കുടുംബം സ്വപ്‌നം കാണുന്ന ജീവിതങ്ങള്‍

മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്വതന്ത്രമായ ഒരു ജീവിതം ആഗ്രഹിച്ചാണ് പലപ്പോഴും ട്രാന്‍സ് മനുഷ്യര്‍ വീടും കുടുംബവുമൊക്കെ ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്. മിക്കവാറും ആ യാത്ര ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്കായിരിക്കും. ശരീരം കൊണ്ട് പ്രയാസപ്പെടുന്ന അവര്‍ ശരീരം കൊണ്ടുതന്നെ ജിവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. തഞ്ചാവൂരിലെ ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അജ്ഞലിയുടെ സ്ഥിതിയും അതുതന്നെയായിരുന്നു. പക്ഷേ, ഒരു രാത്രിയുടെ സുഖം തേടിയെത്തിയ ഒരാള്‍ അവള്‍ക്ക് ഒരു ജീവിതം നല്‍കാന്‍ തയ്യാറാകുന്നു. വിഭാര്യനും കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ് അയാള്‍. ഈ പെണ്‍കുട്ടിയും അജ്ഞലിയും അവളുടെ ഭര്‍ത്താവ് ഹരിയും തമ്മിലുള്ള ബന്ധങ്ങളില്‍ പിന്നീടുണ്ടാകുന്ന സങ്കീര്‍ണതകളാണ് പി അഭിജിതിന്റെ ‘അന്തരം’ സിനിമ ആവിഷ്‌കരിക്കുന്നത്.

പി അഭിജിത്ത്

അഭിജിത്ത് ഫോട്ടോ ജേണലിസ്റ്റാണ്. ട്രാന്‍സ് ജീവിതങ്ങളെ ഒരുപാട് കാലം പിന്തുടര്‍ന്നിട്ടുണ്ട്. മുഖ്യധാരയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളെയും അവരുടെ പ്രശ്‌നങ്ങളേയും കൊണ്ടുവരുന്നതില്‍ അഭിജിതിന്റെ ഫോട്ടോഗ്രാഫുകളും എഴുത്തും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. അഭിജിത് തന്നെയാണ് അന്തരത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും എം.എ ഷാനവാസ്.

കുടുംബം ട്രാന്‍സ്‌ജെന്‍ഡറുകളെ സംബന്ധിച്ചിടത്തോളം അത്ര തണലേകുന്ന ഒരിടമല്ല. ജെന്‍ഡര്‍ രാഷ്ട്രീയത്തില്‍ പതിയെ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും കുടുംബത്തിനകത്തു നിന്ന് അത്തരം ജീവിതങ്ങള്‍ക്ക് പുറത്തുകടന്നേ പറ്റൂ. ഭാഗ്യം പോലെ, ഓര്‍ക്കാപ്പുറത്തു ലഭിച്ച കുടുംബത്തില്‍ നിന്ന് അതുകൊണ്ടുതന്നെ അഞ്ജലിക്കു പുറപ്പെട്ടുപോകേണ്ടി വരുന്നു. ബുക്ക് സ്റ്റാള്‍ നടത്തുന്ന പുരോഗമന ചിന്താഗതിക്കാരനാണെന്നു കരുതാവുന്ന പുരുഷനാണ് അജ്ഞലിയെ ഭാര്യയായി സ്വീകരിക്കുന്നത്. പക്ഷേ, അയാള്‍ കുടുംബത്തിനകത്ത് വെറുമൊരു പുരുഷനായി മാറുകയാണ്.

അന്തരം പോസ്റ്റർ

കുടുംബത്തിലെ സ്ത്രീ ജന്മനാ സ്ത്രീയായാലും ട്രാന്‍സ് വുമണായാലും ഒരേ പദവിയിലേക്കാണ് വന്നു ചേരുന്നത്, ഭാര്യ. സ്വാഭാവികമായും ഭര്‍ത്താവിന്റെ സകല ദുശ്ശീലങ്ങളുടേയും സ്വഭാവ ദൂഷ്യങ്ങളുടേയും ഇര. മദ്യപാനിയും സംശയരോഗിയുമായ ഹരിയെ സഹിക്കാന്‍ ട്രാന്‍സ് വുമണായ അജ്ഞലിക്ക് വല്ലാതെ പാടുപെടേണ്ടി വരുന്നു. ഒരു സാദാ പെണ്ണല്ല അവള്‍. ലക്ഷങ്ങള്‍ സ്ത്രീധനം കൊടുത്തു കെട്ടിച്ചു വിടുന്ന പെണ്ണുങ്ങളുടെ വരെ അവസ്ഥയിതാണെന്ന് അവരുടെ കമ്യൂണിറ്റിയിലെ അമ്മ പറയുന്നുണ്ട്. പ്രിയപ്പെട്ടവരാല്‍ വെറുക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകോയൊ ചെയ്യുന്ന ഒരു ട്രാന്‍സ് ജീവിതത്തിന് ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന കുടുംബം വലിയ പ്രതീക്ഷ നല്‍കുന്ന ഇടമാണ്.

അന്തരത്തിൽ നിന്നും ഒരു രംഗം

ആദ്യമാദ്യം രണ്ടാനമ്മയുടെ സ്ഥാനത്തുള്ള അഞ്ജലിയോട് അടുക്കാന്‍ കൗമാരക്കാരിയായ സ്‌നേഹക്ക് സാധിക്കുന്നില്ല. പക്ഷേ, പിന്നീട് അവള്‍ അമ്മേ എന്നു വിളിക്കുമ്പോള്‍ അഞ്ജലിയുടെ നെഞ്ചില്‍ മാതൃത്വം ചുരത്തുന്നുണ്ട്. എന്നിട്ടും പുരുഷന്റെ പീഡനവും സമൂഹത്തിന്റെ വേട്ടയാടലും സഹിക്കാനാകാതെ അവള്‍ പുറപ്പെട്ടു പോകുകയാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങള്‍ ഇന്ത്യക്ക് അകത്തും പുറത്തും പലപ്പോഴായി സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. മലയാളത്തിലും ‘അര്‍ധനാരി’ മുതല്‍ ‘ആളൊരുക്കം’ വരെയുള്ള സിനിമകള്‍ വന്നു. ഇക്കാലത്തിനിടക്ക് ജെന്‍ഡര്‍ രാഷ്ട്രീയത്തില്‍ കുറേക്കൂടി മികച്ച പദവിയിലേക്ക് ഈ വിഭാഗം ഉയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന ചരിത്രപരമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ഹർജി സര്‍ക്കാരിന്റേയും മതങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും എതിര്‍പ്പുകള്‍ക്കിടയിലും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

അന്തരം

പുതിയ തലമുറയുടെ പ്രതിനിധിയായ സ്‌നേഹക്ക് അഞ്ജലിയുടെ വ്യക്തിത്വം ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഈ രാഷ്ട്രീയ മാറ്റങ്ങളുടെ പ്രതിഫലനമാകാം. അതുകൊണ്ടാണ് അവള്‍ അച്ഛനോടൊപ്പം, തങ്ങളെ ഉപേക്ഷിച്ചു പോയ അമ്മയെ തേടി പുറപ്പെടുന്നത്. അവരുടെ യാത്രയിലാണ് സിനിമ തുടങ്ങുന്നത്. നോര്‍മല്‍ ഐഡന്റിറ്റിയില്‍ ജീവിക്കാനുള്ള തന്റെ മോഹങ്ങളെ കുടുംബത്തിലെ പുരുഷാധിപത്യത്തിനു മുന്നില്‍ തളച്ചിടാന്‍ അഞ്ജലി ഒരുക്കമല്ല. അതുകൊണ്ടാണ്, ഗാര്‍ഹിക പീഢനം അതിരുവിടുമ്പോള്‍ വീട്ടിലെ പൂര്‍ണ പുരുഷനോട് സധീരം പ്രതികരിക്കാന്‍ അവള്‍ക്ക് കഴിയുന്നത്. താന്‍ അനുഭവിക്കുന്ന ജീവിതം ആ പൂര്‍ണ പുരുഷന്റെ ഔദാര്യമാണെന്ന് അവള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെയാണ് അവള്‍ ആ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്. അവളെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്ന സ്‌നേഹ, പക്ഷേ അവള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്.

അന്തരത്തിൽ നിന്നും ഒരു രംഗം

സ്‌നേഹയുടെ സ്‌നേഹപൂര്‍ണമായ പിന്‍വിളി കേള്‍ക്കാന്‍ അജ്ഞലിക്ക് ധൈര്യമില്ല. പുറത്തെ സമൂഹത്തിന് തന്നെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും കഴിയുകയില്ലെന്ന ബോധ്യമാണ് ആ അധൈര്യത്തിനു കാരണം. അവള്‍ കണ്ടെത്തുന്ന പുതിയ ഭര്‍ത്താവ് അതുകൊണ്ടു തന്നെ അവളുടെ കമ്യൂണിറ്റിയില്‍നിന്നുള്ള ഒരാളാണ്-ട്രാന്‍സ്‌മെന്‍. നോര്‍മല്‍ ഐഡന്റിറ്റി എന്ന സാമൂഹിക സ്വപ്‌നത്തിലേക്ക് അവര്‍ക്ക് ഇനിയും യാത്ര ചെയ്യേണ്ടതുണ്ട്. സ്വസ്ഥമായ ജീവിതങ്ങളില്‍ നിന്ന് പുറപ്പെട്ടു പോകേണ്ടവരല്ല അജ്ഞലിയെപ്പോലുള്ളവരുടെ ജീവിതങ്ങളെന്നും അവര്‍ക്ക് വിശ്വാസപൂര്‍വം കടന്നിരിക്കാനുള്ള ഇടങ്ങളുള്ള കുടുംബങ്ങള്‍ ഉണ്ടാകണമെന്നും അന്തരം പറഞ്ഞുവയ്ക്കുന്നു.

എ മുഹമ്മദാണ് അന്തരത്തിന്റെ ഛായാഗ്രാഹകന്‍. പാരിസ് വി ചന്ദ്രന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിനൊപ്പം നില്‍ക്കുന്നുണ്ട്.

ചെന്നൈ സ്വദേശിനി നേഹയാണ് അഞ്ജലിയെ അവതരിപ്പിക്കുന്നത്. മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ നടിക്കുള്ള പുരസ്‌കാരം അന്തരം നേഹക്ക് നേടിക്കൊടുത്തു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read