ഇനി ഒരൊറ്റ മണിപ്പൂർ സാധ്യമല്ല

മെയ് ആദ്യ വാരം തുടങ്ങിയ മണിപ്പൂർ കലാപം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത് ന്യൂനപക്ഷ ആദിവാസി വിഭാഗമായ കുക്കികൾക്കെതിരെയുള്ള വംശീയ ഉന്മൂലന ശ്രമമാണെന്ന് കുക്കി സമുദായത്തിലെ സാമൂഹ്യപ്രവർത്തകനും, മുൻ കോൺഗ്രസ് സംസ്ഥാന നേതാവുമായ ഡോ. ലംതിൻതാങ്ങ് ഹൗകിപ് അഭിപ്രായപ്പെടുന്നു. ഇംഫാൽ താഴ്‌വരയിൽ നിന്നും കുക്കികൾ ആട്ടിയോടിക്കപ്പെട്ടുവെന്നും, മണിപ്പൂർ വൈകാരികമായും, ഭൂമിശാസ്ത്രപരമായും രണ്ടായി പിരിഞ്ഞിരിക്കുന്നുവെന്നും കലാപം നേരിട്ടനുഭവിച്ച ഹൗകിപ് പറയുന്നു. മണിപ്പൂരിലെ ഭരണസംവിധാനം കുക്കി വിരുദ്ധമാണെന്നും മെയ്തെയ് സംഘടനകൾ ബി.ജെ.പി സർക്കാരിന്റെ ആശീർവാദത്തോടെ അക്രമങ്ങളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. കേരളത്തിലെത്തിയ ഡോ. ലംതിൻതാങ്ങ് ഹൗകിപ് കേരളീയത്തിന് നൽകിയ അഭിമുഖം.

കലാപം നടക്കുന്ന സമയത്ത് മണിപ്പൂരിൽ ഉണ്ടായിരുന്ന വ്യക്തിയാണല്ലോ ഹൗകിപ്. എന്താണ് യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത്? കലാപം നേരിടേണ്ടി വന്ന ഒരാൾ എന്ന നിലയിൽ അങ്ങേക്ക് എന്താണ് പുറംലോകത്തോട് പറയാനുള്ളത്?

മാധ്യമങ്ങളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും നിങ്ങൾ അറിയുന്ന വാർത്തകളിൽ 99 ശതമാനവും മെയ്തെയ് സമൂഹം പ്രചരിപ്പിക്കുന്ന നുണകളും, വ്യാജ വാർത്തകളുമാണ്. മണിപ്പൂരിലെ 90 ശതമാനം പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളും ഇംഫാൽ താഴ്‌വാരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതും, മെയ്തെയ്കളുടെ നിയന്ത്രണത്തിലുള്ളതുമാണ്. അവരാണ് കുക്കികളെ കലാപകാരികളാക്കി ചിത്രീകരിക്കുന്നത്. ഇംഫാൽ താഴ്വരയിൽ ചില പോക്കറ്റുകളിൽ മാത്രമാണ് കുക്കി സമൂഹം അധിവസിക്കുന്നത്. ഭൂരിപക്ഷ സമുദായം മെയ്തെയ്കളാണ്. അത്തരത്തിൽ ന്യൂനപക്ഷമായ ഒരു സമൂഹത്തിന് എങ്ങനെയാണ് മെയ്തെയ്കളെ ആക്രമിക്കാൻ സാധിക്കുക? ഞങ്ങൾ മെയ്തെയ് ക്ഷേത്രങ്ങൾ തകർത്തു എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ. ജീവിതം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് മെയ്തെയ്കളെ ആക്രമിക്കാനുള്ള അവസ്ഥയില്ല. ഇന്ത്യയിലെ ജനങ്ങൾ മെയ്തെയ്കൾ ചിത്രീകരിച്ച ഈ ആഖ്യാനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ഇത് മെയ്തെയ്കൾക്ക് സമൂഹത്തിലുള്ള ഉയർന്ന സ്ഥാനത്തിന്റെ ഫലം കൂടിയാണ്. എല്ലാ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും അവർ നിയന്ത്രിക്കുന്നു എന്നതുകൊണ്ടാണ് ഈ തെറ്റായ ആഖ്യാനത്തിന് ഇന്ത്യ മുഴുവൻ പ്രചാരം ലഭിച്ചിരിക്കുന്നത്.

കത്തിയെരിയുന്ന കുക്കി ​ഗ്രാമങ്ങളുടെ ആകാശക്കാഴ്ച

ഞങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ ജനങ്ങൾ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ജനപ്രതിനിധികൾ ഭരണഘടനാപരമായ ഞങ്ങളുടെ അവകാശങ്ങൾ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. എന്നാൽ ഞങ്ങൾ ആ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അവർ ഞങ്ങളെ വർഗീയമായി ചിത്രീകരിക്കുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഭരണഘടനാ അവകാശങ്ങൾ ആവശ്യപ്പെടാൻ കഴിയും. മെയ്തെയികൾ ഭൂരിപക്ഷ സമൂഹമാണ്, എന്നിട്ടും അവർ അരക്ഷിതരാണെന്ന് അവർ പറയുന്നു. അപ്പോൾ ന്യൂനപക്ഷ സമൂഹമായ കുക്കികളുടെ അവസ്ഥ എന്തായിരിക്കും? മെയ്തെയ്കൾ പട്ടികവർഗ പദവി ആവശ്യപ്പെടുന്നത് ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പിക്കാനല്ല, മറിച്ച് ഞങ്ങൾക്ക് പരമ്പരാഗതമായി ലഭിച്ച ഭൂമി തട്ടിയെടുക്കാൻ കൂടി വേണ്ടിയാണ്.

കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നും കുക്കി സ്ത്രീയെ നഗ്നയാക്കി പരേഡ് ചെയ്യിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നല്ലോ. മെയ് ആദ്യം നടന്നതാണ് ഈ ഹീനമായ കൃത്യം. എന്നാൽ ഇപ്പോഴാണ് അവ പുറത്തുവരുന്നത്. ഇത്തരത്തിൽ ഏറെ വേദനിപ്പിക്കുന്ന നിരവധി സംഭവങ്ങൾ അവിടെ നടന്നിട്ടുണ്ടോ? ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാത്തതാണോ ?

മുഖ്യമന്ത്രി ബിരേൻ സിങ് തന്നെ പറയുന്നു മണിപ്പൂരിൽ അത്തരത്തിൽ നിരവധി അക്രമങ്ങൾ നടന്നിട്ടുണ്ടെന്ന്. അവർ നഗ്നയായി പരേഡ് ചെയ്യപ്പെട്ടതും, കൂട്ടം ചേർന്ന് പീഡിപ്പിക്കപ്പെട്ടതും, അക്രമിക്കപ്പെട്ടതും അവർ ഒരു കുക്കി ആദിവാസി സ്ത്രീ ആയതുകൊണ്ടാണ്. ഇത് വളരെയധികം വിഷമിപ്പിക്കുന്ന കാര്യമാണ്. എനിക്ക് വേദനിക്കുന്നുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ചോര പൊടിയുന്നുണ്ട്. മുഖ്യമന്ത്രി തന്നെ അത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് പറയുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ അറിയാം എന്നാണ് വ്യക്തമാകുന്നത്. മെയ്തെയ് ഗുണ്ടകളും, ക്രിമിനലുകളും, തീവ്രവാദ ഗ്രൂപ്പുകളും ചേർന്ന് നടത്തിയ അക്രമങ്ങളെക്കുറിച്ചു അദ്ദേഹം വളരെയധികം ബോധവാനാണ്.

ഇത്തരത്തിൽ ഒരു സംഭവം മാത്രമല്ല അവിടെ നടന്നിട്ടുള്ളത്. ഇപ്പോൾ ഏറെ പ്രചരിപ്പിക്കപ്പെട്ട വീഡിയോ തന്നെ മെയ് മാസം ആദ്യം നടന്ന ഒരു അക്രമത്തിന്റേതാണ്. ഇത്തരത്തിൽ നടക്കുന്ന സംഭവങ്ങൾ പുറംലോകം അറിയാതിരിക്കാൻ ബിരേനും അവരുടെ സർക്കാരും മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഈ സമയത്ത് ആരംഭായ് തെങ്ഗോൽ, മെയ്തെയ് ലിപുൺ അടക്കമുള്ള മെയ്തെയ് സംഘടനകൾ ഹീനമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടി. ഇതാണ് മണിപ്പൂരിലെ അവസ്ഥ. അവിടെ നിയമവാഴ്ചയില്ല. ഈ കലാപത്തിൽ ഇടപെടാനോ, നിയന്ത്രിക്കാനോ കഴിയാത്ത നിമിഷത്തിൽ തന്നെ ബിരേൻ രാജി വക്കേണ്ടതായിരുന്നു. എന്നാൽ മൂന്നു മാസത്തിന് ശേഷവും അദ്ദേഹം അധികാരത്തിൽ തുടരുകയാണ്. ഇത് വലിയ നാണക്കേടാണ്. സംസ്ഥാനത്തെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമുണ്ടോ?

ഈ കലാപം പൊട്ടിപ്പുറപ്പെടാനുള്ള കാരണമെന്താണ്? മണിപ്പൂർ സർക്കാരിന്റെ നടപടികൾ ജനങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചത്? മുഖ്യമന്ത്രി ബിരേൻ സിങ് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നല്ലോ?

മെയ് മൂന്നിനാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ അതിനു മുന്നേ കുറെ നാളുകളായി പല കാര്യങ്ങളും മണിപ്പൂരിൽ നടന്നുവരുന്നുണ്ട്. മണിപ്പൂരിന്റെ മുഖ്യമന്ത്രി ബിരേൻ സിങ് അടക്കം അതിനുമുന്നേ തന്നെ ഒരു ഭയാനകമായ ഒരു അവസ്ഥ സമൂഹത്തിൽ സൃഷ്ടിച്ചിരുന്നു. അദ്ദേഹം പൊതുപ്രസം​ഗങ്ങളിലെല്ലാം തന്നെ കുക്കി സമൂഹത്തെ ലക്ഷ്യമാക്കി സംസാരിച്ചിരുന്നു. കുക്കികൾ അനധികൃത കുടിയേറ്റക്കാരാണെന്നും, പോപ്പി (കറുപ്പ്) കൃഷി ചെയ്യുന്നവരാണെന്നും, വിദേശികളാണെന്നും ആരോപിച്ച് അദ്ദേഹം ഞങ്ങളെ അവഹേളിച്ചു. കുക്കി ഭൂരിപക്ഷ മേഖലകളിലെ ചില പോക്കറ്റുകളിൽ, ഒരു ഗതിയുമില്ലാത്ത എണ്ണത്തിൽ വളരെ കുറഞ്ഞ ആളുകൾ പോപ്പി കൃഷി ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. ഞങ്ങൾ അത് നിഷേധിക്കുന്നില്ല. എന്നാൽ കുക്കി സമൂഹത്തെ മുഴുവൻ പോപ്പി കൃഷി ചെയ്യുന്നവരായി ചിത്രീക്കരിക്കുന്നതു ശരിയല്ല. ഇത് ബിരേൻ സിംഗിന്റെ ഭാഗത്ത് നിന്നും മെയ്തെയ് സമൂഹത്തിന്റെ ഭാഗത്തു നിന്നും വന്ന പിഴവാണ്. എന്നാൽ ആരാണ് ഈ പോപ്പി കൃഷിയിൽ നിന്നും ലാഭമുണ്ടാക്കുന്നത്? ആരാണ് ഈ മയക്കുമരുന്ന് മാഫിയക്ക് പിന്നിൽ? ഇതിനെ പറ്റി സത്യസന്ധമായ ഒരന്വേഷണം നടത്തിയാൽ ഇതിനു പിന്നിലെ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കും. നിർഭാഗ്യവശാൽ ബിരേൻ സിങ് സർക്കാർ അത്തരത്തിലൊരു അന്വേഷണം നടത്താൻ സന്നദ്ധമല്ല. മയക്കുമരുന്ന് പലയിടങ്ങളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വിപുലമായ അന്വേഷണം ഒരിടത്തും നടന്നിട്ടില്ല. മയക്കുമരുന്ന് സംഘങ്ങളുടെ പിന്നിലുള്ള യഥാർത്ഥ സൂത്രധാരന്മാരെ പിടികൂടാതെ കുക്കി ഗ്രാമങ്ങളെ ബലിയാടുകളാക്കുകയാണ് മണിപ്പൂർ സർക്കാർ ചെയ്യുന്നത്. നിഷ്പക്ഷമായ ഒരന്വേഷണം നടക്കുകയാണെങ്കിൽ ഈ മയക്കു മരുന്ന് മാഫിയക്ക് പിന്നിലുള്ള വൻ മരങ്ങളെ കണ്ടെത്താൻ സാധിക്കുകയുള്ളു. അത്തരത്തിലുള്ള ഒരന്വേഷണം വന്നാൽ താഴ്വരയിലുള്ള രാഷ്ട്രീയ നേതൃത്വവും അഴിക്കുള്ളിലാകും എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.

ഇംഫാൽ താഴ്വരയിൽ നിന്നും. കടപ്പാട്: thehindu

ഏറെ ഹീനമായ അക്രമങ്ങളാണ് കലാപത്തിൽ അരങ്ങേറിയത്. എങ്ങനെയാണ് ജനങ്ങൾ ഇത്തരത്തിൽ ഹിംസാത്മകമായ ഒരു അവസ്ഥയിലേക്ക് എത്തിയത്?

മറ്റെല്ലാ സമൂഹങ്ങളിലും ഉള്ളതുപോലെ മണിപ്പൂരിലും വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകാറുണ്ട്. എല്ലാ സമൂഹങ്ങളിലും പരസ്പരം തെറ്റിദ്ധാരണകളും, വഴക്കുകളും ഉണ്ടാകുമല്ലോ. മണിപ്പൂരിന്റെ ഭൂതകാലത്തിലും അത്തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എന്നാൽ മണിപ്പൂരിൽ 2017 -ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വെറുപ്പും, വർഗീയതയും വർധിച്ചു. വിദ്വേഷപ്രചാരകരുമായി ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രി ബീരേന് സിങ്ങും അടുത്ത ബന്ധം പുലർത്തി. ആരംഭായ് തെങ്ഗോൽ, മെയ്തെയ് ലിപുൺ എന്നീ സംഘടനകൾ മെയ്തെയ് യുവാക്കളിൽ തീവ്ര സാമുദായിക ചിന്തകൾ കുത്തിവച്ചു. 2017 മുതൽ വർഗീയതയുടെ രൂപവും ആശയവും ശക്തി പ്രാപിക്കാൻ തുടങ്ങി. വിദ്വേഷവും, പരസ്പര വിശ്വാസമില്ലായ്മയും വർധിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രിയും അനധികൃത കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നീ പദാവലികൾ കുക്കികൾക്കെതിരെ ഉപയോഗിച്ച് വിദ്വേഷം പടർത്തി. അതുകൊണ്ട് അതിജീവനത്തിന് അക്രമവും, വർഗീയതയും ആവശ്യമാണെന്ന് മെയ്തെയ് പക്ഷത്തെ യുവാക്കൾ തെറ്റിദ്ധരിച്ചു. നിരവധി നിഷ്കളങ്കരായ മെയ്തെയ് യുവാക്കളെ വിദ്വേഷ പ്രചാരണം സ്വാധീനിച്ചു. ഇത്തരമൊരു അവസ്ഥയാണ് മണിപ്പൂരിലെ ഭരണത്തലവനായ മുഖ്യമന്ത്രി സമൂഹത്തിൽ സൃഷ്ടിച്ചത്. മണിപ്പൂരിൽ നടന്ന കുറ്റകരമായ നടപടികൾ ചെയ്യാൻ ബിരേന്റെയും, മണിപ്പൂരിൽ നിന്നുള്ള രാജ്യസഭാംഗം മഹാരാജ സനജയോബ ലീഷേംബയുടെയും അനുഗ്രഹാശിസ്സുകൾ മെയ്തെയ് യുവാക്കൾക്ക് ലഭിച്ചിട്ടുണ്ട്. മണിപ്പൂരിൽ നടന്നത് തെറ്റിദ്ധരിക്കപ്പെട്ട, തീവ്രവാദ ചിന്തകളാൽ സ്വാധീനിക്കപ്പെട്ട, അധികാരികളുടെ രക്ഷാകർതൃത്വമുള്ള ഒരു സംഘം യുവാക്കളുടെ ആക്രമണ പരമ്പരകളാണ്. കൊലപാതകങ്ങൾ, വീടുകൾ കത്തിക്കൽ, സ്ത്രീപീഡനങ്ങൾ, പള്ളികൾ തകർക്കൽ തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്തിരിക്കുന്നത്.

ആരംഭായ് തെങ്ഗോൽ പ്രവർത്തകർ

ആരംഭായ് തെങ്ഗോൽ, മെയ്തി ലിപുൺ അടക്കമുള്ള സംഘടനകളും ഭൂരിപക്ഷസമുദായവും, ഹിന്ദു മെയ്തെയ് വിഭാഗവും ക്രിസ്ത്യൻ ട്രൈബൽ കുക്കി വിഭാഗവും തമ്മിലുള്ള സംഘർഷമായി ചിത്രീകരിക്കാൻ വളരെ ആസൂത്രിതമായി ശ്രമിച്ചിരുന്നു. ഇത് യാഥാർഥ്യത്തിൽ നിന്നും വളരെ അകലെയാണ്. എന്നാൽ അവരുടെ ഈ ശ്രമം വിജയിച്ചില്ല. എന്തുകൊണ്ടെന്നാൽ മണിപ്പുരിൽ നാഗ വിഭാഗത്തിൽ വളരെ അധികം ക്രിസ്ത്യാനികളുണ്ട്. നാഗ ക്രിസ്ത്യൻസ് മണിപ്പൂരിൽ അക്രമിക്കപ്പെടുന്നില്ല. ഹിന്ദു മെയ്തെയ്കളെ ക്രിസ്ത്യൻ കുക്കികൾ ആക്രമിക്കുന്നു എന്നുള്ള ആഖ്യാനമാണ് ആരംഭയ് തെങ്ങ്ഗോൽ പോലുള്ള സംഘടനകൾ ആദ്യമേ നൽകിയത്. എന്നാൽ ഈ ആഖ്യാനം വിജയിച്ചില്ല. രണ്ടാമതായാണ് ഇവർ പോപ്പി കൃഷിക്കാർ, അനധികൃത കുടിയേറ്റക്കാർ, നാർകോ-തീവ്രവാദികൾ എന്നീ രീതിയിൽ കുക്കികളെ ചിത്രീകരിക്കാൻ തുടങ്ങിയത്. ഞാൻ പറയട്ടെ, ഇത് രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഒരു തർക്കമോ-പ്രശനമോ അല്ല. ന്യൂനപക്ഷ ആദിവാസി സമുദായമായ കുക്കി-സോ വിഭാഗത്തിനെതിരെ ഭൂരിപക്ഷ മെയ്തെയ് സമൂഹം ബി.ജെ.പി യുടെ സഹായത്തോടെ നടത്തുന്ന വംശീയ ഉന്മൂലന ശ്രമമാണ്.

ആരംഭായ് തെങ്ഗോൽ, മെയ്തെയി ലിപുൺ തുടങ്ങിയ സംഘടനകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഈ രണ്ടു സംഘടനകളും വ്യത്യസ്‍തമായി നിലകൊള്ളുന്നവയാണ്. ആരംഭായ് തെങ്ഗോൽ മണിപ്പൂരിലെ പ്രാചീന മതമായ സന്നമാഹി (Sanamahi) പിന്തുടരുന്നവരുടെ സംഘടനയാണ്. മെയ്തെയ് സമുദായം മുൻപ് പിന്തുടർന്ന് വന്നിരുന്ന മതമാണിത്. ഈ മതപരമ്പര്യത്തെ ശക്തിപ്പെടുത്താനും, സമുദായത്തെ മുഴുവൻ ഇതിനു കീഴിൽ കൊണ്ടുവരുവാനും ആഗ്രഹിക്കുന്നവരാണ് ആരംഭായ് തെങ്ഗോൾ പ്രവർത്തകർ. മെയ്തെയ്കൾ ഹിന്ദുയിസമോ, ക്രിസ്ത്യാനിറ്റിയോ സ്വീകരിക്കുന്നത് ഇവർ ഇഷ്ടപ്പെടുന്നില്ല. നിലവിൽ ഹിന്ദു മതത്തിനകത്തും, ക്രിസ്തു മതത്തിനകത്തുമുള്ള മെയ്തെയ് സമുദായ അംഗങ്ങളെ തിരിച്ച് സന്നമാഹി വിശ്വാസത്തിലേക്ക് കൊണ്ടുവരുകയാണ് ഇവരുടെ ലക്ഷ്യം. ഇതെല്ലാം ലക്ഷ്യമാക്കിയായിരുന്നു ഇവരുടെ സംഘടന സ്ഥാപിക്കപ്പെട്ട സമയത്തെ പ്രവർത്തനങ്ങൾ. ഇവരുടെ പ്രവർത്തനങ്ങൾ മഹാരാജ സനജയോബ ലീഷേംബയുടെ പിന്തുണയോട് കൂടിയാണ്. ആരംഭായ് തെങ്ഗോൾ പ്രവർത്തകർ ഇദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് സംഘടനക്കുവേണ്ടി പ്രവർത്തിച്ചുകൊള്ളാമെന്ന് സത്യം ചെയ്യുന്നത്.

രാജ്യസഭാ അംഗം സനജയോബ ലീഷേംബ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ആരംഭായ് തെങ്ഗോൽ പ്രവർത്തരോട് സംസാരിക്കുന്നു. കടപ്പാട് scroll

മെയ്തെയി ലിപുൺ ബീരേന് സിംഗിന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ്. ഇത് ആർ.എസ്.എസിന്റെ ഒരു പ്രച്ഛന്ന സംഘടനയാണ്. അവരുടെ നേതാവായ പ്രമോദ് സിങ് കുക്കി സമുദായത്തിനെതിരെ പരസ്യമായി യുദ്ധത്തിന് ആഹ്വാനം ചെയ്തിരുന്നു. ദേശീയപാതയോട് ചേർന്ന് 15 കിലോമീറ്റർ നീളത്തിൽ അധിവസിച്ചിരുന്ന മുഴുവൻ കുക്കി സമുദായ അംഗങ്ങളെയും ഉന്മൂലനം ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മെയ്തെയ് സമുദായത്തിൽ നിന്നും ക്രിസ്ത്യൻ മതം സ്വീകരിച്ചവരെ ഇവർ തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുന്നു. ബി.ജെ.പിയുടെ ഘർ വാപസി പദ്ധതിയാണിത്. ആർ.എസ്.എസ് പ്രവർത്തനങ്ങളുടെ മറ്റൊരു രൂപമാണിത്.

നശിപ്പിക്കപ്പെട്ട കുക്കി വീടുകൾ

കലാപം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. സമാധാനം പുനസ്ഥാപിക്കാനുള്ള ഒരു ശ്രമവും സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്തായിരിക്കും ഈ വിധത്തിൽ ഇടപെടാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്? കലാപത്തിന് പിന്നിലൂടെ മറ്റെന്തെങ്കിലും ലക്ഷ്യം നേടിയെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടോ?

2017 ൽ ബി.ജെ.പി അധികാരത്തിൽ വന്നത് മുതൽ വിവിധ മൈനിങ് കമ്പനികളുമായും, വ്യവസായ ഗ്രൂപ്പുകളുമായും ചേർന്ന് നിരവധി സമ്മതപത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ഇതുവഴിയുള്ള ലാഭമാണോ ഇപ്പോൾ നടക്കുന്ന കലാപത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഇതറിയണമെങ്കിൽ നമ്മൾ ഇനിയും കാത്തിരിക്കണം. ഇത്തരത്തിലുള്ള അന്വേഷണങ്ങളും നടക്കേണ്ടതുണ്ട്. വെറുപ്പ് ഉത്പാദിപ്പിക്കുകയും അതിൽ നിന്ന് തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടിയെടുക്കുകയും ചെയ്യുന്ന രീതി ബി.ജെ.പി പലയിടത്തും സ്വീകരിച്ചിട്ടുണ്ട്. ഗുജറാത്തിൽ അവർ പരസ്പരം വെറുപ്പ് സൃഷ്ടിക്കുകയും, വർഗീയമായി ജനങ്ങളെ വിഭജിക്കുകയും ഹിന്ദു അപകടത്തിലാണ് എന്ന സന്ദേശം ജനങ്ങൾക്ക് നൽകുകയും ചെയ്തു. ഹിന്ദുക്കളുടെ നിലനിൽപ് അപകടത്തിലാണെന്ന് അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ആ വിധത്തിൽ തന്നെയാണ് ഇവിടെയും വംശീയ ഉന്മൂലനം തുടങ്ങിയത്. എന്നാൽ എന്താണ് ഇപ്പോഴത്തെ ലക്ഷ്യങ്ങൾ എന്നറിയാൻ നമുക്ക് കാത്തിരിക്കേണ്ടി വരും. 2024 ലെ തിരഞ്ഞെടുപ്പിൽ അവർ എന്ത് നിലപാട് സ്വീകരിക്കും എന്ന് നോക്കാം? ഹിന്ദു സഹോദരങ്ങൾക്ക്, മണിപ്പൂരിൽ ഹിന്ദു വിഭാഗങ്ങൾ കുക്കി ക്രിസ്ത്യാനികളാൽ ആക്രമിക്കപ്പെട്ടു എന്ന ആഖ്യാനമായിരിക്കുമോ ബി.ജെ.പി കൊടുക്കുക? ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടുതലായി അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണ്.

കേന്ദ്ര സേനയും പൊലീസും ഈ ആക്രമങ്ങളെ ചെറുക്കുന്നതിൽ പരാജയമായിരുന്നോ?

സംസ്ഥാന പൊലീസ് സംവിധാനം ഒരു മെയ്തെയ് സംവിധാനമാണ്. പൊലീസ് സംവിധാനം മെയ്തെയ് ലിപുൺ ആയും, ആരംഭായ് തെങ്ഗോൽ ആയും കൈകോർത്തിരിക്കുകയാണ്. പൊലീസ് സേന മാത്രമല്ല താഴ്വരയിലെ സിവിൽ സമൂഹവും മെയ്തെയ് വിഭാഗത്തോടൊപ്പമാണ്. ‘കോക്കോമി’ (Coordinating Committee on Manipur Integrity (COCOMI) എന്നത്‌ മെയ്തെയ് സമൂഹത്തിന്റെ ഇംഫാലിൽ പ്രവർത്തിക്കുന്ന ഉന്നതാധികാര സിവിൽ സമിതിയാണ്. അവരും കുക്കി സമുദായത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മണിപ്പൂരിന്റെ സമാധാനത്തിനും, ഏകതക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സിവിൽ സംഘടന അവരുടെ സഹപൗരന്മാർക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നു. ചിന്തിക്കാൻ കഴിയുന്ന കാര്യമാണോ ഇത്? സാധാരണ ഗതിയിൽ ഒരു സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ഒരു സിവിൽ സൊസൈറ്റി സംഘടന സമാധാനം കൊണ്ടുവരുവാനാണ് ശ്രമിക്കേണ്ടത്. എന്നാൽ കൊക്കോമി കുക്കി സമുദായങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള ഒരു സംവിധാനത്തിൽ നിന്നും എന്താണ് നിങ്ങൾ പ്രതീക്ഷിക്കുക?

ആരംഭായ് തെങ്ഗോൽ പ്രവർത്തകർക്കൊപ്പം മണിപ്പൂർ മുഖ്യമന്ത്രി ബീരേന് സിങ്

ആരംഭായ് തെങ്ഗോൽ, മെയ്തി ലിപുൺ തുടങ്ങിയ സംഘടനകൾക്ക് കുക്കി ഗ്രാമങ്ങൾ കത്തിക്കുന്നതിനും, കൊള്ളയടിക്കുന്നതിനും വഴി കാണിച്ചുകൊടുക്കുകയാണ് പൊലീസ് ചെയ്തത്. ഞാൻ ഉറപ്പിച്ചു പറയുന്നു, സംസ്ഥാന പൊലീസ് മെയ്തെയ് സേന ആയി മാറിയിരിക്കുന്നു. ബിരേൻ പറയുന്നത് ഇത് നാർകോ ടെററിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടം ആണെന്നാണ്. അങ്ങനെയാണെങ്കിൽ എന്തിനാണ് കുക്കി ഗ്രാമങ്ങൾ അപ്പാടെ കത്തിക്കുന്നത്? എന്തിനാണ് പള്ളികൾ തകർക്കുന്നത്? കേന്ദ്ര സേനകൾ ഒരു പരിധി വരെ അവരുടെ ഉത്തരവാദിത്വം നിർവഹിച്ചിരുന്നു. രണ്ടു വശത്തുമുള്ള ആളുകളെ നിയന്ത്രിക്കുന്നതിൽ അവർ പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോയുടെ കാര്യത്തിൽ തന്നെ പത്തു ദിവസങ്ങൾക്കു ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടത്. മലഞ്ചെരിവുകളിലെ പൊലീസ് സ്റ്റേഷനുകൾക്ക് ഒരു കേസും റിപ്പോർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാരണം അവിടെ ജോലി ചെയ്യുന്നവരെല്ലാം കുക്കികളാണ്. അവർ സേനയുടെ ഭാഗമാണെങ്കിൽക്കൂടി അവർക്കു ജോലി ചെയ്യാനോ, ഇംഫാൽ താഴ്വരയിലേക്ക് പോകാനോ സാധിക്കുന്നില്ല.

കേരളം സന്ദർശിച്ച കുക്കി സാമൂഹ്യ പ്രവർത്തകരുടെ സംഘത്തിൽ ഡോ. ലംതിൻതാങ് ഹൗകിപ്. (ഇടത് നിന്നും രണ്ടാമത്)

കുക്കി സമുദായത്തിൽ നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ഈ പ്രശ്നത്തിന് എന്ത് പരിഹാരമാണ് നിങ്ങൾ കാണുന്നത്?

ഭരണസംവിധാനം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന കേടുപാടുകൾ ശരിയാക്കാൻ കഴിയുന്നതല്ല. ഞങ്ങൾ വൈകാരികമായും, ഭൂമിശാസ്ത്രപരമായും, മെയ്തെയ് ഭൂരിപക്ഷ സമൂഹത്തിൽ നിന്നും വേർപിരിഞ്ഞിരിക്കുന്നു. ഞങ്ങളുടെ നേതാക്കളും പാർലമെന്റ് അംഗങ്ങളും ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഇനി ഒരുമിച്ചുള്ള ജീവിതം സാധ്യമല്ല. ഞങ്ങൾക്ക് താഴ്വരയിലേക്ക് പോകുവാൻ പറ്റുന്ന സാഹചര്യവുമല്ല. മലഞ്ചെരിവുകളിൽ ഒരു പ്രത്യേക ഭരണ സംവിധാനമാണ് ഞങ്ങൾ ആവശ്യപെടുന്നത്. ഈ പ്രശ്നത്തിനൊരു രാഷ്ട്രീയ പരിഹാരം വേണമെന്ന് ഞങ്ങൾ ഇന്ത്യയിലെ ജനങ്ങളോടും സർക്കാരിനോടും ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ സ്ത്രീകൾ ഇപ്പോൾ നേരിട്ട അപമാനവും, ആക്രമണങ്ങളും ഇനിയൊരിക്കലും അവർക്കു നേരിടേണ്ടി വരരുത്.

ആരാണ് കുക്കി ഗ്രൂപ്പുകളെ ഈ ചർച്ചയിൽ പ്രതിനിധീകരിക്കുക?

നിലവിൽ ഞങ്ങൾക്ക് ജനപ്രതിനിധികളുണ്ട്. അതോടൊപ്പം സസ്പെൻഷൻസ് ഓഫ് ഓപ്പറേഷൻ കരാറിലെ സംഘടനകളുമുണ്ട്. അവർ 2002 മുതൽ സർക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. ത്രികക്ഷി ചർച്ചകളിൽ അംഗമായിരുന്നു ഇവർ. ഇവരെല്ലാം കുക്കി സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സസ്പെൻഷൻസ് ഓഫ് ഓപ്പറേഷൻ കരാറിലെ സംഘടനകളെ ആശ്രയിക്കാതെ ജനങ്ങൾ ഈ ആവശ്യത്തിന് വേണ്ടി ഒരു പൊതു മുന്നേറ്റവുമായി മുന്നോട്ടുവരാനും സാധ്യതയുണ്ട്.

നിലവിൽ പ്രത്യേക അവകാശങ്ങളുള്ള ഹിൽ ഏരിയ കമ്മിറ്റി നിലവിലുണ്ടല്ലോ? അപ്പോൾ എന്ത് പ്രത്യേക ഭരണസംവിധാനത്തെകുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നത്?

ഞങ്ങൾ പ്രത്യേക സംസ്ഥാനം തന്നെയാണ് ആവശ്യപ്പെടുന്നത്. ഞങ്ങളെ സംബന്ധിച്ച് അത് പുതിയൊരു ആവശ്യവുമല്ല. 1960-ളിൽ നെഹ്റുവിന്റെ കാലഘട്ടത്തിൽ തന്നെ കുക്കി വിഭാഗത്തിന് ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന് കുക്കി നാഷണൽ അസംബ്ലി ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പോരാടിയ കൂട്ടരാണ്. സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയിൽ നിരവധി കുക്കികൾ പ്രവർത്തിച്ചിരുന്നു. ഞങ്ങൾ ബ്രിട്ടീഷ് കോളോണിയലിസത്തിനെതിരെ മൂന്നു വർഷം നീണ്ടുനിന്ന പോരാട്ടത്തിലേർപ്പെട്ടിട്ടുണ്ട്, അതാണ് ആംഗ്ലോ-കുക്കി യുദ്ധം എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നത്. അതുകൊണ്ട് ഒരു സംസ്ഥാനം എന്ന ഞങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ അർഹരുമാണ്.

ഡോ. ലംതിൻതാങ്ങ് ഹൗകിപ്

കേരള സന്ദർശനം കഴിഞ്ഞ് നിങ്ങൾ മണിപ്പൂരിലേക്ക് മടങ്ങുകയാണല്ലോ? ഇംഫാൽ വിമാനത്താവളം നിങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുമോ?

ഒരിക്കലുമില്ല. താഴ്വരയിലുള്ള ഒരു സംവിധാനങ്ങളും, സ്ഥാപനങ്ങളും ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഞങ്ങളുടെ എം.എൽ.എമാർക്കോ, ഉയർന്ന ഉദ്യോഗസ്ഥർക്കോ പോലും താഴ്വര ഉപയോഗിക്കുക സാധ്യമല്ല. ഇത് നിങ്ങളുടെ സ്ഥലമല്ല എന്ന് പറഞ്ഞുകൊണ്ട് കുക്കികളെ ഇംഫാൽ താഴ്‌വരയിൽ നിന്നും ബലമായി പുറത്താക്കിയിരിക്കുകയാണ്. മണിപ്പൂർ ഇപ്പോൾ രണ്ടായി കഴിഞ്ഞിരിക്കുന്നു, താഴ്വര മെയ്തെയ്കളുടേതും, മലഞ്ചെരിവുകൾ കുക്കികളുടേതും മറ്റ് ആദിവാസി വിഭാഗങ്ങളുടെയും. ഇത് തന്നെയായിരുന്നു കലാപകാരികളുടെ ആവശ്യവും. “ഇംഫാൽ നിങ്ങളുടേതല്ല” എന്നാണ് അവർ ആദ്യമേ പറഞ്ഞുകൊണ്ടിരിക്കുന്നത്. കുക്കികളായ ഉദ്യോഗസ്ഥർക്ക് ഇംഫാലിലുള്ള അവരുടെ സ്ഥാപനങ്ങളിലേക്കോ, ക്വാർട്ടേഴ്‌സുകളിലേക്കോ പ്രവേശനമില്ലാത്ത അവസ്ഥയാണ്. സ്കൂളുകൾ, കോളേജുകൾ ഒന്നും ഞങ്ങൾക്ക് ഉപയോഗിക്കുക സാധ്യമല്ല. കുക്കി ഭൂരിപക്ഷമുള്ള മലഞ്ചെരിവുകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും, ജില്ലാ ആരോഗ്യ കേന്ദ്രങ്ങളും മാത്രമാണുള്ളത്. ഞങ്ങൾക്ക് ആവശ്യത്തിനുള്ള മെഡിക്കൽ സംവിധാനവുമില്ല. ഞങ്ങളുടെ സ്കൂളുകൾ മുഴുവൻ വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി അഭയാർത്ഥി ക്യാമ്പുകളാക്കി മാറ്റിയിരിക്കുകയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read