കോവിഡ് കാലവും ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണയവും

ലോക ജനത ഒന്നാകെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് ജീവിച്ച മറ്റൊരുകാലം ഉണ്ടായിട്ടില്ല. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം പുരോഗമിക്കുമ്പോഴും ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ പ്രാഥമികമായ അവകാശത്തിന് മങ്ങലേൽക്കുകയാണ്. കോവിഡിന് മുൻപും അത്ര ഭദ്രമായിരുന്നില്ല നമ്മുടെ ജീവിതം. കേരളത്തിന്റെ സാഹചര്യമെടുത്താൽ ഉയർന്ന ജീവിത ശൈലീരോഗങ്ങൾ, കാൻസർ, വൃക്ക രോ​ഗം, ചിക്കൻ ഗുനിയ, ഡെങ്കി പോലുള്ള പകർച്ചവ്യാധികൾ തുടങ്ങിയവ ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളികളായി തുടരുന്നു. അതിനിടയിൽ നിപ്പയുടെ പിടിയിൽ നിന്നും നമ്മൾ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. പിന്നാലെ വന്ന കോവിഡ് മഹാമാരി ജീവിതം തീർത്തും സ്തംഭിപ്പിച്ചു. മാനസികാരോഗ്യ രംഗത്തെ വെല്ലുവിളികൾ ഒരുഭാഗത്ത് ചർച്ചയാകാതെ കിടക്കുന്നുമുണ്ട്.

കോവിഡ് വൈറസിന്റെ വകഭേദങ്ങൾ സൃഷ്ടിക്കുന്ന രോഗതരംഗങ്ങളെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ഇപ്പോഴും ലോകത്തിന് വ്യക്തതയില്ല. കൂടാതെ മനുഷ്യർ അഭിമുഖീകരിക്കാൻ പോകുന്ന അവസാന വൈറസല്ല ഇതെന്നും ശാസ്ത്രലോകം ‌മുന്നറിയിപ്പ് നൽകുന്നുമുണ്ട്. കോവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ദുരൂഹതകളും തുടരുകയാണ്. ഒരു പ്രകൃതിജന്യ വൈറസ് മറ്റു ജീവികളിൽ നിന്ന് മനുഷ്യരിലേക്ക് (zoonotic disease) സംക്രമിച്ചതാണോ, അതോ വുഹാനിലെ ലാബിൽ നിർമ്മിക്കപ്പെട്ടതാണോ എന്ന തർക്കം നീളുകയാണല്ലോ. അതിന് ഉത്തരം കിട്ടിയില്ലെങ്കിലും മറ്റു ജീവികളുടെ ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി ഇനിയും മനുഷ്യന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്ന ചോദ്യം ​ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മാറേണ്ട സമീപനങ്ങൾ

കോവിഡ് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല. അതുണ്ടാക്കിയ ആഘാതം ലളിതമായി മനസിലാക്കാവുന്നതുമല്ല. “വൈദ്യം എന്ന സ്ഥാപനം സമൂഹത്തിന് നൽകുന്ന സുരക്ഷാബോധം, എന്തുവന്നാലും നോക്കുമെന്ന വാഗ്‌ദാനം, ഒരുനാൾ ആധുനിക വൈദ്യം മരണത്തെ തോൽപ്പിക്കും എന്ന പ്രതീക്ഷ, ഇതിനെല്ലാം വല്ലാത്തൊരു പ്രഹരമായിപ്പോയി കോവിഡ് വ്യാപനം. ഈ ആഘാതം നമ്മോടു പറഞ്ഞ മറ്റൊരു കാര്യം നിങ്ങൾ മാറേണ്ടിയിരിക്കുന്നു, പഴയതുപോലെ ജീവിതം തുടരാൻ പറ്റില്ല എന്നതാണ്. മൂന്നാമത്തെ പ്രധാനകാര്യം, ഈ രോഗം നഗരങ്ങളെ നന്നായി ബാധിച്ചു എന്നതാണ്. ഈ മൂന്ന് കാര്യങ്ങൾ കൊണ്ടാണ് കോവിഡ് വലിയ ഒരു പ്രശ്നമായി ഉയർന്നുവന്നത്. ലോകത്ത് ഒരുവർഷം പട്ടിണി കൊണ്ട് മരിക്കുന്ന ആളുകളുടെ അത്രയും പേർ കോവിഡ് വന്ന് മരിച്ചിട്ടില്ല. അപ്പോൾ മരണസംഖ്യ അല്ല ഭരണകൂടങ്ങളെ ആകുലപ്പെടുത്തുന്നത് എന്ന് വ്യക്തം”, ആയുവേദ ചികിത്സകനായ ഡോക്ടർ പ്രസാദ് പറയുന്നു.

ഡോ. എം പ്രസാദിന്റെ ഓഡിയോ ഇവിടെ കേൾക്കാം.

നാളിതുവരെ തുടരുന്ന രീതിയിൽ ആരോഗ്യരംഗത്തെ സമീപിച്ചാൽ നമുക്ക് പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോവിഡ് കാലം ഓർമ്മിപ്പിക്കുന്നത്. എന്നാൽ സമ്പൂർണ്ണമായ ഒരു വ്യവസ്ഥാ മാറ്റം അത്ര എളുപ്പമല്ലതാനും. കാരണം, ആരോഗ്യം എന്നത് മറ്റനേകം ഘടകങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. നമ്മുടെ സാമ്പത്തിക, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ കാലുറപ്പിച്ചിരിക്കുന്ന മണ്ണിനെയും അതിലെ വൈവിധ്യമാർന്ന ജീവജാലങ്ങളെയും പരിഗണിക്കാതെ മനുഷ്യർക്ക് മാത്രമായി ആരോഗ്യ പൂർണ്ണമായ ജീവിതം സാധ്യമല്ലെന്ന് ലോകം തിരിച്ചറിയുന്നുണ്ട്. പക്ഷെ ഈ തിരിച്ചറിവിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ ലോക സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല, ഒറ്റപ്പെട്ട ചില മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ. ആ സാഹചര്യത്തിൽ സർക്കാർ നടപടികളിലും പ്രവർത്തനങ്ങളിലും പൂർണ്ണ വിശ്വാസം അർപ്പിച്ച് നമുക്ക് മാറി നിൽക്കാൻ കഴിയുമോ? സർക്കാർ അംഗീകൃത വിദഗ്‌ധരുടെ മാത്രം ശബ്ദം കേട്ടാൽ മതിയോ? അധികാരവും ഉന്നത സ്വാധീനവുമില്ലാതെ നിസ്വാർത്ഥരായി കുറെ മനുഷ്യർ തങ്ങളുടെ നിരീക്ഷണങ്ങളും ബോധ്യങ്ങളും ലോകത്തോട് വിളിച്ചു പറയുന്നുണ്ട്. എന്നാൽ അവരുടെ നിഗമനങ്ങളെയും നിരീക്ഷണങ്ങളെയും നിരാകരിക്കുവാൻ മറുപക്ഷം സദാ ജാഗരൂകരായി നിൽക്കുന്നുമുണ്ട്.

പൊതുജനാരോഗ്യവും സർക്കാരിന്റെ പരിമിതികളും

അടിസ്ഥാനപരമായി ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ആരോഗ്യപൂർണ്ണമായ നിലനിൽപ്പ് ഉറപ്പുവരുത്താൻ വിഭാവനം ചെയ്തുണ്ടാക്കിയതാണ് ആരോഗ്യവകുപ്പും പൊതുജനാരോഗ്യ നയങ്ങളും. എന്നാൽ ആരോഗ്യം എന്ന കാതലായ ഭാഗം പരിഗണിക്കപ്പെടാതെ അതിനെ ചികിത്സയിയിലും മരുന്ന് വിപണനത്തിലുമായി പരിമിതപ്പെട്ടുത്തുന്ന കാഴ്ചയാണ് നാം സർക്കാർ നയങ്ങളിൽ ഏറെക്കാലമായി കാണുന്നത്. ഡോക്ടർ പ്രസാദ് ഇങ്ങനെ പ്രതികരിക്കുന്നു, “ആരോഗ്യ രക്ഷ, ആരോഗ്യ പരിചരണം എന്നെല്ലാം വ്യാപകമായി പറയുമെങ്കിലും നമ്മുടെ സംവിധാനം രോഗകേന്ദ്രീകൃതമാണ്. രോഗ ചികിത്സയും രോഗിയുടെ പരിചരണവും ആണ് അതിന്റെ അടിസ്ഥാനം. ഒരു വിദഗ്ധന്റെ ഒരു ഇടപെടൽ എന്ന അർത്ഥത്തിൽ ആ സമീപനത്തിന്റെ ആണിക്കല്ല് ഔഷധമാണ്. ഇത് വൈദ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ പിൽക്കാലത്തു വന്നു ചേർന്ന മാറ്റമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള അടിസ്ഥാന തത്വങ്ങൾ ഈ പ്രതിസന്ധിയിലും എന്തുകൊണ്ട് പറയുന്നില്ല? ഒരുനാൾ മഹാമാരി അവസാനിച്ചാലും ആളുകൾ മരുന്ന് വിപണിയുടെ ആശ്രിതരായി നിലനിൽക്കേണ്ടതുണ്ടെന്ന് അവർക്കറിയാം. അതുകൊണ്ട് ആരോഗ്യം എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കാൻ ഒരു സംവിധാനവും തയ്യാറാകില്ല. കൂടാതെ മനുഷ്യനെ യന്ത്രതുല്യമായാണ് ഈ സംവിധാനം കാണുന്നത്. ശരീരത്തെ ഒരു ഉൽപ്പന്നമായും. എന്നാൽ പരമ്പരാഗത വൈദ്യസമ്പ്രദായങ്ങൾ ആരോഗ്യം എങ്ങനെ എന്നാണ് പ്രധാനമായും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് വ്യക്തിയുടെ ആഹാരത്തിന്, വിചാരങ്ങൾക്ക്, വിഹാരങ്ങൾക്ക് എല്ലാം പ്രധാനപ്പെട്ട ഒരു സ്ഥാനം ഉണ്ട്. ആത്മീയവും മാനസികവും സാമൂഹികവുമായ തലങ്ങളിൽ ആരോഗ്യത്തെ സ്പർശിക്കാൻ അത് ശ്രമിക്കുന്നു. ഇങ്ങനെ പറയുന്ന ആയുർവേദ സമ്പ്രദായത്തെ വ്യവസ്ഥയ്ക്ക് ആവശ്യം ഇല്ല എന്നതാണ് യാഥാർഥ്യം.”

പൊതുജനാരോഗ്യത്തെക്കുറിച്ച് രോ​ഗകേന്ദ്രീകൃതമല്ലാത്ത സമീപനം വികസിപ്പിക്കണമെങ്കിൽ ആശുപത്രികളും ലാബുകളും സ്‌കാനിങ് സെന്ററുകളും മാത്രം മതിയാവില്ല. മായവും വിഷവും ഇല്ലാത്ത ഭക്ഷണം ലഭ്യമാക്കുകയും, വായുമലിനീകരണം കുറയ്ക്കാനുതകുന്ന നടപടികൾ സ്വീകരിക്കുകയും, ശുദ്ധജല ദൗർലഭ്യം ഒഴിവാക്കാൻ ഖരമാലിന്യങ്ങളുടെ സംസ്കരണം വേണ്ടരീതിയിൽ നടത്തുകയും, ജലാശയങ്ങളിലേക്ക് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തള്ളുന്നത് തടയുകയും, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും. .

ആരോഗ്യം എന്ന വാക്കാണ് ഉപയോ​ഗിക്കുന്നതെങ്കിലും, ആരോ​ഗ്യ വകുപ്പ് ജനജീവിതവുമായി കൂടുതൽ അടുക്കുന്നത് രോ​ഗങ്ങളും ചികിത്സയുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടുതന്നെ രോഗം ഉണ്ടാക്കുന്ന ചുറ്റുപാടുകളുടെ കാര്യത്തിലും അത് ഒഴിവാക്കാൻ ഉതകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലും ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധപതിപ്പിക്കാറില്ല. രോഗം വരാനുള്ള മൂന്ന് ഘടകങ്ങൾ ഹോസ്റ്റ്, ഏജന്റ്, എൻവിറോണ്മെന്റ് എന്നിവയാണെന്നാണ് ആധുനിക വൈദ്യ ശാസ്ത്രം തന്നെ പറയുന്നത്. ഹോസ്റ്റ് നമ്മുടെ ശരീരമാണ്. കോവിഡ് രോഗത്തിന്റെ കാര്യമെടുത്താൽ കൊറോണ വൈറസ് ആണ് ഏജന്റ്. എൻവിൻറോൺമെന്റ് നാം ജീവിക്കുന്ന ചുറ്റുപാടും. ഇതിൽ ഏജൻറ് എന്ന ഒരു ഘടകത്തെ കേന്ദ്രീകരിച്ചാണ് സർക്കാർ സംവിധാനവും ചികിത്സാ രീതികളും പ്രവർത്തിക്കുന്നത്. അണുക്കളാണ് രോഗം ഉണ്ടാക്കുന്നത്. അണുക്കൾ രോഗകാരികളാവാമെങ്കിലും അണുക്കൾക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് പ്രധാനം. ഇങ്ങനെ സമഗ്രമായ ഒരു സമീപനത്തിന്റെ അഭാവം മൂലം നഷ്ടമാകുന്നത് പൊതുജനാരോഗ്യം ലാക്കാക്കി രൂപംകൊണ്ട ഒരു സംവിധാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ തന്നെയാണ്. ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള സമൂഹത്തിന്റെ കഴിവ് വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇതോടൊപ്പം അപ്രസകതമാവുന്നു.

വൈറസ് കേന്ദ്രീകൃത നയപരിപാടികൾ

വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശനം നേടാതിരിക്കാനും ശരീരത്തിൽ പ്രവേശിച്ച വൈറസിനെ നേരിടാനുമുള്ള കർമ്മ പരിപാടിയായി കൊറോണയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ സാമാന്യമായി മനസിലാക്കാം. വാക്‌സിൻ നിലവിൽ വന്നതോടെ പ്രധിരോധ പ്രവർത്തനങ്ങളും വ്യാപകമായി നടത്തിവരുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം മാധ്യമങ്ങളുടെ ശക്തമായ പിന്തുണയുമുണ്ട്. ഒരു മുഖ്യധാരാ മാധ്യമവും സർക്കാരിന്റെ പ്രവർത്തനങ്ങളെ പൊതു ജനതാൽപ്പര്യാർത്ഥം വിമർശനാത്മകമായി സമീപിക്കാറില്ല എന്നതാണ് യാർഥാർഥ്യം. സ്വതന്ത്ര അന്വേഷണം, വിവരശേഖരണം, വിശകലനം തുടങ്ങിയ കാര്യങ്ങൾ ആരോ​ഗ്യമേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് മാധ്യമങ്ങൾ നടത്താറില്ല. പൊതുപ്രവർത്തകനും ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ് എന്ന കൂട്ടായ്‌മയുടെ സംഘാടകനുമായ എസ്.പി രവി ഇങ്ങനെ പറയുന്നു. “ഡോക്ടർ ശശിധരനെപ്പോലുള്ളവർ തുടക്കത്തിലേ പറഞ്ഞുകൊണ്ടിരിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും, ആരോഗ്യമുള്ള ആളുകളിൽ കോവിഡ് വന്നുപോകാൻ അനുവദിക്കാനും ആണ്. അങ്ങനെ ഹേർഡ് ഇമ്മ്യൂണിറ്റി കൈവരിച്ചാൽ വൈറസിനെ നിയന്ത്രിക്കാൻ എളുപ്പം ആവും എന്നുമാണ്. എന്നാൽ എല്ലാവരെയും അടച്ചിട്ടുകൊണ്ട് വൈറസിനെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ വാക്‌സിസിനെന്ന ഏക പരിഹാര മാർഗത്തെക്കുറിച്ചാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മുടെ മുന്നിലുള്ള മറ്റു സാധ്യതകൾ അവ​ഗണിക്കപ്പെടുകയാണ്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഭരണകൂടങ്ങൾക്ക് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സഹായകമാകുന്നു എന്നും കാണാൻ കഴിയും. “

എസ്.പി രവിയുടെ ഓഡിയോ ഇവിടെ കേൾക്കാം.

ആരോ​ഗ്യരം​​ഗവുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങളെ വിമർശിക്കുന്നവരെയും സ്വാതന്ത്രമായി അഭിപ്രായം പറയുന്ന സംഘടനകളെയും എളുപ്പത്തിൽ നേരിടാനും അവഗണിക്കാനും സർക്കാരിന് കഴിയുന്നുണ്ട്. ശാസ്‌ത്രീയം, ആധുനികം എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത ഒരു നയപരിപാടിയും ചോദ്യം ചെയ്യേണ്ടതില്ല എന്ന് വിശ്വസിക്കുന്ന സംഘടിത പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ സർക്കാരിന് പിന്തുണയായുണ്ട്. അതുകൊണ്ടുതന്നെ പകർച്ചവ്യാധിയെ നേരിടുന്നതിൽ സമഗ്രമായ ആരോഗ്യ നയപരിപാടികൾക്കു രൂപം നൽകാനും അത് നടപ്പാക്കാനും സർക്കാർ ശ്രമിക്കുന്നതേയില്ല.

ആധുനിക ചികിത്സാരീതിയുടെ ആധിപത്യം

പതിനേഴാം നൂറ്റാണ്ടിൽ ഉടലെടുത്ത ആധുനിക വൈദ്യം മനുഷ്യന്റെ ജീവിതത്തിൽ ഇടപെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. വ്യാവസായിക വിപ്ലവത്തോടെ ഉണ്ടായ മാറ്റങ്ങളുടെയും രോഗങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ വൈദ്യശാഖ കൂടുതൽ വ്യാപകമായി മനുഷ്യന്റെ രോഗങ്ങളിലും ആരോഗ്യ വിഷയങ്ങളിലും ഇടപെടുന്നത്. തീർച്ചയായും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസത്തോടുകൂടി ആധുനിക വൈദ്യശാസ്ത്രം ചികിത്സാ രംഗത്ത് പുതിയ ഒരു യുഗത്തിന് തുടക്കം കുറിച്ചു. വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളിൽ വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത രീതിയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുകയും വികസിക്കുകയും ചെയ്ത ആയുർവ്വേദം, ഹോമിയോ, യുനാനി, സിദ്ധ പോലുള്ള ജ്ഞാനരൂപങ്ങൾക്ക് ഇത്ര ചടുലവും ദ്രുതഗതിയിലുള്ളതുമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞില്ല. ആധുനിക സമൂഹത്തിന്റെ മുൻഗണകൾക്കും പ്രായോഗികതകൾക്കും അനുസരിച്ചുള്ള പ്രതികരണങ്ങൾ ആധുനിക വൈദ്യത്തിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായത്. പതിനേഴാം നൂറ്റാണ്ടിൽ ഉണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ വളർച്ചയ്ക്കും സാധ്യതകൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് അതിന്റെ ചികിത്സാരീതികൾ വികസിച്ചു വന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോഴേക്കും മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ലാഭാധിഷ്ഠിത വിപണ തന്ത്രങ്ങളിലേക്കു ഒതുങ്ങുന്ന ആധുനിക ചികിത്സാരംഗത്തെയാണ് കാണാൻ കഴിയുക.

“പ്രശസ്ത നോവലിസ്റ്റ് കൂടിയായ ഡോക്ടർ കാവേരി നമ്പീശൻ എഴുതിയ, മുംബൈയിലെ ഡോക്ടർ ഡാനിയേൽ ഡിഇമെയ്ൽ ജൂൺ 30ന് കോവിഡിന്റെ മൂന്നാം തരംഗം എങ്ങനെ തടയാം എന്ന് പറയുന്ന ലേഖനത്തിൽ ഐവർ മേറ്റിൻ എന്ന മരുന്ന് പ്രയോഗിച്ച കാൽ ലക്ഷത്തോളം രോഗികൾ ആശ്വാസം നേടിയതിന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ഇത് വളെരെ വില കുറഞ്ഞതും സുരക്ഷിതവുമായ മരുന്നാണെന്ന് അവർ ചൂടി കാണിക്കുന്നുണ്ട്. WHO യുടെ അവശ്യ മരുന്നുകളുടെ ലിസ്റ്റിൽ ഉള്ള ഈ മരുന്ന് കണ്ടുപിടിച്ച രണ്ടു ശാസ്ത്രജ്ഞർക്ക് നോബൽ സമ്മാനം ലഭിച്ചിരുന്നു. വലിയ ലാഭം ഉണ്ടാവുകയില്ല എന്ന കാരണം കൊണ്ടാണ് അത് ഉൽപ്പാദിപ്പിച്ച കമ്പനികൾക്ക് താൽപ്പര്യം നഷ്ടമായതും അവർ അത് പ്രോത്സാഹിപ്പിക്കാത്തതും. ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് നമ്മൾ നേരിടുന്ന പ്രശനം. ” പൊതുജനാരോ​ഗ്യ പ്രവർത്തകനായ കെ. രാമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.

കെ. രാമചന്ദ്രന്റെ ഓഡിയോ ഇവിടെ കേൾക്കാം.

ഇതിനർത്ഥം മറ്റു ചികിത്സാരംഗങ്ങൾ അപചയത്തിൽ നിന്നും പൂർണ്ണമായും മുക്തമാണ് എന്നല്ല. എന്നാൽ സമന്വയ ചികിത്സാരീതി (Integrated System of Medicines) തുറന്നമനസ്സോടെ നടപ്പാക്കാൻ സർക്കാർ മടികാണിക്കുന്നതിന് പിന്നിൽ ചില താത്പര്യങ്ങൾ ഉണ്ട് എന്നു കാണാം. ഈ രീതി വിജയകരമായി നടപ്പിലാക്കിയ രണ്ട് രാജ്യങ്ങൾ, ഒന്ന് ചൈനയും മറ്റൊന്ന് കൊറിയയും ആണ്. WHO യുടെ റിപ്പോർട്ട് പ്രകാരം 32 രാജ്യങ്ങളിൽ ആയുർവേദവും, 47 രാജ്യങ്ങളിൽ ഹോമിയോയും, 14 രാജ്യങ്ങളിൽ യൂനാനി ചികിത്സയും അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി നമ്മുടെ ഭരണാധികാരികൾ ഓർക്കണം.

കേന്ദ്രീകൃത സ്വഭാവവും എണ്ണയിട്ട യന്ത്രം പോലെയുള്ള വഴക്കവും ഒരു സർക്കാരിന് എളുപ്പത്തിലും കാര്യക്ഷമമായും സൗകര്യപൂർവവും പ്രവർത്തിപ്പിക്കാൻ പറ്റുന്ന ഒരു സംവിധാനവും ആധുനിക ചികിത്സാരം​ഗത്തെ ഭരണകർത്താക്കൾക്ക് പ്രിയമുള്ളതാക്കുന്നു. സ്വാഭിവകമായും ആയുഷ് (AYUSH) ഒരു നോക്കുകുത്തിയായി മാറുന്നു. സർക്കാർ തന്നെ നിയമപരമായി രൂപം നൽകിയ മറ്റൊരു ചികിത്സാരംഗം അകത്തേക്ക് പ്രവേശനം കിട്ടാതെ പടിവാതിക്കൽ തന്നെ നിൽക്കുകയാണ്. തങ്ങളുടെ രീതിശാസ്ത്രം മാത്രമാണ് ശരി എന്ന് ഒരു വിഭാഗം വാദിക്കുന്നതിനെ ന്യായീകരിക്കുക എന്ന നയത്തിലേക്ക് സർക്കാരുകൾ മാറുന്നത് നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ ആയുഷ് വിഭാഗത്തിന് കഴിയാറുള്ളൂ. ആയുഷ് വിഭാ​ഗങ്ങൾ എത്തിച്ചേർന്നിരിക്കുന്ന ഈ പ്രതിസന്ധി കോവിഡ് കാലത്ത് വല്ലാതെ രൂക്ഷമായിത്തീർന്നു.

എസ്.പി. രവി ഇങ്ങനെ നിരീക്ഷിക്കുന്നു. “ശാസ്ത്രത്തെ കുറിച്ച് ശരിയല്ലാത്ത ചില കാര്യങ്ങൾ കേരളത്തിന്റെ പൊതു ബോധത്തിൽ ഉറച്ചുപോയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ശാസ്ത്രം എന്ന് പറയുന്നത് ആധുനിക സാങ്കേതിക വിദ്യകളും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും മാത്രമാണെന്ന തെറ്റി ധാരണ വ്യാപകമായുണ്ട്. പാരമ്പര്യ വൈദ്യവും മറ്റും തെറ്റാണെന്നുള്ള ഒരു ചിന്ത. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന കോവിഡ് രോഗികൾക്ക് ആയുഷ് വിഭാ​ഗത്തിലുള്ള മരുന്നുകൾ ഫലപ്രദമായി മാറിയ അനുഭവമുള്ള ഒരു അലോപ്പതി ഡോക്ടർ ബാംഗ്ലൂരിൽ ഉണ്ട്. കേരളത്തിലും ആയുഷ് വിഭാഗങ്ങളുടെ ചികിത്സ നല്ല പ്രതികരണങ്ങൾ നൽകിയതായി സർക്കാർ തന്നെ പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഭരണകൂടങ്ങൾ മറ്റു ചികിത്സാ രീതികൾക്ക് അംഗീകാരം നൽകുന്നില്ല? ആധുനിക വൈദ്യത്തിനു ലഭിക്കുന്ന അതെ പരിഗണന ആയുഷ് വിഭാഗങ്ങളും അർഹിക്കുന്നുണ്ട്. എല്ലാ ചികിത്സാ സംമ്പ്രദായങ്ങളുടെയും സമന്വയം ആണ് നമുക്ക് അഭികാമ്യമായിട്ടുള്ളത്. എല്ലാവരും പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തോടെയും പ്രവർത്തിക്കുകയും രോഗിക്ക് ആവശ്യമുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഒരു രീതി. “

കോവിഡ് പ്രോട്ടോക്കോളും പോലീസ് ഭരണവും

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്താനുമാണ് ആധുനിക സ്റ്റേറ്റുകൾ പോലീസ് സേനയ്ക്ക് രൂപം നൽകിയത്. എന്നാൽ ഭരണകൂട താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോലീസ് സേന പ്രവർത്തിക്കുന്നതെന്ന് ഇന്ന് കൂടുതൽ വ്യക്തമാണ്. കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കാൻ പോലീസ് സേനയെ ചുമതലപ്പെടുത്തുന്ന തീരുമാനം കേരളത്തിൽ ഉണ്ടാവുന്നത് ഇതിന്റെ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ. കോവിഡ് കാരണം ഒരു വശത്ത് ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ, സർക്കാരുകൾക്ക് തുറന്നുകിട്ടിയത് പുതിയ അധികാരപ്രയോഗ സാധ്യതകളാണ്. അതിന്റെ തുടർച്ചയായിട്ടാണ് കേരളത്തിൽ പകർച്ച‌വ്യാധി നിയന്ത്രണ നിയമം നടപ്പിലാക്കപ്പെടുന്നത്. അസാധാരണമായ സാഹചര്യത്തിൽ അസാധാരണ നടപടികൾ എന്ന വിശേഷണവും ഇതിന് ചാർത്തിക്കൊടുത്തു. അതോടെ പുതിയ നിയന്ത്രങ്ങൾക്ക് സാമൂഹികമായ അം​ഗീകാരവും ലഭിച്ചു. തീർച്ചയായും കോവിഡ് വ്യാപനം ലോകത്തിന് മുന്നിൽ തുറന്നിട്ടത് അസാധാരണ സാഹചര്യം തന്നെയാണ്. ഈ സാഹചര്യം മനസിലാക്കി ഭാവനാത്മകവും സൃഷ്ടിപരവുമായ ഒരു പുതിയ ജീവിതക്രമം കെട്ടിപ്പടുക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിന് പകരം വർഷങ്ങളായി നിലനിൽക്കുന്ന സംവിധാനങ്ങള ശക്തിപ്പെടുത്താനും നിലനിർത്താനുമാണ്‌ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. കേരളത്തിലെ കോവിഡ് പ്രൊട്ടോക്കോളും അനുബന്ധ നിയന്ത്രണങ്ങളും പോലീസ് ഇടപെടലുകളും അത് കൂടുതൽ വ്യക്തമാക്കുന്നു.

കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ അവബോധവും, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ അടിത്തട്ടിലെ ശേഷിയും, ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന അവബോധവും മുതൽക്കൂട്ടാക്കി സൃഷ്ടിപരമായ രീതിയിൽ കോവിഡ് നിയന്ത്രണ രീതികൾ നടപ്പിലാക്കാൻ കേരളത്തിന് നല്ല സാധ്യത ഉണ്ടായിരുന്നു. സിവിൽ സൊസൈറ്റിയെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട്, പ്രത്യേകിച്ച് യുവജനങ്ങളുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ നടപടികൾ എടുത്തിരുന്നെകിൽ അത് ലോകത്തിനുതന്നെ മാതൃകയാകുമായിരുന്നു. പോലീസിന്റെ ലാത്തിവീശലും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ കണ്ണുരുട്ടി പിരിവും ഒഴിവാക്കാമായിരുന്നു. സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾക്കിടയിൽ വലയുന്ന ഒരു സമൂഹത്തിന് സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്ന ഇരട്ടി പ്രഹരം ഒഴിവാക്കാമായിരുന്നു. ഓരോ ചെറിയ സമൂഹത്തിലെയും സവിശേഷമായ പ്രശ്നങ്ങളെ അടുത്തറിഞ്ഞ്, അനുയോജ്യമായ നടപടികൾ സ്വീകരിക്കാൻ ഇത് സഹായിക്കുമായിരുന്നു. കൂടാതെ ദുരന്തങ്ങളെ ഒരു സമൂഹം ഒന്നിച്ചു നേരിടുമ്പോൾ സ്വാഭാവികമായും ഉണ്ടായിവരുന്ന പരസ്പര സഹകരണത്തെയും പാരസ്പര്യത്തെയും ദീർഘകാലത്തേക്കുള്ള സാമൂഹ്യമൂലധനമാക്കി മാറ്റാനും പറ്റുമായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ദുരിതങ്ങളെ മാത്രമല്ല അതിനുമുന്നേ രൂപംകൊണ്ട സാമ്പത്തിക അസമത്വവും പാരിസ്ഥിതിക തകർച്ചകൾ കാരണം രൂപമെടുത്ത പ്രതിസന്ധികളെയും ദീർഘകാല അടിസ്ഥാനത്തിൽ നേരിടാനുള്ള തയ്യാറെടുപ്പുകൂടി ആകുമായിരുന്നു അത്. അങ്ങനെ ഒരു പുതിയ സോഷ്യൽ എൻജിനീയറിങ്ങിനുള്ള നല്ല അവസരമാണ് കേരളത്തിന് നഷ്ടമായത്.

ചികിത്സയിയിലും മരുന്നിലും മുങ്ങിപ്പോയ ആരോഗ്യരംഗം

വിവിധ ചികിത്സാരംഗങ്ങൾ സർക്കാർ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴും ആധുനിക വൈദ്യശാസ്ത്രത്തിനു മാത്രമേ പൂർണ്ണ സ്വാതന്ത്ര്യത്തോടെ കോവിഡ് ചികിത്സയിൽ ഇടപെടാനുള്ള അനുമതിയുള്ളൂ. ആയുഷ് ( AYUSH ) വിഭാഗങ്ങളിലെ ചികത്സാരീതികൾക്ക് പരിമിതമായ പങ്കാളിത്തം മാത്രമേ അനുവദിച്ചു നൽകിയിട്ടുള്ളൂ. ലഭ്യമായ അറിവുകൾ വച്ച് ആധുനിക ചികിത്സാ സമ്പ്രദായത്തിൽ നൽകുന്ന മരുന്നുകളാണ് കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്നത്. ആരോഗ്യ വകുപ്പ് കോവിഡിന് മുന്നേതന്നെ ആശുപത്രിയുടെയും ചികിത്സായുടെയും വ്യവഹാരങ്ങൾ കൈകാര്യം ചെയ്തുവരുന്ന ഒരു സംവിധാനം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. നിലവിലെ വിദഗ്ധരും ഉപദേശകരും ചികിത്സയും പ്രധിരോധ കുത്തിവയ്പ്പും വഴി മാത്രം ആരോഗ്യത്തെ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന് കരുതുന്നവരാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണയങ്ങൾ (social determinants of health ) ഇവർ പരിഗണിക്കാതെ പോകുന്നു. കോവിഡ് വ്യാപനം തുടങ്ങിയ കാലം അത്തരം ദീർഘകാല പദ്ധതികൾ ആലോചിക്കാനുള്ള സമയമല്ല എന്നത് ശരിയാണ്. എന്നാൽ ഒന്നര വർഷത്തിനിപ്പുറവും നമ്മൾ തുടങ്ങിയ സ്ഥലത്ത് നിൽക്കുന്നു എന്നത് അത്ര സുഖകരമായ കാര്യമല്ല. മരുന്ന് ലോബിയുടെയും ആശുപത്രി വ്യവസായത്തിന്റെയും താൽപ്പര്യവും, ആധുനിക വൈദ്യം മാത്രമാണ് ശരിയെന്നു നിരന്തരം വാദിക്കുന്ന ഐ.എം.എ പോലുള്ള സംഘടനകളുടെ സമ്മർദ്ദവും സർക്കാരിനെ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. തൽഫലമായി സർക്കാർ ഖജനാവിൽ നിന്നും പണം ഒഴുക്കുന്നത് കൂടുതലും അലോപ്പതി ചികിത്സയ്ക്ക് മാത്രമാണ്.

ഒരു വ്യക്തിയുടെ ആരോഗ്യം എന്നത് അയാൾ ജീവിക്കുന്ന സാമൂഹ്യ സാഹചര്യം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, കുടിക്കുന്ന വെള്ളത്തിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും ശ്വസിക്കുന്ന വായുവിന്റെയും ഗുണനിലവാരം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചുകൂടിയാണ് നിർണ്ണയിക്കപ്പെടുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ മാനസിക സമ്മർദ്ദത്തിൽ കഴിയുന്ന വ്യക്തിയുടെ പ്രതിരോധ ശേഷിയും ആരോഗ്യവും താഴ്ന്ന നിലയിൽ ആയിരിക്കുമെന്നത് അഗീകരിക്കപ്പെട്ട കാര്യമാണ്. അതുപോലെ സമീകൃത ആഹാരം കഴിക്കാതെ വരുമ്പോഴും ആരോ​ഗ്യം പ്രശ്നത്തിലാവുകയാണ്. രോഗവ്യാപനത്തിൽ നിർണ്ണായക പങ്കുള്ള ഹോസ്റ്റ് എന്ന ഘടകം പരിഗണിക്കാതെ വരുകയും ഏജന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടി വരുന്നത് ഒരു ജനത ഒന്നടങ്കമാണ്. പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യതയും വ്യായാമവും വിശ്രമവും മാനസിക ഉല്ലാസവും ഉറപ്പുവരുത്തണം എന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച ഡോക്ടർമാരെ അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സർക്കർ സംവിധാനങ്ങളും അതിനെ അന്ധമായി പിന്തുണക്കുന്ന ഒരു വിഭാഗം വിദഗ്ധരും ചെയ്യുന്നത്. ആരോഗ്യം എന്നത് രോഗങ്ങൾക്കുള്ള ചികിത്സമാത്രമല്ല എന്നും രോഗം വരാതെ പ്രതിരോധിക്കുക എന്നതും, ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും ആവശ്യമാണെന്നുമുള്ള കാര്യവും സൗകര്യപൂർവ്വം മറച്ചുവയ്ക്കപ്പെട്ടു.

കെ. രാമചന്ദ്രൻ ഇങ്ങനെ പറയുന്നു, “പ്രതിരോധ നിയന്ത്രണങ്ങൾ, അയവുകൾ തുടങ്ങിയ കാര്യങ്ങൾ വൈദ്യ ശാസ്ത്രപരമോ സാമൂഹ്യമോ ആയ കാരണങ്ങളുടെ അടിസ്ഥാനത്തിൽ എന്നതിന് പകരം സാമ്പത്തികമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ തീരുമാനിക്കപ്പെടുകയാണ് ഇവിടെ. സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾ തങ്ങളുടെ തന്നിഷ്ടം നടപ്പിലാക്കി ജനങ്ങളെ കഷ്ടപ്പെടുത്തുന്നതായും നമ്മൾ കാണുന്നു. കോവിഡിനെ നേരിടാൻ വാക്‌സിൻ മാത്രമാണ് പരിഹാരം എന്നുള്ള സമീപനം ആണ് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നത്. ഇത് സാമ്പത്തികമായി കുറെ ആശുപത്രികൾക്കും കമ്പനികൾക്കും വലിയ ലാഭം ഉണ്ടാക്കും എന്നെല്ലാതെ വൈറസിനെതിരായും രോഗത്തിനെതിരായും എത്രമാത്രം ഫലപ്രദം ആണെന്ന് ആധുനിക ചികിത്സാ ശാസ്ത്രജ്ഞർക്കിടയിൽ തന്നെ പരക്കെ സംശയമുണ്ട്. അവരത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഡോക്ടേഴ്സ് ഫോർ ട്രൂത്ത് എന്ന സംഘടന ഒരു നിവേദനം ഇന്ത്യൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയുണ്ടായി. സാർവ്വത്രിക കുത്തിവയ്പ്പിനുള്ള അമിതമായ ഉത്സാഹം നിർത്തിവയ്ക്കണം എന്നാണ് അവർ കാര്യകാരണ സഹിതം ആവശ്യപ്പെടുന്നത്. ഇവർ ആധുനിക ചികിത്സ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ ആണെന്ന് നാം മനസിലാക്കണം.”

കോവിഡ് മഹാമാരിയെക്കുറിച്ച് പൂർണ്ണമായ അറിവിലേക്കോ അതിനെ നേരിടുന്നതിനെക്കുറിച്ച് വ്യക്തമായ നിർണ്ണയങ്ങളിലേക്കോ എത്താതിരിക്കുമ്പോഴാണ് ഒരു പ്രതേക ചികിസതാരീതി മുഴുവൻ മനുഷ്യരുടെയും രക്ഷകനായി സ്വയം നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഈ അപ്രമാദിത്വം മൂലം ഇല്ലാതാകുന്നത് സാധാരണ മനുഷ്യന് തന്റെ ശരീരത്തിന് മേലുള്ള സ്വാതന്ത്ര്യവും ചികത്സ തെരഞ്ഞെടുക്കാനുള്ള അവകാശവും കൂടിയാണ്. രോഗം വന്നാൽ അലോപതി തന്നെ മതിയെന്ന പ്രചാരണം, തനിക്കു ബോധ്യമുള്ള ഏത് ചികിൽസയും ചെയ്യാനുള്ള പൗരരുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. “നമ്മിൽ ഓരോരുത്തരുടെയും സ്വാഭാവിക രോഗശാന്തി ശക്തിയാണ് സുഖം പ്രാപിക്കുന്നതിനുള്ള ഏറ്റവും വലിയ ശക്തി” എന്ന് അലോപ്പതിയുടെ പിതാവായ ഹിപ്പോക്രറ്റസ് പറഞ്ഞത് പരി​ഗണിച്ചാൽ കൂടുതൽ ആരോഗ്യമുള്ള ഒരു സമൂഹം ഇവിടെ ഉണ്ടായിവരും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 21, 2021 5:37 pm