ബിഗ് ബോസും സൈബർ ഇടങ്ങളിലേക്ക് പടരുന്ന ക്വിയർഫോബിയയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

‘ഞാനെന്റെ വീട്ടിൽ കയറ്റും അവരെ’.

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറിന്റെ ഈ മാസ് ഡയലോഗ് സമൂഹ മാധ്യമങ്ങളിലടക്കം വൻ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടു. എന്നാൽ ഇതൊരു സിനിമാ ഡയലോഗായിരുന്നില്ല, മലയാളത്തിലെ നമ്പർ വൺ റിയാലിറ്റിഷോയായ ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസണിലെ (2025 ആഗസ്റ്റ്-നവംബർ) ഒരു എപ്പിസോഡിൽ വച്ച് അവതാരകൻ കൂടിയായ മോഹൻലാൽ പറഞ്ഞതാണ് ഈ ഡയലോഗ്. സീസൺ -7 ലെ ലെസ്ബിയൻ പങ്കാളികളായ ആദില നസ്റിൻ-നൂറ ഫാത്തിമ എന്നിവരെ സഹമത്സരാർത്ഥിയായ വേദ ലക്ഷ്മി, ‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ’ എന്ന് പറഞ്ഞ് അപമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മോഹൻലാലിന്റെ മറുപടിയായിരുന്നു അത്. എപ്പിസോഡ് ടെലകാസ്റ്റ് ചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ പ്രമോ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായി. ആകാംക്ഷയോടെ ആ എപ്പിസോഡ് കാണാൻ മലയാളികൾ കാത്തിരുന്നു. ലക്ഷ്മിയെ വഴക്ക് പറഞ്ഞതിനൊപ്പം ആദിലയെയും നൂറയെയും തന്റെ വീട്ടിൽ കയറ്റുമെന്നുകൂടി മോഹൻലാൽ പറയുന്നത് കണ്ട് മലയാളി പ്രേക്ഷകർ അഭിമാനപുളികിതരായി. എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതോടെ ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും മോഹൻലാലിന്റ പുരോഗമന മനോഭാവം പ്രകീർത്തിക്കപ്പെട്ടു. ആദിലക്കും നൂറക്കും വലിയ പിൻതുണയും ലഭിച്ചു. ദേശീയ മാധ്യമങ്ങൾ വരെ ഇത് സംബന്ധിച്ചും ബിഗ്ബോസ് മലയാളികളിൽ ഉണ്ടാക്കുന്ന മാറ്റത്തെ പ്രശംസിച്ചും റിപ്പോർട്ടുകളെഴുതി.

അതേസമയം, മോഹൻലാൽ ശകാരിച്ചിട്ടും LGBTQIA+ കമ്യൂണിറ്റിയെ നോർമലൈസ് ചെയ്യുന്നതിനോട് താത്പര്യമില്ലെന്ന് പറയാൻ ലക്ഷ്മി കാണിച്ച ധൈര്യത്തെ പുകഴ്ത്തി, ക്വിയർ വിദ്വേഷം പ്രകടിപ്പിക്കുന്ന ഒരു വിഭാഗവും സൈബറിടങ്ങളിൽ സജീവമായി. ക്വിയർ വ്യക്തികളെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെങ്കിലും ലക്ഷ്മി പറഞ്ഞത് മനുഷ്യത്വരഹിതമാണെന്ന അഭിപ്രായങ്ങളും ഉയർന്നുവന്നു. ബിഗ് ബോസ് മലയാളം ഷോ ടെലകാസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ക്വിയർ വിദ്വേഷം വമിക്കുന്ന സമൂഹ മാധ്യമ ഇടങ്ങൾ മിക്കതും ആദിലക്കും നൂറക്കും അനുകൂലമായി മാറി. പോകെപ്പോകെ അവരെ പൂമ്പാറ്റകളെന്ന വിളിപ്പേരിൽ വിളിക്കാൻ തുടങ്ങി. അവസാന ഏഴ് മത്സരാർത്ഥികളിൽ ഉൾപ്പെട്ടിരുന്ന ഇരുവരും എന്നാൽ ഫിനാലിയിലെത്താതെ പുറത്തായി.

നൂറ ഫാത്തിമ, ആദില നസ്റിൻ

ആദിലയും നൂറയും പുറത്തായതിന് പിന്നാലെ 95 ദിവസത്തിന് മുകളിൽ ബിഗ്ബോസ് വീട്ടിൽ കഴിഞ്ഞ ഇവർ ലക്ഷ്മി പറഞ്ഞതുപോലെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന തരത്തിൽ കമന്റുകളും സൈബർ ആക്രമണങ്ങളും രൂപപ്പെട്ടു. ബിഗ്ബോസ് മലയാളം സീസൺ സെവനിലെ വിന്നറും പ്രേക്ഷക പിന്തുണ ഏറെയുള്ള സഹമത്സരാർത്ഥിയുമായ അനുമോളുമായി ആദിലക്കും നൂറക്കും ഉണ്ടായിരുന്ന സൗഹൃദത്തിൽ അവസാന ദിവസമുണ്ടായ വിള്ളലായിരുന്നു മലയാളി പ്രേക്ഷരുടെ ഈ ഇഷ്ടക്കേടിന് കാരണം. എന്നാൽ വ്യക്തിപരമായ ഇഷ്ടക്കേടിനെ വിമർശിക്കാൻ സമൂഹ മാധ്യമങ്ങളിലുടനീളം ഉപയോഗിച്ചത് ലക്ഷ്മിയെന്ന മത്സരാർത്ഥി പറഞ്ഞ ക്വിയർ വിദ്വേഷ പരമാർശത്തെയാണ്. വ്യക്തികളുടെ സ്വഭാവത്തെ വിമർശിക്കാൻ അവരുടെ സെക്ഷ്വാലിറ്റി സംബന്ധിച്ച് ഒരാൾ നടത്തിയ വിദ്വേഷ പരാമർശത്തെ ഉപയോഗിച്ചതിലൂടെ പുറത്തുവന്നത് മലയാളികളുടെ പൊതുബോധത്തിൽ മറഞ്ഞുകിടന്ന ക്വിയർഫോബിയയാണ്.

ആദിലയ്ക്കും നൂറയ്ക്കും എതിരെ വന്ന കമന്റ്

കേരളത്തിലെ നമ്പർവൺ റിയാലിറ്റിഷോയായ ബിഗ്ബോസ് മലയാളത്തിന്റെ അടിസ്ഥാനത്തിൽ സൈബറിടങ്ങളിലെ ക്വിയർഫോബിയയേയും സൈബർ ആക്രമണങ്ങളേയും വിശകലനം ചെയ്യുകയാണ് ഈ ലേഖനം.

ബിഗ്ബോസ് മലയാളം ഷോ

1999 ൽ ഡെന്മാർക്കിൽ സേപ്രേക്ഷണം ചെയ്ത ‘ബിഗ് ബ്രദർ’ എന്ന റിയാലിറ്റിഷോയുടെ ഇന്ത്യൻ പതിപ്പാണ് ‘ബിഗ് ബോസ്’. ലോകത്തെ പല ഭാഷകളിൽ ബിഗ് ബ്രദർ ഷോ പ്രക്ഷേപണം ചെയ്തിരുന്നു. സമൂഹത്തിലെ വത്യസ്ത മേഖലകളിലുള്ള മനുഷ്യരെ, പുറം ലോകവുമായി ബന്ധമില്ലത്ത ഒരിടത്ത് 100 ദിവസം ഒരുതരത്തിലുള്ള ആശയ വിനിമയ മാർഗങ്ങളുമില്ലാതെ താമസിപ്പിക്കുന്നതാണ് ഷോയുടെ ആശയം. 2006 ൽ ഹിന്ദിയിലാണ് ഇന്ത്യയിൽ ആദ്യമായി ബിഗ്ബോസ് തുടങ്ങുന്നത്. ബിഗ് ബോസ് ഷോയിൽ വ്യത്യസ്ത മേഖലകളിലെ പ്രശസ്തരായവരാണ് മത്സരിക്കാനെത്തിയത് എന്നുള്ളതുകൊണ്ട് വലിയ പ്രേക്ഷക പിന്തുണ ഈ പരിപാടിക്ക് ലഭിച്ചു. 2018 ലാണ് ബിഗ്ബോസ് മലയാളം സീസൺ ആരംഭിച്ചത്. ഇതുവരെ ഏഴ് സീസണുകളാണ് പൂർ‌ത്തിയായത്.

ബിഗ്ബോസും ക്വിയർ മത്സരാർത്ഥികളും

ബിഗ്ബോസ് മലയാളത്തിന്റെ ആദ്യത്തെ സീസണിൽ നടിയും ട്രാൻ‌സ് വുമണായ അ‍ഞ്ജലി അമീർ മത്സരിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രിയിൽ‌ എത്തിയ അഞ്ജലി ആരോഗ്യ പ്രശ്നത്തെത്തുടർന്ന് ഷോയിൽ ക്വിറ്റ് ചെയ്ത് പോകുകയായിരുന്നു. ക്വിയർ കമ്മ്യൂണിറ്റിയെ പിന്തുണക്കുന്ന മത്സരാർത്ഥികൾ പിന്നീട് ഉണ്ടായിരുന്നുവെങ്കിലും കമ്മ്യൂണിറ്റിയിൽ നിന്നുള്ള അംഗങ്ങൾ നാലാമത്തെ സീസൺ വരെ ഉണ്ടായിരുന്നില്ല. നാലാമത്തെ സീസണിന്റെ പ്രമോഷണൽ വീഡിയോ തന്നെ ക്വിയർ മത്സരാർത്ഥികളുണ്ടാകുമെന്ന് സൂചന നൽകുന്ന തരത്തിലായികരുന്നു. ഇനി സംഗതി കളറാകും എന്ന ടാഗ് ലൈനോടുകൂടി വന്ന പ്രമോയിൽ ഒരു യുവാവും യുവതിയും ഒരുപോലെ തങ്ങൾക്ക് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പറയുന്നതും, വ്യത്യസ്തകളാണ് ഈ ലോകത്തെ കളറാക്കുന്നത്, ജീവൻ നൽ‌കുന്നത് എന്ന് പറയുന്ന മോഹൻലാലിനെയും കാണാം. 2022 മാർച്ചിൽ ആരംഭിച്ച സീസൺ ഫോറിൽ പ്രമോ വീഡിയോയിൽ പറഞ്ഞതുപോലെ തന്നെ രണ്ട് ലെസ്ബിയൻ മത്സരാർത്ഥികളുണ്ടായിരുന്നു. അമേരിക്കൻ പൗരയും ഇംഗ്ലീഷ് ട്രെയിനറുമായ അപർണ മൾബറിയും, ഫിറ്റ്നെസ് കോച്ച് ജാസ്മിൻ എം മൂസയും. മജീഷ്യനായ അശ്വിൻ വിജയ് എന്ന മത്സരാർത്ഥി ഷോയിൽ വെച്ച് തന്നെ താൻ ഗേ ആണെന്ന് പറയുകയും (coming out) ഉണ്ടായി.

ഇനി സംഗതി കളറാകും എന്ന പ്രമോഷണൽ വീഡിയോ

കമ്മ്യൂണിറ്റിയിൽ നിന്ന് ആളുകളെ ഈവിധം ഉൾപ്പെടുത്തുന്നതിന്റെ ഉദ്ദേശം തന്നെ ഷോയുടെ റേറ്റിങ് കൂട്ടുക എന്നതാണെന്ന് കേരള യൂണിവേഴ്സിറ്റിയിലെ ഗവേഷകനും ബിഗ്ബോസ് പ്രേക്ഷകനുമായ സജിത്ത് എം.എസ് പറയുന്നു. “ഷോ മേക്കേഴ്സിന്റെ പ്രധാന നിലപാടാണ് LGBTQIA+ കമ്മ്യൂണിറ്റി റെപ്രസെന്റേഷൻ എല്ലാ ഭാഷകളിലും കൊണ്ട് വരുക എന്നുള്ളത്, ആദില-നൂറയെ ഷോയിലോട്ട് കൊണ്ടുവരാൻ തന്നെ കാരണം എങ്ങനെയാണ് ലെസ്ബിയൻ കപ്പിൾസിന്റെ പ്രണയം, ഇവർ എങ്ങനെയാണ് അവരുടെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുക, കോൺഫ്ലിക്റ്റ് മാനേജ്മെന്റ്, ബന്ധങ്ങൾക്കിടയിലെ കാര്യങ്ങൾ ഇതെല്ലാം കാണിക്കാനാണ്. കാരണം എല്ലാ എപ്പിസോഡിലും ഇരുവരും സംസാരിക്കുന്നത് എയർ ചെയ്യുമായിരുന്നു. പ്രേക്ഷകർകക്ക് അവരുടെ ജീവിതമെങ്ങനെയെന്ന് കാണാനുള്ള താത്പര്യത്തെ ചൂഷണം ചെയ്യുക എന്നതാണ് എല്ലാ കോർപ്പറേറ്റ് ഷോകളെയും പോലെ ഈ ഷോയുടെയും ലക്ഷ്യം.”

സീസണിൽ 5 ൽ നാദിറ മെഹറിൻ എന്ന ട്രാൻസ് വുമൺ മത്സരാർത്ഥിയായി എത്തുകയും വലിയ പ്രേക്ഷക പിന്തുണ നേടുകയും ഫിനാലെക്ക് തൊട്ട് മുൻപ് ബിഗ്ബോസിലെ പണപ്പെട്ടി ടാസ്കിൽ പണപ്പെട്ടി സ്വീകരിച്ച് പുറത്ത് പോകുകയും ചെയ്തു. അതേ സീസണിൽ മത്സരാർ‌ത്ഥിയായി എത്തിയ അഞ്ജുസ് റോഷ് ഷോയിൽ പങ്കെടുത്ത സമയത്ത് തനിക്ക് അഞ്ച് വർഷത്തോളം ഒരു പെൺകുട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തെ പറ്റി തുറന്നുപറഞ്ഞിരുന്നു. ആറാം സീസണിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ് എന്ന ട്രാൻസ് വുമൺ, മിസ്റ്റർ ഗേ വേൾ‍ഡ് റണ്ണറപ്പായ അഭിഷേക് ജയദീപ് എന്നിവരും പങ്കെടുത്തിരുന്നു. ഇതേ സീസണിൽ തന്നെ സാധാരണക്കാരിൽ നിന്ന് മത്സരാർത്ഥിയായി എത്തിയ റെസമിൻ സഹമത്സരാർത്ഥിയായ സ്ത്രീയോട് ‘ക്രഷ്’ തോന്നി എന്ന് പറഞ്ഞിരുന്നു. എന്നാൽ തന്റെ സ്വത്വം ഷോയിലോ ഷോയ്ക്ക് ശേഷമോ റെസ്മിൻ വെളിപ്പെടുത്തിയിരുന്നില്ല.

സജിത്ത് എം.എസ്

2025 ലെ ഏഴാം സീസണിലെ മത്സരാർത്ഥികളായ ആദില നസ്റിനും നൂറ ഫാത്തിമയും ഇതുവരെയുള്ള സീസണിലെ ആദ്യത്തെ ലെസ്ബിയൻ പങ്കാളികളാണ്. തന്റെ പങ്കാളിയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ആദില നസ്റിൻ 2022 ൽ കേരള ഹൈക്കോടതിയിൽ കൊടുത്ത ഹേബിയസ് കോർപ്പസിനെ തുടർന്ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ‌ ഹൈക്കോടതി ഒന്നിച്ച് ജീവിക്കാൻ അനുവദിക്കുകയായിരുന്നു ഇവരെ.

“ഏതൊരു ഷോയും കച്ചവട ലക്ഷ്യത്തിനാണെന്ന് വിശ്വസിക്കുന്നു, അതിന് വേണ്ടി തന്നെയായിരിക്കുമല്ലോ എല്ലാവരും ചെയ്യുന്നതും. അതിന് ആവശ്യമായ വിഭവങ്ങളൊക്കെ അതിലവർ ഉൾപ്പെടുത്തുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. എന്നാൽ ബിസിനസ് ലക്ഷ്യങ്ങൾ വെച്ചാണെങ്കിലും സ്റ്റിൽ കമ്മ്യൂണിറ്റിക്കൊരു പോസിറ്റീവ് ഉണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു. നമ്മളെപ്പോലെ തന്നെ മനുഷ്യരാണ് അവരെന്ന് സ്ക്രീനിൽ കാണുമ്പോ മനസ്സിലാക്കാൻ ഷോ കൊണ്ട് പറ്റിയിട്ടുണ്ട്.” അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചൻ അഭിപ്രായപ്പെട്ടു.

അനു പാപ്പച്ചൻ

ക്വിയർ കമ്മ്യൂണിറ്റിയെ പിന്തുണക്കുന്ന (LGBTQIA+ ally) മത്സരാർത്ഥികളും പല സീസണുകളിലുമുണ്ടായിരുന്നു. എടുത്ത് പറയേണ്ട മത്സരാർത്ഥി റിയാസ് സലീമാണ്. ബിഗ് ബോസ് കൊടുത്ത ഒരു ടാസ്കിനിടയിൽ LGBTQIA+ എന്നാൽ എന്താണെന്ന് വാക്കുകളോരാന്നായി എടുത്തു പറഞ്ഞ് സഹമത്സരാർ‌ത്ഥിയോട് വിവരിക്കുകയുമുണ്ടായി. ആ എപ്പിസോ‍ഡ് കുടുംബ പ്രേക്ഷകർക്കിടയിൽ ക്വിയർ കമ്മ്യൂണിറ്റിയെ കുറിച്ച് സാക്ഷരത നൽകുന്ന ഒന്നായി മാറിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമ ഇടങ്ങളിലും ആ എപ്പിസോഡിന് വൻ സ്വീകാര്യതയുണ്ടായി.

എന്നാൽ, ക്വിയർ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെ ഒരു പ്രത്യേകതരം ഫ്രെയിമിനകത്ത് നിൽക്കുന്ന ആൾക്കാരാണ് ബിഗ് ബോസ് ഷോയിലൂടെ അവതരിപ്പിക്കപ്പെടാറുള്ളതെന്നാണ് ക്വിയർ വ്യക്തിയും രാഷ്ട്രീയ നിരീക്ഷകരും ആയ നസീമ നസ്രിൻ പറയുന്നത്. “പൊതുബോധത്തിന് അപരത്വം ഒന്നും ഫീൽ ചെയ്യാത്ത ക്വിയർ ശരീരങ്ങളെ പ്രതിഷ്ഠിക്കുക. എനിക്ക് ഓർമ്മയുണ്ട്, തുടക്കത്തിൽ ഇതിൽ വന്നിട്ടുള്ള ട്രാൻസ് സ്ത്രീ കമ്മ്യൂണിറ്റി വിരുദ്ധമായിട്ടുള്ള പരാമർശങ്ങളൊക്കെ ഷോയിൽ നടത്തിയിട്ടുണ്ടായിരുന്നു. ഇവർക്ക് സെൻസേഷണലൈസ് ചെയ്യാൻ പറ്റുന്ന, സമൂഹത്തിന്റെ പൊതുബോധത്തിന് പലരീതിയിൽ ഉൾക്കൊള്ളാൻ പറ്റുന്ന കാര്യങ്ങൾ പറയുന്ന ആൾക്കാർ, അതല്ലെങ്കിൽ ഭാഷ കൊണ്ടും ക്ലാസുകൊണ്ടുമൊക്കെ ചില കാര്യങ്ങൾ സംഭവിക്കുന്ന ഐഡന്റിറ്റികൾ, അങ്ങനെയൊക്കെയുള്ള ആളുകളെയാണ് ഇവർ അവതരിപ്പിക്കുക.”

നസീമ നസ്രിൻ

സൈബർ ആക്രമണവും ക്വിയർ സമൂഹവും

സീസണുകൾ പിന്നിടുമ്പോഴെല്ലാം ഷോ ക്വിയർ മത്സരാർ‌ത്ഥികളുടെ പ്രാതിനിധ്യം കൂടിവന്നു. അതുപോലെ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് ഷോയ്ക്കുള്ളിൽ മത്സരാർത്ഥികൾ തമ്മിൽ ചർച്ചകളുണ്ടാവുകയും ചെയ്തു. ഒരുവശത്ത് സമൂഹ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചകൾക്ക് കാരണമായി. ചില മാധ്യമങ്ങളും പ്രേക്ഷക സമൂഹവും ഇത്തരം ഇടപെടലുകൾ സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മറുവശത്ത് ബിഗ്ബോസ് സീസണുകളിലെ ക്വിയർ മത്സരാർത്ഥികൾക്ക് സമൂഹ മാധ്യമങ്ങളിലും ഡിജിറ്റൽ ഇടങ്ങളിലും നേരിടേണ്ടി വരുന്നത് കൂട്ടമായ സൈബർ ആക്രമണമാണ്.

തന്റെ സ്വത്വം തുറന്നു പറഞ്ഞ് അധികം വൈകാതെ തന്നെ സീസൺ ഫോറിൽ നിന്ന് പുറത്തായ അശ്വിൻ വിജയ്ക്ക് ഷോയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങ് നേരിടേണ്ടി വന്നതായി അഭിമുഖങ്ങളിൽ അശ്വിൻ പറയുകയുണ്ടായി. അതേ സീസണിലെ ജാസ്മിൻ എം മൂസ, സഹമത്സരാർത്ഥിയായ അപർണയോട് നേരത്തെ തനിക്ക് തോന്നിയ ആകർഷണത്തെ കുറിച്ച് ഷോയിൽ വെച്ച് തന്നെ സംസാരിച്ചിരുന്നു. അത് സൈബർ ലോകം കണ്ടത് സദാചാര കണ്ണിലൂടെ ആയിരുന്നു.

ജാസ്മിൻ എം മൂസ

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ക്വിയർ വിരുദ്ധതയുടെ തെളിവാണ് ഷോ കഴിഞ്ഞതിന് ശേഷം ഇവർ നേരിടേണ്ടി വരുന്ന സൈബർ ആക്രമണമെന്നാണ് സജിത്ത് വിലയിരുത്തുന്നത്. “ഷോയുടെ അകത്ത് പ്രേക്ഷരുടെ ഇഷ്ടം നേടുന്നവർ പോലും ഷോ കഴിഞ്ഞ് പുറത്ത് വരുമ്പോൾ ധാരാളം സൈബർ അറ്റാക്ക് നേരിടേണ്ടി വരും. അതിന്റെ ഒരു കാരണം ഈ ഷോയിലൂടെ അവർക്ക് കിട്ടുന്ന ഒരു ദൃശ്യതയാണ്. സീസൺ അഞ്ചിലെ നാദിറ മെഹറിനെ ഒരുപാടുപേർക്ക് ഇഷ്ടമായിരുന്നു. പക്ഷേ, പുറത്തോട്ട് വന്നതിന് ശേഷമാണ് നാദിറ കൂടുതൽ സൈബർ അറ്റാക്ക് നേരിട്ടത്. അതായത് ഷോയുടെ അകത്ത് പ്രേക്ഷകരിൽ നിന്ന് കിട്ടിയ സ്നേഹം, അത് കൂടുതലും കുടുബപ്രേക്ഷകരുടെ സ്നേഹമാണ്. ഷോ കഴിഞ്ഞാൽ കുടുംബപ്രേക്ഷകർ അങ്ങനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യണമെന്നില്ലല്ലോ. ബിഗ്ബോസിലെ പ്രേക്ഷകരിൽ വളരെ ചെറിയ വിഭാഗം മാത്രമേ ഷോ കഴിഞ്ഞ ശേഷവും ഇവരെ ഫോളോ ചെയ്യുന്നവരുള്ളൂ. ടെലിവിഷനിൽ‌ എയർ ചെയ്യുന്ന പരിപാടി ആയതുകൊണ്ട് തന്നെ സ്മാർട്ട് ഫോൺ ഒന്നും യൂസ് ചെയ്യാത്ത പ്രേക്ഷകരുടെ സപ്പോർട്ടേ ഇവർക്കുള്ളൂ. അവർ വോട്ട് ചെയ്യണമെന്ന് പോലും ഇല്ല. നാദിറ പുറത്ത് വന്ന ശേഷം സമൂഹത്തിന് ഇങ്ങനെയൊരാളെ അംഗീകരിക്കാൻ വയ്യ, എത്രത്തോളം വിസിബിലിറ്റി കൂടുന്നോ അത്രത്തോളം അവർ നേരിടുന്ന സൈബർ അറ്റാക്ക് കൂടുന്നു. ഷോയിൽ വരുമ്പോൾ വലിയൊരു വിസിബിലിറ്റി അവർക്ക് കിട്ടുന്നു. അപ്പോ സമൂഹത്തിലുള്ള ക്വിയർ ഫോബിയ മുഴുവൻ ഇവർക്ക് കിട്ടുന്ന അംഗീകാരത്തിൽ സഹിക്കാൻ പറ്റാതെ തെറിവിളിയായിട്ട് മാറുന്നു.”

സൈബർ ഇടത്തിലെ വിദ്വേഷ പരാമർശങ്ങൾ

ഇപ്പോഴും നാദിറയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് താഴെ അവർ ട്രാൻസ് വുമൺ ആകുന്നതിന് മുമ്പുള്ള പേര് വിളിച്ചുകൊണ്ടുള്ള കമന്റുകൾ കാണാം. അതേ സീസണിലെ അഞ്ജുസ് ജോഷി ഒരു ടോംബോയ് ലുക്കിലാണ് ഷോയിലെത്തിയത്. അവർ തനിക്ക് ഒരു സ്ത്രീയുമായി ഉണ്ടായിരുന്ന പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം അവരെ ഡിജിറ്റൽ ഇടങ്ങളിൽ പലപേരുകൾ വിളിച്ചും, അവർ സഹസ്ത്രീ മത്സരാർത്ഥികളോട് ഇടപഴകുന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിലുമായിരുന്നു അധിക്ഷേപം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണിക്കും അവരുടെ ഭാഷയും പെരുമാറ്റവും രൂപവും ചേർത്തുള്ള ബുള്ളിയിങ്ങ് ഉണ്ടായി. അവരുടെ ഫോട്ടോയ്ക്കും വീഡിയോയ്ക്കും മലയാളത്തിലെ ഒരു നടന്റെ പേര് പറഞ്ഞാണ് സൈബർ ഇടങ്ങളിലെ ക്വിയർഫോബിയ ആശ്വാസം കണ്ടെത്തുന്നത്. കായിക അധ്യാപിക കൂടിയായ റെസ്മിനും, സ്വത്വം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, വസത്രധാരണ രീതിയും പെരുമാറ്റ രീതിയും വെച്ചും, സഹ സ്ത്രീ മത്സരാർത്ഥിയോട് ഇഷ്ടം തോന്നിയെന്ന് പറഞ്ഞതിന്റെ പേരിലും വിദ്വേഷ കമന്റുകൾ നേരിടേണ്ടി വന്നിരുന്നു.

സൈബർ ഇടത്തിലെ വിദ്വേഷ കമന്റ്

ക്വിയർ വ്യക്തികൾ ഈ ഷോയിലൂടെ പ്രതിഫലിക്കുന്ന മൂല്യങ്ങളെ വിമർശനാത്മകമായി നോക്കിക്കാണേണ്ടതുണ്ട് എന്ന അഭിപ്രായമാണ് നസീമയ്ക്കുള്ളത്. “ഒരു ക്വിയർ വ്യക്തി എന്ന രീതിയിൽ, എനിക്ക് ഇതിൽ പങ്കെടുക്കുന്ന ക്വിയർ മനുഷ്യരോടാണ് ചില കാര്യങ്ങൾ വളരെ ക്രിട്ടിക്കലി ചോദിക്കാനാവുക. അതായത് നമ്മുടെ വിഷയങ്ങൾ സംസാരിക്കാൻ വളരെ വിസിബിലിറ്റി ഉള്ള പ്ലാറ്റ്ഫോം കിട്ടും എന്ന ഗുണത്തിനൊപ്പം തന്നെ അഗ്രസീവ് ആയിട്ടുള്ള, വളരെ മനുഷ്യ വിരുദ്ധമായിട്ടുള്ള ആശയങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഒരു ഷോയിൽ, അവർക്ക് ക്യാപ്പിറ്റലിലൈസ് ചെയ്യാൻ വേണ്ടിയിട്ട് നമ്മുടെ ഐഡന്റിറ്റിയും ശരീരവും ഒക്കെ കൊണ്ടുവയ്ക്കേണ്ടതുണ്ടോ? നമ്മുടെ സ്വകാര്യ ജീവിതം അങ്ങനെ തുറന്നുവയ്ക്കേണ്ടതുണ്ടോ? വ്യക്തിപരമായി ഓരോ ക്വിയർ വ്യക്തികളും അവരോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. അവർ പങ്കെടുക്കുന്നത് ശരിയാണോ തെറ്റാണോ എന്നല്ല ഞാൻ പറഞ്ഞത്. അതിനെക്കുറിച്ച് ഒരു ക്രിട്ടിക്കൽ തിങ്കിംഗ് കമ്മ്യൂണിറ്റിക്ക് അകത്തെങ്കിലും ഉണ്ടാകേണ്ടതുണ്ടെന്ന് തോന്നുന്നു.”

ജാസ്മിൻ എം മൂസ വസ്ത്രധാരണത്തിലോ പെരുമാറ്റത്തിലോ കേരള സമൂഹത്തിന്റെ വാർപ്പ് മാതൃകയിലുള്ള സ്ത്രീ സങ്കല്ലപ്പങ്ങൾക്കനുസ‍ൃതമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്ന വ്യക്തയായിരുന്നില്ല. അത് സ്വത്വത്തിനൊപ്പം അവർക്കെതിരെയുള്ള സൈബർ ബുള്ളിയിങ്ങന്റെ ആഴം കൂട്ടി. മറ്റൊന്ന്, ആ സീസണിലെ ഏറ്റവും ജനപിന്തുണയുള്ള ഡോ. റോബിൻ രാധാകൃഷ്ണനെ സഹമത്സരാർത്ഥിയെ ഉപദ്രവിച്ചതിന് ഷോയിൽ നിന്ന് പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് ജാസ്മിൻ ഷോ ക്വിറ്റ് ചെയ്തതോടെ ജാസ്മിനെതിരെയുള്ള സൈബർ ആക്രമണത്തിന്റെ തോത് കൂടി. അതേ സീസണിലെ തന്നെ റിയാസ് സലീം താനൊരു ഫെമിനിസ്റ്റാണെന്ന് തുറന്ന് പറയുകയും ക്വിയർ കമ്മ്യൂണിറ്റിക്കായി സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. റിയാസിന് വലിയ ജനപിന്തു ണ ലഭിക്കുകയും ഫൈനലിൽ ഇടം പിടിക്കുകയും ചെയ്തു. എന്നാൽ റിയാസ് താൻ ഒരു Ally ആണെന്നു പറഞ്ഞിട്ടും സ്വത്വം സംബന്ധിച്ച് സദാചാര ചോദ്യങ്ങൾ നേരിട്ടിരുന്നു. ഷോയ്ക്ക് പുറത്ത് റിയാസ് ജൻഡർ ന്യൂട്രൽ വസ്ത്രങ്ങളും മേക്കപ്പും ഉപയോഗിക്കാൻ തുടങ്ങിയതോടെ സൈബർ ലോകം റിയാസിന്റ ക്രൂരമായി അക്രമിക്കാൻ തുടങ്ങി, അത് ഇപ്പോഴും തുടരുകയാണ്.

റിയാസ് സലീം

ക്വിയർ മനുഷ്യരുടെ അധിക ബാധ്യത

വളരെ സ്വീകാര്യത കിട്ടിയ ആദിലക്കും നൂറക്കും എതിരെയും സൈബറിടങ്ങളിൽ‌ അക്രമണങ്ങളുണ്ടായിരുന്നു. ആദിലയുടെ വലയിൽപ്പെട്ട് കിടക്കുകയാണ് നൂറയെന്നും ആദിലയാണ് ലെസ്ബിയൻ എന്നും നൂറ ബൈസെക്ഷ്വൽ ആണെന്നും ഷോ കഴിയുമ്പോഴേക്കും അവർ തമ്മിൽ പിരിയുമെന്നുമായിരുന്നു ബുള്ളിയിങ്ങ്. അനുമോൾ എന്ന സഹമത്സരാർത്ഥിയുമായുണ്ടായ പിണക്കത്തോടെ, ‘അവരുടെ സ്വഭാവം കൊണ്ടാണ് മാതാപിതാക്കൾ വീട്ടിൽ കയറ്റാത്തത്’ എന്ന നിലയിലേക്കെത്തി സൈബർ ആക്രമണം. പലപ്പോഴും മറ്റ് മത്സരാർത്ഥികളേക്കാൾ സൈബർ ഇടങ്ങളിൽ ക്വിയർ മത്സരാർത്ഥികൾ അവരുടെ സ്വഭാവത്തിന്റെ പേരിൽ വിലയിരുത്തപ്പെടുക പതിവാണ്.

“ഒരു പുരുഷനോ സ്ത്രീയോ ചെന്ന് ഷോയ്ക്കുള്ളിൽ കാണിക്കുന്ന പ്രവർത്തി നെഗറ്റീവ് ആണെങ്കിൽ എല്ലാ പുരുഷന്മാരും ഇങ്ങനെയാണ് എല്ലാ സ്ത്രീകളും ഇങ്ങനെയാണ് എന്ന് പറയില്ല, പക്ഷേ ഒരു കമ്മ്യൂണിറ്റി അംഗം വരുമ്പോൾ ഒരു അധിക ബാധ്യത ഉണ്ട്. അവരുടെ കമ്മ്യൂണിറ്റിയെ മുഴുവൻ റെപ്രസെന്റ് ചെയ്യുന്നു എന്നൊരു ബാധ്യതയും കൂടി ഉണ്ട്. ഒരു നെഗറ്റീവ് വരുമ്പോ ക്ഷമിക്കാനാരും തയ്യാറല്ല. മറ്റുള്ള മത്സരാർത്ഥികളേക്കാൾ അധികമായി പലതും പാലിക്കേണ്ടതുണ്ട്, കുറച്ചുകൂടെ മെച്ചപ്പെട്ട രീതിയിൽ നിൽക്കണം, അവർ വലിയൊരു കമ്മ്യൂണിറ്റിയെ റെപ്രസെന്റ് ചെയ്യുന്നവരാണ് എന്ന് തെളിയിക്കണം എന്നൊരു രീതി കാണാം. ജാസ്മിൻ എം മൂസക്കും ജാന്മണിക്കും ഷോയ്ക്ക് അകത്ത് തന്നെ നെഗറ്റിവിറ്റി ഉണ്ടായിരുന്നത് കൊണ്ട് അത് കമ്മ്യൂണിറ്റിയോട് തന്നെയുള്ള വിരോധമായി മാറി, ഇങ്ങനത്തെ ആൾക്കാരാണ് ഈ കമ്മ്യൂണിറ്റിയിലുള്ളത് എന്ന രീതിയിലായി. ആദില-നൂറ അനുമോളുമായിട്ടുണ്ടായ പ്രശ്നം അവരുടെ വോട്ടിങ്ങിനെ ബാധിച്ചു. രണ്ട് പേരും ഫൈനൽ ഫൈവിൽ പോലും എത്താതെ പുറത്ത് പോകുകയും ചെയ്തു. ഇരുവരേയും മാതാപിതാക്കൾ ഉപേക്ഷിച്ചതിന് കാരണമുണ്ട് എന്ന തീർപ്പുകളിൽ വരെയെത്തി . സമൂഹത്തിലെ ക്വിയർ ഫോബിയ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നോക്കൂ.” സജിത്ത് ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ സൈബർ ഇടങ്ങളിൽ‌ ഒരു വിഭാഗം വിദ്വേഷത്തോടെ പെരുമാറുന്നുണ്ടെങ്കിലും ചെറിയ മാറ്റമുണ്ട് എന്നാണ് അധ്യാപികയായ അനു പാപ്പച്ചന്റെ അഭിപ്രായം. “സൈബർ ഇടങ്ങളിൽ എല്ലാ കാലത്തും രണ്ട് പക്ഷം ഉണ്ട്. ഒരു ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ഫൈറ്റ് എപ്പോഴും നമ്മൾ കാണാറുണ്ട്. ആദിലക്കും നൂറക്കും എതിരെ വലിയൊരു ഭൂരിപക്ഷം ഇത്തരത്തിൽ സ്ലട്ട് ഷെയ്മിങ്ങ് നടത്തുമ്പോഴും അവരെ നമ്മൾ ചേർത്ത് പിടിക്കണമെന്ന് നമ്മുടെ സാധാരണക്കാരായ വീട്ടമ്മമാർ പോലും പറയുന്നു. പ്രോഗ്രസീവായ കാര്യങ്ങളൊന്നുമറിയാത്തവർക്ക് പോലും മനുഷ്യപ്പറ്റെന്നുള്ള രീതിയിൽ ചേർത്ത് പിടിക്കേണ്ടവരാണ് ഇവർ എന്നൊക്കെയുള്ള ബോധ്യം സോഷ്യൽ മീഡിയയിൽ പലഭാഗത്ത് നിന്നും കണ്ടിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ആളുകളൊക്കെ അവരെ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു, അവർക്കായി വീട് തുറന്നുവെക്കും, മക്കളെപ്പോലെയാണ് എന്നൊക്കെ പറഞ്ഞ പോസ്റ്റുകളും കണ്ടിരുന്നു. അവരൊന്നും പുരോഗമന സ്പേസുകളിൽ നിൽക്കുന്നവരല്ല.”

മാസ് ആണുങ്ങളും കുലസ്ത്രീകളും

ബിഗ് ബോസ് ഷോയിൽ വരുന്ന എല്ലാ മത്സരാത്ഥികളും പല രീതിയിൽ‌ സൈബർ ബുള്ളിയിങ്ങ് നേരിടുന്നുണ്ട്. എന്നാൽ ബിഗ് ബോസിന്റെ ആദ്യ സീസൺ മുതൽ തന്നെ സൈബറിടങ്ങളിലുൾപ്പടെ ഏറെ പ്രേക്ഷക പിന്തുണ കിട്ടിയ മത്സരാർത്ഥികളെ ശ്രദ്ധിച്ചാൽ ബുള്ളിയിങ്ങിന് പിന്നിലെ പിന്തിരിപ്പൻ ചിന്താഗതി മനസ്സിലാക്കാൻ സാധിക്കും.

ഏഴ് സീസണിൽ രണ്ട് സ്ത്രീകളാണ് വിജയികളായത്, എല്ലാ സീസണിലും വളരെ സ്ത്രീ വിരോധിയായ, ആണധികാര സ്വാഭാവ പ്രകടനങ്ങൾ ഷോയ്ക്കുള്ളിൽ നടത്തുന്ന പുരുഷ മത്സരാർത്ഥികൾക്ക് വലിയ ജനപിന്തുണ ലഭിക്കുന്നു. ഇവർക്ക് വേണ്ടി ഫാൻ ആർമികൾ തന്നെ സീസണുകൾ ആരംഭിക്കുമ്പോൾ സജീവമാകും. ഇവരുടെ സഹമത്സാരാർത്ഥികളോടുള്ള ആക്രോശങ്ങൾ ‘മാസ് മ്യൂസിക്കിന്റെ’ അകമ്പടിയോടെ റീലുകളായി വൈറലാകും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ മത്സരാർത്ഥികൾക്കെതിരെയുള്ള ബുള്ളിയിങ്ങ് വളരെ കൂടുതലാണ്. എന്നാൽ‌ പരമ്പരാഗത കുടുംബ മൂല്യങ്ങളെയും, പിന്തിരിപ്പൻ ആശയങ്ങളെയും ഊട്ടി ഉറപ്പിക്കുന്ന, വാർ‌പ്പ് മാതൃകയിലുള്ള സ്ത്രീ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന മത്സരാർത്ഥികൾക്ക് വളരെ വലിയ ജനപിന്തുണ സൈബർ ഇടങ്ങളിൽ ലഭിക്കാറുണ്ട്. അവരുടെ വീട്ടിലെ സ്വന്തം കുട്ടിയായി ഇവരെ പ്രേക്ഷകർക്കൊപ്പം സൈബർ ഇടങ്ങൾ ഏറ്റെടുക്കും. സ്ത്രീ പുരുഷ ബൈനറികൾക്കപ്പുറം ജൻഡർ ന്യൂട്രലായി വസ്ത്രം ധരിക്കുന്ന, പെരുമാറ്റ രീതികൾ ഉള്ള വ്യക്തികളുടെ സ്വത്വം സംബന്ധിച്ച് ചർ‌ച്ചകളും ചോദ്യങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ ഷോയുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. പലപ്പോഴും അവർക്കെതിരെയുള്ള ബുള്ളിയിങ്ങിനായി ഇത്തരം കാര്യങ്ങളാണുപയോഗിക്കുക.

പിന്തിരിപ്പൻ ആശയങ്ങൾ പറയുന്ന പല മത്സരാർ‌ത്ഥികൾക്കും സൈബറിടങ്ങളിൽ കിട്ടുന്ന പിന്തുണയിൽ അത്ഭുതമൊന്നും തോന്നുന്നില്ല എന്ന് നസീമ പറയുന്നു. “ഈ ഷോയെ വിവാദവൽക്കരിക്കാൻ വേണ്ടിയിട്ട് സമൂഹത്തിന്റെ പല തുറകളിൽ നിന്നുള്ള ആളുകളെ, ക്വിയർ ആയിട്ടുള്ള ആളുകൾ, അതല്ലെങ്കിൽ സാധാരണ അംഗീകരിക്കാൻ പറ്റാത്ത ചില ആശയങ്ങൾ മുന്നോട്ടുവെക്കുന്ന ആളുകളെ കൊണ്ടുവരുന്നു. അതിനോടൊപ്പം പിന്തിരിപ്പൻ കാര്യങ്ങൾ സംസാരിക്കുന്ന ആൾക്കാരെ ഒന്നിച്ചുകൂട്ടുമ്പോൾ നമ്മൾ വിചാരിക്കുന്നത് ജനാധിപത്യപരമായ സംവാദങ്ങളിലേക്ക് അത് വഴി തുറക്കുമെന്നാണ്. പക്ഷേ, ഈ ഷോ ആരെയാണ് എപ്പോഴും വിജയിയാക്കുന്നത്? ഈ സമൂഹത്തിന്റെ ഏറ്റവും ജീർണിച്ച യാഥാസ്ഥിതികത ആരാണ് പിൻപറ്റുന്നത് അവരാണ് വിജയി. ടോക്സിക് മാസ്കുലിൻ ആയ, പാട്രിയാർക്കിയൽ ആയ ഒരു പുരുഷനാകും ഒട്ടുമിക്ക സമയങ്ങളിലും വിജയി. വളരെ അപൂർവ്വം സന്ദർഭങ്ങളിൽ, ഇപ്പോൾ ലാസ്റ്റ് സീസൺ ഒക്കെയാണ് ഒരു സ്ത്രീ വിജയിയാകുന്നത്. എന്ന് പറയുമ്പോഴും അവരുടെ ജൻഡറിന് അപ്പുറം, ഈ പറയുന്ന എല്ലാ ടോക്സിക് മൂല്യങ്ങളെയും പിൻപറ്റുന്ന, ഒരു സ്വിസ് ഹെട്രോ സെക്ഷ്വലായ കുടുംബ സ്ത്രീ ആകും വിജയി. അവർ വിജയിക്കുന്നത് ജനവികാരം അവർക്കൊപ്പമായതുകൊണ്ടാണന്നല്ലേ നമ്മൾ മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് സൈബർ സ്വീകാര്യതയുണ്ടാകുന്നതും.”

ഈ ഷോയുടെ അവതാരകനായ മോഹൻലാലിന് പോലും സൈബർ ബുള്ളിയിങ്ങ് നേരിടേണ്ടി വന്നു എന്നുള്ളതാണ് സങ്കടകരമായ കാര്യമെന്ന് പറയുന്നു സജിത്ത്. “ആദിലയെയും നൂറയെയും തന്റെ വീട്ടിൽ കയറ്റുമെന്ന് പറഞ്ഞപ്പോൾ എല്ലാവരും മോഹൻലാലിന് ഒപ്പം നിന്നു. പക്ഷേ, മോഹൻലാലിന് ധാരാളം സൈബർ അറ്റാക്ക് നേരിട്ടു. ഈ പ്രസ്താവനയുടെ പേരിൽ മോഹൻലാലിനെ അപമാനിച്ചുകൊണ്ടുള്ള റീൽ ഉണ്ടായിട്ടുണ്ട്, മോഹൻലാലും സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം കളിയാക്കികൊണ്ട് വീഡിയോകൾ വരെ ട്വിറ്ററിലും മറ്റും വന്നിട്ടുണ്ട്.” സജിത്ത് കേരളീയത്തോട് പറഞ്ഞു.

മോഹൻലാലിനെതിരെ സൈബർ ഇടത്തിൽ വന്ന കമന്റ്

“മറ്റുള്ള ഭാഷ പോലെയല്ല, മലയാളി പ്രേക്ഷകർ വളരെയധികം സെൻസിറ്റീവാണ്. ഈ ഷോ കാണാൻ പാകപ്പെട്ടവരായി തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന മത്സരാർത്ഥികളോട് മലയാളി പ്രേക്ഷകർക്ക് സീറോ ടോളറൻസാണ്, വളരെ ക്രൂരമായാണ് പ്രേക്ഷകർ മത്സരാർത്ഥികളെ അപമാനിക്കുന്നത്. അവരുടെ സ്വകാര്യ ജീവിതത്തിൽ കേറി എന്തും പറയാമെന്ന ചിന്തയുണ്ട്. അതുകൊണ്ടുതന്നെ വരുന്ന മത്സരാർത്ഥികൾക്ക് കിട്ടുന്ന സൈബർ അറ്റാക്കിന്റെ തോതും വളരെ വലുതായിരിക്കും.” സജിത്ത് കൂട്ടിച്ചേർത്തു.

ക്വിയർ പ്രാതിനിധ്യവും ചിന്താഗതിയിലെ മാറ്റവും

നാലാമത്തെ സീസൺ (2022) മുതൽ ബിഗ്ബോസിലെ ക്വിയർ മത്സരാർത്ഥികളുടെ സാന്നിധ്യം സമൂഹത്തിന്റെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ചിന്താഗതിയിൽ വലിയ മാറ്റമുണ്ടാക്കി എന്നൊരു ആഖ്യാനം രൂപപ്പെട്ടുവന്നിരുന്നു. ഏഴാമത്തെ സീസണോടെ ആ വാദത്തിന് ശക്തിയാർജിച്ചു.

“മോഹൻലാലിനെ പോലെ ഒരു സൂപ്പർ സ്റ്റാർ പ്രോഗ്രസീവായ അഭിപ്രായം പറയുമ്പോൾ വലയോരു സപ്പോർട്ട് കിട്ടുമല്ലോ, ആ അർത്ഥത്തിൽ സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷത്തെ ലാലിന്റെ സ്റ്റേറ്റ്മെന്റ് നന്നായി സ്വീധിനിച്ചുവെന്നുറപ്പാണ്. സ്വവർഗാനുരാഗത്തെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും അതൊരു ഹ്യൂമൻ പ്രോസസാണെന്നും മനസിലാക്കുന്ന രീതിയിലാണല്ലോ ലാലിന്റെ സ്റ്റേറ്റ്മെന്റ്. മോഹൻലാൽ അങ്ങനെ പറയുന്നത് പോലും മാറിയ സൊസൈറ്റിയുടെ റിഫ്ലക്ഷൻ കൂടിയാണ്. ഈ ഷോ ഒരു വ്യവസായം ആണെങ്കിലും എന്തെങ്കിലും ഗുണം സംഭവിക്കുന്നുണ്ടല്ലോ? ഒരു ശതമാനം അത് ഹ്യുമാനിറ്റിയോട് ചേർന്ന് നിൽക്കുന്നെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യണം.” അനു പാപ്പച്ചൻ അഭിപ്രായപ്പെട്ടു.

സമാന അഭിപ്രായമാണ് സജിത്തും പങ്കുവെച്ചത്. “ദൃശ്യത LGBTIA+ അംഗങ്ങൾക്ക് കിട്ടുന്നു എന്നതിന് ഈ ഷോ വലിയൊരു കാരണമാണ്. സൊസൈറ്റിയിൽ ചെറിയ മാറ്റം വരുത്താൻ ഇത് കാരണമാകുന്നുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും ഇവർക്ക് നേരിടേണ്ടി വരുന്നുമുണ്ട്.”

എന്നാൽ ദൃശ്യത എന്ന് പറയുന്നത് മാറ്റം അല്ലല്ലോഎന്നാണ് നസീമ ചോദിക്കുന്നത്. “ചേയ്ഞ്ച് എന്ന് പറയുന്നത് സമഗ്രമായിട്ടുള്ള ഒരു കാര്യമാണ്. പോളിസി ചെയ്ഞ്ച് മുതൽ ഉള്ള ഒരു സാമൂഹ്യ മാറ്റമുണ്ട്. ആ മാറ്റത്തിനായി ഒരുപാട് മനുഷ്യർ ഫൈറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ തന്നെ കേരളത്തിന്റെ ക്വിയർ പ്രൈഡിന് 10-15 വർഷത്തെ പഴക്കമുണ്ട്. ആദ്യത്തെ ക്വിയർ പ്രൈഡ് നടക്കുമ്പോൾ ആളുകൾ അടിച്ച് ഓടിച്ചു എന്നൊക്കെ ഫസ്റ്റ് ജനറേഷനിലുള്ള ആക്ടിവിസ്റ്റുകൾ പറഞ്ഞിട്ടുണ്ട്. അത് നമ്മുടെ ഹിസ്റ്ററിയുടെ ഭാഗമാണ്. അങ്ങനെയൊക്കെ ഒരുപാട് അടരുകളിൽ സംഭവിക്കുന്നതാണ് മാറ്റം എന്ന് പറയുന്നത്. അല്ലാതെ കേരളത്തിലെ ക്വിയർ സമൂഹം വിസിബിലിറ്റിയിൽ വന്നിട്ടുള്ളത് ബിഗ്ബോസ് കാരണമല്ലല്ലോ? ബിഗ്ബോസ് ആകട്ടെ, സാഹിത്യ ഉത്സവങ്ങളോ ചർച്ചയോ ആകട്ടെ അവിടെ ക്വിയർ മനുഷ്യർ വേണം എന്നുള്ള തോന്നൽ എവിടെ നിന്നാണ് വരുന്നത്. ആ തോന്നൽ ഇതുവരെ പല അടരുകളിൽ നടന്ന ചെറുത്തുനിൽപ്പുകൾ കൊണ്ടാണ് വരുന്നത്. അതിനെ പൂർണ്ണമായി എങ്ങനെ ബിഗ് ബോസ് ഷോയ്ക്ക് എഴുതി കൊടുക്കാൻ പറ്റും?”

സമൂഹ മാധ്യമങ്ങളിൽ തങ്ങൾക്കെതിരെയുള്ള ആക്രമങ്ങൾ വർധിക്കുന്നതിനെതിരെ 2023ൽ കേരളത്തിലെ LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തുകയും എത്രയും വേഗം നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്റി പിണറായി വിജയന് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ക്വിയർഫോബിയ സമൂഹ മാധ്യമങ്ങളിലൂടെ പടർത്തിയ യെസ് എന്ന സംഘടനക്കെതിരെ 2024 ജനുവരിയിലാണ് കേരള ഹൈക്കോടതി അന്വേഷിക്കാനുത്തരവിടുന്നത്. LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ഇടപെടൽ നടത്താൻ സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

മലയാളികൾ എട്ടാമത്തെ സീസണിനായി കാത്തിരിപ്പാരംഭിച്ചു കഴിഞ്ഞു. എട്ടാം സീസണുണ്ടാകുമെന്ന സൂചന അവതാരകനായ മോഹൻലാൽ അവസാന സീസണിന്റെ ഫിനാലെയിൽ നൽകിയിരുന്നു. ഇനി വരുന്ന സീസണിലും ക്വിയർ മത്സരാർത്ഥികളുണ്ടാകാം. എന്നാൽ അവർ മത്സരിക്കേണ്ടി വരുന്നത് ബിഗ്ബോസ് വീട്ടിനുള്ളിലെ സഹമത്സരാർത്ഥികളോട് മാത്രമല്ല, സൈബറിടങ്ങളിലിരുന്ന് ക്രൂരമായ ക്വിയർഫോബിയയും ആക്രമണങ്ങളും അഴിച്ച് വിടുന്ന മനുഷ്യത്വമില്ലാത്ത സൈബർ കുറ്റവാളികളോടും കൂടിയാണ്.

(This article has been published under the Laadli Media Fellowship 2025. The opinions and views expressed are those of the author. Laadli and UNFPA do not necessarily endorse the views.)

Also Read

12 minutes read December 14, 2025 3:21 pm