Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ആശങ്കപ്പെടുത്തുന്ന വേഗത്തിൽ കടലെടുത്ത് പോകുന്ന തിരുവനന്തപുരം പൊഴിയൂർ എന്ന മത്സ്യബന്ധന ഗ്രാമത്തിന്റെ അതിജീവന കഥകൾ. Climate and Coast – 2
പൊഴിയൂരിലെ കൊല്ലങ്കോട് പള്ളിമുറ്റത്ത് നിന്ന് തെക്കോട്ട് കടലിന്നഭിമുഖമായി ഒരു നീണ്ട റോഡുണ്ട്. പലയിടത്തും ഇടിഞ്ഞുപോയ ഈ റോഡിലൂടെ കുറച്ച് മുന്നോട്ട് നടന്നാൽ പിന്നെ തമിഴ്നാടിന്റെ ഭാഗമാണ്. തെക്കോട്ട് പോകുമ്പോൾ വലത് ഭാഗത്തായി തിരയെടുത്തുപോയ വീടുകളുടെ അവശേഷിപ്പുകൾ കടലിനോട് ചേർന്ന് നിരനിരയായി നിൽക്കുന്നത് കാണാം. മുൻ ഭിത്തി മാത്രമായതും, ഒറ്റ മുറി ബാക്കിയായതും, വാതിലും ജനലും മാത്രമുള്ളതും, ഇടിഞ്ഞ പിൻഭിത്തിയിലേക്ക് കടലിരച്ചെത്തുന്നതുമായ കുറേ വീടുകൾ. പൊഴിയൂരിലെ മനുഷ്യർ നടത്തിയ അതിജീവന ശ്രമങ്ങളെ ഓർമ്മിപ്പിക്കുന്ന കോൺക്രീറ്റ് ശേഷിപ്പുകൾ. ചിലയിടങ്ങളിൽ ആ വീടുകളുടെ നിരയും കടന്ന് റോഡ് കടൽ കൊണ്ടുപോയിട്ടുണ്ട്. റോഡ് ഒലിച്ചുപോയ ഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന വീടിന്റെ ഇറയത്ത് കടലിലേക്ക് നോക്കിയിരിക്കുകയായിരുന്നു മരിയ തങ്ക. മരിയ തങ്കയുടെ പതിവ് ഇരുത്തമാണിതെന്നും, കടല് എപ്പോൾ കേറി വരുമെന്ന പേടി കാരണം സ്ഥിരമായി അവർ ഇങ്ങനെയിരിക്കാറുണ്ടെന്നും ഒപ്പം വന്നയാൾ പറഞ്ഞു.


“ആലോചിക്കുമ്പോൾ നമുക്ക് വിഷമം തന്നെ വരണത്. നമ്മളെന്തര് ചെയ്യാൻ. കടല് നല്ല പൊക്കത്തില് വീശി നമ്മുടെ വീട്ടിൽ അടിക്കുമ്പ, നമ്മുടെ വീട് കുലുങ്ങുമ്പോ എവിടെയാണ് ഡാമേജ് ആയിട്ടിരിക്കുന്നത് അത് താഴെ വന്ന് വീഴുന്നു. കടല് ഞങ്ങളുടെ വീട്ടിനകത്തെല്ലാം കയറിയിട്ടുണ്ട്. കടൽ അടിച്ചാണ് ഇങ്ങനെ തകർന്ന് വീഴുന്നത്. ഓരോ വർഷം തോറും കടലിങ്ങോട്ട് ക്യേറി വരുന്നു. എന്റെ വീടിന് മുന്നിൽ റോഡിനപ്പുറം രണ്ടു വരി വീട് പോയി, റോഡ് പോയി, നമ്മുടെ വീട് കടലിൽ കിടക്കണ്…” മരിയ തങ്ക പറഞ്ഞ് മുഴുമിപ്പിച്ചില്ല.


തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ എന്ന കടലോര ഗ്രാമം അതിരൂക്ഷമായ കടൽക്ഷോഭത്താൽ വലയാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കടലിനോട് മല്ലിട്ട് കടൽപ്പണിക്കാരായ മനുഷ്യരുണ്ടാക്കിയ കിടപ്പാടം മാത്രമല്ല കടലെടുത്തത്. ഉപജീവന മാർഗങ്ങളും, തീരവും, കടലോര ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ കൂട്ടുജീവിതവുമെല്ലാം ഈ തീരശോഷണം തകർത്തു. കുളത്തൂർ പഞ്ചായത്തിലാണ് തെക്കേ കൊല്ലങ്കോടും പരിത്തിയൂരും ഉൾപ്പെടുന്ന പൊഴിയൂർ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൽ നിന്ന് നൽകിയ വിവര പ്രകാരം 2021 മുതൽ ഇതുവരെ 266 വീടുകളാണ് ഇവിടെ നഷ്ടമായത്. ഈ 266 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ വിവരം. 126 കുടുംബങ്ങളെ സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകിയ നിറവ് ഫ്ലാറ്റിലേക്കാണ് മാറ്റി പാർപ്പിച്ചത്.


“വേറെ വീട് വാങ്ങാൻ 10 ലക്ഷം രൂപ തരുമെന്ന് പറയുന്നു. ഒരു സെന്റ് ഇടം തന്നെ 7- 8 ലക്ഷം രൂപ വരും. ബാക്കി രൂപയ്ക്ക് പിന്നെ ഞങ്ങൾ എന്ത് ചെയ്യാൻ. രണ്ടും മൂന്നും കുടുംബമാണ് ഒരു വീട്ടിൽ താമസിക്കുന്നത്. മക്കളൊക്കെ ചെറിയ മക്കളെയും കൊണ്ട് ബന്ധുക്കടെ വീട്ടിൽ, വാടക വീട്ടിലൊക്കെ മാറി താമസിക്കുന്നു. എന്റെ മോന് ഒരു വയസ്സായ ചെറിയ കൊച്ചുണ്ട്. ആ കൊച്ചിനെയും കൊണ്ട് ഇപ്പം മാറി താമസിക്കുന്നു. എപ്പോഴാന്ന് അറിഞ്ഞുകൂടാ കടല് വരുന്നത്. വാടക കൊടുക്കാൻ പോലും നിവർത്തിയില്ലാതെ ചിലരീ കടൽ അടിയിൽ ഇവിടെ തന്നെ കിടക്കുന്നു. 50,000 രൂപ അഡ്വാൻസ് ചോദിക്കും, 5000 രൂപ വാടക. നമ്മൾ എവിടെ പോകാൻ? കടലീന്ന് കൊണ്ടുവന്നാ ഉണ്ട്. കാറ്റും മഴയൊക്കെയായിട്ട് മൂന്നുമാസം പണിക്ക് പോയില്ല. തീരെ നിവൃത്തിയില്ലാത്തതുകൊണ്ട് തന്നെ മാറി താമസിക്കാത്തത്. ഒരു ചെറിയ വീട്ടിൽ എങ്ങനെ പോവാൻ. ഫ്ലാറ്റിൽ എങ്ങനെ പോവാൻ. 10 ലക്ഷം രൂപ തന്നാലും തികയില്ല.” മരിയ തങ്ക തുടർന്നു.
കടലേറ്റത്തിൽ വീട് നഷ്ടമായവർക്ക് സ്ഥലം വാങ്ങി പുതിയ വീട് നിർമ്മിക്കാനുള്ള സർക്കാർ പദ്ധതി പ്രകാരം 85 കുടുംബങ്ങൾക്കാണ് 10 ലക്ഷം രൂപ ലഭിച്ചത്. വാടകയ്കയ്ക്ക് താമസിക്കുന്നത് 36 ഓളം കുടുബങ്ങളാണ്. 20 കുടുംബങ്ങളാകട്ടെ ബന്ധു വീടുകൾ, അംഗനവാടികൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ എന്നിവടങ്ങളിലാണ് കഴിയുന്നത്. (പഞ്ചായത്തിന്റെ കണക്ക്).
“കടല് കേറിവരുമ്പോൾ നമ്മള് ക്യാമ്പില് മാറി താമസിക്കാൻ പറയും. അവിടെ ബാത്റൂമിൽ ഒക്കെ പോകാൻ ഭയങ്കര ബുദ്ധിമുട്ട്. വീട്ടിൽ ആവുമ്പോ സുഖമില്ലാത്തവർക്കൊക്കെ നന്നായി കിടക്കാം. അവിടെ ആവുമ്പോൾ തറയിൽ കിടക്കണം. പാമ്പ് ഒക്കെ വരും, കൊതുക് കടി, അങ്ങനെയുള്ള ബുദ്ധിമുട്ട് കാരണം പോകുന്നില്ല. വോട്ട് ഇടാൻ വരുമ്പോൾ പറയും. പുലിമുട്ടിടാം, നിങ്ങളെ മാറ്റാം പിന്നെ ഗവൺമെന്റിന്നോ പഞ്ചായത്തിന്നോ ആരും വന്ന് നോക്കണില്ല. എത്ര നാള് മറ്റ് ബന്ധുക്കടെ വീട്ടിൽ താമസിക്കും? ഭർത്താവിന് 60 വയസ്സായി, കടലിൽ പോകാനുള്ള നിവൃത്തിയില്ല. പിന്നെ നമ്മുടെ വീട്ടിലെ ബുദ്ധിമുട്ടൊക്കെ കൊണ്ട് പോകുന്നു. വീട്ടിലിരിക്കാനുള്ള പ്രായമാണ്. അങ്ങനെയുള്ള അവസ്ഥയിൽ കഴിയുന്നു ഞങ്ങൾ.” ദുരിതാശ്വാസ ക്യാമ്പിലെ ദുരിത ജീവിതം പേടിച്ചാണ് ഇവിടെ തന്നെ തുടരുന്നതെന്ന് മരിയ തങ്ക പറഞ്ഞു.
മരിയ തങ്കയുടെ അയൽവാസിയായ മെറ്റിൽഡയ്ക്കും പറയാനുണ്ടായിരുന്നത് ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ട പ്രശ്നങ്ങളായിരുന്നു. “രണ്ട് മൂന്ന് മാസം മുന്നേ ആദ്യത്തെ കടല് വന്നപ്പോ പഞ്ചായത്ത് പ്രസിഡന്റ് വന്ന് നിങ്ങൾ എല്ലാം സ്കൂളിൽ പോകാൻ പറഞ്ഞു, ക്യാമ്പില്. അപ്പോ ഞങ്ങള് പോയി, പിറ്റേന്നായപ്പോ അവിടെ തന്നെയിരിക്കാൻ പറഞ്ഞു. നമ്മളിരിക്കാം, ശരി തന്നെ. നമുക്കിപ്പോ രണ്ട് മൂന്നും മക്കളുണ്ട്, ആണുങ്ങളുണ്ട്. പെൺകുട്ടികളുമായി സ്കൂളുകളിൽ രാത്രി കഴിയാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ രാത്രി ബന്ധു വീട്ടിലിരിക്കാന്ന് പറഞ്ഞു, സമ്മതിച്ചില്ല. പിന്നെ പറഞ്ഞു വീട് മൊത്തം ഇടിഞ്ഞു പോയില്ലല്ലോ അതുകൊണ്ട് നിങ്ങൾ ക്യാമ്പിൽ വരണ്ടന്ന്. വീട് ഇടിഞ്ഞു പോയാൽ മാത്രം വന്നാൽ മതി, ഇപ്പോൾ കടല് വന്നാ തൂത്ത് കളഞ്ഞിട്ട് നിങ്ങളവിടെ തന്നെ ഇരിക്കെന്ന് പറഞ്ഞു. ക്യാമ്പില് നാല് നേരത്തെ ആഹാരമുണ്ടെന്ന് പറഞ്ഞു. പക്ഷേ, ഞങ്ങക്കാഹാരമില്ല. അവിടെ രാത്രി കിടക്കാത്തതുകൊണ്ട് തരൂല്ലെന്ന്. പഞ്ചായത്ത് നിന്ന് ഒരാൾക്ക് 80 രൂപയേയുള്ളൂ ഭക്ഷണത്തിനെന്ന്. നാല് നേരം തരാനൊന്നും പറ്റൂല്ല, അതുകൊണ്ട് നിങ്ങളിരിക്കണ്ട എന്ന് പറഞ്ഞു. 80 രൂപേടെ ആഹാരത്തിന് പോകുന്നേലും കടൽ നമ്മളെ കൊണ്ടുപോട്ട്. ആ സമയം ഞങ്ങളവിടെ നിന്നിറങ്ങി. കടല് കൊണ്ടുപോകുന്നേ പോകട്ടെ.”
മരിയ തങ്കയുടെ വീട് കഴിഞ്ഞുള്ള റോഡ് കടലെടുത്തതിനാൽ മെറ്റിൽഡയുടെ വീട്ടിലേക്കെത്താൻ പ്രയാസമായിരുന്നു. തീരം തുരന്നെടുക്കപ്പെട്ടതോടെ ആ പ്രദേശം ഒരു ക്ലിഫ് പോലെയായി. റോഡ് പൂർണമായും നഷ്ടമായതിനാൽ വളരെ പ്രയാസപ്പെട്ട് പൊക്കത്തിൽ നിന്ന് തീരത്തിറങ്ങി വീണ്ടും അവിടെ നിന്ന് മുകളിലേക്ക് കയറി. മെറ്റിൽഡയുടെ വീടും വീടിനോട് ചേർന്ന് അവർ ഇറച്ചിക്കോഴി വിൽക്കുന്ന കടയും പാതിയോളം കടൽ കൊണ്ടുപോയിക്കഴിഞ്ഞു.


“കട തുടങ്ങിയിട്ട് 10 വർഷമായി. ആദ്യം കടലെടുത്തപ്പോ കുറേ ദിവസം അടച്ചിട്ടിരുന്നു. പിന്നെ വീണ്ടും തുറന്നു. റോഡ് ഉണ്ടായിരുന്നപ്പോ വഴിപോക്കരൊക്കെ വന്ന് ചിക്കൻ വാങ്ങിക്കും. ഇപ്പോ റോഡില്ലാത്തകൊണ്ട് നമുക്ക് ഭയങ്കര ബുദ്ധിമുട്ട്. ഈ കടയും മൊത്തം ഇടിഞ്ഞു പോയി. കടയിടേണ്ട കപ്പാസിറ്റിയുമിനിയില്ല, വാങ്ങിക്കാൻ വേണ്ടിയുള്ള ആൾക്കാരും ഇല്ല.” ഉണ്ടായിരുന്ന ഉപജീവനമാർഗം കൂടി നഷ്ടപ്പെട്ടതിന്റെ വേദന മെറ്റിൽഡ പങ്കിട്ടു.
“ആദ്യമൊക്കെ വർഷത്തിൽ ഒരു പ്രാവശ്യമാണ് കടല് വരുന്നത്. ജൂൺ-ജൂലൈ മാസത്തിൽ പ്രതീക്ഷിച്ചാ മതി. വേലിയേറ്റം പോലെ വരും പോകും. ഓഖിക്ക് ശേഷം നിനയ്ക്കാത്ത സമയം കടല് വരുന്നു. റോഡിന്റെ ആ സൈഡ് രണ്ട് നിര വീട് ഉണ്ടായിരുന്നു. അപ്പഴ് പെട്ടെന്ന് ഇങ്ങോട്ട് വരുമെന്ന് നമക്കറിഞ്ഞൂടാ. ആ രണ്ട് വരി വീട് പോയാൽ തന്നെ അല്ലേ കടലിങ്ങോട്ട് വരൂ. ഇത്രയും കടല് വരുമെന്നറിഞ്ഞുകൂടാ. പേടി തന്നെ… ഇപ്പഴും പേടി തന്നെ. പിന്നെ ഒരു നിവൃത്തയില്ലാത്ത കൊണ്ടിവിടെ നിക്കുന്നു. നമ്മളിപ്പോ ഇതിനെ കളഞ്ഞിട്ട് വേറൊരിടത്ത് പോയി വാടകക്ക് ചോദിച്ചാലും അതിന് വാടക കൊടുക്കണം, പിന്നെ അഡ്വാൻസ് പൈസ കൊടുക്കണം, ഇതിന്റെ ബുദ്ധിമുട്ട് നമക്ക്.” കാലാവസ്ഥാ മാറ്റം സൃഷ്ടിച്ച ഭീതിയും വീട് ഉപേക്ഷിച്ചുപോകാൻ നിവർത്തിയില്ലാത്തതിന്റെ വിഷമവും മെറ്റിൽഡയുടെ വാക്കുകളിലുണ്ടായിരുന്നു.
മെറ്റിൽഡയുടെ വീട്ടിൽ നിന്ന് ഇറങ്ങി അതേ റോഡിലൂടെ തിരികെ കൊല്ലങ്കോട് പള്ളിമുറ്റത്തേക്ക് നടക്കുമ്പോഴാണ് ചെറുമക്കളുമായി വീടിന്റെ വരാന്തയിലിരുന്ന റോസ്മേരിയെ കണ്ടത്.
“പത്ത് വർഷമായി കടല് കേറി തുടങ്ങിയിട്ട്. കൂടുതലായിട്ട് വന്നത് തമിഴനാട് പുലിമുട്ടിട്ടതിന് ശേഷം. പിന്നെ ഒരു ഏഴ് വർഷം കഴിഞ്ഞ് വിഴിഞ്ഞം ഹാർബർ വന്നു.” റോസ്മേരി പറഞ്ഞു തുടങ്ങി. വാരാന്തയിലെ തൂണുകളിലൊക്കെ ഉപ്പുവെള്ളം ഇരച്ചുകയറിയതിന്റെ പാടുകൾ കാണാമായിരുന്നു.


“മാറാൻ വേണ്ടി അവര് പത്ത് ലക്ഷം രൂപ തന്ന് കഴിഞ്ഞാ അതിന്റെ കൂടെ ഇടാൻ വേണ്ടിയൊരു പൈസയുമില്ല. ഇവിടെ നിന്ന് പോകാൻ താത്പര്യം തന്നെ, അതിന് നമ്മളെക്കൊണ്ട് പറ്റുന്നില്ല. 10 ലക്ഷം രൂപയുടെ പദ്ധതിയെന്ന് പറഞ്ഞ് വീട് പോയവർക്ക് കൊടുത്തു. ഗവൺമെന്റ് രണ്ട് സെന്റ് സ്ഥലം കൊടുത്തിട്ട് ബാക്കി പൈസ രണ്ടേമുക്കാൽ ലക്ഷം രൂപ കൊടുത്തു. അത് വീട് വെയ്ക്കാൻ പോയപ്പോ അവര് കടം യെടുത്ത്. പലിശ കൂടിയപ്പ കടം മീട്ടാൻ പറ്റാതെ ആയി അവർക്ക്. അവരുടെ വീടെല്ലാം വിറ്റ് വിറ്റ് പോകുന്നു. അങ്ങനെ നാശം. അതറിഞ്ഞേന് ശേഷം പണം മുടക്കാൻ എന്നെ കൊണ്ട് സാധിക്കൂല്ല. അല്ലാതെ പ്ലാറ്റ് തരുന്നു. ഞങ്ങക്ക് പറ്റൂല്ല, നട്ടെല്ലൊക്കെ വേദന.” കടലേറ്റ ഭീഷണി നേരിടുന്ന പൊഴിയൂരിലെ ഭൂരിഭാഗം മനുഷ്യർക്കും റോസ്മേരിയെപ്പോലെ മാറി താമസിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അതിനുള്ള സാമ്പത്തികാവസ്ഥ അവർക്കാർക്കുമില്ല. സമാനമായ തീരശോഷണം പൊഴിയൂരുമായി അതിർത്തി പങ്കിട്ടിരുന്ന തമിഴനാടിന്റെ തീരങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ തമിഴ്നാട് പുലിമുട്ടിട്ടതോടെ അവിടെ തീരം തിരികെ വന്നു. അതിന് ശേഷമാണ് പൊഴിയൂരിൽ കടലാക്രമണം രൂക്ഷമായെതെന്നാണ് പ്രദേശവാസികളെല്ലാം പറയുന്നത്.
മത്സ്യത്തൊഴിലാളിയ റോസ്മേരിയുടെ ഭർത്താവ് കടലാക്രമണം രൂക്ഷമായ ശേഷം പണിക്ക് പോകുന്നില്ല. “കടൽ വന്നേന് ശേഷം പോകൂല്ല, ഇവിടെ ഇട്ടിരിക്കുന്നു. അയാള് പണിക്ക് പോകുന്ന മരം ഇവിടെ കിടക്കുന്നു (വീടിന്റെ അടുത്ത് തന്നെ മണ്ണിൽ കമത്തിയിട്ടിരിക്കുന്ന തോണി ചൂണ്ടിക്കാട്ടി പറഞ്ഞു). മുമ്പ് വയസാവരൊക്കെ കമ്പ വല വലിക്കും. വലിച്ചാ അവർക്ക് നൂറോ അമ്പതോ ഇരുപത്തഞ്ചോ രൂപ കിട്ടും, കറിക്ക് മീനും കിട്ടും. അതവര് കൊണ്ട് പോയി വൈകുന്നേരം ദാണ്ടെ അവിടെ (കടലിന് അടുത്തേക്ക് ചൂണ്ടിക്കൊണ്ട് റോസ് മേരി തുടർന്നു) ചായക്കടയൊക്കെ ഉണ്ട്. ഇങ്ങനൊയൊക്കെ കഴിഞ്ഞ് പോയ കാലം. ഇപ്പോ ഒന്നും സാധിക്കുന്നില്ല, എല്ലാം കയ്യിന്നാണ്, മീനായിരുന്നാലും വാങ്ങിക്കണം.”
റോസ് മേരി ചായക്കടയുണ്ടെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടിയ ഭാഗത്ത് ഇപ്പോൾ കടൽ കയറിക്കിടക്കുകയാണ്. ചെറിയ ആൺകുട്ടികൾ ആ ഉച്ചവെയിലിലും ആകെയുള്ള ചെറിയ തീരത്ത് നിന്ന് കടലിൽ കളിക്കുന്നത് കാണാമായിരുന്നു.
“കമ്പവലയിൽപ്പെടുന്ന നെത്തോലി മീനിനെ വാങ്ങിച്ച്, വേറെ മീനൊക്കെ വാങ്ങിച്ച് ഒണക്കുമായിരുന്നു. അതിനെ വാങ്ങിക്കാൻ വേണ്ടി ആൾക്കാരൊക്കെ വരും. അതൊന്നുമിപ്പോ ഇല്ല. ഒരുപാട് പേര് ചെയ്യുന്നുണ്ടായിരുന്നു. തീരം പോയേന് ശേഷം ഞങ്ങക്ക് ജോലിയൊന്നുമില്ല. അങ്ങനെ ഞങ്ങളിരിക്കുന്നു ചുമ്മാ ഇവിടെ…”
പൊഴിയൂരിൽ തീരശോഷണത്താൽ വീടുകൾ മാത്രമല്ല നഷ്ടമായത്, തീരത്തുടനീളം ഉണ്ടായിരുന്ന ചെറിയ ചായക്കടകൾ, മുറുക്കാൻ കടകൾ, മീനുണക്കിയിരുന്ന സ്ഥലങ്ങൾ എന്നിവയെല്ലാം കടലുകൊണ്ടുപോയി. പലതരം ഉപജീവന മാർഗങ്ങളും അതോടെ നഷ്ടമായിപ്പോയി. പ്രത്യേകിച്ച് സ്ത്രീകൾ വരുമാനത്തിനായി ആശ്രയിച്ചിരുന്ന ഇടങ്ങളാണ് ഏറെയും നഷ്ടമായിപ്പോയത്.


റോസ്മേരിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് പോയ ഇളയ മകൾ ഷൈനി തിരികെയെത്തിയത്. “എന്റെ പപ്പായുടെ മരം ആയാലും കയറ്റിവെച്ചിട്ട് വർഷങ്ങളായി, അതൊന്ന് ആ കടല് വെള്ളം നനഞ്ഞിട്ട് വർഷങ്ങളായി. അതായിരുന്നു എന്റെ പപ്പാടെ ഉപജീവന മാർഗം. കടലി പോയി അന്നന്ന് കൊണ്ട് വരുന്നത് എന്തേലും ഉണ്ടെങ്കിൽ നമ്മള് ഫ്രഷായിട്ട് ഉപയോഗിക്കും. ബാക്കി ഉള്ളത് ചന്തയിൽ വിൽക്കും. അമ്മ പറഞ്ഞ പോലെ നെത്തോലി കൂടുതലും അങ്ങനത്തെ കൊണ്ട് വരുമ്പോൾ ഇവിടെയിട്ട് ഉണക്കുമായിരുന്നു. അതിവരുടെയൊരു ബിസിനസ് ആയിരുന്നു.” ഷൈനി വിശദീകരിച്ചു.
പഞ്ചായത്ത് നൽകിയ കണക്കുകൾ പ്രകാരം മത്സ്യത്തൊഴിലാളികളുടെ ബോട്ട്, വള്ളം എന്നിവ 30 എണ്ണമാണ് കടലേറ്റത്തിൽ നഷ്ടമായത്. അഞ്ചോളം ഫിഷ് ലാന്റിങ്ങ് സെന്ററുകൾ കടലടിച്ചു തകർന്നു പോയി.
ബിരുദാനനന്തര ബിരുദമുള്ള ഷൈനി തീരശോഷണം തങ്ങളുടെ നാട്ടിലെ മനുഷ്യരുടെ ആരോഗ്യത്തെ എത്തരത്തിലാണ് ബാധിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. “കടൽ പണിക്ക് പോയിക്കൊണ്ടിരുന്ന ആൾക്കാര് പണിക്ക് പോകാതായപ്പോ ഒത്തിരിപ്പേര് സ്ട്രോക്ക് പോലെയൊക്കെ വന്ന് കിടപ്പാണ്, ഒരുപാട് അസുഖങ്ങള് വന്ന്. നടന്നും നിന്നും ജോലി ചെയ്തു കഴിഞ്ഞിരുന്ന ഒത്തിരിപ്പേര് കിടരോഗികളാണ്.”
റോസ്മേരിയുടെ വീടിന് അടുത്ത വീട് ഷൈനിയുടെ കൂട്ടുകാരി സെറീനയുടേതായിരുന്നു. സെറീന സംസാരിച്ചു തുടങ്ങിയത് തന്നെ തന്റെ കുട്ടിക്കാലത്തെ കടലോർമ്മകളെ കുറിച്ചായിരുന്നു. “നമ്മളിവിടുന്ന് അങ്ങറ്റം നടന്നു പോകാൻ പറ്റത്തില്ല, അത്രയും ദൂരം ആയിരുന്നു കടലുണ്ടായിരുന്നത്. എന്റെ അമ്മയൊക്കെ പറയണത് അവരുടെ സമയത്തൊക്കെ നടന്നു പോകാൻ അത്രയും ബുദ്ധിമുട്ടായിരുന്നു എന്നാണ്. ഇവിടുന്ന് തന്നെ ഒന്ന് രണ്ട് മൂന്ന് വരിയിൽ കൂടുതൽ വീടുകളുണ്ടായിരുന്നു. അതിന് ശേഷം വലിയൊരു കടപ്പുറം തന്നെയുണ്ടായിരുന്നു. മണൽത്തിട്ട വരെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് കടൽ വരുന്നത്.”


കടലോരത്തെ കൂട്ട് ജീവിതം
“നമ്മുടെ ആൾക്കാർക്ക് അവരുടെ ജോലികളൊക്കെ ചെയ്യാനും അവര് പണി കഴിഞ്ഞ് വരുമ്പോൾ വലകളും ഒക്കെ പണി ചെയ്യാനും നല്ല വിശാലമായ കടപ്പുറം തന്നെയുണ്ടായിരുന്നു. ആ ഒരു ജീവിത മാർഗമൊക്കെ ഇന്ന് എല്ലാർക്കും നഷ്ടപ്പെട്ടു. എല്ലാരും നല്ല രീതിക്കാ ജീവിച്ചത്. പക്ഷേ, ഇന്നതൊക്കെയില്ല. വീടില്ലാ. എല്ലാരും നാല് ദിക്കിലായിട്ടാണ് ചിന്നിച്ചിതറി കിടക്കുന്നത്. ആൾക്കാര് തമ്മിലുള്ളൊരു ബന്ധങ്ങള്, അതൊക്കെയിപ്പോ പോയിരിക്കുകയാണ്.”
തീരശോഷണം മൂലം നഷ്ടമായ ബന്ധങ്ങളെക്കുറിച്ച് പറഞ്ഞ അധ്യാപിക കൂടിയായ സെറീന കടലോര ജനതയുടെ മാനസികാരോഗ്യത്തെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്നും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചൂണ്ടിക്കാട്ടി. “ഞങ്ങടെ നാട്ടിലിപ്പോ എനിക്കെടുത്ത് പറയാനുള്ള പ്രശ്നം ദുർമരണങ്ങള് കൂടുതലാണ്. എല്ലാം ആത്മഹത്യയാണ്. ആത്മഹത്യ കൂടുതലാണ്. പൊഴിയൂര് വിട്ട് പൂവാർ, പൂന്തുറ ഭാഗങ്ങൾ നോക്കുമ്പോ ഇവിടുത്തെ അത്ര മരണങ്ങൾ അവിടെയില്ല. പൊഴിയൂര് ഇപ്പോ തന്നെ നിരവധിയാണ്, ആഴ്ചക്കും മാസങ്ങളിലുമൊക്കെ ഒന്നും രണ്ടും തൂങ്ങി മരണം. ഞങ്ങടെ തീരവുമതിലൊരു പ്രശ്നമാണ്. അന്ന് അധികം സ്ഥലമുണ്ടായിരുന്നു. ആൾക്കാര് ഒരുമിച്ച് ചേർന്ന് അവരുടെ കാര്യങ്ങൾ സംസാരിക്കാനും, ഒരോ പ്രായത്തിലെ പിള്ളേർക്ക് കളിക്കാനായാലും ഫുട്ബോളിനായാലും ഒത്തിരി സ്ഥലമുണ്ടായിരുന്നു. വൈകുന്നേരങ്ങളിലും രാത്രിയുമൊക്കെ ആണും പെണ്ണും എന്ന വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് കളി കാണും. സംസാരങ്ങളും ഉണ്ടായിരുന്നു ഞങ്ങടെ തീരമുണ്ടായിരുന്ന സമയങ്ങളിലൊക്കെ. തീരം പോയതിന് ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായത്. ഈ ആൾക്കാരെല്ലാം വീടുകളിലേക്കൊതുങ്ങി. ഇപ്പോ എല്ലാരും അവരവരുടെ വീട്ടിലേക്ക് ഒതുങ്ങികഴിഞ്ഞപ്പോ എല്ലാരും മൊബൈലിലോട്ടായി. ഞാനടക്കം എല്ലാരും അങ്ങനെയാണ്. പുറത്ത് ആരെയും കാണുന്നില്ല. വന്നിരുന്നു സംസാരിക്കാനോ കളിയ്ക്കാനോ കാര്യം പറയാനോ ആരുമില്ല. ജോലിക്ക് പോകുന്നവരായാലും സ്കൂളില് പോകുന്നവരായാലും വന്ന് കഴിയുമ്പോ കതകടയ്ക്കും, ഇതാണ് ഇവിടുത്തെ പ്രശ്നം. എല്ലാരും അവരവരുടെ വീട്ടിലേക്ക് ചുരുങ്ങിയപ്പോഴേക്കും പ്രശ്നങ്ങളായി. പല നല്ല ബന്ധങ്ങള് വരെ തകർന്നുപോയി.” സെറീന ദുഃഖത്തോടെ പറഞ്ഞു.
പുരുഷന്മാരാണ് കൂടുതൽ ആത്മഹത്യ ചെയ്തതെന്നാണ് സെറീനയുടെ നിരീക്ഷണം. “നമ്മടെ അപ്പന്റെ പ്രായമുള്ള കുറേപ്പേര് ഒരു കാരണമില്ലാതെയാണ് മരിച്ചത്. ജോലിയില്ലാത്തത് കാരണം മത്സ്യത്തൊഴിലാളികളായിരുന്ന കുറേ ആൾക്കാര് മരണപ്പെട്ടു. കാരണം അവർക്ക് പിടിച്ചുനിൽക്കാൻ പറ്റാത്തൊരു അവസ്ഥയിലാണ്. പണ്ടൊക്കെ എന്തേലും ബുദ്ധിമുട്ടുണ്ടായാൽ കടപ്പുറത്ത് പോകുമ്പോൾ കരമടി ഉണ്ടായിരുന്നു. അത് രാവിലെ തന്നെ ഓളമാണ്. രാവിലെ അതവർക്ക് ആശ്വാസം ആണ്. കാണാൻ ആൾക്കാര് വരും, വൈകുന്നേരം ആകുമ്പോ അതിന്റെ പണികളുണ്ടാകും. നാളത്തേക്കുള്ള പ്രിപ്പറേഷൻ ഒക്കെ ചെയ്ത് വെയ്ക്കാനുണ്ടാകും. അതെല്ലാം നിലച്ചപ്പോ ചുരുങ്ങി, അവര് ചുരുങ്ങി. അവരുടെ ജീവിതം തന്നെ മുട്ടി. നിയന്ത്രണം വിട്ടൊരു ലൈഫായി.”
ബാല്യകാലത്തെ കടലോര അനുഭവങ്ങൾ അടുത്ത തലമുറയ്ക്ക് നഷ്ടമാകുന്നതിന്റെ വേദന ഷൈനിയും പറഞ്ഞിരുന്നു. “ഇപ്പോഴത്തെ കുട്ടികൾക്ക് കളിയ്ക്കാനായി കടപ്പുറമില്ല, കടലിന്റെ ഒരുപാട് പ്രതിഭാസങ്ങളുണ്ട്, കടല് ഉൾവലിഞ്ഞിട്ട് കുറേ ദൂരം നടന്ന് പോകാന് പറ്റുന്ന പ്രതിഭാസം, തക്കാംതള. പക്ഷേ, ഇപ്പഴത്തെ പിള്ളേർക്ക് ഇതൊന്നും അറിയില്ല. അതെന്താണെന്ന് നമുക്കൊരു വീഡിയോ എടുത്ത് വെച്ച് കാണിച്ചുകൊടുക്കാനുള്ള സൗകര്യം ഒന്നുമില്ല. പക്ഷേ, ഒരുപാട് കാര്യങ്ങൾ ഇല്ലാണ്ടായി. ഞങ്ങടെ നാട്ടില് ഈ ഫുട്ബോളിന് ഭയങ്കര ഇംപോർട്ടൻസ് കൊടുക്കും. മുമ്പ് ആൺകുട്ടികൾ വൈകുന്നേരം ഇരുട്ടുന്നവരെ ഈ കടപ്പുറത്ത് ഫുട്ബോൾ കളിക്കുമായിരുന്നു. ഇന്ന് ഈ കുട്ടികൾക്ക് കളിയ്ക്കാനായിട്ട് ഒരു സ്ഥവുമില്ല. സ്കൂൾ വിട്ട് വരുന്നു… ദാ ഈ മൊബൈലാണ് അവരുടെ ശരണം, അതിന്റെതായ പ്രശ്നങ്ങളുമുണ്ട്.” ഷൈനിയുടെ സ്കൂളിൽ പഠിക്കുന്ന മക്കൾ അത് കേട്ടിരിക്കുന്നുണ്ടായിരുന്നു.
സാമൂഹിക സാംസ്കാരിക ജീവിതത്തിലുണ്ടായ നഷ്ടങ്ങളുടെ കണക്കുകൾ മെറ്റിൽഡയും വിവരിച്ചിരുന്നു. “നാല് വരി വീട് നിക്കാനുള്ള കടപ്പുറം ഉണ്ടായിരുന്നു. ക്രിസ്മസ് ആകുമ്പോ എല്ലാ ആൾക്കാരും കടപ്പുറത്ത് ആണ് ഉറങ്ങുന്നത്. ആണെന്നുമില്ല പെണ്ണെന്നുമില്ല. ആ സമയം ചൂടേ ഇല്ല. ഇപ്പഴാണെങ്കിൽ ചൂട് കേറി വന്ന ശേഷം മനുഷ്യർക്ക് പുറത്ത് പോയിരിക്കേണ്ട സൗകര്യമില്ല. തിരുനാൾ ആഘോഷം ഇല്ല. അന്ന് തിരുന്നാൾ എന്ന് പറഞ്ഞാ കടപ്പുറത്തൊക്കെ ലൈറ്റ് കെട്ടും, റേഡിയോ വെക്കും. ഇന്നൊന്നും വെക്കുന്നില്ല. അതുകൊണ്ട് വീട്ടിലിരിക്കുമ്പോ നമ്മൾ ഊമയെ പോലെയിരിക്കും. ആ റേഡിയോ ബഹളം കേൾക്കുമ്പോ പെരുന്നാൾ ആണെന്നുള്ള സന്തോഷം ആയിരുന്നു. പട്ടിണി ആയിരുന്നാലും സന്തോഷം ആയിരുന്നു. റോഡ് ഇല്ലാത്ത കൊണ്ട് പെരുന്നാളിന് സപ്രങ്ങളെടുക്കില്ല, അകത്ത് തന്നെയിരിക്കും സപ്രം. റോഡില്ലാത്തോണ്ട് നമ്മുടെ ഈ പൊഴിയൂരിൽ മരിക്കുന്ന ആൾക്കാരെ തമിഴ്നാട് വഴി വണ്ടിയിൽ കൊണ്ടുവന്നാണ് അടക്കം ചെയ്യുന്നത്.”


കൊല്ലങ്കോട് പള്ളിയിൽ നിന്ന് സെമിത്തേരിയിലേക്ക് പോകാനുള്ള റോഡ് കടലെടുത്തുപോയ ശേഷം മരിച്ചവരെ അടക്കം ചെയ്യാനുള്ള വിലാപ യാത്ര പൊഴിയൂരുകാർ ഒഴിവാക്കി. മറ്റൊരു റോഡ് വഴി പോയി തമിഴ്നാട് ചെക്പോസ്റ്റ് കടന്നാണ് മൃതദേഹം ഇപ്പോൾ സെമിത്തേരിയിലെത്തിക്കുക. ഒന്നര കിലോമീറ്ററോളം റോഡ് പൊഴിയൂരിന് നഷ്ടമായി കഴിഞ്ഞു.
2021ൽ 100 മീറ്റർ തീരം നഷ്ടപ്പെട്ട പൊഴിയൂരിൽ 2025 ആയപ്പോൾ ആകെ 450 മീറ്ററോളം തീരമാണ് നഷ്ടമായത്. അംഗനവാടി, കന്യാസ്ത്രീകളുടെ കോൺവെന്റ്, സാക്ഷരതാ കേന്ദ്രം എന്നിവയൊക്കെ കടലെടുത്ത പോയ കണക്കിൽപ്പെടും. കടലാക്രമണത്തിൽ വീട് നഷ്ടമായ 126 കുടുംബങ്ങളെ കരയ്ക്കാവിള ഗ്രൗണ്ടിൽ ഫിഷറീസ് വകുപ്പ് നിർമ്മിച്ച് നൽകിയ നിറവ് എന്ന് ഫ്ലാറ്റ് സമുച്ചയത്തിലേക്ക് സർക്കാർ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ മതിയായ സൗകര്യങ്ങൾ ഫ്ലാറ്റിൽ ഒരുക്കിയിട്ടില്ല എന്ന് പുനരധിവസിപ്പിക്കപ്പെട്ടവർക്ക് പരാതിയുണ്ട്. മാത്രമല്ല കടലോരത്ത് നിന്ന് ദൂരെ മാറി വളരെ പൊക്കവും താഴ്ചയും ഉള്ള ഭൂപ്രദേശത്താണ് ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇത് പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്.
“മത്സ്യത്തൊഴിലാളികളെ 50 അടി മുകളിൽ കൊണ്ടാക്കിയാ അവരെങ്ങനെ ജീവിക്കും? അവർക്ക് കൃഷി ഒന്നും അറിയില്ല. അതിനുള്ള സ്ഥലം ഇല്ല. ഇവിടെ തീരമുണ്ടായിരുന്ന സമയത്ത് കട്ടമരം, കരമടി ഉണ്ടായിരുന്നപ്പോ അവരുടെ ആരോഗ്യം സ്ട്രോങ്ങായിരുന്നു. ഇന്ന് മുകളിൽ പോയേന് ശേഷം ആളുകൾക്ക് കാല് മുട്ട് വേദനയാണ്. ഡിസ്ക് പ്രശ്നമാണ്. ഒന്നുമില്ലേ ഞങ്ങള് കടപ്പുറമിരിക്കുമ്പ, കടപ്പുറത്തൂടെ നടന്നാ ആ മണ്ണില് കാൽപ്പാദം ചവിട്ടി പോകുമ്പോ അസുഖങ്ങള് മാറുവാണ്. മുകളില് പോ എന്നെല്ലാരും പറയും. അവര് മുകളിൽ പോയി എങ്ങനെ ജീവിക്കണം?” പൊഴിയൂരിലെ മത്സ്യത്തൊഴിലാളിയായ രാജു ചോദിക്കുന്നു
“കപ്പല് ഹാർബർ വിഴിഞ്ഞം വന്നില്ലേ, അവർക്ക് വലിയ കണ്ടെയ്നർ ലോറികളിൽ ലോഡ് കൊണ്ട് പോകാനായി റോഡ് ആവശ്യമുണ്ട്. കന്യാകുമാരിന്ന് ഇത് വഴി വിഴിഞ്ഞം പോകാൻ ഇവിടെ റോഡ് വേണം. അതിനാണ് ഞങ്ങടെ നാടിന്ന് ആൾക്കാരെയെല്ലാം മുകളിൽ ഫ്ലാറ്റിലാക്കിയത്. എല്ലാം കള്ളന്മാരാണ്. എല്ലാം പണത്തിന്റ കളികളാണ്.” രാജുവിന്റെ വാക്കുകളിൽ തന്റെ നാട് ഇല്ലാതാകുന്നതിന്റെ ദേഷ്യവും നിരാശയും നിസഹായതയും ഉണ്ടായിരുന്നു.


ഭയത്തോടെ ജീവിക്കുന്നവർ
മാറി താമസിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും ഫ്ലാറ്റിലെ ദുരിത ജീവിതമോർത്തും പൊഴിയൂരിൽ തന്നെ കഴിയുന്നവരുടെ ഉള്ളിൽ ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന ഭയം നിറഞ്ഞുനിൽക്കുന്നുണ്ട്.
“ഞാൻ പറയും ഈ മക്കളെയും കൊണ്ട് പോകാൻ (ചെറുമക്കളെ ചൂണ്ടിക്കാട്ടിയിട്ട് റോസ്മേരി തുടർന്നു). രാത്രി വല്ലോം വന്നാല് എന്ത് സംഭവിക്കും? വെള്ളം ഇങ്ങനെ വന്ന് അടിച്ച് ഇതിന്റെ അകത്ത് കയറും, വീട് മൊത്തം ഇങ്ങനെ നിക്കും. രാത്രി നിലാവ് ഉദിക്കൂല്ലേ, ആ സമയം വെള്ളം ഉണ്ടാവും. സൗണ്ട് കേട്ട് എണീറ്റ് ഇവിടെ ഇരിക്കും നമ്മൾ. അങ്ങൊക്കെ ഉരുൾപൊട്ടൽ കാണുമ്പോ ഇതുപോലെ ഒരു ദിവസം കടൽ വന്നിങ്ങനെ കാണിക്കുമോന്നുള്ള ഒരു ഭയമുണ്ട്.”
തമിഴ്നാട്ടിൽ ചെയ്തതുപോലെ പുലിമുട്ടിട്ടാൽ പൊഴിയൂരിൽ തീരമുണ്ടാകുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ പൊഴിയൂരിന്റെ നല്ല കാലം ഇനി തിരികെ വരില്ലെന്ന് കരുതുന്നവരുമുണ്ട്.
“കടലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് എത്രയിരുന്നാലും പഴയ പോലെ മാറുമെന്നെനിക്ക് തോന്നുന്നില്ല. വികസനം വികസനം എന്ന് പറഞ്ഞ്‍ ഓരോന്ന് വരുമ്പോഴും അത് പ്രകൃതിയെ തന്നെ നശിപ്പിച്ചോണ്ടിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ബിസിനസ് മേഖല ചെലപ്പോ കുതിച്ച് പോകുന്നുണ്ടാകാം. പക്ഷ, ഇത് ഒത്തിരി അഫക്ട് ചെയ്യുന്നത് സാധാരണക്കാരായ ആൾക്കാരെ തന്നെയാണ്.”
സെറീനയ്ക്കും പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു. “പൊഴിയൂരെന്ന ഗ്രാമം അങ്ങനെ ഇല്ലാതാകുകയാണ്, മാഞ്ഞ് മാഞ്ഞ് വരുകയാണ്. ഓരോ വർഷം കഴിയും തോറും കടല് ഇങ്ങോട്ട് ഇങ്ങോട്ട് കേറി കേറി വന്നോണ്ടിരിക്കുകയാണ്. സ്വഭാവികമായിട്ടും കുറച്ച് വർഷങ്ങൾ കഴിയുമ്പോ അങ്ങ് നശിക്കുമിത്. അങ്ങനെയാകും മിക്കവാറും.”


സെറീന പറഞ്ഞതുപോലെ പൊഴിയൂരിലെ മനുഷ്യർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ട് ഏറെക്കാലങ്ങളായി. പുലിമുട്ടും ഹാർബറും നിർമ്മിക്കുമെന്ന സർക്കാർ വാഗ്ദാനങ്ങളിൽ അവർക്കിപ്പോൾ വിശ്വാസം ഇല്ല. സെറീനയുടെ വീട്ടിൽ നിന്നിറങ്ങി തിരികെ നടക്കുമ്പോൾ കൊല്ലങ്കോട് പള്ളി മുറ്റമെത്തുന്നതിന് തൊട്ടുമുൻപ് ചരിഞ്ഞു വീഴാറായി നിൽക്കുന്ന ഒരു ഫിഷ് ലാന്റിങ്ങ് സെന്ററാണ് കണ്ണിലുടക്കിയത്. അടിമണ്ണ് കടലെടുത്ത് ചരിഞ്ഞിട്ടും കടലിൽ വീണ് പോകാതെ നിൽക്കുന്ന ആ നിർമ്മിതിയുടെ അവസ്ഥ പൊഴിയൂരെന്ന മത്സ്യബന്ധന ഗ്രാമത്തിന്റെ അതിജീവനത്തിനായുള്ള കഷ്ടപ്പാടുകളെ ഓർമ്മപ്പെടുത്തുന്നതായിരുന്നു.

