(ഭാഗം ഒന്ന്)
ശക്തമായ സമരങ്ങളെ തുടർന്ന് അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മാറ്റിക്കൊണ്ട് വീണ്ടും തുറന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കൂടി താത്പര്യത്തോടെയാണ് കോവിഡ് സെന്ററായി കൊക്കക്കോള പ്ലാറ്റ് മാറ്റപ്പെട്ടത്. കോവിഡ് ചികിത്സാകേന്ദ്രത്തിനായി പ്ലാന്റിനകത്തെ കെട്ടിടങ്ങൾ സജ്ജമാക്കുന്നതിന് കൊക്കക്കോള കമ്പനിയുടെ സി.എസ്.ആർ ഫണ്ടുകൂടി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ തണലിൽ പ്ലാച്ചിമടയിലേക്ക് മടങ്ങിവരാൻ കൊക്കക്കോള നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഈ നീക്കമെന്ന് ഇതിൽ നിന്നും വ്യക്തം. പ്ലാച്ചിമടയിൽ നടത്തിയ ക്രിമിനൽ കുറ്റങ്ങൾക്കുള്ള നിയമപരമായ ശിക്ഷാനടപടികൾ ഒഴിവാക്കാൻ പലരീതിയിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് കൊക്കക്കോള. ഇതേ കമ്പനിയിൽ നിന്ന് സി.എസ്.ആർ ഫണ്ട് സ്വീകരിച്ച്, സഹകരിച്ച് പ്രവർത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്ലാച്ചിമട സമരത്തെ അപഹസിക്കുന്നതിന് തുല്യമായിത്തീരുന്നു. കൊക്കക്കോളയ്‌ക്കെതിരായ നിയമനടപടികളെല്ലാം പാതിവഴിയൽ നിലച്ചുപോയതിന് കാരണം സംസ്ഥാനം ഭരിക്കുന്നവരുടെ കോർപ്പറേറ്റ് ദാസ്യമാണെന്ന കാര്യം പ്ലാച്ചിമടയിലെ പുതിയ കോവിഡ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ കൊക്കക്കോളയുടെ കുറ്റകൃത്യങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വഞ്ചനകളും വീണ്ടും ഓർമ്മിക്കേണ്ടതുണ്ട്.
കോവിഡ് ചികിത്സയും കോളയുടെ കാരുണ്യവും
കമ്പനിയുടെ ഉദാരമനസ്‌കതയെ പുകഴ്ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാച്ചിമടയിലെ സി.എസ്.എൽ.ടി.സി ഉദ്ഘാടനം ചെയ്തത്. പ്ലാന്റിനകത്ത് സി.എസ്.ആർ ഫണ്ടുപയോഗിച്ച് സൗകര്യങ്ങൾ ഒരുക്കിത്തന്ന കൊക്കക്കോള കമ്പനിയെയും റെക്കോർഡ് സമയത്തിനുള്ളിൽ സെന്റർ കാര്യക്ഷമമാക്കിയ പ്രവർത്തകരെയും മുഖ്യമന്ത്രി പ്രശംസിച്ചു. ഇതിനായുള്ള ചർച്ചകൾ ചിറ്റൂർ എം.എൽ.എയും സംസ്ഥാന വൈദ്യുത മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ മുൻകൈയ്യിലാണ് തുടങ്ങിയത്. പാലക്കാട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് കമ്പനിയോട് ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവച്ചതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കോവിഡിനെതിരായ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം കൊക്കക്കോള കമ്പനിയും പങ്കുവച്ചു.
കോവിഡ് പോസിറ്റീവ് ആവുകയും ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്ന രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് കൊക്കക്കോളയുടെ 34 ഏക്കർ ഭൂമിയിലെ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. വിവിധ തലങ്ങളിലുള്ള ഫണ്ട് വിനിയോഗത്തിലൂടെയാണ് ഇവ തയ്യാറായത്. പെരുമാട്ടി പഞ്ചായത്ത് അടക്കം ചിറ്റൂർ ബ്ലോക്കിന് കീഴിലുള്ള 8 ഗ്രാമപഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതമാണ് ഇതിനായി ചെലവഴിച്ചത്. ദുരന്തനിവാരണ അതോറിറ്റിയും ചിറ്റൂർബ്ലോക്ക് പഞ്ചായത്തും 30 ലക്ഷം രൂപ വീതം നൽകിയതുമുൾപ്പെടെ 1.4 കോടി രൂപയാണ് ആകെ ഇതിനായി സമാഹരിക്കപ്പെട്ടത്. പ്ലാന്റിന്റെ കെട്ടിടം കേടുപാടുകൾ തീർക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 60 ലക്ഷത്തോളം രൂപയാണ് കൊക്കക്കോള കമ്പനി അതിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും ചെലവഴിച്ചത്.
സി.എസ്.ആർ പദ്ധതിയുടെ പിന്നാമ്പുറം
കോവിഡ് കാലം തുടങ്ങുന്നതിന് മുന്നെ തന്നെ പ്ലാച്ചിമടയിലേക്ക് സി.എസ്.ആർ. പദ്ധതിയുമായി തിരിച്ചുവരാനുള്ള ശ്രമങ്ങൾ കൊക്കക്കോള കമ്പനി തുടങ്ങിയിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് 2017 ഡിസംബറിലാണ് ഇത് സംബന്ധിച്ച് കൊക്കക്കോളയുടെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇനിമുതൽ പ്ലാച്ചിമടയിലെ പ്ലാന്റ് നാട്ടുകാർക്ക് ഉപകാരമാകുന്ന തരത്തിൽ തീർത്തും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്നാണ് കമ്പനിയുടെ മാനേജ്‌മെന്റ് അന്ന് പ്രഖ്യാപിച്ചത്. എന്നാൽ കമ്പനി നൽകിയ പ്രോജക്ട് റിപ്പോർട്ടിൽ ഭാവിയിൽ കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള പദ്ധതികൾ തന്നെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. അതിന് മറയായി കുറച്ച് സാമൂഹിക ക്ഷേമ പദ്ധതികൾ ചേർത്തിട്ടുണ്ടെന്ന് മാത്രം.
ആദ്യഘട്ടമായി ആരോഗ്യകേന്ദ്രം, യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രം, വിദ്യാർത്ഥികൾക്ക് ട്യൂഷൻ സെന്റർ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ പ്ലാച്ചിമടയിലെ അടഞ്ഞുകിടക്കുന്ന പ്ലാന്റിൽ ഒരുക്കുമെന്നാണ് പദ്ധതിരേഖയിൽ പറയുന്നത്. എന്നാൽ രണ്ടാമത്തെ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതി ഇത്തരത്തിലുള്ളതല്ല. പ്രദേശത്തെ മാമ്പഴ കർഷകരുടെ ഉത്പാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കാനുള്ള പദ്ധതിയായിരിക്കും ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നിൽ വലിയൊരു കച്ചവട ലക്ഷ്യമുണ്ട്. ഇന്ത്യയിൽ കാർബണേറ്റഡ് പാനീയ വിപണിയിൽ നിന്ന് പിന്മാറാനും പഴച്ചാറ് വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് കൊക്കക്കോള കമ്പനി കുറച്ചുവർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാസാ, മിനുട്ട്‌മെയ്ഡ് എന്നീ ബ്രാന്റുകളിൽ പഴച്ചാറ് പാനീയങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി വലിയ അളവിൽ വിവിധയിനം പഴങ്ങളുടെ പൾപ്പ് കമ്പനിക്ക് ആവശ്യവുമാണ്. അതിനായി ജെയ്ൻ ഫാം ഫ്രഷ് ഫുഡ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുമായി കൊക്കക്കോള കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്. ഇതേ ജെയ്ൻ കമ്പനിയെയാണ് പ്ലാച്ചിമടയിലേക്ക് കൊണ്ടുവരാൻ കൊക്കക്കോള കമ്പനി ശ്രമിക്കുന്നത്.
പ്ലാച്ചിമടയുടെ സമീപപ്രദേശമായ മുതലമട കേരളത്തിൽ ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന പ്രദേശമാണ്. മുതലമടയിൽ അടക്കമുള്ള കർഷകരെയാണ് കൊക്കക്കോള കമ്പനി ലക്ഷ്യം വെക്കുന്നത് എന്ന് വ്യക്തമാണ്. അൾട്രാ ഹൈഡെൻസിറ്റി പ്ലാന്റേഷൻ ടെക്‌നോളജിയും ഡ്രിപ് ഇറിഗേഷനും ഉപയോഗിച്ചുള്ള കൃഷിരീതിയിൽ പ്രദേശത്തെ കർഷകർക്ക് പരിശീലനം നൽകുകയാണ് ആദ്യം ചെയ്യുക. ഇതിലൂടെ മാമ്പഴത്തിന്റെ ഉത്പാദനം മൂന്ന് മടങ്ങ് കൂടുമെന്നും അതിനനുസരിച്ച് കർഷകരുടെ വരുമാനവും കൂടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 15 വർഷത്തെ കാലാവധിയാണ് പദ്ധതി കണക്കാക്കുന്നത്. കർഷകർക്കുള്ള പരിശീലനവും ഗുണമേന്മയുള്ള മാവിൻതൈകളുടെ വിതരണവും ജെയ്ൻ ഫാം ഫ്രഷിന്റെ നേതൃത്വത്തിലായിരിക്കും. കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നം വാങ്ങിക്കാനും അതിൽ നിന്ന് പാനീയങ്ങൾ ഉണ്ടാക്കാനുമുള്ള നേതൃത്വമായിരിക്കും കൊക്കക്കോള കമ്പനി നൽകുക.
ജെയ്ൻ ഇറിഗേഷൻ സിസ്റ്റം ലിമിറ്റഡ് കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ജെയ്ൻ ഫാം ഫ്രഷ് ഫുഡ്‌സ് ലിമിറ്റഡ്. ഇന്ത്യയിൽ കൊക്കക്കോള കമ്പനിയുടെ മാമ്പഴച്ചാർ പാനീയങ്ങൾക്ക് പൾപ്പ് വിതരണം ചെയ്യുന്ന പ്രധാന കമ്പനിയാണ് ഇത്. ഇന്ത്യയിൽ അതിവേഗം വളർന്നുവരുന്ന മാമ്പഴച്ചാറ് വിപണിക്ക് ആവശ്യമായ മാമ്പഴങ്ങൾ ഉത്പാദിപ്പിക്കാൻ ഇവിടെയുള്ള പരമ്പരാഗത കർഷകർക്ക് കഴിയാത്ത സാഹചര്യത്തെയാണ് ജെയ്ൻ കമ്പനി അവസരമാക്കുന്നത്. അൾട്രാ ഹൈ ഡെൻസിറ്റി കൃഷിരീതിയിലൂടെ മാങ്ങയുടെ ഉത്പാദനം വർദ്ധിപ്പിച്ച് മാമ്പഴ പൾപ്പിനുള്ള ക്ഷാമം പരിഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മഹാരാഷ്ട്രയിലും കർണ്ണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും ഈ പദ്ധതി ഇതിനകം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. പല ഘട്ടങ്ങളിലായി കോടികളുടെ നിക്ഷേപമാണ് ഇരുകമ്പനികളും നടത്തിക്കൊണ്ടിരിക്കുന്നത്.
50 കോടി രൂപയുടെ നിക്ഷേപത്തോടെ ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ധാരണയാകുന്നത് 2014ലാണ്. മാസാ, മിനുട്ട് മെയ്ഡ് മാംഗോ ബ്രാന്റുകൾക്ക് ആവശ്യമായ അളവിൽ മാമ്പഴത്തിന്റെ ഉത്പാദനവും വർദ്ധിപ്പിക്കലാണ് ലക്ഷ്യമെന്ന് കൊക്കക്കോളയുടെ ഇന്ത്യയിലെ മേധാവി ടി. കൃഷ്ണകുമാർ മാദ്ധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കൊക്കക്കോളക്ക് മാങ്ങാ പൾപ്പ് നൽകുന്നതിനുള്ള കരാർ അതിനുമുന്നെ തന്നെ ജെയ്ൻ കമ്പനിക്കായിരുന്നു. 2009ൽ 158 കോടിയുടെ ഓർഡറാണ് ഒരു വർഷത്തേക്ക് കൊക്കക്കോളയിൽ നിന്ന് ജെയ്ൻ കമ്പനി നേടിയത്. 2015ൽ മൂന്ന് വർഷത്തേക്ക് 750 കോടി രൂപയുടെ കരാറിലാണ് ഇരുകമ്പനികളും ഏർപ്പെട്ടിരുന്നത്. തുടർച്ചയായ മൂന്നാമത്തെ മൂന്ന് വർഷ കോൺട്രാക്ട് ആയിരുന്നു അത്. ഈ കരാർ നിലനിൽക്കുന്ന കാലയളവിലാണ് പ്ലാച്ചിമടയിൽ ജെയ്ൻ കമ്പനിയുമായി ചേർന്ന് സമാനമായ പദ്ധതി നടപ്പിലാക്കാനായി കൊക്കക്കോള സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്.
കർഷകരെ തെറ്റിദ്ധരപ്പിക്കൽ
പ്ലാച്ചിമടയിലെ മലിനീകരണത്തിന്മേലുള്ള പങ്ക് തള്ളിപ്പറയാനും നിയമപ്രകാരമുള്ള നടപടികളെ മറികടക്കാനും കമ്പനി എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ശീതളപാനീയ നിർമ്മാണം നടന്നില്ലെങ്കിലും ഏതെങ്കിലും തരത്തിൽ പ്ലാച്ചിമടയിലെ പ്ലാന്റ് നിലനിർത്തുക എന്ന താത്പര്യമാണ് കമ്പനിക്കുള്ളത്. പ്ലാച്ചിമടയിൽ തോറ്റുപിന്മാറിയിട്ടില്ലെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കേണ്ടത് കമ്പനിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. സമരം ശക്തിപ്പെട്ട പശ്ചാത്തലത്തിൽ, പ്ലാന്റ് അടച്ചിടേണ്ടി വന്നേക്കുമെന്ന അവസ്ഥയിലാണ് പ്രവർത്തനരീതിയിൽ മാറ്റം കൊണ്ടുവരാൻ കമ്പനി ആദ്യ ശ്രമം നടത്തുന്നത്. കർഷകരുടെ മക്കൾക്ക് പ്ലാന്റിൽ ജോലി നൽകുമെന്നും കാർഷിക ഉത്പന്നങ്ങൾ മികച്ച വിലയ്‌ക്കെടുത്ത് സംസ്‌കരിക്കുമെന്നും കമ്പനി വാഗ്ദാനം നൽകി. സമരം കാരണം പ്ലാന്റ് പൂട്ടിപ്പോകാതെ നോക്കേണ്ടത് കർഷകരുടെ ആവശ്യമാണെന്ന് വരുത്തിതീർക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിനിടയിലാണ് പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി കാരണമുണ്ടായ പ്രശ്‌നങ്ങൾ സംബന്ധിച്ച് തെളിവെടുപ്പ് നടത്താൻ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി തയ്യാറായത്. തെളിവെടുപ്പിൽ കമ്പനിക്ക് അനുകൂലമായി കർഷകരെ അണിനിരത്താൻ തന്നെ കമ്പനി തീരുമാനിച്ചു.
2003 ഡിസംബറിൽ തിരുവനന്തപുരത്തുവെച്ചായിരുന്നു തെളിവെടുപ്പ് നടന്നത്. കൊക്കക്കോള കമ്പനിയുടെ ചെലവിൽ മുപ്പതിനടുത്ത് ടൂറിസ്റ്റ് ബസുകളാണ് അതിന് തലേന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മുതലമടയിലെയും പ്ലാച്ചിമടയുടെ സമീപ പ്രദേശങ്ങളിലെയും കർഷകർ കുടുംബസമേതം തയ്യാറായി വന്നു. യാത്ര മാത്രമല്ല ഭക്ഷണവും തിരുവനന്തപുരം നഗരം ചുറ്റിക്കറങ്ങാനുള്ള സൗകര്യവും ഇവർക്കായി കൊക്കക്കോള ഒരുക്കിയിട്ടുണ്ടായിരുന്നു. പോകുന്നതിന്റെ കാര്യമെന്താണെന്ന് പോലും പലർക്കും അറിയില്ലായിരുന്നു. കർഷക സംഘടനയുടെ നേതാക്കൾ വഴി ആളുകളെ സംഘടിപ്പിച്ച് പോവുകയാണ് ഉണ്ടായത്. ശീതളപാനീയ നിർമ്മാണം നിർത്തേണ്ടി വന്നാലും കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് സംസ്‌കരിക്കാനുള്ള ഒരു ഫാക്ടറിയായി പ്ലാച്ചിമടയിലെ പ്ലാന്റ് നിലനിർത്തണമെന്നതായിരുന്നു കമ്പനിയുടെ ആവശ്യം. തെളിവെടുപ്പ് നടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് തെറ്റിദ്ധരപ്പിക്കപ്പെട്ടതാണെന്ന് കർഷകർ മനസ്സിലാക്കുന്നത്. തെളിവെടുപ്പിൽ പങ്കെടുക്കാൻ അവർ തയ്യാറായില്ല. കമ്പനിയുടെ ഇടനിലക്കാരായി പ്രവർത്തിച്ച നേതാക്കളോട് പ്രതിഷേധിച്ച് പലരും പിന്നീട് പ്ലാച്ചിമട സമരത്തോട് ഐക്യപ്പെടുകയും ചെയ്തു.
മാമ്പഴം ഒരു മറയാകുമ്പോൾ
2004ൽ പ്ലാന്റ് അടച്ചുപൂട്ടിയതിന് ശേഷം സമരം ഒത്തുതീർപ്പാക്കി മാമ്പഴച്ചാർ ഫാക്ടറി തുടങ്ങാൻ സർക്കാരിലൂടെയും രാഷ്ട്രീയ നേതാക്കളിലൂടെയും കൊക്കക്കോള ശ്രമം തുടർന്നു. പ്ലാച്ചിമട സമരത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുമെന്ന വാഗ്ദാനത്തോടെയാണ് 2006ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നത്. എന്നാൽ കൊക്കക്കോള കമ്പനിയെ കുറ്റവിചാരണ ചെയ്യാനോ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനോ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ സർക്കാർ താത്പര്യം കാണിച്ചില്ല. കോള നിരോധനം പോലുള്ള ഗുരുതരമല്ലാത്ത നടപടികളാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കമ്പനിക്കെതിരെ സ്വീകരിച്ചത്. വ്യവസായ വകുപ്പാണെങ്കിൽ പരസ്യമായി തന്നെ പ്ലാച്ചിമട സമരത്തിന് എതിരുമായിരുന്നു. പിന്നീട് അതേ സർക്കാർ പ്ലാച്ചിമടയിലെ നഷ്ടങ്ങൾ കണക്കാക്കുന്നതിനായി ഉന്നതാധികാര സമിതി രൂപീകരിച്ചതിനെയും വകുപ്പ് പരസ്യമായി എതിർത്തിരുന്നു. കൊക്കക്കോളക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ ബാധിക്കുമെന്നതായിരുന്നു വകുപ്പിന്റെ വേവലാതി.
പ്ലാച്ചിമടയിൽ മാമ്പഴച്ചാർ ഫാക്ടറി തുടങ്ങാനുള്ള ചർച്ചകൾ 2007ൽ വ്യവസായ വകുപ്പ് തന്നെ തുടങ്ങിവെച്ചു. മന്ത്രി എളമരം കരീമിന്റെ നിർദേശത്തെ തുടർന്ന് ജനതാദൾ (എസ്) നേതാവും ഇന്നത്തെ മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയും അന്നത്തെ കോൺഗ്രസ് എം. എൽ. എ., എ. അച്യുതനും ആയിരിന്നു ഇടനിലക്കാരായി പ്രവർത്തിച്ചത്. ഭൂജലം വലിച്ചെടുക്കാതെ പ്രവർത്തിച്ചോളാമെന്നും ശീതളപാനീയം ഉത്പാദിപ്പിക്കില്ലെന്നും പ്രദേശത്തുള്ളവർക്ക് നഷ്ടപരിഹാരം നൽകാമെന്നും ആയിരുന്നു കമ്പനിയുടെ ഓഫർ. പ്ലാച്ചിമടയിൽ കമ്പനി കാരണം മലിനീകരണം ഉണ്ടായിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് വാദിക്കുന്ന കമ്പനിയെ ഏത് രൂപത്തിലാണെങ്കിലും തിരികെ സ്വീകരിക്കാൻ സമരപ്രവർത്തകർ തയ്യാറായില്ല. മാമ്പഴസത്ത് ഉത്പാദിപ്പിച്ച് മറ്റുള്ള ഉത്പാദന യൂണിറ്റുകളിലേക്ക് ആവശ്യമുള്ള അസംസ്‌കൃത പദാർത്ഥം എത്തിക്കലാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സമരപ്രവർത്തകർ ആരോപിച്ചു. അന്ന് സാധിക്കാതിരുന്ന കാര്യമാണ് കോർപ്പറേറ്റ് ഔദാര്യത്തിന്റെ പേരിൽ കമ്പനി ഇന്ന് സാധിക്കാൻ പോകുന്നത്.
വഞ്ചനകളും വാഗ്ദാന ലംഘനങ്ങളും
ചരിത്രപരമായ ഒരു നിയമനിർമ്മാണത്തിനായിരുന്നു 2011 ഫെബ്രുവരി 24ന് സംസ്ഥാന നിയമസഭ സാക്ഷ്യംവഹിച്ചത്. പ്ലാച്ചിമട കൊക്കക്കോള ദുരിതബാധിതർക്ക് ദുരിതാശ്വാസവും നഷ്ടപരിഹാരവും ആവശ്യപ്പെടുന്നതിനുള്ള പ്രത്യേക ട്രിബ്യൂണൽ ബില്ല് എതിർപ്പില്ലാതെയാണ് നിയമസഭ പാസ്സാക്കിയത്. വ്യാവസായിക മലിനീകരണത്തിന് പരിഹാരം കാണുന്നതിനായി ഒരു ട്രിബ്യൂണൽ എന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. നിയമസഭയിൽ എതിർപ്പില്ലാതെ പാസ്സായെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്ല് കേന്ദ്രത്തിലേക്ക് അയക്കപ്പെട്ടു. നിയമസഭ പാസ്സാക്കിയ ബില്ല് ഗവർണ്ണറുടെ അംഗീകാരത്തോടെയാണ് നിയമമാകുന്നത്. ബില്ലിന് കേന്ദ്ര നിയമങ്ങളുമായി പൊരുത്തക്കേട് ഉണ്ടെന്ന് കാണിച്ചാണ് സംസ്ഥാനം രാഷ്ട്രപതിയുടെ അംഗീകാരം തേടിയത്.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരമാവധി കാലതാമസം വരുത്താൻ ശ്രമിച്ചു. അന്ന് പി. ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. പിന്നീട് ബില്ലിന്മേൽ കൊക്കക്കോളക്ക് ലഭിച്ച നിയമോപദേശം സംസ്ഥാന സർക്കാരിന് അയച്ച് അതിൽ വിശദീകരണം ആവശ്യപ്പെടുകയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ചെയ്തത്. ഇത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയായിരുന്നു. എൻ. ഡി. എ. സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലിന്റെ നിരീക്ഷണത്തോടെ ബില്ല് പിൻവലിക്കാനാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. പിന്നീട് രാഷ്ട്രപതി ബില്ലിന്മേൽ അനുമതി നിഷേധിച്ചെന്ന് പറഞ്ഞ് 2015ൽ മന്ത്രാലയം ബില്ല് തിരിച്ചയക്കുകയും ചെയ്തു. അന്നുമുതൽ സംസ്ഥാന സർക്കാരിന്റെ പരിഗണന കാത്തുകിടക്കുകയാണ് ബില്ല്.
2011ൽ ബില്ല് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചതിന്‌ശേഷം നടപടികളൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ പ്ലാച്ചിമടയിൽ പ്രതിഷേധം ശക്തമായി. ബില്ലിന്മേൽ തീരുമാനമാകാത്ത സാഹചര്യത്തിൽ 2011 ഡിസംബറിൽ പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തി പിടിച്ചെടുക്കുന്ന സമരത്തിനാണ് പ്രവർത്തകർ മുതിർന്നത്. അറസ്റ്റിലായ 22ഓളം സമരപ്രവർത്തകർ കോടതി നൽകിയ ജാമ്യം നിരസിച്ച് ജയിലിൽ കഴിയാൻ തീരുമാനിച്ചു. ജയിലിൽ അവർ നിരാഹാര സമരവും തുടങ്ങി. ഉമ്മൻ ചാണ്ടി സർക്കാർ സമ്മർദ്ദത്തിലായി. ബില്ലിന്റെ കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി. ജെ. ജോസഫ് സമരപ്രവർത്തകർക്ക് ഉറപ്പ് നൽകി. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരപ്രവർത്തകർ നിരാഹാരം ഉപേക്ഷിച്ച് പുറത്തിറങ്ങി. എന്നാൽ ബില്ലിനെ സംബന്ധിച്ച ഒരു നീക്കവും സംസ്ഥാന സർക്കാർ നടത്തിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ സമരപ്രവർത്തകരോട് പിന്നീട് പറഞ്ഞത് ട്രിബ്യൂണൽ ബില്ലിന്റെ കാര്യത്തിനായി സംസ്ഥാനത്തുനിന്നും ആരും തന്നെയോ ഓഫീസിനെയോ ബന്ധപ്പെട്ടിട്ടില്ലെന്നാണ്.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ 2016ൽ അധികാരത്തിലെത്തുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ച് ബില്ല് നിയമസഭയിൽ പുനരവതരിപ്പിക്കുമെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ 2017 ഫെബ്രുവരി 23ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാൽ നിയമസഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞത്, നിയമസഭയിൽ ബില്ല് പുനരവതരിപ്പിക്കാൻ കഴിയില്ലെന്ന് നിയമോപദേശം ലഭിച്ചതെന്നാണ്. ബില്ലിന്റെ കാര്യത്തിലുള്ള അവ്യക്തത തുടർന്ന പശ്ചാത്തലത്തിലാണ് 2017 ഏപ്രിൽ 22 മുതൽ പാലക്കാട് കലക്‌ട്രേറ്റിന് മുന്നിൽ പ്ലാച്ചിമട സമരസമിതി അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങുന്നത്. 2017 ജൂൺ 15നാണ് മുഖ്യമന്ത്രി പ്ലാച്ചിമടയിലെ സമരപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. അന്ന് നഷ്ടപരിഹാര ട്രിബ്യൂണലിന്റെ കാര്യത്തിലും കമ്പനിക്കെതിരായ നിയമനടപടികളുടെ കാര്യത്തിലും കാലതാമസം കൂടാതെ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരസമിതി അനിശ്ചിതകാല സത്യാഗ്രഹം പിൻവലിക്കുകയും ചെയ്തു.
എന്നാൽ സമരപ്രവർത്തകർക്ക് നൽകിയ ഉറപ്പിന് വിപരീതമായ നടപടികളാണ് സർക്കാർ തുടർന്ന് സ്വീകരിച്ചത്. 2017 ഡിസംബറിലാണ് കമ്പനിയുടെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് സി.എസ്.ആർ. പദ്ധതി അവതരിപ്പിക്കുന്നത്. ആറ് മാസം മുമ്പ് സമരപ്രവർത്തകർക്ക് നൽകിയ ഉറപ്പിനെ കാറ്റിൽപ്പറത്തി സർക്കാർ കമ്പനിയുടെ പദ്ധതിക്കൊപ്പം നിന്നു. പദ്ധതി സംബന്ധിച്ച അഭിപ്രായമറിയുന്നതിനായി ഒരു സർവ്വകക്ഷിയോഗം വിളച്ചുചേർക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പാലക്കാട് ജില്ലാ പഞ്ചായത്തിന് നിർദേശം നൽകി. 2019 ഓഗസ്തിലായിരുന്നു യോഗം നടന്നത്. പദ്ധതി നടപ്പിലാക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഒരു തീരുമാനം യോഗത്തിൽ ഉണ്ടായില്ല. എങ്കിലും നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ കഴിയൂ എന്നാണ് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. ജനപ്രതിനിധികൾ എതിർപ്പ് അറിയിച്ചതിന് ശേഷം വിഷയത്തിൽ പിന്നെ സർക്കാർ മൗനത്തിലായിരുന്നു. രണ്ട് വർഷത്തിന് ശേഷം കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങുന്നത് വരെ.
കെ. കൃഷ്ണൻ കുട്ടി എന്ന മന്ത്രി
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന്റെ കാര്യത്തിൽ നടപടികളെടുക്കാൻ ഉത്തരവാദിത്തമുള്ള വകുപ്പാണ് ജലവിഭവ വകുപ്പ്. പ്ലാച്ചിമട ഉൾപ്പെടുന്ന ചിറ്റൂർ മണ്ഡലത്തിന്റെ പ്രതിനിധിയായ കെ. കൃഷ്ണൻ കുട്ടിയായിരുന്നു 2018 മുതൽ 2021 വരെ ആ വകുപ്പ് ഭരിച്ചിരുന്നത്. എന്നാൽ ട്രിബ്യൂണൽ യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകളൊന്നും മന്ത്രിയെന്ന നിലയിൽ അദ്ദേഹം അന്ന് നടത്തിയില്ല. പ്ലാച്ചിമട ഉൾപ്പെടുന്ന പെരുമാട്ടി പഞ്ചായത്ത് ഭരിക്കുന്നത് അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ (എസ്) ആണ്. പെരുമാട്ടി പഞ്ചായത്ത് കൊക്കക്കോള മുന്നോട്ടുവെച്ച പദ്ധതിയോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ പെരുമാട്ടി പഞ്ചായത്ത് ഇന്ന് അതിന്റെ നിലപാട് മാറ്റിയിരിക്കുകയാണ്.
നൽകിയ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും യാഥാർത്ഥ്യമാക്കിയിട്ടുണ്ടെന്നാണ് ഒന്നാം പിണറായി സർക്കാർ അവകാശപ്പെടുന്നത്. അത് ശരിയാണെങ്കിൽ, നടപ്പിലാക്കപ്പെടാത്ത 30 വാഗ്ദാനങ്ങളിൽ ഒന്നാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലും. ബില്ലിന് പകരം കൊക്കക്കോളയുടെ സി.എസ്.ആർ. പദ്ധതിക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.
കോളയെ രക്ഷിച്ച ഗോകുൽ പ്രസാദ്
പ്ലാച്ചിമട പ്ലാന്റിൽ നിന്നുള്ള ഖരമാലിന്യത്തിൽ ഘനലോഹസാന്നിദ്ധ്യം അനുവദനീയ പരിധിയുടെ 400 – 600 ശതമാനം വരെ കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഖരമാലിന്യത്തിൽ നിന്നും പാഴ്ജലത്തിൽ നിന്നും ഊർന്നിറങ്ങി സമീപത്തെ കിണറുകളിലെ വെള്ളം മലിനീകരിക്കപ്പെട്ടതായും ബോർഡിന്റെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് നിയമനടപടികളൊന്നും തന്നെ കമ്പനിക്ക് നേരിടേണ്ടി വന്നിട്ടില്ല. കൊക്കക്കോള പ്ലാന്റിന് പ്രവർത്തനാനുമതി നിഷേധിച്ചതാണ് പിസിബി കമ്പനിക്കെതിരെ എടുത്തതിൽ ഏറ്റവും ഗുരുതരമായ നടപടി. മലിനീകരണത്തിന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരമുള്ള സ്ഥാപനമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. 1974ലെ ജലമലിനീകരണ നിയന്ത്രണ നിയമമാണ് ബോർഡിന് ഈ അധികാരം നൽകുന്നത്.
കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ 2007ൽ പി.സി.ബി ഒരു കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കൊക്കക്കോള നോട്ടീസിന് മറുപടി നൽകി. ജലമലിനീകരണ നിയന്ത്രണ നിയമം പ്രകാരം കമ്പനിക്കെതിരെ ചിറ്റൂർ കോടതിയിൽ മറ്റൊരു കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്നതായിരുന്നു കമ്പനിയുടെ മറുപടി. ഒരേ കുറ്റത്തിന് ഒരാളെ ഒന്നിൽക്കൂടുതൽ തവണ വിചാരണ ചെയ്യാൻ കഴിയില്ലെന്ന ഭരണഘടനാ അനുച്ഛേദം ഉപയോഗിച്ച് കമ്പനി സ്വയം പ്രതിരോധിച്ചു. ചിറ്റൂർ കോടതിയിൽ ഗോകുൽ പ്രസാദ് എന്ന വ്യക്തി ഫയൽ ചെയ്ത കേസിനെക്കുറിച്ചായിരുന്നു കമ്പനി സൂചിപ്പിച്ചത്. ജല മലിനീകരണ നിയന്ത്രണ നിയമം പ്രകാരം ഒരു സ്വകാര്യ വ്യക്തിക്ക് മലിനീകരണ പ്രശ്‌നങ്ങളിൽ കേസ് നൽകാൻ കഴിയും. പി.സി.ബിക്ക് മുൻകൂറായി നോട്ടീസ് നൽകണമെന്ന് മാത്രം. ഗോകുൽ പ്രസാദ് ഇത്തരം നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കേസ് നൽകിയത്.
2006ലാണ് ഗോകുൽ പ്രസാദിന്റെ പരാതി ചിറ്റൂർ കോടതി പരിഗണനക്കെടുത്തത്. പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ കേസ് എത്തുന്നത് 2009ലാണ്. കൊക്കക്കോള കമ്പനി, കമ്പനിയുടെ ഇന്ത്യൻ മേധാവി സഞ്ജീവ് ഗുപ്ത, സീനിയർ വൈസ് പ്രസിഡന്റ് വിനീത് കുമാർ കപില, പ്ലാന്റ് മാനേജർ എൻ. ജനാർദ്ധനൻ എന്നിവരെ യഥാക്രമം ഒന്നും, രണ്ടും, മൂന്നും നാലും കക്ഷികളാക്കിയാണ് ഗോകുൽ പ്രസാദ് കേസ് ഫയൽ ചെയ്തത്. 2012 ഓഗസ്ത് 21നാണ് കേസിൽ വിധി വന്നത്. കുറ്റവിചാരണ ചെയ്യാൻ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കമ്പനിയെ കുറ്റവിമുക്തമാക്കുന്നു എന്നതായിരുന്നു വിധി. ആരോപിക്കപ്പെട്ട കുറ്റത്തിൽ കക്ഷികളുടെ പങ്ക് വിശദമാക്കുന്ന തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയില്ലെന്ന് വിധിയിൽ കോടതി നിരീക്ഷിച്ചിട്ടുണ്ട്. പ്ലാന്റിനകത്തും പരിസരത്തും ഉള്ള മലിനജലത്തിലോ ഖരമാലിന്യത്തിലോ കാഡ്മിയത്തിന്റെ സാന്നിദ്ധ്യം തെളിയിക്കുന്ന രേഖകളും ഗോകുൽ പ്രസാദ് കോടതിക്ക് മുന്നിൽ സമർപ്പിച്ചില്ല. കൃഷിക്കാരുടെ ഭൂമിയിൽ ഖരമാലിന്യം വളമായി ഉപയോഗിച്ചതിന്റെ തെളിവ് പോലും ഗോകുൽ പ്രസാദ് ഹാജരാക്കിയില്ല. ഫാക്ടറിയിൽ നിന്നുള്ള ഖരമാലിന്യം പരിസരത്തുള്ള കർഷകർക്ക് വളമായി വിതരണം ചെയ്തിരുന്നുവെന്നത് കൊക്കക്കോള കമ്പനി പോലും സമ്മതിച്ച കാര്യമാണ്. പി.സി.ബിയുടെ നിർദേശപ്രകാരമാണ് കമ്പനി അത് കർഷകരിൽ നിന്നും തിരിച്ചെടുക്കാൻ തയ്യാറാകുന്നത്. വളരെ വ്യക്തമായി ലഭ്യമായ തെളിവുകൾ പോലും കോടതിയുടെ പരിഗണനക്ക് എത്തിയില്ല. കുറ്റാരോപിതർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ, മതിയായ തെളിവുകളില്ലാതെ കുറ്റവിചാരണ നടത്തുന്നത് പൊതുതാത്പര്യത്തിന് എതിരാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. കമ്പനിയെ കുറ്റവിചാരണ ചെയ്യാൻ ശരിയായ കാരണങ്ങളുണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികൾ ചെയ്യണമെന്ന് കോടതി നിർദേശിച്ചു. കുറ്റവിചാരണക്കായി ശരിയായ കാരണങ്ങളും തെളിവുകളും കോടതിക്ക് മുന്നിൽ എത്തിയില്ലെന്നതാണ് വിധിയുടെ സാരം.
സമരം കത്തിനിൽക്കുന്ന കാലത്താണ് കൊക്കക്കോള കമ്പനിക്കെതിരെ ഗോകുൽ പ്രസാദ് കേസ് നൽകിയത്. പി.സി.ബിയുടെ നടപടികൾ പ്രതിരോധിക്കുന്നതിനായി കൊക്കക്കോള ഈ കേസിന്റെ വിവരങ്ങൾ ഉപയോഗിച്ചു. അങ്ങനെ പി.സി.ബിയുടെ നടപടികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഗോകുൽ പ്രസാദ് കോടതിയിൽ തെളിവ് ഹാജരാക്കാതിരുന്നത് കാരണം കോടതിയും കമ്പനിയെ വെറുതെവിട്ടു. ഗോകുൽ പ്രസാദ് കമ്പനിക്കെതിരെ കേസ് നൽകിയതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. കമ്പനിക്ക് നിയമപ്രകാരമുള്ള ശിക്ഷ വാങ്ങിക്കൊടുക്കാനല്ല, പകരം ശിക്ഷാനടപടികളിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഗോകുൽ പ്രസാദ് കേസ് ഫയൽ ചെയ്തത് എന്നാണ് മനസ്സിലാക്കാനൻ കഴിയുന്നത്. ഗോകുൽ പ്രസാദ് ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ തയ്യാറാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
ഗോകുൽ പ്രസാദുമായുള്ള ഫോൺ സംഭാഷണം ഇവിടെ കേൾക്കാം.
പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചരിത്രമില്ലെങ്കിലും, ഗോകുൽ പ്രസാദ് കൊക്കക്കോളയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുമ്പും ഇടപെടലുകൾ നടത്തിയിട്ടുണ്ട്. പെരുമാട്ടി പഞ്ചായത്ത് ലൈസൻസ് നിഷേധിച്ചതിനെതിരെ കമ്പനിയുടെ തൊഴിലാളി യൂണിയൻ 2004ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് എംപ്ലോയീസ് യൂണിയന് വേണ്ടി ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തത് പി. വിനോദ് എന്ന വ്യക്തിയാണ്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്‌പെഷൽ ലീവ് പെറ്റീഷനിൽ വിനോദ് കക്ഷി ചേർന്നിട്ടുണ്ട്. ഗോകുൽ പ്രസാദും അദ്ദേഹം സെക്രട്ടറിയായ പീപ്പ്ൾസ് ഫോറം ഫോർ നാച്വറൽ ജസ്റ്റിസ് എന്ന സംഘടനയും അതിൽ കക്ഷികളാണ്. ഇത് സംബന്ധിച്ച നോട്ടീസ് കക്ഷികൾക്ക് നേരിട്ട് വിതരണം ചെയ്യാനായി 2006 മാർച്ച് 30ന് അഡ്വക്കേറ്റ് ജനറൽ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയച്ചുകൊടുക്കുകയുണ്ടായി. ഗോകുൽ പ്രസാദിന്റെ വിലാസത്തിൽ തന്നെയാണ് വിനോദും കമ്പനിയിലെ തൊഴിലാളികളായ മറ്റ് കക്ഷികളും നോട്ടീസ് കൈപ്പറ്റിയിരിക്കുന്നത്. കമ്പനിക്കെതിരെ സമരം ചെയ്യുന്നവരുടെ കൂടെയല്ല, കമ്പനി അടച്ചുപൂട്ടരുതെന്ന് ആഗ്രഹിക്കുന്നവരുടെ കൂടെയാണ് ഗോകുൽ പ്രസാദിന്റെ പേര് കാണാൻ കഴിയുന്നത്.
(തുടരും)