ആശയത്തിന്റെ വിത്തും ആവിഷ്ക്കാരത്തിന്റെ വിയർപ്പും

കാലാകാലങ്ങളായി നിരന്തരമായ പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സങ്കൽപനമാണ് കർതൃത്വം. ചരിത്രത്തിൽ പലമട്ടിലാണ് ‘കർത്താവ്’ അടയാളപ്പെടുത്തപ്പെട്ടത്. ആദ്യകാലചിന്തകളിൽ കർത്താവ് ഒരു വ്യക്തിയായിരുന്നില്ല, മറിച്ചൊരു സഞ്ചിതസ്വത്വമായിരുന്നു എന്നുവേണം മനസിലാക്കാൻ. ഫോക് പാരമ്പര്യങ്ങളിലെ അറിവുരൂപങ്ങളിലും കലാവ്യവഹാരങ്ങളിലും കർത്താവ് ഒറ്റയാനല്ല മറിച്ച് കർതൃത്വം ഒരു കൂട്ടത്തിന്റെ ഉല്പന്നമാണ്. സഞ്ചിതസ്വത്വത്തിന്റെ (collective identity) ഭാഗമായി കർതൃത്വത്തെ അടയാളപ്പെടുത്തിപ്പോന്ന ആദ്യകാലങ്ങളിൽ നിന്നും വിഭിന്നമായി വ്യക്തിപരതയെ കർതൃസ്ഥാനത്ത് നിർത്തുവാൻ അച്ചടിയുടെ വരവുകൊണ്ട് സാധിച്ചു. ‘കർത്താവ് എന്ന വ്യക്തി’ അതിനാൽ തന്നെ ആധുനികതയുടെ ഉത്പന്നമാണ്.

യൂറോപ്യൻ ചിന്തയിൽ കാല്പനികതാവാദം മുൻപോട്ടുവച്ച ആശയലോകമാകട്ടെ വ്യക്തിയുടെ സർഗ്ഗാത്മകതയ്ക്കും ഭാവനയ്ക്കും ഊന്നൽ കൊടുക്കുന്നതായിരുന്നു. രചയിതാവ് എന്നതിലുപരി അസാധാരണത്വമുള്ള creative genius ആയി കർതൃസ്ഥാനത്തെ മനസിലാക്കുന്ന ചർച്ചകൾ കാല്പനിക കാലത്തെ സാഹിത്യ വിമർശന പദ്ധതികളിൽ കാണാം. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമുള്ള ചിന്താകളാവട്ടെ, കലാകൃത്തിന്റെ/ ഗ്രന്ഥകർത്താവിന്റെ മൗലികതയ്ക്കും വ്യക്തിനിഷ്ഠമായ ശൈലീപരതയ്ക്കും പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു. ഉത്തരാധുനികതയുടെ വരവോടുകൂടി കർതൃസ്ഥാനത്തെപ്പറ്റിയുള്ള ചിന്തകൾ ബഹുമുഖമായി. അന്തർപാഠ്യതയെ എടുത്തുകാട്ടിയും കൃതികൾക്കുമേൽ സാമൂഹിക നിർമിതികൾക്കുള്ള സ്വാധീനത്തിലേക്ക് വിരൽ ചൂണ്ടിയും ഉത്തരാധുനികവിചാരം കർതൃത്വത്തെ കുറിച്ചുള്ള വിചാരത്തെ സങ്കീർണമാക്കി. ഒരു ബൃഹത്തായ സാംസ്കാരിക സംവാദത്തിലെ കണ്ണികളാണ് ഗ്രന്ഥകർത്താവ്/ കലാകൃത്ത് എന്ന ഉത്തരാധുനിക കാഴ്ച്ചപ്പാട് അർത്ഥനിർമിതിയിൽ പാഠാന്തരത എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശി. ഒരു പാഠവും ഒറ്റക്കൽമണ്ഡപമല്ലെന്നും അവയിൽ മുൻപാഠങ്ങളുമായുള്ള കണ്ണിചേരലുകളെ കാണാൻ കഴിയുമെന്നും അതിനാൽ തന്നെ കർതൃത്വം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെട്ട അധികാരസ്ഥാനമല്ലെന്നും വരുന്നു.

മിഷേൽ ഫൂക്കോ.

കർതൃത്വത്തെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളെ പൊളിച്ചെഴുതിയ മിഷേൽ ഫൂക്കോയുടെ ‘What is an author? എന്ന ലേഖനം ശ്രദ്ധേയമാണ്. “author function” എന്ന ആശയത്തെ ഈ ലേഖനത്തിലൂടെ മുൻപോട്ടുവയ്ക്കുന്നതായി കാണാം. കർത്താവ് എന്ന ആശയം ഒരു നിശ്ചിതമായ സ്വത്വമുള്ള ഒരു വ്യക്തിയെന്നതിക്കാൾ വിശാലമായ വ്യവഹാരത്തിനുള്ളിലെ ഒരു പ്രവർത്തനമാണെന്ന് (function) ഫൂക്കോ പറയുന്നു. കർത്താവിന്റെ സ്വത്വം സാമൂഹിക നിർമിതിയാണെന്നും, അത് സാംസ്കാരികവും ചരിത്രപരവും സ്ഥാപനപരവുമായ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വാദിക്കുന്നു. അതിനാൽ തന്നെ കർതൃത്വം സമൂഹത്തിന്റെ പൊതുധാരണകളെയും നടപ്പുരീതികളെയും നിരന്തരം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. കർതൃത്വം പാഠങ്ങളെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതി രൂപപ്പെടുത്തുന്ന ഒരു വ്യവഹാര രീതിയായി പ്രവർത്തിക്കുകയും അവിടെ കർത്താവ് അറിവിനെ സാധൂകരിക്കുന്ന reference point ആയി മാറുകയും ചെയ്യുന്നു. എഴുത്തിന്റെ പ്രകടനപരതയെ ഊന്നിക്കൊണ്ട് റൊളാങ് ബാർത്ത് തന്റെ ‘Death of the Author‘ എന്ന ലേഖനത്തിൽ കർത്താവ് എന്ന ചരിത്രപരവും സാംസ്കാരികവുമായ പദവിയെ അപനി‍ർമിക്കുന്നുണ്ട്.

റൊളാങ് ബാർത്ത്.

ബാർത്തിന്റെ വാക്കുകളിൽ “a text is not a line of words releasing a single ‘theological’ meaning (the ‘message’ of the Author- God) but a multi-dimensional space in which a variety of writings, none of them original, blend and clash. The text is a tissue of quotations drawn from the innumerable centres of culture.” അർത്ഥത്തിന്റെ ബഹുലതയെ പരിഗണിക്കുകയും ഗ്രന്ഥകർത്താവിൽനിന്ന് വായനക്കാരിലേയ്ക്ക് ശ്രദ്ധയെ തിരിച്ചുവിടുകയുമായിരുന്നു ബാർത്തിന്റെ ചിന്താപദ്ധതി. ഏകതാനമായ അർഥനിർമിതിയെന്ന പരമ്പരാഗതധാരണയെ വെല്ലുവിളിക്കുകയും അർത്ഥനിർമിതിയുടെ അനന്തസാധ്യതകളെയും വായനക്കാരുടെ കർതൃപദവിയേയും പാഠവുമായുള്ള ചലനാത്മകവും സർഗാത്മകവുമായ ഇടപെടലിനെയും ബാർത്ത് എടുത്തുകാട്ടി.

ചിന്തയും കരവേലയും: സമകാലികകലയിലെ കർതൃപദവി

സമകാലിക കലയിലെ കർതൃത്വം വളരെ സങ്കീർണവും ബഹുമുഖവുമാണ്. കലാകൃത്തിനെ പലകാലങ്ങളിലായി സൃഷ്ടികർത്താവായും ദൈവീകമായ പ്രചോദനത്താൽ കലാവൃത്തിയിൽ ഏർപ്പെടുന്ന ആളായും, കരവേലാവിദ​ഗ്ധരായും ഒക്കെ സങ്കല്പിച്ചു പോരുന്നുണ്ട്. സമകാലിക കലയിലെ കലാകൃത്തിനെ കുറിച്ചുള്ള ചർച്ചയിൽ കവിതാ ബാലകൃഷ്ണന്റെ ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ‘ദൃശ്യവ്യവഹാരവും സാമൂഹികവിമർശനവും കേരളത്തിൽ’ എന്ന പ്രബന്ധാവതരണത്തിൽ (കലാ)സൃഷ്ടിയിൽനിന്ന് (കലാ)പ്രവർത്തിയിലേക്കുള്ള ദൂരത്തെ സവിശേഷമായി സംബോധനചെയ്യുന്നതുകാണാം.

കവിതാ ബാലകൃഷ്ണൻ.

നവസ്ഥാപനവത്കരണത്തിന്റെ സാംസ്കാരിക പരിസരത്തിൽ ആധുനികകലാകൃത്ത് art practitioner ആയി ചുവടുമാറുകയും, കലാസൃഷ്ടികളേക്കാൾ കലാപദ്ധതികൾക്ക് പ്രാമുഖ്യമുണ്ടാവുകയും ചെയ്യുന്നുവെന്ന് കവിതാ ബാലകൃഷ്ണൻ നിരീക്ഷിക്കുന്നു. ഇവിടെ കലാകൃത്ത് കലയുടെ സൂത്രധാരവൃത്തിമാത്രം കൈയ്യാളുകയും കലാസൃഷ്ടിക്കുവേണ്ട അദ്ധ്വാനം തൊഴിലാളികളിൽ നിന്നെടുക്കുകയും ചെയ്യുന്ന സവിശേഷസാഹചര്യത്തെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

കലയിലെ ആശയം/കരവേല എന്ന ദ്വന്ദ്വവൈരുദ്ധ്യത്തെ പലമട്ടിൽ നോക്കികണ്ട് സമകാലിക കലയിലെ കലാകൃത്തിനെ മനസിലാക്കാം. ആശയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമകാലിക കലാപരിസരത്തിൽ conceptual artist പലപ്പോഴും സംവിധായകനാണ്. ആശയത്തിന്റെ ബാഹ്യരൂപമായ കലാകൃതിയെ നിർമിക്കുന്നത് തൊഴിലാളികളും. എന്നാൽ നിർമിക്കലല്ല കലാപ്രവർത്തിയെന്നും ആശയരൂപീകരണം ആണ് കലാവൃത്തിയുടെ കാതൽ എന്നും പരിഗണിക്കുന്ന സന്ദ‍ർഭങ്ങളും സമകാലിക കലയിലുണ്ട് (maker/thinker). ചിന്തയാണ് കലാകൃത്തിന്റെ ധർമം. ഇത് ഒരു തരത്തിൽ ദെക്കാർത്തിയൻ തത്വചിന്തയുമായി കൈകോർക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനാവും. ശരീരത്തെയും മനസ്സിനെയും വിപരീത ധ്രുവങ്ങളിൽ പ്രതിഷ്ഠിച്ച കാർറ്റീഷ്യൻ തത്വചിന്തയിൽ ചിന്തക്ക് മേൽക്കൈ ഉണ്ടായിരുന്നു. ഈ ദ്വന്ദ്വവൈരുദ്ധ്യത്തെ പ്രശ്നവത്കരിക്കുകയായിരുന്നു പോസ്റ്റ്മോഡേൺ ചിന്താപദ്ധതിയെങ്കിലും, യൂറോപ്യൻ തത്വചിന്തയിൽ ആഴത്തിൽ വേരോടിയ കാർറ്റീഷ്യൻ തത്വചിന്തയുടെ നിഴൽ ഇപ്പോഴും സമകാലിക കലയ്ക്ക്മേൽ ഉണ്ടെന്ന് കാണാം.

റെനെ ദെക്കാർത്ത്.

കലയെ ഒരു ഭൗതികവസ്തുവായി കാണുന്നതിന് പകരം ആശയലോകമായി സങ്കല്പിക്കാനുള്ള ഉത്തരാധുനിക ശ്രമങ്ങളെ പരിഗണിക്കുമ്പോഴും ആശയപരത/ ഭൗതികത എന്ന ദ്വന്ദ്വവൈരുധ്യം പ്രബലമാകുന്നു. ചില സമകാലിക കലാകൃതികളുടെ ബൃഹത്തായ ഭൗതികരൂപം നിൽക്കെത്തന്നെ അതിന്റെ ആശയപരത ഭൗതികരൂപത്തെക്കാൾ പ്രാധാന്യത്തോടെ മുൻപോട്ടുവയ്ക്കപ്പെടുന്നു. അവിടെ ശരീരം/ ശരീരേതരം എന്ന വിരുദ്ധങ്ങൾ കലാശരീരത്തെ സംബന്ധിച്ചും നിലനിൽക്കുന്നു. ശാരീരികക്ഷമത വേണ്ടിവരുന്ന കലയുടെ ഭൗതികരൂപനിർമിതിയിൽ ഇടപെടുന്നയാൾ കലാകൃത്തിന്റെ കർതൃസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെടാതിരിക്കുന്നതും ആശയരൂപത്തിന്റെ ഉടമ കലാകൃത്തായി അടയാളപ്പെടുന്നതും ഒരുതരത്തിൽ ദക്കാർത്തിലേക്കുള്ള തിരിച്ചുപോക്കാവുന്നു. ഇവിടെ കലാകൃത്തിന്റെ ശരീരവും/ ശാരീരികാധ്വാനവും കലാവസ്തുവിന്റെ ശരീരവും ഭൗതികതയിലൂന്നുമ്പോൾ, കലാകൃത്തിന്റെ ചിന്തയും കലാവസ്തു മുന്പോട്ടുവയ്ക്കുന്ന ആശയരൂപവും വിപരീതധ്രുവത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. The specter of Descartes is haunting contemporary art എന്ന് ചുരുക്കം.

Kara Walker – The Subtlety. കടപ്പാട്: artsandculture.google.com

Kara Walkerന്റെ ‘The Subtlety’ or the marvellous Sugar Baby an Homage to the Unpaid and Overworked Artisans who have refined our sweet tastes from the cane fields to the kitchens of the new world on the occasion of the demolition of the Domino sugar refining plant എന്ന പ്രതിഷ്ഠാപനം ഒരു ഉദാഹരണമായി എടുക്കാവുന്നതാണ്. അനേകം തൊഴിലാളികൾ പങ്കുചേർന്നാണ് ഈ പ്രതിഷ്ഠാപനത്തിലെ ബൃഹത്ശില്പത്തെ നിർമിച്ചെടുത്തത്. ആശയവും പദ്ധതിയും കലാകൃത്തിന്റെ ബൗദ്ധികോത്പന്നമായിരിക്കെ അതിന്റെ ഭൗതികത അനേകം തൊഴിലാളികളുടെ കരവേലയിലൂന്നിയാണ് നിൽക്കുന്നത്. മറ്റൊരു ഉദാഹരണം Ragnar Kjartansson ന്റെ The Visitors (2012) എന്ന പ്രതിഷ്ഠാപനമാണ്. മുൻഭാര്യയായ Ásdís Sif Gunnarsdóttir എഴുതിയ ഒരു ഗാനത്തിൻ്റെ പ്രകടനമാണ് വിസിറ്റേഴ്സ്. ഒമ്പത് വ്യത്യസ്ത സ്ക്രീനുകളിലായി സംഗീതജ്ഞരോ കലാകാരന്മാരോ, ഒറ്റയ്ക്കോ കൂട്ടമായോ, വ്യത്യസ്ത മുറികളിലും പുറത്തുമായി ഒരേസമയം ഈ ഗാനം അവതരിപ്പിക്കുകയുണ്ടായി, ഒരു സ്ക്രീനിൽ Kjartansson തന്നെ ഈ പ്രകടനം അവതരിപ്പിക്കുന്നതും കാണാം. ഒരുകൂട്ടം ആളുകളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്ന ഈ കലാപ്രകടനത്തിന്റെ സൂത്രധാരനായിരുന്ന Ragnar Kjartansson ന്റെ പേരിലാണ് ഈ കലാപ്രകടനത്തിന്റെ കർത്തൃപദവി.

The Visitors – Ragnar Kjartansson. കടപ്പാട് : sfmoma.org.

കലാവ്യവഹാരത്തിലെ നിരന്തര ചർച്ചാവിഷയമായ art/craft ബൈനറിയെ സമകാലിക കല ചിലയിടങ്ങളിൽ പ്രശ്നവത്കരിക്കുമ്പോഴും മറ്റിടങ്ങളിൽ അത് വളരെ സങ്കീർണമായ അവസ്ഥയിലേയ്ക്ക് എത്തുന്നതുകാണാം. കർതൃത്വത്തെ ചർച്ചയ്ക്കെടുക്കുമ്പോൾ ‘ഉപയുക്തകല’ എന്നടയാളപ്പെടുത്തപ്പെട്ട കലാധാരകളെയും ഇല്ലസ്ട്രേഷൻ ഉൾപ്പടെയുള്ള കലാവ്യവഹാരങ്ങളെയും സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്. ഇല്ലസ്ട്രേഷനെ പറ്റിയുള്ള ചർച്ചയിൽ കലയുടെ സ്വതന്ത്രമായ അസ്തിത്വത്തെക്കുറിച്ചുള്ള വിചാരങ്ങൾ പ്രബലമാകുമ്പോൾ ഇല്ലസ്ട്രേറ്ററുടെ കർതൃത്വത്തെ ഗ്രന്ഥകർത്താവിന്റെ കർതൃസ്ഥാനത്തിനൊപ്പം നി‍ർത്താതെ അരികുകർത്തൃരൂപമായി (a marginalized subject position) സങ്കൽപ്പിച്ചു പോന്ന ചരിത്രമുണ്ട്. ആർ. നന്ദകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ ഇല്ലസ്ട്രേഷൻ ഒരു surrogate discourse ആയി ഗണിക്കപ്പെട്ടിരുന്നു.

ആർ. നന്ദകുമാർ.

ആശയങ്ങളുടെ വിത്ത് ഗ്രന്ഥകർത്താവിൽ നിക്ഷിപ്തമായിരിക്കുകയും കലാകൃത്ത് ആ ആശയത്തെ ചുമക്കുന്ന വാടകഗർഭപാത്രം മാത്രമാകുകയും ചെയ്യുന്നുവെന്ന പരമ്പരാഗതചിന്തയിൽ കലാകൃത്ത് തൊഴിലാളിയാണ്. കലാവസ്തുവിന്റെ സ്വാതന്ത്രനിലയാവട്ടെ പ്രശ്നഭരിതവും. ഈ പ്രശ്നപരിസരത്തെ സംബോധന ചെയ്യുകയും സാമ്പ്രദായിക ധാരണകളെ ഉടച്ചുവാർക്കുകയും ചെയ്യുന്ന കലാപരിസരവും ആവിർഭവിക്കുന്നുണ്ട്.

‘കർത്താവ്’ പലനിലകളിലായി അടയാളപ്പെടുത്തേണ്ടതും മനസിലാക്കേണ്ടതുമായ താക്കോൽ സങ്കൽപ്പനമാണ്. Artificial intelligence ന്റെ വരവും സാങ്കേതികവിദ്യയുടെ വളർച്ചയും കലാകൃത്തിനെപ്പറ്റിയുള്ള മനസിലാക്കലുകൾക്ക് പുതിയരൂപങ്ങളും മാനങ്ങളും നൽകുന്നുണ്ട്. കലാകൃത്തെന്ന ആശയത്തെ സമകാലിക കലയിൽ തന്നെ പല അടരുകളായി വായിക്കാവുന്നതാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 8, 2024 12:19 pm