Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
64,000 കോടി രൂപ ചിലവിട്ട് നിർമ്മിക്കാൻ പോകുന്ന സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽപ്പാതയും (കെ-റെയിൽ) കേരളത്തിൽ ഇതുവരെയുള്ള പക്ഷിനിരീക്ഷണ ഡാറ്റയും ചേർത്ത് പരിസ്ഥിതി പ്രവർത്തകനായ മനോജ് കരിങ്ങാമഠത്തിൽ ഒരു ഭൂപടം തയ്യാറാക്കിയിരുന്നു. എന്തെല്ലാം പാരിസ്ഥിതിക ആഘാതമാണ് കെ റെയിൽ സൃഷ്ടിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഈ പഠനം വ്യക്തമായ ചില സൂചനകൾ നൽകുന്നുണ്ട്. മനോജ് സംസാരിക്കുന്നു.
കെ-റെയിൽ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ പക്ഷി വൈവിധ്യത്തെ പദ്ധതി എങ്ങനെയാണ് ബാധിക്കുന്നത് എന്ന താങ്കളുടെ മാപ്പിംഗ് പഠനം വളരെ വ്യത്യസ്തമായ ഇടപെടലായിരുന്നു. എപ്രകാരമാണ് കെ റെയിൽനെയും പക്ഷി സമ്പത്തിനെയും കൂട്ടിവായിക്കാനുള്ള ശ്രമമുണ്ടാകുന്നത്?
എന്റെ നാട് തൃശൂർ ജില്ലയിൽ കോൾപ്പാടങ്ങൾക്കടുത്താണ്. ചാലക്കുടിപ്പുഴയുടെയും ഭാരതപ്പുഴയുടെയും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രത്യേക ആവാസവ്യവസ്ഥയാണ് കോൾപ്പാടങ്ങൾ. മഴക്കാലത്ത് ആറു മാസം വെള്ളം കയറിക്കിടക്കുകയും മറ്റ് ആറു മാസം കൃഷി ചെയ്യുകയും ചെയ്യുന്ന ആവാസവ്യവസ്ഥയാണ് ഇവിടം. കെ-റെയിൽ ഇരിഞ്ഞാലക്കുട, തൃശൂർ ഭാഗത്തുള്ള പ്രധാന കോൾപ്പാടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസ്സിലാക്കിയതോടെയാണ് ഈ വിഷയം പിന്തുടരാൻ ആരംഭിച്ചത്. EIA വായിച്ച് മനസ്സിലാക്കാനുള്ള സാങ്കേതികമായ അറിവ് കുറവാണെങ്കിലും ആ പരിമിതിയിൽ നിന്ന് വായിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് എന്തെല്ലാം പാരിസ്ഥിതിക ആഘാതമാണ് കെ റെയിൽ പദ്ധതി സൃഷ്ടിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് വിശദമായൊരു പഠനം നടന്നിട്ടില്ല എന്നാണ്. കേരളത്തിൽ കണ്ടുവരുന്ന പലതരം പക്ഷികളുടെയും മറ്റ് ജീവജാലങ്ങളുടെയും പട്ടിക മാത്രമാണ് നിലവിൽ കെ-റെയിയിലിന്റെ വെബ്സൈറ്റിലെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കാണാൻ സാധിക്കുന്നത്. ഇതിൽത്തന്നെ പലതും പല പരിസ്ഥിതി ഗവേഷകർ ചെക്ക് ലിസ്റ്റുകളായി വിവിധ ജേണലുകളിലും മറ്റും പ്രസിദ്ധീകരിച്ചവയുടെ കോപ്പിപേസ്റ്റുമാണ്. അതിനപ്പുറം കെ-റെയിൽ കടന്നുപോകുന്ന സ്ഥലത്തിന്റെ പാരിസ്ഥിതികാവസ്ഥയെ പറ്റിയുള്ള പഠനമൊന്നും കണ്ടില്ല. കുറച്ചു വർഷങ്ങളായി ജനകീയ പങ്കാളിത്തത്തോടെ ഞങ്ങൾ ഇവിടെ പക്ഷികളെ നിരീക്ഷിച്ച് ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. കോൾ ബേർഡേർസ് (Kole Birders) എന്ന സന്നദ്ധകൂട്ടായ്മയുടെ നേതൃത്യത്തിലാണിത് ഇത് നടക്കുന്നത്. മുന്നൂറോളം പക്ഷി നിരീക്ഷകർ, കർഷകർ, ജനങ്ങൾ എന്നിവരുടെ കൂട്ടായ്മയാണിത്. ഇരിങ്ങാലക്കുട, തൊട്ടിപ്പാൾ, പാലയ്ക്കൽ തുടങ്ങിയ തൃശൂർ കോൾ മേഖലകളിലൂടെയാണ് കെ-റെയിൽ കടന്നുപോകുന്നത്. ഈ അടുത്തക്കാലത്ത് വെള്ളക്കറുപ്പൻ മേടുതപ്പിയും (Pied Harrier) ചാരമൂങ്ങയും (Pallid Scops Owl) അടക്കം കേരളത്തിൽ വളരെ അപൂർവ്വമായി നിരീക്ഷിച്ചിട്ടുള്ള ഇനം പക്ഷികളെ രേഖപ്പെടുത്തിയിട്ടുള്ള നിരവധി ദേശാടനപക്ഷികൾ വന്നെത്തുന്ന മേഖലയാണ് തൊട്ടിപ്പാൾ. ഇത്തരം ആവാസവ്യവസ്ഥകളെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും EIA യിൽ ലഭ്യമാക്കിയിട്ടില്ല.
ഇന്ത്യൻ റെയിൽ പദ്ധതികൾക്ക് EIA നിർബന്ധമല്ലാ എന്നുണ്ടോ?
നിലവിൽ റാപ്പിഡ് EIA ആണ് നടത്തിയിട്ടുള്ളത് എന്നു കരുതുന്നു. ഞാൻ അന്വേഷിച്ചതിൽ നിന്ന് ഇന്ത്യൻ റെയിൽവേയുടെ പദ്ധതികൾക്ക് EIA നടത്തേണ്ട ആവശ്യമില്ല എന്നാണറിഞ്ഞത്. പക്ഷെ കെ-റെയിൽ റെയിൽവേ മന്ത്രാലയത്തിന്റെയും കേരള സർക്കാരിന്റെയും സംയുക്ത ഉദ്യമമായതിനാൽ ഇത് തീർത്തും വ്യത്യസ്തമായ കാര്യമല്ലേ?. കൂടാതെ ഇത് വിദേശസാമ്പത്തിക സഹായത്തോടെയാണ് പൂർത്തിയാക്കാൻ സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനാലൊക്കെ തന്നെ വിശദമായ EIA വേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് (DETAILED PROJECT REPORT) ലഭ്യമായാൽ മാത്രമെ കൂടുതൽ അറിയാൻ സാധിക്കുകയുള്ളൂ.
കെ-റെയിൽ കടന്നുപോകുന്ന കണ്ണൂർ മാടായിപ്പാറയിലെ പക്ഷി വൈവിധ്യം.
ഇപ്രകാരം ഒരു പഠനത്തിലേക്ക് നയിച്ച അല്ലെങ്കിൽ സഹായിച്ച E-BIRD വെബ്സൈറ്റിനെക്കുറിച്ച് പറയാമോ?
E-BIRD അമേരിക്കയിലുള്ള കോർണൽ യൂണിവേഴ്സിറ്റി എന്ന സ്ഥാപനത്തിന്റെ ഗ്ലോബൽ സിറ്റിസൺ സയൻസ് പ്രൊജക്ട് ആണ്. ലോകത്താകമാനമുള്ള ആളുകൾ അതിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ഇ-ബേഡ് വെബ്സൈറ്റിന്റെ പ്രധാന ലക്ഷ്യം നമ്മൾ പേപ്പറിൽ എഴുതുന്നത് പേപ്പർലെസ് ആയി മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തുക, മറ്റുള്ള പക്ഷിനിരീക്ഷകരുമായി പങ്കുവയ്ക്കുക എന്നതാണ്. കേരളത്തിൽ പക്ഷിനിരീക്ഷണം താത്പര്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ആളുകൾ ഏറെയാണ്. ഇവർ ഭൂരിഭാഗവും തങ്ങളുടെ നിരീക്ഷണങ്ങൾ എല്ലാം e-bird വെബ്സൈറ്റിലൂടെയാണ് സൂക്ഷിക്കുന്നത്. രാവിലെ 15 മിനിറ്റോ അരമണിക്കൂറോ ഇത്തരത്തിൽ പ്രധാനമായ ആവാസവ്യവസ്ഥകളിൽ പോയി, നിരീക്ഷിച്ച പക്ഷികളുടെ പട്ടിക ഒറു മൊബൈൽ ആപ്പ് ഉപയോഗിച്ച് ട്രാക്ക് ചെയ്യും. ഇത്തരത്തിൽ, ആയിരക്കണക്കിന് വരുന്ന പക്ഷി നിരീക്ഷകർ കഴിഞ്ഞ ഏഴെട്ടു വർഷമായി e-bird ന് വിവരങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. സിറ്റിസൺ സയിന്റിസ്റ്റ് അഥവാ പൌരശാസ്ത്രം എന്നാണിതിനെ വിളിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് കേരളത്തിൽ നിന്ന് ഏകദേശം അയ്യായിരത്തോളം വരുന്ന പക്ഷിനിരീക്ഷകരുടെ മൂന്നര ലക്ഷത്തോളം വരുന്ന ചെക്ക് ലിസ്റ്റുകളും മുപ്പത് ലക്ഷത്തോളം നിരീക്ഷണങ്ങളും e-bird ൽ ഉണ്ടായിരിക്കും എന്നാണ്. ജി.പി.എസ് ഉപയോഗിച്ചാണ് ചെക്ക്ലിസ്റ്റുകൾ തയ്യാറാക്കുന്നത് എന്നതിനാൽ ഇത് മാപ്പിൽ നമുക്ക് കാണാനാകും.ഈ പഠനത്തിന് ഉപയോഗപ്പെടുത്തിയിട്ടുള്ള ഡാറ്റ e-bird.org ൽ കാലങ്ങളായി ലഭ്യമാക്കിയിട്ടുള്ള ഓപ്പൺ ആക്സസ് ഡാറ്റയാണ്. ജനകീയമായി ജനറേറ്റ് ചെയ്യപ്പെട്ടിട്ടുള്ള, സിറ്റിസൺ സയൻസ് ഡാറ്റയാണ് ഇത്. അപൂർവ്വ ഇനത്തിൽപെട്ട ഒരു പക്ഷിയെ റിപ്പോർട്ട് ചെയ്യുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. തെളിവുകൾ ലഭ്യമാക്കേണ്ടതായും ചിത്രം കൊടുക്കേണ്ടതായും വരാം. ആ പ്രദേശത്തുള്ള റിവ്യു ചെയ്യുന്ന മോഡറേറ്റേഴ്സ് ഇത് പരിശോധിക്കുന്നുണ്ടാകാം. അതിനാൽ തന്നെ ഒരു പരിധിവരെ തെറ്റുകൾ കുറഞ്ഞ ഡാറ്റയാണ് e-bird ലഭ്യമാക്കുന്നത്. കേരളത്തിലെ ഇരുപത്തഞ്ചോളം വരുന്ന പക്ഷി നിരീക്ഷക സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരള ബേഡ് അറ്റ്ലസ്സ് അടക്കം ഇത്രയും കാലങ്ങളിൽ നടത്തിയ സർവ്വേകളുടെ ഫലമാണിത്.
പക്ഷികൾക്ക് രാഷ്ട്രീയ അതിർത്തി ഇല്ലാത്തതുക്കൊണ്ട് നിലവിൽ യൂറോപ്പിൽ ബ്രീഡ് ചെയ്യുന്ന പക്ഷികളാണ് അവിടെ ശൈത്യം തുടങ്ങുമ്പോൾ ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും പലായനം ചെയ്യുന്നത്. അതിനാൽ തന്നെ ഈ നാട്ടിലെ പക്ഷികളെ മാത്രം പരിഗണിക്കുന്നതിൽ അർത്ഥമില്ല. ഇത്തരം വിവരങ്ങൾ ലോകത്താകമാനം ലഭ്യമാക്കണം. എങ്കിൽ മാത്രമെ ഉപയോഗപ്പെടുകയുള്ളൂ. ഈ പഠനത്തെ മുൻനിർത്തി ചർച്ചകൾ സജീവമായിരുന്നു. ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപ്പെടുന്ന പ്രവീൺ ജയദേവൻ എന്ന പക്ഷി നിരീക്ഷകനാണ് ഇതിനാവശ്യമായ ഡാറ്റ എക്സ്ട്രാക്റ്റ് ചെയ്ത് സഹായിച്ചത്. ഞാൻ കെ-റെയിലിന്റെ മാപ്പ് നോക്കി സ്വന്തമായി 500 കിലോമീറ്ററോളം വരുന്ന റൂട്ട് മാപ്പ് ഓപ്പൺ സ്ട്രീറ്റ് മാപ്പിന്റെ സഹായത്തോടെ വരച്ചു. കെ-റെയിൽ വെബ്സൈറ്റിൽ ലഭ്യമായ മാപ്പ് ഉപയോഗിക്കാൻ പരിമിതികൾ ഉള്ളതിനാലാണ് ഇങ്ങനെ വരച്ചത്. ഏകദേശം ഒരു ദിവസം എടുത്താണ് മാപ്പ് പൂർത്തിയാക്കിയത്. ശേഷം കേരളത്തിനെ ഏകദേശം 7X7 കിലോമീറ്റർ ഗ്രിഡുകളാക്കി തിരിച്ച് ഈ ഗ്രിഡുകൾ വരുന്ന പരിസരത്തുള്ള നിരീക്ഷകർ/ജനങ്ങൾ എന്നിവർ നിരീക്ഷണം നടത്തിയിട്ടുള്ള ഡാറ്റ പരിശോധിച്ചു. അങ്ങനെ ഈ ഗ്രിഡുകളിൽ എത്ര ഇനം പക്ഷികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് മനസ്സിലാക്കി (ഒരോ ഗ്രിഡ്ഡിലും ശരാശരി 80 മുതൽ 300 വരെ പക്ഷികൾ കാണപ്പെടുന്നുണ്ട്). കാട്ടിൽ, കടലിൽ, പാടത്ത്, നാട്ടിൽ കാണുന്ന പക്ഷികൾ, ദേശാടന പക്ഷികൾ എന്നിങ്ങനെ കേരളത്തിൽ ഏകദേശം ഇതുവരെ 537 ഇനം പക്ഷികളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
- https://commons.m.wikimedia.org/wiki/File:Kerala_Bird_Species_(2021)_vs_Silver_Line.png
- https://commons.m.wikimedia.org/wiki/File:Kerala_Threatened_Bird_Species_(2021)_vs_Silver_Line.png
നിലവിൽ കെ-റെയിൽ കടന്നുപോകുന്ന പ്രദേശത്തെ പക്ഷികളെ പറ്റി രണ്ട് മാപ്പുകൾ തയ്യാറാക്കിയല്ലോ. എന്തെല്ലാം സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമായത്?
കെ-റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളും e-bird വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളും ലഭ്യമായതിനാലാണ് എന്തുക്കൊണ്ട് കെ-റെയിൽ കടന്നുപോകുന്ന പ്രദേശത്ത് എത്രത്തോളം പക്ഷികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് പരിശോധിച്ചുകൂടാ എന്ന ചിന്ത വരുന്നത്. ശേഷം ഈ ഡാറ്റ 7X7 ഗ്രിഡിലേക്ക് ചേർത്തുനോക്കി. അപ്പോൾ ഒരു ഗ്രിഡിൽ എത്ര ഇനം പക്ഷികൾ ഉണ്ടെന്ന് മനസ്സിലാക്കാനായി. ഈ ഗ്രിഡുകൾക്കു ഗ്രേഡിയന്റ് രൂപത്തിൽ കളർ കൊടുത്തു. ഏറ്റവും കൂടുതൽ ഇനങ്ങൾ ഉള്ളിടത്തു കടുത്ത പച്ച, കുറഞ്ഞു വരുന്നതിനനുസരിച്ചു നിറം കുറഞ്ഞു വരുന്ന രീതിയിൽ ചെയ്തു. ശേഷം കെ-റെയിൽ കടന്നു പോകുന്നതായി ബന്ധിപ്പിച്ചു നോക്കി. അപ്പോൾ റെയിൽ കടന്നു പോകുന്ന റൂട്ടിൽ ഉള്ള പക്ഷികളുടെ സ്റ്റാറ്റസ് ലഭ്യമായി. ഇതാണ് ആദ്യം ചെയ്ത മാപ്പ്. ഈ മാപ്പ് പരിശോധിച്ചാൽ ഏതെല്ലാം പ്രധാനപ്പെട്ട ഇനം പക്ഷികൾ ഈ മേഖലയിൽ എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കാൻ സാധിക്കും. ഈ 7×7 ഗ്രിഡുകളിൽ മിക്സഡ് ഹാബിറ്റാറ്റുകൾ ഉണ്ടാകാം, അതിനാൽ പല ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന പല ഇനം പക്ഷികൾ ഓരോ ഗ്രിഡിലും കാണപ്പെടാം. ഇതാണ് ഈ പഠനത്തിൽ ഉപയോഗപ്പെടുത്തിയ രീതിശാസ്ത്രം. ഇതൊരു പ്രാഥമിക അറിവ് ഉണ്ടാക്കിക്കൊടുക്കാൻ സഹായിച്ചിട്ടുണ്ട്. തൃശൂർ കോൾ മേഖലയിൽ ഇപ്രകാരമുള്ള രണ്ടോ, മൂന്നോ ഗ്രിഡുകൾ ഉണ്ട്. അവിടെ കൂടിയ സാന്ദ്രതയിൽ പല ഇനം പക്ഷികൾ കാണപ്പെടാറുണ്ട്. ഈ പ്രദേശത്തു കൂടെ കെ-റെയിൽ കടന്നു പോകുന്നുണ്ട്. പണ്ട് കാലം മുതൽക്കേ ദേശാടനപക്ഷികൾക്ക് പേര് കേട്ട, കടലും പുഴയും ചേരുന്ന പ്രദേശമായ കടലുണ്ടിയിലൂടെയും കെ-റെയിൽ കടന്നു പോകുന്നുണ്ട്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറ, ചെമ്പല്ലിക്കുന്ന്, കുഞ്ഞിമംഗലം പ്രദേശം ഉൾപ്പെടുന്ന ഗ്രിഡ് ഒരു സെൻസിറ്റിവ് മേഖല ആണെന്ന് മാപ്പ് പരിശോധിച്ചാൽ മനസിലാകും. ഇങ്ങനൊരു ശ്രമം ചെയ്തത് സ്വയം ഒരു ധാരണ ഉണ്ടാക്കാൻ വേണ്ടിയാണ്. നമ്മൾ ജനപങ്കാളിത്തത്തോടെ ചെയ്ത ഒരു കാര്യം നമ്മുടെ നാട്ടിൽ ഒരു വികസനം വരുമ്പോൾ അതിനു സഹായകരമാകുന്ന വിധത്തിൽ എങ്ങനെ ഉപയോഗിക്കാം, സംഭാവന ചെയ്യാം എന്നെല്ലാം ആലോചിച്ചു ചെയ്താണ്. IUCN എന്ന ഏജൻസിയുടെ ആഭിമുഖ്യത്തിൽ പക്ഷികളെ വംശനാശ ഭീഷണി നേരിടുന്നതിന്റെ അവസ്ഥ അനുസരിച്ചു പല വിഭാഗങ്ങളാക്കി തിരിക്കുന്നുണ്ട്. IUCN റെഡ് ലിസ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്നവ, സമീപഭാവിയിൽ വംശനാശം സംഭവിക്കുന്നവ എന്നിങ്ങനെ പലതരം വിഭാഗങ്ങൾ ഉണ്ട്. അതനുസരിച്ചു IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട പക്ഷികളെ മുൻനിർത്തി ഒരു ഇൻഡക്സ് ഉണ്ടാക്കി. അതാണ് രണ്ടാമത്തെ മാപ്പ്. ആദ്യ മാപ്പിൽ കേരളത്തിൽ കാണപ്പെടുന്ന, വന്നു പോകുന്ന എല്ലാ പക്ഷികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചെയ്തത്. 280 ഇനങ്ങൾ ആണ് ഒരു ഗ്രിഡിൽ പരമാവധി ഉൾപ്പെട്ടിരിക്കുന്നത്, കേരളത്തിലെ ഏതൊരു പ്രദേശത്തും ഒരു വർഷം ഇപ്രകാരം നിരീക്ഷിച്ചാൽ 120 മുതൽ 280 വരെയുള്ള ഇനങ്ങളെയാണ് 7×7 ഗ്രിഡിൽ റെക്കോർഡ് ചെയ്യാൻ സാധിക്കുന്നത്. രണ്ടാമത്തെ മാപ്പിൽ IUCN റെഡ് ലിസ്റ്റിൽ പേരുള്ള പക്ഷികളെ വച്ച് മാത്രം പരിശോധിച്ചു.
ഭാരതപ്പുഴയോടു ചേർന്ന് കിടക്കുന്ന, തിരുനാവായ എന്ന സ്ഥലത്തുള്ള പാടശേഖരത്തിൽ നടുവിലായി കാണപ്പെടുന്ന മരങ്ങളിൽ ചേരാകൊക്കൻ/ഞാവഞ്ഞിപ്പൊട്ടൻ എന്നീ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന Openbill Stork എന്ന ഇനത്തിൽപ്പെട്ട പക്ഷി ഉണ്ട്. അത് കേരളത്തിന്റെ കോൾ പാടങ്ങളിൽ ഏകദേശം ആയിരത്തോളം സർവേകളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഈ ഒരു പ്രദേശത്തു മാത്രമാണ് ഇത് കൂടുവച്ച് പെരുകുന്നത്. ഏകദേശം അൻപതോളം കൂടുകൾ ഇവിടെയുണ്ട്. ഈ പാടത്തിന്റെ നടുവിലൂടെയാണ് കെ-റെയിൽ കടന്നുപോകുന്നത്.
ഈ പഠനത്തിന്റെ മുന്നോട്ടുള്ള സാധ്യത എപ്രകാരം ആകണം എന്നാണ് കരുതുന്നത്?
ഈ ഒരു പഠനം ഏതെങ്കിലുമൊരു ജേർണലിൽ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ല. ഈ ഡാറ്റ സംഭാവന ചെയ്തവർക്ക് അവരുടെ ഡാറ്റ വികസന പ്രശ്നവുമായി ബന്ധപ്പെട്ട് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന സാധ്യത കാണിച്ചു കൊടുക്കുക, പൊതുജനങ്ങൾക്ക് പക്ഷികളെ സംബന്ധിച്ച ഒരു കാഴ്ചപ്പാട് ലഭ്യമാക്കുക, ഈ ഡാറ്റ സാമൂഹ്യമാധ്യമങ്ങളിലൂടെ അധികാരികളുടെ ശ്രദ്ധയിൽപെടുത്തുക എന്നതാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഒരു വികസന പദ്ധതി വരുമ്പോൾ ആവാസവ്യവസ്ഥയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് ഏറ്റവും കുറഞ്ഞ പ്രാധാന്യമാണ് കിട്ടാറുള്ളത്. അതിനൊരു മാറ്റം വരേണ്ടതുണ്ട്. ഇവിടെ നമ്മൾ ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തനം ഈ പരിഗണന ഉണ്ടാക്കിയെടുക്കുക എന്നതാണ്. പിന്നെ ഇതിനെക്കുറിച്ചുള്ള അറിവ് ജനകീയമാക്കുക. ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലേക്ക് സാധാരണക്കാരുടെ പങ്കാളിത്തം കൂട്ടുക. അത്തരം ഡാറ്റകൾ ആ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് ഉപയോഗപ്പെട്ടുത്തുക.
അധികം മനുഷ്യവാസമില്ലാത്ത ഭൂമികൾ ഉപയോഗപ്പെടുത്തിയാണ് കെ-റെയിൽ പദ്ധതി മുന്നോട്ടു പോകുന്നത് എന്ന് പറയുമ്പോൾ, നിലവിൽ അധികം കൈയ്യേറ്റങ്ങൾക്കും നികത്തലുകൾക്കും വിധേയമാകാത്ത കോൾ പാടങ്ങൾങ്ങൾ പോലെയുള്ള ആവാസവ്യവസ്ഥകൾക്ക് മുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത് എന്ന് മറക്കരുത്.
eBird Basic Dataset. Version: EBD_relJul-2021. Cornell Lab of Ornithology, Ithaca, New York. Jul 2021.
Map data by OpenStreetMap contributors and available from https://www.openstreetmap.org