ലോക്‌നീതി സി എസ് ഡി എസ് സര്‍വ്വേയുടെ നിരീക്ഷണങ്ങള്‍
2019 ആഗസ്റ്റ് അഞ്ചിന് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രഭരണ പ്രദേശങ്ങളായി വേര്‍തിരിക്കപ്പെട്ട ജമ്മു കശ്മീരില്‍ നിന്നും അഞ്ച് വർഷവും പുറത്തുവന്നത് സൈനിക നടപടികളുടെ ക്രൂരതകളെ കുറിച്ചുള്ള വാര്‍ത്തകളാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിലൂടെ വിഘടനവാദത്തെ ചെറുക്കാന്‍ കഴിഞ്ഞു എന്ന വാദമാണ് കേന്ദ്ര സർക്കാരിന്റേത്. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അവകാശവാദങ്ങളിലൊന്നായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനെ പ്രചാരണങ്ങളിൽ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. എന്നാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ നരേന്ദ്ര മോദി സർക്കാർ വിജയകരമായി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ‘ദ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്’ കശ്മീരില്‍ നടത്തിയ സര്‍വേ ഫലം വെളിപ്പെടുത്തുന്നത്. സർവെ പ്രകാരം, കശ്മീര്‍ പ്രശ്‌നത്തെ വിജയകരമായി മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തു എന്ന് കരുതുന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ജമ്മുവിലാണ്. അതേസമയം കശ്മീര്‍ പ്രശ്‌നം വിജയകരമായി മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തിട്ടില്ല എന്ന് കരുതുന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കശ്മീരിലും. കശ്മീരി പണ്ഡിറ്റ്, ഹിന്ദു ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് ജമ്മു. മുസ്‌ലീം, സിഖ് ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കശ്മീർ.
2024 സെപ്തംബര്‍ 19നും ഒക്ടോബര്‍ 6നും ഇടയിലായി, വോട്ടെടുപ്പിന് ശേഷമാണ് സിഎസ്ഡിഎസ് കശ്മീരില്‍ ഈ സര്‍വ്വേ സംഘടിപ്പിച്ചത്. 2,614 പേരാണ് സര്‍വ്വേയില്‍ പ്രതികരിച്ചത്. 25 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 99 പോളിങ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചാണ് അഭിമുഖങ്ങള്‍ നടത്തിയത്. റാന്‍ഡം സാമ്പ്‌ളിങ് രീതി (സര്‍വ്വേ ചെയ്യാനുള്ള ജനസമൂഹത്തെ മുന്‍കൂട്ടി തീരുമാനിക്കാതെ വിവിധയിടങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കുന്ന രീതി) യാണ് സര്‍വ്വേ ചെയ്യാന്‍ ഉപയോഗിച്ചത്. തെരഞ്ഞെടുത്ത അസംബ്ലി മണ്ഡലങ്ങളിലെ നാല് പോളിങ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടത്തിയത്. ഓരോ പോളിങ് സ്‌റ്റേഷനിലും 25 അഭിമുഖങ്ങള്‍ നടത്തി.
“സര്‍വ്വേയുടെ ചോദ്യാവലി ഹിന്ദിയിലേക്കും ഉര്‍ദുവിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. സാമ്പിള്‍ താരതമ്യേന ചെറുതാണെങ്കിലും സാമൂഹ്യ ഘടനയനുസരിച്ച് ജമ്മു കശ്മീരിലെ വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്നതായിരുന്നു തെരഞ്ഞെടുക്കപ്പെട്ട സാമ്പിള്‍.” പഠനം നടത്തിയ സഞ്ജയ് കുമാര്‍, സുഹാസ് പാല്‍ഷികര്‍, സന്ദീപ് ശാസ്ത്രി എന്നിവര്‍ ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ‘മെത്തഡോളജി ഓഫ് ദ ലോക്‌നീതി- സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വ്വേ ഇന്‍ ജമ്മു കശ്മീര്‍’ എന്ന ലേഖനത്തില്‍ എഴുതുന്നു.
സർവ്വേ പുറത്തുവിട്ട ചില നിഗമനങ്ങൾ
കശ്മീർ പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കാവുന്ന വഴികൾ എന്തെല്ലാം എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഈ സർവ്വേ അന്വേഷിച്ചത്. ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നല്‍കുന്നതിലൂടെയാണ് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയുന്നത് എന്നാണ് 60 ശതമാനം പേർ അഭിപ്രായപ്പെട്ടത്. 13 ശതമാനം പേര്‍ ഇതിനോട് ഏറെക്കുറെ യോജിക്കുന്നുണ്ട്. മൂന്ന് ശതമാനം പേര്‍ ഇതിനോട് ഏറെക്കുറെ വിയോജിക്കുകയും അഞ്ച് ശതമാനം പേര്‍ പൂര്‍ണമായി വിയോജിക്കുകയും ചെയ്യുന്നു.
ജമ്മു കശ്മീരിന് സമ്പൂർണ്ണ പരമാധികാരം നല്‍കണമെന്ന അഭിപ്രായമാണ് 41 ശതമാനം പേര്‍ക്കുള്ളത്. 18 ശതമാനം പേര്‍ ഇതിനോട് ഏറെക്കുറെ യോജിക്കുന്നുണ്ട്. അഞ്ച് ശതമാനം പേര്‍ ഇതിനോട് ഏറെക്കുറെ വിയോജിക്കുകയും 8 ശതമാനം പേര്‍ പൂര്‍ണമായി വിയോജിക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ പാര്‍ട്ടികളെ അവ പ്രവര്‍ത്തിച്ചിരുന്ന അതേ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ എന്നതിൽ 22 ശതമാനം പേര്‍ പൂര്‍ണ യോജിപ്പ് പ്രകടമാക്കി. 28 ശതമാനം പേര്‍ ഭാഗികമായി യോജിക്കുന്നതായി അറിയിച്ചു. ഏഴ് ശതമാനം പേര്‍ അതിനോട് ഭാഗികമായ വിയോജിപ്പ് അറിയിച്ചു. 11 ശതമാനം പൂര്‍ണ വിയോജിപ്പ് പ്രകടമാക്കി.
പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ എന്നതിൽ 20 ശതമാനം പേര്‍ പൂര്‍ണമായി യോജിപ്പ് അറിയിച്ചു. 20 ശതമാനം പേര്‍ ഭാഗികമായ യോജിപ്പും ഏഴ് ശതമാനം പേര്‍ ഭാഗികമായ വിയോജിപ്പും 24 ശതമാനം പേര്‍ പൂര്‍ണമായ വിയോജിപ്പും അറിയിച്ചു.
സൈന്യം കൂടുതല്‍ കടുത്ത രീതികള്‍ കൈക്കൊള്ളുന്നതിലൂടെ എന്നതിനോട് 16 ശതമാനം പേര്‍ പൂര്‍ണമായി യോജിച്ചപ്പോള്‍ 16 ശതമാനം പേര്‍ അതിനോട് ഭാഗികമായി യോജിച്ചു. 13 ശതമാനം പേര്‍ ഭാഗികമായി വിയോജിച്ചപ്പോള്‍ 23 ശതമാനം പേര്‍ പൂര്‍ണമായ വിയോജിപ്പ് അറിയിച്ചു.
വിഘടനവാദികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിലൂടെ എന്നതിനോട് 11 ശതമാനം പേര്‍ പൂര്‍ണമായി യോജിച്ചപ്പോള്‍ 21 ശതമാനം പേര്‍ അതിനോട് ഭാഗികമായി യോജിച്ചു. ഒമ്പത് ശതമാനം പേര്‍ ഭാഗികമായി വിയോജിച്ചപ്പോള്‍ 23 ശതമാനം പേര്‍ പൂര്‍ണമായ വിയോജിപ്പ് അറിയിച്ചു.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിലൂടെ എന്നതിനോട് പൂര്‍ണമായി യോജിക്കുന്നത് ഒമ്പത് ശതമാനം പേരാണ്. 22 ശതമാനം പേര്‍ അതിനോട് ഭാഗികമായി യോജിക്കുന്നു. 15 ശതമാനം പേര്‍ ഭാഗികമായി വിയോജിക്കുന്നു. 24 ശതമാനം പേര്‍ പൂര്‍ണമായ വിയോജിപ്പ് രേഖപ്പെടുത്തി.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിജയകരമായിരുന്നോ എന്ന ചോദ്യത്തോട് കശ്മീരില്‍ നിന്നും ആറ് ശതമാനം അനുകൂല പ്രതികരണങ്ങളും ജമ്മുവില്‍ നിന്നും 39 ശതമാനം അനുകൂല പ്രതികരണങ്ങളും രേഖപ്പെടുത്തി. നരേന്ദ്ര മോദി കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ വിജയകരമല്ല എന്ന പ്രതികരണമാണ് കശ്മീരില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേരും രേഖപ്പെടുത്തിയത്. വിജയകരമല്ല എന്ന് ജമ്മുവിൽ നിന്നും പ്രതികരിച്ചത് 19 ശതമാനം പേർ. മൊത്തത്തില്‍ പ്രതികരിച്ചവരില്‍ 26 ശതമാനം പേര്‍ക്കും ഈ അഭിപ്രായമാണ്. മുന്‍ സര്‍ക്കാരുകളെപ്പോലെ തന്നെ വിജയകരമാണ് ഈ സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന് കശ്മീരിലെ 15 ശതമാനം പേര്‍ വിലയിരുത്തി. ജമ്മുവിലെ 20 ശതമാനം പേരും സമാനമായ രീതിയില്‍ പ്രതികരിച്ചു. മൊത്തത്തില്‍ 17 ശതമാനം പേര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. മുൻ സര്‍ക്കാരുകളെപ്പോലെ തന്നെ ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയമായിരുന്നു ഈ സര്‍ക്കാരും എന്നാണ് കശ്മീരില്‍ നിന്നും 25 ശതമാനം പേര്‍ പ്രതികരിച്ചത്. ജമ്മുവില്‍ നിന്ന് ഒമ്പത് ശതമാനം പേര്‍ ഈ പ്രതികരണം രേഖപ്പെടുത്തി. മൊത്തത്തില്‍ 18 ശതമാനം പേര്‍ ഈ പ്രതികരണം രേഖപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ജമ്മു കശ്മീരിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ മനസ്സിലാക്കുന്നതിനായി ഇത്തരമൊരു സര്‍വ്വേ നടക്കുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ചിരുന്ന ജമ്മു കശ്മീരില്‍ പോളിങ് ശതമാനം 50ലും കുറവായിരുന്ന വര്‍ഷങ്ങള്‍ നിരവധിയുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീനഗറിലെ പോളിങ് 13 ശതമാനം ആയിരുന്നു. വിവിധ വര്‍ഷങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 20 ശതമാനം കുറവ് മാത്രം പോളിങ് രേഖപ്പെടുത്തിയ 26 മണ്ഡലങ്ങള്‍ ഉണ്ട്. 1989, 1999, 2004, 2009, 2014 എന്നീ വര്‍ഷങ്ങളില്‍ 30 ശതമാനം കുറവ് പോളിങ് രേഖപ്പെടുത്തിയ ചരിത്രമുണ്ട് ജമ്മു കശ്മീരിന്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിയോജിപ്പ് പ്രകടമാക്കിയ നിരവധി തെരഞ്ഞെടുപ്പുകളിലും ആ കാലഘട്ടങ്ങളിലെ രാഷ്ട്രീയാന്തരീക്ഷം സ്വാധീനം ചെലുത്തിയിരിക്കണം.
2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിലൂടെ അവിടത്തെ ഭൂവിഭവ ഉടമസ്ഥാവകാശത്തില്‍ തദ്ദേശീയരുടെ പരമാധികാരം നീക്കം ചെയ്യപ്പെടുകയുണ്ടായി. മാധ്യമ നയത്തില്‍ വരുത്തിയ ഭേദഗതികളിലൂടെ കശ്മീരി മാധ്യമപ്രവര്‍ത്തകരും മാധ്യമ അസ്വാതന്ത്ര്യം നേരിടുന്നു. രാഷ്ട്രീയാധികാരം പ്രകടമാക്കുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കാളിത്തം അറിയിക്കാന്‍ വിസമ്മതിച്ച ജനതയുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്ന സ്വഭാവത്തിലുള്ളതാണ് സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേ.