ജാതി പുറത്താക്കുന്ന പഞ്ചമിമാർ

“വിദ്യാഭ്യാസ വിഷയത്തിൽ സമുദായം ഇന്നും വളരെ പിന്നിലാണ്. ഒരു ബിരുദധാരി പോലും സമുദായത്തിൽ ഇല്ലായെന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. കോളേജ് വിദ്യാഭ്യാസത്തിനായി ചുരുങ്ങിയത് അഞ്ച് പുലയ വിദ്യാർത്ഥികൾക്കെങ്കിലും വർഷാവർഷം ആനുകൂല്യം ലഭ്യമാക്കണം. കോളേജ് വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പലരും സമുദായത്തിലുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം തുടരാൻ സാധിക്കുന്നില്ല. റോസ ഹെൻട്രി എന്ന പുലയ വിദ്യാർത്ഥിനിയുടെ കാര്യം ഇവിടെ ശ്രദ്ധേയമാണ്. മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ വിദ്യാഭ്യാസം തുടരാനാവാത്ത സ്ഥിതിയിലാണ് റോസ ഹെൻട്രി. ഈ കുട്ടിക്ക് പഠനം തുടരുന്നതിനുള്ള സഹായം സർക്കാരിൽ നിന്ന് ചെയ്തു കൊടുക്കണം.”

1932 മാർച്ച് 18ന് തിരുവിതാംകൂർ പ്രജാസഭയിലെ സഭാംഗമായി മഹാത്മാ അയ്യൻകാളി അവസാനമായി പ്രസംഗിച്ചതിലെ പ്രസക്തമായ വരികളാണിത്. വിദ്യാഭ്യാസ ലഭ്യതയിലൂടെ മാത്രമേ അടിമകളായിരുന്ന ജനതയ്ക്ക് വിമോചനം ഉണ്ടാകുകയുള്ളൂവെന്ന ദീർഘവീക്ഷണത്തിന്റെ കൂടെ പേരായിരുന്നു മഹാത്മാ അയ്യൻകാളി. തങ്ങളുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കിളിർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അദ്ദേഹം തന്റെ ജനങ്ങൾക്കിടയിൽ നിന്ന് പത്ത് ബിഎക്കാരെങ്കിലും കണ്ടിട്ട് മരിക്കണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും കിട്ടിയ അവസരങ്ങളെയെല്ലാം അതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഫലമായി നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പള്ളിക്കൂടത്തിൽ പഞ്ചമിയെന്ന പുലയപെൺകുട്ടി പഠനത്തിനായി പ്രവേശിച്ചതിന്റെ പേരിൽ ആ പള്ളിക്കൂടം അന്ന് രാത്രി തന്നെ സവർണ്ണർ തീവെച്ച് നശിപ്പിച്ച ചരിത്രമുള്ള നാടുകൂടിയാണ് നമ്മുടേത്. അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം മുന്നോട്ടുവയ്ക്കുകയും യാഥാർത്ഥ്യമാക്കുകയും ചെയ്തുകൊണ്ടാണ് അയ്യൻകാളി ഈ സവർണ്ണ ബോധത്തെ നേരിട്ടത്.

മഹാത്മാ അയ്യൻകാളി

എന്നാൽ, ജാതിവിവേചനത്തിന്റെയും അടിമത്തത്തിന്റെയും വേരുകൾ ആഴ്ന്നോടിയ കേരള സമൂഹത്തിൽ ജനാധിപത്യസങ്കല്പങ്ങളുടെ വിത്തുകൾ പാകിയ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളി ജനിച്ച് 160 വർഷങ്ങൾ കഴിയുമ്പോഴും കേരള ജനത ഇന്നും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജാതീയത ഒളിച്ചുകടത്തുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ആന്തരികവത്കരിക്കപ്പെട്ട ജാതീയത ദലിത് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അക്കാദമിക ജീവിതത്തെ പലതരത്തിലും തലത്തിലുമാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്.

അധ്യാപികയുടെ ജാതീയ അധിക്ഷേപത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത നേമം വിക്ടറി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആരതി, ലോക്ക്ഡൗൺ കാരണം സർക്കാർ ഒരുക്കിയ ഓൺലൈൻ ക്ലാസ് നഷ്ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക എന്നിവർ അതിലെ ചില ഉദാഹരണങ്ങൾ മാത്രം. ഇപ്പോഴും ജാതീയത പുറത്ത് നിർത്തുന്ന പഞ്ചമിമാർ നമുക്ക് ചുറ്റുമേറെയാണ്. ആത്മഹത്യ ചെയ്യാതെയും പഠനം പാതി വഴിക്ക് ഉപേക്ഷിക്കാതെയും പലതരത്തിലുള്ള മാനസിക ക്ലേശങ്ങൾ സഹിച്ച് ഉന്നതവിദ്യാഭ്യാസം പൂർത്തീകരിക്കുന്ന ആയിരക്കണക്കിന് ദലിത് വിദ്യാർത്ഥികളെ ഇന്നും കാണാൻ കഴിയും. തന്റെ ജനങ്ങൾക്കിടയിൽ നിന്ന് പത്ത് ബിഎക്കാരെങ്കിലും ഉണ്ടാകണമെന്ന അയ്യൻകാളിയുടെ ആഗ്രഹം നിറവേറ്റപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും പ്രബലമായി തുടരുന്ന ജാതിവിവേചനങ്ങൾ വിദ്യാഭ്യാസമേഖലയിലേക്ക് എത്തുന്ന ദലിത് വിദ്യാർത്ഥികളുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. അയ്യൻകാളി ജയന്തി ദിനത്തിൽ അത്തരം ചില അനുഭവങ്ങളെ രേഖപ്പെടുത്തുകയാണ് ഇവിടെ.

ഒളിച്ചു കടത്തുന്ന ജാതീയത

“ജാതിയെ അതിസൂക്ഷ്മമായി/ വിദഗ്ദ്ധമായി ഒളിച്ചുകടത്തുന്ന (subtle) ഒരു ഇടമായിട്ടാണ് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഞാൻ മനസിലാക്കുന്നത്. ചെറിയ പ്രായത്തിൽ നമ്മൾ സ്കൂളുകളിൽ ഒക്കെ പരാതി പറയാറുണ്ടായിരുന്ന പക്ഷപാതം (partiality)  എന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുതിർന്നുവന്നപ്പോഴാണ് കൃത്യമായി മനസിലായത്. ജാതി അത്രത്തോളം ഇഴുകി ചേർന്നിരിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസം മനുഷ്യരെ പരിഷ്കൃതരാക്കും എന്നും വിവേചനങ്ങളെ ഇല്ലാതെയാക്കും എന്ന് പറയുന്നത് ഒരു മിത്താണ്; പ്രത്യേകിച്ചും പുരോഗമനർ എന്ന് സ്വയം അവകാശപ്പെടുന്ന മലയാളികളുടെ ഇടയിൽ. എന്റെ പി.ജി കാലഘട്ടം ഞാൻ ഇന്നും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് അനുഭവങ്ങളുടേത്‌ കൂടിയാണ്. സത്യം പറഞ്ഞാൽ എതിര് എന്ന കൃതിയിൽ എം കുഞ്ഞാമൻ പറയുന്നത് പോലെ നമ്മൾ ഈ ശ്രേണിയുടെ പടവുകൾ കയറാൻ ശ്രമിക്കുന്തോറും നമ്മൾ ജാതിയുടെ തീവ്രത അനുഭവിക്കുക തന്നെ ചെയ്യും.” ഭുവനേശ്വറിൽ ഗവേഷണവിദ്യാർത്ഥിയായ വിദ്യ തന്റെ പഠനകാലയളവിൽ ക്യാംപസുകളിൽ അനുഭവിച്ച വിവേചനങ്ങളെ ഓർമ്മിക്കുന്നു.

വിദ്യമോൾ സി കെ

ഞാനൊരു സ്റ്റീരിയോടിപ്പിക്കൽ ദലിതാണ്. അതായത് കറുത്ത നിറമുള്ള, ലോവർ ക്ലാസ്, വിദ്യാഭ്യാസം ചെയ്യാൻ കഴിയാത്ത രക്ഷിതാക്കളുള്ള, ചെറിയ വീടുള്ള ദലിത്. അങ്ങനെ എല്ലാവരുടെയും സങ്കല്പത്തിലുള്ള ദലിത് കുട്ടിയായിരുന്നു ഞാൻ. എനിക്ക് എന്റെ ജാതിയെ മറയ്ക്കുകയോ വെളിപ്പെടുത്തുകയോ (Come out) ചെയ്യേണ്ടി വന്നിട്ടില്ല. സ്കൂൾ കാലഘട്ടത്തിൽ ചില അധ്യാപകർ എന്നോട് അനാവശ്യമായി ക്രൂരമായി പെരുമാറിയിരുന്നു. ഞാനത് വളരെ സാധാരണമായാണ് കണ്ടിരുന്നത്. പക്ഷേ പിന്നീടാണ് അത് അത്ര സാധാരണമല്ലാന്ന് മനസിലായത്. 2009 സയൻസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വർഷമായിരുന്നു. ഞാനന്ന് ഒമ്പതാം ക്ലാസിലാണ്. ചാൾസ് ഡാർവിന്റെ 200-ാമത്തെ ജന്മവാർഷികം, ഗലീലിയോ ഗലീലിയുടെ ഡിസ്കവറിയുടെ 400-ാമത്തെ വാർഷികം തുടങ്ങി വളരെ പ്രധാനപ്പെട്ട ദിവസങ്ങളുള്ള വർഷം. നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആ അധ്യയന വർഷത്തിൽ കുറെ എക്സ്ട്രാ കരിക്കുലർ ആക്ടിവിടീസ് ഡിസൈൻ ചെയ്തിരുന്നു. ഞാനും എന്റെ ഒരു സുഹത്തും എക്സ്ട്രാ കരിക്കുലർ ആക്ടിവിടീസിൽ വളരെ താല്പര്യമുള്ളവരായിരുന്നു. എല്ലാ മത്സരങ്ങളിലും ഞങ്ങൾ പങ്കെടുക്കുമായിരുന്നു. ഈ ഇവന്റുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഞങ്ങൾ പങ്കെടുത്തു. അതിൽ ഞങ്ങൾക്കായിരുന്നു ഫസ്റ്റ്. അപ്പോൾ സബ്ജില്ലാ തലത്തിലേക്ക് ഞങ്ങളാണ് പോകേണ്ടിയിരുന്നത്. പക്ഷേ രണ്ടാം സ്ഥാനത്ത് വന്ന കുട്ടികളെ സബ്ജില്ലാ മൽസരത്തിനേക്ക് അയച്ചുവെന്നാണ് വളരെ നിസാരമായി അന്ന് അധ്യാപകർ ഞങ്ങളോട് പറഞ്ഞത്. അന്നത് വിശ്വസിക്കാൻ പോലും പറ്റിയില്ല. ഇങ്ങനെയുള്ള അനുഭവങ്ങളുടെ ആവർത്തനങ്ങളായിരുന്നു പ്ലസ്ടു കാലം വരെ.” എഴുത്തുകാരിയും ഗാനരചയിതാവുമായ അലീന ഓർമകൾ പങ്കുവെച്ചു. “പി.ജിക്ക് ചെല്ലുന്പോഴാണ് പല തരത്തിലുള്ള ദലിത് സ്ത്രീകളെ കാണുന്നത്. പല ക്യാരക്ടറുള്ളവർ. പല രീതിയിൽ മോൾഡ് ചെയ്ത് വന്നവർ. അവിടുന്നൊക്കെയാണ് പൊളിടിക്സൊക്കെ രൂപപ്പെടുന്നത്. ആ കാലഘട്ടത്തിലാണ് സ്കൂളിലും മറ്റും നടന്ന പല കാര്യങ്ങളും എന്തുകൊണ്ടാണ് എനിക്ക് ഉണ്ടായതെന്ന് മനസിലാകുന്നത്. ഒരു തരം സ്പിരിച്വൽ അവേക്കനിങ് ആയിരുന്നുവത്. ആ സമയത്ത് നമുക്ക് അറിയാം why this shit happened to me എന്നത്.”

അലീന

“പോസീറ്റീവായി എന്റെ ജാതി അനുഭവങ്ങൾ ഒരിടത്തും പറയാനില്ല എന്നതാണ് സത്യം. ഞാൻ തേഡ് ജനറേഷൻ ലേർണറാണ്. ഞാനിപ്പോഴും ഡിഗ്രി ഹോൾഡറല്ല. കോളേജിൽ വെച്ചാണ് ജാതിയുടെ പേരിലുള്ള വിവേചനം നേരിട്ട് അനുഭവിക്കുന്നത്. അതെനിക്ക് ഉൾക്കൊള്ളാനും പാടായിരുന്നു. ഞാൻ പ്രിവിലേജിന്റെ ബബിളിൽ നിന്ന് ജീവിച്ചൊരാളാണ്. അതുകൊണ്ടുതന്നെ ഇത് ഉൾക്കൊള്ളാനും മനസിലാക്കി എടുക്കാനും ഒരുപാട് വൈകി. കോളേജിൽ ആദ്യമായിട്ട് സപ്ലിമെന്ററി എക്സാമിന് ഫീസ് അടയ്ക്കാൻ പോകുമ്പോഴാണ് മറ്റുള്ള വിഭാഗത്തിലുള്ളവർക്ക് അവസരം നഷ്ടപ്പെട്ടുവെന്നൊക്കെയുള്ള തരം വർത്തമാനം കേൾക്കുന്നത്. ആ ഓഫീസ് റൂമിൽ ഞാൻ ചെറുതായി നിന്നത് ഇന്നും എനിക്ക് നല്ല ഓർമ്മയുണ്ട്. എന്റെ ബോധ്യത്തിൽ ഞാൻ അടയാളപ്പെടുത്തുന്ന ആദ്യത്തെ എക്സ്പീരിയൻസ്. പിന്നീട് ഉണ്ടായ തിരിച്ചറിവിലാണ് എന്നെ നോക്കി എഴുതിയ ആളിനേക്കാൾ എന്റെ മാർക്ക് കുറവായിരുന്നത് കൈയക്ഷരത്തിന്റെ വലിപ്പ വ്യത്യാസം കൊണ്ടാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എനിക്ക് ഓർത്തെടുക്കാൻ ഇഷ്ടമില്ലാത്ത കാലഘട്ടമാണ് എൻറെ കോളേജ് ലൈഫ്.” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സാമൂഹ്യപ്രവർത്തന രംഗത്തുള്ള യുവതി പറയുന്നു.

സൗഹൃദങ്ങളിലെ ജാതി

“ദലിത് ആയിരിക്കുകയും ഒപ്പം സമൂഹം നോക്കി കാണുന്ന കുറവുകൾ കൂടി നിങ്ങൾ വഹിക്കുന്നുണ്ടെങ്കിൽ കോളേജിൽ/ക്യാംപസിൽ കൂട്ടുകാരെ കിട്ടാൻ ബുദ്ധിമുട്ടാണ്. ഇനി കൂട്ടുകാരാണെങ്കിൽ പോലും സവർണരായിട്ടുള്ള സഹപാഠികളുടെ മനസിൽ ജാതിബോധം നിലനിൽക്കുകയും പല ഘട്ടങ്ങളിലും അവർ അറിയാതെ അത് പുറത്ത് വരികയും ചെയ്യും. നിന്നെ പോലെ അല്ല എന്റെ കട്ട് ഓഫ് കൂടുതലാ..അതുകൊണ്ട് കുറെ പഠിക്കണം, നിന്നെ പോലെ അല്ല, ഞങ്ങൾക്ക് ഫീസ് അടയ്ക്കണം, എന്തോരം പൈസയാണ് സ്റ്റൈപൻഡ് കിട്ടുന്നത്. വല്ല എസ്സിയോ എസ്ടിയോ ആയി ജനിച്ചാൽ മതിയാരുന്നു… തുടങ്ങി നിരവധി ജാതീയ അധിക്ഷേപങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ടാകും.” ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയും അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ പ്രസിഡൻറുമായ ശബരി ഗിരിജ രാജൻ അഭിപ്രായപ്പെട്ടു. “ഫസ്റ്റ് ജനറേഷൻ ഡിഗ്രി ഹോൾഡർ എന്ന നിലയിൽ എനിക്ക് പലതും പുതിയതായിരുന്നു. ഗാഡ്ജറ്റ്സിന്റെ അഭാവത്തിൽ സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകൾ എനിക്ക് അന്യമായിരുന്നു. ഈ അപ്ഡേഷൻറെ കുറവ് മൂലം പിയർ ഗ്രൂപ്പിനിടയിൽ ഒറ്റപ്പെടുന്നത് പോലെ തോന്നിയിട്ടുണ്ട്.” ശബരി പറയുന്നു.

ശബരി ഗിരിജ രാജൻ

“സൗഹൃദത്തിന്റെ ജാതി വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് എനിക്ക് തോന്നാറുള്ളത്. കാരണം വളരെ ചെറിയ, അടുപ്പമുള്ള സൗഹൃദ സർക്കിളിൽ ഉണ്ടാകുന്ന വയലൻസ് പലപ്പോഴും ഭീകരമാണ്. മാത്രമല്ല അത് നിരന്തരം തുടരുകയും ചെയ്യും. ബൗദ്ധികമായും വൈകാരികമായും വൈകാരികമായും തുല്യരായി പരിഗണിക്കാൻ സൗഹൃദത്തിൽ പോലും ജാതി എന്നും ഒരു തടസ്സമാണ്. അധ്യാപനമോ ജോലിയോ പോലെ ഔപചാരികമായി ഇടപെടുന്ന സ്ഥലങ്ങളിൽ മാത്രമല്ല സൗഹൃദത്തിലും ജാതിബോധം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.” വിദ്യ വ്യക്തമാക്കി.

ജാതിക്ക് ഒരു പോസിറ്റീവ് എക്സ്പീരിയൻസില്ല!

“ എന്റെ വീടിന് അടുത്തുള്ളൊരു കുട്ടി പോളിടെക്നിക്ക് ചെയ്യുന്ന സമയത്ത് ആ കുട്ടിയോട് ടോയ്ലറ്റ് കഴുകാൻ പറഞ്ഞുവെന്ന് പരാതിപ്പെട്ടു. അവിടെ പോയി അവരെ ചോദ്യം ചെയ്യാം എന്ന് ഞാൻ പറയുമ്പോൾ വേണ്ടാ എന്നായിരുന്നു അവരുടെ പ്രതികരണം. അത് അവരുടെ നിസഹായവസ്ഥയാണ്. പരാതിപ്പെട്ടാലും കേസിന് പോയാലും ഒന്നും നടക്കില്ലെന്ന് അവർക്കറിയാം. ഒരു ദലിത് സ്ത്രീയെന്ന നിലയിൽ അവരുടെ ഇൻഫ്ലുവൻസ് സർക്കിൾ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കൊടുക്കുന്ന കേസും പരാതിയും തേഞ്ഞുമാഞ്ഞ് പോകുകയും അവർക്കെതിരെ പ്രയോഗിക്കുകയും ചെയ്യുമെന്ന് മനസിലാക്കാൻ അവരുടെ അത്രയും കാലത്തെ അനുഭവങ്ങൾ ധാരാളമാകും. ജാതിക്ക് പോസിറ്റീവായ ഒരു എക്സ്പിരീയൻസ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആറ്റംബോംബ് കൊണ്ടുള്ള ഗുണഗണങ്ങൾ എന്തൊക്കെയെന്ന് ചോദിക്കുന്ന പോലെയായി പോകുമത്. കാരണം അത് വിനാശകരമാണ്.” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സാമൂഹ്യപ്രവർത്തക പറഞ്ഞു.

അയ്യങ്കാളിയുടെ 160-ആം ജന്മദിനം ആഘോഷിക്കുന്ന 2023ലും സംവരണ വിരുദ്ധത, ജാതീയ അധിക്ഷേപങ്ങൾ, തുടങ്ങി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ട് തന്നെയാണ് ദലിത് വിദ്യാർഥികൾ അവരുടെ അക്കാദമിക ജീവിതം നയിക്കുന്നത്.  പ്രജാസഭാംഗമായി തുടർന്ന 20 വർഷവും ദലിത് ജനതയുടെ വിദ്യാഭ്യാസത്തിനും ഭൂമിക്കും തൊഴിലിനുമായി പ്രവർത്തിച്ചു വിജയിച്ച അയ്യൻകാളിയുടെ ചരിത്രം നമുക്കു മുന്നിലുണ്ടെങ്കിലും  ദലിത് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ പോലും ‘ജനകീയ സർക്കാരുകൾ’ക്ക് ഇന്നും സാധിക്കുന്നില്ല എന്നത് പരമാർഥമാണ്.

ഫീച്ചേർഡ് ഇമേജ്-വര: ഇ വി അനിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

6 minutes read August 28, 2023 12:58 pm