലൗ ജിഹാദ് ആരോപിക്കുന്ന പരാതികളൊന്നും കിട്ടിയിട്ടില്ല എന്നും ഡി.ജി.പി തന്നെ ഹെെകോടതിയിൽ വിവരങ്ങൾ നൽകിയിട്ടും അത് പരിഗണിക്കാത്ത തരത്തിലുള്ള പ്രസ്താവനകൾ വിധിയിൽ ഉൾപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ബാക്കിയാകുന്നു.
രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രണയം ഭരണഘടനാപരമായ അവകാശമാണെന്ന വസ്തുത നിലനിൽക്കെ തന്നെ അത്തരം പ്രണയത്തിലൂടെ വിവാഹിതരാകുന്നവരിൽ ഒരാൾ മറ്റൊരാളുടെ മതം സ്വീകരിക്കേണ്ടിവരുന്നു എന്നത് ആശങ്കയുണ്ടാക്കുന്ന പ്രവണതയാണ് എന്നും വിധിയിൽ പറയുന്നു., അങ്ങനെ വരുമ്പോൾ അവരുടെ പ്രണയം അല്ല മതമാണ് മുന്നിട്ട് നിൽക്കുന്നത് എന്നാണ് ജഡ്ജിയുടെ വിലയിരുത്തൽ. രക്ഷിതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങളും ഇന്ത്യയിൽ നിലവിലുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട് പ്രായപൂർത്തിയായ മക്കൾക്കുമേൽ രക്ഷിതാക്കൾക്കുള്ള അധികാരത്തെയും അടിവരയിടുന്നതാണ് ഈ വിധി.
എന്നാൽ പിന്നീട് കേരള ഹെെക്കോടതിയിലെ മറ്റൊരു ബെഞ്ച് ഇതിനെ തിരുത്തുന്ന ഉത്തരവും പുറപ്പെടുവിച്ചു. 2010ൽ ജസ്റ്റിസ് എം ശശിധരൻ നമ്പ്യാരിന്റേതാണ് ‘ലവ് ജിഹാദ് ഇല്ല’ എന്ന കോടതി ഉത്തരവ്. “ജസ്റ്റിസ് നമ്പ്യാരുടെ പൊലീസ് രേഖയുടെ വിചാരണയെത്തുടർന്ന് ഷഹൻഷായ്ക്കും സിറാജുദ്ദീനുമെതിരായ കേസുകൾ പിൻവലിച്ചു. “ഇന്ത്യയുടെ ഒറിജിനൽ ലവ് ജിഹാദ് കേസ് അതോടെ തകർന്നു, എന്നാൽ ഇത്തവണ മാധ്യമങ്ങളിൽ അതേക്കുറിച്ചു ബഹളങ്ങളുണ്ടായില്ല. 2010 ഡിസംബറിൽ പൊലീസിന്റെ പിൻവാങ്ങൽ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ശശിധരൻ നമ്പ്യാർ ചെറിയൊരു ഉത്തരവ് പുറത്തിറക്കി, അനാവശ്യമാണെന്ന് കണ്ട് ഈ പരാതി തള്ളിക്കളയുന്നു (Petitions are dismissed as infructuous.)”- ( ‘ലവ് ജിഹാദ് ആൻഡ് അദർ ഫിക്ഷൻസ്’)
നുണകൾക്ക് മേൽ നിർമ്മിക്കപ്പെടുന്ന പോപ്പുലർ നറേറ്റീവുകൾ വർഗീയതയുടെ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നത് എങ്ങനെയെന്ന് അന്വേഷിച്ചുകൊണ്ട് മറിയം അലവി, ശ്രീനിവാസൻ ജെയ്ൻ, സുപ്രിയ ശർമ എന്നീ മൂന്ന് മാധ്യമപ്രവർത്തകർ എഴുതിയ ‘ലവ് ജിഹാദ് ആൻഡ് അദർ ഫിക്ഷൻസ്’ എന്ന പുസ്തകത്തിൽ ഈ കേസിനെക്കുറിച്ച് ജസ്റ്റിസ് നമ്പ്യാർ പ്രതികരിച്ചു, “ഈ കേസിൽ ഒരു വിധി എഴുതാത്തതിൽ ഞാൻ ഖേദിക്കുന്നു”. ചെറിയ ഉത്തരവുകളുമായി താരതമ്യം ചെയ്താൽ, കോടതി വിധി എന്നത് വളരെ വലുതാണ്, ഒരു പ്രത്യേക കാഴ്ചപ്പാടിൽ എത്തിച്ചേരാനുള്ള ജഡ്ജിയുടെ കാരണങ്ങൾ വിശദീകരിക്കുന്നതായിരിക്കും ആ കോടതിവിധി. കോടതിവിധികളാണ് മറ്റുകേസുകളിൽ മറ്റ് കേസുകളിൽ മുൻഗണനയായി പരിഗണിക്കാറുള്ളത്. ലവ് ജിഹാദ് തിയറിയിൽ മെറിറ്റ് ഉണ്ട് എന്നതിന് തെളിവായി കോടതിക്ക് അകത്തും പുറത്തുമായി, മുപ്പത്തിരണ്ടു പേജുകളുള്ള ജസ്റ്റിസ് ശങ്കരന്റെ വിധി തുടർച്ചയായി സെെറ്റ് ചെയ്യപ്പെടുന്നു, ഈ വിധിക്ക് കാരണമായ കേസ് പോലും അവസാനിച്ചിരിക്കുന്നൊരു സാഹചര്യത്തിൽപ്പോലും.” മറിയം അലവി, ശ്രീനിവാസൻ ജെയ്ൻ, സുപ്രിയ ശർമ എന്നിവർ എഴുതുന്നു.
ലൗ ജിഹാദ് ഇല്ല എന്ന നിഗമനത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച സംസ്ഥാന പൊലീസ് മേധാവിയോട് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പ്രതികരണമെന്താണെന്ന് അന്വേഷിച്ചപ്പോൾ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ പ്രതികരണം ‘ലൗ ജിഹാദ് നിങ്ങൾ മാധ്യമങ്ങൾ സൃഷ്ടിച്ചതല്ലേ’ എന്നായിരുന്നു. ലൗ ജിഹാദ് എന്ന ഒന്ന് ഇല്ല എന്ന നിഗമനത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളത്തിൽ ആദ്യമായി ഈ വിഷയത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ ഡി.ജി.പി ജേക്കബ് പുന്നൂസ്. നിലവിലെ ലൗ ജിഹാദ് പ്രചരണങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. പ്രേമം എന്ന് പറയുന്നതിനകത്ത് ജിഹാദ് ഒന്നുമില്ല, ഇന്റർ റിലീജ്യസ് വിവാഹങ്ങൾ രക്ഷിതാക്കൾ എതിർക്കും, അപ്പോൾ അവരെ സഹായിക്കാനെത്തുന്നവരിൽ ഒരു ചെറിയ വിഭാഗം ആളുകൾക്ക് ദേശവിരുദ്ധമായ ഉദ്ദേങ്ങൾ ഉണ്ടാവാം എന്നാണ് താൻ റിപ്പോർട്ട് നൽകിയത് എന്നും ജേക്കബ് പുന്നൂസ് കേരളീയത്തോട് പ്രതികരിച്ചു.
എന്നാൽ അന്ന് ഈ റിപ്പോർട്ടിനോടുള്ള കോടതിയുടെ പ്രതികരണം അസാധാരണമായിരുന്നു. പൊലീസിന്റെ കണ്ടെത്തലിൽ ശ്രദ്ധ കൊടുക്കാതെ ഡിസംബർ 9ന്, ചില സംസ്ഥാനങ്ങൾ ചെയ്തതുപോലെ നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്നതിനായി നിയമനിർമാണം നടത്താൻ ജസ്റ്റിസ് ശങ്കരൻ ഉത്തരവ് പുറപ്പെടുവിച്ചു.
ലൗ ജിഹാദ് പ്രചാരണത്തെ കേരളത്തിൽ വ്യാപകമാക്കിയതിൽ മതേതര രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്കില്ലെന്നും എന്നാൽ മതേതര മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുണ്ടെന്നും എഴുത്തുകാരനും അധ്യാപകനുമായ ഡോ. കെ അഷ്‌റഫ് നിരീക്ഷിക്കുന്നു. ‘ദ കേരള സ്റ്റോറി: സെക്യുലർ യെറ്റ് നാഷണലിസ്റ്റിക് ആൻഡ് ഇസ്ലാമോഫോബിക്’ (ബെർക്‌ലീ സെന്റർ ഫോർ റിലീജ്യൺ, പീസ് ആൻഡ് വേൾഡ് അഫെയഴ്‌സ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച) എന്ന ലേഖനത്തിൽ കേരള സ്റ്റോറി എന്ന വിദ്വേഷ പ്രചരണ സിനിമയുടെ രാഷ്ട്രീയമാണ് കെ അഷ്‌റഫ് അന്വേഷിക്കുന്നത്.
‘’സിനിമ അവകാശപ്പെടുന്നതിന് വിരുദ്ധമാണ് ഇന്ത്യൻ സർക്കാരിന്റെ ഡാറ്റ. ആയിരക്കണക്കിന് മലയാളി സ്ത്രീകൾ ഐസിസിൽ ചേർന്നു എന്ന് സിനിമ അവകാശപ്പെടുമ്പോൾ നൂറിനും ഇരുനൂറിനുമിടയിൽ ഇന്ത്യക്കാർ മാത്രമാണ് ഐസിസിൽ ചേർന്നത് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, കേരളത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രം. കേന്ദ്ര സർക്കാർ, സുപ്രീം കോടതി, നാഷണൽ കമ്മീഷൻ ഫോർ വിമെൻ എന്നിവയെല്ലാം തുടർച്ചയായി ലൗ ജിഹാദ് എന്ന ആഖ്യാനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ വിവരങ്ങളില്ല എന്ന് നാഷണൽ വിമൻസ് കമ്മീഷൻ പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ, ഈ വിവാദ സംഭവത്തിന്റെ സിനിമയിലുള്ള ചിത്രീകരണം ഇന്ത്യയിലെ പ്രബലമായ ഹിന്ദു ദേശീയതാ പ്രത്യയശാസ്ത്രങ്ങളുമായി ചേർന്നുപോകുന്നതാണ്.
2006ലെ എൽ.ഡി.എഫ് മന്ത്രിസഭയ്ക്ക് ലഭിച്ച മുസ്ലീം പാർട്ടികളായ പി.ഡി.പി, ഐ.എൻ.എൽ, ജമാഅത് ഇ ഇസ്ലാമി എന്നിവരുടെ പിന്തുണയെ കേരളത്തിന്റെ മതേതര രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്ന വർഗീയവും മതമൗലികവാദവും ഇസ്ലാമിസ്റ്റുമായ കടന്നുകയറ്റമായി ചിത്രീകരിക്കുകയുണ്ടായി. എൽ.ഡി.എഫ് സർക്കാരിലുള്ള മുസ്ലീം പങ്കാളിത്തം കേരളത്തിൽ സാമൂഹികമായ പിരിമുറുക്കം സൃഷ്ടിച്ചു. സാമുദായിക പ്രാതിനിധ്യത്തെയും സാമ്പത്തികവും സാമൂഹികവുമായ വിഭവങ്ങളുടെ പ്രാതിനിധ്യത്തെയും കുറിച്ച് ചർച്ചകൾ ഉണ്ടായി. ഇത് കേരളത്തിലെ പരമ്പരാഗതമായ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ഭയം നിറഞ്ഞ സംശയങ്ങളുണ്ടാക്കി. അങ്ങനെ ലൗ ജിഹാദ് പ്രചാരണം വിവിധ ഹിന്ദുത്വ സംഘടനകളിലൂടെ കേരളത്തിൽ പ്രവേശനം നേടി. ഈ കാലയളവിൽ ലൗ ജിഹാദ് പ്രാചരണം വ്യാപകമായി കവർ ചെയ്യപ്പെട്ട രണ്ട് മലയാളം പത്രങ്ങൾ മലയാള മനോരമയും കേരള കൗമുദിയുമാണ്.
ചരിത്രപരമായി, മനോരമ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും കേരള കൗമുദി സിപിഐ(എം)നോടും ചേർന്നു നിൽക്കുന്നതാണ്. ഈ അടുപ്പം ക്രിസ്ത്യൻ സമുദായത്തിന് കോൺഗ്രസിനോടും ഈഴവ സമുദായത്തിന് സിപിഐ(എം)നോടുമുള്ള പരമ്പരാഗതമായ അടുപ്പത്തോട് ചേർന്നുനിൽക്കുന്നു. 2012ൽ, രാഷ്ട്രീയ പാർട്ടികളുടെയും മതേതര ഗ്രൂപ്പുകളുടെയും വ്യാപകമായ പ്രതിഷേധങ്ങളുടെ ഫലമായി മലയാള മനോരമ ലൗ ജിഹാദ് പ്രചരണത്തിൽനിന്നും വിട്ടുനിന്നു. കേരള കൗമുദി പ്രചാരണം തുടർന്നു. തുടക്കത്തിൽ എസ്.എൻ.ഡി.പി, നായർ സർവ്വീസ് സൊസൈറ്റി എന്നിവയായിരുന്നു ഈ പ്രചരണത്തോട് പ്രതികരിച്ച സംഘടനകൾ. സിറോ മലബാർ ചർച്ചും വിവാഹത്തിലൂടെയുള്ള മതപരിവർത്തന ഭീഷണിയെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഈ സമുദായങ്ങളിൽ സ്വാധീനം വളർത്തുന്നതിനായി ബി.ജെ.പിയും ആർ.എസ്.എസും ലൗ ജിഹാദ് പ്രചരണത്തെ ഉപയോഗിച്ചു. 2021ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം പുതിയ മതപരിവർത്തനങ്ങൾ കൂടുതലായി നടന്നിരിക്കുന്നത് ഹിന്ദുമതത്തിലേക്കാണ്. ഒരു വർഷം രേഖപ്പെടുത്തിയ മതപരിവർത്തനങ്ങളിൽ 47 ശതമാനം നടന്നത് ഹിന്ദുമതത്തിലേക്കാണ്, ക്രിസ്തുമതത്തിൽ നിന്നോ ഇസ്ലാമിൽ നിന്നോ ആണ് പരിവർത്തനം നടന്നത്. ഇത്തരം ഫാക്റ്റ് ചെക്കിങ് ശ്രമങ്ങൾ ഉണ്ടായിരിക്കെയും ലൗ ജിഹാദ് പ്രചരണം കേരളത്തിന്റെ പൊതുഇടങ്ങളിൽ തന്നെ തുടർന്നു. സംഘാടനത്തിനും, സാമൂഹികമായ പ്രത്യേകാധികാരങ്ങൾ നേടുന്നതിനും അധികാരം നേടുന്നതിനുമായി ഹിന്ദു ദേശീയതാ രാഷ്ട്രീയത്തെ സാമുദായിക രാഷ്ട്രീയം ചൂഷണം ചെയ്യുന്നുണ്ട്. അതേ സമയം, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഉപരിപ്ലവമായി മാത്രം മതേതര രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നു. തെരഞ്ഞെടുപ്പ് നേട്ടങ്ങളെ മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ലൗ ജിഹാദിനുള്ള സ്വാധീനം വളർത്താൻ മാത്രമാണ് ഇത് ഉപകരിക്കുന്നത്, കേരളത്തിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ മുസ്ലീംങ്ങളുടെ അരികുവൽക്കരണത്തിന് ആഴം കൂട്ടുകയാണിത്.” കെ അഷ്‌റഫ് എഴുതുന്നു.
“ഇരുപത് കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും, മുസ്ലീം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്ത് അവരെ മുസ്ലീമാക്കുക, മുസ്ലീം യുവതികളെ കല്യാണം കഴിക്കുക, മുസ്ലീം ജനിക്കുക…ആ തരത്തിലിങ്ങനെ… മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക. ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി.” 2010ൽ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നടത്തിയ ഈ പ്രസ്താവനയും ജനസംഖ്യയെ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ഇസ്‌ലാമോഫോബിയയുടെ പ്രതിഫലനമാണ്.
മാധ്യമ പ്രചാരണം
കേരളത്തിലെ അച്ചടി, ദൃശ്യമാധ്യമങ്ങൾ ലൗ ജിഹാദ് എന്ന വസ്തുതാരഹിതമായ ആരോപണത്തെ പൊതുബോധത്തിൽ സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തുടർച്ചയായ വാർത്താ പ്രസിദ്ധീകരണങ്ങളും പ്രത്യേകമായ സെൻസിറ്റിവിറ്റിയോടുകൂടി കാര്യങ്ങളെ സമീപിക്കേണ്ട സംഭവങ്ങളെ വസ്തുതാന്വേഷണം നടത്താതെ ലൗ ജിഹാദ് എന്ന് ലേബൽ ചെയ്യുന്നതും മലയാള മാധ്യമങ്ങൾ സ്വീകരിച്ച വാർത്താനയമാണ്. തുടക്കത്തിൽ ഇങ്ങനെ ലൗ ജിഹാദ് ഉണ്ടെന്ന് പ്രചരിപ്പിക്കാൻ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വാർത്തയ്ക്ക് ഉപയോഗിച്ച അവരുടെ സോഴ്സുകൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു എന്നും കാണാം.
2012 ജൂണിൽ കലാകൗമുദിയിലെ വി.ഡി ശെൽവരാജ് എഴുതിയ, ‘കേരളത്തെ തകർക്കാൻ ലവ് ജിഹാദ്, മതംമാറ്റം, കള്ളപ്പണം’ എന്ന ലേഖനം കേരളത്തിന്റെ സാമൂഹ്യഘടന തകർക്കാനുള്ള വിദേശീയമായ ഇടപെടലിന്റെ ഭാഗമാണ് ലൗ ജിഹാദ് എന്നാണ് അവതരിപ്പിക്കുന്നത്.
“മുസ്ലീങ്ങളെ കേരളത്തിന്റെ പൊതുസമൂഹത്തിൽനിന്നും അടർത്തിമാറ്റി തങ്ങൾക്ക് വിലപേശാനുള്ള വിദേശ വിഘടനഗ്രൂപ്പിന്റെ ബ്ലൂ പ്രിന്റ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നു. ഹിന്ദു സമൂഹത്തിലെ ഒമ്പത് ശതമാനം വരുന്ന പട്ടികജാതി-വർഗ പിന്നാക്ക വിഭാഗങ്ങളിൽ നിന്നും കുറഞ്ഞത് അഞ്ചുശതമാനത്തെ അടർത്തിയെടുത്ത് തീവ്രവാദ സ്വഭാവമുള്ളവരാക്കി ഒപ്പം നിറുത്തുകയാണ് ബ്ലൂപ്രിന്റിലെ ആദ്യലക്ഷ്യം. കള്ളപ്പണത്തിലന്റെ തന്ത്രപരമായ വിനിയോഗത്തിലൂടെ കേരളത്തിന്റെ സാമൂഹിക ഭദ്രത തകർക്കുക, ദാരിദ്ര്യം മുതലെടുത്ത് മതംമാറ്റുക, പ്രണയത്തിന്റെ മറവിൽ മതംമാറ്റി വിവാഹക്കുരുക്കിൽ അകപ്പെടുത്തുക എന്നിവയും ഗൂഢപദ്ധതികളിൽപ്പെടുന്നു. 2006 മുതൽ ഇതുവരെ ആറായിരത്തിലേറെപ്പേർ കേരളത്തിൽ ഇങ്ങനെ മതംമാറി. ഒരുമാസം കേരളത്തിൽ 100 മുതൽ 180 വരെ യുവതികൾ മതംമാറുന്നു എന്നാണ് കണ്ടെത്തൽ”, ലേഖകൻ എഴുതുന്നു.
ഹിന്ദു സ്ത്രീകളെയും മുസ്ലീം പുരുഷന്മാരെയും മാത്രം ലക്ഷ്യംവെച്ചുകൊണ്ടല്ല ഈ പ്രചരണം ആദ്യം രൂപപ്പെട്ടത് എന്നും ശെൽവരാജിന്റെ റിപോർട്ട് വ്യക്തമാക്കുന്നുണ്ട്. ലേഖനത്തിൽ ഇങ്ങനെ പറയുന്നു,
“ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഡസ്കിലേക്ക് അടുത്തിടെ ഒരു ഫയൽ എത്തി. കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം, അതുവഴിയുള്ള കള്ളപ്പണത്തിന്റെ വിനിമയം, പൊതുസമൂഹത്തിലും രാഷ്ട്രീയ പാർട്ടികളിലും വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം, വനത്തിലെ മാവോയിസ്റ്റ് പരിശീലനം, സമുദായസംഘടനകൾക്കുള്ള വിദേശസഹായവും മതപരിവർത്തനവും തുടങ്ങിയവയെപ്പറ്റിയുള്ള രഹസ്യാന്വേഷണ വിവരങ്ങളായിരുന്നു ഫയലിൽ. അതിൽ സമുദായസംഘടനകൾക്കുള്ള വിദേശസഹായവും മതപരിവർത്തനവും എന്ന വിഭാഗത്തിലെ റിപോർട്ട് രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർന്നുകിട്ടിയ ഒരു രേഖയെ ഉദ്ധരിച്ചുകൊണ്ടാണ് തുടങ്ങുന്നത്.
കേരളത്തിൽ ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിന് അർഹമായ വിലപേശൽ കിട്ടാൻ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണം. കേരളത്തിന്റെ 50 വർഷത്തെ ജനസംഖ്യാവളർച്ച സ്ഥിതിവിവരക്കണക്കുകൾ എടുത്തുകാട്ടിക്കൊണ്ട് ആ രേഖ ഇങ്ങനെ പറയുന്നു. 1961ൽ കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനമായിരുന്നു മുസ്ലീങ്ങൾ. 2001ൽ അത് 24.6 ശതമാനമായി. 2012ലെ സെൻസസ് പ്രകാരം 27 ശതമാനമായിട്ടുണ്ട്. 50 വർഷം കൊണ്ട് ഇത്രയും വളർച്ച നേടിയിട്ടും അർഹമായ സ്ഥാനം കിട്ടാതെ പോകുന്നു. ഇവിടെയാണ് ഹിന്ദു സമൂഹത്തിന്റെ പിന്തുണ തേടേണ്ട ആവശ്യം. 55 ശതമാനം വരുന്ന ഹിന്ദുസമൂഹത്തിൽ ഒമ്പത് ശതമാനത്തോളം പട്ടികജാതി, വർഗത്തിൽപ്പെട്ട ഏറ്റവും പിന്നാക്കവിഭാഗങ്ങളുണ്ട്. ഇവരിൽ കുറഞ്ഞത് അഞ്ചുശതമാനത്തെയെങ്കിലും അടർത്തിമാറ്റി മുസ്ലീം സമുദായത്തോട് അനുഭാവമുള്ളവരാക്കണം. അങ്ങനെ വരുമ്പോൾ ജനങ്ങളിൽ 32 ശതമാനത്തിന്റെ (27+5) പിന്തുണയോടെ മുസ്ലീംങ്ങൾക്ക് കരുത്തു തെളിയിക്കാനാകും. ഈ രേഖയുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണം എത്തിച്ചേർന്നത് അമ്പരപ്പിക്കുന്ന കണ്ടെത്തലിലായിരുന്നു. ‘അടർത്തിമാറ്റാൻ’ ഉദ്ദേശിച്ച സമൂഹത്തിൽ തീവ്രവാദ നിലപാടുള്ള സംഘടനകൾ വേരുറപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം ഹിന്ദു സമൂഹത്തെക്കാൾ ആഭിമുഖ്യം ഇതരജനവിഭാഗത്തോട് തന്നെ! ഹിന്ദുക്കളിലെ മേൽജാതിക്ക് ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളവർ എന്തിന് അവർക്കുവേണ്ടി കെെപൊക്കണം എന്ന നിലപാട്.
മതപരിവർത്തനത്തിനെതിരെയുള്ള സംഘപരിവാർ നിലപാടുകളാണ് തുടർന്നുള്ള ഭാഗങ്ങളിൽ ലേഖകൻ എഴുതുന്നത്. കേരളത്തിൽ ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും എണ്ണം കുറഞ്ഞുവരികയാണെന്നാണ് രഹസ്യാന്വേഷണ രേഖയെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്. കേരളത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റ തൊഴിലാളികളും വിഘടനവാദി ഗ്രൂപ്പുകളുടെ പ്രവർത്തന ഫലമാണെന്നും ലേഖകൻ പറയുന്നു. ബംഗ്ലാദേശിൽ നിന്നും ബംഗാളിലേക്ക് കുടിയേറിയ മുസ്ലീങ്ങളാണ് ഈ തൊഴിലാളികൾ എന്നതും കേരളത്തിൽ വോട്ടിങ് അധികാരവും മലയാളികളുടെ ഭക്ഷണശീലവും വരെ നിർണയിക്കാൻ കഴിയുന്ന ശക്തിയായി അവർ മാറുന്നു എന്നും ലേഖകൻ ആശങ്കപ്പെടുന്നു. മതംമാറ്റത്തിന്റെ വാർഷിക കണക്കുകൾ നിരത്തി ദാരിദ്ര്യത്തിന്റെ പേരിലുള്ള പണസഹായം മതംമാറ്റത്തിന് കാരണമാകുന്നുണ്ടെന്നും പ്രണയക്കുരുക്കിനെ തുടർന്നുള്ള മതംമാറ്റമാണ് കൂടുതൽ എന്നും തുടർന്ന് നിരീക്ഷിക്കുന്നു എന്നാൽ ഇതിനൊന്നും വസ്തുതാപരമായ തെളിവുകളൊന്നും നൽകുന്നുമില്ല. തെളിവുകളുടെ അസാന്നിധ്യത്തിൽ ഇതെല്ലാം വ്യാജപ്രചരണം മാത്രമാകുന്നു. 2006ന് ശേഷം കേരളത്തിൽ നടന്ന മതംമാറ്റങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കും ജാതി തിരിച്ചുള്ള കണക്കും ലേഖനത്തിലുണ്ട്. പത്തനംതിട്ടയിലെ കേസിൽ 2009ൽ കേരള ഹെെകോടതി ആവശ്യപ്പെട്ടത് പ്രകാരം പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നതായി തെളിവുകളില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഈ സത്യവാങ്മൂലത്തെയും ലേഖകൻ ചോദ്യംചെയ്യുകയും അത് വാസ്തവ വിരുദ്ധമാണെന്ന് കലാകൗമുദി നിരത്തിയ തെളിവുകൾ സൂചിപ്പിക്കുന്നു എന്നും എഴുതുന്നു.
മതപരിവർത്തനം ചെയ്തതിന് വീട്ടുതടങ്കലിലാക്കപ്പെട്ട മലയാളി യുവതി ഹാദിയയെ കേരളം എളുപ്പത്തിൽ മറക്കുകയില്ല. ഹാദിയ വിവാഹം ചെയ്ത വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു അവർക്കെതിരെ ഉയർന്ന സാമൂഹ്യ വിചാരണ. ലൗ ജിഹാദ് ആരോപണം വീണ്ടും ശക്തിപ്പെടുന്നതിനും ദേശീയ മാധ്യമങ്ങൾ അതേറ്റെടുക്കുന്നതിനും ഹാദിയ കേസ് കാരണമായിത്തീർന്നു. കേരളത്തിലും ദേശീയരാഷ്ട്രീയതലത്തിലും തീവ്ര വിവാദങ്ങൾ സൃഷ്ടിച്ചു ഹാദിയയുടെ മതപരിവർത്തന കേസ്.
2016ൽ ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹശേഷം മതപരിവർത്തനവും വിവാഹവും ആഗോള ഭീകരവാദ പ്രവർത്തനത്തിനുള്ള മുന്നൊരുക്കമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. സുപ്രീം കോടതിയിൽ, സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത മതമാണ് ഇസ്ലാം, വിവാഹവും അത്തരത്തിലായിരുന്നു എന്ന് ഹാദിയ പറഞ്ഞുവെങ്കിലും ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം അവസാനിച്ച് ലൗ ജിഹാദ് നടന്നിട്ടില്ലെന്ന നിഗമനത്തിലെത്താൻ പിന്നെയും വർഷങ്ങളെടുത്തു. മതപഠനത്തെയും മതപഠനകേന്ദ്രങ്ങളെയും മതപരിവർത്തനത്തെയും കുറ്റവൽക്കരിക്കുന്ന രീതിയിൽ രണ്ടായിരങ്ങളുടെ ആദ്യ കാലയളവിൽ ലക്ഷ്യമിട്ടിരുന്നത് മുസ്‌ലീം സ്വത്വ രാഷ്ട്രീയ പാർട്ടികളെ കൂടിയായിരുന്നു, സംശയങ്ങൾക്കുമേൽ സൃഷ്ടിച്ച ഈ സാമൂഹികതയും എളുപ്പത്തിൽ കുറ്റമാരോപിക്കാൻ കഴിയുന്ന ഒന്നായി ഹാദിയയുടെ മതപരിവർത്തനത്തെ മാറ്റി. 2010ന് ശേഷം ഉമ്മൻചാണ്ടി സർക്കാരിന്റെ നിയമസഭയിൽ ഉന്നയിക്കപ്പെട്ട കെ.കെ ലതിക (സിപിഐ എം) യുടെ മതംമാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യം ‘നിർബന്ധിത മതംമാറ്റം’ എന്ന പേരിൽ പട്ടികപ്പെടുത്തിയത് എന്തുകൊണ്ടാണ് എന്നതും ഒരു ചോദ്യമാണ്.
ആറുമാസം നീണ്ട, സ്വന്തം താൽപര്യത്തിനെതിരായ പാരന്റൽ കസ്റ്റഡിക്ക് ശേഷം പുറത്തുവന്ന ഹാദിയ മാധ്യമങ്ങളെ അറിയിച്ചത് ഈ കാലയളവിൽ തന്നെ ‘ഘർവാപസി’ നടത്താനുള്ള ശ്രമങ്ങളുമായി ആളുകൾ എത്തിയിരുന്നു എന്നാണ്. ‘ഇത് എന്റെ കഥ’ എന്ന ആത്മകഥയിൽ ഹാദിയ ഈ കാര്യങ്ങളെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
2017ൽ, കേരളത്തിൽ ‘ഘർവാപസി’ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. തൃപ്പൂണിത്തറയിൽ യോഗ കേന്ദ്രം എന്ന പേരിൽ പ്രവർത്തിച്ച സ്ഥാപനമാണ് മിശ്ര മത, മിശ്ര ജാതി വിവാഹങ്ങൾ ചെയ്തവരും പ്രണയങ്ങളുള്ളവരുമായ സ്ത്രീകൾക്ക് പീഡന കേന്ദ്രമായി മാറിയത്. ഇവിടെനിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ സ്ത്രീകളുടെ വെളിപ്പെടുത്തലിലൂടെയാണ് പീഡനങ്ങളുടെ വിവരങ്ങൾ ലോകമറിഞ്ഞത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്വേത ഹരിദാസൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തോട് കേരള ഹൈക്കോടതിയും അനുകൂലമായി പ്രതികരിച്ചു. അനധികൃതമായി പ്രവർത്തിച്ച ഈ സംവിധാനം അടച്ചുപൂട്ടാനുള്ള നടപടികൾ സെപ്തംബർ 2017ന് പഞ്ചായത്ത് കൈക്കൊണ്ടിരുന്നു. നടത്തിപ്പുകാരനായ മനോജ് ഗുരുജി എന്നയാൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പീഡനകേന്ദ്രത്തെ അതിജീവിച്ച യുവതികളുടെ അഭിഭാഷകൻ അഡ്വ. രാജസിംഹൻ 2019ൽ കീബോർഡ് ജേണൽ എന്ന വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ, പീഡനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ ചെറുക്കാൻ നമ്മുടെ പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവും പൊലീസും, പ്രത്യേകിച്ച് ഭരണകൂടവും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പരാജയപ്പെടുന്നു എന്ന് പ്രതികരിച്ചിരുന്നു. “നീതിയെ വൈകിപ്പിക്കുക. അതിന്റെ ആത്യന്തികമായ ഗുണം പീഡകർക്ക് കിട്ടും. വിക്റ്റിം ആയ ആളുകൾ ഒന്നുകിൽ കാലാവശേഷരായി മാറുകയോ നടന്ന് നടന്ന് തളരുകയോ ചെയ്യും” രാജസിംഹൻ പറഞ്ഞു. ഉന്നതതല പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഈ യോഗാ കേന്ദ്രത്തെ അതിജീവിച്ചവർ പരാതി നൽകിയിട്ടും, വലിയ വെളിപ്പെടുത്തലുകളും മതിയായ തെളിവുകളും ഉണ്ടായിട്ടും കേസിൽ കുറ്റാരോപിതരായവരെ ശിക്ഷിക്കുന്നതിലും, തുടർന്ന് ഇങ്ങനെയൊരു കേന്ദ്രം പ്രവർത്തിക്കുന്നതിനെതിരെ നടപടി കൈക്കൊള്ളുന്നതിലും കേരള സർക്കാർ പരാജയപ്പെടുകയാണ് ഉണ്ടായത്.
2022ൽ കോഴിക്കോടെ ഡി.വൈ.എഫ്.ഐ നേതാവ് എം.എസ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹത്തിന് നേരെയും ലൗ ജിഹാദ് ആരോപണം ഉയർന്നിരുന്നു. ജോയ്‌സ്‌നയുടെ രക്ഷിതാക്കൾ നൽകിയ പരാതിക്ക് പിന്തുണയുമായി കത്തോലിക്കാ സഭയും മുന്നോട്ടുവന്നു. ദീപികയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ, “ക്രൈസ്തവരിൽ മാത്രമല്ല, ഹിന്ദുക്കളിലും മിശ്രവിവാഹങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. പ്രൊഫഷണൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതരമതസ്ഥരായ പെൺകുട്ടികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന പാർട്ടി രേഖയുണ്ട്” എന്ന് മുഖപ്രസംഗം സിപിഐ(എം)നെ ലക്ഷ്യമിട്ടു.
കേരള സ്റ്റോറിയും ലൗ ജിഹാദും
കേരള സമൂഹത്തിൽ പല കാലങ്ങളിലായി ഉന്നയിക്കപ്പെടാറുള്ള ലൗ ജിഹാദ് വിവാദത്തിന് ദൃശ്യതയുടെ അടിത്തറ നൽകുകയാണ് സുദീപ്തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ചെയ്തത്. ‘കേരള സ്റ്റോറി’ എന്ന വിദ്വേഷ പ്രചാരണ സിനിമയ്ക്കെതിരെ അതിന്റെ റിലീസ് ഘട്ടം മുതൽ തന്നെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട് എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ ഒ.ടി.ടി റിലീസും ദൂരദർശൻ നടത്തിയ സംപ്രേഷണവും കൂടുതലാളുകളിലേക്ക് സിനിമ എത്താൻ കാരണമായി.
കൗമാര പ്രായക്കാർക്ക് പ്രണയങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കത്തോലിക്ക സഭ സംഘടിപ്പിച്ച ‘ദി കേരള സ്റ്റോറി’ സിനിമയുടെ സ്‌ക്രീനിങ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിത്തീർന്നു. സീറോ മലബാർ കത്തോലിക്കാ സഭയുടെ ഇടുക്കി രൂപതയാണ് അവരുടെ ‘ഫെസ്റ്റിവൽ ഓഫ് ഫെയ്ത്’ എന്ന വേനൽക്കാല പരിപാടിയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച് നിരൂപണമെഴുതാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.
15 മുതൽ 17 വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സഭ വിതരണം ചെയ്ത പുസ്തകത്തിലും ലൗ ജിഹാദിനെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. പുസ്തകത്തിൽ ഇങ്ങനെയും പരാമർശിക്കുന്നതായി മക്തൂബ് ലേഖകൻ റിജാസ് എം ഷീബ സിദ്ദീഖ് റിപോർട്ട് ചെയ്യുന്നു. “മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് നടത്തിയ അന്വേഷണം കണ്ടെത്തിയത് സാധാരണക്കാരായ മുസ്ലീം മതവിശ്വാസികൾക്കിടയിൽ ലൗ ജിഹാദ് എന്നൊരു സംഘടിത മുന്നേറ്റം ഉണ്ടായിട്ടില്ല എന്നാണ്. പക്ഷേ, ലൗ ജിഹാദ് ഉള്ളതുതന്നെയാണ്, ഇസ്ലാം മത വിശ്വാസികളെപ്പോലും ഭയപ്പെടുത്തുന്ന രീതിയിലുള്ള ഭീകരവാദ സംഘടനയാണത്.”
2009ൽ നടന്ന ജേക്കബ് പുന്നൂസിന്റെ അന്വേഷണത്തിന് ശേഷം 2017ൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ലൗ ജിഹാദ് ഇല്ല എന്ന റിപോർട്ട് നൽകിയിരുന്നു എന്നതും ഈ സാഹചര്യത്തിൽ പ്രധാനമാണ്. ഇതുകൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട് കേന്ദ്ര ഏജൻസികൾ ഒന്നും തന്നെ അത്തരം കേസുകൾ റിപോർട്ട് ചെയ്തിട്ടില്ല എന്ന്. നിയമത്തിൽ ലൗ ജിഹാദിന് നിർവ്വചനമില്ല എന്ന് എംപിമാരും ഹിന്ദുത്വസംഘടനാ നേതാക്കളും ആവർത്തിക്കുന്നു.
ഇടുക്കി അതിരൂപതയുടെ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനത്തോട് ലത്തീൻ അതിരൂപതയുടെ പ്രസിദ്ധീകരണമായ ജീവനാദം പ്രതികരിച്ചത് ഇപ്രകാരമാണ്. “ഇക്കണ്ട കാലമൊക്കെയും സഹോദര മതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ പുലർത്താതെ ജീവിച്ചവരാണ് കേരള ക്രൈസ്തവർ. അവരെ തികഞ്ഞ മുസ്ലീം വിരോധികൾ ആക്കി മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണിപ്പോൾ ചില വരേണ്യവിഭാഗക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്” – തീക്കൊള്ളികൊണ്ട് തല ചൊറിയരുത് എന്ന ലേഖനത്തിൽ കെ.ജെ സാബു എഴുതി. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലർ സഭാസാരഥികളായി വരുമ്പോൾ അവർക്ക് വിശുദ്ധ ബൈബിളിനേക്കാൾ വലുത് ‘വിചാരധാര’യാണെന്ന് തോന്നും എന്നും ലേഖകൻ വിമർശിക്കുന്നു. സീറോ മലബാർ സഭയുടെ സിനിമ സ്‌ക്രീനിങ്ങിനെതിരെ ലത്തീൻ കത്തോലിക് സഭയുടെ പ്രതിരോധമുയർന്നതിന് ശേഷം കേരള സ്‌റ്റോറിയുടെ പ്രദർശനം തുടർന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ ലൗ ജിഹാദ് പ്രധാന ആയുധമാക്കി. മുമ്പെന്നുമില്ലാത്ത തോതിലായിരുന്നു ലൗ ജിഹാദ് ഉപയോഗിച്ചുള്ള വിദ്വേഷ പ്രചാരണം. അതിന് പ്രധാനകാരണം സുദീപ്‌തോ സെന്നിന്റെ സിനിമ തന്നെയാണ്. ലൗ ജിഹാദ് ഉപയോഗിച്ച് ജനസംഖ്യയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുവാനും ‘മുസ്ലീം പ്രീണനം’ നടത്തുന്ന സർക്കാർ മതേതരത്വത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നതായും ഇവർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രസംഗങ്ങളുടെ ഉള്ളടക്കം മുസ്ലീം സമുദായത്തിനെതിരെ ജനസംഖ്യ, ലൗജിഹാദ്, മുസ്ലീം പ്രീണനം എന്നീ വിദ്വേഷ വിഷയങ്ങളാണ്.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി ലൗ ജിഹാദ് നടക്കുന്നുണ്ട് എന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ മതപരിവർത്തനത്തിനെതിരെ നിയമ നിർമ്മാണം ഉൾപ്പെടെ നടന്നുകഴിഞ്ഞു. ലൗ ജിഹാദ് ചൂണ്ടിക്കാട്ടി മതപരിവർത്തനങ്ങളെയെല്ലാം കുറ്റവൽക്കരിക്കുകയാണ് ഈ നിയമപരിധിക്കുള്ളിൽ സംഭവിക്കുന്നത്.
കുറ്റകൃത്യങ്ങളോടുള്ള സാമൂഹ്യ പ്രതികരണം
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ ലൗ ജിഹാദ് വിവാദമാക്കി ചിത്രീകരിച്ച് വർഗീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ നീക്കങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ചില സംഭവങ്ങൾ പരിശോധിക്കാം. സ്ത്രീകളെ ക്രൂരമായി പരിക്കേൽപിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലും ഫ്രിഡ്ജിലും ഉപേക്ഷിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട വർഷങ്ങളാണ് 2022, 2023. ഡൽഹിയിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായി അഞ്ചിലധികം കുറ്റകൃത്യങ്ങൾ ഈ രീതിയിൽ നടന്നിട്ടുണ്ട്. എന്നാൽ അതിൽ ഒന്ന് മാത്രം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്തു. ശ്രദ്ധ വാൾക്കർ എന്ന യുവതിയുടെ കൊലപാതകമായിരുന്നു അത്. ശ്രദ്ധ അഫ്താബിൽനിന്നും ഗാർഹിക പീഡനം നേരിട്ടിരുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. പൊതു ഇടങ്ങളിലെ ടെലിവിഷനിൽ പോലും ലിംഗപരമായ കുറ്റകൃത്യത്തിന്റെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന വിശദാംശങ്ങൾ മാധ്യമങ്ങൾ ദിവസം മുഴുവൻ ആവർത്തിച്ചു. ഈ വാർത്താ ബുള്ളറ്റിനുകൾ പേടി നിറയ്ക്കുന്ന അന്തരീക്ഷം എങ്ങും സൃഷ്ടിച്ചു. എന്നാൽ ഇങ്ങനെയുള്ള ഒരു പൊതുസ്വഭാവം സമീപകാലത്ത് പ്രണയികൾക്കിടയിൽ നടന്ന കൊലപാതകങ്ങളിൽ എന്തുകൊണ്ട് ആവർത്തിച്ചു എന്നതിന്റെ മനശാസ്ത്രത്തെ കുറിച്ചൊന്നും മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടില്ല.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും സംഘടിതമായ പ്രചരണം ശ്രദ്ധ വാൾക്കറിന്റെ കൊലപാതകത്തിലുണ്ടായി. ശ്രദ്ധയുടെ ലിവ് ഇൻ പാർട്ണർ അഫ്താബ് പൂനാവാലയുടെ മതം ചൂണ്ടിക്കാണിച്ചായിരുന്നു പിന്നീട് ദേശീയമാധ്യമങ്ങൾ വിഷയത്തിന്റെ ഗൗരവവും ഗതിയും മാറ്റിയത്. മഹാരാഷ്ട്ര സ്വദേശി ശ്രദ്ധാ വാൾക്കറിന്റെ പിതാവ് സ്വന്തം ജാതി സ്വത്വം വെളിപ്പെടുത്തിക്കൊണ്ടാണ് മകൾക്കെതിരെ നടന്ന കുറ്റകൃത്യം ലവ് ജിഹാദ് ആണെന്ന ആരോപണം ഉന്നയിച്ചത്, തങ്ങളുടെ കുടുംബം മിശ്രമത വിവാഹങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞു. ഗാർഹിക പീഡനത്തിന്റെയും ലിംഗനീതിയുടെയും പ്രശ്‌നത്തെ വർഗീയമാക്കി അവതരിപ്പിക്കുകയാണ് മാധ്യമങ്ങളും ചെയ്തത്. കോവിഡ് മഹാമാരിക്ക് ശേഷം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വർധനവുണ്ടായെങ്കിലും അതിന്റെ സാമൂഹിക കാരണങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. കേരളത്തിൽ ‘പ്രണയം നിരസിച്ചതിനുള്ള പകവീട്ടൽ’ എന്ന ലേബലിൽ ചുരുങ്ങിപ്പോകുകയാണ് കേരളത്തിലെ ക്യാംപസുകളിൽ ഉൾപ്പെടെ പെൺകുട്ടികൾക്കെതിരെ നടന്ന ലിംഗപരമായ കുറ്റകൃത്യങ്ങൾ. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണിയായി കാണാതിരിക്കുകയും ലൗ ജിഹാദ് ആരോപണത്തിലൂടെ ഹിന്ദു-മുസ്ലീം മതവിഭാഗങ്ങളിൽനിന്നുള്ളവർ തമ്മിലുള്ളവരുടെ പ്രണയങ്ങളെ വർഗീയമായി മാത്രം കാണുകയും അപകടകരമായ സ്ഥിതിയാണ് സംഘപരിവാറും മാധ്യമങ്ങളും ചേർന്ന് സൃഷ്ടിക്കുന്നത്.
അവസാനിക്കാത്ത ആരോപണങ്ങൾ
ഉത്തരാഖണ്ഡിൽ 2023 മെയ് മാസം രൂപപ്പെട്ട ‘ലൗ ജിഹാദ്’ വിവാദം ഹിന്ദുത്വ സംഘടനകളുടെ മുസ്ലീം ബഹിഷ്‌കരണ ആഹ്വാനങ്ങളിലും മുസ്ലീങ്ങളുടെ പലായനത്തിലുമാണ് അവസാനിച്ചത്. മൈനർ ആയ ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന കേസിൽ നിന്നാണ് വർഗീയമായ വിവാദം രൂപപ്പെട്ടത്. പുരോലയിൽ മുസ്ലീം ഉടമസ്ഥതയിലുള്ള കടകളിൽ ‘ലൗ ജിഹാദികൾ പുരോല വിട്ടുപോകണം’ എന്ന പോസ്റ്റർ പതിച്ചതിനെ തുടർന്ന്, ‘ദേവഭൂമി സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ദേവഭൂമി രക്ഷാ അഭിയാൻ എന്ന ഹിന്ദു മുന്നേറ്റവും രൂപപ്പെട്ടു.
“പുരോലയിലെ പ്രചാരണം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചു. ഹിന്ദു ദേശീയ പാർട്ടികളുടെ ഭാഗമായി പ്രവർത്തിക്കുന്ന കുറച്ചുപേരോട് ഞങ്ങൾ സംസാരിച്ചു, മുസ്ലീങ്ങൾക്ക് മക്കയും ക്രിസ്ത്യാനികൾക്ക് വത്തിക്കാനുമുണ്ട്, ഹിന്ദുക്കൾക്ക് അവരുടേതായി സ്വന്തം പുണ്യഭൂമി വേണം. നിരവധി തീർത്ഥാടന കേന്ദ്രങ്ങളുള്ള ഉത്തരാഖണ്ഡ് അതിന് അനുയോജ്യമായ സ്ഥലമായിരിക്കും. അതിന് വേണ്ടി മുസ്ലീം ജനതയെ അവിടെ നിന്നും ഒഴിപ്പിക്കണം, കുറഞ്ഞത് അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പരിമിതപ്പെടുത്തുകയും വേണം. ഭാവിയിൽ അവർ ഉത്തരാഖണ്ഡിൽ സെറ്റിൽ ചെയ്യുന്നത് ഇല്ലാതാക്കണം. ഹിന്ദു ദേശീയവാദികൾ നമ്മളോട് പറഞ്ഞത് വിശുദ്ധ ഹിന്ദു ഭൂമിയായി ഉത്തരാഖണ്ഡിനെ മാറ്റാൻ അവർ പ്രവർത്തിക്കുന്നു എന്നാണ്.’ നവംബർ 2023ന് പ്രസിദ്ധീകരിച്ച, ‘മുസ്ലീങ്ങളെ പുറത്താക്കി ഹിന്ദു പുണ്യഭൂമി സൃഷ്ടിക്കാനുള്ള മുന്നേറ്റം’ എന്ന ഗ്രൗണ്ട് റിപോർട്ടിൽ തുഷ മിത്തലും അലിഷാൻ ജാഫ്രിയും എഴുതുന്നു.
2024 ഏപ്രിൽ 14ന് കർണാടകയിലെ ഹസ്സനിൽ നടന്ന ഇത്തരമൊരു കൊലപാതകം പിന്നീട് രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടതെങ്ങനെ എന്ന് കർണാകത്തിൽ നിന്നുള്ള ഗ്രൗണ്ട് റിപോർട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്. ലിംഗായത് മത വിഭാഗത്തിൽനിന്നുള്ള നിരഞ്ജൻ ഹിരേമത് എന്ന കോൺഗ്രസ് നേതാവിന്റെ മകൾ നേഹ നിരഞ്ജൻ ഹിരേമത് സ്വന്തം സഹപാഠിയായിരുന്ന ഫയാസ് ഖണ്ഡുനായകിന്റെ കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം ഇതോടെ ഇതൊരു ലൗ ജിഹാദ് കേസ് ആണ് എന്ന നിലയിൽ പ്രചാരണവും സംഘാടനവും തുടങ്ങി. ‘ജസ്റ്റിസ് ഫോർ നേഹ’ എന്ന ഹാഷ് ടാഗിൽ പ്രതിഷേധങ്ങൾ വ്യാപകമാണ് ഇവിടെ. ലിംഗായത് മതവിഭാഗത്തിൽ നിന്നുള്ള നേഹയുടെ കൊലപാതകം വലിയ ചർച്ചയായപ്പോൾ മാർച്ച് മാസാവസാനം തുംകൂരുവിൽ നടന്ന ഇരുപത്തിയൊന്നുകാരിയായ രുക്‌സാനയുടെ കൊലപാതകത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് മാധ്യമം ലേഖകൻ ഇഖ്ബാൽ ചേന്നര ധാർവാഡിൽ നിന്നും റിപോർട്ട് ചെയ്യുന്നുണ്ട്. പ്രദീപ് നായക് എന്ന മുപ്പത്തിയൊന്നുകാരനാണ് രുക്‌സാനയെ കൊലപ്പെടുത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് ശരീരം ഉപേക്ഷിക്കപ്പെട്ടിരുന്നത്. പ്രദീപ് നായക് വിവാഹിതനായിരുന്നു എന്നതും പ്രദീപിനും രുക്‌സാനയ്ക്കും ഒരു കുഞ്ഞുണ്ട് എന്നതും പ്രണയത്തിൽ അവർ വഞ്ചിക്കപ്പെട്ടു എന്നതിന്റെ തെളിവുകളായി ബാക്കി നിൽക്കുന്നു.
നേഹയും ഫയാസും പ്രണയത്തിലായിരുന്നു എന്ന് നേഹയുടെ കുടുംബം നിഷേധിക്കുമ്പോൾ ഇവർ രണ്ടുപേരും പ്രണയത്തിലായിരുന്നു എന്ന് ഫയാസിന്റെ മാതാവ് പറഞ്ഞതായി ദ ഹിന്ദു റിപോർട്ട് ചെയ്യുന്നു. 2004 മുതൽ, ബി.ജെ.പിയുടെ ശക്തമായ ലിംഗായത് വോട്ട് ബാങ്കായി തുടരുന്ന ധാർവാഡിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി. നേഹ ഹിരേമത്തിന്റെ കൊലപാതകം നടന്നത് സംസ്ഥാനത്ത് മതിയായ സുരക്ഷാ സംവിധാനം ഇല്ലാത്തതുകൊണ്ടാണെന്നും ബി.ജെ.പി അത് ഉറപ്പുവരുത്തുമെന്നും അമിത് ഷാ പ്രസംഗിച്ചു. നേഹ ഹിരേമതിന്റെ കുടുംബത്തെയും അമിത് ഷാ സന്ദർശിച്ചിരുന്നു. കർണാടക സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ നാഗലക്ഷ്മി ചൗധരി ഏപ്രിൽ 21ന് നേഹയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. സംഭവത്തെ സ്വാർത്ഥവും രാഷ്ട്രീയവുമായ കാരണങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്ന് രക്ഷിതാക്കളോട് നാഗലക്ഷ്മി ചൗധരി പറഞ്ഞിരുന്നു. “രുക്‌സാന എന്നൊരു സ്ത്രീയും കൊല ചെയ്യപ്പെട്ടില്ലേ, പ്രദീപ് നായക് എന്നയാളാണ് ആ കേസിൽ പ്രതി. നേഹയുടെ കൊലപാതകം ജാതി, മതം, രാഷ്ട്രീയ അജണ്ടകൾ എന്നിവയിൽ കെട്ടുപിണയാൻ പാടില്ല.” വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ നാഗലക്ഷ്മി ചൗധരി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ 15 ദിവസങ്ങൾക്കുള്ളിൽ ഡെപ്യൂട്ടി കമ്മീഷണർമാരോട് സുരക്ഷാ റിപ്പോർട്ടുകൾ നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും ഇവർ പറഞ്ഞു.
മതപരിവർത്തനങ്ങളോടുള്ള അസഹിഷ്ണുത
2021ൽ ഉത്തർപ്രദേശിൽ നിലവിൽ വന്ന മതപരിവർത്തന നിരോധന നിയമം മിശ്രമത വിവാഹങ്ങൾക്കായി രണ്ട് മാസം മുമ്പ് തന്നെ ജില്ലാ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിക്കണമെന്ന പുതിയ നിബന്ധന സ്‌പെഷ്യൽ മാര്യേജസ് ആക്റ്റിൽ കൂട്ടിച്ചേർത്തു. മുപ്പതു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നായിരുന്നു ഇതിലെ ആദ്യ നിബന്ധന. മതപരിവർത്തനം നടത്താൻ വിവാഹത്തെ ഉപയോഗിച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന നിബന്ധനയും ഇതോടൊപ്പം വന്നു. ഒഡീഷ, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമം ഇപ്പോൾ നിലവിലുള്ളത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഗസാല ജമീൽ ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങളെക്കുറിച്ച് 2021ൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ നിരീക്ഷിക്കുന്നു,
“ഉത്തർപ്രദേശിൽ പുതുതായി നിർമ്മിച്ച ഈ നിയമം, സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം വിരുദ്ധ വികാരത്തെ സംഘടിപ്പിക്കുന്നതിനുള്ളതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ പാർലമെന്റിലേക്ക് അയക്കുന്ന സംസ്ഥാനം കൂടിയാണ്. 2014ൽ ഭരണപാർട്ടി ജാതിവിഭജനങ്ങൾക്ക് അതീതമായി ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നത് വരെ സംസ്ഥാനത്തുനിന്നുമാണ് മുസ്ലീം സമുദായത്തിൽ നിന്നും ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നത്. ജനസംഖ്യാ ഭൂരിപക്ഷ സമുദായം എന്ന പദവി നേടി ഹിന്ദു ജനസംഖ്യയെ മറികടക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു സ്ത്രീകളെ വ്യാജ വിവാഹങ്ങളിലൂടെ മുസ്ലീം പുരുഷന്മാർ കെണിയിൽപെടുത്തുന്നു എന്ന വ്യാജ വാർത്താ പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശിൽ ഉൾപ്പെടെ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നത്.
എങ്കിലും, ഈ നിയമങ്ങളെ കുറിച്ചുണ്ടാകുന്ന ചർച്ചകളിൽ ഇല്ലാതെ പോകുന്നത്, ദലിത്, ആദിവാസി വിഭാഗങ്ങളിൽ ആളുകൾ കൂട്ടമായി നടത്തുന്ന മതപരിവർത്തനങ്ങൾ ശിക്ഷിക്കപ്പെടുന്നതെങ്ങനെ എന്നാണ്. ഇങ്ങനെയുള്ള വിവേചനപരമായ നിയമനിർമാണത്തിലൂടെ വലതുപക്ഷ ശക്തികൾ അവരുടെ അടിസ്ഥാന അജണ്ടകൾ നടപ്പിലാക്കാൻ നോക്കുന്നു. ഹിന്ദു ഭൂരിപക്ഷത്തിന്റെ അരക്ഷിത വികാരങ്ങൾ ആളിക്കത്തിച്ചുകൊണ്ട് ന്യൂനപക്ഷവിരുദ്ധത നിലനിർത്തുന്നു, അതിലൂടെ ജനങ്ങളെ വേർതിരിക്കുകയും മുസ്ലീം ന്യൂനപക്ഷത്തിന് വോട്ടിങ് അധികാരമുൾപ്പെടെ നിഷേധിക്കുന്നു. ഫെമിനിസ്റ്റ് മുന്നേറ്റങ്ങളുടെ നേട്ടങ്ങളിലൂടെ പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേടിയെടുത്ത പരമാധികാരത്തിനെതിരെ പ്രവർത്തിക്കുന്നു. കീഴാള ജനതയുടെ സോഷ്യൽ മൊബിലിറ്റിയെ അട്ടിമറിക്കുന്നു. ഈ നിയമങ്ങൾ പിൻവലിക്കപ്പെടേണ്ടവയാണ്,” ഗസാല ജമീൽ എഴുതുന്നു.
ആദ്യാവസാനം, ബ്രാഹ്‌മണ്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പ്രണയബന്ധങ്ങളെയും മതപരിവർത്തനങ്ങളെയും ലക്ഷ്യമിടുകയാണ് ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങൾ. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാദം സൃഷ്ടിക്കുന്നതിലൂടെ കുടുംബഘടനയ്ക്ക് നേരെയുള്ള ഭീഷണിയായി വർഗീയതയെ ഉപയോഗിക്കുകയും കൂടുതൽ ഇടുങ്ങിയ ജീവിതം ജീവിക്കുവാനും മനുഷ്യരെ പ്രേരിപ്പിക്കുകയുമാണ് ലൗ ജിഹാദ് പ്രചാരണങ്ങൾ.
ഫീച്ചേർഡ് ഇമേജ്, വര: മൃദുല ഭവാനി