അലിഖിത ഭൂതകാലത്തിന്റെ ശിരോരേഖകള്‍

Écrits – 1 (ബുക്ക് റിവ്യൂ കോളം ആരംഭിക്കുന്നു)

സോളോമന്‍ നോര്‍ത്ത്റോപ്പ് സ്വതന്ത്രനായി ജനിച്ച മനുഷ്യനായിരുന്നു. എന്നാല്‍ കാലം അയാള്‍ക്കായി കരുതിവച്ച വിധി കടുത്തതും. അയാള്‍ ചതിക്കപ്പെടുകയും മറ്റൊരാള്‍ക്ക് വിൽക്കപ്പെടുകയും ചെയ്യുന്നു. തന്റെ ശരീരം ക്രയവിക്രയം നടത്താവുന്ന വസ്തുവാണെന്ന സത്യം അയാള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു. അയാളുടെ യാതനാനിര്‍ഭരമായ ജീവിതം അവിടെ ആരംഭിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ഡേവിഡ് വില്‍സനാണ് ‘Twelve Years a Slave’ എന്ന പേരില്‍ സോളോമന്‍ നോര്‍ത്ത്റോപ്പിന്റെ അടിമ ജീവിതാനുഭവങ്ങള്‍ പുസ്തകമാക്കിയത്. ഗോര്‍ഡന്‍ പാര്‍ക്സ് 1984 ലും സ്റ്റീവ് മാക്വീന്‍ 2013 ലും ഈ പുസ്തകം സിനിമയാക്കിയിട്ടുണ്ട്. ലോകമെങ്ങും സോളോമന്‍ നോര്‍ത്ത്റോപ്പിന്റെ അടിമജീവിതത്തിന്റെ വേദനകള്‍ അറിഞ്ഞു. ജീവി എന്ന പരിഗണന പോലും ലഭിക്കാത്ത ഒരു മനുഷ്യന്റെ ഭൂതകാലം ഈ സിനിമകള്‍ പറഞ്ഞു. അടിമ ജീവിതം ഒരു ആഗോള അനുഭവമാണ്. ഈ അനുഭവ പരിസരത്തിന്റെ കേരളീയ ചരിത്രമാണ് ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’. വിനില്‍ പോളിന്റെ ഈ ഗ്രന്ഥം അടിമജീവിതത്തിന്റെ കേരളീയ പരിസരങ്ങളുടെ കേവല വിവരണമല്ല. മറിച്ച് കൊളോണിയല്‍ ഭരണതലത്തിലെ രേഖകളും തദ്ദേശീയ രേഖകളും മിഷനറി പ്രസ്ഥാനത്തിന്റെ രേഖകളും ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന സാമൂഹ്യ അനുഭവങ്ങളുടെ വലിയ ശേഖരണവും വാമൊഴി പുരാശേഖരവും ചേര്‍ത്താണ് വിനില്‍ അടിമകേരളത്തിന്റെ ചരിത്രം എഴുതുന്നത്.

മുഖ്യധാര ചരിത്രവിജ്ഞാനം കാലങ്ങളായി സ്പര്‍ശിക്കാത്ത അനേകം മേഖലകളുണ്ട്. സവിശേഷ ശ്രദ്ധ വേണ്ട ഇടങ്ങളില്‍ തൊട്ടെന്ന് വരുത്തി മുന്നോട്ടായാന്‍ വെമ്പുന്ന ചരിത്രപഠനത്തെ ആ ഭൂപ്രതലത്തില്‍ അല്പനേരം നിര്‍ത്തി അദൃശ്യമായതിനെല്ലാം ദൃശ്യത നല്‍കുകയാണ് അടിമകേരളത്തെ സംബന്ധിച്ച ചരിത്രപഠനങ്ങള്‍. ചരിത്രപരമായ ഈ ഒരു ദൗത്യം ആദ്യം ഏറ്റെടുത്തത് പി സനല്‍ മോഹന്റെ ‘Modernity of Slavery: Struggles Against Caste Inequality in Colonial Kerala’ എന്ന ഗ്രന്ഥമാണ്. അങ്ങിങ്ങായി ചിതറിക്കിടന്ന അടിമകേരളത്തിന്റെ രേഖകളെ ചിട്ടയോടെ പഠിക്കുകയും സവിശേഷമായ ഒരു കാഴ്ച്ചയെ ഉത്പാദിപ്പിക്കുകയും ചെയ്തു സനല്‍ മോഹന്‍. ആ പഠനവഴികള്‍ക്ക് വികാസവും തുടര്‍ച്ചയും സംഭവിക്കുകയാണ് വിനില്‍ പോളിന്റെ ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’ എന്ന ഗ്രന്ഥത്തിലൂടെ. അടിമകേരളത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വികാസം സംഭവിക്കാത്ത കാര്യം വിനില്‍ പോള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ”കേരളത്തിൽനിന്നും വേർപെട്ട അടിമകളെ തേടിച്ചെല്ലുന്ന മലയാളികളുടെ ഗവേഷണ എഴുത്തുകളുടെ എണ്ണം ഇന്ത്യയിലെ മറ്റ് ഇടങ്ങളിലെ പഠനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. പ്രത്യേകിച്ച് അടിമത്തം, അടിമക്കച്ചവടം തുടങ്ങിയ സംജ്ഞകൾ കേരള ചരിത്രരചനാ ലോകത്ത് ഒരിക്കലും ചർച്ചാവിഷയമായിരുന്നില്ല. 2015-ൽ ഇറങ്ങിയ സനൽ മോഹന്റെ ‘മോഡേണിറ്റി ഓഫ് സ്ലേവറി’യാകട്ടെ അടിമക്കച്ചവട സൂചനകൾ നൽകുന്നുണ്ടെങ്കിലും, അടിമത്ത നിരോധനാനന്തര അവസ്ഥകളുടെ മിഷനറി ആഖ്യാനങ്ങളിൽനിന്നുള്ള ദലിതരുടെ ചരിത്രത്തിനെ കണ്ടെടുക്കാനാണ് ശ്രമിച്ചത്.”

ഈ പ്രശ്നത്തെ പരിഹരിക്കാനുള്ള ശ്രമം എന്ന നിലയ്ക്കാണ് ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’ പ്രസക്തമാകുന്നത്. ഡയറിക്കുറിപ്പുകളും കത്തുകളും കോടതി രേഖകളും വാണിജ്യ വ്യവഹാര കുറിപ്പുകളും ഉപാദാനസാമഗ്രികളാക്കി സമഗ്രമായ പഠനമാണ് വിനില്‍ പോള്‍ നടത്തുന്നത്. പുതിയ അറിവുകളെ ഉത്പാദിക്കുന്നതിനോടൊപ്പം തന്നെ പ്രസക്തമാണ് അതിന്റെ അവതരണരീതി. അയത്നലളിതമായ ഭാഷയിലാണ് തന്റെ കണ്ടെത്തലുകളെ രചയിതാവ് അവതരിപ്പിക്കുന്നത്. അദൃശ്യമായ ഒരു കാലത്തിന് ദൃശ്യത നല്‍കുക എന്ന ഏറെ ശ്രമകരമായ ദൗത്യമാണിത്. ‘അടിമകേരളം’, ‘മിഷനറി പ്രസ്ഥാനം ‘ എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായി പതിനൊന്ന് ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്.

പി സനല്‍ മോഹന്‍

2018-ൽ നടന്ന കൊച്ചി ബിനാലയിൽ സൗത്ത് ആഫ്രിക്കക്കാരി സുയി വില്യംസൺ അവതരിപ്പിച്ച ഇന്‍സ്റ്റലേഷനെ ആദ്യ അധ്യായത്തില്‍ രചയിതാവ് പരാമര്‍ശിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെയും കൊച്ചിയിലെയും അടിമവ്യാപാരത്തിന്റെ സമാന പരിസരങ്ങളെയാണ് ഈ ഇന്‍സ്റ്റലേഷനിലൂടെ സൂയി അവതരിപ്പിച്ചത്. ചരിത്രത്തില്‍ നിശബ്ദവും അദൃശ്യവുമായ ശരീരങ്ങളെയാണ് സൂയി കണ്ടെടുക്കുന്നത്. അടിമകേരളത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ചര്‍ച്ചയുടെ ആരംഭത്തില്‍ ഈ ഇന്‍സ്റ്റലേഷനെ വിനില്‍ പോള്‍ അവതരിപ്പിക്കുന്നുണ്ട്. അടിമത്വം എന്ന ആഗോള അനുഭവത്തെ മലയാളിക്ക് മുഖാമുഖം ദര്‍ശിക്കേണ്ടി വന്നില്ല എന്ന നിലനില്‍ക്കുന്ന ചരിത്രജ്ഞാന വാദങ്ങളെ വസ്തുനിഷ്ഠമായി ഈ ഗ്രന്ഥം എതിര്‍ക്കുന്നുണ്ട്. അടിമകേരളം എന്ന നാല് ലേഖനങ്ങളടങ്ങിയ ആദ്യ ഭാഗത്തില്‍ കേരളചരിത്രത്തിലെ അടിമ സാന്നിധ്യം പരിശോധിക്കുകയാണ്. അസ്പര്‍ശ്യരായി,അദൃശ്യരായി ചരിത്രത്തിലൂടെ സഞ്ചയിക്കുന്ന മനുഷ്യരുടെ ജീവിത ഇടങ്ങളുടെ സൂക്ഷ്മവിവരണമാണ് ഈ ലേഖനങ്ങളെല്ലാം. ക്രൂരതയുടെയും നരകതുല്യ ജീവിതത്തിന്റെയും നിരവധി പുരാരേഖകളും അനുഭവകഥകളും ഈ അധ്യായങ്ങളില്‍ കടന്നുവരുന്നു. ഉടമസ്ഥന്റെ ജംഗമവസ്തുവായി ചരിത്രത്തിലൊന്നും കാലടയാളങ്ങള്‍ അവശേഷിപ്പിക്കാതെ ജീവിച്ച് മരിച്ച എത്രയോ പേരുടെ ആഖ്യാനങ്ങള്‍ ഈ അധ്യായങ്ങളില്‍ കാണാം. എന്നാല്‍ അതിലുമെത്രയോ മടങ്ങ് വരും ആര്‍ക്കും അന്വേഷിച്ചുവരാന്‍ സാധ്യതയില്ലാത്ത വിധം വഴികള്‍ അടഞ്ഞുപോയ ചില വേദനയുടെയും ക്രൂരതയുടെയും കഥകള്‍. ‘കാടും കടലും കടന്ന കേരളത്തിലെ അടിമകൾ’, ‘അടിമത്തവും ചരിത്രരചനകളും’, ‘കേരളചരിത്രത്തിലുണ്ടോ അടിമകൾ നേരിട്ട ഈ ക്രൂരതകൾ’, ‘അടിമകേരളത്തിന്റെ വിചാരണത്തെളിവുകൾ’ തുടങ്ങിയ അധ്യായങ്ങള്‍ അടിമവ്യാപാരത്തെ സവിശേഷമായി ചര്‍ച്ച ചെയ്യുന്നവയാണ്.

സുയി വില്യംസൺ അവതരിപ്പിച്ച ഇൻസ്റ്റലേഷൻ

കേരളത്തില്‍ അടിമസമ്പ്രദായമില്ലായിരുന്നെന്നും അതൊരു കോളനിയല്‍ ഇറക്കുമതിയാണെന്നുമുള്ള വാദങ്ങളെ അംബേദ്ക്കറിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ പൊളിച്ചുകളയുന്നു. ഹീനതാസങ്കല്പം നിലനിന്നിരുന്ന ഒരിടത്ത് അയിത്തതോടൊപ്പം അടിമവ്യാപാരവും നിലനിന്നിരുന്നു. അസ്പര്‍ശ്യരായ മനുഷ്യര്‍ മനുഷ്യരെന്ന പരിഗണനയ്ക്ക് പോലും അര്‍ഹരായിരുന്നില്ല. തരിസ്സാപ്പള്ളി ശാസനമടക്കമുള്ള കേരളചരിത്രത്തിന്റെ ജാതകകുറിപ്പുകളില്‍ ‘അടിമകാശ’ടക്കമുള്ള പരാമര്‍ശമുണ്ട്. ഈ രേഖകള്‍ നിലനിന്നിരുന്ന അടിമവ്യാപാരത്തിന്റെ സൂചനകള്‍ നല്‍കുന്നതായി വിനില്‍ പോള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും വരവ് ഈ സമ്പ്രദായങ്ങളെ കൂടുതല്‍ വിപുലമാക്കി. വയനാട്ടിലെ വള്ളിയൂര്‍കാവിലൊക്കെ വര്‍ഷങ്ങള്‍ പഴക്കമുള്ള അടിമച്ചന്തകള്‍ നിലനിന്നിരുന്നു. അതുവരെ നിലനിന്ന അടിമസമ്പ്രദായരീതിയുടെ സ്വഭാവം യൂറോപ്യന്‍മാര്‍ വന്നതോടെ മാറിയെങ്കിലും യാതനയുടെ ആഴം കുറഞ്ഞതേയില്ല. കേരളത്തില്‍ നിന്ന് മനുഷ്യര്‍ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റിയയക്കപ്പെട്ടു. കേരളത്തിലേക്ക് ആഫ്രിക്കന്‍ അടിമകളെയും കൊണ്ടുവന്നു. കൊച്ചിയിലെ കാപ്പിരി മുത്തപ്പന്‍ ദുരന്തപൂര്‍ണ്ണമായ ഒരു ആഫ്രിക്കന്‍ അടിമ ജീവിതത്തിന്റെ മിത്തിക്കല്‍ പ്രതിനിധാനമാണ്. ബലി കൊടുക്കലിന്റെയും നിധിപ്പുര സൂക്ഷിക്കലിന്റെയും വില്‍ക്കപ്പെടലിന്റെയും കര്‍ത്തൃത്വരഹിതമായ ചരിത്രമാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. ശരീരത്തിന്റെയും ചിന്തയുടെയും ഉടമസ്ഥാവകാശം സ്വന്തമായില്ലാത്ത വസ്തുസമാനമായ ജീവിതമാണ് അടിമകളാക്കപ്പെട്ട മനുഷ്യര്‍ ജീവിച്ചിരുന്നത്.

”1772-ൽ ജെയിംസ് ഹോബ്സ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥ തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ അഞ്ചുതെങ്ങിൽ നിന്നും എട്ടു വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും വിലയ്ക്കു വാങ്ങിയിരുന്നു. അദ്ദേഹം കുട്ടികളെ ബോംബയിൽ ഉള്ള ഒരു സുഹൃത്തിന് സമ്മാനമായി കൊടുക്കുകയും ചെയ്തു (Forbe 1834 251). ആളുകളെ പ്രത്യേകിച്ചു കുട്ടികളെ വിൽക്കുന്നത് സ്ഥിര കാഴ്ചയായിട്ടാണ് പല ബ്രിട്ടീഷുകാരും രേഖപ്പെടുത്തിയിരിക്കുന്നത്.” എന്ന് വിനില്‍പോള്‍ ഈ വസ്തുസമാനമായ ജീവിതത്തെ രേഖപ്പെടുത്തുന്നുണ്ട്. ഇന്നാലോചിക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്ന ഒരു സന്ദര്‍ഭം സ്വഭാവികമായ കാഴ്ച്ചയെന്നോണമാണ് ബ്രീട്ടിഷ് രേഖകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

മൗറീഷ്യസിലേക്കും ആഫ്രിക്കയിലേക്കും ഫിജിയിലേക്കും നിരന്തരം കേരളത്തില്‍ നിന്ന് മനുഷ്യര്‍ വില്‍ക്കപ്പെട്ടു. അതിക്രൂരമായ ഈ മനുഷ്യവില്പനയുടെ ചരിത്രം സവിശേഷമായി രേഖപ്പെടുത്തുന്നതില്‍ നമ്മുടെ ചരിത്രപഠനങ്ങള്‍ പരാജയപ്പെട്ടു എന്നുതന്നെ പറയാം. ഡച്ചുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും അടിമ സങ്കേതമായിരുന്ന കൊച്ചിയും മലയോരപ്രദേശങ്ങളും മനുഷ്യ വില്പനകേന്ദ്രങ്ങളായി. 1658 മുതൽ 1807 വരെ കേരളത്തിൽനിന്നും അടിമകളെ കേപ് ടൗണിലേക്ക് വിറ്റിരുന്നു. മലബാർ, കൊച്ചി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള അടിമകൾ കേപ് ടൗണിൽ ഉണ്ടായിരുന്നെന്ന് പ്രശസ്ത ചരിത്രകാരനായ നിഗെൽ വാർഡിന്റെ പഠനം സൂചിപ്പിക്കുന്നു (Worden 2016: 406). “ആഫ്രിക്കൻ അടിമകളെ ആകട്ടെ കാർഷിക മേഖലയിൽ പണിയെടുക്കുന്നതിന് ഉപയോഗിക്കാറില്ലായിരുന്നു. അവരെ കൂടുതലും ഖനികളിലെ തൊഴിലുകൾക്കായാണ് ഉപയോഗിച്ചിരുന്നത്. കേപ് ടൗണിൽ വീട്ടുപരിചരണത്തിനായി കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത് മലബാറിൽ നിന്നും ഉള്ള അടിമകളായിരുന്നു. ഡച്ച് ഉദ്യോഗസ്ഥർ കേപ്പിൽനിന്നും സ്ഥലം മാറി പോകുമ്പോൾ വീട്ടുസാധനങ്ങളും കുതിരവണ്ടിയും അലമാരയും ഇന്ന സ്ഥലത്തുനിന്നുള്ള അടിമയും വില്പനയ്ക്ക് അല്ലെങ്കിൽ ഇത്രാം തീയതി ഇന്ന സമയത്ത് ലേലം വിളിക്കുന്നതായിരിക്കും എന്ന് അവരുടെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഗവൺമെന്റ് ഗസറ്റിൽ പരസ്യം ചെയ്യുമായിരുന്നു.” എന്ന് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.

വിനിൽ പോൾ

അടിമകച്ചവടവും അടിമകളുടെ ഒളിച്ചോട്ടവും പിടിക്കപ്പെടുന്നവര്‍ അനുഭവിച്ച ക്രൂരമായ ശിക്ഷകളും വിനില്‍ പോള്‍ വിശദമാക്കുന്നു. കോളോണിയലിസത്തിന്റെ അടിമത്ത നിരോധന വിളംബരം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയും പല സംഭവങ്ങളുടെയും രേഖപ്പെടുത്തല്‍ നടത്തുകയും ചെയ്തു. ബ്രീട്ടീഷ് ചരിത്രമെഴുത്തുകള്‍ കേരളത്തിലേതടക്കമുള്ള ഇന്ത്യയിലെ പ്രദേശങ്ങളിലെ അടിമവ്യവസ്ഥിതിയെ വിശദമായി രേഖപ്പെടുത്തുന്നുണ്ട്. സഹജവും സ്വഭാവികവും എന്നു വിചാരിച്ച പല ദുരാചരങ്ങളെയും മിഷണിമാര്‍ എടുത്തുകാട്ടി. അടിമത്ത നിരോധന നിയമം കൊണ്ടുവരുന്നതില്‍ ഈ മിഷനറി രേഖകള്‍ പ്രധാന പങ്ക് വഹിച്ചതായി കാണാം. ഗ്രന്ഥകാരന്റെയും പ്രധാന ഉപാദാനസാമഗ്രികളിലൊന്ന് മിഷനറി എഴുത്തുകളാണ്. എന്നാല്‍ അതും പര്യാപ്തമല്ല ശരിയായ ഒരു തെളിയിച്ചെടുക്കല്‍ നടത്താന്‍. ”പലതലങ്ങളിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്ന ദലിത്/കീഴാള ഭൂതകാലത്തെ അടർത്തിയെടുക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലുകളും ആശയവിനിമയങ്ങളും സംഘർഷങ്ങളും വൈരുദ്ധ്യവുമെല്ലാം ഭൂതകാല സ്രോതസ്സുകളിൽ വളരെ വ്യക്തമായി തെളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ചില പക്ഷം ചേരൽ ദലിത് ചരിത്രത്തിന്റെ വികസനത്തിന് തടയായി മാറുന്നു. അതായത് സാമൂഹിക അധികാരബന്ധങ്ങളെ കേവലം ഏതെങ്കിലുമൊരു സവിശേഷതയിലേക്കു മാത്രമായി ചുരുക്കുന്ന ചരിത്രമെഴുത്ത് നിലപാടുകൾ തികച്ചും വികലമായി മാറുമെന്നതിനു സംശയമില്ല.” എന്ന് വിനില്‍ പോള്‍ വ്യക്തമാക്കുന്നുമുണ്ട്.

അടിമകേരളത്തോടൊപ്പം തന്നെ മിഷനറി പ്രസ്ഥാനം എന്ന രണ്ടാം ഭാഗത്തില്‍ മിഷനറി പ്രസ്ഥാനവും കേരളത്തിലെ ദലിതരുടെ ജീവിതവുമാണ് ചര്‍ച്ച ചെയ്യുന്നത്. നായാടി ക്രിസ്താനികളുടെയും മലയരയരുടെയും കറുത്ത പ്രവാചകരുടെയും ചരിത്രാഖ്യാനങ്ങളാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ബാസല്‍ മിഷന്‍ പ്രസ്ഥാനവും ദലിത് ക്രൈസ്തവരുടെ ജീവിതാവസ്ഥയുടെ പരിണാമവും ഇവിടെ ചര്‍ച്ചയാവുന്നു. വാമൊഴി കഥകളിലൂടെയും സര്‍ക്കാര്‍ രേഖകളിലൂടെയും മതസ്ഥാപന കുറിപ്പുകളിലൂടെയും വികസിക്കുന്ന ചരിത്രാഖ്യാനമാണ് വിനില്‍ പോള്‍ നിര്‍വഹിക്കുന്നത്. കോടതി വ്യവഹാരരേഖകളെയും മിഷനറി എഴുത്തുകളെയും തന്റെ വാദങ്ങളെ ബലപ്പെടുത്താന്‍ വിനില്‍ പോള്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ഈ ചരിത്രരീതിശാസ്ത്രത്തോട് യോജിപ്പ് പുലര്‍ത്താനും സാധിക്കില്ല. മാര്‍ക്സിയന്‍ ചരിത്ര രീതിശാസ്ത്രങ്ങളെ പൂര്‍ണ്ണമായും നിരാകരിച്ച് ഒരു ഭൂതകാലാന്വേഷണം നിലവില്‍ സാധ്യമാകുമോ എന്ന സംശയം ബാക്കിയാവുന്നുണ്ട്. അപ്പോഴും ചരിത്രാഖ്യാനത്തെ ആകാംക്ഷ ജനിപ്പിക്കുന്ന വായനാ പ്രവൃത്തിയായി മാറ്റാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. അതിനപ്പുറം ഉള്‍ക്കാമ്പില്‍ തൊടുന്ന വേദനയുറയുന്ന ചരിത്രസത്യങ്ങളുടെ സഞ്ചയമാണ് ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’.

അടിമകേരളത്തിന്റെ അദൃശ്യചരിത്രം
(മലയാളം)
പ്രസാധകർ: ഡി.സി ബുക്സ്, വിഭാ​ഗം: ചരിത്രം‌, പേജ്: 248, വില: 270

(പി കൃഷ്​ണദാസ്, ഗവേഷകൻ, കേരള സർവ്വകലാശാല)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read