തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗം അഴിമതി മുക്തമാക്കുന്നതിനും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR). ഇലക്ടറൽ ബോണ്ടിനെതിരെ 2017 സെപ്റ്റംബര് 14ന് ആദ്യമായി സുപ്രീംകോടതിയില് ഹര്ജി നല്കുകയും നിയമപോരാട്ടം തുടരുകയും ചെയ്ത എ.ഡി.ആർ നാഷണൽ കോ-ഓർഡിനേറ്റർ അനിൽ വർമ്മ നിയമപോരാട്ടത്തെക്കുറിച്ച് സംസാരിക്കുന്നു.
ഇലക്ടറൽ ബോണ്ട് നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിങ്ങൾ നടത്തിയ നിയമപോരാട്ടം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയിൽ താങ്കൾ സംതൃപ്തനാണോ?
ഈ വിധി പൂർണമായും സ്വാഗതം ചെയ്യുന്നു. നമ്മുടെ രാഷ്ട്രീയ രംഗത്തെ അടിമുടി ജനാധിപത്യ വിരുദ്ധമാക്കുന്ന ഒരു സംവിധാനത്തിനെതിരെ ഈ വിധി വരാൻ എടുത്ത കാലതാമസം മാത്രമാണ് അതൃപ്തി ഉണ്ടാക്കിയത്. ഞങ്ങൾ ഇലക്ടറൽ ബോണ്ട് റദ്ദാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. അത് പൂർണ്ണമായും അംഗീകരിക്കപ്പെട്ടു എന്ന് മാത്രമല്ല ഭരണഘടനാ ബെഞ്ച് ഒരു പടി കൂടി കടന്ന് പണം നൽകിയ ഉറവിടങ്ങൾ പുറത്തുവിടണം എന്നും ഉത്തരവിട്ടു. അത് ഞങ്ങൾ ആവശ്യപ്പെട്ട കാര്യം ആയിരുന്നില്ല. ഞങ്ങളുടെ വാദങ്ങൾ കേട്ട കോടതി, അത് റദ്ദ് ചെയ്താൽ മാത്രം പോരെന്ന് തീരുമാനിക്കുകയായിരുന്നു.
ഇലക്ടറൽ ബോണ്ട് റദ്ദ് ചെയ്‌തെങ്കിലും രാഷ്ട്രീയ പാർട്ടികൾ അതുവഴി നേടിയ പണം തിരിച്ചുകൊടുക്കാൻ കോടതി ഉത്തരവിടാതിരുന്നത് ഒരു പോരായ്മയായി തോന്നുന്നുണ്ടോ?
അത് പ്രായോഗികമായി നടക്കുന്ന കാര്യമല്ല. അത് കൂടുതൽ നിയമ പോരാട്ടത്തിലേക്ക് നയിക്കും. സർക്കാർ പാർലമെന്റിൽ നിയമം പാസാക്കിയപ്പോൾ ഇലക്ടറൽ ബോണ്ട് വഴി പണം നൽകുന്ന കമ്പനികളുടെയും വ്യക്തികളുടെയും വിവരങ്ങൾ പുറത്തുവിടില്ല എന്ന് ഉറപ്പു നൽകിയിരുന്നു. അത് പാലിക്കപ്പെടാത്തതിന്റെ പേരിൽ അവർ കോടതിയെ സമീപിച്ചേക്കാം. കൂടാതെ രാഷ്ട്രീയ പാർട്ടികൾ അവർക്ക് ലഭിച്ച പണം ചെലവാക്കി കഴിഞ്ഞു എന്നും വാദിക്കാം.
എസ്.ബി.ഐ നൽകിയ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ എന്താണ് താങ്കളെ ഏറ്റവും അത്ഭുതപ്പെടുത്തിയത്?
ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിൻ ആണ് ഏറ്റവും കൂടുതൽ തുക നൽകിയത് എന്നത് അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. 1368 കോടി രൂപയുടെ ബോണ്ട് അദ്ദേഹത്തിന്റെ കമ്പനി നൽകി എന്നത് പ്രതീക്ഷിക്കാത്ത സംഭവമാണ്. നമ്മൾ പ്രതീക്ഷിച്ച ചില വലിയ കോർപ്പറേറ്റുകളുടെ പേരുകൾ ഇല്ലാത്തതും ഏറെ അത്ഭുതപ്പെടുത്തി. പല മാധ്യമങ്ങളും വ്യക്തികളും ഗവേഷണ സ്ഥാപനങ്ങളൂം ഓരോ ദിവസവും പുറത്തുവിടുന്ന വിശകലനങ്ങൾ ഏറെ പ്രധാനപ്പെട്ട വിവരങ്ങളാണ് നൽകുന്നത്. നഷ്ടത്തിൽ ഓടുന്ന പല കമ്പനികളും വലിയ തുകകൾ നൽകിയത്, പല ഷെൽ കമ്പനികൾ തുകകൾ നൽകിയത്, ചില കമ്പനികളിൽ നടന്ന അന്വേഷണ ഏജൻസികളുടെ റെയിഡിന് ശേഷം ഇലക്ടറൽ ബോണ്ട് വഴി അവർ സംഭാവന നൽകിയത് ഒക്കെ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. പല മാധ്യമങ്ങളും ഇത്തരം വിശകലനങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അത്തരം കാര്യങ്ങൾ ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുക മാത്രമാണ് ADR ചെയ്തത്. എസ്.ബി.ഐ വിവരങ്ങൾ കൈമാറാതിരുന്നപ്പോഴാണ് ഞങ്ങൾ കോടതിയലക്ഷ്യത്തിന് വീണ്ടും കോടതിയെ സമീപിച്ചതും ഇപ്പോൾ ഇലക്ടറൽ ബോണ്ട് നമ്പർ അടക്കം പ്രസിദ്ധീകരിക്കാൻ ബാങ്കിനോട് കോടതി ആവശ്യപ്പെട്ടതും. അത് കൂടി ലഭിക്കുമ്പോൾ ആര് ആർക്ക് എത്ര സംഭാവന നൽകി എന്നുകൂടി മനസ്സിലാക്കാൻ കഴിയും.
കോടതി ഉത്തരവുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറാതെ കൂടതൽ സമയം ചോദിച്ച എസ്.ബി.ഐയുടെ നടപടിയെ എങ്ങനെയാണ് കാണുന്നത്? അതിന് ഒരു പൊതുമേഖലാ ബാങ്കിനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കാം? കൂടാതെ നൽകിയ വിവരങ്ങൾ ഒരാൾക്ക് എളുപ്പത്തിൽ മനസ്സിലാകാത്ത വിധത്തിൽ, വിശകലനങ്ങൾ എളുപ്പത്തിൽ സാധ്യമാകാത്ത രീതിയിൽ നൽകിയതും ബോധപൂർവ്വം ആയിരിക്കാൻ ഇടയുണ്ടോ?
ചില കോണുകളിൽ നിന്നും ബാങ്കിന്റെ മേലുള്ള സമ്മർദ്ദം ആയിരിക്കാം അതിന് കാരണം എന്ന് ഞാൻ കരുതുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിവരങ്ങൾ പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോവാനാണ് എസ്.ബി.ഐ ശ്രമിച്ചത് എന്ന് വ്യക്തം. അത് ഒരു ഗൂഢ പദ്ധതിയാണെന്ന് കോടതിക്കും ബോധ്യമായി. അങ്ങനെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നീട്ടിക്കൊണ്ടുപോകാൻ കോടതി അനുവദിക്കാതിരിക്കുകയാണ് ചെയ്തത്.
പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുൻപ് വന്ന സുപ്രീം കോടതിയുടെ ഈ വിധി വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സൃഷ്ടിക്കുന്ന സ്വാധീനം ഏത് തരത്തിലായിരിക്കും?
രാഷ്ട്രീയപ്പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ് ലഭിക്കുമായിരുന്ന തുകകൾ നഷ്ടമായി എന്നതാണ് ഒരു കാര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുൻപ് വൻ തുകകൾ ബോണ്ട് വഴി ലഭിച്ചതായി കാണാൻ സാധിക്കും. പല മോശം കമ്പനികളും നൽകിയ പണത്തിന്റെ അടക്കം വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമായി എന്നത് മറ്റൊരു പ്രധാന കാര്യമാണ്. വളരെ സുതാര്യമെന്നും, കള്ളപ്പണം ഇല്ലാതാക്കും എന്നൊക്കെ ഉള്ള വാഗ്‌ദങ്ങൾ പൊള്ളയാണെന്ന് പൊതുജനത്തിന് ബോധ്യമായി. ഇലക്ടറൽ ബോണ്ട് നിലനിൽക്കുമ്പോൾ തന്നെ നിരവധി രാഷ്ട്രീയക്കാരുടെ കൈവശം അനധികൃതമായി സൂക്ഷിച്ച വൻ തുകകളുടെ വിവരം പുറത്തുവന്നതാണ്. അതേസമയം വലിയ ഒരു വിഭാഗം സാധാരണ മനുഷ്യർക്ക് ഇലക്ടറൽ ബോണ്ട് എന്താണെന്ന് അറിയില്ല. അതുകൊണ്ടുതന്നെ വലിയ വിഭാഗം ജനങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ല. എന്തായാലും രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന വൻ തുകകളിൽ ഈ വിധി കാരണം കുറവ് വരും എന്നതിൽ സംശയമില്ല.
നമ്മുടെ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഈ വിധി സാധാരണ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമായിരുന്നു എന്ന് കരുതുന്നുണ്ടോ?
ഞാൻ എത്രയോ വർഷങ്ങളായി ടെലിവിഷൻ കാണാറില്ല. മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം അർഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങളിലെത്തിച്ചില്ല എന്നത് വാസ്തവമാണ്. എന്നാൽ യുട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും നിരവധി വിഡിയോകൾ വന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. അവർക്ക് ടെലിവിഷനുള്ളതിനേക്കാൾ കൂടുതൽ പ്രേക്ഷകരുണ്ട്. അതുകൊണ്ട് കുറേ ആളുകളിലേക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ എത്തി എന്ന് അനുമാനിക്കാം. എന്നാൽ അത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന് പറയാൻ കഴിയില്ല.
ഒരു പൊതു മേഖലാ സ്ഥാപനമായ എസ്.ബി.ഐ, കോടതി ആവശ്യപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കാതെ നീട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത് അതിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ?
അത് അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയായിപ്പോയി എന്നാണ് ഞാൻ കരുതുന്നത്. എംപ്ലോയീസ് ഫെഡറേഷൻ എസ്.ബി.ഐ ചെയർമാന്റെ രാജി ആവശ്യപ്പെട്ടത് അതുകൊണ്ടാണല്ലോ. അതിന്റെ ഷെയർ വാല്യൂവിൽ ഇടിവ് വന്നതും അതിന് തെളിവാണല്ലോ. കോടിക്കണക്കിന് ആളുകളുടെ പണം കൈകാര്യം ചെയ്യുന്ന ഒരു ബാങ്ക്, തങ്ങളുടെ കയ്യിൽ പണ വിനിമയത്തിന്റെ പ്രധാനപ്പെട്ട വിവരങ്ങൾ സൂക്ഷിച്ചിട്ടില്ല എന്ന് പറയുന്നത് വളരെ നിരുത്തരവാദിത്തപരമായ നടപടി ആണ്. പണം കൈകാര്യം ചെയ്തതിന് വേണ്ട രേഖകൾ കൈവശം ഇല്ല എന്ന് ഒരു ബാങ്കിന് എങ്ങനെ പറയാൻ കഴിയും. എന്തായാലും ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ നടപടി ബാങ്കിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുകയാണ് ചെയ്‌തത്. ഇത്രയും വലിയ ഒരു പൊതു മേഖലാ സ്ഥാപത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നടപടി ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.
അദാനിയുമായി ബന്ധപ്പെട്ട കമ്പനിയുടെ പേരുകൾ ഇലക്ടറൽ ബോണ്ടിൽ കാണാൻ സാധിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ അങ്ങനെയൊരു ബോണ്ട് നമുക്ക് കാണാൻ സാധിച്ചില്ല. മോദിയുമായി ഏറെ അടുപ്പമുള്ള അദാനിയുടെ കമ്പനികൾ ബി.ജെ.പിക്ക് മറ്റ് മാർഗങ്ങളിലൂടെ പണം നൽകി എന്നാണോ അത് കാണിക്കുന്നത്?
പണം നിയമപരമായി നൽകാനുള്ള ഒരു സാധ്യത ഇലക്ടറൽ ട്രസ്റ്റ് വഴിയാണ്. ഈ തുക സംബന്ധിച്ച കണക്കുകൾ എല്ലാ വർഷവും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകേണ്ടതുണ്ട്. എന്നാൽ അംബാനി, അദാനി തുടങ്ങിയ വലിയ കമ്പനികളെ അതിൽ കാണാൻ കഴിഞ്ഞില്ല. മറ്റൊന്ന് നേരിട്ട് രാഷ്ട്രീയ പാർട്ടികൾക്ക് ചെക് വഴി പണം നൽകുകയാണ്. ഈ കണക്കുകളും എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്. മൂന്നാമത്തെ വഴി ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനയാണ്. ഇപ്പോൾ നമുക്ക് അറിയാത്ത നിരവധി കമ്പനികളുടെ പേരുകൾ ബോണ്ട് വിവര പട്ടികയിൽ ഉണ്ട്. ആ കമ്പനികളെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.
അദാനി, അംബാനി തുടങ്ങിയ വലിയ കോർപ്പറേറ്റുകൾ ഷെൽ കമ്പനികൾ വഴി പണം നൽകാനുള്ള സാധ്യതയാണോ താങ്കൾ ചൂണ്ടിക്കാണിക്കുന്നത്?
അവർ ഷെൽ കമ്പനികൾ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ട് വഴി പണം കൈമാറി എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അതിനുള്ള തെളിവുകൾ ഇപ്പോൾ ലഭ്യമല്ല.
ചില കമ്പനികൾ അവരുടെ ലാഭത്തിന്റെ എത്രയോ മടങ്ങ് തുക ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. അതുപോലെ ബാലൻസ് ഷീറ്റിൽ നഷ്ടം കാണിച്ചിരിക്കുന്ന കമ്പനികളും വൻ തുകകൾ നൽകിയതായി വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് പറയാമോ?
അത് കൃത്യമായി വിശകലനം ചെയ്യാൻ ഞാൻ ഒരു സാമ്പത്തിക വിദഗ്ധൻ അല്ല. ഇലക്ടറൽ ബോണ്ടിനെ അനുകൂലിക്കുന്ന വ്യവസായി ആയ മോഹൻ ദാസ് പൈ പങ്കുവച്ച കാര്യം ഞാൻ പറയാം. അദ്ദേഹം അത് പൂർണ്ണമായും നിയമപരമായി സാധ്യമാണെന്ന് വാദിക്കുന്നു. ഉദാഹരണമായി, 50 കോടി എന്റെ ബാലൻസ് ഷീറ്റിൽ ആസ്തി ആയി കാണിക്കുകയും എനിക്ക് ആരെങ്കിലും പണം സംഭാവന ചെയ്യുകയും അതിനുശേഷം ഞാൻ 100 കോടി മറ്റൊരാൾക്ക് സംഭാവന നൽകുന്നത് പൂർണ്ണമായും ശരിയാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നത് തെറ്റാണെന്ന് പറയാൻ ഉള്ള അവഗാഹം എനിക്കില്ല. അത് സാധ്യമാണെങ്കിൽ വരുമാന നികുതി അടക്കാതിരിക്കാനുള്ള ഒരു വലിയ പദ്ധതി കൂടിയാണ് ഇതെന്ന് പറയേണ്ടിവരും.
ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയായ ഒരു കാര്യമാണ് പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് സമാഹരിച്ച തുകയുടെ കാര്യം. 2013-ൽ സ്ഥാപിതമായത് മുതൽ 272 ദശലക്ഷം ഡോളർ ട്രസ്റ്റ് സമാഹരിക്കുകയും, അതിൻ്റെ ഏകദേശം 75 ശതമാനം ബി.ജെ.പിക്ക് നൽകുകയും ചെതിട്ടുണ്ട്. ബി.ജെ.പിക്ക് ട്രസ്റ്റ് നൽകിയ സംഭാവനകൾ പ്രതിപക്ഷമായ കോൺഗ്രസിന് നൽകിയ 20.6 ദശലക്ഷം ഡോളറിനേക്കാൾ 10 മടങ്ങ് കൂടുതലാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇലക്ടറൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയാമോ?
2013 ലാണ് ഇലക്ടറൽ ട്രസ്റ്റുകൾ രൂപപ്പെടുന്നത്. അവർ ഭാഗികമായി സുതാര്യമായാണ് പ്രവർത്തിക്കുന്നത് എന്ന് പറയാൻ കഴിയും. സർക്കാരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ തുടങ്ങിയ സമയത്ത് വലിയ കോർപ്പറേറ്റുകളായിരുന്നു അതിന്റെ ഉടമകൾ. അവർക്ക് രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയുള്ള സംഭാവനകൾ സ്വീകരിക്കാൻ കഴിയും. അവർക്ക് ലഭിക്കുന്ന തുകകൾ രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ട്. അവർക്ക് ലഭിച്ച തുകയുടെ 99 ശതമാനം തുകയും പാർട്ടികൾക്ക് നൽകാൻ അവർ ബാധ്യസ്ഥരാണ്. ഈ ഇടപാടുകൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ എല്ലാ വർഷവും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനും അവർ ബാധ്യസ്ഥരാണ്. എന്നാൽ ഏത് പാർട്ടിക്കാണ് വ്യക്തിയോ കമ്പനിയോ പണം നൽകിയതെന്ന് നമുക്കറിയാൻ കഴിയില്ല. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങൾക്ക് ആരാണ് പണം നൽകിയതെന്ന് അറിയില്ല എന്നും അവകാശപ്പെടാം. എന്നാൽ ഇലക്ട്‌റൽ ബോണ്ടുവഴി സംഭാവന നൽകിയ ആളുകളുടെ വിവരങ്ങൾ പോലും നമുക്കറിയാൻ വഴിയില്ല എന്നതാണ് ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വ്യവസ്ഥ.
വലിയ തുകകൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന ചെയത ഇരുപതോളം കമ്പനികളിൽ, അവർ പണം നൽകുന്നതിന് മുൻപ് വിവിധ അന്വേഷണ ഏജൻസികൾ റെയിഡ് നടത്തിയിരുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. അതുപോലെ ബോണ്ട് വഴി സംഭാവന ചെയ്ത കമ്പനികൾക്ക് തുടർന്ന് പല പ്രോജക്ടുകളും സർക്കാർ അനുവദിച്ച് നൽകിയതായും വ്യക്തമായിട്ടുണ്ട്. ഇങ്ങനെ കൊടുക്കൽ വാങ്ങലുകൾ ‘നിയമപരമായി’ നടത്തുന്ന ഈ രീതിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായി അറിയണമെങ്കിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. എന്നാൽ പ്രാഥമികമായ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ബോണ്ട് നൽകുന്നതിന് മുൻപ് പല കമ്പനികളിലും റെയിഡ് നടന്നിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. അതുപോലെ ബോണ്ടുകൾ നൽകിയതിന് പിന്നാലെ ആ കമ്പനികൾക്ക് വിവിധ പ്രോജക്ടുകളും ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കിട്ടാൻ ഇലക്ടറൽ ബോണ്ട് നമ്പർ പുറത്തുവരേണ്ടി വരും. അതുവരെ ഇത് ഊഹങ്ങൾ ആയി മാത്രമേ നിലനിൽക്കുകയുള്ളൂ. എന്നാൽ അത് സത്യമാകാനുള്ള സാധ്യതയുണ്ട്.
ADR ഏറെ വർഷങ്ങളായി നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ സുതാര്യമാക്കാനും നവീകരിക്കാനുമായുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണല്ലോ. ഇത്തവണ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ ഒരു ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനുള്ള സുപ്രധാന വെല്ലുവിളികളെക്കുറിച്ച് പറയാമോ?
മാതൃക പെരുമാറ്റ ചട്ടം എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തേണ്ടതുണ്ട്. അത് ലംഘിക്കപ്പെടുകയാണെങ്കിൽ വിവേചനം കൂടാതെ നടപടി എടുക്കാൻ സന്നദ്ധമാവണം. അവിടെ അധികാരം ഉള്ളവർക്ക് ആനുകൂല്യം ലഭിക്കുന്ന സ്ഥിതി ഉണ്ടാവരുത്. മറ്റൊന്ന് കള്ളപ്പണത്തിന്റെ മേലുള്ള നിയന്ത്രണമാണ്. അതുപോലെ പണത്തിന്റെ കൈമാറ്റം നടക്കുന്നില്ലെന്നുള്ള ഉറപ്പുവരുത്തലാണ്. വോട്ടിന് പകരം ഉപഹാരങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണെങ്കിലും പലപ്പോഴും അത് നിയന്ത്രണ വിധേയമാവാറില്ല. മറ്റൊന്ന് വോട്ടർ പട്ടിക അതാത് സമയം പുതുക്കാറുണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെടുമ്പോഴും പലരുടെയും പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നത് പതിവാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംബന്ധിച്ച വിവാദങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പരാജയപ്പെടുമ്പോൾ അതിനെതിരെ ശബ്ദിക്കുന്ന രാഷ്ട്രീയപാർട്ടികൾ വിജയിക്കുമ്പോൾ അതിനെക്കുറിച്ച് മൗനം പാലിക്കും. വി വി പാറ്റ് കൂടുതൽ എണ്ണുന്നത് സംബന്ധിച്ച് സുപ്രീം കോടതിയും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊക്കെയാണ് പ്രധാന വെല്ലുവിളികളായി നമ്മുടെ മുന്നിലുള്ളത്.
ഇലക്ടറൽ ബോണ്ട് അസാധുവാക്കിയ സുപ്രീം കോടതി നടപടി ബി.ജെ.പിയെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നത് ?
അത് സംബന്ധിച്ച് എന്തെങ്കിലും ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു കാര്യം വ്യക്തമാണ്, ഈ ബോണ്ടുകൾക്ക് രൂപം നൽകിയത് ബി.ജെ.പിയാണ്. അതാണ് കോടതി റദ്ദ് ചെയ്തിരിക്കുന്നത്. അത് അവർക്ക് തിരിച്ചടി തന്നെയാണ്. അതിന്റെ വിശദ വിവരങ്ങൾ അറിയാൻ ഏതൊക്കെ ബോണ്ടുകളാണ് ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ചതെന്ന് പുറത്തുവരേണ്ടിവരും.