രാഷ്ട്രീയ കേരളം: 1960കൾ നൽകുന്ന പാഠം

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാക്പോരുകളും ആന്തരിക സംഘട്ടനങ്ങളും കൊണ്ട് മുഖരിതമാണ് കേരള രാഷ്ട്രീയം. അതിനിടയിൽ കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ രാഷ്ട്രീയകക്ഷികളാൽ മാത്രം തീരുമാനിക്കുന്ന കുറേ പേരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയായി രാജ്യസഭാ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. കാരണം ജനങ്ങളുടെ നേരിട്ടുള്ള അംഗീകാരം ഇല്ലാത്ത, അങ്കത്തിൽ തോറ്റവരെ പോലും ഉയർത്തിക്കൊണ്ട് വരാനുള്ള കുറുക്ക് വഴിയായും അതിനെ കാണുന്നവരുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ആദർശത്തിന് വിലയില്ലെങ്കിലും ആദർശശുദ്ധിയുള്ള കുറേപേരെയെങ്കിലും രാജ്യസഭയിൽ ശബ്ദിക്കാൻ കിട്ടുമെന്നത് ആശ്വാസകരമായി വേണമെങ്കിൽ കാണാം. അതുകൊണ്ട് തന്നെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്ന വിഷയം1964ലെ ഒരു രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നുതന്നെയാകട്ടെ.

1964ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്നു പേരെയാണ് കേരളം പറഞ്ഞയച്ചത്. അതിൽ ഒരാൾ എറണാകുളത്ത് നിന്നും രാജ്യസഭയിൽ എത്തിയ മുസ്ലീം സമുദായത്തിൽ നിന്നുള്ള സ്വതന്ത്ര അംഗം സാലെ മുഹമ്മദ്‌ ഇബ്രാഹിം സേട്ട് ആയിരുന്നു. രാജ്യസഭാ രേഖകളിൽ അദ്ദേഹത്തിൻറെ ചുരുക്ക പേര് S.A Sait (Sait, Salay Mohammed). ജനനം 17-1-1932ന് കൊച്ചിയിൽ. ഇബ്രാഹിം സേട്ടിന്റെ മകൻ. അംഗത്വം 3-4-64 മുതൽ 2-4-1970 വരെ. മരണം 1999 ഒക്ടോബർ 22ന്. അതനുസരിച്ച് ഒരു പക്ഷെ 32 വയസ്സുകാരനായ സാലേ സേട്ട് ആയിരിക്കും രാജ്യസഭയിലെ അന്ന് ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഇന്ത്യൻ ഭരണഘടന പ്രകാരം മത്സരിക്കാൻ കുറഞ്ഞത് 30 വയസ്സ് വേണം. മറ്റൊരു പ്രത്യേകത അന്ന് കൊച്ചിയിൽ നിന്ന് തന്നെയുള്ള ഇബ്രാഹിം സുലൈമാൻ സേട്ടിനോടൊപ്പം ഒരുമിച്ച് രാജ്യസഭയിൽ രണ്ട് വർഷം (3-4-1964 – 2-4-1966) അദ്ദേഹം ഉണ്ടായിരുന്നു എന്നതാണ്. ശേഷം 1971 ജനുവരി 31 മുതൽ 1976 ജനുവരി 21 വരെ കേരള നദ്‌വത്തുൽ മുജാഹിദീന്റെ പ്രസിഡണ്ട് ആയിരുന്നു. ബിരുദധാരി അല്ലാത്ത അദ്ദേഹം രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാകുന്നത്. എല്ലാവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിച്ച ധനവാനും കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു വ്യക്തിയും. അദ്ദേഹത്തോടൊപ്പം 1964ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത മറ്റു രണ്ടുപേരിൽ ആദ്യ വ്യക്തി സി.കെ ഗോവിന്ദൻ നായർ. അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയത്തെ ഏറ്റവും കൂടുതൽ എതിർത്ത് വർഗീയത ആരോപിച്ച് ഭരണതലത്തിൽ നിന്നും മുസ്ലീംലീഗിനെ അകറ്റി നിർത്താൻ 1960 മുതൽ പരിശ്രമിച്ചിരുന്ന വ്യക്തിയാണ്. അന്നത്തെ കേരള പ്രദേശ്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന അദ്ദേഹം ജനിച്ചത് തലശ്ശേരിയിൽ ആയിരുന്നു. രാജ്യസഭാംഗമായി മൂന്ന് മാസത്തിനുള്ളിൽ 1964 ജൂൺ 27ന് മരിച്ചു.

സാലെ മുഹമ്മദ്‌ ഇബ്രാഹിം സേട്ട്

രണ്ടാമത്തേത്, കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ, തിരൂരുകാരനായ കെ ദാമോദരനുമായിരുന്നു. അദ്ദേഹം 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐയുടെ ഭാഗത്തായിരുന്നു നിലകൊണ്ടത്. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കക്ഷിരഹിതനായിട്ടും. 1954 ലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കെ ദാമോദരൻ ‘മലബാർ മുസ്ലീംലീഗിന്റെ കുട്ടിക്കരണം’ എന്നൊരു കൃതി എഴുതിയതിന് ആശയ സമ്പുഷ്ടമായ ഒരു നല്ല മറുപടി ഈ ലേഖകന്റെ പിതാവ് കെ.എസ് മുഹമ്മദ്‌ എഴുതിയത് വായിച്ചിട്ടുണ്ട്. മദ്രാസ്സിൽ കോൺഗ്രസ്സിനെ ഒഴിവാക്കി ഒരു ഭരണത്തിന് അവരെ പിന്തുണയ്ക്കാത്തതിനും, മദ്രാസിലെ രാജാജി മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയതിലുമുള്ള ലീഗിനോടുള്ള വിരോധമാണ് ദാമോദരന്റെ കൃതിക്ക് ആധാരം. അതിനെതിരായ കെ.എസിന്റെ മറുപടിയിലെ അവസാന ഒരു വാചകം മാത്രം ഇവിടെ ഉദ്ധരിക്കുന്നു. അന്നത്തെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളെ എത്രത്തോളം മലബാർ മുസ്ലീങ്ങൾ നിരാകരിച്ചിരുന്നു എന്നും 1964ൽ എത്തിയപ്പോൾ അവരിലെ പിളർപ്പും കോൺഗ്രസ്സിന്റെ നയങ്ങളും ലീഗിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എത്രത്തോളമെന്നും അവലോകനം ചെയ്യാൻ മാത്രം.

“രാഷ്ട്രീയ പ്രബുദ്ധതയാകുന്ന സൂര്യരശ്മി ഊണിലും ഉറക്കത്തിലും ഏറ്റുകൊണ്ടിരിക്കുന്ന മലബാർ മുസ്ലീങ്ങളെ ഇത്തരം തട്ടിപ്പുകൾ മൂലം കമ്യൂണിസ്റ്റു പാർട്ടിയിലേക്കു ആകർഷിക്കാമെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ ആയിരമായിരം മുസ്ലീം കണ്ഠങ്ങളിൽ നിന്നു മാറ്റൊലി കൊള്ളുക തന്നെ ചെയ്യും. ഈ കുട്ടിക്കരണം നിർത്തൂ സഖാവേ, നിങ്ങളെ ഞങ്ങൾക്കറിയാം.” എന്ന നീതിനിർഭരമായ വാക്യങ്ങൾ (കെ.എസ് മുഹമ്മദ്‌, മുസ്ലീംലീഗ് രേഖകൾ 1948-1970,കോഴിക്കോട്: ഗ്രേസ് ബുക്സ് 2013, p.46). ന്യൂനപക്ഷ രാഷ്ട്രീയ വിരുദ്ധതയും ലീഗ് വിരുദ്ധതയും എന്നും പ്രസംഗിക്കുന്ന സി.കെ ഗോവിന്ദൻ നായർക്ക് 1964ൽ രാജ്യസഭയിലേക്കുള്ള ലീഗിന്റെ വോട്ടുകൾ പോയി കാണില്ലെന്ന് ഉറപ്പിക്കാം. എന്നാൽ ആ വോട്ടുകൾ വാങ്ങി സഖാവ് ദാമോദരൻ വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ടുകൾ വാങ്ങി സ്വതന്ത്രനായ സാലെ മുഹമ്മദ്‌ സേട്ടും വിജയിച്ചു. ഇവിടെ ചരിത്രകാരൻ എം.സി വടകരയുടെ ഒരു വാചകം ഉദ്ധരിക്കുന്നത് പ്രസക്തമാണ്. “കമ്മ്യൂണിസ്റ്റ്-ലീഗ് ബാന്ധവത്തിന്റെ അദൃശ്യമായ പാലം 1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ എസ്.കെ പൊറ്റക്കാട്ടും എ. വി. രാഘവനും പണിതുവെച്ചിട്ടുണ്ടെങ്കിലും ആ പാലം അപകടകരമായ നൂൽപ്പാലമായി ഇരു കക്ഷികളും ഭയപ്പെട്ടു.” (എം.സി വടകര, സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങൾ, കോഴിക്കോട്: ഗ്രേസ് ബുക്ക്സ് 2018, p.177).

കെ ദാമോദരൻ

അഴിമതികളിലും ന്യൂനപക്ഷവിരുദ്ധ നടപടികളിലും ആടിയുലഞ്ഞ 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാൻ കോൺഗ്രസ് കൂട്ടുപിടിച്ച മുസ്ലീംലീഗിനെ പിന്നീട് വർഗീയ ആരോപണങ്ങൾ ചാർത്തി ഭരണത്തിൽ നിന്നും അവർ തന്നെ ഒഴിവാക്കി. നുണപ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തിയ ആ ചരിത്രത്തിൽ നിന്നും ഒരു പാഠം കോൺഗ്രസ് പഠിച്ചപ്പോൾ കുറേ വൈകിപ്പോയി. അപ്പോഴേക്കും തെറ്റിദ്ധരിപ്പിക്കപ്പെട്ട നെഹ്‌റുവിനെ കോൺഗ്രസ്സിനും, അതിനെതിരെ നിരന്തരം ചുട്ട മറുപടികൾ നൽകിക്കൊണ്ടിരുന്ന സീതിസാഹിബിനെ ലീഗിനും നഷ്ടപ്പെട്ടു. 1921ലെ മലബാർ സമരങ്ങളിൽ എങ്ങനെയാണോ ഗാന്ധിജി തെറ്റിദ്ധരിപ്പിക്കപ്പെട്ടത്, അതുപോലെ നെഹ്രുവിനെയും തെറ്റിദ്ധരിപ്പിച്ചു. ദുർഗാപ്പൂർ സമ്മേളനത്തിൽ ലീഗിനെതിരായ പ്രമേയം അംഗീകരിപ്പിച്ച് കടുത്ത വിമർശകനാക്കിയത് കോൺഗ്രസ്സിലെ ദേശീയ മുസ്ലിംകൾ തന്നെയായിരുന്നു. അക്കാര്യങ്ങൾ സത്യസന്ധമായി പറയുന്ന മൊയ്തു മൗലവിയുടെ ആത്മകഥയിലെ ഒരു ഭാഗം ഉദ്ധരിക്കുന്നു. അതിൽ നിന്നും മൗലവിയെ പോലുള്ളവർ പോലും എത്രത്തോളം ലീഗ് വിരുദ്ധർ ആയിരുന്നെന്നു വായിച്ചെടുക്കാം. “കേരളം ഉടലെടുത്ത അവസരത്തിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗുമായി ഒരു സഖ്യത്തിൽ ഏർപ്പെടാനുള്ള ഗൂഢശ്രമം നടക്കുമ്പോൾ ഒരു ശസ്ത്രക്രിയക്കു വിധേയനായി ഞാൻ കോഴിക്കോട് ബീച്ചാശുപത്രിയിൽ കിടക്കുകയായിരുന്നു. ഒരു ദിവസം കാലത്ത് ടി.വി ചാത്തുക്കുട്ടി നായർ രണ്ടു കമ്പികളുമായി എൻ്റെ അടുക്കൽ വന്നു. ആ കമ്പികൾ പണ്ഡിറ്റ് നെഹ്റുവിനുള്ളതായിരുന്നു. ഒന്ന്, കേശവമേനോന്റെയും ഒന്ന് എന്റെയും. ലീഗുമായുള്ള സഖ്യത്തെ എതിർത്തുകൊണ്ടുള്ള ആ കമ്പികൾ കിട്ടിയ ഉടനെ പണ്ഡിറ്റ്‌ജി അതിനെ കർശനമായി വിലക്കി. പിന്നെ സഖ്യമുണ്ടായില്ല. മൗലാനാ ആസാദ് തന്റെ ഒരു ദൂതനെ മലബാറിലേക്കയച്ചു. ലീഗ് ടിക്കറ്റിൽ സ്ഥാനാർഥികളെ നിർത്താതെ സമുദായത്തിന്റെ എണ്ണത്തിനനുസരിച്ച് സ്ഥാനാർഥികളെ നിർത്തുകയാണെങ്കിൽ ഒന്നോ രണ്ടോ സീറ്റുകൾ കൂടുതലായി വാങ്ങിക്കൊടുക്കാനും മറ്റുവിധത്തിലുള്ള സഹായങ്ങൾ നൽകാനും താൻ തയാറാണെന്ന് അറിയിക്കുകയുണ്ടായി. എന്നാൽ, ലീഗിന്റെ അണികളിൽ അതുസംബന്ധിച്ച് ഏകകണ്ഠമായ ഒരഭിപ്രായമുണ്ടായില്ല. മുസ്ലീംലീഗ് തനി വർഗീയ സംഘടനയാണെന്നും അതുമായി യാതൊരു വിധത്തിലുള്ള ബന്ധമോ ധാരണയോ ഒന്നും തന്നെ ഉണ്ടാവാൻ പാടില്ലെന്നും ഉള്ള ദുർഗാപ്പൂർ സമ്മേളനത്തിൻ്റെ തീരുമാനം നിലവിലിരിക്കെ ഈ തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ കോൺഗ്രസ് കൈക്കൊണ്ടിട്ടുള്ള നയം ഒരു വിധത്തിലും ന്യായീകരണം അർഹിക്കുന്നില്ല. ഇന്ദിരാഗാന്ധി ഇപ്പോൾ മുസ്ലീംലീഗിനെ സംബന്ധിച്ചു രണ്ടുവിധത്തിലുള്ള അഭിപ്രായമാണു പ്രകടിപ്പിച്ചുകാണുന്നത്. ഇത് ഏറ്റവും പുതുമ തോന്നിക്കുന്ന ഒരു ചിന്താഗതിയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആവട്ടെ, കോൺഗ്രസ് മുസ്ലീംലീഗുമായി വേഴ്‌ചയിൽ ഏർപ്പെടുന്നതിനെ അതിശക്തമായി എതിർത്തിട്ടുണ്ട്. എന്നിരിക്കേ ഇന്നത്തെ സ്‌ഥിതിക്ക് അങ്ങനെ ഒരു വേഴ്ച ഉണ്ടാകുന്നതിൻ്റെ ആവശ്യകത എന്താണുള്ളത്?” (ഇ മൊയ്തു മൗലവി, മൗലവിയുടെ ആത്മകഥ, കോഴിക്കോട്: ഒലീവ് ബുക്സ്, 2021, p.208).

മൗലവിയുടെ ആത്മകഥ, കവർ

ആത്മകഥ എഴുതുന്ന 1981ൽ പോലും മൗലവി എങ്ങനെയാണ്‌ മുസ്ലീംലീഗ് രാഷ്ട്രീയത്തെ വീക്ഷിച്ചതെന്നു മുകളിലെ അദ്ദേഹത്തിന്റെ വാചകങ്ങളിൽ നിഴലിക്കുന്നുണ്ടല്ലോ. എന്നാൽ കാലത്തിന്റെ കാവ്യനീതിയെ തടഞ്ഞു നിർത്താൻ കഴിയാത്തത് കാലത്തിനോടൊപ്പം ജീവിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു കാണും. കേരള രാഷ്ട്രീയ പരീക്ഷണശാലയിൽ 1960കളിൽ അരങ്ങേറിയ അവിശ്വസനീയമായ പല സംഭവവികാസങ്ങളെയും വിലയിരുത്താനും ഇന്നത്തെ പുതു തലമുറക്കാർ തയ്യാറാകണം.    

കേരളത്തിലെ കോൺഗ്രസ്സിൽ ഉണ്ടായ പൊട്ടിത്തെറിയും രാഷ്ട്രീയ നാടകങ്ങളിൽ ഗവർണ്ണർ നേരിട്ട് മധ്യസ്ഥനാകുന്നതും പുതിയ സമുദായ സമവാക്യങ്ങൾ രൂപപ്പെട്ടതും മുസ്ലീംലീഗ്-കമ്മ്യൂണിസ്റ്റ് ബാന്ധവവുമൊക്കെ രസകരമായ ചരിത്രമാണ്‌. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ദേശീയ തലത്തിലെ പിളർപ്പും ഭരണപക്ഷത്ത് ഒരു മുന്നണിയിലായിട്ടും അവർ തമ്മിലുള്ള  അഴിമതി ആരോപണങ്ങൾ ഉയർത്തിയ പോർമുഖത്തിന് നിയമസഭ സാക്ഷിയായതുമൊക്കെ എക്കാലവും വിലയിരുത്തേണ്ട വസ്തുതകൾ. 1960ലെ ഉപ തെരഞ്ഞെടുപ്പിനു ശേഷം പ്രശ്ന സങ്കീർണ്ണമായ ചർച്ചകൾക്ക് ഒടുവിൽ മുസ്ലീംലീഗ് വിട്ടുവീഴ്ചകൾ ചെയ്തതിനാലാണ് രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിച്ച് കേരളത്തിൽ ഒരു മന്ത്രിസഭാ രൂപീകരണം സാധ്യമാക്കിയതെന്നു കാണാം. കോൺഗ്രസ് പിന്തുണയോടെയുള്ള  ഒരു ഭരണത്തിന് ലീഗ് പിന്തുണ പ്രഖ്യാപിച്ചു. പി.എസ്.പി നേതാവ് പട്ടം താണുപിള്ള  മുഖ്യമന്ത്രി പദം ഏറ്റെടുത്തു. സീതി സാഹിബ് സ്പീക്കർ സ്ഥാനം സ്വീകരിക്കണമെന്ന അഭ്യർത്ഥന അനാരോഗ്യം പോലും വക വെയ്ക്കാതെ  അംഗീകരിച്ചു.  സി.കെ ഗോവിന്ദൻ നായർ കെ.പി.സി.സി പ്രസിഡണ്ട് ആയതു മുതൽ പ്രത്യേകിച്ചു സീതിസാഹിബിന്റെ ആകസ്മികമായ  മരണത്തിനു ശേഷം മുസ്ലീംലീഗിനെതിരെ എപ്പോഴും ദുർഗാപ്പൂർ പ്രമേയം ഉയർത്തികാട്ടി നിരന്തരം വർഗീയാരോപണങ്ങളും, വിദ്വേഷപ്രസംഗങ്ങളും ആവർത്തിച്ചുകൊണ്ടേ ഇരുന്നു. സ്പീക്കർ സ്ഥാനത്ത് പിൻഗാമിയായി വന്ന സി.എച്ചിനു കോൺഗ്രസ്സ് നേതൃത്വത്തിൽ നിന്നും അപമാനകരമായ സമീപനം തന്നെയായിരുന്നു ഉണ്ടായത്. സീതിസാഹിബിന്റെ വിയോഗത്തിൽ ഒഴിവുവന്ന കുറ്റിപ്പുറം നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലീംലീഗിന് പിന്തുണ നൽകിയില്ല. പക്ഷേ, മുസ്ലീംലീഗിന്റെ  ആ അഭിമാന പോരാട്ടത്തിൽ റിട്ടയേർഡ് ഡി.ഇ.ഒയും അറിയപ്പെടുന്ന വിദ്യഭ്യാസ പ്രവർത്തകനുമായ മുഹ്സിൻ ബിൻ അഹമ്മദ് (സീതിസഹിബിന്റെ  സഹോദരിഭർത്താവ്) നല്ലൊരു പോരാട്ടം കാഴ്ചവെച്ച് 11,204 വോട്ടിന് വിജയിച്ചു. അവിടെ കോൺഗ്രസ്-കമ്മ്യൂണിസ്റ്റുകാർ പ്രഗത്ഭനായ ഒരു റിബൽ സ്ഥാനാർഥിക്ക് ഒരുമിച്ചു പിന്തുണ കൊടുത്തിട്ടും ലീഗ് ഒറ്റയ്ക്ക് നേടിയ വിജയം എല്ലാവരെയും അമ്പരപ്പിച്ചു.‌

സീതി സാഹിബ്

തുടർന്നുവന്ന 1962ലെ ലോക്സഭാ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ്, പി.എസ്.പിയുമായി സഖ്യം ഉണ്ടാക്കി ലീഗിനെ ഒറ്റപ്പെടുത്താൻ നോക്കിയപ്പോൾ മുഹമ്മദ്‌ ഇസ്മയിൽ സാഹിബിന്റെയും ബാഫഖി തങ്ങളുടെയും അഭിപ്രായം  മാനിച്ച് സ്പീക്കർ സ്ഥാനം സി.എച്ച് 1961 നവംബർ 9നു രാജിവെക്കുന്നു.  മുന്നണി ബന്ധങ്ങൾ ഒഴിവാക്കി ലീഗ് ഒറ്റയ്ക്ക് 1962 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. തുടർന്ന് ലീഗിന്റെ രണ്ട് സ്ഥാനാർഥികൾ, കോഴിക്കോട് സി.എച്ചും, മഞ്ചേരിയിൽ മുഹമ്മദ് ഇസ്മയിൽ സാഹിബും ഒറ്റയ്ക്ക് നിന്നു വിജയിച്ചു. സഖ്യത്തിൽ കിട്ടിയ ഒരു സീറ്റിനു പകരം  ഒറ്റയ്ക്ക് നിന്നു അത് രണ്ടാക്കിയതിനാൽ, തലശ്ശേരിയിൽ ജ്ഞാനപീഠം പുരസ്‌കാരം  ലഭിച്ച എസ്.കെ പൊറ്റക്കാടും വടകര എ.വി രാഘവനും നൽകിയ പിന്തുണയിൽ അവർ വിജയിച്ചു കയറിയതും കോൺഗ്രസ്സിനോടുള്ള  മധുരമായ ഒരു പ്രതികാരം തന്നെയായിരുന്നു. പൊറ്റക്കാട്ടിന്റെ രംഗപ്രവേശനം എങ്ങനെ ചരിത്രത്തെ തിരിച്ചു വിട്ടുവെന്നു നോക്കാം. 1957ൽ തലശ്ശേരിയിലെ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കക്ഷിരഹിതനായി നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിപ്പിച്ചപ്പോൾ തോറ്റുപോയിരുന്നു. അന്നത്തെ ത്രികോണ മത്സരത്തിൽ അവിടെ കോൺഗ്രസ്സ് 1000 വോട്ടിനു ജയിച്ച് കയറുകയായിരുന്നു. മുസ്ലീംലീഗും പി.എസ്.പിയും മറ്റൊരു മുന്നണിയായി സ്ഥാനാർഥിയെ നിർത്തിയിരുന്നു. എന്നാൽ അന്ന് വടകരയിൽ മുസ്ലീംലീഗിന്റെ പിന്തുണയിൽ പി.എസ്.പി സ്ഥാനാർഥി ഡോ. കെ.ബി മേനോൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. അതുകൊണ്ട് 1962ൽ വടകരയിൽ നിന്നു മത്സരിക്കാനും മുസ്ലീംലീഗിന്റെ പിന്തുണ നേടാനും കമ്മ്യൂണിസ്റ്റ് പാർട്ടി പൊറ്റക്കാടിനെ ഉപദേശിക്കുകയും അതുപ്രകാരം ബാഫഖി തങ്ങളെ കണ്ട് അപേക്ഷിക്കുകയുമായിരുന്നു.

ബാഫഖി തങ്ങൾ

അന്ന് ബാഫഖി തങ്ങൾ കൊടുത്ത മറുപടി “ലീഗ് പിന്തുണയ്ക്കാം പക്ഷെ  തലശ്ശേരിയിൽ തന്നെ നിന്നു പൊറ്റക്കാട്ട് മത്സരിക്കണ”മെന്നായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  തീരുമാനം എ.വി രാഘവനെ തലശ്ശേരിയിൽ നിർത്താനായിരുന്നു. പ്രയാസത്തോടെ ആയിരുന്നെങ്കിലും അവസാനം ബാഫഖി തങ്ങളുടെ തീരുമാനത്തെ അംഗീകരിച്ചു. അത് എം.സി വടകര പറഞ്ഞപോലെ പരസ്പരം തെറ്റും ശരിയും നോക്കാതെയുള്ള ഒരു ബാന്ധവത്തിന്റെ തുടക്കം തന്നെയായിരുന്നു. ലീഗിന് അതൊരു പരീക്ഷണവും അതിജീവനവും ആയിരുന്നു. പക്ഷെ രണ്ടിടത്തും അവരുടെ കക്ഷിരഹിത സ്ഥാനാർഥികൾ 66,000, 72,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അതിശയിപ്പിച്ചു.
1960ലെ പട്ടം താണുപിള്ള മന്ത്രിസഭ മുന്നോട്ട് പോകുമ്പോൾ തന്നെ മുസ്ലീംലീഗ്- കോൺഗ്രസ്സ് ബന്ധം കൂടുതൽ വഷളാകുന്നു. കോൺഗ്രസ്സിലും പി.എസ്.പിയിലും  രണ്ടുചേരികൾ അധികാര മോഹത്തിൽ ഉടലെടുക്കുന്നു. പരസ്പരം അവർ തമ്മിലുള്ള ആഭ്യന്തര പോരുകളും മറ നീക്കി പുറത്തുവന്നു. സി.എച്ച്  എം.പിയായപ്പോൾ ഒഴിവ് വന്ന താനൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലീംലീഗ് ഒറ്റയ്ക്ക്  മത്സരിച്ച് വിജയിച്ചു. പട്ടത്തിന് എതിരായി സ്വന്തം പാർട്ടിയിലെ പി.കെ കുഞ്ഞ് പടവാൾ എടുത്തു. പട്ടവും ഉപമുഖ്യമന്ത്രി ശങ്കറും തമ്മിലുള്ള അഭ്യന്തര കലഹങ്ങളും പുകഞ്ഞു തുടങ്ങി. അങ്ങനെയായിരുന്നു നെഹ്രുവിന്റെ നിർദേശ പ്രകാരം ലാൽ ബഹദൂർ ശാസ്ത്രി ദൗത്യവുമായി വന്ന്, പട്ടത്തിനെ മെരുക്കി ഗവർണ്ണറാക്കി പഞ്ചാബിലേക്ക് അയച്ചതും ആർ ശങ്കറെ മുഖ്യമന്ത്രിയാക്കിയതും.

അവസാനം  കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇരയായി പീച്ചി സംഭവുമായി ബന്ധപ്പെട്ട അപവാദത്തിൽ പി.ടി ചാക്കോ രാജി വയ്ക്കുന്നു. മുഖ്യമന്ത്രി ശങ്കർക്ക് ആഭ്യന്തര മന്ത്രിയായ പി.ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പറയുന്ന അവസരം ഉണ്ടായി. അദ്ദേഹത്തിന്റെ രാജിയും തുടർന്നുള്ള ആകസ്മികമായ മരണവും കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി. ഭരണത്തിന് എതിരായുള്ള അവിശ്വാസ പ്രമേയത്തെ വിപ്പ് ലംഘിച്ച് സ്വന്തം പക്ഷത്തുള്ള 15 കോൺഗ്രസ് എം.എൽ.എമാരും അനുകൂലിച്ചു. ഇടഞ്ഞുനിന്ന ലീഗും പി.എസ്.പിയും പിന്തുണച്ച്  അവിശ്വാസം പാസ്സായി. ശങ്കർ മന്ത്രിസഭ രണ്ട് വർഷം തികക്കാതെ 1964 സെപ്തംബർ 10ന് രാജിവെച്ചു. വീണ്ടും രാഷ്‌ട്രപതി ഭരണം വന്നു. അങ്ങനെയാണ് മധ്യ തിരുവിതാംകൂർ, ക്രിസ്തീയ മതാധ്യക്ഷന്മാരുടെയും എൻ.എസ്.എസിന്റെയും ആശീർവാദത്തോടെ  ഒരു വിഭാഗം കോൺഗ്രസ്സുകാർ കെ.എം ജോർജിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസിന് രൂപം കൊടുക്കുന്നത്. തുടർന്ന് അഖിലേന്ത്യാ തലത്തിൽ പിളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മാർക്സിസ്റ്റ്‌ വിഭാഗത്തിന്റെ നേതാവ് ഇ.എം.എസ് ലീഗിനോട്‌ അടുക്കാനും സി.പി.ഐക്കാരെ ഒറ്റപ്പെടുത്താനും ശ്രമം ആരംഭിച്ചു. ആ നിലപാട് വ്യക്തമാക്കുന്ന ചില രചനകൾ പുറത്ത് വരുന്നു.  അതിൽ അദ്ദേഹം, സി.പി.ഐ ലീഗിന് എതിരാണെന്നും എന്നാൽ മാർക്സിസ്റ്റ്‌കൾ അവരുമായി ധാരണകൾ ഉണ്ടാക്കാൻ തയ്യാറാണെന്നും, മുഖ്യശത്രു കോൺഗ്രസ് ആണെന്നുമുള്ള ഒരു സന്ദേശം ലീഗിനും നൽകുന്നു. (എം.സി വടകര, സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങൾ, കോഴിക്കോട്: 2018, p.178).

ഇ.എം.എസ്

1965ൽ  നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ്-മുസ്ലീംലീഗ് കൂട്ടുകെട്ട് കൊണ്ട് ഇരുകൂട്ടർക്കും ഒരു നേട്ടവും ഉണ്ടായില്ല. ആ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് നടന്ന രാഷ്ട്രീയ നാടകങ്ങളിൽ  ഗവർണ്ണർ വി വി ഗിരിയുടെ ഇടപെടൽ ആർ ബാലകൃഷ്ണപിള്ള തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. കേരള കോൺഗ്രസ്സിന്റെ അധ്യക്ഷൻ കെ.എം ജോർജിന്റെയും ലീഗിന്റെയും നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടാക്കണമെന്നും അതിനു കോൺഗ്രസ് പിന്തുണ നൽകുമെന്നും ഉള്ള ഗവർണ്ണറുടെ ഒരു ഫോർമുലയായിരുന്നു അത്. പക്ഷെ ആ നീക്കങ്ങൾ പൊളിച്ചതും കോൺഗ്രസ്സ് പാർട്ടി തന്നെയായിരുന്നു. അങ്ങനെയാണ് വീണ്ടും മൂന്നാമത് രാഷ്‌ട്രപതി ഭരണത്തിലേക്ക് കേരളം പോയത്. (ആർ ബാലകൃഷ്ണ പിള്ള, പ്രിസണർ 5990, കോട്ടയം: ഡി.ഡി.ബുക്ക്സ്, 2011, p.104). അവസാനം, കേന്ദ്രത്തിൽ നെഹ്രുവിനു ശേഷമുള്ള ഭരണകാലഘട്ടത്തിലെ നയ വൈകല്യങ്ങളും കേരളത്തിലെ കോൺഗ്രസ്സ് ഭരണത്തിന് എതിരായുള്ള ജനരോഷവും ഇവിടത്തെ പ്രതിപക്ഷ കക്ഷികളെ ഒരു ചേരിയിലാക്കി. കൂടാതെ സി.പി.ഐക്ക് മാർക്സിസ്റ്റ്‌ വിഭാഗത്തിന്റെയും മുസ്ലീംലീഗിന്റെയും സഖ്യബലം 1965ലെ തെരഞ്ഞെടുപ്പ് കൊണ്ട് ബോധ്യപ്പെട്ടു. സി.പി.ഐയും മുസ്ലീംലീഗും 1967ലെ തെരഞ്ഞെടുപ്പിൽ സപ്തകക്ഷി മുന്നണിയിൽ ചേർന്നു. കോൺഗ്രസ്സിന്റെ ധാർഷ്ട്യത്തിനും വീഴ്ചകൾക്കും തിരിച്ചടിയായി കേരളത്തിലെ ആ തെരഞ്ഞെടുപ്പിൽ 9 സീറ്റിലേക്ക് അവർ കൂപ്പുകുത്തി. 133 അംഗ നിയമസഭയിൽ അവർക്കും കേരളാ കോൺഗ്രസ്സിനുമായി ആകെ കിട്ടിയ സീറ്റ് 16. അങ്ങനെ ഇ.എം.എസ് മുഖ്യമന്ത്രിയായി ഭരണം ഏറ്റെടുത്തു. കൂടുള്ള 12 മന്ത്രിമാരിൽ ആദ്യമായി മുസ്ലീംലീഗിലെ രണ്ടുപേർ. സി.എച്ച് വിദ്യാഭ്യാസ മന്ത്രിയും അഹമ്മദ് കുരിക്കൾ പഞ്ചായത്ത് മന്ത്രിയുമായി. എസ്.എസ്.പിയിൽ നിന്നും പി.കെ കുഞ്ഞ് ധനകാര്യ മന്ത്രിയായി.

പ്രിസണർ 5990, കവർ

വിഭജന കാലത്തും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും സീതിസാഹിബും മുഹമ്മദ്‌ ഇസ്മയിൽ സാഹിബും എന്താണോ ആഗ്രഹിച്ചത്‌ അത് ഐക്യകേരളം ഉണ്ടായ ശേഷം അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ദീർഘവീക്ഷണത്തിൽ ഉണ്ടായ ചില തീരുമാനങ്ങളിലൂടെ നേടി എടുത്തു. മുന്നണിക്കുള്ളിൽ ഒരു തർക്കത്തിനും വഴിവെയ്ക്കാതെ മലപ്പുറം ജില്ലയുടെ രൂപീകരണം സാധ്യമാക്കി. അപ്പോഴും വർഗീയ ശക്തികളോടുകൂടി കേളപ്പനെ പോലുള്ള പഴയ കോൺഗ്രസ് നേതാക്കൾ ആ നേട്ടങ്ങളെ വിലകുറച്ചു കണ്ടു. ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെ പിൻപറ്റി പഞ്ചായത്ത് രാജ് നടപ്പിൽ വന്നപ്പോൾ അധികാര വികേന്ദ്രീകരണവും മലബാറിനെ തുണച്ചു. വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ലീഗ് എല്ലാക്കാലത്തും ശ്രമിച്ചതിന്റെ ഫലമായി കോഴിക്കോട് സർവകലാശാലയും നിലവിൽ വന്നു. മൂന്നു വർഷം തികയുന്നതിനു മുൻപ് സപ്തമുന്നണിയിൽ, സി.പി.ഐക്കാർ  മാർക്സിസ്റ്റ്‌ നേതാക്കളുടെ ‘വലിയേട്ടൻ മനോഭാവ’ത്തിന് എതിരെ ശബ്ദിച്ച് തുടങ്ങി. എസ്.എസ്.പി പിളർന്നു 19 പേരിൽ 15 പേരും മന്ത്രിമാരായ പി.കെ കുഞ്ഞിനും പി.ആർ കുറുപ്പിനോടൊപ്പവും മാറി. എന്നാൽ ഔദ്യോഗിക വിഭാഗത്തിലെ കെ.കെ അബുവിന്റെ കീഴിലുള്ള അഞ്ച് എം.എൽ.എമാരെയാണ് ഇ.എം.എസ് അംഗീകരിച്ചത്. ഭരണപക്ഷ എം.എൽ.എ തന്നെ ധനകാര്യ മന്ത്രി പി.കെ കുഞ്ഞിന് എതിരായി ആരോപണം കൊണ്ടുവരികയും തുടർന്ന് അദ്ദേഹം രാജി വെക്കുകയും ഉണ്ടായി. പിൻഗാമിയായി എൻ.കെ ശേഷൻ ധനകാര്യ മന്ത്രിയായി. നക്സൽ വിഷയത്തിന്റെ ചുവടുപിടിച്ച്  ഭരണപക്ഷത്തെ ആറ് മാർക്സിസ്റ്റ്‌ എം.എൽ.എമാർ രാജിവെച്ചു. അഴിമതി ആരോപണങ്ങൾ കെ.ടി.പിക്കാരനായ ബി. വെല്ലിംഗ്ട്ടന് എതിരായി പല കോണിൽ നിന്നും വന്നപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാൻ നമ്പൂതിരിപ്പാടും മാർക്സിസ്റ്റ്‌ പാർട്ടിയും മുന്നിൽ നിന്നു. അഴിമതി ആരോപണങ്ങൾ രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും മന്ത്രിമാർക്ക് എതിരെ പോലും പരസ്പരം ഉന്നയിക്കുന്ന കുത്തഴിഞ്ഞ സാഹചര്യം ഉണ്ടായിട്ടും പ്രതിപക്ഷം നിർജീവമായ ആ നിയമസഭയിൽ, അവരുടെ ദൗത്യം ഭരണകക്ഷിയിലെ സി.പി.ഐക്കാരായിരുന്നു ഏറ്റെടുത്തത്. എടുത്ത് പറയേണ്ടത് അന്ന് ഒരു ആരോപണവും കേൾക്കാത്തത് മുസ്ലീംലീഗ് മന്ത്രിമാർ മാത്രം.

ബി വെല്ലിംഗ്ടൺ

1969 സെപ്തംബർ 3ന് മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്ത് പോയ സമയം നിയമസഭയിൽ  മന്ത്രി വെല്ലിംഗ്ടനെതിരെയുള്ള ആരോപണത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്നത് ഒരു പ്രമേയത്തിലൂടെ സി.പി.ഐക്കാരാണ് കൊണ്ടുവന്നത്. അത് വോട്ടിന് ഇട്ട് അംഗീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി തിരിച്ചുവന്നപ്പോൾ നിയമസഭയുടെ ആ തീരുമാനത്തിന് പുറത്ത് ഉത്തരവ് നൽകേണ്ടി വന്നു. അതോടൊപ്പം പ്രതികാര നടപടി എന്നോണം അദ്ദേഹം സി.പി.ഐ മന്ത്രിമാരായ എം.എൻ ഗോവിന്ദൻനായർ, ടി.വി തോമസ്‌, പി.ആർ കുറുപ്പ് എന്നിവർക്കെതിരെ സ്വന്തം പക്ഷത്ത് നിന്നുന്നയിച്ച അഴിമതിയാരോപണങ്ങളിലെ അന്വേഷണത്തിനും ഉത്തരവിട്ടു. അത് എല്ലാവരെയും ഞെട്ടിച്ചു എന്നുമാത്രമല്ല അതുവരെ ഇതൊക്കെ നിരീക്ഷിക്കുകയും അഴിമതി ആരോപണങ്ങളിൽ അസ്വസ്ഥരായി പരിഹാരം മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാകുമെന്നു വിശ്വസിക്കുകയും ചെയ്ത മുസ്ലീംലീഗ് നേതൃത്വത്തിനെ ചില കടുത്ത തീരുമാനങ്ങളിൽ കൊണ്ടെത്തിച്ചു. സി.എച്ചും നഹയും സി.പി.ഐ മന്ത്രിമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മന്ത്രിസ്ഥാനങ്ങൾ രാജിവെച്ചു. ഒപ്പം മന്ത്രി  ടി.കെ ദിവാകരന്റെ രാജിയും.1969 ഒക്ടോബർ 24ന് നിയസഭയിൽ കെ.ആർ ​ഗൗരിയമ്മ, ഇ.കെ ഇമ്പിച്ചിബാവ, മത്തായി മാഞ്ഞൂരാൻ എന്നീ മാർക്സിസ്റ്റ്‌ വിഭാഗത്തിലെ മന്ത്രിമാർക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന പ്രമേയം സി.പി.ഐയിലെ ടി.എ മജീദ് കൊണ്ടുവന്നു. പ്രമേയം പാസായതോടെ ഇ.എം.എസ് രാജിവയ്ക്കാൻ തീരുമാനിച്ചു. 1969 നവംബർ ഒന്നിന് രാജി പ്രാബല്യത്തിൽ വന്നു. ഇ.എം.എസ് മുഖ്യമന്ത്രി പദത്തിൽ പിന്നീട് തിരിച്ചുവരാതെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രത്തിലെ ആ രാജി അവസാന അധ്യായമായി മാറി.

ഇ.എം.എസിനെ പോലുള്ള  ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് കീഴിലുള്ള മന്ത്രിമാർക്ക് എതിരെ ഇത്രയേറെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അതിൽ കുറേ വ്യജമാണെങ്കിൽ കൂടി ആ രാഷ്ട്രീയ നാടകങ്ങൾ സൃഷ്ടിച്ച പുകമറയിൽ കുറ്റം ചെയ്ത കുറേപ്പേർ രക്ഷപ്പെട്ടു എന്നത് യാഥാർത്ഥ്യം. അത് എന്നും ഒരു കറുത്ത അധ്യായമായി 1960കളിലെ രാഷ്ട്രീയ കേരള ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു. സി.പി.ഐ ഇടതുപക്ഷ പാളയത്തിൽ നിന്നും ഭരണനേതൃത്വത്തിലേക്ക് മാറാനും കോൺഗ്രസ്സ്- മുസ്ലീംലീഗ് ബന്ധം സുദൃഢമാകാനും വഴിതെളിച്ച 1960കളിലെ രാഷ്ട്രീയ നാടകത്തിന് അങ്ങനെ തിരശ്ശീല വീണു. 

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read