വൈറ്റ് ടോർച്ചർ: തടവറകൾക്കെതിരെ നർ​ഗീസ് മുഹമ്മദി

ജയിലറയ്ക്കുള്ളിൽ തുടരുന്ന അവകാശ പോരാട്ടങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് 2023ലെ സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത്. സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയും, വധശിക്ഷക്കെതിരെയും, തടവറകളിലെ നിർദയമായ ചൂഷണങ്ങൾക്കെതിരെയും ജീവിത സമരം തുടരുന്ന ഇറാനിയൻ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ നർഗീസ് മുഹമ്മദി എന്ന അമ്പത്തൊന്നുകാരിയെ തേടി പുരസ്കാരം എത്തിയിരിക്കുന്നതും ജയിലിലേക്കാണ്. ഇറാനിയൻ സർക്കാർ വിവിധ കേസുകളിലായി 31 വർഷത്തെ തടവിന് ശിക്ഷിച്ച നർഗീസ് മുഹമ്മദി 2021 മുതൽ വിചാരണ കൂടാതെ ജയിലിൽ തുടരുകയാണ്. പൊതു ഇടങ്ങളിൽ ഹിജാബ് ധരിക്കാതിരിക്കാൻ സ്ത്രീകൾക്ക് അവകാശമില്ലാത്തതിന്റെ പേരിൽ നിരവധി സമരങ്ങൾ ഇറാനിൽ നടക്കുന്ന കാലത്താണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു ഇറാൻ വനിതയ്ക്ക് നൊബേൽ പുരസ്കാരം ലഭിക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന്‌ ആരോപിച്ച്‌ ഇറാനിൽ മതകാര്യ പൊലീസ്‌ കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന കുർദിഷ്‌ യുവതിയുടെ മരണത്തെ തുടർന്നുണ്ടായ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഈ നൊബേൽ അവാർഡ് ഏറെ പ്രാധാന്യമർഹിക്കുന്നു.

നർഗീസ് മുഹമ്മദി. കടപ്പാട്:iranhumanrights.org

ഖാസ്വിൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ നർഗീസ് മുഹമ്മദി വിദ്യാഭ്യാസ കാലത്ത് തന്നെ അവകാശ സമരങ്ങളിൽ പങ്കുചേർന്നു. വിദ്യാർഥികൾ തയ്യാറാക്കുന്ന പത്രത്തിൽ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ലേഖനങ്ങൾ എഴുതിയ അവർ, ‘പ്രബുദ്ധ വിദ്യാർത്ഥി സംഘം’ (Tashakkol Daaneshjuyi Roshangaraan) എന്ന സംഘടനയുടെ മീറ്റിംഗിൽ വച്ചാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. പഠനത്തിന് ശേഷം മുഹമ്മദി പരിഷകരണത്തിന് വേണ്ടി വാദിക്കുന്ന പത്രങ്ങളിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്തു. 2003-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്റർ എന്ന സംഘടനയിൽ നർഗീസ് മുഹമ്മദി ചേർന്ന് പ്രവർത്തിച്ചു. വധ ശിക്ഷക്കെതിരെയുള്ള ക്യാമ്പയിനുകളിലും അവർ സജീവമായി പങ്കുചേർന്നു.

1999-ൽ പരിഷ്കരണ അനുകൂല മാധ്യമ പ്രവർത്തകയായ ടാഗി റഹ്മാനിയെ നർഗീസ് വിവാഹം കഴിച്ചു. എന്നാൽ അവരുടെ വിവാഹം കഴിഞ്ഞയുടനെ ടാഗി നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന് 14 വർഷം തടവിൽ കഴിയേണ്ടിവന്നു. 2007 ൽ ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു. 2012-ൽ ജയിലിൽ നിന്നും താത്കാലികമായി മോചിതനായ ടാഗി, തനിക്കെതിരെ കൂടുതൽ കേസുകൾ സർക്കാർ ചുമത്തുന്നത് മനസിലാക്കി ഫ്രാൻസിലേക്ക് പലായനം ചെയ്തു. തന്റെ ഭർത്താവും കുട്ടികളും ഫ്രാൻസിലായിരിക്കെ തന്നെ തന്റെ രാജ്യത്ത് തുടരാനും, അവകാശ സമരങ്ങളിൽ നിലയുറപ്പിക്കാനുമുള്ള ധീരമായ തീരുമാനമാണ് നർഗീസ് മുഹമ്മദി അപ്പോഴുമെടുത്ത്.

വൈറ്റ് ടോർച്ചർ, കവർ

സ്ത്രീ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയും, വധശിക്ഷക്കെതിരെയും ശബ്ദമുയർത്തിയ നർഗീസ് മുഹമ്മദിയെ സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രചാരണങ്ങളിലേർപ്പെട്ടു എന്ന പേരിലാണ് ഇറാൻ സർക്കാർ വേട്ടയാടാൻ തുടങ്ങുന്ന‌ത്. ഇവർ പലപ്പോഴായി 13 തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2009ൽ ഇവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടിയതോടെയാണ് ശിക്ഷാ നടപടികൾ ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററുമായുള്ള പ്രവർത്തനം ആരോപിച് നർഗീസ് മുഹമ്മദിയെ വാറന്റില്ലാതെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും, തടവിലാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 2012 ഏപ്രിൽ മുതൽ നർഗീസ് പല ഘട്ടങ്ങളിലായി ജയിൽ വാസം അനുഭവിച്ചു. ജയിലിനുള്ളിലും നർഗീസ് മുഹമ്മദി തന്റെ അവകാശ പോരാട്ടങ്ങൾ തുടർന്നു. ഇറാനിലെ എവിൻ ജയിലിൽ പുരുഷന്മാർക്ക് മാത്രമേ തങ്ങളുടെ വീടുകളിലേക്ക് ഫോൺ വഴി സംസാരിക്കാൻ അവകാശം ഉണ്ടായിരുന്നുള്ളു. എന്നാൽ സ്ത്രീകൾക്കും ഈ അവകാശം വേണമെന്ന് നർഗീസ് മുഹമ്മദി ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന അമ്മമാരെ പിന്തുണയ്ക്കാൻ പ്രത്യേക പ്രചാരണത്തിന് അവർ ആഹ്വാനം ചെയ്തു. ഈ പ്രചാരണം ലോകമെമ്പാടുമുള്ള ഇറാനികളുടെ ശ്രദ്ധ ആകർഷിച്ചതിനാൽ സർക്കാരിന് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നു. ഈ പോരാട്ടത്തെക്കുറിച്ച് ഷിറിൻ എബാദി, നർഗീസ് മുഹമ്മദി എഴുതിയ ‘വൈറ്റ് ടോർച്ചർ’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്; “നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, തടവിലാക്കിയിരിക്കുന്ന ചങ്ങലകൾക്കിടയിലും അവൾ ഒരു സിംഹിയെപ്പോലെ അലറുന്നു. അതുകൊണ്ടാണ് ഭരണകൂടം അവളെ തകർക്കാൻ ശ്രമിക്കുന്നത്.”

2021 മാർച്ചിൽ ഏകാന്ത തടവിനെതിരെ നർഗീസ് മുഹമ്മദി ജയിലിൽ നിന്നും ഒരു പ്രചാരണത്തിന് ആഹ്വാനം നൽകി. 2021 ഏപ്രിൽ 21-ന് ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്റർ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, എവിൻ, രാജായി ഷഹർ എന്നീ ജയിലുകളിൽ കഴിയുന്ന 17 തടവുകാർ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഏകാന്ത തടവിൽ പ്രതിഷേധിച്ച് സർക്കാരിന് നിവേദനം നൽകി. ഏകാന്ത തടവിന്റെ ഭീകരത അനുഭവിച്ച 23 മുൻ രാഷ്ട്രീയ തടവുകാരെക്കുറിച്ചും ഈ റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. ഇവരും ടെഹ്‌റാനിലെ നീതിന്യായ മന്ത്രാലയത്തിന്റെ ഓഫീസിൽ ഏകാന്ത തടവിനെതിരെ പരാതി നൽകി. നർ​ഗീസ് മുഹമ്മദിയുടെ നേതൃത്വത്തിലുള്ള ‘ഏകാന്ത തടവിനെതിരെയുള്ള ഐക്യം’ എന്ന ക്യാമ്പയിനിന്റെ അനന്തരഫലമായി ഇതുവരെ 40 പരാതികൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഷിറിൻ എബാദി

ജയിലിൽ കഴിയുന്നതിനിടയിൽ 12 തടവുകാരികളുമായി സംസാരിച്ച് ജയിലുകളിലെ ഭീകരതകളെക്കുറിച്ച് നർ​ഗീസ് മുഹമ്മദി എഴുതിയ പുസ്തകമാണ് ‘വൈറ്റ് ടോർച്ചർ: ഇന്റർവ്യൂസ് വിത്ത് ഇറാനിയൻ വിമെൻ പ്രിസണേഴ്സ്’.
ഇറാനിൽ നിലവിലുള്ള ഏകാന്ത തടവിന്റെ യാതനകളെക്കുറിച്ച് ‘വൈറ്റ് ടോർച്ചർ’ എന്ന പുസ്തകത്തിൽ അവർ വിശദമായി പരാമർശിക്കുന്നുണ്ട്. എല്ലാ ഇന്ദ്രിയാനുഭവങ്ങളെയും നിഷേധിക്കുന്ന തരത്തിലാണ് ഈ ജയിൽ ശിക്ഷ. ജയിലിന്റെ പ്രത്യേക നിർമ്മിതിയിലൂടെയും, ജീവനക്കാരുടെയും ചോദ്യം ചെയ്യുന്നവരുടെയും പെരുമാറ്റത്തിലൂടെയുമാണ് ‘വൈറ്റ് ടോർച്ചർ’ എന്ന പീഡനരീതി ക്രമീകരിച്ചിരിക്കുന്നത്. രാത്രിയും പകലും തിരിച്ചറിയാനാകാത്ത വിധം സെല്ലിലെ പ്രകാശം ക്രമീകരിക്കുന്നതിലൂടെ തടവിൽ കഴിയുന്നവരുടെ ഉറക്ക ക്രമങ്ങളെ തെറ്റിക്കുന്നു. തടവുകാരെ സെല്ലിൽ നിന്നും പുറത്തേക്കു കൊണ്ടുപോകുമ്പോൾ കണ്ണുകൾ കെട്ടിയിരിക്കും. സെല്ലിൽ എപ്പോഴും തൊട്ടടുത്തുള്ള വൃത്തികെട്ട ടോയ്‌ലെറ്റിലെ മണമായിരിക്കും. ഇത് തടവുകാരന്റെ ഘ്രാണശക്തിയെ ഇല്ലാതാക്കുന്നു. ഏകാന്ത തടവറയിലുള്ള സമയത്ത് സ്പർശനമില്ലാത്തതും, ചോദ്യം ചെയ്യൽ സമയത്ത് പെട്ടെന്ന് സ്പർശിക്കുന്നതും തടവുകാരെ തളർത്തുന്നു. തടവുകാർക്ക് നൽകുന്ന ഭക്ഷണം രുചിയില്ലാത്തതും, മാറ്റമില്ലാത്തതുമാണ്. ഈ പീഡനം ശാരീരികവും, മാനസികവുമായ ആഘാതങ്ങളുണ്ടാക്കുമെന്നും നാഡികൾ, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

നർഗീസ് മുഹമ്മദി മക്കൾക്കൊപ്പം, ഫയൽ ചിത്രം. കടപ്പാട്:twitter

ഇറാനിയൻ സമൂഹത്തിൽ സ്ത്രീകൾ കുട്ടികളുടെ പ്രഥമ പരിപാലകരായി പരിഗണിക്കപ്പെടുന്നു. ഈ അവസ്ഥയെ ചൂഷണം ചെയ്തുകൊണ്ടാണ് സ്ത്രീ തടവുകാരെ ജയിൽ അന്വേഷണ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നത്. തങ്ങളുടെ തെറ്റായ വിശ്വാസങ്ങളിലൂടെ സ്വന്തം കുട്ടികൾക്ക് ദോഷം വരുത്തുകയും, അവരെ പരിപാലിക്കാതിരിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥർ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്നു. കുട്ടികളെ പരിചരിക്കുക എന്ന ഉത്തരവാദിത്വം സാമൂഹികമായി സ്ത്രീയുടെ ഉത്തരവാദിത്വമായി പരിഗണിക്കപ്പെടുന്നതിനാൽ ഇത്തരം ചോദ്യങ്ങളിലൂടെ അവരുടെ മനസ്സിൽ വീണ്ടും മുറിവുകളുണ്ടാക്കുക എന്നതാണ് ഉദ്ദേശം. ഈ അന്വേഷണ ഉദ്യോഗസ്ഥർ നർഗീസ് മുഹമ്മദിയെ അവരുടെ കുട്ടികളുടെ മോശം അവസ്ഥക്ക് കരണക്കാരിയാണെന്നു കുറ്റപ്പെടുത്തുമായിരുന്നു. ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്റർ എന്ന സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനം അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യം നിഷേധിച്ചതോടെ തന്റെ കുട്ടികളെ ഫോണിലൂടെ ബന്ധപ്പെടാനുള്ള അവകാശവും നർഗീസ് മുഹമ്മദിക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ‘വൈറ്റ് ടോർച്ചർ’ എന്ന പുസ്തകത്തിൽ അവർ ഇങ്ങനെ എഴുതുന്നു; “2001 ൽ ഞാൻ അനുഭവിച്ച ഏകാന്ത തടവും, ഇപ്പോൾ (2011)ൽ അനുഭവിക്കുന്ന ഏകാന്ത തടവും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ഞാൻ ഇപ്പോൾ ഒരു അമ്മയാണ്. എന്റെ കുട്ടികൾ വളരെ ചെറുപ്പമാണ്. ഞാൻ അവർക്ക് ഭക്ഷണം നൽകി, അവരെ ഉറക്കി, അവരെ സ്വാന്തനപ്പെടുത്തി, കുളിപ്പിച്ചു, അവർക്കായി കഥകൾ പറഞ്ഞു, അവരോടൊപ്പം കളിക്കുകയും ചെയ്തു. ഇപ്പോൾ പെട്ടെന്ന് അതെല്ലാം എന്നിൽ നിന്ന് എടുത്തുമാറ്റിയിരിക്കുന്നു. ഇതെന്നെ ഞാൻ അല്ലാതാക്കി മാറ്റിയിരിക്കുന്നു. ഇതിന് മുമ്പ് അലിയെയും കിയാനയെയും എന്റെ കൈകളിൽ നിന്ന് നീക്കം ചെയ്യുന്നത് എനിക്ക് സങ്കൽപ്പിക്കാനും സഹിക്കാനും കഴിയുമായിരുന്നോ? എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ, എന്റെ കൈകളും, പാദങ്ങളും പോലും നഷ്ടപ്പെട്ടതുപോലെയാണ്.” തടവിൽ കഴിയുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കും അവർ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങൾക്കുമെതിരെ അവർ എന്നും സ്വരമുയർത്തി.

2022 ൽ ആരോഗ്യപരമായ കാരണങ്ങളാൽ ജയിലിൽ നിന്നും താത്ക്കാലികമായി പുറത്തുവന്നപ്പോഴും അവർ നിശ്ശബ്ദയായിരിക്കാൻ തയ്യാറായില്ല. തന്റെ പോരാട്ടങ്ങൾ തുടരുമെന്ന് അവർ ഊന്നി പറയുന്നു; “ഏകാന്ത തടവിനെതിരെയുള്ള എന്റെ പോരാട്ടം തുടരുന്നതിൽ നിന്നും എന്നെ തടയാൻ ഒരു ശിക്ഷക്കുമാകില്ല. ക്വിർച്ചക് ജയിലിൽ വച്ച് എനിക്ക് സംഭവിച്ച ഹൃദയാഘാതവും, തുടർന്ന് ചെയ്യേണ്ടി വന്ന ഹൃദയശസ്ത്രക്രിയയും കാരണം എന്റെ ആരോഗ്യം മോശമായതിനാൽ എന്നെ താൽക്കാലികമായി മോചിപ്പിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഞാൻ ഒരിക്കൽക്കൂടി ആവർത്തിച്ചു പറയുന്നു ഏകാന്ത തടവെന്നത് ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ശിക്ഷയാണ്. ഈ ശിക്ഷ നിരോധിക്കുന്നത് വരെയും ഞാൻ എന്റെ പോരാട്ടം തുടരും. അവരെന്നെ വീണ്ടും ജയിൽ അഴിക്കുള്ളിലാക്കിയേക്കാം. എന്നാൽ എന്റെ രാജ്യത്ത് മനുഷ്യാവകാശങ്ങളും, നീതിയും പുലരുവോളം ഞാൻ പ്രചാരണം തുടരും.” നീതിക്കും മനുഷ്യാവകാശ പോരാട്ടങ്ങൾക്കും വേണ്ടി സമരം നയിക്കുന്നവർ ലോകമെമ്പാടും തടവിലാക്കപ്പെടുന്ന സമകാലീന സാഹചര്യത്തിൽ നർഗീസ് മുഹമ്മദിയുടെ പോരാട്ടങ്ങൾക്കും, അവർക്കുള്ള നൊബേൽ സമ്മാനങ്ങൾക്കും ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എഴുത്തുകാരും മാധ്യമപ്രവർത്തകരും, ആക്ടിവിസ്റ്റുകളും, രാഷ്ട്രീയ പ്രവർത്തകരും ദിനംപ്രതി അറസ്റ്റിലാകുന്ന ഇന്ത്യൻ സാഹചര്യത്തിൽ നർഗീസിന്റെ വാക്കുകൾ തെളിച്ചമേകുന്നുണ്ട്. സാമൂഹികപ്രവർത്തകനായ സ്റ്റാൻ സ്വാമി ഇന്ത്യയിലെ ജയിലിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട് മരണം വരിച്ചിരുന്നു. ജയിലിലായിരിക്കുമ്പോൾ അദ്ദേഹമെഴുതിയ വരികൾ ഇപ്രകാരമാണ്;
“പോരാടും ഞങ്ങളെന്നാൽ
ഒടുങ്ങും വരേയ്ക്കും
സ്വയം സംരക്ഷിക്കാൻ
വേണ്ടി മാത്രമല്ല
അധികാരത്തോട് സത്യം പറയാൻ
ഓരോ നിമിഷവും എണ്ണിക്കൊണ്ട്.”
സത്യം പറഞ്ഞതിന്റെ പേരിൽ, അധികാരം അടിച്ചേൽപ്പിക്കുന്ന അസ്വാതന്ത്ര്യങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിൽ, നർഗീസ് മുഹമ്മദി ജയിലിൽ തുടരുകയാണ്. അന്താരഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾ ഹനിക്കുന്ന, നീതിക്കായി ശബ്ദിക്കുന്നവരെ തടവറകളിൽ അടയ്ക്കുന്ന എല്ലാ ഭരണകൂടങ്ങളോടുമുള്ള ചോദ്യമായി മാറുന്നു അവരുടെ സമരം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read