ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മുൻ നാഷണൽ ടീം ഗോൾകീപ്പർ വിക്ടർ മഞ്ഞില ഫുട്ബോൾ ഇതിഹാസം പെലെയുടെ ഓർമ്മകൾ കേരളീയവുമായി പങ്കുവെക്കുന്നു.
ലോക ഫുട്ബോളിന്റെ തീരാനഷ്ടം
സ്വതസിദ്ധമായ പ്രതിഭ പ്രാഗത്ഭ്യം കൊണ്ടും, കളിക്കളത്തിലെ അസാമാന്യമായ പ്രകടനങ്ങളാലും ലോക ഫുട്ബോളിൽ ആർക്കും മറികടനക്കാവത തന്റേതായ ഇരിപ്പിടം സൃഷ്ടിച്ച ഫുട്ബോൾ ഇതിഹാസം എഡ്സൺ ആരാന്റസ് ഡോ സിമെന്റോ എന്ന പെലെ എൺപത്തി രണ്ടാം വയസിൽ ഓർമ്മയാകുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് മാത്രമല്ല ലോക ജനതക്ക് കൂടി തീരാനഷ്ടമാണത്. ബ്രസീലിലെ സാവോ പോളോ ആശുപത്രിയിലെ അദ്ദേഹത്തിന്റെ അന്ത്യനിശ്വാസങ്ങളെ ലോകം അടയാളപ്പെടുത്തുന്നത് പകരക്കാരനില്ലാത്ത കാൽപന്തുകളിയുടെ അനശ്വര പ്രതിഭയായാണ്.
വേരുറച്ചു പോയ പെലെയെന്ന രണ്ടക്ഷരം
ഞാൻ കാണാൻ തുടങ്ങിയ തൃശൂർ പൂരത്തോളം പഴക്കമുള്ളതാണ് എനിക്ക് പെലെയോടുള്ള ആരാധന. ഫുട്ബോൾ പ്രേമം അതിരുകവിഞ്ഞ് ഒഴുകാൻ തുടങ്ങിയ കാലഘട്ടത്തിലാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ലോകകപ്പ് മത്സരത്തിന്റെ പ്രദർശനത്തെ കുറിച്ചറിയുന്നതും കാണാനായി ചെല്ലുന്നതും. ഫിലിം ഡിവിഷൻ ഓഫ് ഇന്ത്യ എക്സിബിഷൻ ഗ്രൗണ്ടിലൊരുക്കിയ വീഡിയോ പ്രദർശനം പിന്നീടുള്ള എന്റെ ഫുട്ബാൾ ജീവിതത്തെ പോലും സ്വാധീനിക്കാൻ തക്ക കെല്പുള്ളതായിരുന്നു. ഫുട്ബാളിന്റെ ചന്തം അത്രയ്ക്കും കളിയിലൊളിപ്പിച്ച് പന്തിന് പിന്നാലെ പായുന്ന പെലെയുടെ കേളിശൈലിയും പന്തടക്കവും, സ്ക്രീനിൽ അതുകണ്ടുനിന്ന അത്രയും ജനങ്ങളുടെ ഹൃദയ സപന്ദനം തനിക്കുവേണ്ടി ആക്കാൻ പോന്നതായിരുന്നു. വായുവിൽ ഉയർന്ന് പൊന്തുന്ന പന്തിനെ അതിവിദഗ്‌ദമായി എതിരാളികളുടെ ഗോൾവലയെ ലക്ഷ്യമാക്കി പായിക്കുന്നത് ശ്വാസമടക്കിപിടിച്ചാണ് കണ്ടത്.1977 ൽ അദ്ദേഹം കാൽപന്ത് കളിയോട് വിടപറയും വരെയും ശ്വാസമടക്കിപിടിച്ചല്ലാതെ അദ്ദേഹത്തിന്റെ കളി കാണാൻ കഴിഞ്ഞിട്ടില്ല.
പെലെ എന്ന രണ്ടക്ഷരം ഹൃദയത്തിൽ വേരൂന്നിയത് അന്ന് മുതലാണ്. അദ്ദേഹത്തോടുള്ള ആരാധന ക്രമേണ എന്നെ ബ്രസീൽ എന്ന ടീമിനോടും അടുപ്പിച്ചു. കഴിഞ്ഞ ലോകകപ്പിൽ എനിക്കേറ്റവും പ്രിയപ്പെട്ട ടീമിനെക്കുറിച് തിരക്കിയവരോട് രണ്ടാമതൊന്നാലോചിക്കാതെ ബ്രസീൽ എന്ന് പറയാൻ എന്നെ പ്രേരിപ്പിക്കുന്നത് പെലെയാണ്. തൃശൂർ പൂരപ്പറമ്പിൽ പ്രദർശിപ്പിച്ച ആ കളി ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
പെലെയുടെ രണ്ട് ഇന്ത്യ സന്ദർശനങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽ ഫുട്ബാൾ ആരാധകരുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഫുട്ബാളിന്റെ മൈതാനത്ത് ഇന്ത്യ ഒരു ചാലകശക്തി അല്ലാഞ്ഞിട്ടു കൂടി ലോകകപ്പടക്കമുള്ള കളികളുടെ അവശത്തോടെയുള്ള വിളികളെ നിരാശപ്പെടുത്താൻ കഴിയാത്ത വണ്ണം ഫുട്ബോൾ പ്രേമം ഇവിടെ അലിഞ്ഞുചേർന്നിട്ടുണ്ട്. ഫുട്ബാളിന്റെ കുലപതി ഇന്ത്യൻ മണ്ണിലെത്തിയത് ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് മറക്കാൻ കഴിയാത്തൊരനുഭൂതിയാണ്. 1977 ലാണ് പെലെ ആദ്യമായി ഇന്ത്യൻ ഫുട്ബോളിൻ്റെ മക്ക എന്നറിയപ്പെടുന്ന കൊൽക്കത്തിയിൽ കളിക്കാനെത്തുന്നത്. പെലെ പ്രതിനിധീകരിച്ചെത്തിയ വടക്കേ അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ന്യൂയോർക്ക് കോസ്മോക്കിന്റെ എതിരാളി അന്ന് ഇന്ത്യൻ ഫുട്ബോളിന്റെ മുഖങ്ങളിൽ ഒന്നായിരുന്ന മോഹൻ ബാഗാനായിരുന്നു. ഞാൻ ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പറായിരുന്ന കാലം കൂടിയായിരുന്നു അത്. സൗത്ത് കൊറിയയിൽ വച്ച നടന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായതുകൊണ്ട് നേരിട്ട് കളി കാണാൻ എനിക്കവസരം ലഭിച്ചിരുന്നില്ല. മടക്കയാത്രയിൽ ഹോങ്കോങ്ങിൽ വച് ടെലിവിഷനിലൂടെയാണ് ഞാൻ കളി കാണുന്നത്. 2 – 2 എന്ന സമനിലയിൽ എത്തിയ കളിയുടെ അവസാനത്തിൽ ഇന്ത്യക്ക് വേണ്ടി ഗോൾ അടിച്ച മുഹമ്മദ് ഹബീബ് എന്ന കളിക്കാരനെ അദ്ദേഹം പ്രശംസിച്ച് ചേർത്തുപിടിച്ചത് ഏതൊരു ഇന്ത്യക്കാരനും മറക്കാനാവാത്ത അനുഭൂതികളിൽ ഒന്നായിരുന്നു. പിന്നീട് നീണ്ട 38 വർഷങ്ങൾ ഇന്ത്യ കാത്തിരുന്നു, പന്ത് കൊണ്ട് മന്ത്രികം ചെയുന്ന മായാജാലക്കാരനുവേണ്ടി. 2015 ൽ ഐ എസ് എൽ കാണാനെത്തിയപ്പോഴും കൊൽക്കത്ത പെലെയെ ഊഷ്മളമായി സ്വാഗതം ചെയ്തു.
മാനുഷിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കളിക്കാരൻ
ബ്രസീൽ ടീം പലപ്പോഴും വിജയത്തിന്റെ മധുരം നുകർന്നത് തന്ത്രപരമായ ടീമിന്റെ കൂട്ടുകെട്ടിലൂടെ ആണ്. ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ പെലെയും . സഹകളിക്കാർക്ക് ഗോൾ അടിക്കാൻ അവസരം ഒരുക്കിക്കൊടുത്ത പെലെ പലപ്പോഴും നിർണ്ണായക ഘടകമായി മാറിയിട്ടുണ്ട്. കളിക്കകത്തതും പുറത്തും ഒരു പോലെ മൂല്യങ്ങൾ മുറുകെ പിടിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. പ്രശാസ്ത ഫുട്ബോൾ താരം ഡീഗോ മറഡോണ തന്റെ ഫുട്ബോൾ ജീവിതത്തിന് ശേഷം നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. എന്നാൽ പെലെ ഇതിൽ നിന്ന് വ്യത്യസ്തനായിരുന്നു. റോൾ മോഡൽ എന്ന നിലയിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതം അനുകരിക്കാൻ ഉതകുന്നതാണ്. തന്റെ മൂല്യങ്ങളിലൂന്നിയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. “ഒരു ഫുട്ബാൾ താരമെന്ന നിലയിൽ നിങ്ങൾ ഉദ്ദേശിച്ച നിലയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും നിങ്ങൾ നിരാശരാകരുത്. രാജ്യത്തെ ഏറ്റവും മികച്ച പൗരനായി മാറാൻ കഴിഞ്ഞതിൽ നിങ്ങൾക്ക് അഭിമാനിക്കാം.” പ്ലേ ഫുട്ബോൾ വിത്ത് പെലെ എന്ന തന്റെ പുസ്തകത്തിൽ പെലെ കുറിച്ച ഈ വാക്കുകൾ ഇപ്പോഴും എന്നെ പിന്തുടരുന്നുണ്ട്.
പെലെ ബാക്കി വച്ച ജീവിത സന്ദേശം
ലോകത്തിനെ ബ്രസീലിന് മുന്നിൽ പരിചയപെടുത്തിയത് കാൽപ്പന്ത് കളിയാണ്. അതിന് അമാരക്കാരനായതാകട്ടെ പെലെയും. കളിക്കകത്തും പുറത്തും അദ്ദേഹം പുലർത്തിയ മികവ് തന്നെയാണ് അദ്ദേഹം നൽകുന്ന സന്ദേശം. കഠിനപ്രയത്നത്തിന്റെയും മാനവികതയുടെയും പ്രതിരൂപമായ ഫുട്ബോളിന്റെ ദൈവം ഇനിയും ജനമനസ്സുകളിൽ ജീവിക്കും.
വിക്ടർ മഞ്ഞില:
1973 മുതൽ 1976 വരെയും 1979 ലും സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന്റെ ഗോൾകീപ്പറായി ബൂട്ടണിഞ്ഞു. 1975-ലെ സന്തോഷ് ട്രോഫി മത്സരത്തിൽ കേരള ടീമിന്റെ ക്യാപറ്റനായിരുന്നു. 1976-ൽ സൗത്ത് കൊറിയയിൽ നടന്ന പ്രസിഡന്റ് കപ്പിന് വേണ്ടിയും 1977-ൽ ബാങ്കോംഗിൽ നടന്ന കിംഗ്‌സ് കപ്പിനുവേണ്ടിയും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.
(തയ്യാറാക്കിയത്: രശ്മി ഭാമ ജയൻ)