ന്യൂസ് റൂമുകളിലെ എഡിറ്റോറിയല്‍ പദവികളിലുള്ള ജാതി ആധിപത്യം ഏകാധിപത്യ പ്രവണതകളെ വളര്‍ത്തുന്നവയാണെന്നും പ്രാതിനിധ്യവും വൈവിധ്യവുമുള്ള മാധ്യമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ‘ഗൗരി ഡേ- റീകണ്‍സ്ട്രക്റ്റിങ് ദ ഫോര്‍ത്ത് എസ്‌റ്റേറ്റ്’ (മാധ്യമങ്ങളെ അഴിച്ചുപണിയുമ്പോള്‍) എന്ന പേരില്‍ ഗൗരി ലങ്കേഷിന്റെ ജന്മദിനത്തിന് മുന്നോടിയായി 2024 ജനുവരി 28ന് ബംഗളൂരുവില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിഭിന്ന ജനവിഭാഗങ്ങളെ ഒരൊറ്റ പ്രത്യയശാസ്ത്രത്തിലേക്കും ഒരൊറ്റ നേതാവിലേക്കും ഒതുക്കുവാനുള്ള ശ്രമങ്ങളെ മാധ്യമപ്രവര്‍ത്തനത്തിലൂടെ ചെറുക്കുമെന്ന ദൃഢനിശ്ചയമാണ് വിവിധ ഭാഷകളിലും സംസ്ഥാനങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ടായ്മ പങ്കുവച്ചത്. ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്റര്‍ ആയിരിക്കെ, കന്നഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊല്ലപ്പെടുത്തിയത് സനാതന്‍ സന്‍സ്ഥ എന്ന ഹിന്ദുത്വ സംഘടനയാണ്. 2017 സെപ്തംബർ 5ന് നടന്ന ഗൗരിയുടെ കൊലപാതകത്തിന് ശേഷം രൂപീകരിച്ച ഗൗരി മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ യോഗം സംഘടിപ്പിക്കപ്പെട്ടത്. മാധ്യമരംഗത്ത് നിലനിൽക്കുന്ന ദേശീയ വാര്‍ത്താ മാധ്യമങ്ങളുടെ ആധിപത്യത്തെ ചെറുക്കുന്നതിൽ പ്രാദേശിക വാര്‍ത്താ മാധ്യമങ്ങൾക്കുള്ള പങ്കും ഗൗരിയുടെ മാധ്യമപ്രവര്‍ത്തന രീതി ഓര്‍മ്മപ്പെടുത്തുന്നു. ഗൗരി ലങ്കേഷിനെ അനുസ്മരിച്ചുകൊണ്ട് വിവിധ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രഭാഷണങ്ങളെ സംഗ്രഹിക്കുന്നു പരിപാടിയിൽ പങ്കുചേർന്ന കേരളീയം സ്പെഷ്യൽ കറസ്പോണ്ടന്റ് മൃദുല ഭവാനി.
മീന കോട്‌വാള്‍, സ്ഥാപക എഡിറ്റര്‍, ദ മൂക്നായക്
‘ഗൗരി ലങ്കേഷ് പത്രിക’യില്‍ ഗൗരി ലങ്കേഷ് ചെയ്തതുപോലുള്ള മാധ്യമപ്രവര്‍ത്തനമാണ് ഞങ്ങള്‍ ഡല്‍ഹിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഗൗരി ലങ്കേഷിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പോയിരുന്നു. അവിടെ നിന്നും ഞാന്‍ കേട്ടത് കന്നഡയില്‍ നമ്മുടെ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങള്‍ കുറവാണ് എന്നാണ്. ചിലപ്പോള്‍ അത് തെറ്റായിരിക്കാം, ജനുവരി 22ന് ഇന്ത്യയില്‍ സംഭവിച്ചതെന്താണെന്ന് നമുക്കറിയാം. ഇതിലൂടെ എന്താണിനി മാറാന്‍ പോകുന്നത്? വരാന്‍ പോകുന്ന ഇന്ത്യയില്‍ എന്താണിനി സംഭവിക്കുക? അതിനെ അതിജീവിക്കാന്‍ കഴിയുമോ? എന്റെ ഭയം എനിക്ക് അതിജീവിക്കാന്‍ കഴിയില്ല എന്നാണ്. ഒന്നുകില്‍ ഇല്ലാതാക്കപ്പെടും, അല്ലെങ്കില്‍ ഈ ജോലി ചെയ്യാന്‍ കഴിയാതെയാകും, അതുമല്ലെങ്കില്‍ സര്‍ക്കാരിന്റെ ശബ്ദമായി മാറേണ്ടിവരും.സര്‍ക്കാരിന്റെ ശബ്ദമായി മാറുന്നതിനേക്കാള്‍ ഗൗരി ലങ്കേഷിനെ പോലെ ഇല്ലാതാക്കപ്പെടുന്നത് തന്നെയാണ് നല്ലത്.
എനിക്ക് ഈ തൊഴില്‍ ചെയ്യാതിരിക്കാന്‍ കഴിയില്ല, മാധ്യമപ്രവര്‍ത്തനം ചെയ്യുക എന്നത് എന്റെ സ്വത്വത്തിന്റെ ഭാഗമാണ്. സമൂഹത്തില്‍ തെറ്റുകള്‍ മാത്രം സംഭവിക്കുമ്പോള്‍ എല്ലാം നന്നായി പോകുന്നു എന്ന് നുണ പറയാന്‍ കഴിയില്ല. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് നിങ്ങള്‍ കണ്ടുകാണും, ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞു എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ദാരിദ്ര്യം കുറഞ്ഞു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? കോവിഡ് വന്നതിന് ശേഷം എത്ര പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായത്? ദാരിദ്ര്യം കുറഞ്ഞു എന്നാണ് മാധ്യമങ്ങളെല്ലാം വാര്‍ത്ത നല്‍കുന്നത്. ഈ മാധ്യമങ്ങള്‍ ഞങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. നമുക്ക് വേണ്ടത് നമ്മളെക്കുറിച്ചും നമ്മുടെ അധികാരത്തെ കുറിച്ചും സംസാരിക്കുന്ന മാധ്യമങ്ങളെയാണ്. ഇതിനെക്കുറിച്ചെല്ലാം തുറന്ന് സംസാരിക്കുക എന്നത് വളരെ പ്രധാനമാണ്. ബാബാ സാഹേബ് അംബേദ്കര്‍ പറഞ്ഞതുപോലെ, ജീവിതം ദീര്‍ഘമല്ലെങ്കിലും മറ്റൊരാള്‍ക്ക് ഉപകാരപ്പെടുന്നരീതിയില്‍, ജീവിതകാലം മഹത്തരമായിരിക്കണം. ഗൗരി ലങ്കേഷിനെ പോലെ ഓര്‍മിക്കപ്പെടുന്ന രീതിയില്‍ നമ്മളും ജോലിചെയ്യണം.
(ഉത്തര്‍പ്രദേശ് സ്വദേശിയായ മീന, ബി.ബി.സി ഹിന്ദിയില്‍ ജോലി ചെയ്തിരുന്ന രണ്ട് വര്‍ഷം നേരിട്ട ജാതി വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് 2019ല്‍ ബി.ബി.സിയില്‍ നിന്നും പുറത്തിറങ്ങി. ബി.ബി.സി മീനയുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. 2021ല്‍ സ്ഥാപിതമായ മൂക്നായകില്‍ 15 മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്)
നവീന്‍ കുമാര്‍, സ്ഥാപക എഡിറ്റര്‍, ആര്‍ട്ടിക്കിള്‍ 19 ഇന്ത്യ
ഗൗരി ലങ്കേഷിന്റെ ജന്മദിനത്തില്‍ നമ്മളെല്ലാം ഇവിടെ ഒന്നിച്ചുചേര്‍ന്നിരിക്കുമ്പോള്‍, ഇനി ഒരു ഗൗരി ലങ്കേഷ് ഉണ്ടാകാതിരിക്കേണ്ടതുണ്ട് എന്നത് കൂടി നമ്മുടെയെല്ലാം ആവശ്യമാണ്. ഈ രാജ്യം, ഈ രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യം ഇതിലെല്ലാം എനിക്ക് വിശ്വാസമുണ്ട്. എന്നാല്‍, രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തൊക്കയാണെന്നോര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. മനുഷ്യര്‍ മൃഗങ്ങളാകുന്നത് തടയാനുള്ള ശ്രമങ്ങളൊന്നും ഇവിടെ നടക്കുന്നില്ല എന്നതിനെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. ഇങ്ങനെയൊക്കെയായിരിക്കെയും നമുക്ക് മുന്നില്‍ ഗൗരി ലങ്കേഷിനെപ്പോലെ ദൃഢനിശ്ചയമുള്ള, സാഹസികയായ ഒരു സ്ത്രീയുടെ ഉദാഹരണമുണ്ട്. പക്ഷേ, ഞാന്‍ ഗൗരി ലങ്കേഷിനെ ഒരു സ്ത്രീ എന്നുമാത്രം വിശേഷിപ്പിക്കാന്‍ തയ്യാറല്ല. അവരെ സ്ത്രീ എന്നുമാത്രം വിശേഷിപ്പിക്കുന്നത് ബാബാ സാഹേബിനെ ദലിത് എന്നുമാത്രം വിശേഷിപ്പിക്കുന്നതിന് സമാനമാണ്. അതിനേക്കാള്‍ വികസിതമായി, വിശാലമായി ചിന്തിക്കേണ്ടതാണ് നമ്മള്‍. കാര്യങ്ങളെ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യര്‍ മനുഷ്യര്‍ക്ക് എതിര്‍നില്‍ക്കുന്ന സാഹചര്യത്തെ, ആണിനെയും പെണ്ണിനെയും വേര്‍തിരിക്കുന്ന സാഹചര്യത്തെ, ഹിന്ദുവിനും മുസ്ലീമിനും ഇടയില്‍ മുസ്ലീമിനും ക്രിസ്ത്യാനിക്കുമിടയില്‍, ഹിന്ദുവിനും ക്രിസ്ത്യാനിക്കുമിടയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വേര്‍തിരിവുകളെ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്നെ പോലെയുള്ള ഇവിടത്തെ ജനങ്ങള്‍ക്കറിയാം, കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇവിടത്തെ യുവാക്കളുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കുമെന്ന്. സത്യം പറയുന്നവരെ കാത്തിരിക്കുന്നത് ശിക്ഷകളാണെങ്കില്‍ അത് സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ ഈ ചോദ്യം നേരിടേണ്ടിവരും, ഈ രാജ്യത്തെ ഇരുപത് കോടി ജനങ്ങളെ ഹിന്ദുക്കള്‍ക്ക് എതിര്‍ നിര്‍ത്തിയപ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു എന്ന്. മന്ദിര്‍-മസ്ജിദ് എന്ന വിഷയത്തില്‍ മനുഷ്യത്വത്തിനെതിരെ നിന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം നമ്മള്‍ നേരിടേണ്ടിവരും. അപ്പോള്‍ നമ്മള്‍ എന്ത് മറുപടി പറയും? ഈ രാജ്യത്തെ സര്‍വ്വകലാശാലകളെ, ആശുപത്രികളെ, ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിച്ച് ഇല്ലാതാക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിക്കും. അപ്പോള്‍ ഞങ്ങളെപ്പോലുള്ള ആളുകള്‍ പറയും, ഇതേക്കുറിച്ചെല്ലാം ഒരു നാല്‍ക്കവലയില്‍ നിന്ന് ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു നമ്മള്‍ എന്ന്.
ഗൗരി ലങ്കേഷിന്റെ ജന്മദിനത്തില്‍ ഈ കാര്യം വ്യക്തമായി പറയാനാഗ്രഹിക്കുന്നു, പരിമിതികള്‍ ഏതെങ്കിലുമൊരു മാധ്യമത്തിന്റേതല്ല, ജനാധിപത്യ വ്യവസ്ഥയുടേതാണ്. ചിന്തിക്കുന്ന മനുഷ്യരുടേതാണ്, ഓരോ വ്യക്തിയുടേതുമാണ്. ഏറ്റവും കൂടുതല്‍ ചിന്തിക്കുന്ന മനുഷ്യര്‍ സ്‌കൂളികളിലാണുള്ളത്, സര്‍വ്വകലാശാലകളിലാണ് ഉള്ളത്. അതുകൊണ്ടാണ് ഈ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ വെല്ലുവിളി നേരിടുന്നത്. 1995ല്‍ സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായി, ഇന്ന് നാന്നൂറിലധികം സ്വകാര്യ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലുണ്ട്. വിദ്യാഭ്യാസം എന്ന അവകാശത്തെ ആര്‍ക്കുവേണ്ടിയാണ് ഇത്രയും വിലപിടിപ്പുള്ളതാക്കി മാറ്റുന്നത്? ഈ രാജ്യത്തെ ദരിദ്രരായ മനുഷ്യര്‍, തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, റോഡ് വൃത്തിയാക്കുന്നവര്‍, കിടക്ക നന്നാക്കുന്നവര്‍, ചെരുപ്പ് നന്നാക്കുന്നവര്‍, ഇവരുടെയെല്ലാം മക്കള്‍ക്ക് വിദ്യാഭ്യാസം അസാധ്യമാക്കുന്നതിനാണ് ഇത്രയും വിലപിടിപ്പുള്ളതാക്കി വിദ്യാഭ്യാസത്തെ മാറ്റുന്നത്. തുല്യതയ്ക്കുള്ള അവകാശമാണ് നമുക്ക് വേണ്ടത്. ചിന്തിക്കുന്നവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്, ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്, അതിനെല്ലാമപ്പുറം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുകയും തെരുവിലിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്.
ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും എഴുതിയതുകൊണ്ട്, യൂട്യൂബില്‍ വീഡിയോ ചെയ്തതുകൊണ്ട് ഈ രാജ്യത്തില്‍ മാറ്റമുണ്ടാവുകയില്ല, നമ്മള്‍ ചിന്തിക്കുന്ന രീതികളാണ് മാറേണ്ടത്. പുതിയ ചിന്താരീതികളുള്ളവര്‍ സ്‌കൂളുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍നിന്നും പുറത്താക്കപ്പെടുകയാണ്. നിര്‍മ്മലാ സീതാരാമന്റെ കുട്ടിക്ക് അമേരിക്കയില്‍ പോയി പഠിക്കാന്‍ കഴിയും, ജയറാം രമേഷിന്റെ കുട്ടി അമേരിക്കയില്‍ പഠിക്കുന്നു, ചിലര്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലും ഹാര്‍വേഡ് യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നു. അവര്‍ക്കെല്ലാം വേണ്ടത് നമ്മുടെ കുട്ടികള്‍ ഗുരുകുലത്തില്‍ പഠിക്കണം എന്നാണ്. ഈ രാജ്യത്ത് തുല്യതയിലൂന്നിയ വിദ്യാഭ്യാസ സംവിധാനമില്ലെങ്കില്‍ ഈ രാജ്യത്തെ രക്ഷിക്കുക എളുപ്പമല്ല. സ്വകാര്യവല്‍ക്കരണത്തെ കുറിച്ച് പറയുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രമല്ല, ആരോഗ്യ സംവിധാനങ്ങളുടെയും അവസ്ഥ ഇതാണ്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നിലൂടെ നടന്നപ്പോള്‍ കണ്ടത്, രാത്രിയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ എയിംസില്‍ ചികിത്സ തേടിയെത്തിയ നൂറുകണക്കിനാളുകള്‍ റോഡില്‍ ഉറങ്ങുന്നതാണ്. ജനുവരി 22ലെ രാത്രിയാണത്. വിളക്ക് തെളിക്കുവാന്‍ ഒരു മഹാമാനവന്‍ പറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തിലെ ജനങ്ങൾ വിളക്കുതെളിയിച്ച ദിവസമായിരുന്നു അത്. ഈ രാജ്യം ഒന്നാണെന്ന് ചെറുപ്പകാലം മുതൽ കേട്ടുവരുന്ന നുണയാണ്. അല്ല സര്‍, ഈ രാജ്യം ഒന്നല്ല. എന്റെ രാജ്യം എന്താണോ അതല്ല നിങ്ങളുടെ രാജ്യം. എന്റെ ചിന്തകളും വിചാരങ്ങളും, ആഗ്രഹങ്ങളും വ്യത്യസ്തമാണ്. എന്നാല്‍, ഒരേ ചിന്തയും ഒരേ ഭാഷയും ഒരേ തരം വസ്ത്രവും ഒരേയൊരു നേതാവും എന്നാക്കി മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്. പക്ഷേ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍, വ്യത്യസ്ത രീതിയില്‍ സംസാരിക്കുമ്പോള്‍ അങ്ങനെ ചെയ്യുന്നവരെ ദേശദ്രോഹിയെന്ന് വിളിക്കുന്നു. പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നു. ചിന്തകളിലാണ് മാറ്റങ്ങളുണ്ടാകേണ്ടത്.
സുമീത് ചൗഹാന്‍, സ്ഥാപക എഡിറ്റര്‍, ദ ശൂദ്ര, ന്യൂസ് ബീക്
‘നിന്റെ വിധിയും ഗൗരി ലങ്കേഷിന്റേതുപോലെ ആയിരിക്കും’ – ദിവസവും ഗൗരിയെക്കുറിച്ച് ഞാന്‍ ഓര്‍മ്മിക്കപ്പെടാറുള്ളത് ഇങ്ങനെയാണ്. ഒരു ജേണലിസ്റ്റ് ആയിരിക്കുക എന്നത് ഇന്ത്യയില്‍ ഒരു കുറ്റകൃത്യമല്ല. പക്ഷേ, മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതുകൊണ്ട് മാത്രം ഗൗരിയെപ്പോലെ ഒരു ജേണലിസ്റ്റ് കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. ഗൗരിയെപ്പോലുള്ള ആളുകളെ ഒരിക്കലും കൊല്ലാന്‍ കഴിയില്ല, അവരുടെ ആശയങ്ങള്‍ എപ്പോഴും നമ്മളോടൊപ്പമുണ്ട്, അവരുടെ ആശയങ്ങളെ എപ്പോഴും നമ്മള്‍ മുന്നോട്ടുകൊണ്ടുപോകും. ഗൗരിയുടെ മാധ്യമപ്രവര്‍ത്തന പാരമ്പര്യത്തെക്കുറിച്ച് നമ്മളെല്ലാം അഭിമാനം കൊള്ളുന്നുണ്ട്. ദലിത് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഒരു കമ്മ്യൂണിറ്റി മീഡിയ ജേണലിസ്റ്റ് എന്ന നിലയില്‍ പറയുമ്പോള്‍, ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഏറ്റവും മോശം അവസ്ഥകള്‍ അനുഭവിച്ചിട്ടുണ്ട്. നമ്മുടെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്, ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്, ഞങ്ങളുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഈ പീഡനങ്ങള്‍ മറ്റുള്ളവര്‍ക്ക് നേരെയും നടക്കുന്നു. ഞാന്‍ മാധ്യമപ്രവര്‍ത്തനം ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ രാജ്യത്തൊരു കുറ്റകൃത്യമല്ല. അത് ചെയ്തതുകൊണ്ട് ഞാന്‍ കൊല്ലപ്പെടാന്‍ പാടില്ല. പക്ഷേ ഞാനീ വഴി തെരഞ്ഞെടുത്തത് എന്റെ വരും തലമുറയിലേക്ക് ഈ ബാറ്റണ്‍ കൈമാറാന്‍ വേണ്ടിയാണ്. കാരണം, ഒരു കമ്മ്യൂണിറ്റി ജേണലിസ്റ്റ് എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കുന്നത് ജാതിവിരുദ്ധ മുന്നേറ്റം ഒരു റിലേ റെയ്‌സ് പോലെയാണ് എന്നാണ്. ബാറ്റണ്‍ കൈമാറിക്കൊണ്ടിരിക്കണം, നിങ്ങള്‍ കൈമാറുന്നത് മറ്റൊരാളിലേക്കാണ്, അയാള്‍ പുതിയൊരാളിലേക്ക്, അങ്ങനെ അത് തുടരും. അങ്ങനെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്.
ഗൗരിയുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ പാരമ്പര്യവും നമ്മള്‍ അങ്ങനെ മറ്റുള്ളവരിലേക്ക് കൈമാറുകയാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ പൂര്‍ണമായും ദേശവിരുദ്ധ മാധ്യമങ്ങളായി മാറിക്കഴിഞ്ഞു, മെയ്ന്‍സ്ട്രീം മാധ്യമങ്ങളെ നമ്മള്‍ മനുസ്ട്രീം മാധ്യമങ്ങള്‍ എന്നാണ് വിളിക്കുന്നത്. അതിനകത്തെ സവര്‍ണ ജാതി ആധിപത്യം അത്രയും രൂക്ഷമാണ്, അവരുടെ കാണികളിലേക്ക് ഓരോ ദിവസവും വിഷം നിറയ്ക്കുന്നത് ഈ സവര്‍ണ ലോബിയാണ്. ഞാനതിന്റെ ഭാഗമായിരുന്നു, അതുകൊണ്ട് എനിക്കവരെ അടുത്തറിയാം. ജനസൗഹൃദ മാധ്യമപ്രവര്‍ത്തനം ചെയ്യുന്ന മാധ്യമങ്ങള്‍ നമുക്ക് ആവശ്യമായി വരുന്നത് അതുകൊണ്ടാണ്. മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്, ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കുക എന്നത് വളരെ പ്രധാനമാണ്. ഞങ്ങള്‍ ചെയ്യുന്നത്, ഗൗരി ലങ്കേഷ് ചെയ്തുകൊണ്ടിരുന്നത് അത്തരം മാധ്യമപ്രവര്‍ത്തനമാണ്. നമുക്കിടയിലുള്ള ഭാഷകള്‍, നിറങ്ങള്‍, ജാതികള്‍, ജെന്‍ഡര്‍, സെക്ഷ്വല്‍ ഓറിയന്റേഷന്‍, ഭക്ഷണശീലങ്ങള്‍ എല്ലാം വ്യത്യസ്തമാണ്. അത് നമ്മുടെ സ്വാഭാവികതയാണ്, അല്ലാതെ ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന ഏകീകൃത ഇന്ത്യയല്ല നമുക്ക് വേണ്ടത്.
ഭരണഘടനാ രൂപീകരണ സമയത്ത് ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ബാബാ സാഹേബ് അംബേദ്കര്‍ പറഞ്ഞത് ഇന്ത്യ എന്നത് ഒരിക്കലും ജനതയെ പുറത്തുനിര്‍ത്തുന്നത് ആകരുത് എന്നാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്നാണ്. എന്നെ സംബന്ധിച്ച്, വിദ്വേഷ പ്രസ്താവനകളോ ഭീഷണികളോ എന്നെ ഭയപ്പെടുത്താറില്ല, തലമുറകളായി ഇതിലും ഭീകരമായ പീഡനങ്ങള്‍ കണ്ടവരാണ് നമ്മള്‍. ദലിത് ആയിരിക്കെ, എന്റെ ജനത ജനിക്കുന്നത് തന്നെ പോരാളികളായാണ്. എന്റെ ജനത ഗ്രാമങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ്, അതിജീവിക്കാന്‍ വേണ്ടി വന്യമൃഗങ്ങളെ നേരിട്ടവരാണ്, കുടിക്കാനുള്ള വെള്ളം എന്ന അടിസ്ഥാന അവകാശം പോലും നിഷേധിക്കപ്പെട്ട് മലിനമായ വെള്ളം കുടിക്കേണ്ടിവന്നവരാണ്. പക്ഷേ നമ്മള്‍ അതിജീവിക്കുന്നു. നമ്മളെ നിങ്ങളുടെ മുഖ്യധാരയിലേക്ക് പ്രവേശിപ്പിക്കില്ലായിരിക്കും. പക്ഷേ നമ്മള്‍ നമ്മുടേതായ മുഖ്യധാര നിര്‍മ്മിക്കുന്നുണ്ട്. ഗൗരിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.
ഭന്‍വാര്‍ മേഘ്‌വംശി, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍
ജനുവരി 22ലെ വാര്‍ത്തകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും, കാവി ധരിച്ച നോര്‍ത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ രാം മന്ദിറില്‍ നൃത്തം ചെയ്യുക തന്നെയായിരുന്നു. ഇതെന്തുതരം രാജ്യമാണെന്നും ഇതെന്തുതരം മാധ്യമങ്ങളാണെന്നും നിങ്ങള്‍ ചിന്തിച്ചിരിക്കും. ഈ മാധ്യമങ്ങള്‍ നമ്മളെ എങ്ങോട്ടുകൊണ്ടുപോകും? ഹിന്ദി മാധ്യമങ്ങളെക്കുറിച്ച് ഞാന്‍ കുറേയധികം ചിന്തിക്കുന്നുണ്ട്, കന്നഡയിലെ മാധ്യമങ്ങളെക്കുറിച്ച് എനിക്കറിയില്ല, എന്നാല്‍ ഹിന്ദി മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍കര്‍, കോമ്രേഡ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രീയ അവബോധത്തെക്കുറിച്ചുള്ള ചിന്തകള്‍ ഏറെ പ്രചാരം ആവശ്യപ്പെടുന്ന സമയമാണിത്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞു, ഭരണഘടനയില്‍ ഇപ്പോഴും മതേതരത്വം എന്ന വാക്കുണ്ട്. അതെപ്പോള്‍ നീക്കം ചെയ്യപ്പെടുമെന്നറിയില്ല. പക്ഷേ ഇപ്പോഴും ഉണ്ട്. ഗൗരി ലങ്കേഷിന്റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മയില്‍ നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കേണ്ട സമയമാണ്. കാരണം മതരാഷ്ട്ര നിര്‍മ്മാണത്തില്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്.
(ഭന്‍വാര്‍ മേഘ്‌വംശി, Why I couldn’t be a Hindu, The story of a Dalit in the RSS എന്ന പുസ്തകത്തിന്റെ രചയിതാവാണ്).
ഹര്‍തോഷ് സിങ് ബാല്‍, പൊളിറ്റിക്കല്‍ എഡിറ്റര്‍, ദ കാരവന്‍
തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും, നമുക്ക് ചുറ്റും എന്തുതന്നെ സംഭവിച്ചാലും മാധ്യമപ്രവര്‍ത്തനം തുടര്‍ച്ചയോടെ ചെയ്യേണ്ടതുണ്ട്.
രാജ്യം ദേശീയപതാക സ്വീകരിച്ച സമയത്ത് ആര്‍.എസ്.എസിന് അതിനോട് എതിര്‍പ്പുണ്ടായിരുന്നു. അവര്‍ക്ക് കാവി പതാകയാണ് വേണമെന്നുണ്ടായിരുന്നത്. പക്ഷേ 2014ല്‍ അധികാരത്തില്‍ വന്ന ശേഷം എവിടെയൊക്കെ ഉപയോഗിക്കാമോ അവിടെയെല്ലാം അവര്‍ ദേശീയപതാക ഉപയോഗിച്ചിട്ടുണ്ട്. അവരുടെ ലക്ഷ്യങ്ങളൊന്നും ഒരിക്കലും മറച്ചുവെച്ചിട്ടില്ല, ആര്‍.എസ്.എസിന്റെ നൂറുവര്‍ഷത്തെ ചരിത്രം പ്രഖ്യാപിക്കുകയാണ് ഇപ്പോളവര്‍ ചെയ്യുന്നത്. റിപബ്ലിക് ദിനത്തില്‍ ദേശീയപതാക വില്‍ക്കുന്ന ഒരു ചെറിയ ആണ്‍കുട്ടിയോട് സംസാരിച്ചിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ ഈ വര്‍ഷം വിറ്റുപോയ പതാകകളുടെ എണ്ണം വളരെ കുറവായിരുന്നു എന്ന് ആ കുട്ടി പറഞ്ഞു. ഡല്‍ഹിയിലെ വീടുകളിലും ഹൗസിങ് കോളനികളിലും റിപബ്ലിക് ദിനത്തില്‍ കാണാനായത് കാവി പതാകകളാണ്. ആര്‍.എസ്.എസിന് ആവശ്യമുള്ള മാറ്റം കാവി പതാകയിലേക്കുള്ള മാറ്റമാണ്. ഡല്‍ഹിയിലെ നൂറുകണക്കിന് ലിബറല്‍ ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും പറയുന്നത് രാം ക്ഷേത്രത്തിന്റെ പ്രാധാന്യം അവസാനിച്ചുവെന്നാണ്. രാം മന്ദിറിലെ പ്രതിഷ്ഠ ദിനത്തില്‍ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുകയായിരുന്നു.
രാം മന്ദിറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുകയും നമ്മുടെ വീടുകളിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുകയായിരുന്നു. നിര്‍മ്മിതമായൊരു യാഥാര്‍ത്ഥ്യമാണ് നമുക്ക് മുന്നിലേക്ക് എത്തിയത്. മധ്യപ്രദേശിലൂടെ സംസ്ഥാന തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി യാത്ര ചെയ്തപ്പോള്‍ മനസ്സിലാക്കിയത് ജനങ്ങള്‍ ഇന്ത്യയ്ക്ക് ഒരിക്കലും സാധ്യമല്ലാത്ത ഒരു സ്ഥാനത്ത് എത്തി എന്ന് വിശ്വസിക്കുന്നു എന്നാണ്. ചെറിയ ഗ്രാമങ്ങളില്‍, എല്ലാ ജാതിവിഭാഗങ്ങളിലും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് ഇങ്ങനെയൊരു വിശ്വാസമാണ്. മീഡിയയിലുള്ള നിയന്ത്രണം കൂടാതെ ഇങ്ങനെയൊരു ‘യാഥാര്‍ത്ഥ്യം’ നിര്‍മിക്കുക സാധ്യമല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മേലുള്ള പൂര്‍ണനിയന്ത്രണം മുമ്പൊന്നുമില്ലാത്ത തരത്തിലാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇംഗ്ലീഷില്‍ പത്ത് ചാനലുകളും ഹിന്ദിയില്‍ പതിനഞ്ച് ചാനലുകളും പ്രാദേശിക ഭാഷകളിലായി നൂറ് ചാനലുകളും ഒരേ സന്ദേശം തന്നെയാണ് സംപ്രേഷണം ചെയ്യുന്നത്. ഈ നിയന്ത്രണം എങ്ങനെയാണ് രൂപപ്പെട്ടത് എന്നും മനസ്സിലാക്കേണ്ടതുണ്ട്. മീഡിയ, ജേണലിസം എന്നീ വാക്കുകള്‍ നമ്മള്‍ പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. ടെലിവിഷന്‍ മീഡിയയാണ്, ഇന്റര്‍നെറ്റ് മീഡിയ ആണ്, ആശയവിനിമയ സാധ്യതകള്‍ക്ക് മേലുള്ള നിയന്ത്രണം മീഡിയ ആണ്. മീഡിയയെ ആശുപത്രി എന്ന ഘടനയായി സങ്കല്‍പിച്ചാല്‍ അതില്‍ ഡോക്ടര്‍മാരാണ് ജേണലിസ്റ്റുകള്‍. മീഡിയ വലിയൊരു superstructure ആണ്. ന്യൂസ് റൂമുകളിലെ വൈവിധ്യത്തെക്കുറിച്ച് കുറേ സര്‍വ്വേകള്‍ നടന്നിട്ടുണ്ട്. ഗോദി മീഡിയയിലെ ഭൂരിപക്ഷം എഡിറ്റര്‍മാരും സവര്‍ണര്‍ മാത്രമല്ല, കൂടുതലും ബ്രാഹ്മണരാണ്. ആരാണ് മീഡിയയുടെ ഉടമസ്ഥതയില്‍? മീഡിയ ഒരു ചെറിയ വിഭാഗം ആളുകളുടെ കയ്യിലാണ്, ഈ ഘടനയിലും വ്യത്യസ്തമായി പെരുമാറുന്ന ആളുകളുണ്ടാകാം. പക്ഷേ, ഇത്തരം ആധിപത്യം നിലനില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധിതമായി ചെയ്യിക്കുന്ന രീതിയുണ്ടാകും. മാധ്യമങ്ങളുടെ കീഴടങ്ങല്‍ തുടങ്ങിയത് മോദിക്ക് ശേഷമല്ല, അതിനുമുന്‍പും അങ്ങനെയായിരുന്നു. പക്ഷേ, ഇത്ര കേന്ദ്രിതമായ രീതിയില്‍ നിയന്ത്രിക്കപ്പെട്ടിരുന്നില്ല. വ്യാപാര ജാതിവിഭാഗങ്ങള്‍ (mercantile castes) ആണ് ഹിന്ദുത്വയുടെയും ആർ.എസ്.എസ്സിന്റെയും ആശയങ്ങളുടെ വ്യാപക പ്രചാരണം നടത്തുന്നത്. മീഡിയ ഉടമസ്ഥരുടെയും സര്‍ക്കാരിന്റെയും ആശയങ്ങള്‍ തമ്മില്‍ ചേരുന്നിടത്താണ് മാധ്യമനിയന്ത്രണം പൂര്‍ണ അര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. സര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദം നേരിടുന്നതുകൊണ്ട് മാത്രമല്ല മാധ്യമനിയന്ത്രണം സംഭവിക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഇങ്ങനെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതല്ല, ഇങ്ങനെ ജോലിചെയ്യുന്നത് അവരുടെ സ്വന്തം താല്‍പര്യ പ്രകാരം തന്നെയാണ്. ഇതൊരു ഘടനാപരമായ പ്രശ്‌നമാണ്. ആരാണ് മീഡിയയുടെ ഉടമസ്ഥര്‍ എന്നതാണ് ഇതിനെ നിര്‍ണ്ണയിക്കുന്നത്, ഉടമസ്ഥതയിലും ലോക കാഴ്ചപ്പാടിലും വ്യത്യസ്തതകള്‍ ഇല്ലെങ്കില്‍ സര്‍ക്കാരില്‍നിന്നും ഉത്തരവാദിത്തം ആവശ്യപ്പെടുന്ന തരം മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ നമ്മള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തനം ആവശ്യം തന്നെയാണ്. പക്ഷേ, എങ്ങനെ അത് ചെയ്യാമെന്നുകൂടി നമ്മള്‍ ഉറപ്പിക്കേണ്ടതുണ്ട്. പ്രസ് ക്ലബ്ബുകളും ഇതില്‍ ഉള്‍പ്പെടേണ്ടതുണ്ട്, ഭരണത്തിലുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രതിപക്ഷം എങ്കിലും നമ്മള്‍ മുന്നോട്ടുവെക്കുന്ന മാധ്യമപ്രവര്‍ത്തന രീതികളെ പരിഗണിക്കേണ്ടതും അത്യാവശ്യമാണ്. ഉടമസ്ഥതയിലുള്ള സുതാര്യത, മീഡിയ ഫണ്ടിങ്, ഉടമസ്ഥതയെക്കുറിച്ചും ഫണ്ട് ചെലവഴിക്കുന്നതിനെക്കുറിച്ചും അറിയാനുള്ള അവകാശം എന്നിങ്ങനെ വലിയ ഉത്തരവാദിത്തങ്ങള്‍ മാധ്യമ മേഖലയിലേക്ക് എത്തിപ്പെടുന്നൊരാള്‍ക്ക് ഉണ്ട്. മാധ്യമ ഉടമസ്ഥതയുടെ ചോദ്യത്തിനും അപ്പുറത്തേക്ക് നമ്മള്‍ പോകണം. മാധ്യമ ഉടമസ്ഥതയും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധവും പരിശോധിക്കണം. ചിലപ്പോള്‍ കോര്‍പറേറ്റ് മാധ്യമങ്ങളിലും നല്ല മാധ്യമപ്രവര്‍ത്തനം ചെയ്യാനുള്ള സാധ്യതകളും ഉണ്ടാകാം. എന്റെ അനുഭവത്തില്‍ അങ്ങനെയുണ്ടായിട്ടുണ്ട്. ഉടമസ്ഥരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധവും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷിതത്വവും നിലനില്‍പ്പിനെ ബാധിക്കുന്ന വലിയൊരു ഘടകമാണ്. ജനസംഖ്യയുടെ 15 ശതമാനം ജനങ്ങളിലാണ് ഇന്ത്യയിലെ വിഭവമൂലധനം കിടക്കുന്നത്. ഇതാണ് ഈ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ താത്പര്യപ്പെടുന്ന ഘടന, എല്ലാ ജാതികളില്‍ നിന്നുമുള്ള പ്രാതിനിധ്യം സര്‍ക്കാരില്‍ ഉറപ്പാക്കിയാലും ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. സ്വതന്ത്ര്യ മാധ്യമങ്ങളില്ലാതെ ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ, നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യം മാറേണ്ടതുണ്ട്, എഴുത്തും നിലപാടുകളും റിപ്പോർട്ടിങ്ങും അതിന് സഹായിക്കട്ടെ.
ഗീത ശേഷു, മാധ്യമപ്രവര്‍ത്തക, ഫ്രീസ്പീച്ച് കളക്റ്റീവ്
പുതിയ ബ്രോഡ്കാസ്റ്റ് ബില്ലിനെക്കുറിച്ച് വിവിധ മാധ്യമങ്ങളും സംഘടനകളും നല്‍കിയ പ്രതികരണങ്ങള്‍ പരിഗണിക്കപ്പെടുമോ എന്നതാണ് ഇന്ന് നമുക്ക് മുന്നിലുള്ള ചോദ്യം. നമ്മളെ ഭരിക്കുന്നത് മാധ്യമങ്ങളെ അപ്രസക്തമാക്കിയ ഒരു ഭരണകൂടമാണ്. വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയ മാധ്യമപ്രവര്‍ത്തനവും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനവും ഭരണകൂട നറേറ്റീവുകളെ വെല്ലുവിളിച്ച റിപ്പോര്‍ട്ടിങ്ങും ഉണ്ടായിരുന്നു നമുക്ക്. പക്ഷേ ഇതെല്ലാം നിശബ്ദമാക്കപ്പെടുകയാണ് ചെയ്യുന്നത്. അവരെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ്, സെന്‍സര്‍ഷിപ് കൊണ്ടല്ല നിയന്ത്രിച്ചത്. അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങളോടൊന്നും പ്രതികരിക്കാതെയാണ് അവരെ അപ്രസക്തമാക്കിയത്. അഴിമതിയെക്കുറിച്ചും പാളിപ്പോയ നയങ്ങളെക്കുറിച്ചും, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം അസാധാരണമായ റിപ്പോര്‍ട്ടുകള്‍ ചെയ്തവര്‍ നമുക്കിടയിലുണ്ട്. ധാരാളം ഡാറ്റ എവിടെയാണ് പിഴവുകള്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു. പക്ഷേ ഇതൊന്നും തന്നെ ഈ സര്‍ക്കാര്‍ വിലക്കെടുക്കുന്നില്ല. ആളുകള്‍ അറിയേണ്ട കാര്യങ്ങളെ എങ്ങനെ അദൃശ്യവല്‍ക്കരിക്കണമെന്ന് ഈ സര്‍ക്കാരിന് നന്നായി അറിയാം. ഇത്തരം നിശബ്ദതകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍. ഇതിനെതിരെ പ്രതിരോധം ശക്തമാണ്, പ്രതീക്ഷകളും അവസാനിച്ചിട്ടില്ല.