Shoot at eye level. Shoot while walking. It was a matter of survival” – Ernest Cole (1940-1990)
സൗത്ത് ആഫ്രിക്കൻ ഫോട്ടോ ജേണലിസ്റ്റായ ഏണസ്റ്റ് കോൾ ന്യൂയോർക്കിൽ വെച്ച് മരണപ്പെടുമ്പോൾ അദ്ദേഹം കാൻസർ ബാധിതനായിരുന്നു, സ്വന്തം രാജ്യത്ത് നിരോധിതനും. ജന്മദേശമായ സൗത്ത് ആഫ്രിക്കയിൽ വരേണ്യ വംശീയതയുടെ ലിഖിത സാമൂഹ്യ നിയമങ്ങൾ സ്വന്തം ജനതയെ അപരരാക്കി വേറിട്ടുനിർത്തിയ കാലഘട്ടത്തെ പകർത്തിയ ഫോട്ടോ ജേണലിസ്റ്റ്.
ഏണസ്റ്റ് കോൾ 1968ൽ ഇരുപത്തിയെട്ടാം വയസ്സിലാണ് സൗത്ത് ആഫ്രിക്കയിൽ വിലക്കപ്പെടുന്നത്. ഏണസ്റ്റ് കോളിന്റെ ജീവിതകഥ പറയുന്ന,
റൗൾ പെക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോൾ ലോസ്റ്റ് ആൻഡ് ഫൗണ്ട്’ പതിനാറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണിങ് ഫിലിം ആയിരുന്നു. ഫോട്ടോ ജേണലിസത്തിൽ സ്വയം അടയാളപ്പെടുത്തുകയായിരുന്നു കോൾ, എന്നാൽ ഏണസ്റ്റ് കോളിനെ പോലെയുള്ള ഫോട്ടോ ജേണലിസ്റ്റുകൾ ഇന്ന് എത്രത്തോളം ദൃശ്യരാണ്?
ഏണസ്റ്റ് കോളിന്റെ ജീവിതത്തെക്കുറിച്ചുള്ള കുറെയേറെ ചോദ്യങ്ങൾ ഈ ഡോക്യുമെന്ററി ഉയർത്തുന്നുണ്ട്. ഏണസ്റ്റ് കോളിന്റെ ഫോട്ടോഗ്രാഫുകൾ തന്നെയാണ് ഡോക്യുമെന്ററിയിലെ പ്രധാന ദൃശ്യം.
പൊതു ഇടങ്ങളിൽ ‘യൂറോപ്യൻസിന് മാത്രം’ എന്നെഴുതി വെച്ച സെെൻ ബോർഡുകളിലൂടെയും സ്‌കൂളുകൾ, ഖനികൾ, വെയ്റ്റിങ് റൂമുകൾ, കടകൾ, തെരുവുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പകർത്തിയ ഫോട്ടോഗ്രാഫുകളിലൂടെയുമാണ് ഡോക്യുമെന്ററി മുന്നോട്ടുപോകുന്നത്.
ഏണസ്റ്റ് കോളിന്റെ എഴുത്തുകളുടെ അടിസ്ഥാനത്തിൽ റൗൾ പെക് തയ്യാറാക്കിയ തിരക്കഥ. ഏണസ്റ്റ് കോളിന്റെ ആത്മഭാഷണം എന്ന രീതിയിലാണ് ഡോക്യുമെന്ററി കാഴ്ചക്കാരോടു സംസാരിക്കുന്നത്. ഒട്ടുമുക്കാലും ഫോട്ടോഗ്രാഫുകളിലൂടെ കഥപറയുന്നതിന്റെ വ്യത്യസ്തതയും 105 മിനിറ്റ് ദെെർഘ്യമുള്ള ഡോക്യുമെന്ററിക്കാഴ്ച നൽകുന്നുണ്ട്. അത്രയേറെ വിശദാംശങ്ങളാണ് നാടുകടത്തപ്പെട്ടതിന്റെ ഏകാന്തതയിൽക്കഴിഞ്ഞ വർഷങ്ങൾക്കൊടുവിൽ ഏണസ്റ്റ് കോൾ മാറ്റിവെച്ച ആ ക്യാമറ രേഖപ്പെടുത്തിയിരിക്കുന്നത്.
I was homesick and i can’t go back
വിഷാദത്തിലും ഏകാന്തതയിലും സന്തോഷങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിച്ച് ജീവിച്ച, നാടുകടത്തപ്പെട്ടവർക്ക് വേണ്ടിയാണ് റൗൾ പെക്കിന്റെ ഡോക്യുമെന്ററി സമർപ്പിച്ചിരിക്കുന്നത്.
49-ാം വയസ്സിൽ കോളിനെ കാണാൻ അമ്മ വരുന്നത് അദ്ദേഹത്തിന്റെ മരണക്കിടക്കയിലേക്കാണ്, പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചാണ് കോൾ മരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നു പകർത്തിയ ഫോട്ടോഗ്രാഫുകളുടെ നെഗറ്റീവുകൾ നാടുകടത്തപ്പെട്ടതിന് പിന്നാലെ ന്യൂയോർക്കിലേക്ക് പല വഴികളിലൂടെ കടത്തുകയാണ് ചെയ്തത്. പിന്നീട് 2017 ൽ(ലണ്ടൻ, പാരീസ്, സ്വീഡൻ എന്നിവിടങ്ങളിലായി ജീവിച്ച) ഏണസ്റ്റ് കോൾ പകർത്തിയ ചിത്രങ്ങൾ സ്വീഡനിലെ ഒരു ബാങ്കിൽ നിന്നും വർഷങ്ങൾക്ക് ശേഷം വീണ്ടെടുക്കപ്പെടുകയായിരുന്നു. ഈ ഫോട്ടോ നെഗറ്റീവുകൾ അവിടെയെത്തിച്ചത് ആരാണെന്നതിനെക്കുറിച്ച് സൂചനകളൊന്നും തങ്ങൾക്ക് കിട്ടിയിരുന്നില്ല എന്ന് കോളിന്റെ മരുമകനായ ലെസ്ലീ മട്ട്ലെയ്സെൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. “ഈ വിവരം എന്നെ അറിയിച്ചപ്പോൾ വളരെ വിചിത്രമായാണ് തോന്നിയത്. സ്വീഡനിൽ കുറച്ചധികം സമയം ചെലവഴിച്ച് നമ്മുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടാൻ ഞാൻ ആഗ്രഹിച്ചു”. 60,000 ഫോട്ടോ നെഗറ്റീവുകളാണ് ഇങ്ങനെ സൂക്ഷിക്കപ്പെട്ടിരുന്നത്.
വംശീയത എന്ന ‘സാമൂഹ്യ ക്രമം’ പകർത്തുമ്പോൾ
വംശീയ വിവേചനങ്ങൾ സാമൂഹ്യ ക്രമമായി മാറുന്നത് വംശീയ മേന്മ അവകാശപ്പെടുന്ന, അധികാരം കയ്യാളുന്ന ഒരു സാമൂഹ്യവിഭാഗം (എണ്ണത്തിൽ ചെറുതെങ്കിലും) വിഭാഗീയമായ നിയമങ്ങൾ നിലനിർത്തുമ്പോഴാണ്.
ഏത് നിമിഷവും വെടിയേറ്റുവീഴാം എന്ന ഭയത്തിലാണ് ഏണസ്റ്റ് കോൾ തന്റെ ക്യാമറ ഉപയോഗിച്ചത്. സാമൂഹ്യ ക്രമമായി പാലിച്ചുവന്ന വംശീയതയുടെ എല്ലാത്തരത്തിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളും കോൾ പകർത്തുന്നുണ്ട്. പബ്ലിക് പാർക്കുകളിലുള്ള സീറ്റിങ്, വംശീയമായി വേർതിരിച്ച പൊതുഗതാഗത സംവിധാനം, തൊഴിൽചൂഷണം നടത്തുന്ന ധാതുഖനികൾ, സ്കൂളുകൾ, കടകൾ അങ്ങനെ എല്ലായിടവും വിഭജിതമാണ്.
വംശീയതയുടെ ഇരകളാകുന്നവരെ മാത്രം ഫോക്കസ് ചെയ്തതല്ല കോളിന്റെ ക്യാമറ, അതിന്റെ പ്രയോക്താക്കളുടെ മുഖങ്ങളും ചരിത്രത്തിന്റെ ഈ രേഖകളിൽ അടയാളപ്പെട്ടിരിക്കുന്നു.
Piercing brutality of Staring
വെള്ളക്കാരുടെ തുറിച്ചുനോട്ടങ്ങളെ, ‘തുളഞ്ഞിറങ്ങുന്ന തുറിച്ചുനോട്ടത്തിന്റെ ക്രൂരത’ എന്നാണ് കോൾ വിശേഷിപ്പിക്കുന്നത്. പ്രത്യേകാധികാരത്തിന്റെ ക്രൂരത. വെള്ളക്കാരായ ഫോട്ടോജേണലിസ്റ്റുകൾ തന്റെ ഫോട്ടോകൾ മടുപ്പിക്കുന്നതാണ് എന്നു പറയുന്നതിനെ കുറിച്ച് കോൾ ഇങ്ങനെ ചോദിക്കുന്നു, “What do they know of my reality, my urgency? Why are you blaming me for turning my camera to you and see nothing?”
ചരിത്രം ഒരു അത്ഭുതമാണ്, വെറും വർഷങ്ങൾ കൊണ്ട് മർദ്ദകവിഭാഗത്തിന് പരിവർത്തനം ചെയ്തവരായി അവതരിക്കാൻ കഴിയും, അതും അവരുടെ പ്രത്യേകാധികാരമാണ് എന്ന് ഏണസ്റ്റ് കോൾ ഓർമിപ്പിക്കുന്നുണ്ട്.
“തെരുവിൽ നിങ്ങൾക്കൊരു കറുത്ത മനുഷ്യനെ കാണാൻ കഴിയില്ല, അയാളുടെ സാന്നിധ്യം കൊണ്ട് അവിടെ ഒരു സർവ്വീസ് നടക്കുന്നുണ്ടെങ്കിൽ അല്ലാതെ. “വലിയ ഭാരമേറ്റി നടന്നുവരുന്ന ഒരു കറുത്ത മനുഷ്യന്റെ ചിത്രത്തോടൊപ്പം ഡോക്യുമെന്ററി പറയുന്നു.
ഒരു കറുത്ത ആൺകുട്ടിയുമായി സംസാരിക്കുന്ന കറുത്ത വംശജനായ പൊലീസുകാരനെ കുറിച്ച് ഇങ്ങനെ പറയുന്നു, “അയാൾ കറുത്തവനായിരിക്കാം, പക്ഷേ ഇപ്പോൾ അയാളുടെ തൊഴിൽ പൊലീസിങ് ആണ്, സമൂഹത്തിൽ അയാൾക്കൊരു ഇടമുണ്ട്. അയാൾക്ക് അയാളുടെ വെള്ളക്കാരനായ മേലധികാരിയെ അനുസരിക്കാതെ വയ്യ.” ചിത്രത്തിലുള്ള മറ്റു മൂന്ന് സ്ത്രീകളുടെ മുഖഭാവങ്ങളെക്കുറിച്ചും പറയുന്നുണ്ട്, അതിലെ രണ്ടുപേർ കറുത്ത വംശജരാണ്. തൊട്ടപ്പുറത്തായി മാറിനിന്ന് വീക്ഷിക്കുന്ന വെള്ളക്കാരനെ ഇങ്ങനെ വിശദീകരിക്കുന്നു, “അയാളാ ആൺകുട്ടിയെ നോക്കുന്നത് ഒരു പല്ലിയെ എന്ന പോലെയാണ്.” എല്ലാ വെള്ളക്കാരുടെ വീടുകളിലും കറുത്ത വംശജരായ സ്ത്രീകളാണ് വീട്ടുജോലി ചെയ്യുന്നത്. “ശെെശവത്തിൽ അവരുടെ കുഞ്ഞുങ്ങൾ ഈ സ്ത്രീകളോട് സൂക്ഷിക്കുന്ന ബന്ധം നിഷ്കളങ്കമായിരിക്കും, എങ്കിലും പിന്നീട് അവരും അവരുടെ അമ്മമാരെ പോലെ പെരുമാറും” ഡോക്യുമെന്ററി സൂചിപ്പിക്കുന്നു.
“അങ്ങനെ നടന്നുപോകവെ ലോകം എത്ര സുന്ദരമാണ് എന്ന് തോന്നിപ്പിക്കുന്ന രണ്ട് യുവതികളെ കണ്ടു, ഞാനവരോട് അൽപനേരം സംസാരിച്ചു, നോക്കൂ, ഈ പുഞ്ചിരി അത്രയും ആഴമുള്ളതല്ലേ?” സൂര്യൻ അസ്തമിക്കുന്ന സമയത്ത് ഒരു റോഡിലൂടെ നടന്നുപോകുന്ന രണ്ട് യുവതികളുടെ കോൾ പകർത്തിയ ചിത്രം അത്രയും സുന്ദരമാണ്.
അന്യനാടുകളിലെ ജീവിതം
“I CONTEMPLATED SUICIDE, NOT ONCE BUT MANY TIMES”
മനുഷ്യരുടെ നിലനിൽപ് സമൂഹവുമായി ഏറെ ഇഴുകിച്ചേർന്നുകിടക്കുന്നതാണ്. സമൂഹത്തിൽ നിന്നും വേർപെടുന്നവർ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു.
വംശീയതയുടെ പ്രകടമായ കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കുന്ന ഇന്റർ റേഷ്യൽ പ്രണയികളുടെ ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഏണസ്റ്റ് കോൾ പറയുന്നുണ്ട്, “സൗത്ത് ആഫ്രിക്കയിൽ ഇതൊന്നും സാധ്യമല്ല.” ചുംബിക്കുന്ന, കറുത്ത വംശജരായ ഗേ പ്രണയികളുടെ മൂന്ന് ഫോട്ടോഗ്രാഫുകളുള്ള സീക്വൻസിൽ ഇങ്ങനെ പറയുന്നു, “രണ്ട് പുരുഷന്മാർക്കും പ്രേമിക്കാം, കറുത്തവരായാലും വെളുത്തവരായാലും ലോകത്തെവിടെയും അതൊരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.” കെെ കോർത്തുനടക്കുന്ന രണ്ട് പുരുഷന്മാർ ആഴത്തിലുള്ള സൗഹൃദത്തെയും സൂചിപ്പിക്കുന്നു എന്നും പറയുന്നു.
സൗഹൃദങ്ങളും പ്രണയങ്ങളും ഏണസ്റ്റ് കോളിന്റെ ജീവിതത്തിന് പ്രതീക്ഷ നൽകി എന്നും ഡോക്യുമെന്ററി സൂചിപ്പിക്കുന്നുണ്ട്. പ്രണയികളുടെയും സുഹൃത്തുക്കളുടെയും ഫോട്ടോഗ്രാഫുകൾ പകർത്തിയ രീതിയും അതിൽ ദൃശ്യമാകുന്ന ഊഷ്മളതയും അതു വ്യക്തമാക്കുന്നുമുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നടന്ന, വർണവിവേചനത്തിന് എതിരായ കറുത്ത വംശജരുടെ പോരാട്ടങ്ങളിലൂടെയും, വർണവിവേചനത്തോടുള്ള പ്രതിഷേധമായി ദക്ഷിണാഫ്രിക്കയെ യുണൈറ്റൈഡ് നേഷൻസ് ജനറൽ അസംബ്ലി പുറത്താക്കിയതിനെ കുറിച്ചും, നെൽസൺ മണ്ടേലയുടെ ജയിൽ മോചനത്തിലൂടെയും കോളിന്റെ കഥ പറയുകയാണ് ഈ ഡോക്യുമെന്ററി.
മാൽകോം എക്സ് ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലുണ്ടായ ബ്ലാക്ക് മുസ്ലീം മുന്നേറ്റങ്ങളെയും ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നുണ്ട്.
EXILE DESTROYED MANY OF US
സൗത്ത് ആഫ്രിക്കയിൽ നിന്നും പകർത്തിയ ചിത്രങ്ങൾ വിവിധ എക്സിബിഷനുകളിലൂടെ ലോകത്തെ കാണിക്കുകയാണ് പിന്നീട് ഏണസ്റ്റ് കോൾ ചെയ്തത്, വർഷങ്ങളോളം ക്യാമറ ഉപയോഗിക്കാൻ കഴിയാതാകുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ ആഫ്രിക്കൻ അംബാസഡർമാരെ കാണാൻ ശ്രമിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ ഇടപെടലുകളായി മാറിയിരുന്നിരിക്കാം. പീഡനങ്ങളുടെ ചിത്രം പകർത്തുമ്പോഴും മനുഷ്യാന്തസ്സിന്റെ ലംഘനം കോളിന്റെ ചിത്രങ്ങളിൽ എവിടെയും കാണാൻ കഴിയുകയില്ല. അതേ സമയം പീഡകരുടെ മുഖങ്ങൾ വ്യക്തമായി കാണിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രങ്ങൾ.
1968 മുതൽ 1971 വരെയുള്ള കാലത്തെ അമേരിക്കയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ദ ട്രൂ അമേരിക്ക എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“വീടുവിട്ടപ്പോൾ ഞാൻ കരുതിയത് ജീവിതത്തിൽ ഞാൻ പ്രതീക്ഷവെച്ചിരുന്ന മറ്റുമേഖലകളിലുള്ള എന്റെ കഴിവുകളിൽ ശ്രദ്ധിക്കുവാനും സന്തോഷം കണ്ടെത്താൻ കഴിയുകയും ചെയ്യും എന്നാണ്. പക്ഷേ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ രാജ്യത്ത് ഞാൻ കണ്ടതെല്ലാം എന്റെ പ്രതീക്ഷ തെറ്റിച്ചു. എന്തു വില കൊടുത്തും സത്യം രേഖപ്പെടുത്തുക എന്നതും ദുഖങ്ങളുടെയും അനീതിയുടെയും ക്രൂരമായ നിസ്സംഗതയുടെയും കഥകൾ മാത്രം രേഖപ്പെടുത്തുക എന്നതുമാണ് ഞാൻ ചെയ്തത്. ” (When I left home I thought I would focus my talents on other aspects of life which I assumed would be more hopeful and some joy to do. However, what I have seen in this country over the past two years has proved me wrong. Recording the truth at whatever cost is one thing but finding one having to live a lifetime of being the chronicler of misery and injustice and callousness is another.)
ബാനിഷ്മെന്റ് ക്യാംപുകളിൽ നിന്നെടുത്ത കോളിന്റെ ചിത്രങ്ങൾ വർണവിവേചനത്തിനെതിരെ പോരാടിയവരെ നേരിട്ട ഭരണകൂട രീതിയെ തുറന്നുകാട്ടുന്നുണ്ട്.
ഇടങ്ങളെ അടയാളപ്പെടുത്തുന്നു
തെരുവുകളിൽ ജീവിക്കുന്നവരെ പകർത്തിയ ഏണസ്റ്റ് കോളിന്റെ ഫോട്ടോഗ്രാഫുകൾ ലോകത്തെ, ചിലരെ മാത്രം പുറത്തുനിർത്തുന്ന വലിയൊരു നിർമിതിയായി അടയാളപ്പെടുത്തുന്നുണ്ട്. പതിവായി പകർത്തപ്പെട്ട ഈ ചിത്രങ്ങൾ അതുകൊണ്ടുതന്നെ സമൂഹ നിർമിതികളെ കൃത്യമായി വെളിപ്പെടുത്തുന്നു. യുഎസ്എയിൽ നിന്നും പകർത്തിയ ഒരു ചിത്രത്തിൽ, ഒരു ഹൗസിങ് പരസ്യത്തിന് തൊട്ടടുത്തായി തെരുവിൽ ജീവിക്കുന്നയാൾ ഫോട്ടോഗ്രാഫറെ നോക്കുന്ന ചിത്രം ലോകത്തിന് മുന്നിൽ തുറന്നിടുന്നത് നിരവധി ചോദ്യങ്ങളാണ്.
ചിലപ്പോൾ എങ്ങനെയാണ് സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചെത്താൻ കോൾ ആഗ്രഹിച്ചിരുന്നത് എന്നും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. കോൾ അനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും കാഴ്ചക്കാരിലേക്ക് എത്തിക്കാൻ സംവിധായകൻ റൗൾ പെക്കിന് കഴിഞ്ഞിട്ടുണ്ട്.