സാമ്പത്തിക കുറ്റാരോപണം: മാധ്യമങ്ങളെ അടിച്ചമർത്താനുള്ള പുതിയ ആയുധം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷത എന്നത് അസാധ്യമാണ്. മാധ്യമ ഭാഷയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. നമ്മൾ ഇപ്പോഴും ‘റയറ്റ്’ (കലാപം) എന്ന വാക്ക് ഉപയോഗിക്കുന്നു. പക്ഷേ അതൊന്നും യഥാർത്ഥത്തിൽ കലാപം ആയിരിക്കുകയില്ല. നമ്മൾ പലപ്പോഴും കൺമുന്നിൽ തന്നെയുള്ള വസ്തുതകളെ കാണാതെ പോകുന്നു. ഗുജറാത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലകളിൽ ചിലരുടെ എഫ്.ഐ.ആർ പരിശോധിച്ചപ്പോൾ അതിലെല്ലാം ആദ്യത്തെ കുറച്ച് പാരഗ്രാഫുകൾ സമാനമായിരുന്നു. എന്തുകൊണ്ട് ഗുജറാത്തി മാധ്യമങ്ങൾ അതൊന്നും ശ്രദ്ധിച്ചില്ല എന്ന് അത്ഭുതപ്പെടാറുണ്ട്. ചില വസ്തുതകൾ അന്വേഷിച്ചുപോകേണ്ടതില്ല, അവയെല്ലാം പരസ്യമായി ലഭ്യമായിരിക്കും.” ഗുജറാത്ത് വംശഹത്യയെയും വ്യാജ ഏറ്റുമുട്ടൽ കൊലകളെയും കുറിച്ച് നടത്തിയ അന്വേഷണാത്മ റിപ്പോർട്ടുകളെ അധികരിച്ച് തയ്യാറാക്കിയ ‘ഗുജറാത്ത് ഫയൽസ്: അനാട്ടമി ഓഫ് എ കവർ അപ്’ എന്ന പുസ്തകത്തിന്റെ രചയിതാവും  മാധ്യമപ്രവർത്തകയുമായ റാണാ അയൂബ് പറഞ്ഞു. മാതൃഭൂമി സംഘടിപ്പിച്ച സേക്രഡ് ഫാക്റ്റ്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

“ഇന്ത്യയിൽ നിരവധി മാധ്യമപ്രവർത്തകർക്കെതിരെ കേസുകൾ ചുമത്തിയിട്ടുണ്ട്. എന്നാൽ മുംബൈ, ദില്ലി, ബംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിലെ മാധ്യമപ്രവർത്തകർക്ക് കിട്ടുന്ന പിന്തുണ എന്തുകൊണ്ട് എല്ലാവർക്കും കിട്ടുന്നില്ല? ന്യൂസ്ക്ലിക് എഡിറ്റർ അറസ്റ്റ് ചെയ്യപ്പെടുകയും റെയ്ഡുകൾ നടക്കുകയും ചെയ്തപ്പോൾ വലിയ പ്രതിഷേധങ്ങളുണ്ടാകുകയും ഐക്യദാർഢ്യനിര രൂപപ്പെടുകയും ചെയ്തു. പക്ഷേ കശ്മീരിലെ നിരവധി മാധ്യമപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉയർന്നുവന്നിട്ടില്ല, അങ്ങനെയല്ല നമ്മൾ ചെയ്യേണ്ടത്. എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവർക്കുമൊപ്പം നിലകൊള്ളാനും നമുക്ക് കഴിയണം. എനിക്ക് തോന്നുന്നത് ഇത് ആദ്യത്തെ ജേണലിസ്റ്റിന് സംഭവിച്ചപ്പോൾ ഉയരേണ്ടിയിരുന്ന പ്രതിരോധമാണ് എന്നാണ്. ആദ്യ ജേണലിസ്റ്റ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, ആദ്യ ജേണലിസ്റ്റ് സെൻസർ ചെയ്യപ്പെട്ടപ്പോൾ, ആദ്യ ജേണലിസ്റ്റിനെതിരെ അപകീർത്തി കേസ് ചുമത്തിയപ്പോൾ, ആദ്യ ജേണലിസ്റ്റിനെതിരെ യു.എ.പി.എ കേസ് ചുമത്തിയപ്പോൾ, ആദ്യ ജേണലിസ്റ്റിനെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസെടുത്തപ്പോൾ ഇതൊരു ആക്രമണമാണെന്ന് നമ്മൾ പറയണമായിരുന്നു. എന്നെ സംബന്ധിച്ച് മാധ്യമപ്രവർത്തനം എപ്പോഴും അടിച്ചമർത്തുന്നവരെയും അടിച്ചമർത്തപ്പെടുന്നവരെയും കുറിച്ചാണ്. മാധ്യമപ്രവർത്തനത്തിൽ നിരവധി പക്ഷങ്ങളുണ്ട് എന്ന് ഞാൻ കരുതുന്നില്ല, ഉള്ളത് അടിച്ചമർത്തുന്നവർ, അടിച്ചമർത്തപ്പെടുന്നവർ എന്നിങ്ങനെ രണ്ടു പക്ഷങ്ങൾ മാത്രമാണ്.” കെ എ ജോണിയുമായുള്ള സംഭാഷണത്തിൽ റാണ അയൂബ് പറഞ്ഞു.

കോവിഡ് മഹാമാരി കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്കും കടുത്ത ദാരിദ്ര്യം നേരിട്ടവർക്കും വേണ്ടി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തിയ ക്രൗഡ് ഫണ്ടിംഗിനെതിരെ, ഉത്തർപ്രദേശിലെ ഗാസിയാബാദ് പൊലീസ് സ്റ്റേഷനിൽ വികാസ് സാംകൃതായൻ എന്ന ഹിന്ദുത്വവാദി നൽകിയ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് റാണക്കെതിരെ ഇ.ഡി കേസെടുത്തത്. ഹിന്ദു ഐടി സെൽ എന്ന എൻജിഒയുടെ സ്ഥാപകനാണ് പരാതിക്കാരൻ. ഗുജറാത്ത് വംശഹത്യയിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വെളിപ്പെടുത്തുന്ന വസ്തുതകൾ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി വധഭീഷണികളും ബലാത്സംഗ ഭീഷണികളും റാണയ്ക്ക് ലഭിച്ചിരുന്നു. റാണ പരാതി നൽകിയെങ്കിലും കുറ്റവാളികളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന അന്താരാഷ്ട്ര സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റാണയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം നേരിടുന്ന ഭീഷണികളെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റാണാ അയ്യൂബ് കേരളീയവുമായി സംസാരിക്കുന്നു.

റാണാ അയ്യൂബ്. ഫോട്ടോ: മൃദുല ഭവാനി

കള്ളപ്പണം വെളുപ്പിക്കൽ ചാര്‍ജ് ആരോപിച്ചുള്ള കേസാണ് റാണയ്ക്കെതിരെ ഏറ്റവുമൊടുവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിനും എന്‍.ഐ.എയ്ക്കും ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിക്കുന്ന മറ്റൊരു കേന്ദ്ര ഏജന്‍സിയായി മാറിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂസ് ക്ലിക്കിന് എതിരായും ഇ.ഡിയാണ് ആദ്യം എത്തുന്നത്? ഇത്തരം അന്വേഷണ ഏജന്‍സികള്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോകുന്ന സമകാലിക സാഹചര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇന്ത്യയിലെ പുതിയ രാജ്യദ്രോഹ കുറ്റമാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്ട്). ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും ഇത് സംഭവിക്കുന്നുണ്ട്, ഫിനാന്‍ഷ്യല്‍ ടെററിസം എന്ന ആരോപണം. വാര്‍ത്തയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നൊക്കെ ആരോപിക്കുന്നതുപോലെയല്ല സാമ്പത്തികമായ കുറ്റാരോപണങ്ങള്‍. സാമ്പത്തിക കുറ്റാരോപണങ്ങള്‍ വരുമ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമില്ലാതിരിക്കില്ല എന്ന ചിന്തയാണ് ആളുകളില്‍ ഉണ്ടാകുക. ഗ്വാട്ടിമാല, ഹോങ്‌കോങ്, കൊളംബിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ഞാന്‍ റിപ്പോര്‍ട്ടിങ് ചെയ്യുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുകള്‍ ഇവിടെയെല്ലാം രാജ്യദ്രോഹ കുറ്റമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് നമ്മള്‍ അറിയണം. കുറ്റാരോപണങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അങ്ങനെയെല്ലാം നടക്കുന്നുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയണം. ഫിനാന്‍ഷ്യല്‍ ടെററിസം എന്നത് ഇന്ത്യയില്‍ രാജ്യദ്രോഹ നിയമം പോലെയായി മാറുകയാണ്. മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ അത് ഉപയോഗിക്കുകയാണ്. ഞാനതിനെ നേരിടുന്നുണ്ട്, ഞാനത്തരമൊരു സമരത്തിലാണ്. എന്‍.ഐ.എ, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, പബ്ലിക് സെക്യൂരിറ്റി ആക്റ്റ്, പൊലീസ് ഫോഴ്‌സ്, നിയമസംവിധാനം ഇതെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിക്കുകയാണ്. സ്ഥിതിഗതികള്‍ അത്രയും മോശമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുക എന്നതാണ് ഈ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പതനം. മറ്റെന്തിനെക്കാളും മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുവാനും നിശബ്ദരാക്കാനുമുള്ള ഉപകരണമാണത്. ന്യൂസ് ക്ലിക് എഡിറ്റര്‍ പ്രബീര്‍ ആയാലും, സിദ്ദീഖ് കാപ്പന്‍ ആയാലും ഛത്തീസ്ഗഢില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട രൂപേഷ് കുമാര്‍ സിങ് ആയാലും… എനിക്ക് തോന്നുന്നത് ഈ മാധ്യമപ്രവര്‍ത്തകരെ കുറിച്ചൊന്നും നമ്മള്‍ ഉറച്ച ശബ്ദത്തില്‍, വ്യക്തതയോടെ സംസാരിക്കുന്നില്ല എന്നാണ്.

സിദ്ദീഖ് കാപ്പൻ

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ റാണയുടെ ‘ഗുജറാത്ത് ഫയല്‍സ്: ദ അനാട്ടമി ഓഫ് എ കവര്‍ അപ്’നെ കുറിച്ച് ആലോചിക്കാതിരിക്കാന്‍ കഴിയില്ല. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ ഭരണസംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുന്ന അണ്ടര്‍ കവര്‍ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പല മാധ്യമങ്ങളും തയ്യാറായിരുന്നില്ലല്ലോ. ഇതേക്കുറിച്ച് പറയാമോ?

ഞാനതിനെ ഇങ്ങനെയാണ് കാണുന്നത്, നമുക്ക് ഏറ്റവും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ നമുക്ക് ഐക്യദാര്‍ഢ്യം അറിയിക്കുകയില്ല. ഗുജറാത്ത് ഫയല്‍സ് ഞാന്‍ എഴുതിയപ്പോള്‍ സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നു. എനിക്ക് ആ പുസ്തകം സ്വയം പ്രസിദ്ധീകരിക്കേണ്ടിവന്നു എന്നത് ഇവിടെ സെന്‍സര്‍ഷിപ്പ് ഉണ്ട് എന്നതിന്റെ അടയാളമാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം എനിക്കെതിരെ വന്ന കേസുകളെല്ലാം ഇവിടെ സെന്‍സര്‍ഷിപ്പ് ഉണ്ട് എന്നുതന്നെയാണ് സൂചിപ്പിച്ചത്. എനിക്ക് തോന്നുന്നു അന്ന് ആളുകള്‍ എനിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കൂടെ നിന്നിരുന്നുവെങ്കില്‍, ഇന്നത്തെ സാഹചര്യം വ്യത്യസ്തമാകുമായിരുന്നു. ഞാന്‍ പറയാന്‍ ശ്രമിച്ചിരുന്നത് മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. ഗുജറാത്ത് ഫയല്‍സ് പ്രസിദ്ധീകരിച്ച ശേഷം 2016ല്‍ സെന്‍സര്‍ഷിപ്പിനെക്കുറിച്ച് ഞാനെഴുതിയ ഒരു ലേഖനത്തെത്തുടര്‍ന്ന് സെന്‍സര്‍ഷിപ്പിനെ നിഷേധിച്ചുകൊണ്ട് ചിലര്‍ സംസാരിക്കുകയുണ്ടായി. എനിക്ക് തോന്നുന്നത് സ്വന്തം വീട്ടുപടിക്കല്‍ വന്നെത്തുന്നതുവരെ ആളുകള്‍ കാര്യങ്ങളെ ഗൗരവമായെടുക്കുന്നില്ല എന്നാണ്.  ഇപ്പോഴെങ്കിലും ഇതേക്കുറിച്ച് നമ്മള്‍ സംസാരിച്ചിട്ടില്ലെങ്കില്‍ അതൊരു വലിയ പ്രശ്‌നമാണ്. ആളുകള്‍ക്ക് സെല്‍ഫ് പബ്ലിഷ് ചെയ്യാവുന്നതാണ്, സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങാവുന്നതാണ്, എഴുത്തുകള്‍ മീഡിയം, സബ്സ്റ്റാക് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. ഗുജറാത്ത് ഫയല്‍സിന്റെ പ്രസിദ്ധീകരണം നടക്കാതിരുന്നപ്പോള്‍ എനിക്ക് മുന്നിലുള്ള ഒരേയൊരു വഴി അത് സ്വന്തമായി പ്രസിദ്ധീകരിക്കുക എന്നതാണ്, ആരെയും കാത്തുനില്‍ക്കാതെ. എനിക്ക് എന്റെ സത്യം പറയേണ്ടതുണ്ടായിരുന്നു, ഞാനത് പറഞ്ഞു. എല്ലായ്‌പ്പോഴും ആളുകള്‍ക്ക് സത്യം പറയാനുള്ള അവസരങ്ങളുണ്ട്, പക്ഷേ അത് ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതാണ് ചോദ്യം.

ഗുജറാത്ത് ഫയൽസ്‌, കവർ

ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം എത്രത്തോളം നടക്കുന്നുണ്ട്?

നീണ്ട ലേഖനങ്ങള്‍ വായിക്കാനുള്ള ‘ബാന്‍ഡ് വിഡ്ത്’ ആളുകള്‍ക്ക് നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും വാര്‍ത്ത ചെറിയ രൂപത്തിലാണ് വേണ്ടത്, എല്ലാവര്‍ക്കും ഇന്‍സ്റ്റാഗ്രാം റീലുകളാണ് വേണ്ടത്, ട്വീറ്റുകളാണ് വേണ്ടത്. ആര്‍ക്കും 5000 മുതല്‍ 6000 വരെ വാക്കുകള്‍ വരുന്ന ലോങ് ഫോം റിപ്പോര്‍ട്ടില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ല. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടുകൊണ്ടിരിക്കണം എന്ന രീതിയാണ് ഇവിടെ. അതാണ് അവര്‍ക്ക് വേണ്ടത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം മരണം നേരിടാന്‍ കാരണം മാധ്യമപ്രവര്‍ത്തകര്‍ മൂന്ന് മാസത്തോളം അന്വേഷണം നടത്തി ഒരു റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നതുവരെ, അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആരും തയ്യാറാകാത്തത് തന്നെയാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍, ആറുമാസമോ എട്ടുമാസമോ ചിലപ്പോള്‍ ഒരു വര്‍ഷമോ നീണ്ട സമയം നല്‍കേണ്ടി വരും. പല അന്വേഷണങ്ങളും വളരെയധികം സമയമെടുക്കുന്നതായിരിക്കും. വലിയ മൂലധനം ആവശ്യമായിരിക്കും, നല്ല നിലയിലുള്ള മാനസികാരോഗ്യം അതിന് ആവശ്യമായിരിക്കും. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് മരണമില്ല എന്നാണ് ഞാന്‍ കരുതുന്നത്. അത് ചെയ്യുന്നവര്‍ ഇപ്പോഴുമുണ്ട്. ജോസി ജോസഫ് അതേക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അതിനിപ്പോഴും ഇടമുണ്ട് എന്നാണ് തോന്നുന്നത്. പക്ഷേ മുഖ്യധാരാ മാധ്യമങ്ങള്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് വേണ്ട ശ്രദ്ധ കൊടുക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. വായനക്കാരെന്ന നിലയില്‍ നമുക്ക് വലിയ ലേഖനങ്ങള്‍ വായിക്കുന്നതിലുള്ള പരിമിതി ഒരു കാരണമാണ്. വായനക്കാരുടെ സ്വഭാവം അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വായനക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുകയും ചെയ്യുകയുള്ളൂ. ഇത് അത്തരം റിപ്പോര്‍ട്ടുകള്‍ക്കായുള്ള ആവശ്യം കുറഞ്ഞ സമയമാണ്.

സാമൂഹ്യ മാധ്യമ വ്യവഹാരങ്ങളും ട്വിറ്റര്‍ ട്രെന്‍ഡുകളും മാധ്യമപ്രവര്‍ത്തനത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്യാന്‍ ട്വിറ്റര്‍ ട്രെന്‍ഡുകള്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഗേറ്റ് കീപ്പര്‍മാരും എഡിറ്റര്‍മാരുമില്ലാത്ത തുറന്നൊരു ലോകം മുന്നോട്ടുവെക്കുമ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍ക്കും പ്രതിലോമ സ്വഭാവങ്ങളുണ്ട്. സത്യം ഹാഷ് ടാഗുകള്‍ കൊണ്ട് കൊലചെയ്യപ്പെടുന്ന ഇടം കൂടിയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഫലസ്തീനിനെക്കുറിച്ച് കുറേയധികം വിവരങ്ങള്‍ ലഭ്യമാണ്, ഹമാസ് ഇസ്രായേലില്‍ എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് ധാരാളം വിവരങ്ങളുണ്ട്. അതേസമയം ഇസ്രയേല്‍ ഗാസയില്‍ എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് ഒന്നുമില്ല. ഇത്തരം വിവരങ്ങളുടെ കാര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വളരെ നിരുത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തുന്നതാണ് കാണുന്നത്. ട്വിറ്ററില്‍ ഒരു ജേണലിസ്റ്റ് എന്തെങ്കിലുമൊരു അഭിപ്രായം പറഞ്ഞാല്‍, ഇനിയൊരിക്കലും മറ്റൊരു ട്വീറ്റ് ചെയ്യാന്‍ അയാള്‍ക്ക് തോന്നാത്ത രീതിയില്‍ ട്വിറ്റര്‍ ട്രെന്‍ഡ് രൂപപ്പെടുത്തും. അതോടെ ഇനി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുകയില്ല എന്ന് അവര്‍ തീരുമാനിക്കും. എത്രത്തോളം ഒരു വിഷയത്തെ ആളുകളിലെത്തിക്കാന്‍ ട്വിറ്റര്‍ ഹാഷ് ടാഗുകള്‍ക്ക് കഴിയുന്നുണ്ടോ അത്രത്തോളം ആളുകളെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും ഈ ഹാഷ് ടാഗുകള്‍ക്ക് ശക്തിയുണ്ട്.

രൂപേഷ് കുമാർ സിങ്

വ്യാജവാര്‍ത്തകൾ വല്ലാതെ കൂടിവരുന്ന കാലത്ത് അത് തടയാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട് എന്നാണ് താങ്കൾ കരുതുന്നത്?

വ്യാജവാര്‍ത്തകളാണ് ഇന്ന് പുതിയ വാര്‍ത്തകള്‍. ഡിസ്ഇന്‍ഫര്‍മേഷന്‍ ഈ കാലത്തെ പുതിയ വിവരങ്ങളാണ്. ആളുകള്‍ കൂടുതലും വിശ്വസിക്കുന്നത് വ്യാജവാര്‍ത്തകളിലാണ്. നൊബേല്‍ പുരസ്കാരത്തിന് മോദിയുടെ പേരും പട്ടികപ്പെടുത്തിയിട്ടുണ്ട് എന്നതൊരു തെറ്റായ വാര്‍ത്തയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും അത് റിപ്പോര്‍ട്ട് ചെയ്തു. നൊബേല്‍ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയറിന്റെ പ്രസ്താവന എന്ന രീതിയിലാണ് റിപ്പോര്‍ട്ട് വന്നത്. പക്ഷേ അത് വ്യാജവാര്‍ത്തയാണ് എന്ന് കണ്ടെത്തി പട്ടികപ്പെടുത്തുന്നതിന് മുമ്പ് തന്നെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആ വാര്‍ത്ത കണ്ടുകഴിഞ്ഞു. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ വെബ്‌സൈറ്റുകളിലെ വാര്‍ത്തകള്‍ ആളുകളിലേക്കെത്തുമ്പോഴേക്കും ഏറെ വൈകിയിരിക്കും. ആഗോളതലത്തില്‍ തന്നെ വ്യാജവാര്‍ത്തകള്‍ ഇന്ന് വലിയൊരു പ്രശ്‌നമാണ്, മാനവികതയെത്തന്നെ അത് ബാധിക്കുന്നു. വ്യാജവാര്‍ത്തയും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് മനസ്സിലാക്കുക എന്നതുതന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.

Also Read