വർഷങ്ങളായി തമിഴ്‌നാട്ടിലെ ദലിത് തോട്ടിപ്പണിക്കാരുടെ ജീവിതവും മരണവും പകർത്തുന്ന ഫോട്ടോഗ്രാഫറാണ് എം പളനികുമാർ. പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലെ (PARI) സ്റ്റാഫ് ഫോട്ടോഗ്രാഫറായ പളനികുമാർ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജാതി വിവേചനം നേരിടുന്നവരുടെയും ജീവിതാനുഭവങ്ങൾ ക്യാമറയിൽ പകർത്തുന്നു. തോട്ടിപ്പണി ചെയ്യുന്നതിനിടയിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് പളനി ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ തോട്ടിപ്പണിയുടെ ദുരിതം തുറന്നുകാട്ടുന്ന, ദിവ്യ ഭാരതി സംവിധാനം ചെയ്ത ‘കക്കൂസ്’ എന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകൻ കൂടിയായിരുന്നു പളനി. ഇക്കഴിഞ്ഞ കൊച്ചി-മുസിരിസ് ബിനാലെയിലെ ‘കമ്മ്യൂണിറ്റി ഓഫ് ചോയ്‌സ്’ എന്ന ഫോട്ടോഗ്രഫി പ്രൊജക്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു. എം പളനികുമാർ ഫോട്ടോഗ്രഫി ജീവിതത്തെക്കുറിച്ച് മൃദുല ഭവാനിയുമായി സംസാരിക്കുന്നു.
എപ്പോഴാണ് തോട്ടിപ്പണി ചെയ്യുന്നവരുടെ ഫോട്ടോകൾ എടുത്തു തുടങ്ങിയത്?
ഞാൻ ദിവ്യ ഭാരതി സംവിധാനം ചെയ്ത ‘കക്കൂസ്’ എന്ന ഡോക്യുമെന്ററിയിൽ സിനിമാറ്റോഗ്രാഫറായിരുന്നു. 2015ലാണ് ഈ ഡോക്യുമെന്ററി ചെയ്തു തുടങ്ങിയത്. അങ്ങനെയാണ് തോട്ടിപ്പണിയെക്കുറിച്ച് അന്വേഷിച്ച് തുടങ്ങിയതും. കക്കൂസ് ഡോക്യുമെന്ററിയിൽ സിനിമാറ്റോഗ്രാഫറായി ജോലി ചെയ്യുന്നതിന് മുമ്പ് ‘മാനുവൽ സ്‌കാവഞ്ചിങ്’ എന്ന വാക്ക് എനിക്കറിയില്ലായിരുന്നു, ആളുകൾ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ പോകുന്നതിനെക്കുറിച്ചും അറിയില്ലായിരുന്നു. പിന്നീടെനിക്ക് അവരെക്കുറിച്ച് കൂടുതൽ അറിയണമെന്നു തോന്നി. ജീവിതത്തിലേക്ക് ആവശ്യമായ രാഷ്ട്രീയമായ അറിവ് പകർന്നുതന്നത് കക്കൂസ് ഡോക്യുമെന്ററിയിൽ പ്രവർത്തിച്ച കാലമാണ്. ഞാൻ കുറേ വായിക്കുന്നൊരാളാണ്. ആ സമയത്ത് അംബേദ്കറിനെയും പെരിയോറിനെയും വായിക്കുകയായിരുന്നു. ജാതി മനുഷ്യരെ ബാധിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് അറിഞ്ഞ ശേഷമുള്ള വായന. എന്റെ ചെറുപ്പകാലത്ത് സ്‌കൂളിലും കോളേജിലും വിവേചനങ്ങൾ അനുഭവിച്ചിരുന്നു. എന്നാൽ അന്ന് അത് ജാതീയമായ വിവേചനമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചതോടെ ജാതി എന്താണെന്നും ജാതിക്ക് ഇന്ത്യൻ സമൂഹത്തിലുള്ള പങ്കെന്താണെന്നും മനസ്സിലാക്കി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ജാതിയാണ്. ലോകത്ത് മറ്റെവിടെയുമില്ലാത്ത സംവിധാനമാണത്. തോട്ടിപ്പണി വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. അത് ചെയ്യുന്നവരും അവരുടെ കുടുംബവും അവരുടെ മക്കളും അതിന്റെ പ്രയാസങ്ങൾ നേരിടേണ്ടിവരും. ഒരു കുടുംബത്തിലെ ഒരാൾ തോട്ടിപ്പണി ചെയ്യുന്നതിനിടെ മരിക്കുമ്പോൾ അയാളുടെ കുടുംബത്തിലെ മറ്റെല്ലാവരെയും അത് ബാധിക്കും. ഡോക്യുമെന്ററി ചെയ്യുന്ന കാലത്ത് 35 മരണങ്ങളാണ് നമ്മൾ ഡോക്യുമെന്റ് ചെയ്തത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി അവരുടെ കുടുംബാംഗങ്ങളെ ഞങ്ങൾ പോയി കണ്ടിരുന്നു. ഈ പ്രശ്‌നത്തെക്കുറിച്ച് കൂടുതൽ മനസ്സിലായത് അവരെ കണ്ടപ്പോളാണ്. ഇതൊരു ആഴമേറിയ പ്രശ്‌നമാണെന്നും ആരും അതിന് പരിഹാരമുണ്ടാക്കാൻ തയ്യാറാകുന്നില്ലെന്നും മനസ്സിലായി. ഫോട്ടോഗ്രഫി ചെയ്യാൻ തുടങ്ങിയപ്പോൾ പലരും എന്നോടു പറഞ്ഞു, ഫോട്ടോകൾക്ക് വലിയ ചലനമുണ്ടാക്കാൻ കഴിയും, ഫോട്ടോഗ്രഫി യുദ്ധങ്ങളെ ഇല്ലാതാക്കും എന്നൊക്കെ. അതെല്ലാം എന്നിലുണ്ടാക്കിയ ആകാംക്ഷയാണ് ഈ ജോലിയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചത്.
ഒരു ഫ്രീലാൻസ് ഫോട്ടോഗ്രഫർ എന്ന നിലയിൽ എങ്ങനെയാണ് ജീവിതം മുന്നോട്ടുപോകുന്നത്?
വളരെ ബുദ്ധിമുട്ടാണ്, തുടക്കത്തിൽ പ്രത്യേകിച്ചും. ഞാനെടുക്കുന്ന ഫോട്ടോകൾ വേഗം പ്രസിദ്ധീകരിച്ച് കിട്ടണമെങ്കിൽ ആദ്യം ഞാനെന്റെ കഴിവ് തെളിയിക്കണം. ഞാനെന്റെ കഴിവ് തെളിയിച്ചു. പി സായ്‌നാഥ് സ്ഥാപിച്ച പീപ്പ്ൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്. മുമ്പ് കുറേയധികം ജോലികൾ ചെയ്തിട്ടുണ്ട്. ഞാൻ ഈ ജോലി ചെയ്യുന്നത് പൂർണമായും ജനങ്ങൾക്ക് വേണ്ടിയാണ്. പണത്തെക്കുറിച്ച് ഞാനധികം ചിന്തിക്കാത്തത് അതുകൊണ്ടാണ്. തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും എന്റെ ശ്രദ്ധ ജോലിയിൽ മാത്രമായിരുന്നു.
കോവിഡ് ലോക്ഡൗൺ കാലത്തും തോട്ടിപ്പണി ചെയ്യുന്നവരെ താങ്കൾ ക്യാമറയുമായി പിന്തുടർന്നല്ലോ. ആ അനുഭവങ്ങൾ എങ്ങനെയായിരുന്നു?
ലോക്ഡൗൺ കാലത്തും ഞാൻ തോട്ടിപ്പണി ചെയ്യുന്നവരുടെ ഫോട്ടോകൾ തന്നെയാണ് എടുത്തത്. ചുഴലിക്കാറ്റുപോലുള്ള പ്രകൃതിദുരന്തമോ എന്തെങ്കിലും ആരോഗ്യ പ്രതിസന്ധിയോ വരുന്ന സമയത്ത് ഏറ്റവും കൂടുതൽ ജോലി ചെയ്യുക ആരായിരിക്കും? തീർച്ചയായും സാനിറ്റൈസേഷൻ ജോലി ചെയ്യുന്നവർ തന്നെയാണ്. നഗരം വൃത്തിയാക്കുന്നവരെ ഞാനാ കാലയളവിൽ കണ്ടിരുന്നു. കോവിഡ് ബാധിക്കുന്നതിന് മുമ്പ് ചെന്നൈയിൽ ഞാൻ കുറേ വർക്ക് ചെയ്തിരുന്നു. കോവിഡ് കാലത്ത് ജോലി ചെയ്യാൻ ഭയമുണ്ടായിട്ടും ജോലി ചെയ്യാതിരുന്നാൽ തൊഴിൽ നഷ്ടപ്പെടുമെന്നതുകൊണ്ട് മാത്രമാണ് അവർ ജോലി ചെയ്തത്. ഇപ്പോൾ ജോലി ചെയ്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് കോർപ്പറേഷൻ അവരെ ഭയപ്പെടുത്തി. തൊഴിലാളികൾക്ക് വരാൻ കോർപ്പറേഷൻ ബസ് സർവീസ് നടത്തി. ആദ്യമായി മികച്ച ഗതാഗത സംവിധാനം അവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞത് ആ സമയത്താണ്. കോവിഡ് പടരുമോ എന്ന പേടി കാരണം വീട്ടിൽ ചെറിയ കുട്ടികളൊക്കെയുള്ളവർ വീടുകളിലേക്ക് മടങ്ങിപ്പോയില്ല. ജനങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ജോലി ചെയ്യുന്നതെന്നും മറ്റാർക്കും ചെയ്യാൻ കഴിയാത്ത തൊഴിലാണ് ഇതെന്നും അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ കാലുകൾ കഴുകിയതും അവർക്കുമേൽ പുഷ്പവൃഷ്ടി നടത്തിയതും ഒന്നും അവർക്ക് ഗുണം ചെയ്യുന്നില്ല. നമുക്ക് വേണ്ടത് അതൊന്നുമല്ല. തുല്യതയോടെ പരിഗണിക്കപ്പെടണം, മെഡിക്കൽ ഇൻഷുറൻസ് വേണം, പണം വേണം. കോവിഡ് കാലയളവിൽ മാലിന്യ സംസ്‌കരണ തൊഴിലാളികൾ ആരും മരിച്ചിട്ടില്ല എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. അത് സത്യമല്ല. നമ്മുടെ കയ്യിൽ കണക്കുകളില്ല. നമുക്ക് യഥാർത്ഥ ഡാറ്റ ലഭ്യമല്ല.
എന്തുകൊണ്ടാണ് ഇത്രയും അപകടകരമായ സാഹചര്യത്തിൽ മനുഷ്യർക്ക് തോട്ടിപ്പണി ചെയ്യേണ്ടിവരുന്നത്?
മനുഷ്യർ തോട്ടിപ്പണി ചെയ്യുന്നതിനെതിരെ നിരവധി നിയമങ്ങൾ നിലവിലുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന ഒരാൾ മറ്റൊരു ജോലി ചെയ്യാൻ പോയാൽ നഗരത്തിലെ മാലിന്യം ആരാണ് വൃത്തിയാക്കുക? എല്ലാവരും ഈ ചോദ്യം ചോദിക്കുന്നു. പക്ഷെ അവരാരും അവരുടെ തെരുവുകൾ വൃത്തിയാക്കാറില്ല, അവരുടെ സ്വന്തം ഇടങ്ങൾ പോലും വൃത്തിയാക്കില്ല. മാറ്റം എങ്ങനെയാണ് ഉണ്ടാകേണ്ടത് ? എല്ലാവരും മാറണം, അല്ലാതെ ആരുടെയും ജീവിതത്തിൽ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. അസ്പൃശ്യരായ ആളുകളെ സമൂഹത്തിന് ആവശ്യമുണ്ട്, ലോകം വൃത്തിയാക്കാൻ. തോട്ടിപ്പണി തികച്ചും ജാതി അടിസ്ഥാനത്തിലുള്ള തൊഴിലാണ്. നമ്മുടെ സാങ്കേതികവിദ്യ, സംവിധാനങ്ങൾ എല്ലാം വളരെയധികം വികസിച്ചുകഴിഞ്ഞു. നമ്മുടെ കയ്യെത്തും ദൂരത്ത് എല്ലാമുണ്ട്. നമുക്ക് കൊച്ചി ബിനാലെ നടത്താൻ കഴിയുന്നുണ്ട്, അതിനുവേണ്ടി കെട്ടിടങ്ങൾ പണിയുന്നുണ്ട്. മൾട്ടിലെയറുകളിലുള്ള സ്ട്രക്ചറുകൾ നമുക്കുണ്ടാക്കാൻ കഴിയും. പക്ഷെ മാൻഹോൾ വൃത്തിയാക്കാൻ ആരും തയ്യാറല്ല. മെട്രോ ട്രെയ്ൻ, ബുള്ളറ്റ് ട്രെയ്ൻ അങ്ങനെ എന്തെല്ലാം! പക്ഷെ ഈ മനുഷ്യർ മരിക്കാതിരിക്കാനുള്ള ഒരു ഉപകരണം അവരിതുവരെ കണ്ടെത്തിയിട്ടില്ല. ദലിത് സമുദായത്തിന് രാഷ്ട്രീയ അധികാരമില്ല, ഏറ്റവും വലിയ പ്രശ്‌നമതാണ്. എപ്പോഴാണ് അവർ അധികാരം നേടുക? ഇല്ലെങ്കിലത് ബുദ്ധിമുട്ടാണ്.
ചെന്നൈയിൽ കുടിയൊഴിപ്പിക്കൽ നടക്കുമ്പോൾ പളനികുമാറിന്റെ ഫോട്ടോ കവറേജ് കണ്ടിരുന്നു. ഈ കുടിയൊഴിപ്പിക്കൽ എന്തിനായിരുന്നു?
ചെന്നൈ കുടിയൊഴിപ്പിക്കലും ദലിത് സമൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അത് തോട്ടിപ്പണിയുമായി ബന്ധപ്പെട്ടതുമാണ്. ചേരികളിൽ താമസിക്കുന്നവർ ആരാണ്? 98 ശതമാനവും ദലിതരാണ്. മാലിന്യം നീക്കംചെയ്യുന്ന ജോലി, നഗരം വൃത്തിയാക്കുന്ന ജോലി, ആശുപത്രികൾ വൃത്തിയാക്കുന്ന ജോലി, ഓടകൾ നന്നാക്കുന്ന ജോലി ഇങ്ങനെയുള്ള തൊഴിലുകൾ ചെയ്യുന്നവരാണ് ഏറെയും. ചേരികളിൽ താമസിക്കുന്ന മനുഷ്യർ ഒരിക്കലും സുരക്ഷിതരല്ല. എപ്പോഴും അവർ പ്രശ്‌നങ്ങൾ നേരിടും. തീപിടിത്തം, കുടിയൊഴിപ്പിക്കൽ ഇങ്ങനെ പലതും ആവർത്തിച്ചുകൊണ്ടിരിക്കും. വികസനം മറ്റെവിടെ നടക്കുമ്പോഴും ചേരികളിലുള്ളവരെയാണ് അത് ബാധിക്കുന്നത്. ചേരികളിൽ കഴിയുന്ന മനുഷ്യർക്ക് വികസനം അനുഭവിക്കാൻ ആരും അനുവദിക്കുകയില്ല. അവരുടെ ജീവിതം മെച്ചപ്പെട്ടുകഴിഞ്ഞാൽ അവരെ ഇത്തരം ജോലികൾ ചെയ്യാൻ കിട്ടില്ല. ഇതാണ് മാനസികാവസ്ഥ. സ്വന്തമായി ഭൂമിയില്ലാത്ത ജനങ്ങളോടാണ് ഇത് ചെയ്യുന്നത്.
തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ മരണങ്ങൾ താങ്കൾ തുടർച്ചയായി ഫോട്ടോ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. എങ്ങനെയാണ് ഇത്രയേറെ മരണങ്ങളിലൂടെ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ കടന്നുപോകാൻ കഴിയുന്നത്?
കഴിഞ്ഞ ഏഴുവർഷമായി ഞാൻ തോട്ടിപ്പണിക്കാരുടെ മരണങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നു. നാൽപത്തിയെട്ടിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. മാൻഹോളിനകത്ത് ഒരാൾ മരണപ്പെട്ടു എന്ന വിവരം അറിയുന്നത് സഹിക്കാൻ കഴിയില്ല. ഞാനവിടെ പോകുകയും ഫോട്ടോയെടുക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യും. ഓരോ കുടുംബത്തിനും അവരുടെ കഥകൾ പറയാനുണ്ടാകും, അവരുടെ സ്വപ്‌നങ്ങൾ, അവരുടെ കുട്ടികളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ. ഒരാൾ മരിച്ചുകഴിഞ്ഞാൽ അയാളുടെ കുടുംബം പിന്നീട് ജീവിക്കുക പറഞ്ഞറിയിക്കാൻ കഴിയാത്ത ഭയത്തിലാണ്. എവിടെനിന്നും അവർക്ക് പിന്തുണ ലഭിക്കില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക പത്തുലക്ഷം രൂപയാണ്. പക്ഷെ അത് കിട്ടാനും ബുദ്ധിമുട്ടാണ്. അതിനുവേണ്ടിയും കുറേക്കാലം പോരാടണം. അവർക്ക് മറ്റെന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള സാധ്യതയും ഉണ്ടാകില്ല. എനിക്ക് ഇനിയൊരു മരണം കൂടെ ഡോക്യുമെന്റ് ചെയ്യാൻ താൽപര്യമില്ല. അവരിലൊരാളുടെ കുട്ടികളോട് ഞാൻ സംസാരിച്ചിരുന്നു. ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്, ‘അച്ഛനും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. എന്റെ അച്ഛൻ സെപ്റ്റിക് ടാങ്കിനകത്താണ് മരിച്ചതെന്ന് ഞാനെങ്ങനെ എന്റെ സുഹൃത്തുക്കളോട് പറയും?’ എന്റെ ഉള്ളിലേക്കും ഈ വേദന പടർന്നു. ഇത് എന്നെയും ബാധിക്കുന്നുണ്ട്. ഞാൻ നിസ്സഹായനുമാണ്. ഫോട്ടോഗ്രഫി ഒന്നിനെ പെട്ടെന്ന് മാറ്റുന്ന ഒരു ടൂൾ അല്ല. സമയമെടുത്ത് മാത്രമേ ആ മാറ്റം സംഭവിക്കൂ. ഞാനിപ്പോഴും മരണത്തിന്റെ ഫോട്ടോഗ്രാഫറാണ്. ഇപ്പോഴും മരണങ്ങൾ എല്ലായിടത്തും നടക്കുന്നു. അതിൽ ഒരു തീരുമാനമുണ്ടാകുന്നതുവരെ എനിക്കും ജോലി ചെയ്‌തേ പറ്റൂ. ഈ ബീറ്റ് മാത്രം കൈകാര്യം ചെയ്യുന്ന തമിഴ്‌നാട്ടിലെ ഒരേയൊരു ഫോട്ടോഗ്രാഫറാണ് ഞാൻ. എനിക്കറിയാം എന്റെ ജോലി എത്ര പ്രധാനപ്പെട്ടതാണെന്ന്. കഴിഞ്ഞ വർഷം തോട്ടിപ്പണി ചെയ്യുന്നതിനിടെ ആരും മരിച്ചിട്ടില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ നമ്മുടെ കയ്യിൽ രേഖകളുണ്ട്. തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ സമുദായത്തെക്കുറിച്ചുള്ള കൂടുതൽ ഫോട്ടോകൾ ഞാനെടുക്കുന്നത് അതുകൊണ്ടാണ്. അവരിൽനിന്നു തന്നെ ഫോട്ടോഗ്രഫർമാർ ഉണ്ടാകണം. ഒന്നോ രണ്ടോ വർഷം ഫോളോ ചെയ്തതിന് ശേഷം ഇട്ടുപോകാനുള്ള ഒരു വിഷയമല്ല ഇത്. ഏഴുവർഷമായി ഒരാൾ ഇതുതന്നെ ചെയ്യുന്നു എന്നാൽ അയാൾ അതേപ്പറ്റി കാര്യമായി ചിന്തിക്കുന്നു എന്നാണ്. നിങ്ങൾക്ക് സങ്കൽപിക്കാൻ പറ്റാത്തത്രയും മരണങ്ങളാണ് ഞാൻ കണ്ടത്. ഓരോ മരണമുണ്ടാകുമ്പോളും അവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകും. അവർക്ക് ആ മരണപ്പണം ഉപയോഗിക്കാനും കഴിയില്ല. നമുക്ക് പണമല്ല വേണ്ടത്, നമ്മുടെ വേണ്ടപ്പെട്ടവരെയാണ് എന്നാണ് അവർ പറയുന്നത്. പത്തുലക്ഷം രൂപ എന്തുകൊണ്ട് മാൻഹോൾ വൃത്തിയാക്കാനുള്ള യന്ത്രങ്ങളുണ്ടാക്കാൻ ഉപയോഗിച്ചുകൂടാ? അവർക്ക് ആ പത്തുലക്ഷം രൂപ നൽകൽ എളുപ്പമാണ്, കാരണം അവർക്ക് തോട്ടിപ്പണി ചെയ്യാൻ ഈ മനുഷ്യരെ ആവശ്യമുണ്ട്. ഇതാണ് ജാതി. അത്രയും മനുഷ്യത്വരഹിതമായ തൊഴിലാണിത്. ഈ തൊഴിൽ ചെയ്യാൻ സർക്കാർ അവരെ നിർബന്ധിതരാക്കുകയാണ്. ദലിതർ മാത്രമായിരുന്നു ഈ തൊഴിൽ ചെയ്തുവന്നിരുന്നതെങ്കിൽ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരും ഇപ്പോൾ തോട്ടിപ്പണി ചെയ്തുതുടങ്ങി.
തോട്ടിപ്പണി ചെയ്യുന്നതിനിടെയുണ്ടാകുന്ന മരണങ്ങളോട് സർക്കാരിന്റെ സമീപനം എങ്ങനെയാണ്?
തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപനങ്ങൾ പലരും നടത്താറുണ്ട്. തോട്ടിപ്പണി നിർത്തലാക്കുമെന്നും സ്വന്തം ഭരണകാലത്ത് തോട്ടിപ്പണി ചെയ്യുന്നതിനിടെ ആരും മരിച്ചിട്ടില്ലെന്നും പറയും. കേന്ദ്ര സർക്കാർ തോട്ടിപ്പണി യന്ത്രവൽക്കരിക്കാനുള്ള ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലയളവിൽ സാനിറ്റേഷൻ തൊഴിലാളികൾ ഫ്രണ്ട്‌ലൈൻ വർക്കർമാരായി. അതുവരെ ലഭിക്കാത്ത ശ്രദ്ധ അവർക്ക് ലഭിക്കാൻ തുടങ്ങി. കോവിഡിന് ശേഷം സാനിറ്റേഷൻ തൊഴിലാളികൾ ദിവസങ്ങളോളം സമരം ചെയ്തിട്ടും അവരെ ആരും പരിഗണിച്ചില്ല. സമരം എട്ടു ദിവസങ്ങളോളം നീണ്ടു. സമ്പാദ്യങ്ങളൊന്നുമില്ലാത്ത തൊഴിലാളികളാണ്. കർഷകരുടെ സമരം മാസങ്ങളോളം നീണ്ടുനിന്നു. പക്ഷെ സാനിറ്റേഷൻ തൊഴിലാളികൾക്ക് അത്ര നീണ്ട സമരങ്ങൾ ചെയ്യാൻ കഴിയില്ല.
വെങ്കൈവയലിൽ ദലിതരുടെ കുടിവെള്ള ടാങ്കിൽ മലം കലർത്തിയവർ ഇതുവരെയും നിയമത്തിന് മുന്നിലെത്തിയിട്ടില്ല. എന്താണ് അതിന് കാരണം?
ജാതീയമായ മാനസികാവസ്ഥയാണ് കാരണം. ദലിത് സമുദായത്തിൽനിന്നുള്ളൊരാൾ കുറ്റം ചെയ്താൽ എന്തായാലും അവർ ശിക്ഷിക്കപ്പെടും. മനുഷ്യർക്ക് കുടിക്കേണ്ട വെള്ളത്തിൽ മലം കലർത്തുന്ന ആ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ! സമൂഹം വലിയ മൗനം പാലിക്കുകയാണ്. കുറച്ച് ദലിത് സംഘടനകൾ പ്രതിഷേധിച്ചു. പക്ഷെ ഏത് മുഖ്യധാരാ മാധ്യമമാണ് ഈ പ്രതിഷേധസമരങ്ങൾ ടെലികാസ്റ്റ് ചെയ്യുക? ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രമാണ് ഇത്തരം വാർത്തകൾക്ക് പ്രചാരം കിട്ടുന്നത്. ഇത്തരം പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും വളരെ പ്രയാസകരമാണ്. പലർക്കും ജാതി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ താൽപര്യമുണ്ടാകാറില്ല. മാധ്യമങ്ങളിൽ വേണ്ടത്ര ദലിത് പ്രാതിനിധ്യമില്ല. ദലിത് മാധ്യമപ്രവർത്തകർക്കും ദലിത് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുക എളുപ്പമല്ല. ഒരു ദലിത് റിപ്പോർട്ടറെ അത് മാനസികമായി ബാധിക്കും. അതേപ്പറ്റി എഴുതുക എന്നത് വളരെ പ്രയാസകരമാണ്. ഭാവിയിൽ ഇന്ത്യൻ മാധ്യമങ്ങളിൽ കൂടുതൽ ദലിത് പ്രാതിനിധ്യം തീർച്ചയായും ഉണ്ടാകും. ഞാനും അതിന് ശ്രമിക്കുന്നുണ്ട്. ദലിത്, മുസ്ലീം സമുദായങ്ങളിൽ നിന്നും ഫോട്ടോഗ്രാഫർമാരെ വളർത്തിയെടുക്കാനാണ് ഞാൻ ഒരു സ്റ്റുഡിയോ തുടങ്ങിയത്. വ്യാസർപാടിയിൽ ഒരു ഫോട്ടോഗ്രഫി വർക്ക്‌ഷോപ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പത്ത് വിദ്യാർത്ഥികളാണ് അതിൽ പങ്കെടുക്കുന്നത്. അവർ നല്ല ഫോട്ടോകൾ എടുക്കുന്നുണ്ട്.
കുറച്ചുവർഷങ്ങൾക്ക് മുമ്പ് ക്യാമറ വളരെ കുറച്ചുപേരുടെ കൈകളിൽ ഒതുങ്ങിയ ഒരു ഉപകരണമായിരുന്നു. ഇന്നത് മാറി. നമുക്കിപ്പോൾ ക്യാമറ കുറച്ചുകൂടെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയും. ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പിനിടെ ആദ്യ ദിവസം തന്നെ ഞാൻ കുട്ടികളുടെ കയ്യിൽ ക്യാമറ കൊടുക്കും. ക്യാമറ അത്ര വലിയൊരു സംഗതിയല്ല. എന്റെ കാര്യത്തിൽ ആദ്യമായി ഒരു ക്യാമറ കയ്യിൽ കിട്ടുക എന്നത് എളുപ്പമായിരുന്നില്ല. പക്ഷെ എന്റെ വിദ്യാർത്ഥികൾക്ക് അത് എളുപ്പം കിട്ടുന്നുണ്ട്. ദലിതരായ ആളുകൾക്ക് ക്യാമറ എളുപ്പം കിട്ടുകയില്ല. തുടക്കത്തിൽ ഫോട്ടോഗ്രഫി സവർണ്ണ ജാതിക്കാരുടെ കയ്യിലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. എന്റെ സ്റ്റുഡിയോയിൽ ഒരു ഫോട്ടോ ലൈബ്രറിയുണ്ട്, ഒരു ഐമാക് കംപ്യൂട്ടർ ഉണ്ട്, ഒരു ഫോട്ടോഗ്രഫി സ്‌കൂൾ പോലെയാണത് പ്രവർത്തിക്കുന്നത്.
സ്ട്രീറ്റ് ഫോട്ടോഗ്രഫിയെ സംബന്ധിച്ച് പല ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിൽ ചില ഫോട്ടോഗ്രാഫർമാർ മാർക്കറ്റുകളെ പശ്ചാത്തലമാക്കിക്കൊണ്ട് മോഡലിങ് ഫോട്ടോഗ്രഫി ചെയ്യാറുണ്ട്. തെരുവ് ഫോട്ടോഗ്രഫി പലപ്പോഴും തുറന്ന തെരുവിൽ ജോലി ചെയ്യുന്ന ആളുകളിൽ, അവരുടെ തൊഴിലുകളിൽ ഫോക്കസ് ചെയ്തുകൊണ്ടുള്ള objectifying മാത്രമാകുന്നു എന്ന വിമർശനം നേരിടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം ഫോട്ടോഗ്രാഫർമാർ അടഞ്ഞ കഫേകളിലേക്കോ ജ്വല്ലറികളിലേക്കോ റസ്‌റ്റോറന്റുകളിലേക്കോ പബ്ബുകളിലേക്കോ പോകാറുമില്ല. ഇതേപ്പറ്റി എന്താണ് പറയാനുള്ളത്?
ഇത് ഫോട്ടോഗ്രാഫറുടെ ചോയ്‌സിനെ സംബന്ധിച്ചുള്ള കാര്യമാണ്. ഒരാൾക്ക് സ്ട്രീറ്റ് ഫോട്ടോഗ്രഫി ചെയ്യാൻ താൽപര്യമില്ലെങ്കിൽ അത് അയാളുടെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നു. അവർ എവിടെനിന്ന് വരുന്നു എന്നതനുസരിച്ചിരിക്കും. ചിലർക്ക് പൊളിറ്റിക്കൽ ഫോട്ടോഗ്രഫി ചെയ്യാനാകും താൽപര്യം. അതും അവരുടെ പ്രത്യയശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. തൊഴിലാളി വർഗ ജനതയിലേക്കാണ് എപ്പോഴും ഫോട്ടോഗ്രാഫർമാർ പോകുന്നത്. നമ്മൾ സവർണരുടെ താമസസ്ഥലങ്ങളിലോ തൊഴിൽ സ്ഥലങ്ങളിലോ ഫോട്ടോ എടുക്കുവാൻ പോകുകയില്ല. നമുക്കത് ചെയ്യാൻ കഴിയില്ല. സ്ട്രീറ്റ് ഫോട്ടോഗ്രാഫുകൾ വരുന്നത് തൊഴിലാളി വർഗത്തെ അടിസ്ഥാനപ്പെടുത്തിയോ അവരിലെ ദലിതരെ അടിസ്ഥാനപ്പെടുത്തിയോ ആയിരിക്കും. ആരും മേൽജാതിക്കാരുടെ ഗ്രാമങ്ങളിലേക്കോ മേൽജാതിക്കാരുടെ വീടുകളിലേക്കോ പോയി ഫോട്ടോ എടുക്കുകയില്ല, അത് വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയൊരു ജോലി ചെയ്യുമ്പോൾ അന്തസ്സിനെ കുറിച്ച്, ആത്മാഭിമാനത്തെക്കുറിച്ച് ഓർക്കേണ്ടത് വളരെ പ്രധാനമാണ്. ആളുകളുടെ ഫോട്ടോയെടുക്കാൻ പോകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അമ്മയുടെയോ അച്ഛന്റെയോ മറ്റു ബന്ധുക്കളുടെയോ ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. അപ്പോൾ നിങ്ങൾക്കത് അന്തസ്സോടെ ചെയ്യാൻ കഴിയും. ആളുകളുടെ വിശ്വാസവും പ്രതീക്ഷയും നേടിയെടുക്കലാണ് ഏറ്റവും വലിയ കാര്യം. അവരുമായി സംസാരിക്കാതെ അവരെ പുറമേ നിന്ന് പകർത്തുന്നതിൽ എനിക്ക് താൽപര്യമില്ല. എന്നെ സംബന്ധിച്ച് ഫോട്ടോഗ്രഫി എന്നാൽ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക എന്നാണ്. അവരെക്കുറിച്ച് ആത്മാഭിമാനം ചോർത്തിക്കളയാതെ, സത്യസന്ധമായി പറയാൻ കഴിയണം.