റസാഖ് കോട്ടക്കലിന്റെ ആ ചിത്രങ്ങൾ എന്തുകൊണ്ട് മാഞ്ഞുപോകുന്നു?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

റസാഖ് കോട്ടക്കലിന്റെ ആ ചിത്രങ്ങൾ മാഞ്ഞുപോകുമ്പോൾ അദ്ദേഹത്തിലെ പോരാളിയെ വിസ്മരിക്കുകയാണ് യഥാർത്ഥത്തിൽ നാം ചെയ്യുന്നത്. ഏതൊക്കൊയാണ് ആ മായ്ക്കപ്പെടുന്ന ചിത്രങ്ങൾ? ചവറ-നീണ്ടകരയിലെ റേഡിയേഷൻ മൂലം മരിക്കുകയും ശരീരം വികൃതമാവുകയും ചെയ്ത, എൺപതുകളിൽ റസാഖ് പകർത്തിയ മനുഷ്യരുടെ ചിത്രങ്ങളാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ത്യൻ റെയർ എർത്ത്സ് നീണ്ടകരയിൽ വരികയും തോറിയമുള്ള മണൽ സംസ്ക്കരിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഈ കടൽത്തീരത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഈ മനുഷ്യരെ പകർത്തിയ റസാഖ് കോട്ടക്കലായിരുന്നു കേരളത്തിലെ ആദ്യ ആക്ടിവിസ്റ്റ് ഫോട്ടോഗ്രാഫർ. ഇതേ മാനുഷിക ദുരന്തത്തിന്റെ ഡോക്യുമെന്റാണ് അക്കാലത്ത് വി.ടി പത്മനാഭൻ എഴുതിയ ‘ദുരന്തത്തിന്റെ നൂറ്റാണ്ടിലേക്ക്’ എന്ന പുസ്തകം. കേരളത്തിന്റെ പല ഭാഗത്തും റസാഖിന്റെ ചവറ-നീണ്ടകര ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു. എന്നാൽ ഇന്ന് ഒരിടത്തും ആ ചിത്രങ്ങൾ കാണുന്നില്ല. മലയാളി ഫോട്ടോഗ്രഫിയുടെ ഏറ്റവും പ്രധാന സന്ദർഭങ്ങളിലൊന്നുതന്നെയാണ് ഈ ചിത്രങ്ങൾ മായ്ച്ചുകളയുമ്പോൾ നമ്മുടെ ഇമേജ് ചരിത്രത്തിൽ നിന്നും ഇല്ലാതാകുന്നത്. ആ ചിത്രങ്ങൾ ആരുടെയെങ്കിലും കൈകളിലുണ്ടാകുമോ? ചില പത്രങ്ങളിൽ ഈ ചിത്രങ്ങളുെടെ പ്രദർശന വാർത്തകൾ വന്നിരുന്നു. ആ വാർത്തകളുടെ കട്ടിംഗുകളും ആക്ടിവിസ്റ്റ് ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ പ്രധാനമാണ്. റസാഖിന്റെ ചവറ-നീണ്ടകര ഫോട്ടോഗ്രാഫുകളുടെ ഓർമ്മ, ‘റസാഖ് കോട്ടയ്ക്കൽ: കലയും ജീവിതവും’ എന്ന ‍ഡോ. ഉമ്മർ തറമേൽ എഡിറ്റ് ചെയ്ത് ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കെ.ജി.എസ് പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാട് കൂടിയാണ് ഈ പ്രദേശം. കെ.ജി.എസ് എഴുതുന്നു: “ചവറയിലാണ് ഞാൻ ജനിച്ചത്. എനിക്ക് കിട്ടിയ കടൽത്തീരം ഇങ്ങനെ കറുത്തതായിപ്പോയല്ലോ എന്ന് കഷ്ടം തോന്നിയിട്ടുണ്ട്. അകലെ നിന്നേ കേൾക്കാമായിരുന്നു മണൽക്കമ്പനികളിലെ ചൂളയുടെ തീയിരമ്പം. തിരയിരമ്പത്തേക്കാൾ ഉയരെ. കടൽ കടന്നുപോകുന്ന ചവറ പ്രതാപത്തെപ്പറ്റി അഭിമാനമായി. ഇൽമനൈറ്റും മോണോസൈറ്റും തോറിയവുമെല്ലാം താരങ്ങളായി. കിണറ്റുകരയിൽ നിന്ന് വെള്ളം കോരി കാൽകഴുകുമ്പോൾ എന്നും കാണും കണങ്കാൽ വരെ നക്ഷത്രപ്പൊടി പോലെ ആ അഭിമാനത്തരികളുടെ തിളക്കം. അർബുദമോ അജ്ഞാതരോ​ഗങ്ങളോ രൂപവൈകല്യങ്ങളോ എന്ത് കൊണ്ടെന്നറിയുന്നത് പിന്നെമാത്രം. അവിടവിടെ ചില വീടുകൾ മരണവീടുകളായ ശേഷം. പരിസ്ഥിതി പ്രവർത്തകരും വി.ടി പത്മനാഭനും റസാഖും കാണിച്ചു തന്നപ്പോൾ. ഓർമ്മയും പുതിയ അറിവും കാഴ്ചയും ഒന്നിച്ച് ഞെട്ടിച്ചപ്പോൾ. അന്ന് റസാഖ് തന്നെ ദേശത്തിന്റെ പോർട്രെയ്റ്റുകൾ ജീവനുമായുള്ള പിശാചിന്റെ സംവാദങ്ങളായിരുന്നു. പിൽക്കാലത്ത് മധുരാജിലും മറ്റും വളർന്ന് കണ്ട ഫോട്ടോ​ഗ്രാഫിക് സജീവതയുടെ പ്രതിരോധദർശനം.” റസാഖിനെക്കുറിച്ചും കേരളം ഇന്ന് പാടെ മറന്നുകഴിഞ്ഞ അടിത്തട്ട് മനുഷ്യരുടെ ആ സമരത്തെക്കുറിച്ചും ഓർത്തെടുക്കാൻ കേരളീയം റസാഖ് ഓർമ്മദിനത്തിൽ ശ്രമിക്കുകയാണ്.

റസാഖിന്റെ ഒരു മലബാർ ചിത്രം

മാഞ്ഞുപോയ മറ്റൊരു കൂട്ടം ചിത്രങ്ങൾ ആദ്യ ഗൾഫ് യുദ്ധത്തെക്കുറിച്ചുള്ളതാണ്. 1991 ജനുവരിയിലാണ് ഗൾഫ് പീസ് ടീമിൽ അംഗമായി (ഈ യാത്രയിൽ ടോമി മാത്യുവും ഉണ്ടായിരുന്നു) റസാഖ് ഇറാഖ്-സൗദി അതിർത്തിയായ അറാറിൽ എത്തുന്നത്. ഇവിടേയും മനുഷ്യ നിസ്സഹായതയുടെ ചിത്രങ്ങൾ എടുക്കാൻ തന്നെയാണ് റസാഖ് ശ്രമിച്ചത്. അക്കാലത്ത് റസാഖിന്റെ പടങ്ങളും ടോമി മാത്യുവിന്റെ എഴുത്തും ഇംഗ്ലീഷ്-മലയാളം മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ആ പടങ്ങളും ഇന്ന് എവിടെയുമില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആ യുദ്ധത്തെക്കുറിച്ച് റസാഖ് എഴുതിയ കുറിപ്പുകൾ കേരളീയം പുനഃപ്രകാശനം ചെയ്യുകയാണ്. മിഡിലീസ്റ്റിലെ യുദ്ധാന്തരീക്ഷം ഇന്ന് ഈ കുറിപ്പിൽ പറയുന്നതിനേക്കാൾ രൂക്ഷമായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ റസാഖിന്റെ യുദ്ധക്കുറിപ്പുകൾക്ക്, ഒരു സമാധാന പ്രവർത്തകന്റെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അതിൽ യുദ്ധക്കൊതിയൻമാരുടെ മുഴുവൻ വികാരങ്ങളും കൊത്തിവെക്കപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിലെ വടക്കു കിഴക്ക് പ്രദേശങ്ങളിൽ നിന്നുള്ള റസാഖിന്റെ ചിത്രങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്. അവയും ഇന്ന് ‘സംരക്ഷിക്കപ്പെടുന്ന’ കൂട്ടത്തിലില്ല. ഈ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടു മാത്രമേ റസാഖിന്റെ യഥാർത്ഥ സ്മരണ തിരിച്ചുപിടിക്കാൻ കഴിയൂ. (റസാഖിന്റെ നഷ്ടമായ ചിത്രങ്ങൾ പഴയ നെ​ഗറ്റീവുകളിൽ നിന്നും വീണ്ടെടുക്കാനുള്ള ശ്രമം നടത്താൻ ഏപ്രിൽ 8ന് മലപ്പുറത്ത് നടന്ന റസാഖ് കോട്ടക്കൽ അനുസ്മരണ പരിപാടിയിൽ വച്ച് തീരുമാനമായതായി അദ്ദേഹത്തിന്റെ സഹോദരനും ഫോട്ടോ​ഗ്രാഫറുമായ റഷീദ് കോട്ടയ്ക്കൽ അറിയിക്കുന്നു).

റസാഖിന്റെ മലബാർ ചിത്രം

പോർട്രെയിറ്റുകൾ (പ്രത്യേകിച്ചും സാഹിത്യകാരൻമാരുടെ) മികച്ച കലാപ്രവർത്തനമായിരുന്നുവെന്നതിൽ സംശയമില്ല. എന്നാൽ അവയുടെ മാത്രം ഫോട്ടോഗ്രഫറായി റസാഖിനെ അവതരിപ്പിക്കുന്നതിലെ പരിമിതിപ്പെടുത്തൽ തിരുത്തപ്പെടുമ്പോഴാണ് മലയാളി ഫോട്ടോഗ്രഫിയിലെ യഥാർത്ഥ റസാഖ് ഉള്ളടക്കത്തിലേക്ക് നമുക്ക് എത്താൻ കഴിയൂ. റസാഖ് കോട്ടക്കൽ ഓർമ്മ ദിനം അത്തരമൊരു പ്രവർത്തനത്തിന്റെ അനിവാര്യതയെ അതിശക്തമായും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

Also Read

3 minutes read April 9, 2023 8:26 am