“കൂറകൾ ജീവിതങ്ങൾ നശിപ്പിക്കുന്നില്ല; ബി.ജെ.പി അതാണ് ചെയ്യുന്നത്”

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ദൽഹിയിലെ ജന്തർ മന്ദറിൽ 2026 ജൂൺ ആറിന് എത്തിച്ചേർന്ന ആയിരത്തഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലുള്ള കോളേജ് വിദ്യാർത്ഥികളിൽ ഒരാൾ ഉയർത്തിയ പോസ്റ്റിലെ ഒരു മുദ്രാവാക്യമാണ് ഈ കുറിപ്പിന്റെ തലക്കെട്ട്. ഓൺലൈൻ യൂത്ത് സംഘമായ കോക്രോച്ച് ജനതാ പാർട്ടി എട്ട് ലക്ഷം യുവാക്കളുടെ ഒപ്പ് ശേഖരിച്ചിട്ടുണ്ട്. 2.23 കോടി അനുയായികൾ ഇൻസ്റ്റാ​ഗ്രാമിലുണ്ട്. അവരുടെ ഇൻസ്റ്റാ​ഗ്രാം ഹാൻഡിൽ 2026 മെയ് 22നും 23നും കേന്ദ്ര സർക്കാർ തടഞ്ഞു. 22ന് ബാക്ക്അപ് അക്കൗണ്ടും സി.ജെ.പി സ്ഥാപകനായ അഭിജീത് ദീപ്കെയുടെ വ്യക്തി​ഗത അക്കൗണ്ടും തടഞ്ഞു. പൗരാവകാശ നിയമഭേദ​ഗതിക്കെതിരെ ഷഹീൻബാ​ഗിലുണ്ടായ ജനകീയ സമരവും കർഷക സമരവും സർക്കാർ അക്രമവീര്യത്തോടെ തകർത്തത് അവർ ഓ‍ർമ്മിക്കുന്നുണ്ട്. ലഡാക്ക്, കശ്മീർ, മണിപ്പൂർ, ഛത്തീസ്​ഗഡ് എന്നിവിടങ്ങളിൽ ഭൂമിക്കായി ആദിവാസികൾ നടത്തിയ സമരം, ആസാം-ബം​ഗാൾ-ബീഹാർ-എന്നീ സംസ്ഥാനങ്ങളിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി ബി.ജെ.പി ചെയ്ത ഒരുതരത്തിലുള്ള വംശീയഹത്യയിലൂടെ നേടിയ അധികാരം, ഇന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അവർ നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അതിക്രമരീതികൾ ഇവയെല്ലാം പറയാതെ പോയതാണ്. ഷഹീൻബാ​ഗ് സമരത്തിന്റെ പേരിൽ ജെ.എൻ.യു വിദ്യാർത്ഥി ഉമ‍ർ ഖാലിദിനും സുഹൃത്തുക്കൾക്കും സുപ്രീം കോടതി പോലും ജാമ്യം അനുവദിച്ചിട്ടില്ല. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ആദ്യ ദിനത്തിൽ ഭ​ഗത് സിങ്, ചന്ദ്രശേഖർ എന്നിവരെ ഓർമ്മപ്പെടുത്തിയും അനുകൂലിച്ചും നടത്തിയ ‘നിർദ്ദോഷമായ’ പ്രകടനത്തിലെ യുവാക്കളുടെ ​ഗതിയെന്താണെന്ന് ആർക്കാണറിയുക? സി.ജെ.പി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും ജന്തർ മന്ദറിലും ആവശ്യപ്പെട്ടത് നീറ്റ് പേപ്പർ ലീക്കിന്റെയും സി.ബി.എസ്.ഇ പരീക്ഷയിലെ ക്രമക്കേടുകളുടെയും പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന തൊഴിലില്ലാത്ത യുവാക്കളുടെ ഒരുവൻ മുന്നേറ്റം അവർ വിഭാവനം ചെയ്യുന്നു.

എന്നാൽ ഇന്ധനവിലയുടെ അനധികൃതമായ വർദ്ധന, പാചകവാതകത്തിന്റെ വിലക്കയറ്റം, യുവാക്കളുടെ വിദ്യാഭ്യാസ മേഖലയിലെ പരിപൂർണ്ണമായ കാവിവത്കരണം, തൊഴിലില്ലായ്മ ഇവയൊന്നും ജന്തർ മന്ദറിൽ ഉയർന്നുകേട്ടില്ല. ഒരുപക്ഷേ, അവിടെ കൂടിയ വിദ്യാർത്ഥികളിൽ ഭൂരിഭാ​ഗവും വരേണ്യ-മധ്യവർ​ഗത്തിൽ നിന്നുള്ളവരായതിനാലാകാം. അതുപോലെതന്നെ, ഇന്ത്യയിലെ മിടുക്കരായ ദലിത്-ആദിവാസികൾ നേരിടുന്ന വിവേചനങ്ങൾ, ആത്മഹത്യകൾ, അവരുടെ ഫണ്ട് മരവിപ്പിക്കലുകൾ ഇവയും.

കലാവസ്ഥാ ആക്ടിവിസ്റ്റും ലഡാക്കിലെ സമര നേതാവും നാഷണൽ സെക്യൂരിറ്റി ആക്ട് (NSA) പ്രകാരം തടവിലാക്കപ്പെടുകയും ചെയ്ത സോനം വാങ്‌ചുക്കും അരവിന്ദ് കെജ്രിവാളും അഖിലേന്ത്യ വിദ്യാ‍ർത്ഥി അസോസിയേഷനും സമരത്തിന് പിന്തുണ നൽകുകയുണ്ടായി. 2014ൽ മോദി ഭരണം കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചത് അണ്ണാ ഹസാരെയെന്ന ബി.ജെ.പി സ്റ്റൂജും (പിണിയാളും) അരവിന്ദ് കെജ്രിവാളിനെപ്പോലുള്ളവരും ചേർന്ന നടത്തിയ ആന്റി കറപ്ഷൻ മൂവ്മെന്റ് എന്ന വ്യാജസംഘടനയായിരുന്നുവെന്ന് മറുന്നുപോകരുത്.

കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സോനം വാങ്‌ചുക് സംസാരിക്കുന്നു. കടപ്പാട്:toi

എന്തുകൊണ്ട് ദൽഹി പൊലീസ് (കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ) ഇത്തരമൊരു ഭരണവിരുദ്ധ യുവജന സമരത്തിന് അനുമതി നൽകിയെന്ന ചോദ്യത്തിന് പൊലീസ് നൽകിയ ഉത്തരം, ‘നേപ്പാൾ, ബം​ഗ്ലാ​ദേശ് ആവർത്തിക്കുമോ എന്ന പേടി’യാണത്രേ. ഇത് വെറും ഉമ്മാക്കിയാണ്. കാരണം ബം​ഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക പോലെയുള്ള ചെറിയ രാജ്യമല്ല ഇന്ത്യ. ബി.ജെ.പിയുടെ അക്രമാസക്തരായ പിണിയാളുകളും ആർ.എസ്.എസ്സും പൊലീസും പട്ടാളക്കാരുമടക്കമുള്ള സായുധസേനകളും നിഷ്കരുണം ഇന്ത്യയിലുണ്ടായിട്ടുള്ള ജനകീയ സമരങ്ങളെ വെടിവെച്ചും, ബലം പ്രയോ​ഗിച്ചും, ബുൾഡോസർ രാജ് വഴിയും അടിച്ചമർത്താൻ ശക്തിയുള്ളവരാണ്. ദൽഹിയിൽ തന്നെ യൂണിഫോമിലും അല്ലാതെയും സമരാനുകൂലികളെ നിരീക്ഷിക്കാൻ ആയിരക്കണക്കിന് സായുധസേനാം​ഗങ്ങളും Unmanned Aerial Vehicle (UVA) കളും ഉണ്ടായിരുന്നു. ഈ ഡ്രോൺ മോദിയുടെ സുഹൃത്തായ നെതന്യാഹുവിന്റെ ഇസ്രായേലിൽ നിന്നുള്ള ഇറക്കുമതി ആയിരിക്കാനാണ് സാധ്യത. Age of Survillance Capitalim എന്ന കൃതിയിൽ ശോഷന്ന സുബോഫ് (2019) പറയുന്നു; ആട്ടിത്തെളിക്കുന്ന പറ്റങ്ങളായി മാറുകയാണ് ‘മേൽ നിരീക്ഷണ മുതലാളിത്തം’.

ഇന്റർനെറ്റ് ഇന്ന് ജീവിതത്തിന്റെ അനിവാര്യ ഭാ​ഗമായിട്ടുണ്ട്. എന്നാൽ ഇന്റർനെറ്റ് ലാഭക്കൊതിയന്മാരുടെ ചന്ത കൂടിയാണ്. നമ്മുടെ ആവശ്യങ്ങളെ, നമ്മുടെ സ്വകാര്യ ജീവിതത്തെ നിരീക്ഷിക്കുക. നമ്മെ അവരുടെ ചൂഷണത്തിന്റെ ഇരകളാക്കുക. ഇത് നമ്മിലെ മാനസികമായ ചോരയോട്ടം ഘനീഭവിക്കുന്നു. നാം നിരന്തരം പിന്തുടരപ്പെടുന്നു, അപ​ഗ്രഥിക്കപ്പെടുന്നു, തുരങ്കം വയ്ക്കപ്പെടുന്നു, നാം മാറ്റിത്തീർക്കപ്പെടുന്നു. നമ്മെപ്പറ്റി എല്ലാം അതിനറിയാം. എന്നാൽ അവരുടെ ചെയ്തികൾ നമ്മൾക്കറിയില്ല. നമ്മുടെ ഭാവി, മൂല്യം, ഊർജ്ജം അവർ കോർപ്പറേറ്റുകൾക്കായി വിൽക്കുന്നു. ഇന്ന് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മറവിൽ ആർ.എസ്.എസ്-ബി.ജെ.പി ഫാസിസ്റ്റുകൾ ചെയ്യുന്നതിതാണ്. അതാണ് ആ വിദ്യാർത്ഥിയുടെ മുദ്രാവാക്യം: ‘സി.ജെ.പി ഒന്നും നശിപ്പിക്കുന്നില്ല; ബി.ജെ.പി എല്ലാം നശിപ്പിക്കുന്നു’. ഈ വൈരുധ്യം തിരിച്ചറിയുന്ന സി.ജെ.പി നീറ്റ്-സി.ബി.എസ്.ഇ പരീക്ഷകൾക്കപ്പുറം ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ​ദരിദ്രരും നിസ്സഹായരും, ഏറെക്കുറെ നിരക്ഷരരുമായ, അഭയാർത്ഥികളായി ജീവിക്കേണ്ടിവരുന്ന, അസംഘടിതരായ, തൊഴിൽരഹിതരായ യുവതീ-യുവാക്കളുടെ ജീവിതത്തെ തങ്ങളുടെ മുന്നേറ്റത്തിന്റെ ഭാ​ഗമാക്കുമോ? രാഹുൽ ഗാന്ധി ഇന്നത്തെ ഹിന്ദുവിൽ (ജൂൺ 8, 2026) സി.ബി.എസ്.ഇയുടെ ഒഎസ്എം സിസ്റ്റത്തിലെ അനീതികൾ ചൂണ്ടിക്കാട്ടിയ പതിനെട്ടുകാരനായ സാർത്ഥക് സിദ്ധാന്തുമായുള്ള സംഭാഷണം പങ്കിട്ട് മോദി സർക്കാരിനെ നിശിതമായി വിമർശിക്കുന്നുണ്ട്. എന്തുകൊണ്ട് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സി.ജെ.പിയെ പിന്തുണയ്ക്കുന്നില്ല? ഇന്നത്തെ പത്രത്തിൽ (ഹിന്ദു, ജൂൺ 8) സി.ജെ.പി സ്ഥാപകൻ പറയുന്നുണ്ട്: “ഈ രാജ്യത്തെ യുവാക്കൾ ഈ സർക്കാരിനെ ഭയപ്പെടുന്നില്ല. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ സമരം തുടരും. നമ്മുടെ രാജ്യത്ത് രാഷ്ട്രീയം വെറും തെരഞ്ഞെടുപ്പിൽ ഒതുങ്ങുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത അഞ്ച് വർഷം എല്ലാവരും എല്ലാം മറക്കുന്നു.”

കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ നിന്നും. കടപ്പാട്:tribune

ഒരു നേഷൻ സ്റ്റേറ്റിൽ പാർലമെന്ററി ജനാധിപത്യം ഫാസിസത്തിലേക്ക് നീങ്ങാൻ വളരെ എളുപ്പമാണ്, നേതാക്കൾ അധാർമ്മികരാണെങ്കിൽ. ഇന്ത്യ കഴിഞ്ഞ പന്ത്രണ്ട് വർഷമായി അനുഭവിക്കുന്നത് ഈ ​ദുരന്തമാണ്. റാണാ ദാസ്ഗുപ്തയുടെ After Nations (2026) നാനൂറ് കൊല്ലമായി കൊളോണിയലിസവും മതങ്ങളും ഇസങ്ങളും കൂടി നിർമ്മിച്ച ദേശരാഷ്ട്രങ്ങൾ (നാഷൻ സ്റ്റേറ്റ്) ഇപ്പോൾ ഭീകരകോർപ്പറേറ്റുകളുടെ പിടിയിലാണെന്ന് ഓർമ്മപ്പെടുത്തുന്നു. ദേശരാഷ്ട്രങ്ങൾ നമ്മുടെ രാഷ്ട്രീയ ജീവിതത്തെ കുത്തകാവകാശമാക്കി, നമ്മുടെ അസ്തിത്വത്തെ വഞ്ചിച്ചു. ഇന്ന് മനുഷ്യന് ഒന്നുമില്ല. പ്രകൃതിയും ഭൂമിയും മണ്ണും വായുവും ജലവും ഇടവും ഒന്നും. നാം വ്യത്യസ്ത വർ​ഗങ്ങളായി, മതങ്ങളായി, ലിം​ഗങ്ങളായി യുദ്ധത്തിലേർപ്പെട്ടു. ഹോമോസാപ്പിയൻസ് എന്ന മനുഷ്യജാതിയെ (species) ഇത് നാശത്തിലെത്തിക്കും, ഭൂമിയെയും. നമ്മുടെ പ്രധാന പ്രശ്നം ഹിംസ ലഘൂകരിക്കുകയാണ്. പക്ഷേ, ദേശരാഷ്ട്രങ്ങൾ ദേശസ്നേഹത്തിന്റെ പേരിൽ കൂടുതൽ, കൂടുതൽ നശിപ്പിക്കുന്നു. പുതിയൊരു രാഷ്ട്രീയത്തിനെ മനുഷ്യജാതിയെ, ജീവനെ, ഭൂമിയെ നിലനിർത്താനാകൂ. ഇല്ലെങ്കിൽ ദേശരാഷ്ട്രങ്ങളെ ഭരിക്കുന്ന ഭീമൻ കോർപ്പറേറ്റുകൾ ഈ ഭൂമിയെ ആർത്തിക്കായി മുടിപ്പിക്കും. ദേശരാഷ്ട്രത്തിന്റെ കുത്തക ഇല്ലാതാവണം, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലജിസ്ലേച്ചർ എന്നിവയുടെയും. നമ്മുടെ അവകാശങ്ങൾ, സ്വതസിദ്ധമായി കഴിവുകൾ തിരികെപ്പിടിക്കണം. ഏതൊരു ബൗദ്ധിക ഘടനയും ധാർമ്മിക (spiritual) യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നില്ലെങ്കിൽ ഭൂമിയുടെ ജൈവീകതയും അജൈവീകതയും ഇല്ലാതാകും. സ്റ്റേറ്റ് ശൂന്യമായി ഭൂമിയിൽ ഡിജിറ്റൽ പൗരാവകാശികളുണ്ടാകുന്നതാണ് റാണയുടെ പുസ്തകത്തിന്റെ അകക്കാമ്പ്. പ്രകൃതിയുമായി ബന്ധപ്പെടുത്തിയും നവീകരിച്ചും കാർഷിക, നാടോടി, ആദിവാസി സമൂഹങ്ങളിൽ നിന്നുമുള്ള ജ്ഞാനം ഉൾക്കൊള്ളണം. അവ ഹൈടെക്കുമായി സമന്വയിപ്പിക്കണം.

1913ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ടാ​ഗോർ 1916-17ലെ വിദേശയാത്രകളിൽ നാഷണലിസത്തെ നിശിതമായി വിമർശിച്ചു (ടാ​ഗോർ, നാഷണലിസം, 1992). യുദ്ധത്തെ വിമർശിച്ച ടാ​ഗോർ അച്ഛൻ ബ്രജന്ദ്രനാഥിനെഴുതി: “ഈ ഭാന്ത്രമായി അതിക്രമം (യുദ്ധം) നാ​ഗരികതയ്ക്ക് എതിരാണ്”. ടാ​ഗോർ രോഷാകുലനായി: “നിങ്ങൾ എങ്ങെന ഉച്ചരിച്ചാലും യുദ്ധം അറുകൊലയാണ്, കവർച്ചയും ബലാത്കാരവും തീവെപ്പുമാണ്. എല്ലാ അതിക്രമങ്ങളിലും വെച്ച് ഏറ്റവും അപകടകാരിയും തമസ്സാർന്നതുമാണ് ഇന്നത്തെ ദേശീയത (പുറം 6,7).”

റാണാ ദാസ്ഗുപ്തയുടെ After Nations, കവർ

ദേശീയത സാമ്രാജ്യത്വമാണ്. കയറൂരിവിട്ട അധികാരം മരണത്തിലെത്തിക്കുന്നു (പുറം 8). അധികാരത്തെ ആന്റിപവർ (അധികാര വിരുദ്ധത) കൊണ്ട് തോൽപ്പിക്കാനാവില്ല. നാഷൻ എന്ന കാപട്യത്തിന്റെ എറ്റവും ഭീഷണമായ തെറ്റ് അത് വ്യക്തിയുടെ മനഃസാക്ഷിയെ നേഷൻ മനസ്സെന്ന സംഘടിത അമൂർത്തതയിലേക്ക് കീഴടക്കുന്നു എന്നതാണ് (പുറം 19). ദേശീയതയും വർ​​ഗീയതയും പാശ്ച്യാത്യതയിൽ ഒതുങ്ങി നിൽക്കില്ല. ഇന്ത്യയും ആ വഴിയിലാണ് (പുറം 16). പക്ഷേ, നെഹറുവും അംബേദ്കറും നാഷൻ സ്റ്റേറ്റിൽ വിശ്വസിച്ചിരുന്നവരാണ്. ദരിദ്രരിൽ ദരിദ്രരായവരുടെ അവകാശങ്ങൾക്ക് വിലകൊടുത്തില്ലെങ്കിൽ നാഷൻ സ്റ്റേറ്റ് തകർന്നുവീഴുമെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്രയും എഴുതിയത്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘കൂറ’കളെന്ന് പോസിറ്റീവായി അടയാളപ്പെടുത്തിയവർ ഈ യാഥാർത്ഥ്യബോധം മനസ്സിലാക്കുമോ എന്നറിയാനാണ്. തീർച്ചയായും യുവതയ്ക്കേ ഈ ഭൂമിയെ രക്ഷിക്കാനാകൂ, പ്രത്യേകിച്ചും മാതൃഭാവം നശിച്ചിട്ടില്ലാത്ത യുവതീയുവാക്കൾക്ക്. രാഷ്ട്രീയം അതിന്റെ വഴിയാണ്. സംവാദം, വൈവിധ്യം, ജനാധിപത്യം, ഭൂമിയുടെ അതിജീവനത്തിന്റെ ജീവന സൂക്തവും.

ആദ്യകാല കഥാകൃത്തുക്കളിൽ ‍ഞാൻ ഇഷ്ടപ്പെടുന്ന സ്നേഹിതൻ, എം.പി രാധാകൃഷ്ണന്റെ അക്കാലത്ത് മാതൃഭൂമിയിൽ വന്ന കഥയുടെ അവസാനഭാ​ഗം ഇങ്ങനെയാണ്: “എത്ര ഭീകരമായ ആണവയുദ്ധമുണ്ടായാലും, the cockroach shall inherit the earth.”

Also Read

5 minutes read June 8, 2026 2:33 pm