വെറുപ്പും വിദ്വേഷവുമല്ല സിനിമയുടെ ലക്ഷ്യം

തിരുവനന്തപുരത്ത് സമാപിച്ച ഐ.എഫ്.എഫ്.കെയിലെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായിരുന്നു യുവ സംവിധായകൻ ചൈതന്യ തമാനെ. 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ, ഇന്ത്യയുടെ ഓസ്കാർ എൻട്രിയായിരുന്ന ‘കോർട്ട്’ എന്ന സിനിമയുടെ സംവിധായകൻ. കോടതി മുറികളിലേക്ക് പോലും കടന്നുവരുന്ന ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ഭീകരതയെ തുറന്നുകാണിക്കുന്ന ‘കോർട്ട്’ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി.  2020 ൽ റിലീസ് ചെയ്ത ‘ഡിസൈപ്പിൾ’ എന്ന ചൈതന്യയുടെ രണ്ടാമത്തെ സിനിമയും വെനീസ് ചലച്ചിത്രോത്സവത്തിലടക്കം ശ്രദ്ധിക്കപ്പെടുകയുണ്ടായി. 27-ാമത് ഐ.എഫ്.എഫ്.കെ ജൂറിയുടെ തിരക്കുകൾ പൂർത്തിയായ ശേഷം അദ്ദേഹവുമായി നടത്തിയ സംഭാഷണം.

താങ്കളുടെ ആദ്യ സിനിമയായ ‘കോർട്ട്’ അധഃസ്ഥിത വിഭാഗത്തെക്കുറിച്ചും ജാതീയതയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അതോടൊപ്പം ഇന്ത്യൻ ജുഡീഷ്യറിയിൽ ഉറഞ്ഞുകൂടിയ പലവിധ പ്രശ്നങ്ങളെയും സിനിമ യഥാർത്ഥ്യത്തോട് വളരെയധികം ചേർന്നു നിന്ന് ചിത്രീകരിക്കുന്നുണ്ട്. ഈ ഒരു വിഷയം തെരഞ്ഞെടുക്കുന്നതിലേക്ക് താങ്കൾ എത്തിച്ചേർന്ന സാഹചര്യം വ്യക്തമാക്കാമോ?

ഞാൻ കോടതികളെക്കുറിച്ച് ധാരാളം റിസർച്ച് നടത്തിയിരുന്നു. എന്റെ രാഷ്ട്രീയം വ്യക്തമാക്കാനാണ് ഞാൻ ആ വിഷയം തന്നെ തെരഞ്ഞെടുത്തത്. മുംബൈയിലെ ഒരു ശരാശരി കുടുംബത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. അവിടെ ജാതിയെക്കുറിച്ച് സംസാരിക്കാനാകില്ല. സുരക്ഷിതമല്ലാത്ത ഒരു കാര്യത്തിലും അവിടെ ഇടപെടാനുമാകില്ല. ഒരു വ്യത്യസ്തമായ മുംബൈയെയും വ്യത്യസ്തമായ ഇന്ത്യയെയും നമുക്കൊപ്പമുണ്ട്.അത് തുറന്നുകാട്ടാനുള്ള വഴിയായിരുന്നു ആ സിനിമ. പരിഗണനകൾ ലഭിക്കാത്ത ധാരാളം മനുഷ്യർ നമുക്കിടയിൽ ഇപ്പോഴും ഉണ്ട്. നമ്മൾ അവരോട് നിരന്തരം സംസാരിക്കാറുണ്ട്. പക്ഷെ അവർ പലപ്പോഴും നമുക്ക് മുന്നിൽ അദൃശ്യരായിരിക്കും. അവർ നമ്മുടെ വീട്ടിൽ വരും, നമ്മുടെ മാലിന്യങ്ങൾ എടുക്കും, വസ്ത്രം അലക്കി തരും. അവരുടെ ജീവിത്തെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും അവർ നേരിടുന്ന മനുഷ്യത്വരഹിത വിഷയങ്ങളെയും അടിച്ചമർത്തലിനെയും കുറിച്ച് നമ്മൾ സംസാരിക്കാറില്ല. അതായിരുന്നു എന്റെ ചിന്ത.

അഭിനേതാവ് ഉഷ ബാനെ, കോർട്ട് സിനിമയിൽ നിന്നുള്ള ദൃശ്യം

എനിക്ക് 23 വയസ്സുള്ളപ്പോഴാണ് സിനിമ സ്ക്രിപ്റ്റ് എഴുതി തുടങ്ങിയത്. വളരെ മുതിർന്ന നാടകകൃത്തും മാധ്യമപ്രവർത്തകനുമായ രാമു രാമനാഥൻ എന്ന എന്റെ അധ്യാപകനെയാണ് ഞാനത് ആദ്യം കാണിച്ചത്. എഴുത്ത് കഴിഞ്ഞതോടെ ഞാനാകെ ഒന്ന് ഉണർന്നു. അദ്ദേഹം പറഞ്ഞതുകേട്ട് സംബാജി ബാഗാതെന്റെ സംഗീതം കേട്ടു. പുതിയ പല കാര്യങ്ങളും വായിച്ചു. ഇതെല്ലാം എന്റെ സ്ക്രിപ്റ്റിനെ മെച്ചപ്പെടുത്താൻ സഹായിച്ചു. മനുഷ്യരെ എങ്ങനെ അവതരിപ്പിക്കണമെന്ന് മനസ്സിലായി.

ബോളിവുഡ് സിനിമകളിലോ ഹിന്ദി സിനിമകളിലോ ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ പൊതുവെ അവതരിപ്പിക്കാറില്ല. കോടതി ചിത്രീകരിക്കുന്നതിലൂടെ ഞാൻ ഒരുത്തരം നൽകാനല്ല ശ്രമിച്ചത്, ഉത്തരങ്ങൾ കണ്ടെത്താനാണ്. അതൊരു പ്രൊപ്പഗാൻഡ ആക്കാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. രാഷ്ട്രീയം കുത്തിത്തിരുകിയാൽ സിനിമയുടെ രാഷ്ട്രീയം നഷ്ടമാകും. കോർട്ടിലൂടെ ഒരിക്കലും ജാതിയെക്കുറിച്ച് മാത്രം പറയാനല്ല ശ്രമിച്ചത്. പുരുഷാധിപത്യം, ജാതി വിവേചനം, എന്തിന് ഭാഷ ഉപയോഗിക്കുന്നതിലെ വ്യത്യാസം പോലും സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഇംഗ്ലീഷ് ഇന്നും ഇവിടുത്തെ ഭൂരിഭാഗത്തിനും വഴങ്ങുന്ന ഭാഷയല്ല. കോടതി മുറിയിലും അത് തന്നെയാണ് അവസ്ഥ. ഞാൻ ആ എല്ലാ വശങ്ങളും കവർ ചെയ്യാനാണ് ശ്രമിച്ചത്.

ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യം കൊൽക്കത്തയിലാണ് വന്നത്. അവിടെ നിന്നും മീററ്റിലേക്ക് പോയി. എന്നാൽ മീററ്റിലെ ജനങ്ങൾ ഓടി രക്ഷപ്പെട്ടത് ബ്രിട്ടീഷ് പട്ടാളത്തെ പേടിച്ച് ആയിരുന്നില്ല, പകരം അവരുടെ കോടതി സംവിധാനത്തെ പേടിച്ചായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. നമ്മുടെ കോടതികൾ ഇപ്പോഴും കൊളോണിയൽ സംവിധാനത്തെ പിൻപറ്റുകയല്ലേ ചെയ്യുന്നത്?

നമ്മുടെ പല നിയമങ്ങളും കൊളോണിയൽ കാലത്തേ ഉള്ളതിന്റെ തുടർച്ചയാണ്. അതാണ് എന്റെ സിനിമയിലൂടെ പറയാൻ ഞാൻ ശ്രമിച്ചതും. വലിയ തോതിൽ നമ്മുടെ നിയമത്തിന് കൊളോണിയൽ ഹാംഗ്ഓവറുണ്ട്. രാജ്യദ്രോഹക്കുറ്റമാണ് അതിനുള്ള ഉദാഹരണം. അത് കൊളോണിയൽ കാലത്ത് വന്നതാണ്. അടിച്ചമർത്തുക എന്നതാണ്  അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ അടിച്ചമർത്താനാണ് ബ്രിട്ടീഷുകാർ ആ നിയമം കൊണ്ടുവന്നത്. അതേ നിയമം തന്നെ സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഉപയോഗിക്കാനാകുക? ആ വശങ്ങൾ കൂടി ഈ സിനിമയിലൂടെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു.

ബോളിവുഡിന്റെ ആസ്ഥാനമായ ബോംബെയിൽ നിന്നാണല്ലോ താങ്കൾ വരുന്നത്. എന്നാൽ അതിൽ നിന്നും വഴി മാറി നടക്കുകയും ചെയ്യുന്നു.  താങ്കളുടെ നിരീക്ഷണത്തിൽ ബോളിവുഡിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?

ഞാൻ ബോളിവുഡ് സിനിമകൾ കണ്ടാണ് വളർന്നത്. മറാത്തി തിയറ്ററിനപ്പുറത്ത് ഒരു കുട്ടിയായിരിക്കുമ്പോൾ എനിക്ക് മറ്റൊരു സാധ്യതയുണ്ടായിരുന്നില്ല. ഞാൻ മുംബൈയിലാണ് ജീവിക്കുന്നതെങ്കിലും ഒരു ബോളിവുഡ് മനുഷ്യനായി എനിക്ക് തോന്നിയിട്ടില്ല. അതിനാൽ ബോളിവുഡിനെക്കുറിച്ച് പറയാൻ ഞാൻ ആളല്ല എന്നും കരുതുന്നു. ഞാൻ പൂർണമായും മുഖ്യധാരാ ഇൻഡസ്ട്രിക്ക് വെളിയിലാണ്.

പക്ഷെ ബോളിവുഡിന്റെ ഇപ്പോഴത്തെ പരാജയം ഒരു സൈക്കിൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. ജനങ്ങൾക്ക് വ്യത്യസ്തത വേണം. അവർക്ക് വ്യത്യസ്തമായ സിനിമയും ആസ്വാദനവും ആവശ്യമാണ്. ഇതൊരു മാറ്റ പ്രക്രിയയാണ്. ഒരേയൊരു ബോളിവുഡോ മലയാളം സിനിമയോ തമിഴ് സിനിമയോ ഉള്ളൂവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറ്റുള്ളവരും നന്നായി ശ്രമിക്കുന്നുണ്ട്, വർക്ക് ചെയ്യുന്നുണ്ട്. സമൂഹം അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. അത് മുഖ്യധാരയോ പണമോ ഒന്നുമല്ല, സംസ്കാരത്തിന്റെ ഭാഗമാണ്. കോർട്ട് ഒരു നൂറ് കോടി രൂപ നേടിയ സിനിമയായിരുന്നെങ്കിൽ അവർ എല്ലായ്പ്പോഴും മറ്റൊരു കോർട്ട് നിർമ്മിക്കാൻ ശ്രമിക്കുമായിരുന്നു. അതിനപ്പുറത്തേക്ക് സാമൂഹിക പ്രതിബദ്ധതയൊന്നും ബോളിവുഡിനില്ല. പണം കണ്ടെത്താനാണ് നിർമ്മാതാക്കൾ ശ്രദ്ധിക്കുന്നത്.

നാരായൺ കാംബ്ലെയായി അഭിനേതാവ് വീര സാതിദാർ, കോർട്ട് സിനിമയിൽ നിന്നും

നൂറ് കോടി ലഭിക്കുന്ന സിനിമ എവിടെ നിന്ന് വരുന്നുവെന്ന് അവർ ശ്രദ്ധിക്കാറില്ല. അത് നേടിയ നടനെ അവർ ശ്രദ്ധിച്ചേക്കാം. അത് കേരളത്തിൽ നിന്നാകാം, മണിപ്പൂരിൽ നിന്നാകാം. എവിടെ നിന്നും ആകാം. കാലം മാറുന്നുവെന്ന് നിർമ്മാതാക്കൾ ആലോചിക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ബോളിവുഡ് സിനിമകൾ നല്ല രീതിയിലല്ല ഇപ്പോൾ പോകുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ബോളിവുഡിന്റെ തകർച്ചയ്ക്ക് അവർ തന്നെയാണ് കാരണക്കാർ. ജനങ്ങൾ അവർക്ക് ആവശ്യമുള്ളത് മാത്രമേ കാണൂ. ബോളിവുഡ് ഇപ്പോഴും ശരാശരിക്ക് മുകളിലുള്ള നഗര ജീവിതത്തിന് പിന്നാലെയാണ്. പക്ഷെ സിനിമ എന്ന മാധ്യമം ഒട്ടനവധി മറ്റ് മാധ്യമങ്ങളുമായി മത്സരിക്കുകയാണ്. അവർ യൂ ട്യൂബിലൂടെയും മറ്റും റീലുകൾ കാണുന്നു. അവർ അന്താരാഷ്ട്ര ടെലിവിഷൻ ഷോകളും കാണുന്നുണ്ട്. സ്വാഭാവികമായും ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമകളും അവർ കാണുന്നുണ്ട്. ഇത് ബോളിവുഡിനെ മാത്രം ബാധിക്കുന്ന കാര്യമല്ല, സ്വതന്ത്ര സിനിമയെയും ബാധിക്കും. കാഴ്ചക്കാർ ശ്രമിക്കുന്നത് കാഴ്ചയുടെ വിവിധ ഘടകങ്ങൾ കാണാനാണ്.

കോർട്ടിന് വേണ്ടി താങ്കൾ തയ്യാറെടുക്കുന്ന കാലം ഇന്ത്യ ഭരിച്ചത് മറ്റൊരു സർക്കാർ ആണ്. പ്രത്യക്ഷത്തിലെങ്കിലും മതേതരമൂല്യങ്ങൾക്കൊപ്പമാണ് സർക്കാർ എന്ന് പറയാൻ കഴിയുന്ന അന്തരീക്ഷം കുറേയെല്ലാം ഉണ്ടായിരുന്നു. ഇന്ന് ആ ആവസ്ഥ തകിടം മറിഞ്ഞു.  ഇന്നാണെങ്കിൽ ‘കോർട്ട്’ എന്ന സിനിമയ്ക്ക് വേണ്ടി താങ്കൾ എങ്ങനെ തയ്യാറെടുക്കും? കാരണം അതിന് ശേഷം നമ്മൾ രോഹിത് വെമുലയുടേത് അടക്കം എത്രയോ നീതി നിഷേധങ്ങൾ കണ്ടു. നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു?

വെർണൻ ഗോൺസാൽവസും മറ്റുമാണ് കോർട്ട് തയ്യാറാക്കുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത്. കാലം കഴിഞ്ഞപ്പോൾ ഇവിടെ രോഹിത് വെമുലയും മറ്റും വന്നു. നൂറ് വർഷം കഴിഞ്ഞാലും ഈ കഥയ്ക്ക് പ്രാധാന്യമുണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഇവിടെ നന്നായി ഉണ്ട്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതാണ് നാമിപ്പോൾ നിരന്തരം കാണുന്നത്. ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും അടിച്ചമർത്തലുകൾ കാണുന്നുണ്ട്. അത് അധികാരം നേടുന്ന മനുഷ്യരുടെ പ്രശ്നമാണ്. അത് മനുഷ്യ സ്വഭാവമാണ്.

ഇന്ന് ആ സിനിമ റിലീസ് ചെയ്യുമോയെന്ന് പോലും അറിയില്ല. ആ സമയത്തും ഇത് റിലീസ് ചെയ്യാൻ സാധ്യതയുണ്ടായിരുന്നില്ല. നമ്മൾ ഇന്ന് ജീവിക്കുന്നത് എല്ലാത്തിലും കുറ്റം കാണുന്ന സമൂഹത്തിലാണ്. 2014ലേക്കാളും സാമൂഹ്യ മാധ്യമങ്ങൾ കൂടുതൽ വയലന്റായി. എല്ലാക്കാര്യത്തിലും പല തരത്തിലുള്ള അഭിപ്രായങ്ങൾ ആളുകൾ പറയാൻ തുടങ്ങി. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെയും സൈബർ ബുള്ളിയിംഗ് നടത്തുന്നവരെയും ഇന്ന് ധാരാളമായി കാണാം. ഇന്റർനെറ്റ് എല്ലാവർക്കും ഇന്ന് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മാധ്യമമാണ്. അതിന് നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ടെന്ന് പലരും ചിന്തിക്കാറില്ല.

ഈ ചോദ്യം ഞാൻ എന്നോടും ചോദിക്കാറുണ്ട്. ഉത്തരം അറിയില്ല എന്നതാണ് സത്യം. സെൽഫ് സെൻസർഷിപ്പ് ഇവിടെ നടക്കുന്നുണ്ട്. നടന്മാർക്ക് പോലും പറയുന്ന സബ്ജക്ടിനെക്കുറിച്ച് പേടിയുണ്ട്. കുറ്റകരമായി വല്ലതുമുണ്ടോയെന്ന് അവരും ജാഗ്രത കാണിക്കും. എന്തെങ്കിലും നിയമ പ്രശ്നമുണ്ടാകുമോയെന്നാണ് എല്ലാവരുടെയും പേടി. അത്തരമൊരു പേടി ഉണ്ടായാൽ തന്നെ പ്രശ്നമാണ്. അത്തരമൊരു പേടിയുണ്ടെങ്കിൽ ക്രിയേറ്റീവ് ആകാനാകില്ല. നമ്മുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനാകാതെ വരും.

അത് സർക്കാരിന്റെയോ അധികാരികളുടെയോ മാത്രം പ്രശ്നമല്ല. ധാരാളം ആളുകൾ ഭീഷണിയും ആക്രമണങ്ങളുമായി വരും. ആരുടെയും നിയന്ത്രണത്തിലല്ല ഇത്തരം കാര്യങ്ങളെന്നാണ് ഞാൻ കരുതുന്നത്. സൈബർ പോലീസ് കൂടുതൽ കാര്യക്ഷമമാവുകയും അവർ കലാകാരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു.

ഉറി, കാശ്മീർ ഫയൽസ് പോലുള്ള പ്രൊപ്പഗാൻഡ സിനിമകൾ ബോളിവുഡ‍ിൽ പതിവായിരിക്കുകയാണല്ലോ. ‘വൾഗർ പ്രോപ്പഗാണ്ട’ എന്നാണ് കശ്മീർ ഫയൽസിനെക്കുറിച്ച് ജൂറി ചെയർമാൻ ഗോവയിൽ പറഞ്ഞത്. എന്നാൽ ഇത്തരം സിനിമകളാണ് ഇന്ന് പാൻ ഇന്ത്യൻ എന്ന നിലയിൽ പ്രകീർത്തിക്കപ്പെടുന്നത്? എന്താണ് താങ്കൾക്ക് ഇക്കാര്യത്തിൽ പറയാനുള്ളത്?

നിങ്ങൾ പറഞ്ഞ ഈ രണ്ട് സിനിമകളും ഞാൻ കണ്ടിട്ടില്ല. പക്ഷെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമകളെ ഞാൻ അംഗീകരിക്കില്ല. ഞാൻ അത്തരം സിനിമകൾക്കെതിരെയേ നിലകൊള്ളൂ. അത്തരം സിനിമകൾ ജനങ്ങളെ വിഭജിക്കുകയും സത്യങ്ങളെ മൂടിവയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യും. ചരിത്രത്തെയും അത് വികലമാക്കും. വർഗീയ വിദ്വേഷമോ കലാപമോ ഉണ്ടാക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തുകയും ചെയ്യുന്ന സിനിമകളെ കലയുടെ ഭാഗമായി അംഗീകരിക്കാനാകില്ല. ഏതെങ്കിലും വിഭാഗത്തെ മാത്രം അടയാളപ്പെടുത്തുന്നതോ അല്ലെങ്കിൽ ന്യായീകരിക്കുന്നതോ ആയ സിനിമകൾ എങ്ങനെയാണ് ദേശീയതയുടെ അടയാളങ്ങൾ ആകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

കഥ പറയുക എന്ന കല ഏതെങ്കിലും ഒരു ഗ്രൂപ്പിനിടയിൽ മാത്രം നിൽക്കേണ്ട കാര്യമല്ല. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നായാലും ഏതൊരു വിഭാഗത്തെയും ലക്ഷ്യമിടുന്ന സിനിമകൾ പ്രൊപ്പഗാൻഡ സിനിമകളാണ്. പ്രൊപ്പഗാൻഡ എന്നത് ഒരു ട്രിക്കി വാക്കാണ്. കാരണം, ഏതൊരു രാഷ്ട്രീയ സ്പെക്ട്രത്തിലും അത് ഉപയോഗിക്കാനാകും. കലാകാരൻ അയാളുടെ ബോധത്തിനനുസരിച്ച് ഒരു വർക്ക് ചെയ്യുമ്പോൾ കാഴ്ചക്കാർക്ക് അത് ഏറ്റെടുക്കാനും ഏറ്റെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കണം.

ചൈതന്യ തമാനെ ചിത്രീകരണത്തിനിടയിൽ

ഇവിടെയൊരു സെൻസർ ബോർഡ് ഉണ്ട്. അവരാണ് അതിനെക്കുറിച്ച് ബോധവാന്മാരാകേണ്ടത്. കോർട്ട് എന്ന സിനിമയിൽ ഒരു വനിതാ പബ്ലിക് പ്രോസിക്യൂട്ടർ എല്ലാ ദിവസവും പുതിയ മുഖങ്ങൾ കാണുന്നുവെന്ന ഡയലോഗ് പറഞ്ഞപ്പോൾ അതിൽ സെൻസർബോർഡ് ഇടപെട്ടു. ആ ഡയലോഗ് കുറ്റകരമാണെന്നാണ് അവർ കണ്ടെത്തിയത്. അതിനാൽ ഞങ്ങൾക്ക് അത് സെൻസർ ചെയ്യേണ്ടതായി വന്നു.

സിനിമ ഒരു ജനകീയ മാധ്യമമാണ്. പ്രത്യേക അജണ്ടകളുള്ള ചിലർ അതിനെ ഒരു പ്രൊപ്പഗാൻ‍ഡയോ അല്ലെങ്കിൽ ക്യാമ്പയിനോ ആയി ഉപയോഗിക്കുമ്പോൾ നമുക്ക് എങ്ങനെയാണ് പ്രതിരോധിക്കാനാകുക?

പ്രൊപ്പഗാൻഡ എന്നത് നമ്മൾ ജീവിക്കുന്ന കാലത്തിനും സ്ഥലത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത് എവിടെ നിന്നും വരാം. പക്ഷെ അസത്യങ്ങളും അർദ്ധ സത്യങ്ങളും പ്രചരിപ്പിക്കുന്നത് സിനിമ നിർമ്മാണത്തിലെ അപകടകരമായ വസ്തുതയാണ്. സത്യത്തിൽ നിന്നും ഏറെ അകലെയുള്ളതും അപകടകരവുമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് എന്റെ നിലപാട്. കശ്മീർ ഫയൽസ് ഞാൻ കണ്ടിട്ടില്ലെന്ന് നേരത്തെ പറ‌ഞ്ഞല്ലോ. പക്ഷെ അതൊരു ഹിന്ദുത്വ ദേശീയതയുടെ ആഘോഷവും അഭിമാനവുമായി കൊണ്ടാടുന്നത് കണ്ടിരുന്നു. സിനിമ കാണാതെ അതിനെക്കുറിച്ച് ഒരു വിധി പറയാനാകില്ലെങ്കിലും പൊതുവായി പറ‌ഞ്ഞാൽ ഏതെങ്കിലും വിധത്തിലുള്ള വിദ്വേഷം പരത്താനാണ് അത് ശ്രമിക്കുന്നതെങ്കിൽ അത് ശരിയല്ലെന്നാണ് എന്റെ പക്ഷം. അത് അപകടകരമാണ്.

Also Read