ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി അഞ്ച് വർഷങ്ങൾക്ക് ശേഷം ജമ്മുകശ്മീർ ആദ്യമായി ഒരു ലോക്സഭ തെരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. 2019ലാണ് 370-ാം അനുച്ഛേദം റദ്ദാക്കി ഇന്ത്യൻ അധീന കശ്മീരിന്റെ അർദ്ധ – സ്വയംഭരണാവകാശം പൂർണ്ണമായും ഇല്ലാതാക്കിയ ബി.ജെ.പി സർക്കാർ ജമ്മുകശ്മീരിനെ സംസ്ഥാന പദവിയിൽ നിന്നും കേന്ദ്രഭരണ പ്രദേശമാക്കി തരംതാഴ്ത്തിയത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കും എന്നതെങ്കിൽ പത്ത് വർഷങ്ങൾക്കിപ്പുറം 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണങ്ങളിലൊന്നാണ് ഈ വാഗ്ദാനം നടപ്പിലാക്കിയെന്നത്. മലയാളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബി.ജെ.പി മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിലെ ഒരു പ്രധാന വാചകം ‘370-ാം അനുച്ഛേദം റദ്ദാക്കി ജമ്മുകശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചു’ എന്നതാണ്. എന്നാൽ രാജ്യത്തെമ്പാടും ഇതൊരു അഭിമാന നേട്ടമായി ബി ജെ പി അവതരിപ്പിക്കുന്നുണ്ടെങ്കിലും കശ്മീർ മേഖലയിലെ തെരഞ്ഞെടുപ്പിൽ നിന്നും ബി.ജെ.പി ഒളിച്ചോടുന്നതാണ് കാണുന്നത്.
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മുകശ്മീർ തെരഞ്ഞെടുപ്പിൽ ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും കശ്മീർ മേഖലയിലെ ശ്രീനഗറിലും വോട്ടെടുപ്പ് നടന്നു കഴിഞ്ഞു. കശ്മീർ മേഖലയിലെ ശ്രീനഗർ, ബരാമുള്ള, അനന്ത്നാഗ്-രജൗരി എന്നീ മൂന്ന് മണ്ഡലങ്ങളിൽ ഒരിടത്ത് പോലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ല. ഇതോടെ ഇൻഡ്യ മുന്നണിയുടെ ഭാഗമായ നാഷണൽ കോൺഫറൻസും പി.ഡി.പിയും തമ്മിലുള്ള മത്സരമായി മാറിക്കഴിഞ്ഞു കശ്മീരിലെ ലോക്സഭ തെരഞ്ഞെടുപ്പ്.
ജമ്മുകശ്മീരിന്റെ അർദ്ധ-സ്വയംഭരണാവകാശം പൂർണ്ണമായും റദ്ദാക്കിയ നീക്കത്തോടുള്ള ജനങ്ങളുടെ പ്രതികരണം പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീർ മേഖലയിൽ നിന്നും ബി.ജെ.പി വിട്ടുനിൽക്കുന്നത് പരാജയ ഭീതിമൂലമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സൈനിക ശക്തിയിലൂടെ ജനങ്ങളുടെ എതിർപ്പുകൾ നിരാകരിച്ചും ആശയ വിനിമയമാർഗങ്ങൾ ഉപരോധിച്ചും താഴ്വരയിൽ അടിച്ചേൽപ്പിച്ച കേന്ദ്ര ഭരണത്തിനെതിരെ കശ്മീരിലെ ജനങ്ങൾക്കിടയിൽ ഇപ്പോഴും ശക്തമായ വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. കശ്മീരിൽ പരാജയപ്പെട്ടാൽ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചുവെന്നും വികസനം കൊണ്ടുവന്നെന്നുമുള്ള ബി.ജെ.പി പ്രചാരണങ്ങൾ തകരുമെന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുള്ള ബി.ജെ.പിയുടെ ‘വിശാല താത്പര്യത്തിന്’ കാരണമായിട്ടുണ്ടാകാം. കശ്മീരിലെ മണ്ഡലങ്ങളിൽ മത്സരിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയും പങ്കെടുക്കുന്നുണ്ട്. സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ സ്ഥാനാർത്ഥികളെ പിന്തുണക്കുന്നതിന് വേണ്ടിയാണ് കശ്മീരിൽ ബി.ജെ.പി പ്രചാരണം നടത്തുന്നത്. നാഷണൽ കോൺഫറൻസിനും, പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടിയ്ക്കും എതിരായ സ്ഥാനാർത്ഥികളെ പിന്തുണച്ചുകൊണ്ട് കശ്മീരിൽ പ്രചാരണ റാലികളും ബി.ജെ.പി നടത്തുകയുണ്ടായി. വിശാല താത്പര്യങ്ങൾക്കായി താഴ്വരയിലെ മണ്ഡലങ്ങളിൽ മത്സരിക്കുന്നില്ലെന്നും സമാനചിന്താഗതിയുള്ള പാർട്ടികളെയും സ്ഥാനാർത്ഥികളെയും പിന്തുണക്കുകയാണെന്നുമാണ് കശ്മീരിലെ ലോക്സഭ മണ്ഡലങ്ങളിൽ മത്സരിക്കാതിരിക്കുന്നതിന് കാരണമായി ബി.ജെ.പി പറയുന്ന ന്യായം.
പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയാണ് അനന്ത്നാഗ്- രജൗറി മണ്ഡലത്തിൽ മത്സരിക്കുന്നത്. ബാരാമുള്ളയിൽ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള മത്സരിക്കുന്നു. രണ്ട് നേതാക്കളും 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്ന് ദീർഘകാലം വീട്ടുതടങ്കലിൽ ആയിരുന്നു. 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ, ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികൾ ചേർന്ന് കശ്മീരിൽ ഗുപ്കാർ എന്ന മുന്നണി രൂപവത്കരിച്ചിരുന്നു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ ധാരണയിലെത്താതെ നാഷണൽ കോൺഫറൻസും പി.ഡി.പിയും പരസ്പരം മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ സഖ്യം തകർന്നു. ഹിന്ദു ഭൂരിപക്ഷ ജമ്മു മേഖലയിൽ ഈ പാർട്ടികൾ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ്.
കോൺഗ്രസിനും കശ്മീരിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ നാഷണൽ കോൺഫറൻസിനും പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടിക്കും വോട്ട് ചെയ്യരുതെന്ന് ഏപ്രിലിൽ ജമ്മുവിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. എൻ.സിയ്ക്കും പി.ഡി.പിയോടുമൊപ്പം പ്രാദേശിക കക്ഷികളായ അൽതാഫ് ബുഖാരിയുടെ അപ്നി പാർട്ടിയും സജ്ജദ് ഗനി ലോണിന്റെ പീപ്പിൾസ് കോൺഫറൻസും കശ്മീരിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. ഈ രണ്ട് പ്രാദേശിക കക്ഷികളും ബി.ജെ.പിയുടെ പകരക്കാരാണെന്നാണ് നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടിയും ആരോപിക്കുന്നത്. ഈ പാർട്ടികൾ എങ്ങനെയാണ് ബി.ജെ.പിയുടെ പകരക്കാരായി കശ്മീരിൽ പ്രവർത്തിക്കുന്നത് എന്നതിനുള്ള തെളിവുകൾ, ‘ദി കാരവൻ’ മാസിക 2024 മെയ് 14 പ്രസിദ്ധീകരിച്ച ‘The BJP’s “proxies” in the Kashmir Lok Sabha elections’ എന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നിർദ്ദേശ പ്രകാരമാണ് അപ്നി പാർട്ടി രൂപീകരിച്ചതെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു നേതാവ് കാരവൻ റിപ്പോർട്ടിൽ സംസാരിക്കുന്നുമുണ്ട്.
ഇൻഡ്യ മുന്നണിയുടെ ഭാഗമായ നാഷണൽ കോൺഫറൻസോ, പി.ഡി.പിയോ വിജയിക്കുകയാണെങ്കിൽ 370-ാം അനുച്ഛേദം റദ്ദാക്കിയ നീക്കത്തിന് എതിരായ ജനവിധിയായി കണക്കാക്കപ്പെടുമെന്നതിനാൽ എൻ.സിയ്ക്കും പി.ഡി.പിയ്ക്കും എതിരെ അപ്നി പാർട്ടിയെയൊ പീപ്പിൾസ് കോൺഫറൻസിനെയൊ കശ്മീരിൽ ഒരു സീറ്റിലെങ്കിലും വിജയിപ്പിക്കുക എന്നുള്ളത് ബി.ജെ.പി.യുടെ ‘കശ്മീർ പ്രചാരണങ്ങൾ’ തുടരുന്നതിന് അനിവാര്യമായിരിക്കുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിലും വികസനത്തിലും കശ്മീരിന് കൈവന്ന പുരോഗതിയെ പുകഴ്ത്തിക്കൊണ്ട് കശ്മീരിലെ ജനങ്ങളോട് പറഞ്ഞത് ‘നിങ്ങളുടെ ഹൃദയങ്ങൾ വിജയിക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്’ എന്നാണ്. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ‘തെരഞ്ഞെടുപ്പിൽ ജയിക്കുകയല്ല കശ്മീരിലെ ജനഹൃദയങ്ങൾ വിജയിക്കുകയാണ് ലക്ഷ്യം’ എന്നായി ബി.ജെ.പിയുടെ പ്രചാരണ വാചകം. കശ്മീരിലെ ജനങ്ങളുടെ ഹൃദയങ്ങൾ വിജയിക്കാൻ പരിശ്രമിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം താഴ്വരയിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും ഉയരുന്നുണ്ട്.
മെയ് 13 ന് നടന്ന നാലാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായിരുന്നു കശ്മീർ മേഖലയിലെ ശ്രീനഗർ മണ്ഡലം. വോട്ടെടുപ്പിൽ 37.98 ശതമാനം പോളിങ്ങാണ് ശ്രീനഗറിൽ രേഖപ്പെടുത്തിയത്. 1996 ൽ മണ്ഡലത്തിൽ രേഖപ്പെടുത്തിയ 40.94 എന്ന ഉയർന്ന ശതമാനത്തോട് അടുത്തെത്തിയ പോളിങ്ങ് ശതമാനം നിർണ്ണായകമായ തെരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെ സമീപനം വെളിപ്പെടുത്തുന്നതാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് വിഘടന വാദികളുടെയും സായുധ സംഘങ്ങളുടെയും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ആഹ്വാനങ്ങൾ ഒന്നുമില്ലാതെ ജമ്മുകശ്മീർ ഒരു തെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി വിസ്മരിക്കപ്പെട്ട താഴ്വരയുടെ ശബ്ദം വീണ്ടെടുക്കുന്നതിനായാണ് കശ്മീരിലെ ജനങ്ങൾ ഇക്കുറി പോളിങ്ങ് ബൂത്തുകളിൽ എത്തുന്നത്. മെയ് 13 മുതൽ 25 വരെ നടക്കുന്ന ജമ്മുകശ്മീർ തെരഞ്ഞെടുപ്പിൽ 3.4 ലക്ഷം പുതിയ വോട്ടർമാർ ഉൾപ്പെടെ 86.9 ലക്ഷത്തോളം സമ്മതിദായകരുണ്ട്. പുതിയ വോട്ടർമാരോടൊപ്പം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്ന പലരും ഇക്കുറി പോളിങ്ങ് ബൂത്തിൽ എത്തുമെന്ന പ്രതീക്ഷ തെറ്റായില്ലെന്ന സൂചനയാണ് മെയ് 13 ന് ശ്രീനഗറിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിങ്ങ് ശതമാനം. ബി.ജെ.പി മത്സരിക്കുന്നില്ലെങ്കിലും 370-ാം അനുച്ഛേദം റദ്ദാക്കാനുള്ള നരേന്ദ്ര മോദി സർക്കാറിന്റെ തീരുമാനത്തിന്റെ പ്രതിഫലനമായാണ് ഉയർന്ന പോളിങ്ങ് ശതമാനത്തെ കേന്ദ്ര ആഭ്രന്തര മന്ത്രി അമിത് ഷാ വ്യാഖ്യാനിച്ചത്. ബി.ജെ.പി സർക്കാറിന്റെ കശ്മീർ പ്രചാരണങ്ങളോടുള്ള താഴ്വരയിലെ ജനതയുടെ പ്രതികരണങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നത് തീർച്ചയാണ്. എന്നാൽ, അത് അനുകൂലമാണോ പ്രതികൂലമാണോ എന്ന് മനസ്സിലാക്കാൻ കഴിയുന്നത് ബി.ജെ.പി പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് ലഭിക്കുന്ന വോട്ടിംഗ് ശതമാനത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ‘പ്രത്യേക പദവി റദ്ദാക്കലിനെതിരായ’ വോട്ടുകളായാണ് നാഷണൽ കോൺഫറൻസും പി.ഡി.പിയും ഈ വർദ്ധനവിനെ കാണുന്നത്. ആയതിനാൽ അടുത്ത രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം ഇനിയും വർദ്ധിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ശ്രീനഗറിലെ പോളിംഗ് ശതമാനം മറ്റ് മണ്ഡലങ്ങളിലും ഉണർവ് നൽകുമെന്നും നേതൃത്വങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് ബരാമുള്ളയിലും ആറാം ഘട്ടത്തിൽ മെയ് 26 ന് അനന്ത്നാഗ്-രജൗരിയിലും പതിവിലും നീണ്ട വോട്ടർമാരുടെ നിരയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാ പാർട്ടികളും.
കശ്മീരിന്റെ സ്വയംഭരണാവകാശം ചർച്ചയാവുമ്പോഴും തൊഴിലില്ലായ്മയും, കടുത്ത വൈദ്യുതി ക്ഷാമവും, അടിസ്ഥാന വികസനങ്ങളുടെ അപര്യാപ്തതയും അഭിമുഖീകരിക്കപ്പെടാതെ പോകുന്നതിനാൽ പലർക്കും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ ഇപ്പോഴും താത്പര്യമില്ലെന്ന് മാധ്യമങ്ങൾ ഗ്രൗണ്ടിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രത്യാശയോടെ ആദ്യമായി വോട്ട് ചെയ്തവരും ഈ വർഷമുണ്ട്.