

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായ നാളുകളിൽ ഏറ്റവും ഭീതിയോടെ കഴിയേണ്ടി വന്നവരാണ് ജമ്മു കശ്മീരിന്റെ അതിർത്തി ഗ്രാമങ്ങളിൽ ജീവിക്കുന്ന മനുഷ്യർ. ഷെല്ലാക്രമണമോ വെടിവയ്പ്പോ ഉണ്ടാകുമെന്ന ഭീതിയിൽ 19 ദിവസമാണ് അവർ ഉറങ്ങാതെ കഴിച്ചുകൂട്ടിയത്. സാധാരണനില കൈവരിക്കാൻ പിന്നെയും എടുത്തു ഏറെ നാളുകൾ. ഭൂപ്രദേശങ്ങൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ നടക്കുന്ന അവസാനമില്ലാത്ത തർക്കങ്ങൾ ഏറ്റവും രൂക്ഷമായി ബാധിക്കുന്നവരാണ് അതിർത്തി പ്രദേശത്തെ മനുഷ്യർ.
പാക് അധിനിവേശ കശ്മീരുമായി അതിർത്തി പങ്കിടുന്ന ജമ്മു കശ്മീരിലെ ബാരാമുള്ള, കുപുവാര ജില്ലയിലെ ജനജീവിതം എന്നും ഭീതിയുടെ മുൾമുനയിലാണ്. സൈനിക സംഘർഷങ്ങളും ഷെല്ലിംഗും പതിവായിത്തീർത്ത താഴ്‌വരകൾ. ബാരാമുള്ള, കുപുവാര ജില്ലകളിൽ നിൽക്കുമ്പോൾ Line of Control (LoC) എന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി. ഈ LoC നദികളാലും മലഞ്ചരിവുകളാലുമാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. നീലം നദിയ്ക്കപ്പുറം പല പ്രദേശങ്ങളും പാകിസ്താന്റെ കൈവശമാണ്. പുഴയ്ക്ക് കുറുകെ പാലങ്ങളുണ്ടെങ്കിലും അവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. രാജ്യങ്ങൾ സംഘർഷത്തിലാണെന്നോ, തർക്കത്തിലാണെന്നോ ചിന്തയില്ലാതെ ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങൾ ഒരു പുഴയ്ക്കപ്പുറം ഇപ്പുറം സമാധനത്തോടെ കഴിയുന്നു. എന്നാൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാനിടയുള്ള ഒരാക്രമണത്തിന്റെയോ പ്രത്യാക്രമണത്തിന്റെയോ പേടി അവരെ വിടാതെ പിന്തുടരുന്നു. പഹൽഗാം ആക്രമണത്തിനും ഏറെ മുമ്പ് ബാരാമുള്ള, കുപുവാര ജില്ലകളിലെ നിയന്ത്രണ രേഖയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളാണ് ഇവ.









































